Tuesday, June 2, 2026

ad

Homeകവര്‍സ്റ്റോറിഒറ്റപ്പെട്ടവരുടെ 
കൂട്ടുകാർ...

ഒറ്റപ്പെട്ടവരുടെ 
കൂട്ടുകാർ…

രിതകർമ്മസേന എന്ന് കേൾക്കുമ്പോൾ പാഴ്വസ്‌തു ശേഖരണം എന്നതാണ് പൊതുവിൽ നമ്മുടെ മനസ്സിൽ വരിക. എന്നാൽ വളരെ വ്യത്യസ്തമായ മറ്റൊരു സേവനവും ഇവർ നൽകുന്നു. മറ്റാരുടേയും നിർദേശങ്ങളും ഉപദേശങ്ങളുമില്ലാതെ ഇന്നത്തെ കേരളത്തിൽ അനിവാര്യമാകുന്ന സേവനം.  പ്രായാധിക്യം കൊണ്ടും രോഗങ്ങൾ കാരണവും വീട്ടിൽ തളയ്ക്കപ്പെട്ട്, ഒറ്റപ്പെട്ടുകഴിയുന്നവരുടെ കൂട്ടുകാർ കൂടിയായി ഇവർ മാറിക്കഴിഞ്ഞു. മാസത്തിൽ ഒന്നോ രണ്ടോ തവണമാത്രം വീടുകളിലെത്തുന്ന ഹരിതകർമ്മസേനയെ പ്രതീക്ഷിച്ചിരിക്കുന്ന നിരവധി പേരുണ്ട്. ഓരോ സന്ദർശന ഇടവേളകൾക്കിടയിലും നടന്ന കാര്യങ്ങൾ പറയാൻ, ആരോഗ്യ സ്ഥിതി, സന്തോഷവും വിഷമങ്ങളും പറയുന്നത് ക്ഷമയോടെ കേട്ട് മൂളി മൂളി ഇരിക്കാൻ, മനസ്സിലെ ഭാരവും ആവലാതികളും ഭയവുമൊക്കെ ഇവർക്ക് മുന്നിൽ ഇറക്കി കഴിയുമ്പോൾ ലഭിക്കുന്ന ആശ്വാസത്തിൽ നിന്നും സന്തോഷം കിട്ടാൻ വേണ്ടി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ഓരോ സന്ദർശനവും സംഭാഷണവും കഴിഞ്ഞ ശേഷം  അടുത്ത സന്ദർശന ദിവസംവരെ അടുത്ത തവണ പറയുവാനുള്ളത് കരുതിക്കൂട്ടി വയ്ക്കും. അങ്ങനെ ഒറ്റപ്പെട്ടവരുടെ മനസ്സിന് ആശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഹരിതാഭ നിറയ്ക്കുന്നവരായി ഇവർ മാറിയിരിക്കുന്നു. സംസാരിക്കുന്നത് കേൾക്കാനിരിക്കൽ മാത്രമല്ല. മരുന്ന് വാങ്ങികൊണ്ടുകൊടുക്കുന്നവർ, ഭക്ഷണ സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്നവർ, ആശുപത്രിയിൽ ഒപ്പം പോകുന്നവർ,  ആരാധനാലയങ്ങളിൽ പോകാൻ സഹായിക്കുന്നവർ ഇങ്ങനെ നിരവധി സഹായങ്ങൾ ഹരിതകർമ്മസേന അവരുടെ യഥാർത്ഥ ജോലികൾക്കുപുറമേ ചെയ്യുന്നു. ഹരിതകർമ്മസേനയുടെ വിവിധ സംഗമങ്ങളിൽ എല്ലാ ജില്ലയിലും ലേഖകൻ പങ്കെടുത്തിരുന്നു. പ്രവർത്തനങ്ങളുടെ അവലോകനത്തിനുപുറമേ ഹരിതകർമ്മസേനയുടെ അനുഭവങ്ങളും സമൂഹത്തിലെ കാഴ്ചകളും അവതരിപ്പിക്കുന്നതു കേട്ടതിൽ നിന്നും മനസ്സിലാക്കാനാകുന്നത്, വീട്ടിലെ പാഴ്-വസ്തുക്കൾ മാത്രമല്ല,മനുഷ്യർ അവരുടെ മനസ്സിനെ അലട്ടുന്ന പാഴ് ഇനങ്ങൾ ഇവരിലൂടെ പുറത്തു തള്ളി മനസ്സിന് ആശ്വാസം നൽകുന്ന നിരവധി അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞു. കുടുംബതർക്കത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ തൂക്കുകയർ അറുത്തിട്ട് ആശുപത്രിയിൽ എത്തിച്ചത്, ഭർത്താവിന്റെ മദ്യപാനംകൊണ്ട് ദുരിതമനുഭവിക്കുന്ന സ്ത്രീയെ അതിൽനിന്നും മോചിപ്പിച്ചത്, മരുന്ന് വാങ്ങാൻ കഴിവില്ലാത്തവർക്ക് സ്വന്തം വരുമാനത്തിൽനിന്നും മരുന്ന് വാങ്ങി നൽകുന്നവർ, ഒറ്റയ്ക്കായിപ്പോയ വയോധികയ്ക്ക് ഒഴിവുസമയങ്ങളിൽ കൂട്ടിരിക്കാൻ പോകുന്നവർ, ഭിന്നശേഷിക്കാരനായ മകനൊപ്പം അല്പം സമയം ചെലവഴിച്ച് അവന്റെ അമ്മക്ക് ആശ്വാസം പകരുന്നവർ എന്നിങ്ങനെ നിരവധി ഹരിത സ്‌നേഹ അനുഭവങ്ങളും ഇവർ സൃഷ്ടിക്കുന്നു.

വീട്ടിൽനിന്നും നഷ്‌ടമായി, മാലിന്യപ്പെട്ടിയിലായ വസ്തുവിന്റെ പ്രമാണം, പണം, സ്വർണ്ണാഭരണങ്ങൾ, ജോലിയുടെ ഓഫർ ലെറ്റർ, ചികിത്സാ കാർഡ്, ഇൻഷുറൻസ് കാർഡ്, തുടങ്ങി നിരവധി മൂല്യവത്തായ രേഖകളും വിഭവങ്ങളും കൃത്യമായി തിരികെ എല്പിക്കുന്നതിലൂടെ വീട്ടുകാരുടെ ഏറ്റവും വിശ്വസ്തരായ സഹായികളായി ഇവർ മാറുന്നു. വീട്ടിൽനിന്നും മാലിന്യം മാറ്റുന്നതോടൊപ്പം തങ്ങളുടെ പ്രവർത്തനത്തിലുടെ മനുഷ്യ മനസ്സിൽ സ്‌നേഹവും  വിശ്വാസവും പരത്തുന്ന, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും സമൂഹത്തിന്റെയും സ്‌നേഹസന്ദേശവാഹകരായിക്കൂടി ഹരിത കർമ്മസേനാംഗങ്ങൾ മാറുന്നു. ഇവരെ കക്ഷി രാഷ്ട്രീയത്തിന്റെ ചാപ്പകുത്തി പുറത്താക്കാതിരിക്കാനുള്ള മനസ്സ് ഉണ്ടാകണം. അധികാരത്തിന്റെ ശക്തി സമൂഹത്തിന്റെ ഏറ്റവും പ്രാഥമിക തലത്തിൽ പ്രവർത്തിക്കുന്ന ഇത്തരം സാധാരണ പൗരരോട് അരുത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − ten =

Most Popular