കൊച്ചി വിമാനത്താവളം, വിഴിഞ്ഞം ഹാർബർ, കൊച്ചി മെട്രോ, ടെക്നോപാർക്ക് തുടങ്ങിയ പ്രൊജക്ടുകളെല്ലാം കേരള വികസന ചരിത്രത്തിലെ അഭിമാന സ്തംഭങ്ങളാണ്. അവ കിഫ്ബിക്ക് മുൻപ് രൂപംകൊണ്ടവയുമാണ്. ഇനിയും ഇതുപോലുള്ള വമ്പൻ വികസന പദ്ധതികൾ പ്രത്യേക കമ്പനികൾ രൂപീകരിച്ച് നടപ്പാക്കുന്നത് തുടരുകയും ചെയ്യും. അപ്പോൾ പിന്നെ കിഫ്ബിയുടെ പ്രസക്തി എന്ത്? ഇതാണ് ചോദ്യം.
ഭാവിയിൽ നേരിട്ട് വരുമാനവും ലാഭവും ഉറപ്പുവരുത്തുന്ന വരുമാനദായക പ്രൊജക്ടുകൾ ഇങ്ങനെ പ്രത്യേക കമ്പനികൾ രൂപീകരിച്ചു നടപ്പിലാക്കുവാനാകും. പക്ഷേ, അവയിൽ നമ്മുടെ റോഡുകളും പാലങ്ങളും ആശുപത്രികളും സ്കൂളുകളും കോളേജുകളും കുടിവെള്ള പദ്ധതികളും മലയോര , തീരദേശ ഹൈവേകളും സാംസ്കാരിക കേന്ദ്രങ്ങളും ഒന്നും ഉൾപ്പെടില്ല. കാരണം ഇവയൊന്നും വരുമാനദായക പ്രൊജക്ടുകളല്ല. അതുകൊണ്ട് സാധാരണഗതിയിൽ സ്വകാര്യ നിക്ഷേപകർക്ക് താൽപര്യവും ഉണ്ടാവില്ല. ഈ പ്രശ്നത്തെ കൃത്യമായി അഭിസംബോധന ചെയ്യുന്നു എന്നതാണ് കിഫ്ബി കേരള വികസനത്തിൽ വരുത്തിയ സുപ്രധാന മാറ്റം.
പലപ്പോഴും ഇത്തരം കമ്പനികൾക്ക് മാർക്കറ്റിൽ നിന്ന് നേരിട്ട് വായ്പ എടുക്കുന്നതിനേക്കാൾ ചെലവുകുറഞ്ഞ് കിഫ്ബിയിൽനിന്ന് വായ്പ കിട്ടുന്ന സ്ഥിതിയുണ്ട്. ഉദാഹരണത്തിന് ഇലക്ട്രിസിറ്റി ബോർഡ് ട്രാൻസ് ഗ്രിഡ് 2.0നു വായ്പയെടുത്തിട്ടുള്ളത് കിഫ്ബിയിൽ നിന്നാണ്. ഇതിനുപുറമേ പല വൻകിട വ്യവസായ വികസന പ്രൊജക്ടുകൾക്കുള്ള ഭൂമി ഏറ്റെടുത്തു കൊടുക്കുന്നതിനും പണം മുടക്കുന്നതിന് കിഫ്ബി ഫലപ്രദമായ ഏജൻസി ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ മൂന്ന് സ്മാർട്ട് സിറ്റികൾക്കായി ഭൂമി ഏറ്റെടുത്തു കൊടുക്കാൻ യുഡിഎഫ് സർക്കാരിനു കഴിഞ്ഞത് എങ്ങനെയാണ്?
