Wednesday, November 4, 2026

ad

Homeകവര്‍സ്റ്റോറിസ്വതന്ത്ര 
സാമ്രാജ്യമോ?

സ്വതന്ത്ര 
സാമ്രാജ്യമോ?

കിഫ്ബി സർക്കാരിനു മുകളിൽ പ്രവർത്തിച്ച സ്വതന്ത്ര സാമ്രാജ്യമായിരുന്നുവെന്ന വി ഡി സതീശന്റെ വാദം അടിസ്ഥാനരഹിതമാണ്. നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി പ്രവർത്തിക്കുന്നത്. ഏത് സ്വതന്ത്ര സാമ്രാജ്യത്തെക്കുറിച്ചാണ് സതീശൻ പറയുന്നത്? യാഥാർത്ഥ്യം എന്തെന്ന് നോക്കൂ:

• നിയമസഭയിൽ പ്രഖ്യാപിക്കാത്തതോ, ക്യാബിനറ്റ് തീരുമാനിക്കാത്തതോ ആയ ഒരു പദ്ധതിയും സ്വതന്ത്രമായി ഏറ്റെടുക്കാൻ കിഫ്ബിക്ക് അവകാശമില്ല.

• ഏത് പ്രൊജക്ടും നടപ്പാക്കുന്നത് വിവിധ ഡിപ്പാർട്ട്മെന്റുകൾ രൂപംനൽകുന്ന എസ്.പി.വി കമ്പനികളുടെ മേൽനോട്ടത്തിലാണ്.

• സിഎജി ഓഡിറ്റ് മാത്രമല്ല, കിഫ്ബിയുടെ ഫണ്ട് ഓഡിറ്റ് ചെയ്യുന്ന ഫിഡലിറ്റി ബോർഡിന്റെ റിപ്പോർട്ടും നിയമസഭയിൽ വയ്ക്കണം. സഭയുടെ വിമർശനപരമായ പരിശോധനയ്ക്ക് വിധേയമാക്കാം.

• നിയമസഭാ ചർച്ചകളിലും ഉപക്ഷേപങ്ങളിലും ചോദ്യോത്തരങ്ങളിലും കിഫ്ബിയുടെ പ്രവർത്തനം നിരന്തരമായി പരിശോധിക്കപ്പെട്ടിട്ടുണ്ടെന്ന് രേഖകൾ പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും.

• കിഫ്ബിയുടെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ ധനമന്ത്രിയുമാണ്.

• ആസൂത്രണ ബോർഡ് വൈസ് ചെയർമാനും ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും കിഫ്ബിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

പക്ഷേ, കിഫ്ബിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ധനകാര്യ വകുപ്പിന്റെയോ മറ്റേതെങ്കിലും വകുപ്പിന്റെയോ കീഴിൽ അല്ല. അത് ബോധപൂർവം സ്വീകരിച്ച നിലപാടാണ്. കാരണം, കാര്യക്ഷമത ഉറപ്പുവരുത്താൻ അത്തരത്തിൽ മൊരു സ്വതന്ത്രമായി ഏറ്റവും മികവുറ്റവരുടെ സേവനം ഉറപ്പുവരുത്താൻ കഴിയണം. എന്നാൽ, ഇതുമൂലം കിഫ്ബി സർക്കാരിന് പുറത്തുള്ള, ജനാധിപത്യ ഉത്തരവാദിത്വമൊന്നുമില്ലാത്ത ഒരു സമാന്തര അധികാരകേന്ദ്രമായി തീരുന്നില്ല.

കിഫ്ബിയുടെ സിഇഒയ്ക്ക് എക്സ് ഒഫിഷ്യോ സെക്രട്ടറി പദവി നൽകിയതിനെ പലരും വിമർശിക്കാറുണ്ട്. ഇതൊരു ഭരണനിർവഹണ ക്രമീകരണമാണ്. ആദ്യമായിട്ടല്ല ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തപ്പെടുന്നത്. സി അച്യുതമേനോൻ സർക്കാരിന്റെ കാലം മുതൽ തന്നെ ഈ സമ്പ്രദായത്തിനു പഴക്കമുണ്ട്. ആദ്യത്തെ സയൻസ് ആൻഡ് ടെക്നോളജി കൗൺസിൽ ചെയർമാനായ ഡോ. എം എസ് വല്യത്താൻ എക്സ് ഒഫിഷ്യോ സെക്രട്ടറി കൂടിയായിരുന്നു. ഡോ. പി കെ ഗോപാലകൃഷ്ണനും ഈ പദവി നൽകിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു പൊതുതാല്പര്യ ഹർജി ഹൈക്കോടതിയിൽ ഒരാൾ സമർപ്പിച്ചതാണ്. വിജ്ഞാന കേരളത്തിന്റെ ഉപദേശകനായി ഡോ. ടി.എം. തോമസ് ഐസക്കിനെ നിയമിച്ചത് എക്സ് ഒഫിഷ്യോ സെക്രട്ടറിയായാണെന്നും അതുകൊണ്ട് നിയമനം ക്രമരഹിതമാണ് എന്നുമായിരുന്നു വാദം. കോടതി ഹർജിക്കാരനെ കണ്ടംവഴി ഓടിച്ചു.

