കിഫ്ബിയിലെ ഇന്നത്തെ പ്രതിസന്ധിക്ക് അടിസ്ഥാനകാരണം ഇന്നത്തെ പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ചന്ദ്രശേഖർ 2014-ൽ തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്ന് വ്യതിചലിച്ചതാണെന്നാണ് സുധാപിള്ള കമ്മിറ്റി പറയുന്നത്. ഇത്തരമൊരു റിപ്പോർട്ടിനെക്കുറിച്ച് ഇപ്പോഴാണ് നാം അറിയുന്നത്. ഏതായാലും ഉമ്മൻ ചാണ്ടി കൂടി അംഗമായിരുന്ന നിയമസഭയിലാണ് കിഫ്ബി നിയമഭേദഗതി അവതരിപ്പിച്ച് പാസാക്കിയത്. അദ്ദേഹം അത്തരമൊരു വിമർശനം ഒരു ഘട്ടത്തിലും ഉന്നയിച്ചില്ല.
1999-ൽ ഇ കെ നായനാർ സർക്കാറിന്റെ കാലത്താണല്ലോ കിഫ്ബി രൂപീകൃതമായത്. നായനാർ സർക്കാരിന്റെ കാലത്തും തുടർന്നുവന്ന യുഡിഎഫിന്റെ കാലത്തും കിഫ്ബി വഴി വായ്പ എടുത്തിട്ടുണ്ട്. പക്ഷേ, ഈ വായ്പാ പണം ട്രഷറിയിലാണ് നിക്ഷേപിച്ചിരുന്നത്. ഫലമോ? സർക്കാരിന്റെ ദൈനംദിന ചെലവിനുവേണ്ടി അത് ഉപയോഗിച്ചു തീർത്തു. എന്നു മാത്രമല്ല, വായ്പയുടെ തിരിച്ചടവും മുടങ്ങി. കൂട്ടത്തിൽ പറയട്ടെ, 12 ശതമാനം പലിശയ്ക്കാണ് കിഫ്ബി വായ്പ എടുത്തത്. പിന്നീട് കുറേനാൾ ആരും കിഫ്ബിയെക്കുറിച്ച് ചിന്തിച്ചുപോലുമില്ല.
വിഎസ് സർക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ടി.എം. തോമസ് ഐസക് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി:
“യാഥാസ്ഥിതിക ധനനയം മുറുകെപ്പിടിക്കുന്ന കേന്ദ്ര സർക്കാരിന്റെ പിടിവാശി മറികടക്കാൻ ഒരു ബദൽ സമീപനത്തിനു രൂപംനൽകിയേ തീരൂ. സംസ്ഥാന സർക്കാർ നേരിട്ടല്ലാതെ സർക്കാർ നിയന്ത്രണത്തിലുള്ള സ്വതന്ത്രമായ ബോർഡുകളോ കമ്പനികളോ വഴി വായ്പയെടുത്ത് റോഡ് പുനരുദ്ധാരണം നടത്തണം. റോഡ് ഫണ്ട് ബോർഡിനും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനുമായിരിക്കും ചുമതല. ഇതിനായി മോട്ടോർ വാഹന നികുതിയുടെ ആദ്യത്തെ 3 – 6 മാസത്തെ വരുമാനം എസ്ക്രൂ അക്കൗണ്ടായി ഈ രണ്ട് സ്ഥാപനങ്ങൾക്ക് നൽകും എന്ന് നിയമനിർമ്മാണം വഴി ഉറപ്പാക്കണം.”
തുടർന്നുവന്ന യുഡിഎഫ് സർക്കാർ ഈ നിർദ്ദേശത്തെ പരിഹസിച്ചു തള്ളിക്കളഞ്ഞു. ഈ സന്ദർഭത്തിലായിരിക്കണം ചന്ദ്രശേഖറിനെ റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത്. ഏതായാലും ചന്ദ്രശേഖറിന്റെ റിപ്പോർട്ട് ഉമ്മൻ ചാണ്ടി സ്വീകരിച്ചില്ല. തന്റെ അവസാന ബജറ്റിൽ ഉമ്മൻ ചാണ്ടി ഇങ്ങനെയാണ് പ്രഖ്യാപിച്ചത്: “കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്ക് 30,000 കോടി രൂപയുടെ മൂലധന നിക്ഷേപം സമാഹരിക്കുന്നതിനായി Kerala Infrastructural Investment Fund Board നെ സജ്ജമാക്കുന്നതാണ്.”
