Friday, April 4, 2025

ad

Homeകവര്‍സ്റ്റോറിവെള്ളിത്തിരയിലെ ഹിംസാടനങ്ങൾ

വെള്ളിത്തിരയിലെ ഹിംസാടനങ്ങൾ

ജിതിൻ കെ സി

FFSl കേരളം സംഘടിപ്പിച്ച സൈൻസ് ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയിലെ ഒരു അനുസ്മരണ പ്രഭാഷണത്തിനിടെ വിഖ്യാത ഛായാഗ്രാഹകനും സംവിധായകനുമായ സണ്ണി ജോസഫ് ഒരു സീനിലെ ക്യാമറയുടെ നോട്ടത്തെക്കുറിച്ച് പ്രതിപാദിക്കുകയുണ്ടായി. ഒരു കുറ്റവാളിയെ വധശിക്ഷക്ക് വിധേയനാക്കുന്ന രംഗമാണ്. ബ്ലേഡ് കൊണ്ട് ശിരസ് ഛേദിക്കുന്ന വധശിക്ഷാ രീതിയാണ്. സംവിധായകന് ഈ രംഗം എങ്ങനെ വേണമെങ്കിലും ചിത്രീകരിക്കാം. കൊടും കുറ്റവാളിയുടെ ക്രൂരതകൾക്കുപകരമായി കാണിയുടെ പ്രതികാരദാഹത്തെ ശമിപ്പിക്കാൻ ബ്ലേഡ് കൊണ്ട് അയാളുടെ തലമുറിഞ്ഞ് ഉടലും ശിരസും രണ്ടായി കാണുന്ന രംഗം ഷൂട്ട് ചെയ്യാം. പക്ഷേ ആ സംവിധായകൻ ചെയ്തത് ബ്ലേഡ് വീഴുന്ന ശബ്ദവും അതുകണ്ട് കണ്ണടച്ച് നിൽക്കുന്ന പൊലീസുകാരന്റെ ക്ലോസപ്പുമാണെന്ന് സണ്ണി ജോസഫ് പറയുന്നു. ഈ രണ്ട് രംഗങ്ങളും ഒരേ അർത്ഥത്തെ പ്രതിനിധീകരിക്കുന്നവയാണ്. ക്യാമറയുടെയും സിനിമയുടെയും ശക്തി എങ്ങനെ ഉപയോഗിക്കണമെന്നത് നമ്മുടെ ചോയ്സ് കൂടിയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമയിൽ സമീപകാലത്ത് അതിതീവ്രമായി വയലൻസ് ഉപയോഗിക്കുന്ന ചിത്രങ്ങൾ ധാരാളം ഇറങ്ങുന്നുണ്ട്. ഇതിനു സമാന്തരമായി സമൂഹത്തിൽ നടക്കുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും സിനിമയിലെ വയലൻസിന്റെ ഛായ പടർന്നുകിടക്കുന്നതിനാൽ സ്വാഭാവികമായും ഇവ രണ്ടും കൂട്ടിവായിക്കപ്പെടുന്നു. സിനിമയും സമൂഹവും തമ്മിലുള്ള കലർപ്പിനെക്കുറിച്ചും കലയുടെ സ്വതന്ത്രാസ്ഥിത്വത്തെക്കുറിച്ചുമുള്ള ചർച്ചകളിലേക്ക് ഇത് വഴിതിരിയുന്നുമുണ്ട്. ഒപ്പം തന്നെ ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചും അതിന്റെ പരിധികളെക്കുറിച്ചും ചർച്ചകൾ നടക്കുന്നു. സിനിമയിൽ നടക്കുന്ന വയലൻസും സമൂഹത്തിൽ നടക്കുന്ന അക്രമങ്ങളും തമ്മിലുള്ള കോർത്തിണക്കലുകളും പെട്ടെന്നുള്ള തീർപ്പുകളും യഥാർത്ഥ സാമൂഹിക വിശകലനത്തെ വഴിതെറ്റിക്കാൻ പോന്നവയാണ്. സിനിമ സമൂഹത്തെയും സമൂഹം സിനിമയെയും പഴിക്കുകയും ഇവ തമ്മിൽ നിർമ്മിക്കുന്ന സാംസ്കാരിക, സാമൂഹിക, സാമ്പത്തിക വ്യവഹാരങ്ങളെയും ബന്ധങ്ങളെയും ചർച്ചയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന രീതി ഉണ്ടാവുകയും ചെയ്യുന്നു.

