‘2026ലെ തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ അർത്ഥശൂന്യമായ സംവാദങ്ങൾകൊണ്ട് അരങ്ങു കൊഴുപ്പിക്കാനും സമൂഹം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനും വലതുപക്ഷ മാധ്യമങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അവയിൽ ശ്രദ്ധേയമായ ഒന്നാണ് മൂന്നാമൂഴ സംവാദം.’
കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി സിപിഐ എം നയിക്കുന്ന എൽ ഡി എഫ് തുടർച്ചയായി രണ്ടു തവണ തിരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിൽ വന്നു. ഉത്തരവാദിത്വമുള്ള മുന്നണിയെന്ന നിലയിൽ മൂന്നാമത്തെ തവണയും തിരഞ്ഞെടുപ്പിൽ ജയിക്കാനാണ് മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചു. വളരെ സ്വാഭാവികമായ പ്രഖ്യാപനമാണിത്.
തിരഞ്ഞെടുപ്പിൽ രണ്ടുതവണ ജയിച്ചവർക്ക് വീണ്ടും മത്സരിക്കാൻ പാടില്ലെന്ന കീഴ്-വഴക്കം ഒരിടത്തുമില്ല അപ്പോഴാണ് ചില ബുദ്ധിജീവികൾ വിചിത്രമായ ഒരു വാദവുമായി രംഗത്തുവന്നത്. ഈ പ്രാവശ്യം ഇടതുപക്ഷം ഭരണത്തിൽ വരരുത്. ഇടതുപക്ഷം ഭരണത്തിൽ വന്നാൽ അവരിൽ അഴിമതിയും ഗർവും വർദ്ധിക്കും, അത് അവരെത്തന്നെ നശിപ്പിക്കും. കോൺഗ്രസ് ഇപ്രാവശ്യം അധികാരത്തിൽ വന്നില്ലെങ്കിൽ അവർ നശിക്കും. അവർ ബിജെപിയിൽ ചേരും. അതായത് ഇപ്രാവശ്യം യുഡിഎഫിനെ ജയിപ്പിക്കണം.
ഇത് ” ഇടതുസഹയാത്രികർ’ എന്നു സ്വയം വിളിക്കുന്നവരുടെ കുറേക്കാലമായുള്ള നിലപാടാണ്. കഴിഞ്ഞ രണ്ട് ലോക്-സഭാ തിരഞ്ഞെടുപ്പുകളിലും അവർ ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസിനുവേണ്ടി പ്രചരണം നടത്തിയിട്ടുണ്ട്. വോട്ടും ചെയ്തിട്ടുണ്ട്. കോൺഗ്രസുകാരാകുന്നത് ഒരു പാതകമല്ല . എന്നാൽ അതിനുവേണ്ടി കണ്ടുപിടിക്കുന്ന ന്യായങ്ങളാണ് വിചിത്രം!
ഈ വാദങ്ങളുടെ തികഞ്ഞ അരാഷ്ട്രീയസ്വഭാവമാണ് ഏറ്റവും വിചിത്രം. “മാറി മാറി ഭരിക്കുന്ന സർക്കാരുകൾ’ എന്നത് നമ്മുടെ സിനിമകളിൽ പോലും കാണുന്ന സ്ഥിരം ശൈലിയാണ്. വലിയ രാഷ്ട്രീയ പ്രതിബദ്ധതയൊന്നുമില്ലാത്ത സാധാരണ മനുഷ്യർ, കുറെക്കാലം ഇവർ ഭരിച്ചില്ലേ; ഇനി മറ്റവർ വരട്ടെ എന്നു പറയും. അവരെ സംബന്ധിച്ചിടത്തോളം ഇരുകൂട്ടരും ഭരണത്തിനു വേണ്ടി മത്സരിക്കുന്ന രണ്ടു പാർട്ടികളാണ്. അവരിൽ കൊള്ളാവുന്നവർ ഭരിക്കണം; ഇരുകൂട്ടരും തമ്മിലുള്ള ആശയപരമായ ഭിന്നതകളൊന്നും അവർക്ക് പ്രശ്നമല്ല. അവരുടെ തന്നെ വ്യക്തിപരമോ ജാതി മത–സാമുദായികമോ ലിംഗപരമോ ആയ നിലപാടുകൾ അവരെ സ്വാധീനിച്ചേക്കാം.
