‘ചെറുപ്പത്തിലേ പിടികൂടുക’ ( catch the young) എന്നത് എല്ലാ പ്രതിലോമ ശക്തികളുടെയും തന്ത്രമാണ്. പുതിയ തലമുറയെ പ്രലോഭിപ്പിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിൽ കൊണ്ടുവന്നാൽ അവരെ ഉപഭോക്താക്കളും കാരിയർമാരും ആക്കി മാറ്റാം. കുട്ടികൾക്ക് നിയമപരമായി ലഭ്യമായ ചില പരിരക്ഷകളാണ് ആകർഷകം. മയക്കുമരുന്ന് റാക്കറ്റും കുട്ടികളെ കേന്ദ്രീകരിക്കുന്നതിന് പിന്നിൽ ഇതാണ്. കേരളത്തിൽ കുട്ടികളിൽ മാത്രം മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നു എന്ന പരാതിയും ശരിയല്ല. സമൂഹത്തിൽ പൊതുവേ മയക്കുമരുന്നിന്റെ –-പ്രത്യേകിച്ച് സിന്തറ്റിക് മയക്കുമരുന്നിന്റെ –- ഉപയോഗം കൂടുന്നുണ്ട്. സമൂഹത്തിന്റെ പരിഛേദം എന്ന നിലയ്ക്ക് ആനുപാതികമായി കുട്ടികളിലും മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നു എന്നതാണ് വസ്‌തുത. എങ്കിലും നാളത്തെ തലമുറ എന്ന നിലയിൽ ഈ വിപത്ത് ദൂരവ്യാപകമായ അപകടം സൃഷ്‌ടിക്കും. അതിനാലാണ് കേരളം ഒറ്റക്കെട്ടായി കുട്ടികളെ മയക്കുമരുന്ന് റാക്കറ്റിൽനിന്ന് രക്ഷിക്കാനുള്ള ശക്തമായ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
കുട്ടികൾക്കിടയിൽ പലതരം സമ്മർദ്ദങ്ങളും കൂടുകയാണ്. പാഠവുമായി ബന്ധപ്പെട്ട സമ്മർദ്ദം ഒരു ഭാഗത്ത്. സോഷ്യൽ മീഡിയ വഴി കുട്ടികളിൽ അന്തർലീനമാകുന്ന തെറ്റായ പ്രവണതകൾ സൃഷ്‌ടിക്കുന്ന മനോനില മറുവശത്ത്. തിരക്കുകൾക്കിടെ കുട്ടികളെ കേൾക്കാൻ ആരുമില്ലാത്ത അവസ്ഥ. കുടുംബത്തിലും സ്‌കൂളിലും പൊതു ഇടങ്ങളിലും കുട്ടി പല തരത്തിലുള്ള സാമൂഹ്യമായ വിലക്കുകൾ അനുഭവിക്കുന്നു. ഇത്തരം പ്രവണതകൾ കുട്ടികളിൽ മാനസികമായി പല ആഘാതങ്ങളും സൃഷ്‌ടിക്കും. ഈ സാഹചര്യമാണ് പലപ്പോഴും മയക്കുമരുന്ന് റാക്കറ്റുകൾ ഉപയോഗിക്കുന്നത്. മയക്കുമരുന്ന് ഉപയോഗം കാരണം ആക്രമണോത്സുകത, വിഷാദം തുടങ്ങിയ കടുത്ത പ്രശ്‌നങ്ങളാണ് കുട്ടി അനുഭവിക്കുന്നത്. ഇതിനു പരിഹാരം കാണുന്നതിൽ സ്‌കൂളുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ഒരു കുട്ടിയുടെ ഏറ്റവും പുഷ്‌കല കാലമായ 14 വർഷം (എൽകെജി മുതൽ പ്ലസ്‌ടുവരെ)ചെലവിടുന്നത് സ്‌കൂളുകളിലാണ്. അതിനാൽ നമ്മുടെ സ്‌കൂൾ അന്തരീക്ഷം മാറുകയും അധ്യാപകർ കുട്ടികളെ അറിഞ്ഞ് ഇടപെടുകയും അവരെ കേട്ട് ചേർത്തുനിർത്തുകയും ചെയ്യുന്ന അന്തരീക്ഷം സ്‌കൂളുകളിൽ അനിവാര്യമാണ്. നിലവിൽ നമ്മുടെ പൊതുവിദ്യാലയങ്ങൾ ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കുന്നുണ്ട്. പാഠ്യപദ്ധതി, പാഠ്യേതര പദ്ധതി, സ്‌കൂൾ അന്തരീക്ഷം എന്നിവയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. എങ്കിലും ഇനിയും മുന്നേറേണ്ടതുണ്ട്.