മലയാളസിനിമയിൽ സമീപകാലത്ത് വലിയ വിജയങ്ങളായ RDX, പണി, ആവേശം, മാർക്കോ തുടങ്ങിയ ചിത്രങ്ങളിലെ വയലൻസിന്റെ അതിപ്രസരത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. തിയേറ്ററിൽ വിജയിക്കുന്ന ചിത്രങ്ങൾ കുറവാകുന്നതും വിജയിക്കുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും വയലൻസ് നിറയുന്നതാവുന്നതും ഈ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

മലയാള സിനിമയിൽ എക്കാലവും വയലൻസ് പ്രകടമായും അല്ലാതെയും നിറഞ്ഞാടിയിട്ടുണ്ട്. അപരവിദ്വേഷത്താലും ജാതിമേൽക്കോയ്മയുടെ ആഘോഷത്താലും വംശീയതയാലും തിരശീല നിറയുകയും തിയേറ്ററുകളിൽ കരഘോഷങ്ങൾ മുഴങ്ങുകയും ചെയ്തിട്ടുണ്ട്. ആക്ഷൻ സീക്വൻസുകൾ, പൊലീസ് പ്രൊസീജിയേഴ‍സ്, മർഡർ സീക്വൻസുകൾ തുടങ്ങിയ ഒരു സിനിമയുടെ ജോണറിനും സിനിമയുടെ പ്ലോട്ടിനും അത്യന്താപേക്ഷിതമായ രംഗങ്ങളിൽ ശാരീരികമായ വയലൻസ് രംഗങ്ങൾ മലയാള സിനിമയിൽ മുൻപത്തേതിലും അധികമായും തീവ്രമായും അക്രമ ദൃശ്യങ്ങളുടെ ആഘോഷം എന്ന നിലയ്ക്കും കൂടുതൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വയലൻസ് രംഗങ്ങൾ സിനിമയുടെ വൈകാരിക മുഹൂർത്തങ്ങൾക്ക് കൂടുതൽ മൂർച്ചനൽകുന്നു എന്ന തീർപ്പിലേക്ക് സംവിധായകർ എത്തുന്നുണ്ട്. ഇത് പ്രത്യക്ഷമായ അഥവാ ഭൗതികമായ (physical) വയലൻസിന്റെ ദൃശ്യോപയോഗങ്ങളാണ്. എന്നാൽ അദൃശ്യമായും നിശബ്ദമായും ഭൗതികമല്ലാതെയും വയലൻസ് പ്രയോഗിക്കപ്പെട്ടിട്ടുണ്ട് മലയാള സിനിമയിൽ. തന്റെ ജാതിമേൽക്കോയ്മയെ, അതിന്റെ കുലീനത (nobility)യെ ഒരു ചലച്ചിത്രത്തിൽ ആകെ വിന്യസിക്കുകയും നിശബ്ദമായി ജാതി മേൽക്കോയ്മയെ ആഘോഷിക്കുകയും വംശീയമായ പരാമർശങ്ങളിലൂടെ കീഴാള – തൊഴിലാളിയെ നിരന്തരം അവഹേളിക്കുകയും അതിലൂടെ മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഉണ്ടാക്കുകയും ചെയ്ത ചിത്രങ്ങളും ഇവിടെ ഉണ്ട്.