പണകമ്പോളത്തിലെ ചിട്ടകൾക്കനുസരിച്ച് മറ്റു വാണിജ്യ സ്ഥാപനങ്ങളെപ്പോലെ ചടുലമായ തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്താലേ കിഫ്ബിയെപ്പോലൊരു ഏജൻസിക്ക് കാര്യക്ഷമമായി പ്രവർത്തിക്കാനാകൂ. കിഫ്ബിയുടെ ഓരോ തീരുമാനവും ഫയലുകളായി സെക്രട്ടേറിയറ്റിലെ അധികാരശ്രേണിയുടെ പരിശോധനയ്ക്ക് വിധേയമാക്കി ചുവപ്പുനാടകളിൽ കുരുക്കാനാകില്ല. ഈ പരമ്പരാഗത ഭരണരീതിയാണ് വേണ്ടതെന്നു ചിന്തിക്കുന്ന പല ഉദ്യോഗസ്ഥരുമുണ്ട്. അത്തരമൊരു ബ്യൂറോക്രാറ്റിക് ശൈലിയല്ല, കമ്പോള ധനകാര്യ സ്ഥാപനത്തിന്റെ ശൈലിയാണ് കിഫ്ബിക്ക് വേണ്ടത്.

കിഫ്ബി അത്തരത്തിൽ ഏറ്റവും മികവുറ്റ സ്ഥാപനമാണെന്ന് റേറ്റിംഗ് ഏജൻസികൾ മാത്രമല്ല ഫിനാൻസ് മാർക്കറ്റും അംഗീകരിച്ചിട്ടുള്ളതാണ്. ഒറ്റക്കാര്യം ആലോചിച്ചാൽ മതി. ഒരുലക്ഷം കോടി രൂപ വായ്പയെടുക്കാൻ പ്രാപ്തിയുള്ള ഒരു പൊതുമേഖലാ ധനകാര്യ സ്ഥാപനം കേരളത്തിന്റെ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളുടെയും ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ?

ഏറ്റവും വിചിത്രമായ വിമർശനങ്ങളിലൊന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിന്റെ ഭാഗത്തുനിന്നുണ്ടായതാണ്. പൊതുമരാമത്തിലെ നല്ല ഉദ്യോഗസ്ഥരെയെല്ലാം കിഫ്ബി കൊണ്ടുപോയത്രേ! കിഫ്ബിയിലെ ഉദ്യോഗസ്ഥരിൽ നല്ലൊരുഭാഗം വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ആയിരുന്നുവെന്നത് വാസ്തവം. പൊതുമരാമത്ത് വകുപ്പിൽനിന്നുള്ള എഞ്ചിനീയർമാരും കിഫ്ബിയിലുണ്ട്. പക്ഷേ, അവരുടെ എണ്ണം ചെറുതാണ്.

പൊതുമരാമത്തുമായി ബന്ധപ്പെട്ട കിഫ്ബിയുടെ പ്രൊജക്ടുകളെല്ലാം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ, കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ് ഫണ്ട് ബോർഡ് തുടങ്ങിയ ഡിപ്പാർട്ട്മെന്റിന്റെ പൊതുമേഖലാ ഏജൻസികളുടെ മേൽനോട്ടത്തിലാണ് നടത്തപ്പെടുന്നത്. സാധാരണഗതിയിലുള്ള, പൊതുമരാമത്ത് വകുപ്പിന്റെ ബജറ്റ് തുകയേക്കാൾ വളരെ കൂടുതൽ തുകയാണ് ഈ ഏജൻസികൾക്ക് കിഫ്ബി വഴി ലഭിക്കുന്നത്. അതുകൊണ്ട് ഡിപ്പാർട്ട്മെന്റിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെ അവരുടെതന്നെ പൊതുമേഖലാ ഏജൻസികളിൽ നിയോഗിക്കാൻ ഡിപ്പാർട്ട്മെന്റ് നിർബന്ധിതമായി. ഇതിനെയാണ് തങ്ങളുടെ ഉദ്യോഗസ്ഥരെ കിഫ്ബി കൊണ്ടുപോയിയെന്ന വിമർശനമാക്കി മന്ത്രി മാറ്റിയത്. മന്ത്രിയുടെ ഈ വിമർശനം യഥാർത്ഥത്തിൽ സ്വതന്ത്ര സാമ്രാജ്യവാദത്തിന് എതിരായ മറുപടിയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 + 20 =

Most Popular