ഇതേ അരാഷ്ട്രീയ സ്വഭാവം നമുക്ക് ബുദ്ധിജീവികളിൽനിന്ന് ഉണ്ടാകുന്നത് ഉചിതമല്ല. ഭരണകൂടത്തെയും രാഷ്ട്രീയ കക്ഷികളെയും തിരഞ്ഞെടുപ്പുകൾ നടക്കുന്ന സന്ദർഭത്തെയും കുറിച്ച് കൃത്യമായ നിലപാടുള്ളവരാണ്; അവർ അല്ലെങ്കിൽ ഉണ്ടാകേണ്ടവരാണ്. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ കുറിച്ച് ജേ-്യാത്സ്യന്മാരെപ്പോലെ ഭാവി പ്രവചനം നടത്തി ഇപ്പോൾ ആ കക്ഷി എന്തു ചെയ്യണം എന്നു പറയാൻ ആരും അവരോട് ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോൾ അവർക്ക് ഇഷ്ടമുള്ള നിലപാട് പരസ്യമായി സ്വീകരിക്കുന്നതാണ് ജനാധിപത്യ രീതിയും.
മൂന്നാമൂഴത്തിനുവേണ്ടി എൽഡിഎഫ് വാദിക്കുന്നത് അവരുടെ അധികാരമോഹമാണ് എന്ന തികച്ചും അരാഷ്ട്രീയമായ പ്രചരണം പല മാധ്യമപ്രവർത്തകരും ബുദ്ധിജീവികളും നടത്തുന്നുണ്ട്. ജനാധിപത്യമാണ് ഇന്നത്തെ ആവശ്യം, പാലവും റോഡും പണിയാൻ ആരെക്കൊണ്ടും സാധിക്കും എന്ന അരുളപ്പാടും ഇതിനെയാണ് കാണിക്കുന്നത്. ഇതിന്റെ അർത്ഥം പ്രകടമാണ്. എൽഡിഎഫ് സർക്കാർ ജനാധിപത്യവിരുദ്ധമാണ്. എങ്ങനെയാണ് അവർ ജനാധിപത്യവിരുദ്ധരായത്? ഇലക്ഷൻ കമ്മീഷനു വേണ്ടി എസ്ഐആർ പരിശോധന നടത്തിയത് സംസ്ഥാനഗവൺമെന്റിന്റെ ഉദ്യോഗസ്ഥരാണ്. ഇഡിയുടെയും മറ്റു കേന്ദ്ര ഏജൻസികളുടെയും പരിശോധന നടക്കുന്നത് സംസ്ഥാന സർക്കാർ അറിഞ്ഞുകൊണ്ടാണ്. തീവ്രവാദികൾക്കും മാവോയിസ്റ്റുകൾക്കുമെതിരായ എൻഐഎ അന്വേഷണവും തണ്ടർബോൾട്ട് സ്ക്വാഡിന്റെ പ്രവർത്തനവും നടക്കുന്നത് കേരള പൊലീസിന്റെ സഹകരണത്തോടെയാണ്, ആശ തൊഴിലാളികൾക്കെതിരായ നിലപാട് ജനവിരുദ്ധതയുടെ തെളിവാണ്. അതിനോടൊപ്പം ഭരണ നിർവഹണത്തിൽ തികഞ്ഞ ഏകാധിപത്യമാണ് നിലനിൽക്കുന്നത്. എന്നൊക്കെയുള്ള വാദഗതികളാണ് അവർ ഉന്നയിക്കുന്നത്. ഇത്തരം വാദഗതികൾ രാഷ്ട്രീയം നിരീക്ഷിക്കുന്ന ജനങ്ങളിൽ പോലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബോധപൂർവം ഉന്നയിക്കുന്നതാണ്.
ഈ ആശയക്കുഴപ്പത്തിന്റെ ഏറ്റവും പ്രധാന ഘടകം സംസ്ഥാനഗവൺമെന്റിന്റെ അധികാരങ്ങളെ സംബന്ധിച്ചുള്ളതാണ്; ഭരണഘടനയാൽ നിക്ഷിപ്തമായ അധികാരങ്ങൾ മാത്രമേ സംസ്ഥാനങ്ങൾക്കുള്ളൂ. കേന്ദ്ര സർവീസുകളുടെയും കേന്ദ്ര ഏജൻസികളുടെയും നടപടികളെ പുറന്തള്ളാനുള്ള അവകാശം സംസ്ഥാനങ്ങൾക്കില്ല. എതിർപ്പ് രേഖപ്പെടുത്താൻ കഴിയും; അത്തരം എതിർപ്പുകളെ ഉൾക്കൊണ്ട് സ്വന്തം നടപടികളിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ കേന്ദ്രം തയ്യാറല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് നേരിട്ടുള്ള പ്രക്ഷോഭമല്ലാതെ മറ്റു മാർഗമൊന്നുമില്ല. ഇന്നത്തെപ്പോലെ വ്യക്തമായ അമിതാധികാര, നവഫാസിസ്റ്റു സ്വഭാവമുള്ള ഗവൺമെന്റ്- ഇത്തരം ചെറുത്തുനിൽപ്പുകളെ എങ്ങനെ മറികടക്കുന്നുവെന്ന് കഴിഞ്ഞ ഒരു ദശകത്തിലെ അനുഭവം തന്നെ തെളിവാണ്. പൗരത്വ നിയമ ഭേദഗതിയിലും എസ് ഐ ആറിലും ലേബർ കോഡുകളുടെ കാര്യത്തിലും തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിലും അടുത്ത കാലത്തുതന്നെ ബോധ്യപ്പെട്ടതുമാണ്.