അത് പ്രിയദർശൻ സംവിധാനം ചെയ്ത് 1994 ൽ പുറത്തിറങ്ങിയ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രമാണ്. ചിത്രത്തിൽ ജാതിയുടെ മൂന്ന് ശ്രേണിയെ നമുക്കു കാണാം. ഒന്ന് തമ്പുരാനായ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം. രണ്ട് അയാളുടെ തോഴനും കാര്യസ്ഥനുമായ ഇടജാതിയിൽപെട്ട മാണിക്യൻ. മൂന്ന് ദലിതനും വേലക്കാരനുമായ അപ്പക്കാള എന്ന ശ്രീനിവാസൻ കഥാപാത്രം. സ്വന്തം സഹോദരനെപ്പോലെയാണെങ്കിലും മാണിക്യന്റെ അച്ഛന്(ശങ്കരാടി) ശ്രീകൃഷ്ണ തമ്പുരാനോടും(നെടുമുടി വേണു) യശോദമ്മ തമ്പുരാട്ടി(കവിയൂർ പൊന്നമ്മ) യോടും ഭയഭക്തി ബഹുമാനവും പഞ്ചപുച്ഛമടക്കിയുള്ള വിധേയത്വവുമാണ്. അയാൾക്ക് അടുക്കളപ്പുറത്തിരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അപ്പക്കാളയാവട്ടെ ശ്രീകൃഷ്ണ തമ്പുരാന്റെയും മാണിക്യന്റെയും അടിമയും അവരുടെ ക്രൂര വിനോദങ്ങളുടെ ഇരയുമാണ്. വൃത്തിയാക്കുന്നതിനിടക്ക് വെള്ളം തളിക്കുമ്പോൾ യശോദാമ്മയുടെ ദേഹത്താവുന്ന രംഗവും അവർ അപ്പക്കാളയെ ആട്ടുന്ന രംഗവും പ്രിയദർശന് നർമരംഗമാണ്. സത്യത്തിൽ ഏത് സമാന്തരലോകത്താണ് ഈ ജാതിപ്രമാണിമാർ ജീവിക്കുന്നത്? എന്തുതരം ജനകീയതയാണ് ഇവർ ഉത്പാദിപ്പിക്കുന്നത്? അടിമുടി സവർണമായ ഒരു സംസ്കാരത്തെ പോഷിപ്പിക്കുന്നവരെയാണോ നാം മാസ്റ്റർ എന്ന് വിളിക്കേണ്ടത്? ‘തേന്മാവിൻ കൊമ്പത്തി’ന്റെ അവസാനത്തിൽ ‘ഞാളെ ചെറിയ ബുദ്ധിയിൽ’ തോന്നിയ കുബുദ്ധിയെ തമ്പുരാൻ നേരിടുന്നത് ‘വെറുതെയല്ല നിനക്കൊന്നും വല്യ ബുദ്ധി തരാഞ്ഞത്’ എന്ന സംഭാഷണത്തിലൂടെയാണ്. അവസാനം ശ്രീകൃഷ്ണൻ തമ്പുരാനും മാണിക്യനുമിടയിൽ പ്രശ്നമുണ്ടാക്കുന്ന ദലിതനായ അപ്പക്കാളയെ ചൂണ്ടിക്കാട്ടി ആൾക്കൂട്ടത്തിന് കൊല്ലാൻ വിട്ടുകൊടുക്കുന്ന ‘ശുഭാന്ത്യം’ സിനിമയ്ക്ക് കൈവരുന്നു. ഇത്തരം വയലൻസുകളിലൂടെ വളർന്ന മലയാള സിനിമ പിന്നീടും ജാതി – മത – ലിംഗ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പരോക്ഷ വയലൻസ് തുടർന്നുപോന്നിട്ടുണ്ട്.

