സർക്കാർ നേരിട്ട് എടുക്കുന്ന വായ്പയ്ക്ക് പലിശ കുറവാണെന്നിരിക്കെ, എന്തിനാണ് കിഫ്ബി വഴി ഉയർന്ന പലിശയ്ക്ക് പുറത്തുനിന്ന് വായ്പയെടുക്കുന്നത് എന്നതാണ് നിരന്തരമായി ഒരുവിഭാഗം ഉയർത്തുന്ന മുറവിളി.
സംസ്ഥാന സർക്കാരുകൾ വിപണിയിൽ നിന്ന് നേരിട്ട് വായ്പയെടുക്കുന്നത് സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണുകൾ (State Development Loans – SDL) വഴിയാണ്. ഇതിന്റെ പലിശനിരക്ക് തീരുമാനിക്കപ്പെടുന്നത് കേന്ദ്ര സർക്കാരിന്റെ കടപ്പത്രങ്ങളുടെ (G-Sec – Government Securities) നിരക്കിനോട് ഒരു ചെറിയ പ്രീമിയം (Spread) കൂട്ടിച്ചേർത്താണ്. രാജ്യത്തിന്റെ പരമാധികാര ഗ്യാരന്റിയുള്ളതിനാൽ G-Sec നിരക്കുകൾ വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ, സംസ്ഥാന സർക്കാരിന്റെ SDL വായ്പകൾക്ക് വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് പലിശ വളരെ കുറവായിരിക്കും (ഏകദേശം 7% മുതൽ 7.5% വരെ).
ബാങ്കുകളിലെ ഡെപ്പോസിറ്റുകളുടെ മൂന്നിലൊന്ന് വിഹിതം സർക്കാരുകളുടെ ബോണ്ടുകളിൽ നിക്ഷേപിക്കണമെന്നതാണ് നിലവിലുണ്ടായിരുന്ന നിയമം. ഇതിനെയാണ് സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR) എന്നു പറയുന്നത്. അതുകൊണ്ട് സംസ്ഥാന സർക്കാർ ബോണ്ടുകളെ SLR ബോണ്ടുകൾ എന്നും വിളിക്കും. സംസ്ഥാന സർക്കാർ നേരിട്ട് എടുക്കുന്ന വായ്പകളുടെ പലിശനിരക്ക് താഴ്ന്നിരിക്കുന്നതിന് ഇതുമൊരു കാരണമാണ്.
എന്നാൽ, എല്ലാ വാണിജ്യ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും, സ്വകാര്യവ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വായ്പ നൽകുമ്പോൾ അവരുടെ പ്രവർത്തനച്ചെലവും അപകടസാധ്യതകളും (Risk premium) കണക്കിലെടുത്ത് വാണിജ്യ നിരക്കിലുള്ള ഉയർന്ന പലിശയാണ് ഈടാക്കുക.
അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാർ നേരിട്ട് കുറഞ്ഞ പലിശയ്ക്ക് SDL വഴി വായ്പയെടുത്താൽ പോരേ എന്ന ചോദ്യം സ്വാഭാവികമാണ്. ഇതിന് ഉത്തരം നേരത്തെ പറഞ്ഞുകഴിഞ്ഞു. ധനഉത്തരവാദിത്ത നിയമപ്രകാരം (FRBM) ഒരു സാമ്പത്തിക വർഷം സംസ്ഥാനത്തിന് എടുക്കാവുന്ന മൊത്തം വായ്പ (Net Borrowing Ceiling – NBC) സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GSDP) വെറും 3 ശതമാനമായി കർശനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലാകട്ടെ, ഇങ്ങനെയെടുക്കുന്ന വായ്പയിൽ നല്ലപങ്കും റവന്യു ചെലവുകൾക്ക് നീക്കിവയ്ക്കേണ്ടിയും വരുന്നു. പശ്ചാത്തലസൗകര്യ നിർമ്മാണത്തിന് ബജറ്റിൽ വേണ്ടത്ര പണമുണ്ടാകാറില്ല. അതുകൊണ്ട് കുറഞ്ഞ പലിശയ്ക്ക് സർക്കാർ നേരിട്ടെടുക്കുന്ന വായ്പകൊണ്ടുള്ള പശ്ചാത്തലസൗകര്യ നിർമ്മിതികൾ മതിയെന്നു തീരുമാനിക്കാം. പക്ഷേ, അതിനേക്കാൾ കൂടുതൽ വായ്പ ബജറ്റിനു പുറത്ത് എടുക്കണമെങ്കിൽ കൂടുതൽ ഉയർന്ന പലിശ നൽകണം. ഏതാണ് അഭികാമ്യം?
