ഗതാഗത മാർഗങ്ങൾ, വൈദ്യുതി ശൃംഖല, വ്യവസായ പാർക്കുകൾ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങളിലെല്ലാം കേരളം വളരെ പിന്നിലാണ്. ഈ പിന്നാക്കാവസ്ഥ പരിഹരിച്ചുകൊണ്ട് മാത്രമേ കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുവാൻ കഴിയൂ, വ്യവസായവൽക്കരണം സാധ്യമാവൂ. സമകാലിക വികസന വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി പശ്ചാത്തല വികസന മേഖലയിലെ പിന്നാക്കാവസ്ഥ മാറിയിരിക്കുന്നു.
എന്തുകൊണ്ട് ഈ അവസ്ഥ സംജാതമായി? പശ്ചാത്തല സൗകര്യ നിർമ്മാണത്തിനായി വേണ്ടത്ര പണം ബജറ്റിൽ വകയിരുത്താൻ നമുക്ക് കഴിയുന്നില്ല എന്നതാണ് കാരണം. ഉദാഹരണത്തിന് 2026 – 27 ലെ ബജറ്റ് എടുക്കൂ. ഈ വര്‍ഷത്തെ ബജറ്റിൽ മൂലധനച്ചെലവിനത്തിൽ വകയിരുത്തിയിരിക്കുന്ന തുക സംസ്ഥാന ജിഡിപിയുടെ 1.3 ശതമാനം മാത്രമേ വരൂ. മറ്റു സംസ്ഥാനങ്ങളുടെ ശരാശരി എടുത്താല്‍ അത് ഏതാണ്ട് 3 ശതമാനത്തിനടുത്ത് വരും. കേരളത്തിന്റെ മൂലധനച്ചെലവ് മറ്റു സംസ്ഥാനങ്ങളുടെ പകുതിയില്‍ താഴെയാണ്. മേല്‍പ്പറഞ്ഞത് ഈ ഒരു വര്‍ഷത്തെ മാത്രം കണക്കാണ്. കഴിഞ്ഞ 50 വര്‍ഷമായിട്ട് കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണ്. ഇതാണ് പശ്ചാത്തല സൗകര്യ മേഖലയിലെ പിന്നാക്കാവസ്ഥയ്ക്ക് കാരണം.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കേരളത്തിലെ ബജറ്റുകളിൽ മുൻതൂക്കം. ഇതിന്റെ സദ്ഫലങ്ങളും കേരളത്തിനുണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ഉയർന്ന ജീവിത ഗുണമേന്മ, കേരളത്തിലെ സാധാരണക്കാർക്ക് എത്രയോ തലമുറയായി ഉറപ്പുവരുത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഗുണഭോക്താക്കളായ പുതിയ തലമുറയുടെ പ്രതീക്ഷകൾക്കനുസൃതമായ തൊഴിലുകൾ സൃഷ്ടിക്കാൻ നമുക്കാവുന്നില്ല എന്നതാണ് ഇന്നത്തെ വികസന വെല്ലുവിളി. ഇതിനെ മറികടക്കുവാൻ പശ്ചാത്തല സൗകര്യ നിർമ്മാണം സുപ്രധാന ഘടകമാണ്.
വി ഡി സതീശന്റെ മുന്‍ഗാമി എ കെ ആന്റണി ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ വൈതരണി കടക്കാൻ ശ്രമിച്ചത് ക്ഷേമ പ്രവർത്തനങ്ങളും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുകൊണ്ടാണ്. അന്ന് അത് നടന്നില്ല. ഇന്നും നടക്കില്ല.
