Wednesday, November 4, 2026

ad

Homeകവര്‍സ്റ്റോറിമസാല ബോണ്ട് വിവാദം

മസാല ബോണ്ട് വിവാദം

കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നിയമനിർമ്മാണാധികാര മേഖലകൾ ഭരണഘടനയിൽ പ്രത്യേക ഷെഡ്യൂളുകളായി നിർവചിച്ചിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ കേന്ദ്ര സർക്കാരിന്റെ അധികാരങ്ങൾ സംബന്ധിച്ച യൂണിയൻ ലിസ്റ്റിൽ (ലിസ്റ്റ് – 1) 37-ാമത് ഇനമാണ് വിദേശവായ്പ. അതിനാൽ യൂണിയൻ സർക്കാരിനുമാത്രമേ വിദേശവായ്പ സംബന്ധിച്ച് നിയമം നിർമ്മിക്കാൻ അവകാശമുള്ളൂ. സംസ്ഥാനത്തിനില്ല. ഭരണഘടനയുടെ അനുച്ഛേദം 293(1) പ്രകാരം സംസ്ഥാനങ്ങൾക്ക് ഇന്ത്യയ്ക്ക് അകത്തുനിന്ന് മാത്രമേ വായ്പയെടുക്കാനാകൂ.

അനുച്ഛേദം 293(1) ൽ ഉപയോഗിക്കുന്ന പദം ‘സ്റ്റേറ്റ്’ എന്നത് നിർവചിക്കുമ്പോൾ സ്റ്റേറ്റിന്റെ ഉപകരണങ്ങളായ സ്ഥാപനങ്ങളും അതിന്റെ നിർവചനത്തിൽ വരുമെന്നാണ് കിഫ്ബിയുടെ വിമർശകർ വാദിക്കുന്നത്.

കേരള സംസ്ഥാനം നേരിട്ട് വിദേശവായ്പ വാങ്ങിയിട്ടില്ല, വാങ്ങുന്നുമില്ല. എന്നാൽ, അനുച്ഛേദം 293(1) പ്രകാരം സംസ്ഥാന സർക്കാരിനല്ലാതെ വ്യക്തികൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, ബോഡി കോർപ്പറേറ്റുകൾ, കമ്പനികൾ എന്നിവയ്ക്ക് വിദേശവായ്പ വാങ്ങുന്നതിന് തടസ്സമില്ല എന്നതാണ് നമ്മുടെ വാദം.

ഇനി ഇതു സംബന്ധിച്ച് തർക്കം വേണ്ട. കോടതിയിൽതന്നെ ഇത് തീർപ്പായിട്ടുണ്ട്. മസാല ബോണ്ട് സംബന്ധിച്ച നിയമം അതിന്റെ മേൽനോട്ടക്കാരനായി നിശ്ചയിച്ചിട്ടുള്ളത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ ആണ്. RBI ഉണ്ടാക്കിയ മാർഗ്ഗനിർദ്ദേശപ്രകാരം കിഫ്‌ബി പോലുള്ള ബോഡി കോർപ്പറേറ്റുകൾക്ക് മസാല ബോണ്ട് ഇറക്കുവാനുള്ള അവകാശമുണ്ട്. നിയമപ്രകാരമുള്ള എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് ഇതിനുള്ള അപേക്ഷ റിസർവ് ബാങ്കിന് കിഫ്‌ബി നൽകുകയും ഇതിനുള്ള അനുവാദം RBI യിൽ നിന്ന് ലഭിക്കുകയും ചെയ്തിട്ടുള്ളതാണ്.

കിഫ്‌ബി നിയമലംഘനം നടത്തി എന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ കോടതി RBI യെ തെളിവ് നൽകുന്നതിനായി വിളിപ്പിച്ചു. കിഫ്‌ബി മസാല ബോണ്ട് ഇറക്കിയത് നിയമപ്രകാരമാണെന്ന് RBI സുപ്രീം കോടതിയിൽ അഫിഡവിറ്റും നൽകി. എന്നിട്ടും തികച്ചും അടിസ്ഥാനരഹിതമായ ആരോപണം വീണ്ടും വീണ്ടും ചിലർ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.

കിഫ്ബി ബോർഡിൽ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും മസാലബോണ്ട് എടുക്കുന്നതിനെ എതിർത്തില്ലേ, ഇതിനേക്കാൾ താഴ്ന്ന പലിശയ്ക്ക് ആഭ്യന്തരമാർക്കറ്റിൽ വായ്പയെടുക്കാമെന്നുള്ള അവരുടെ വാദം ശരിയല്ലേ എന്നതാണ് അടുത്ത ചോദ്യം. കിഫ്ബി ബോർഡിൽ ഭൂരിപക്ഷം പ്രൊഫഷണലുകളാണ്. അവിടെ സ്വതന്ത്രമായ ചർച്ചകൾ നടന്നു. എന്നാൽ വിശദമായ ചർച്ചകൾക്കുശേഷം മസാലബോണ്ട് ഇറക്കാൻ ബോർഡ് തീരുമാനിച്ചു.

