ഭരണഘടനയുടെ അനുച്ഛേദം 293 പ്രകാരം സംസ്ഥാന സർക്കാരിന് കടബാധ്യത ഉണ്ടെങ്കിൽ കമ്പോളത്തിൽ നിന്ന് വായ്പയെടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുവാദം വേണം. കിഫ്ബി ഈ വകുപ്പ് ലംഘിക്കുന്നു എന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് വി ഡി സതീശന്റെ അവകാശവാദം. പക്ഷേ, കിഫ്ബി നിയമം നിയമസഭ പാസാക്കിയത് ഏകകണ്ഠമായിട്ടാണ്, വി ഡി സതീശനും അന്ന് അതിനനുകൂലമായി കൈപൊക്കി.
സംസ്ഥാന സർക്കാരിനാണ് ഭരണഘടനയുടെ അനുച്ഛേദം 293 ബാധകമാവുക. സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളോ വികസന കോർപ്പറേഷനുകളോ വായ്പ എടുക്കുന്നതിന് ഇത് ബാധകമല്ല. അവരാരും ഇന്നേവരെ വായ്പ എടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുവാദം വാങ്ങിയിട്ടുമില്ല. അപ്പോൾ വി ഡി സതീശന്റെ വാദം മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു വ്യത്യസ്തമായി കിഫ്ബിയെ സർക്കാരിന്റെ ഭാഗമായി കാണണം എന്നുള്ളതാണ്. കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ലാത്തതുകൊണ്ട് കിഫ്ബിയുടെ ബാധ്യത മുഴുവൻ ആത്യന്തികമായി സർക്കാരിന്റെ ചുമലിലാണ് എന്നതാണ്.
ഇത് ശരിയല്ല. കിഫ്ബിക്കും തനതായ വരുമാന മാർഗമുണ്ട്. ഇപ്പോൾതന്നെ 25% പ്രൊജക്ടുകളും വരുമാനദായക പ്രൊജക്ടുകളാണ്. ആ പ്രൊജക്ടുകൾ പലിശയും മുതലും കിഫ്ബിയ്ക്ക് തിരിച്ചുനൽകണം. ഇനി 25% തനതുവരുമാനം തീരെ കുറവാണ് എന്നാണ് പരാതിയെങ്കിൽ അതുഉയർത്താൻ ആവശ്യമായ പരിപാടി നടപ്പാക്കിയാൽ പോരേ?
അടുത്തത്, സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രത്തിന്റെയും കമ്പോള വായ്പകൾ ജിഡിപിയുടെ 3% ആയി ധന ഉത്തരവാദിത്ത നിയമം നിജപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. കിഫ്ബിയുടെ വായ്പകൂടി കണക്കിലെടുക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ വായ്പ ഓരോ വർഷവും 4% വരെ ഉയരും എന്നതാണ്.
ഈ വാദത്തിനും പ്രസക്തിയുണ്ടാവണമെങ്കിൽ കിഫ്ബി സംസ്ഥാന സർക്കാരിന്റെ ഭാഗമായി നിർവചിക്കപ്പെടണം. അങ്ങനെയല്ലല്ലോ കാര്യങ്ങൾ കിടക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്റെ തന്നെ ഒരു പ്രധാന വിമർശനം “കിഫ്ബി ഒരു സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിക്കുന്നു” എന്നതാണല്ലോ.
കുറച്ചുനാൾ മുൻപ് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനോടും റോഡ് ഗതാഗത വകുപ്പ് മന്ത്രി നിഥിൻ ഗഡ്കരിയോടും നിഷ്കളങ്കമായ ഒരു ചോദ്യം ചോദിച്ചു. 2019-20-ലും 2020–21-ലും കേന്ദ്ര സർക്കാർ വായ്പയെടുത്ത തുകയെത്ര? എത്ര തുകയാണ് ഓഫ് ബജറ്റ് ബോറോയിംഗായി ബജറ്റിനു പുറത്തുനിന്നു സമാഹരിച്ചത്? അവയെ കേന്ദ്ര സർക്കാരിന്റെ വായ്പാ ബാധ്യതയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ?
കേന്ദ്ര സർക്കാർ ഓഫ് ബജറ്റ് വായ്പയായി 2019-20-ൽ 1.48 ലക്ഷം കോടി രൂപയും 2020-21-ൽ 1.26 ലക്ഷം കോടി രൂപയും വായ്പയെടുത്തു. ബജറ്റ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്കീമുകൾക്ക് ബജറ്റിനു പുറത്തുനിന്നു പ്രത്യേക വായ്പകൾ നിർവഹണ ഏജൻസികൾ വഴി എടുക്കുന്നതിനെയാണ് ഓഫ് ബജറ്റ് അഥവാ എക്സ്ട്രാ ബജറ്ററി വായ്പകൾ എന്നു വിളിക്കുന്നത്. ഈ വർഷങ്ങളിൽ കേന്ദ്രസർക്കാർ എടുത്ത വായ്പകൾ യഥാക്രമം 10 ലക്ഷം കോടി രൂപയും 20 ലക്ഷം കോടി രൂപയുമാണ്. ഈ തുകകളിൽ നേരത്തെ പറഞ്ഞ ഓഫ് ബജറ്റ് വായ്പകൾ ഉൾപ്പെടുന്നില്ലായെന്നു നിർമ്മല സീതാരാമൻ വ്യക്തമാക്കി.
അതുപോലെതന്നെ ദേശീയപാത അതോറിറ്റി (NHAI) കിഫ്ബി ചെയ്യുന്ന അതേ സമ്പ്രദായത്തിൽ 2021 നവംബർ വരെ 3.4 ലക്ഷം കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. അതും സർക്കാർ കടബാധ്യതകളിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം NHAI പാർലമെന്റിന്റെ ആക്ടിനു (1988-ലെ 68–ാമത്) കീഴിൽ ഉണ്ടാക്കിയ സ്വതന്ത്ര സ്ഥാപനമാണ്. അതിന്റെ കടങ്ങൾ NHAI യുടെ കണക്കു ബുക്കുകളിലേ കാണിക്കേണ്ടതുള്ളൂ. ഇത് സംബന്ധിച്ച് സി&എജിക്കും ഒരു പരാതിയുമില്ല. കേന്ദ്ര സർക്കാരിന്റെ വായ്പയിൽ ഇത്രയും തുകകൂടി ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്നുമില്ല. എന്നാൽ, കേരളത്തിൽ കിഫ്ബിയെടുത്ത വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയിൽ ഉൾപ്പെടുത്തണം എന്നാണു കേന്ദ്രത്തിന്റെ ശാഠ്യം; വി ഡി സതീശന്റേയും! l