ആദ്യത്തെ രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന പശ്ചാത്തലസൗകര്യങ്ങൾ നിർമ്മിക്കാൻ രണ്ടോ മൂന്നോ പതിറ്റാണ്ട് വേണ്ടിവരും. ഇത് മതിയോ? രണ്ടു കാരണങ്ങൾകൊണ്ട് പോരായെന്നാണ് ഉത്തരം.
ആദ്യത്തേത്, രണ്ടു പതിറ്റാണ്ടു കഴിയുമ്പോൾ നമ്മളിൽ എത്രപേർ ജീവിച്ചിരിക്കും? ഇന്നത്തെ തലമുറയ്ക്ക് ഈ നിർമ്മാണ പ്രവൃത്തികളുടെ ഗുണം കിട്ടണമെങ്കിൽ ഇപ്പോൾതന്നെ അവ നിർമ്മിക്കണം. അങ്ങനെ പശ്ചാത്തലസൗകര്യങ്ങൾ സൃഷ്ടിച്ചാൽ വ്യവസായ മേഖലകളിൽ മൂലധന നിക്ഷേപം വർദ്ധിക്കും. തൊഴിലവസരങ്ങൾ കൂടും. സാമ്പത്തിക വളർച്ച അതിവേഗത്തിലാകും.
രണ്ടാമത്തേത്, ഓരോ വർഷം കഴിയുന്തോറും കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന നിർമ്മാണച്ചെലവാണ്. ഓരോ വർഷവും നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റമടക്കം ഏകദേശം 8 മുതൽ 15 ശതമാനം വരെ അധികച്ചെലവാണ് ഉണ്ടാകുന്നത്. കുറഞ്ഞ പലിശയ്ക്ക് കടം കിട്ടാൻ കാത്തിരിക്കുന്നതിനേക്കാൾ വലിയ സാമ്പത്തിക നഷ്ടമാണ് പദ്ധതികൾ വൈകുന്നതിലൂടെ സംസ്ഥാനത്തിന് ഉണ്ടാകുന്നത്.
ഉദാഹരണത്തിന്, ഇന്ന് മലയോര ഹൈവേ നിർമ്മിക്കാൻ 6,000 കോടി രൂപ മതി. പത്തു വർഷം കഴിഞ്ഞാൽ ഒരുപക്ഷേ 15,000 കോടി രൂപ ചെലവാകും. അപ്പോൾ അതുവരെ കാത്തിരിക്കുന്നത് ബുദ്ധിയല്ല. എന്നാൽ ഇന്ന് ഇത്തരമൊരു മലയോര റോഡ് നിർമ്മിക്കാനുള്ള പണം ബജറ്റിൽ മിച്ചമായി ഉണ്ടാവില്ല. അപ്പോൾ പിന്നെ എന്താണ് വഴി? ബജറ്റിനു പുറത്ത് ഏതെങ്കിലും സ്ഥാപനം വഴി വായ്പയെടുത്ത് ഈ റോഡ് നിർമ്മിക്കണം.
കിഫ്ബി വഴി വായ്പയെടുക്കുമ്പോൾ നൽകേണ്ടി വരുന്ന 1 അല്ലെങ്കിൽ 1.5 ശതമാനം അധിക പലിശയേക്കാൾ എത്രയോ വലുതാണ് കാലതാമസം ഒഴിവാക്കുന്നതിലൂടെയും സമയബന്ധിതമായി ആസ്തി സൃഷ്ടിക്കുന്നതിലൂടെയും സംസ്ഥാനത്തിന് ലഭിക്കുന്ന ലാഭം. l