നവകേരള രൂപീകരണത്തിൽ വിദ്യാഭ്യാസ മേഖലക്കുള്ള പങ്ക് വലുതാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും കേരളം കൈവരിച്ച നേട്ടം ലോകത്തിന് മാതൃകയാണ്. ലോകം അംഗീകരിച്ച കേരള മോഡലിന്റെ സവിശേഷതകളിൽ പ്രധാനവും വിദ്യാഭ്യാസ മേഖലയിൽ നമ്മൾ നേടിയ നേട്ടമാണ്. വിശിഷ്യ, സ്‌ത്രീ വിദ്യാഭ്യാസത്തിലും സാക്ഷരതയിലും. എല്ലാവർക്കും സൗജന്യവും സാർവത്രികവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസം എന്ന ഭരണഘടനയുടെ ഉറപ്പ് പാലിച്ച ഏക സംസ്ഥാനവും കേരളമാണ്. ഗുണപരവും (Qualitative) ഗണപരവും (Quantitative) ആയി നമ്മുടെ പൊതു വിദ്യാഭ്യാസം മാതൃകയാണ്. കേരളത്തെ ലിംഗ സൗഹൃദ ( Gender friendly) സംസ്ഥാനമായി മാറ്റുന്നതിൽ നമ്മുടെ വിദ്യാഭ്യാസ മേഖല നൽകിയ പിന്തുണയും വലുതാണ്.
എന്നാൽ വിദ്യാഭ്യാസ മേഖലയിൽ കേരളം അതിവേഗം മുന്നേറുമ്പോൾ ചില തിരിച്ചടികൾ നമ്മൾ നേരിടുന്നില്ലേ? വിദ്യാർത്ഥികൾക്കിടയിലെ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം, ആക്രമണോത്സുകത, ഗ്യാങ് വാറുകൾ തുടങ്ങിയവ ചിലയിടത്തെങ്കിലും പ്രശ്നമാകില്ലേ. ഈയിടെ നടന്ന ചില സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ അതീവ ഗൗരവമായി കാണേണ്ട വിഷയമാണിത്. ഇത്തരം പ്രവണതകൾ പൂർണമായും വിദ്യാർത്ഥികൾക്കിടയിൽനിന്ന് തുടച്ചുനീക്കാനുള്ള വലിയൊരു ഉദ്യമത്തിനാണ് സർക്കാർ തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്.