സമീപകാല മലയാളസിനിമ ഭൗതികമായ വയലൻസിനെയാണ് കൂടുതൽ ആശ്രയിക്കുന്നത്. വയലൻസിന്റെ അതിപ്രസരം ഏറുന്നതിന് കൊറിയൻ ചിത്രങ്ങളെയും വെട്രിമാരന്റേതടക്കമുള്ള തമിഴ് സിനിമകളെയുമാണ് മലയാള സിനിമാ സംവിധായകർ ന്യായത്തിനായി ആശ്രയിക്കുന്നത്. കൊറിയൻ ചലച്ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രഫി ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യം പണ്ടുകാലം മുതൽക്കേ അക്രമോത്സുകമായ ആക്ഷൻ പരിചരണരീതിയാണ് അവർക്കുള്ളത് എന്നതാണ്. അവരുടെ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾ അതിതീവ്രമായതും രക്തരൂഷിതമായതുമാണ് ഏറെക്കാലമായി. വയലൻസ് രംഗങ്ങൾക്കുവേണ്ടി കഥാസന്ദർഭങ്ങൾ മെനയുകയും അതിനെ കുടുംബ സദസുകൾക്കടക്കം സ്വീകാര്യമാവുന്ന തരത്തിൽ മാർക്കറ്റിങ്ങിന്റെ ഭാഗമാക്കുകയും ചെയ്യുന്ന രീതിയാണ് മലയാള സിനിമയിലെ വയലൻസിന്റെ അതിപ്രസരത്തിന്റെ അകമേയുള്ള കാമ്പ്. വെട്രിമാരന്റെ ചിത്രങ്ങളിൽ സംഘർഷഭരിതമായ സാഹചര്യങ്ങളിലേക്ക് നിരന്തരം വലിച്ചിഴയ്ക്കപ്പെടുന്ന ജനതയെയും അവരുടെ പോരാട്ടങ്ങളെയും കാണാം. അവരുടെ പ്രതികാരത്തെ പകർത്തുമ്പോൾ അദ്ദേഹം ഏറ്റവും കൂടുതൽ കേട്ട പഴി അതിൽ വയലൻസ് കൂടുന്നു എന്നതാണ്. തീർച്ചയായും സാംസ്കാരിക മേൽക്കോയ്മയിൽ കീഴാള പ്രതിരോധത്തെ മുഴുവൻ അക്രമവത്കരിക്കുന്നതിന്റെ ഭാഗം തന്നെയാണത്. വെട്രിമാരന്റെ തന്നെ ഭാഷയിൽ പ്രതികാരമല്ല, മറിച്ച് തന്റെ കഥാപാത്രങ്ങൾ ‘കാവ്യനീതി’യാണ് നടപ്പാക്കുന്നത് എന്നാണ്. ആ കാവ്യനീതിയെ ഏറ്റവും രാഷ്ട്രീയമായി അവതരിപ്പിക്കുകയാണ് വെട്രിമാരൻ ചെയ്യുന്നത്. എന്നാൽ വൈയക്തികമായ വൈകാരികതകളെ വയലൻസുമായി കൂട്ടിയിണക്കുകയാണ് സമീപകാല മലയാള സിനിമ.