സ്വതന്ത്രവും നീതിപൂർവ്വവുമായ വ്യാവസായിക നിലവാരങ്ങൾ അനിവാര്യമായ കെ-ഫോൺ ഉൾപ്പടെയുള്ള പല മേഖലകളിലും സംസ്ഥാനത്തിന്റെ താൽപര്യം ഉയർത്തിപ്പിടിച്ച് നിക്ഷേപം നടത്താനും കിഫ്ബിക്കു കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തല സൗകര്യ നിർമ്മിതിയിൽ സ്വകാര്യ നിക്ഷേപം വരിക പൊടുന്നനെയുള്ള ലാഭ സാധ്യത മാത്രം നോക്കിയാണ്. അവർ സംസ്ഥാനത്തിന്റെ ദീർഘകാല സാമൂഹ്യ ലക്ഷ്യങ്ങൾ അത്ര വിലമതിക്കണമെന്നില്ല. അവിടെയാണ് പൊതുമേഖലയുടെ പ്രസക്തിയും.
ഒരു ഉദാഹരണം പറയാം :
കാര്യവട്ടം സ്റ്റേഡിയം പണിതിരിക്കുന്ന മാതൃക അതിന്റെ ലാഭ സാധ്യത നോക്കിയുള്ള നിക്ഷേപം വഴിയാണ്. അവിടെ അന്തർദേശീയ / ദേശീയ മത്സരങ്ങൾ നടക്കും. വരുമാനമുണ്ടാകും. അതിൽ നിക്ഷേപിച്ച്, നടത്തി, മുതലും ലാഭവും എടുക്കാൻ സ്വകാര്യ മൂലധനം തയ്യാറാകും. ഇങ്ങനെ വയബിലിറ്റി നോക്കാതെ കലവൂർ പ്രീതികുളങ്ങര സ്റ്റേഡിയത്തിനും ചെങ്ങന്നൂർ സ്റ്റേഡിയത്തിനും കൊടുമൺ സ്റ്റേഡിയത്തിനും കിഫ്ബി പണം മുടക്കി എന്നതാണ് യുഡിഎഫിന്റെ ആക്ഷേപം.
അവകൂടി ഉണ്ടാക്കാൻ കഴിയുന്ന മോഡൽ എന്നതാണ് കിഫ്ബിയെ വേറിട്ടതാക്കുന്നത്. പ്രശ്നം കേരളത്തിന്റെ വികസന പ്രശ്നങ്ങളെയും വികസന ഭാവിയെയും സംബന്ധിച്ച വീക്ഷണ വ്യത്യാസമാണ്.
യുഡിഎഫിന്റെ വീക്ഷണത്തിൽ പശ്ചാത്തല സൗകര്യത്തിനുള്ള പണത്തിനുള്ള ഏക സ്രോതസ് കോർപ്പറേറ്റുകളാണ്. അതായത് ഓരോരോ പദ്ധതികൾ സ്വകാര്യ നിക്ഷേപത്തിനായി തുറന്നുവയ്ക്കും. ലാഭം കിട്ടുന്ന പദ്ധതികളിൽ സ്വകാര്യ മൂലധനം വരും. അവർ നടത്തി മുടക്ക് മുതലും പലിശയും ലാഭവും നേടിക്കൊള്ളും. വിഴിഞ്ഞം ഹാർബറിന്റെ കാര്യത്തിലെന്നപോലെ കോർപ്പറേറ്റ് കൊള്ളയ്ക്കുള്ള അവസരമൊരുക്കലാണ് യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. വേണമെങ്കിൽ സ്വകാര്യമേഖലയ്ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് എന്ന പേരിൽ ധനസഹായവും നൽകാം.
അതേസമയം, കിഫ്ബിയിലൂടെ എൽഡിഎഫ് സർക്കാർ ശ്രമിച്ചത് സര്ക്കാരിന്റെ മുൻകൈയിൽ അതിവേഗം പശ്ചാത്തല സൗകര്യ പിന്നാക്കാവസ്ഥ മറികടക്കുവാനാണ്. സാമൂഹ്യ-പശ്ചാത്തല സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിന്റെ ഫലമായി ജനക്ഷേമവും ഉറപ്പുവരുത്തുന്നു. അതോടൊപ്പം പശ്ചാത്തല സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കേരളത്തിന്റെ വ്യവസായ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപത്തെ ആകർഷിക്കുകയും ചെയ്യുന്നു. l