വിദ്യാഭ്യാസം എന്നത് ഇന്ന് പ്രലോഭനത്തിന്റെ മേഖലകൂടിയാണ്. പലതരം മത്സരങ്ങളും പരിശീലനങ്ങളും കുട്ടികളിൽ വലിയ സമ്മർദ്ദമാണ് സൃഷ്‌ടിക്കുന്നത്. വീട്ടിലും സ്‌കൂളിലും സമ്മർദ്ദങ്ങൾക്ക് നടുവിലാണ് കുട്ടി. പൊതുവിദ്യാലയങ്ങൾ ഒഴികെ മറ്റ് സ്‌കൂളുകൾ മത സാമുദായിക കച്ചവട ശക്തികളും ഗ്യാങ്ങുകളുമാണ് നിയന്ത്രിക്കുന്നത്. ഇത് സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളുടെ ആഴവും പരപ്പും കാണാതിരുന്നുകൂട. ഇത്തരം കാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾക്ക് വിലക്കാണ്. ഇത് വിദ്യാലയങ്ങളിൽ പുരോഗമനാശയങ്ങളുടെ ഗളഛേദം നടത്തി. മാനവികതയും സർഗാത്മകതയും വിദ്യാലയങ്ങളിൽനിന്ന് പടികടന്നു. ജനാധിപത്യബോധവും മതനിരപേക്ഷ മൂല്യങ്ങളും ഭരണഘടനയോടുള്ള പ്രതിബദ്ധതയും ഇവിടെയെങ്ങും കാണില്ല. അരാഷ്‌ട്രീയ–-അരാജവാദികളുടെയും ഗ്യാങ്ങുകളുടെയും വിഹാര കേന്ദ്രങ്ങളായി ഇത്തരം കാമ്പസുകൾ മാറി. സ്വതന്ത്ര വേഷം അണിഞ്ഞ കൂട്ടായ്‌മയുടെ മറവിൽ മത തീവ്രവാദം ഒളിച്ചു കടത്തി.
നവോത്ഥാന കാലം മുതൽ പുരോഗമന പ്രസ്ഥാനങ്ങൾ നടത്തിയ ഇടപെടലുകൾ ആണ് കേരളത്തിലെ വിദ്യാഭ്യാസത്തെ ഇന്നത്തെ നിലയിൽ രൂപപ്പെടുത്തിയത്. പിന്നീട് ആദ്യ ഇഎംഎസ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലും ഇൗ രംഗത്തെ ഉടച്ചുവാർത്തു. വിദ്യാഭ്യാസത്തെ കച്ചവടമാക്കി മാറ്റാനുള്ള സ്വകാര്യ മാനേജ്‌മെന്റുകൾക്ക് കൂച്ചുവിലങ്ങിട്ട് സാമൂഹിക നിയന്ത്രണം കൊണ്ടുവന്നു. അതേ സർക്കാർ നാലാം ക്ലാസ് വരേയും 1967ൽ ഏഴാം ക്ലാസ് വരേയും സ്‌കൂൾ വിദ്യാഭ്യാസം സൗജന്യമാക്കി. 1970 ആയപ്പോഴേക്കും സാർവത്രിക സ്-കൂൾ പ്രാപ്യത കേരളത്തിൽ യാഥാർഥ്യമായി. ഇതോടെ ധനിക–-ദരിദ്ര വ്യത്യാസമില്ലാതെ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമായി. ഈ നേട്ടംകൂടിയാണ് മയക്കുമരുന്ന് റാക്കറ്റ് തകർക്കുന്നത്.
കുട്ടികൾ പഠിക്കും ലഹരിയുടെ ദൂഷ്യം
കുട്ടികൾക്ക് ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ കൃത്യമായ അവബോധം നൽകാൻ സർക്കാർ ഒട്ടേറെ നടപടികളാണ് സ്വീകരിച്ചത്.ഇതിൽ പ്രധാനമാണ് പരിഷ്‌കരിച്ച പാഠപുസ്‌തകത്തിൽ ലഹരി ഉപയോഗത്തിന്റെ അപകടം ഉൾപ്പെടുത്തിയത്. അടിസ്ഥാന ശാസ്‌ത്രം, സാമൂഹ്യ ശാസ്‌ത്രം, മലയാളം, ഉറുദു, അറബി എന്നീ വിഷയങ്ങളിൽ യുപി, ഹൈസ്‌കൂൾ പാഠപുസ്-തകങ്ങളിലാണ് ഇവ ഉൾപ്പെടുത്തിയത്. രണ്ടാം ഘട്ട പാഠപുസ്‌തകത്തിൽ ( 6,8,10 ക്ലാസ്) ലഹരിക്കും മയക്കുമരുന്നിനും എതിരായ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗം കണ്ടെത്തുന്നതിനും അറിയിക്കുന്നതിനും പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നതിനുമായി Standard Operating Procedure -_SOP_യും തയ്യാറാക്കിയിട്ടുണ്ട്. എല്ലാ അധ്യാപകർക്കും ഇതുവഴി കൃത്യമായ ധാരണ ലഭിക്കും. സ്‌കൂളുകളിൽ ജാഗ്രതാ ബ്രിഗേഡ് രൂപീകരിക്കും. ഒട്ടേറെ കർമ്മ പദ്ധതികളാണ് സ്‌കൂളുകളിൽ സർക്കാർ നടപ്പാക്കുന്നത്. ഈ വർഷം നടക്കാൻ പോകുന്ന അവധിക്കാല അധ്യാപക പരിശീലനത്തിൽ മയക്കുമരുന്നിൽനിന്ന് കുട്ടികളെ രക്ഷിക്കാൻ തയ്യാറാക്കിയ SOP കേന്ദ്രീകരിച്ചുള്ള മൊഡ്യൂൾ എസ്‌ഇആർടി തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് ജാഗ്രതയോടെയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. പുതിയ അധ്യയന വർഷം ആരംഭിച്ചാൽ ജൂൺ 26ന് എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പാർലമെന്റ്, ശിശുദിനത്തിൽ പ്രത്യേക അസംബ്ലി എന്നിവയും ആസൂത്രണം ചെയ്‌തിട്ടുണ്ട്.
കുട്ടികളെ ലഹരി മാഫിയയിൽനിന്ന് രക്ഷിക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക് വലുതാണ്. ‘ഞാൻ ഒരു അധ്യപകനല്ല, ഒരു ഉണർവാണ്’ എന്നാണ് -പ്രമുഖ അമേരിക്കൻ കവിയും അധ്യാപകനുമായിരുന്ന റോബർട്ട് ഫ്രോസ്റ്റ് പറഞ്ഞത്. ‘Is the supreme part of the teacher to awaken joy in creative expression and knowledge ’ എന്ന് ആൽബർട്ട് ഐൻസ്‌റ്റീനും അധ്യാപകരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. Teacher എന്ന കാഴ്‌ചപ്പാട് ഇന്ന് ലോകത്ത് മാറുകയാണ്. ക്ലാസ്‌മുറികളിൽ ഒരു സഹായിയും ( fecilitator ) മെന്ററുമാണ് അധ്യാപകൻ/അധ്യാപിക. വീടുകളിൽ രക്ഷിതാക്കൾ ചെലുത്തുന്ന സ്വാധീനത്തേക്കാൾ സ്‌കൂളിനകത്ത് അധ്യാപകർക്ക് സ്വാധീനം ചെലുത്താനാകും. പലതരം മാനസിക സംഘർഷങ്ങൾക്കും സ്വാധീനങ്ങൾക്കും വിധേയരാണ് ഇന്നത്തെ കുട്ടികൾ. മൊബൈൽ ഫോണിന് അഡിക്‌റ്റായ കുട്ടികളെ സ്വാധീനിക്കുന്നത് റീൽസുകളും ഷോർട്ടുകളുമാണ്. അതിൽ വരുന്ന ഫേക്കും വഴിതെറ്റിക്കുന്നതുമായ വിവരങ്ങളാണ് കുട്ടികളെ സ്വാധീനിക്കുന്നത്. ക്ലാസ് മുറികൾക്കപ്പുറം ഒരു വെർച്വൽ ക്ലാസ്‌മുറിയും അജ്ഞാതനായ അധ്യാപകനും ആണ് അവനെ നിയന്ത്രിക്കുന്നത്. ഈ അഡിക്‌ഷൻ സൃഷ്‌ടിക്കുന്ന കടുത്ത മാനസിക സംഘർഷങ്ങളും ജീവിത നൈരാശ്യവും കുട്ടികളെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇതിൽനിന്ന് കുട്ടികളെ മോചിപ്പിക്കാൻ അധ്യാപകന് സാധിക്കണം. അതിന് കുട്ടിയുമായി അധ്യാപകന് മാനസിക ഐക്യം –-മനപ്പൊരുത്തം–- ഉണ്ടാകണം.