RDX എന്ന ചിത്രത്തിൽ നായക കഥാപാത്രങ്ങളുടെ വീട്ടിലെ ചെറിയ കുട്ടികളെയടക്കം ക്രൂരമായി ഉപദ്രവിക്കുന്ന അതിവൈകാരികമായ സന്ദർഭത്തെ സംവിധായകൻ നിർമ്മിച്ചെടുക്കുന്നു. ആ സന്ദർഭമാണ് തുടർന്നുള്ള ആൺ നായക കഥാപാത്രങ്ങളുടെ വയലൻസിന്റെ പ്രത്യയശാസ്ത്ര നീതി. കോളനികളിൽ താമസിക്കുന്ന, സമൂഹത്തിന്റെ പരിഗണനകൾ അന്യമായവരാണ് RDX ലെ വില്ലൻമാർ എന്നത് നിഷ്കളങ്കമായി കാണേണ്ട ഒന്നല്ല. ഒരു രാത്രി കൊണ്ട് ചേരിയൊഴിപ്പിക്കുന്ന ജഗന്നാഥൻ എന്ന വീരനായക പുരുഷ സങ്കൽപ്പം, അകത്തുകയറിയാൽ ജീവനോടെ പുറത്തിറങ്ങാൻ പറ്റാത്ത കോളനികൾ എന്ന നിലയിലും, അവിടെ നിന്ന് അടിച്ചു ജയിച്ചു വരുന്ന ആൺ നായകരിലും ഇന്നും ആവേശത്തോടെ ആവാഹിച്ചതിന്റെ രൂപമാണ് RDX എന്ന ചിത്രവും അതിലെ നായക ഹിംസകളും. ഹിംസാത്മക സന്ദർഭങ്ങൾക്കിടയിൽ നർമവും ലാളിത്യവും നിറഞ്ഞ സന്ദർഭങ്ങൾ ഉൾച്ചേർക്കുന്നത് ആഗോള സിനിമയിൽ തന്നെ വയലൻസിനെ ഉപയോഗിച്ച സിനിമകളുടെ രീതിയാണെന്ന് ജെയിംസ് കെൻട്രിക് എന്ന പണ്ഡിതർ വിശദീകരിക്കുന്നുണ്ട്. ഭൗതികമായി വയലൻസിനെ ഉപയോഗിക്കുന്ന ചിത്രങ്ങൾ മലയാളത്തിൽ പരിശോധിക്കുമ്പോഴും ഇത് ശരിയാണെന്ന് നമുക്ക് മനസ്സിലാവുന്നു. കൂടാതെ ഇത്തരം ചിത്രങ്ങളിലെ നായകന്റെ വയലൻസ് ഏറ്റുവാങ്ങുന്ന പ്രതിനായകർ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ആളുകളാവുന്നതും നായകർ സമ്പന്നമായ മേൽത്തട്ടിലാവുന്നതും ഒട്ടും നിഷ്കളങ്കമായ ആവിഷ്കാരമല്ല.

നടനായ ജോജു ജോർജ് സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രം സമ്പന്നതയുടെയും ആൺപോരിമയുടെയും ആഘോഷത്തിനായാണ് വയലൻസിനെ ഉപയോഗിക്കുന്നത്.

പണി സിനിമയുടെ സീനുകളുടെ വിന്യാസത്തിൽ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്നത് നായക കഥാപാത്രങ്ങളുടെ സമ്പത്ത്, പദവി, അധികാരം, സ്വാധീനം എന്നിവ കാണിക്കാനാണ്. കഥാഗതിയുമായി വിട്ടു നിൽക്കുന്ന സന്ദർഭങ്ങളിൽ നായകനായ ജോജുവിന്റെയും ചങ്ങാതിമാരുടെയും എല്ലാ നിലയിലുമുള്ള മേൽക്കോയ്മയെ ആഘോഷമാക്കിയിരിക്കുന്നു. ഇതിലെ വില്ലൻമാരായ രണ്ട് ചെറുപ്പക്കാരാകട്ടെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള സാധാരണ തൊഴിലാളി കുടുംബത്തിൽപെട്ടവരാണ്. ഈ ചെറുപ്പക്കാരുടെ സാമൂഹിക സ്ഥിതി വിവരിക്കുന്ന രണ്ട് രംഗങ്ങൾ ചിത്രത്തിലുണ്ട്. ഒന്ന് ഒരാളുടെ വീടും വീട്ടകവുമാണ്. രണ്ടാമത്തേത് രണ്ടാമത്തെയാളുടെ അച്ഛനമ്മമാരുടെ വേഷവിധാനങ്ങളാണ്. ദാരിദ്ര്യത്തിലോ അതിനു തൊട്ടരികിലോ നിൽക്കുന്ന അധ്വാനിക്കുന്ന രണ്ട് ചെറുപ്പക്കാർ പെട്ടെന്ന് ക്രിമിനലായി തീരുമെന്നും അവരെ ഏറ്റവും ക്രൂരമായി ഇല്ലാതാക്കേണ്ടതാണെന്നും ഉള്ളതിന്റെ നീതീകരണത്തിനായാണ് ചിത്രത്തിന്റെ വയലൻസിനെ ‘പണി’ എന്ന സിനിമ ആശ്രയിക്കുന്നത്.