ഇനി ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഈയൊരു നയം നടപ്പാക്കി എന്നിരിക്കട്ടെ. 1.3 ശതമാനം എന്ന മൂലധനച്ചെലവിന്റെ തോത് മറ്റു സംസ്ഥാനങ്ങളെ പോലെ 2.6-3 ശതമാനമായി ഉയർത്താൻ കഴിഞ്ഞൂവെന്നും കരുതുക. എന്നാലും കാല്‍നൂറ്റാണ്ടിലേറെ എടുക്കും 50 കൊല്ലക്കാലത്തെ വിടവ് നികത്താനും നമ്മുടെ പശ്ചാത്തലമേഖലയിലെ പിന്നാക്കാവസ്ഥ മറികടക്കാനും. അപ്പോഴേക്കും ലോകവും ഇന്ത്യയും എത്രയോ മാറിക്കഴിഞ്ഞിരിക്കും! അതുകൊണ്ട് എന്നെങ്കിലും നിക്ഷേപം ഉണ്ടായാല്‍ പോരാ. ഇന്നു തന്നെ ഉണ്ടാവണം.
അതിന് ഒറ്റമാര്‍ഗമേയുള്ളൂ: ബജറ്റിനുപുറത്ത് വായ്പയെടുത്തു നിക്ഷേപം നടത്തുക. ഇത് നേരിട്ട് ചെയ്യുവാൻ സർക്കാരിന് കഴിയില്ല. എന്നാൽ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളും, വികസന കോർപറേഷനുകളും വായ്പ എടുത്ത് നിക്ഷേപം നടത്തുന്നില്ലേ ? ഇത്തരത്തിൽ വലിയതോതിൽ പണം സമാഹരിച്ച് പശ്ചാത്തല സൗകര്യ നിർമ്മാണങ്ങൾക്ക് ആവശ്യമായ പണം ലഭ്യമാക്കുക എന്ന ലക്ഷ്യംവെച്ചാണ് കിഫ്ബിയെ 2016-ല്‍ പുനഃസംഘടിപ്പിച്ചത്.
കിഫ്ബിയുടെ ബിസിനസ് മാതൃക ലളിതമാണ്. നിയമപ്രകാരം സർക്കാർ എല്ലാവർഷവും നികുതിയുടെ ഒരു ഭാഗം ഗ്രാന്റ് ആയി കിഫ്ബിയ്ക്ക് നൽകും. ഇപ്രകാരം സുനിശ്ചിതമായി ലഭിക്കുന്ന ഭാവി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കമ്പോളത്തിൽനിന്ന് വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങൾ നിർമ്മിക്കാൻ ബന്ധപ്പെട്ട ഏജൻസി ധനസഹായം നൽകും. സർക്കാർ ഡിപ്പാർട്ട്മെന്റുകൾക്കല്ല ഇങ്ങനെകൾക്ക് ധനസഹായം നൽകുക. അങ്ങനെ ചെയ്താൽ അത് സർക്കാർ നേരിട്ട് വായ്പ എടുക്കുന്നതിന് തുല്യമാകും. സർക്കാർ ഡിപ്പാർട്ട്മെന്റുകൾ സ്പോൺസർ ചെയ്യുന്ന പൊതുമേഖല നിർമ്മാണ സ്ഥാപനങ്ങൾക്കാണ് കിഫ്ബിയിൽ നിന്നുള്ള പണം ലഭ്യമാക്കുക.
സാധാരണഗതിയിൽ ബജറ്റിലെ വകയിരുത്തലിനെ മാത്രം ആശ്രയിക്കുകയാണെങ്കിൽ 20 – 25 വർഷം കാത്തിരിക്കേണ്ടി വരുമായിരുന്ന വികസന പദ്ധതികൾ ഇന്നുതന്നെ പൂർത്തീകരിക്കാൻ ഇതിന്റെ ഫലമായി സംസ്ഥാനത്തിന് സാധിച്ചു. തന്മൂലം രാജ്യത്ത് ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന നിക്ഷേപ സാധ്യതകളെ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിപ്പിക്കാൻ കിഫ്ബി വഴിയുള്ള ഈ ഇടപെടൽ അനിവാര്യമാണ്. l