കുട്ടികളെ കേട്ടും അവരുടെ പെരുമാറ്റം നിരീക്ഷിച്ചും പരിഹാര നിർദേശം നൽകി അവരിൽ ആത്മവിശ്വാസം നൽകാനും അവരെ ചേർത്തുനിർത്താനും അധ്യാപകർക്ക് സാധിക്കണം. കുട്ടികൾ ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന രണ്ട് ഇടങ്ങൾ വീടും സ്‌കൂളുമാണ്. വീടുകളിൽ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അധ്യാപകരോട് തുറന്നുപറയാൻ കുട്ടികൾക്കാകണം. അതിനാകട്ടെ, അധ്യാപകർ കുട്ടികളുമായി ആത്മബന്ധം സ്ഥാപിക്കണം. ഓരോ അധ്യാപകനും തന്റെ കുട്ടിയുടെ മനസ്സിലേക്ക്, ഹൃദയത്തിലേക്ക് ഒരു പാലം പണിയണം.
നമ്മുടെ കുട്ടികളെ കേൾക്കാൻ സ്‌കൂളുകളിൽ സംവിധാനം ഒരുക്കേണ്ടത്, അതിനുള്ള പ്രത്യേക മുറി അല്ലെങ്കിൽ ‘കൂട്’ എല്ലാ സ്‌കൂളിലും അനിവാര്യമാണ്. അവിടെ കുട്ടിയെ കേൾക്കാൻ ഒരാൾ (മെന്റർ) വേണം. അവൻ പറയുന്നത് സ്വകാര്യമായി സൂക്ഷിച്ച് കൈാര്യം ചെയ്യാനുള്ള വിവേകവും വിശ്വാസ്യതയും ഈ മെന്റർക്ക് ഉണ്ടാകണം. നിലവിൽ പല സ്‌കൂളുകളിലും വിപരീതമായാണ് കാര്യങ്ങൾ നടക്കുന്നത്. ഒരു വിഷയം ചില ക്ലാസ് അധ്യാപകരോട് (എല്ലാവരോടും അല്ല) പറഞ്ഞാൽ കുട്ടിയെ വലിയ കുറ്റവാളിയായി ചിത്രീകരിച്ച് രംഗം വഷളാക്കും. ആദ്യം ക്ലാസിലെ എല്ലാ കുട്ടികൾക്ക് മുമ്പിൽവെച്ച് വിചാരണ. പിന്നീട് സ്‌റ്റാഫ് റൂമിൽ, എച്ച്‌എമ്മിന് മുമ്പിൽ, പ്രിൻസിപ്പലിനു മുമ്പിൽ… അങ്ങനെ പോകുന്നു വിചാരണ. കുട്ടി എല്ലായിടത്തും അപമാനിക്കപ്പെടുന്നു. പിന്നീട് കുട്ടിയുടെ വീട്ടിൽ അറിയിക്കുന്നു, മഹാ അപരാധം ചെയ്‌തവനെപ്പോലെ. അന്ന് സ്‌കൂൾവിട്ട് വീട്ടിലേക്ക് പോകുന്ന കുട്ടിയുടെ മനോനില നിങ്ങൾ ആലോചിച്ചു നോക്കു. അത്തരം കുട്ടിക്ക് സ്കൂളിൽനിന്ന് ലഭിക്കുന്ന സന്ദേശമെന്താണ്? അവർ മയക്കുമരുന്ന് റാക്കറ്റിൽ എത്തിയില്ലെങ്കിലേ അത്‌ഭുതമുള്ളു.
വേണം വികേന്ദ്രീകരണം
കുട്ടികൾക്ക് അധ്യാപകരിൽനിന്ന് വ്യക്തിഗത ശ്രദ്ധ കിട്ടുക എന്നതും പ്രധാനമാണ്. എന്നാൽ പല സ്‌കൂളുകളും ഇന്ന് ആൾക്കൂട്ട കേന്ദ്രങ്ങളാണ്. അത്തരം സ്‌കൂളുകളിൽ ഇത് അസാധ്യമാണ്. ക്ലാസ് അടിസ്ഥാനത്തിലുള്ള ശ്രദ്ധപോലും അധ്യാപകർക്ക് നൽകാനാകുന്നില്ല.