ഉണ്ണി മുകുന്ദൻ എന്ന നടൻ തന്റെ മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളി വരേണ്യകാണികളിൽ സ്ഥാപിച്ചെടുത്ത ഒരു ഇമേജ് ഉണ്ട്. നടീനടൻമാർ സംവിധായകർ തുടങ്ങി സിനിമാ മേഖലയിലെ വലിയ ഒരു വിഭാഗം ഹിന്ദുത്വ സർക്കാരിനോടും അതിനെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രത്തോടും വിധേയത്വം പുലർത്തുന്ന കാലത്ത്, മലയാള സിനിമയിൽ പതിവില്ലാതിരുന്ന വിധം ഹിന്ദുത്വ പ്രചാരണം അവതരിപ്പിച്ച ഒരു നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന് എന്നാൽ ഒരു പാൻ ഇന്ത്യൻ ശ്രദ്ധ ഉണ്ടായിരുന്നില്ല. മാർക്കോ എന്ന ചിത്രം ഇറങ്ങുന്നത് ഹിന്ദിയടക്കം മൾട്ടി ലിങ്ക്വൽ ആയാണ്. ഈ ചിത്രത്തിന്റെ പ്രധാന ഉദ്ദേശ്യം ഉണ്ണി മുകുന്ദൻ എന്ന ഒരു പാൻ ഇന്ത്യൻ സ്റ്റാറിനെ രൂപപ്പെടുത്തുക എന്നതാണ്. ഈ ചിത്രം വാസ്തവത്തിൽ അസംബന്ധങ്ങളുടെ ഒരു ഘോഷയാത്രയാണ്. പ്രതികാരം ചെയ്യാൻ പോകുന്ന നായക കഥാപാത്രം അണിഞ്ഞൊരുങ്ങുന്ന രംഗം എന്തൊരു അബദ്ധജടിലമായ കാഴ്ചയാണ്. പുതുതലമുറ ട്രോളുകളുടെ ഭാഗമാകാൻ എളുപ്പം മാർക്കോ എന്ന ചിത്രത്തിനും അതിലെ നായക നടനായ ഉണ്ണിമുകുന്ദനും സാധിച്ചിട്ടുണ്ട്. മാർക്കോയിലെ വയലൻസ് രംഗങ്ങൾക്ക് ആ സിനിമയുടെ കഥാസന്ദർഭവുമായി യാതൊരു ബന്ധവുമില്ല. ഹിംസാത്മകമായ ഒരു ആൺനായക ശരീരം എന്ന നിലയ്ക്ക് ബാഹുബലിയിലെ പ്രഭാസിനെ പോലെയോ കെ ജി എഫിലെ യാഷിനെ പോലെയോ ഒരു പാൻ ഇന്ത്യൻ ശ്രദ്ധ ലഭിക്കാനുള്ള തത്രപ്പാടുകളാണ് മാർക്കോ എന്ന അസംബന്ധ സിനിമയിൽ മുഴുവൻ.

സാമൂഹികവും സാമ്പത്തികവുമായ അന്തരങ്ങളും അവ നിർമ്മിക്കുന്ന പ്രതികാരങ്ങളും, വയലൻസ് ദൃശ്യങ്ങളെ വെള്ളിത്തിരയിൽ നിറയ്ക്കാനുള്ള കാരണങ്ങളായി പുതിയ കാലത്ത് മലയാള സിനിമയിലുണ്ടാവുന്നു. ഒരു കാലത്ത് പ്രേക്ഷക സമൂഹത്തെ തിയേറ്ററുകളിൽ നിന്ന് അകറ്റിനിർത്തിയിരുന്ന അക്രമോത്സുക രംഗങ്ങൾ ഇന്ന് പ്രേക്ഷകരെ തിയേറ്ററിലേക്കാകർഷിക്കുന്ന പരസ്യങ്ങളാവുന്നു. ഇതിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക യുക്തികളാണ് കൂടുതൽ ചർച്ചചെയ്യപ്പെടേണ്ടത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + 8 =

Most Popular