ഈ പ്രശ്നങ്ങളിലെല്ലാം സംസ്ഥാന സർക്കാർ സ്വീകരിച്ചുപോന്ന വ്യത്യസ്ത നയങ്ങളെ മുഖവിലയ്-ക്കെടുക്കാതിരിക്കുകയും കേന്ദ്ര നടപടികളെ സംസ്ഥാനത്തിന്റേതായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന തന്ത്രമാണ് മാധ്യമങ്ങളടക്കം സ്വീകരിക്കുന്നത്. ഇതിന്റെ നല്ലൊരുദാഹരണം ആശാ വർക്കർമാരുടെ സമരമാണ്. ആശാവർക്കർമാരുടെ ശമ്പള കുടിശ്ശിക തീർക്കണമെന്നു പറഞ്ഞാണ് ഒരു വിഭാഗം തൊഴിലാളികൾ സെക്രട്ടറിയേറ്റിനുമുമ്പിൽ സമരമാരംഭിച്ചത്. അതിനോടൊപ്പം അവരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും ശമ്പളം മിനിമം 21,000 രൂപയാക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു. ആശ വക്കർമാർ കേന്ദ്ര സ്കീമിൽ ഉൾപ്പെടുന്നവരാണ് തൊഴിലാളികളായി കേന്ദ്ര സർക്കാർ ഇവരെ പരിഗണിച്ചിട്ടില്ല. സന്നദ്ധപ്രവർത്തകരായാണ് കേന്ദ്ര സർക്കാർ അവരെ പരിഗണിക്കുന്നത്. കേന്ദ്ര വിഹിതം തക്ക സമയത്ത് ലഭിക്കാത്തതു കൊണ്ടാണ് അവർക്ക് കുടിശ്ശിക വന്നത്. കേന്ദ്ര വിഹിതം കിട്ടിയതനുസരിച്ച് അവരുടെ കുടിശ്ശിക തീർത്തു. സംസ്ഥാന സർക്കാരിന്റെ വിഹിതം വർദ്ധിപ്പിച്ചു നൽകുകയും ചെയ്തു. എന്നിട്ടും സമരം തുടർന്നു; ശേഷിച്ച ആവശ്യങ്ങൾ കേന്ദ്ര ഗവണ്മെന്റാണ് തീരുമാനിക്കേണ്ടത് എന്നു സമരക്കാരോട് ആവർത്തിച്ചു പറഞ്ഞിട്ടും അവർ ചെവിക്കൊണ്ടില്ല. കാരണം ലളിതമാണ്. ഈ സംവിധാനം എങ്ങനെ രൂപപ്പെട്ടുവന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ അവർക്കില്ല. അല്ലെങ്കിൽ രാഷ്ട്രീയമായി അത് അവഗണിക്കാൻ അവർ തീരുമാനിച്ചു. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ രണ്ടും തൊഴിലാളിവിരുദ്ധ നിലപാടുകളാണ് എടുക്കുന്നതെന്നും രണ്ടും ഒരുപോലെ മർദക ഭരണങ്ങളാണെന്നുമുള്ള ആഖ്യാനമാണ് അംഗീകരിക്കപ്പെട്ടത്. നിരവധി ‘സ്വതന്ത്ര’ ബുദ്ധിജീവികൾ ആവർത്തിച്ചതും അതേ നിലപാടാണ്.