കേരളത്തിൽ 7000 ത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളുണ്ട്. തലസ്ഥാനത്ത് തന്നെ 3000 ത്തിലേറെ പെൺകുട്ടികൾ പഠിക്കുന്ന പെൺപള്ളിക്കൂടങ്ങൾ മൂന്നാണ്. സമാനമായ സ്ഥിതിയാണ് മിക്കയിടത്തും. തങ്ങളുടെ മഹത്വമായാണ് പല സ്‌കൂളുകളും ഈ അംഗസംഖ്യയെ ഹൈലൈറ്റ് ചെയ്യുന്നത്. എന്നാൽ ഇത്രയും കൂട്ടികളെ ശ്രദ്ധിക്കാൻ ഇവിടത്തെ പ്രധാന അധ്യാപകർക്കോ അധ്യാപകർക്കോ കഴിയുന്നുണ്ടോ? ഇല്ല എന്നുതന്നെ പറയണം. ഈ വിഷയം പരിഹരിക്കപ്പെടണം.
ഇന്ന് നമുക്ക് എല്ലായിടത്തും സ്‌കൂൾ ഉണ്ട്. സ്‌കൂൾ പ്രാപ്യതയുടെ കാര്യത്തിൽ കേരളം ഏറെ മുന്നിലാണ്. 12,948 സ്‌കൂൾ ആണ് കേരളത്തിലുള്ളത്. ഒരു കിലോമീറ്ററിനകത്ത് എൽപി സ്‌കൂളും മൂന്ന് കിലോമീറ്ററിനകത്ത് സെക്കന്ററി സ്‌കൂളും കേരളത്തിലുണ്ട്. സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഇന്ന് എല്ലാ പൊതുവിദ്യാലയങ്ങളും അക്കാദമിക്–-അക്കാദമിക് ഇതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നവയാണ്. കിഫ്‌ബിയുടെ സഹായത്തോടെ മികച്ച കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ഹൈടെക് സംവിധാനങ്ങളും എല്ലാ സ്‌കൂളുകളിലുമുണ്ട്. അതിനാൽ ചില സ്‌കൂളുകളിൽ മാത്രം കുട്ടികൾ കേന്ദ്രീകരിക്കുന്ന സംവിധാനം മാറണം. വികേന്ദ്രീകരണം സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിലും നടപ്പാക്കണം. ഒരു സ്‌കൂളിൽ 1000 കുട്ടികൾ എന്ന രീതിയിലേക്ക് പടിപടിയായി നമ്മുടെ സ്‌കൂളുകളെ കൊണ്ടുചെന്ന് എത്തിക്കണം. എങ്കിലേ നിലവിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരമാകൂ.
മറ്റൊരു പ്രശ്‌നം തന്റെ മുമ്പിലുള്ള കുട്ടിയെ അധ്യാപകർ മനസ്സിലാക്കുന്നുണ്ടോ എന്നതാണ്. അധ്യയന വർഷം ആരംഭത്തിൽതന്നെ എല്ലാ കുട്ടിയുടെയും ഗൃഹ സന്ദർശനത്തിന് അധ്യാപകർക്ക് കഴിയണം. കുട്ടിയുമായും രക്ഷിതാവുമായും ആത്മബന്ധമുണ്ടാക്കാൻ ഇതിലൂടെ ക്ലാസ് ടീച്ചർക്കാകും.