ഉമ്മൻ ചാണ്ടി വിഭവസമാഹരണത്തിന് കിഫ്ബിയെ പുനരുജ്ജീവിപ്പിക്കാനാണല്ലോ തീരുമാനിച്ചത്. അതുകൊണ്ട് 2016-ലെ എൽഡിഎഫ് സർക്കാർ ബജറ്റിൽ കിഫ്ബി പുനഃസംഘാടനം തന്നെയാണ് പ്രഖ്യാപിച്ചത്. അതുവഴി ഭരണ-പ്രതിപക്ഷ കക്ഷികളുടെ അഭിപ്രായ സമന്വയം കിഫ്ബി സംബന്ധിച്ച് ഉണ്ടാക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ.
എന്താണ് ചന്ദ്രശേഖർ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ? ചന്ദ്രശേഖറിന്റെ അഭിപ്രായത്തിൽ സ്വകാര്യ മൂലധന സ്വരൂപണത്തിനുവേണ്ടി സെബി അംഗീകൃതമായ ഇൻവിറ്റ് പോലുള്ള സ്കീമുകളിൽ ഒന്നായി കിഫ്ബിയെ മാറ്റണം. അതിന്റെ അടിസ്ഥാനത്തിൽ നിർദ്ദിഷ്ട പ്രോജക്ടുകൾ മൂലധന നിക്ഷേപത്തിനുവേണ്ടി സെബിയിൽ ലിസ്റ്റ് ചെയ്യും. സ്വകാര്യ നിക്ഷേപകർക്ക് നിക്ഷേപം നടത്താം. അവ ലാഭകരമാക്കാൻ വേണ്ടി സർക്കാർ നിക്ഷേപ പങ്കാളിയാകും. ധനസഹായവും നൽകും. പിന്നീട് പ്രോജക്ട് ലാഭകരമാവുമ്പോൾ അത് പൂർണമായും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്ത് സർക്കാരിന് പിൻവാങ്ങാം. അങ്ങനെ സർക്കാർ ഓഹരി വിറ്റുകിട്ടുന്ന പണംകൊണ്ട് പുതിയ പ്രോജക്ട് ഉണ്ടാക്കാം.
ഇനി, ഇത്തരമൊരു ചന്ദ്രശേഖർ റിപ്പോർട്ട് അന്നു വായിച്ചിരുന്നെങ്കിലും ഇടതുപക്ഷം അത് സ്വീകരിക്കുമായിരുന്നില്ല. കാരണം, അത് ഇടതുപക്ഷത്തിന്റെ നിലപാടിനെതിരാണ്. സ്വകാര്യ മേഖലയിലെ നിക്ഷേപം സ്വാഗതാർഹമാണെങ്കിലും പശ്ചാത്തല മേഖലയാകെ അവർക്ക് തീറെഴുതാൻ ഇടതുപക്ഷം തയ്യാറല്ല; അവർക്ക് പ്രോജക്ട് ലാഭകരമാക്കാൻവേണ്ടി ഇന്നിപ്പോൾ ബിജെപി ചെയ്യുന്നതുപോലെ സർക്കാർ പണം ഒഴുക്കാനും തയ്യാറല്ല. മാത്രമല്ല, ലാഭകരമല്ലാത്ത നിർമ്മാണ പ്രവൃത്തികളും സർക്കാർ ഏറ്റെടുത്തേ തീരൂ. സ്കൂളുകളുടെയും കോളേജുകളുടെയും ആശുപത്രികളുടെയും സൗകര്യങ്ങൾ നന്നാക്കണം. പുതിയ വിദഗ്ധസമിതി ഇതിനൊക്കെ എതിരാണ്.
അപ്പോൾ ഒരു കാര്യം വ്യക്തമാണ്-. എൽഡിഎഫ് ഒരു വശത്തും, വിദഗ്ധ സമിതിയും വി ഡി സതീശനും മറുവശത്തുമുള്ള ഈ തർക്കം രാഷ്ട്രീയ നിലപാടുകളുടേതാണ്. നെഹ്റൂവിയൻ സോഷ്യലിസ്റ്റ് എന്ന് സ്വയം പറഞ്ഞുനടക്കുന്ന വി ഡി സതീശൻ പരിപൂർണ്ണമായും നിയോലിബറൽ വക്താവാണ്. കിഫ്ബിയെ അതിനനുസരിച്ച് രൂപാന്തരപ്പെടുത്താനാണ് ശ്രമിക്കുന്നത്. l



