കേന്ദ്ര സർക്കാരും കേരളമടക്കമുള്ള സംസ്ഥാന സർക്കാരുകളും ആന്വിറ്റി മോഡലിൽ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കാറുണ്ട്. 2019 അവസാനത്തിൽ കേന്ദ്ര സർക്കാരിന് ഇത്തരത്തിൽ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയ്ക്കുള്ള 93 പദ്ധതികൾ ഉണ്ടായിരുന്നു. എല്ലാ സംസ്ഥാന സർക്കാരുകൾക്കും കൂടി പതിനായിരത്തിൽപ്പരം കോടി രൂപയുടെ ഇത്തരം പദ്ധതികൾ ഉണ്ടായിരുന്നു. കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഇത് ചെയ്തിട്ടുണ്ട്.
റോഡ്, പാലം, സ്റ്റേഡിയം എന്നിവ പോലുള്ള നിർമ്മാണ പ്രവൃത്തികൾ ടെണ്ടർ ചെയ്യുമ്പോൾ തന്നെ പതിനഞ്ചോ ഇരുപതോ വർഷങ്ങൾകൊണ്ട് പൂർണ തുക നൽകി തീർക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കും. കരാറുകാർ വായ്പ എടുത്ത് പണിതു കൊള്ളണം. ഈ വായ്പയുടെ പലിശ കൂടി കണക്കാക്കിയിട്ടാണ് കരാറുകാർ ടെണ്ടറിൽ തുക ക്വാട്ട് ചെയ്യുക. ഇവിടെ പൂർണ ബാധ്യത സർക്കാരിന്റേതാണ്. ഗഡുക്കളായേ കൊടുത്ത് തീർക്കൂവെന്നു മാത്രം.
കരാറുകാരൻ എത്ര ശതമാനം പലിശയാണ് ഇത്തരത്തിൽ എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിക്കുന്നതെന്ന് 2016 – ൽ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് കണക്കുകൂട്ടുകയുണ്ടായി. അന്ന് നിലവിലുണ്ടായിരുന്ന എല്ലാ ആന്വിറ്റി പ്രൊജക്ടുകളും വിശകലനത്തിന് പരിഗണിച്ചു. ഞെട്ടിപ്പിക്കുന്ന ഒരു വസ്തുതയാണ് ഇത് വെളിപ്പെടുത്തിയത്. 12-18 ശതമാനമാണ് ഈ ടെണ്ടറുകളിലെ ഇംപ്ലിസിറ്റ് പലിശനിരക്ക്.
ഇതിനു കാരണം വ്യക്തമാണ്. നൂറ് കണക്കിന് കോടി രൂപ വായ്പയെടുത്ത് നിർമ്മാണങ്ങൾ നടത്തുവാൻ ധനശേഷിയുള്ള കോൺട്രാക്ടർമാർ വിരളമാണ്. അതുകൊണ്ട് വളരെ കുറച്ചുപേർ മാത്രമേ ടെണ്ടറിൽ പങ്കെടുക്കാറുള്ളു. അവർ പലപ്പോഴും ഒത്തുകളിക്കും. ഇതിന്റെ ഫലമായി ടെണ്ടറിലെ എസ്റ്റിമേറ്റ് തുക ക്രമാതീതമായി ഉയരും. കിഫ്‌ബി നേരിട്ട് വായ്പയെടുത്ത് കരാറുകാർക്ക് നൽകുകയാണെങ്കിൽ 8 – 10% പലിശയ്ക്ക് ലഭ്യമാക്കുവാനാവും.
ആന്വിറ്റി മാതൃകയിൽ പലിശ നൽകുന്നതിന് മുഖ്യമന്ത്രി വി ഡി സതീശന് ഒരു വൈമനസ്യവും ഇല്ല. പ്രതിഷേധവും ഇല്ല; പക്ഷേ, കിഫ്ബിയുടെ പലിശനിരക്ക് സർക്കാർ എടുക്കുന്ന വായ്പയുടെ പലിശ നിരക്കിനേക്കാൾ ഉയർന്നതാണ് എന്നതിൽ വലിയ ആക്ഷേപമാണ്. വളരെ വിചിത്രമായ ഇഷ്ടാനിഷ്ടങ്ങൾ തന്നെ.
ആന്വിറ്റി പ്രൊജക്ടുകൾ കരാറുകാരിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർമ്മാണ പ്രവൃത്തിക്കുവേണ്ടി ഫലത്തിൽ വായ്പയെടുക്കുകയല്ലേ ചെയ്യുന്നത്. എന്നാൽ ഈ പദ്ധതികളിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് സി&എജി ഇതുവരെ വിമർശനം ഉന്നയിച്ചിട്ടുണ്ടോ? ഏതെങ്കിലും ആന്വിറ്റി പ്രൊജക്ട് സർക്കാരിന്റെ വായ്പയായി ഇതുവരെ കണക്കാക്കിയിട്ടുണ്ടോ?
കിഫ്ബി ഒരു ആന്വിറ്റി മാതൃകയാണ്. ഓരോ പ്രൊജക്ടും നേരിട്ടു കരാറുകാരനു ടെണ്ടർ വിളിച്ചു നൽകുന്നതിനു പകരം കമ്പോളത്തിൽ നിന്നും പണം സമാഹരിച്ചു പ്രൊജക്ട് നടപ്പാക്കാൻ കിഫ്ബിയെ അധികാരപ്പെടുത്തുന്നു. ഇതിന്റെ ചെലവിലേക്കു വർഷംതോറും മുൻകൂട്ടി നിശ്ചയിച്ച ഒരു ആന്വിറ്റി ഗ്രാന്റ് നൽകുന്നു. l