തെറ്റുകളിലേക്ക് എളുപ്പം വീഴാനുള്ള സാധ്യതയുള്ളവരാണ് കുട്ടികൾ. തെറ്റ് സംഭവിച്ചിട്ട് തിരുത്തിക്കുക ബുദ്ധിമുട്ടാകും. തെറ്റിലേക്ക് പോകാതെ കുട്ടിയെ ശരിയായ പാതയിൽ കൊണ്ടുവരികയാണ് അനിവാര്യം. അതിന് ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾക്ക് കൗൺസിലിംഗ് നൽകണം. എസ്‌പിസി, എൻസിസി, എൻഎസ്‌എസ്, ജെആർസി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് തുടങ്ങിയ കാഡറ്റ്‌സ്, സ്‌റ്റാഫ് പ്രതിനിധി, സ്‌കൂൾ ലീഡർ, സോഷ്യൽ കൗൺസിലർ എന്നിവർ അടങ്ങിയ ടാക്‌സ് ഫോഴ്‌സ് എന്നിവ എല്ലാ സ്‌കൂളുകളിലും രൂപീകരിക്കുന്നതും നല്ലതാണ്. ഒരു വിഷയം വന്നാൽ വിവേകത്തോടെ കൈകാര്യം ചെയ്യാൻ ഇതിലൂടെ കഴിയും. കുട്ടികളിലെ മാനസികമായ മാറ്റങ്ങൾ നിരീക്ഷിച്ച് കണ്ടെത്താനുള്ള പരിശീലനം എല്ലാ അധ്യാപകർക്കും നൽകണം. എസ്‌സിഇആർടി, എസ്‌എസ്‌കെ എന്നിവരുടെ അധ്യാപക പരിശീലനത്തിന്റെ മുഖ്യ ഊന്നൽ അതിലേക്കാകണം. സർഗാത്മക പ്രവർത്തനം പരിപോഷിപ്പിച്ചും സ്‌കൂൾ ലൈബ്രറികളുടെ കുട്ടികൾക്ക് മുമ്പിൽ തുറന്നും വിദ്യാർത്ഥികൾക്കിടയിൽ അക്കാദമിക് ഇതര പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കാനാകണം. കലോത്സവങ്ങൾ കുട്ടികളും രക്ഷിതാക്കളും മറ്റും ഉൾപ്പെടുന്ന ആക്രമണങ്ങളുടെയും പിടിവാശികളുടെയും മേളകളാണ് ഇന്ന്. ഇതു കാരണം അർഹതയുള്ള പല കുട്ടികളും മേളകളിൽനിന്ന് പുറത്താണ്. പങ്കെടുക്കുന്ന കുട്ടികളിലാകട്ടെ വലിയ സമ്മർദ്ദമാണ് സൃഷ്‌ടിക്കപ്പെടുന്നത്. അതിനാൽ ഇന്നത്തെ മേളകൾ സമൂലമായി അഴിച്ചു പണിയണം. ജനാധിപത്യ–-മതനിരപേക്ഷ ബോധത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും പാഠശാലകളായ സ്‌കൂളുകളിൽ സമ്പൂർണമായ വിദ്യാർഥി സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണം.
മദ്യം,മയക്കുമരുന്ന്, വയലൻസ്, ഗ്യാങ്‌വാർ തുടങ്ങിയവ മൂർച്ചയുള്ള വാളായി എല്ലാവരുടെയും കഴുത്തിന് മുമ്പിൽ തൂങ്ങി നിൽപ്പുണ്ട്. വിദ്യാഭ്യാസ രംഗത്ത് ചൈതന്യവത്തായ ഒട്ടേറെ അക്കാദമിക്–-അക്കാദമിക് ഇതര പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നുണ്ട്. നവോത്ഥാന കാലം മുതൽ കേരളം കൈവരിച്ചതാണ് വിദ്യാഭ്യാസ നേട്ടം. അവ അട്ടിമറിക്കുന്ന ഈ വെല്ലുവിളികളെ പ്രതിരോധിക്കാൻ കാമ്പസുകൾക്ക് അകത്തും പുറത്തും പ്രതിരോധം സൃഷ്‌ടിക്കേണ്ടതുണ്ട്. സർക്കാരിന്റെ ബോധവൽക്കരണ–-എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ വിജയിക്കാൻ ഈ ജാഗ്രത കൂടി വേണം. l