ഇത്തരം ധൈഷണിക ആക്ടിവിസ്റ്റ് കസർത്തുകൾ നടക്കുന്നത് രാജ്യമൊട്ടാകെ സാമ്രാജ്യത്വ കോർപ്പറേറ്റ് പിന്തുണയോടെ നവഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രീയം പിടിമുറുക്കുന്ന അതേ ഘട്ടത്തിലാണ് നവഫാസിസ്റ്റ് അധിനിവേശത്തിനെതിരെ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തെയും ബദൽ വികസന രൂപങ്ങളെയും നിലനിർത്താൻ കഴിയുന്ന ഒരു തുരുത്തായെങ്കിലും കേരളം നിലനിൽക്കണമെന്ന ജനാധിപത്യ കേരളത്തിന്റെ ആഗ്രഹമാണ് മൂന്നാമൂഴത്തിലൂടെ സഫലീകരിക്കാൻ എൽഡിഎഫ് ശ്രമിക്കുന്നത്.
എന്നാൽ നമ്മുടെ ചില ബുദ്ധിജീവികൾ ഈ നിലപാടിനെ അംഗീകരിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം മോദിയുടെ ഗവൺമെന്റും പിണറായി സർക്കാരും ഭരണകൂട ഭീകരതയുടെ രണ്ടു വശങ്ങൾ മാത്രമാണ്. മോദി സർക്കാരിനെതിരെ എന്തു ജനാധി പത്യപ്രക്ഷോഭമാണ് കോൺഗ്രസ് നയിച്ചത് എന്ന ചോദ്യം അവർ ചോദിക്കുന്നില്ല സംഘപരിവാർ നടത്തുന്ന മുസ്ലിം ന്യനപക്ഷ ആക്രമണങ്ങൾക്കും ദളിത് മർദനങ്ങൾക്കും എതിരെ എന്തു പ്രതിരോധമാണ് അവർ ഉയർത്തിയത് എന്നും ചോദിക്കുന്നില്ല. എസ്ഐആർ വഴി 65ലക്ഷം വോട്ടർമാരെ പുറത്താക്കിയ ബീഹാറിൽ എന്തു കൊണ്ട് കോൺഗ്രസ് നാമമാത്രമായി എന്നു ചോദ്യവും ഉയർത്തുന്നില്ല. എ എ പി യും കോൺഗ്രസും തമ്മിലുള്ള ഭിന്നിപ്പു കൊണ്ടല്ലേ ഡൽഹിയിൽ ബി ജെ പി ജയിച്ചത് എന്ന ചോദ്യവും ഉയരുന്നില്ല. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ കൂട്ടത്താടെ ബിജെപിയിൽ ചേർന്നത് എന്തുകൊണ്ട് എന്നു ചോദിക്കുന്നില്ല അതു പോലെ ന്യൂനപക്ഷ മർദനം ശക്തമായി നടക്കുന്ന അസമിലും കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുന്നു.
ഇത്രയൊക്കെ ആയിട്ടും എൽഡിഎഫ് ശക്തമായ പ്രതിപക്ഷമായി പുറത്തുനിൽക്കണമെന്നാണ് ധൈഷണിക മതം. അതായത് യുഡിഎഫ് ജയിക്കണം. എൻ ഡി എ ജയിച്ചാലും വിരോധമില്ല; അപ്പോഴും ഇടതുപക്ഷത്തിന് ശക്തമായ പ്രതിപക്ഷമാകാമല്ലോ. ഇടതുപക്ഷം എന്തായാലും ഭരിക്കേണ്ട.
ഒരു കാലയളവിൽ ഫാസിസവും കമ്യൂണിസവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന വായ്ത്താരി ശക്തമായി ഉണ്ടായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വവും അവരുടെ വേതനം പറ്റുന്ന ബുദ്ധിജീവികളുമാണ് ഈ പ്രചരണം ശക്തമായി നടത്തിയത്. സോവിയറ്റ് ചെമ്പടയുടെ മുമ്പിലാണ് നാസികൾ തകർന്നുവീണത് എന്നതുപോലും തമസ്കരിക്കപ്പെട്ടു. അതുപോലെ കോർപറേറ്റുകളുടെയും നവഫാസിസ്റ്റ് വർഗീയശക്തികളുടെയും കടന്നുകയറ്റത്തിനെതിരെ ദശകങ്ങളായി നടക്കുന്ന ഇടതുപക്ഷ പോരാട്ടങ്ങളെ തമസ്കരിക്കുകയും തൃണവൽഗണിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റുവിരുദ്ധ വായ്ത്താരിയാണ് ഇപ്പോൾ അരങ്ങേറുന്നത്. അവരുടെ ആവശ്യം മൂന്നാമൂഴം വേണ്ട എന്നല്ല. ഇനിയൊരുഴവും കമ്യൂണിസ്റ്റുകാർക്കു വേണ്ട എന്നതുതന്നെയാണ്. l