ബോണ്ട് ഇറക്കുന്ന കമ്പനിയുടെ റേറ്റിങ്, ബോണ്ട് ഇറക്കിയ കാലത്തെ മറ്റു പലിശനിരക്കുകൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ട് പലിശനിരക്ക് കൂടുകയും കുറയുകയും ചെയ്യാം. കിഫ്ബി പുതിയ കമ്പനി ആയതിനാൽ പലിശനിരക്ക് സ്വാഭാവികമായും കുറച്ച് ഉയരും. പക്ഷേ, കിഫ്ബിക്ക് കൊടുക്കേണ്ടിവന്ന നിരക്ക് ന്യായമായിരുന്നുവെന്നാണ് താരതമ്യ കണക്കുകൾ കാണിക്കുന്നത്.

അക്കാലത്ത് കേരള സർക്കാർ ആഭ്യന്തര മാർക്കറ്റിൽ നിന്നെടുക്കുന്ന എസ്എൽആർ ബോണ്ടുകൾക്ക് 8.17% ആയിരുന്നു പലിശ. എന്നാൽ, ഒരു വികസന കോർപറേഷനും സർക്കാർ ബോണ്ടുകളുടെ പലിശയ്ക്ക് വായ്പ കിട്ടില്ല. ആന്ധ്രാപ്രദേശ് സർക്കാരിന്റെ അമരാവതി പ്രൊജക്ടിന് ആഭ്യന്തര ബോണ്ടുവഴി ധനം സമാഹരിച്ചതിന്റെ പലിശ നിരക്ക് 10.32 ശതമാനമാണ്. സെൻട്രൽ ബാങ്ക് 10.8 ശതമാനത്തിനും, ഇന്ത്യൻ ഓവർസീസ് ബാങ്ക് 11.7 ശതമാനത്തിനും, സൗത്ത് ഇന്ത്യൻ ബാങ്ക് 11.75 ശതമാനത്തിനുമാണ് ഈ കാലയളവിൽ ആഭ്യന്തരമാർക്കറ്റിൽ നിന്നും മൂലധനം സമാഹരിച്ചത്.

വിദേശമാർക്കറ്റിൽ നിന്ന് 2-–3 ശതമാനം പലിശയ്ക്ക് വായ്പ കിട്ടുമായിരുന്നല്ലോ എന്നതാണ് മറ്റൊരു വാദം. ശരിയാണ്. ഡോളർ ബോണ്ടുകൾക്ക് കിട്ടും. എന്നാൽ മസാലബോണ്ട് റുപ്പി ബോണ്ട് ആണ്. എന്നുവച്ചാൽ, വിദേശവിനിമയ നിരക്കിൽ എത്ര മാറ്റംവന്നാലും രൂപയിൽ തിരിച്ചടവ് നൽകിയാൽ മതി. ഇവിടെ വിനിമയ നിരക്കിലെ മാറ്റത്തിന്റെ റിസ്ക് വായ്പ തന്നവർക്കാണ്. അതുകൊണ്ട് ഡോളർ ബോണ്ടുകളുടെ പലിശനിരക്കുമായി മസാലബോണ്ടിനെ താരതമ്യപ്പെടുത്തരുത്.

എന്തിന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന് പലരും ചോദിക്കാറുണ്ട്! ഇത്ര ബുദ്ധിമുട്ടി മസാല ബോണ്ടിൽ നിന്ന് എന്തിനാണ് പണം സമാഹരിക്കാൻ ഒരുമ്പെട്ടത് എന്നും അവർ ചോദിക്കുന്നു. 2000 കോടിയല്ല ലക്ഷ്യം. ഇപ്പോഴത്തെ സ്ഥിതിവച്ച് ഒരു ലക്ഷം കോടി രൂപയാണ് സമാഹരിക്കേണ്ടത്. ഇത്രയും പണം സമാഹരിക്കുന്നതിന് കിഫ്ബിക്ക് അത്ര ഉയർന്ന വിശ്വാസ്യത നേടണം. ഇത് നേടുന്നതിനുള്ള ചവിട്ടുപടി ആയിരുന്നു വിജയകരമായ മസാലബോണ്ട്. അതോടെ ആഗോള തലത്തിലും ഇന്ത്യൻ മണി മാർക്കറ്റിലും കിഫ്‌ബി ശ്രദ്ധിക്കപ്പെട്ടു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − eight =

Most Popular