Wednesday, November 4, 2026

ad

Homeകവര്‍സ്റ്റോറികിഫ്ബിയുടേത് 
കടഭാര വികസനമോ?

കിഫ്ബിയുടേത് 
കടഭാര വികസനമോ?

തീർച്ചയായിട്ടും കടബാധ്യതയുണ്ട്. പക്ഷേ, തത്തുല്യമായ ആസ്തികളും സൃഷ്ടിക്കപ്പെട്ടിട്ടില്ലേ? 2016-ലെ കിഫ്ബി നിയമഭേദഗതിയിൽ വരുത്തിയ സുപ്രധാനമായ മാറ്റം ഇതാണ്: കിഫ്ബി വായ്പയെടുക്കുന്ന പണം സർക്കാരിന്റെ ദൈനംദിന ചെലവിന് ഉപയോഗിക്കുകയില്ലായെന്നും ആസ്തികൾ സൃഷ്ടിക്കുകയേയുള്ളൂവെന്നും ഉറപ്പുവരുത്തി. അതുകൊണ്ട് കിഫ്ബിയുടെ കടം ജഡഭാരമല്ല.

മുഖ്യമന്ത്രി സതീശന്റെ സിദ്ധാന്തമായ “സർക്കുലേഷൻ ഇക്കോണമിയുടെ” കാഴ്ചപ്പാടിൽ ഇത് സമ്പദ്ഘടനയ്ക്ക് വലിയ ഉത്തേജനമാണ്. കിഫ്ബി നേരിട്ട് മുടക്കുവാൻ തീരുമാനിച്ചിട്ടുള്ള ഒരുലക്ഷം കോടി രൂപയും കിഫ്ബി ഫണ്ട് ലിവറേജ് ചെയ്തിട്ടുള്ള കേന്ദ്ര സർക്കാരിന്റെയും മറ്റ് ഏജൻസികളുടെയും ഒരുലക്ഷം കോടി രൂപയിലധികം വരുന്ന നിക്ഷേപവും കൂടി ചേർക്കുമ്പോൾ രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് നടന്നുവരുന്നത്. ഇത് സൃഷ്ടിക്കുന്ന സാമ്പത്തിക അനുരണനങ്ങൾ വളരെ വലുതാണ്.

തീർന്നില്ല, ഈ പശ്ചാത്തലസൗകര്യ പുരോഗതി സ്വകാര്യ വ്യവസായ നിക്ഷേപത്തെ ആകർഷിക്കും. ഇതുകൂടി ചേരുമ്പോൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗം ഗണ്യമായി വർദ്ധിക്കുകയാണ് ചെയ്യുക. ഈയൊരു നിർണായക ഘട്ടത്തിലാണ് കിഫ്ബിയുടെ പാലംവലിക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിക്കുന്നത്. ഇത് കേരളത്തിന് അപരിഹാര്യമായ നഷ്ടംവരുത്തും.

“വായ്പ തിരിച്ചടയ്ക്കാൻ സ്വന്തമായി പണം കണ്ടെത്തുമെന്ന ഉറപ്പോടെയാണ് കിഫ്ബി ആരംഭിച്ചതെങ്കിലും വരുമാനം ലഭിക്കുന്ന പദ്ധതികൾക്കായി ചെലവിട്ടത് 21 ശതമാനം മാത്രമാണ്’’ എന്നാണ് മനോരമയുടെ പുതിയ കണ്ടെത്തൽ. ഇതിനുള്ള മറുചോദ്യം ഇതാണ്:

വായ്പ തിരിച്ചടയ്ക്കാൻ കിഫ്ബി സ്വയം പണം കണ്ടെത്തുമെന്ന് ആര് പറഞ്ഞു? സർക്കാർ വർഷംതോറും നൽകുന്ന ഗ്രാന്റ് ചൂണ്ടിക്കാണിച്ചാണ് കിഫ്ബി വായ്പ എടുക്കുക. എത്ര വായ്പ എടുക്കാം? അതിനു പരിധിയുണ്ട്. ഭാവിയിൽ ഓരോ വർഷവും ലഭിക്കുന്ന മോട്ടോർ വാഹന നികുതിയിൽ നിന്നുള്ള ഗ്രാന്റിന്റെ തുകയേക്കാൾ ഒരിക്കലും പ്രൊജക്ടിന്റെ തിരിച്ചടവിനുള്ള വാർഷിക ബാധ്യത അധികരിക്കുവാൻ പാടില്ല. ഇതാണ് കിഫ്ബിയുടെ മോഡൽ.

എന്നാൽ കഴിയുന്നത്ര പ്രൊജക്ടുകളിൽ വരുമാനം ഉറപ്പുവരുത്തുവാനും കിഫ്ബി ശ്രമിക്കാറുണ്ട്. ഇതിൽ പ്രധാനം ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള പ്രൊജക്ടുകളാണ്. ഏറ്റെടുത്ത ഭൂമി നിക്ഷേപകർക്ക് കൈമാറുമ്പോൾ ലഭിക്കുന്ന തുകയിൽ നിന്ന് തിരിച്ചടവുണ്ടാവും. വൈദ്യുതി ബോർഡിന്റെ ട്രാൻസ്ഗ്രിഡ് 2.0 ന് നൽകിയ വായ്പയും ഇതുപോലെ തിരിച്ചടവുള്ളതാണ്. പക്ഷേ, ഈ പദ്ധതികൾ പൂർത്തിയാവുമ്പോഴേ തിരിച്ചടവ് ഉണ്ടാവൂ.

കിഫ്ബിയുടെ ബാധ്യത ഏതാണ്ട് പൂർണമായും സർക്കാരിന്റെ ചുമലിലാണ് എന്നുപറയുന്ന മനോരമയോടും യുഡിഎഫിനോടും ഒന്നു ചോദിക്കട്ടെ? പശ്ചാത്തലസൗകര്യ നിർമ്മിതിയുടെ ബാധ്യത സർക്കാരിന്റെ ചുമലിൽ എത്താതെ നടത്തുവാനുള്ള സൂത്രവിദ്യ നിങ്ങളൊന്ന് പറഞ്ഞുതരാമോ? സ്പോൺസർഷിപ്പ് വഴി വല്ല കെ
എസ്ആർടിസി ബസും വാങ്ങാം എന്നല്ലാതെ ആയിരക്കണക്കിന് കോടി രൂപ വിലവരുന്ന നിർമ്മിതികൾ നടപ്പിലാക്കാൻ സാധിക്കില്ല.

കിഫ്ബി ഏറ്റെടുത്ത പ്രൊജക്ടുകൾ എല്ലാം സർക്കാർ നേരിട്ട് ബജറ്റിൽ നിന്ന് നടപ്പാക്കുകയാണെന്നിരിക്കട്ടെ. അതിന്റെ ബാധ്യത പൂർണമായും സർക്കാരിന്റെ ചുമലിൽ ആയിരിക്കില്ലേ? പക്ഷേ, ഒരു വ്യത്യാസം ഉണ്ട്. ബജറ്റിൽ വേണ്ടത്ര പണം ഇല്ലാത്തതുകൊണ്ട് കാൽനൂറ്റാണ്ട് കഴിഞ്ഞേ ഈ പദ്ധതികൾ പൂർത്തിയാവൂ. കിഫ്ബി വഴി ആയതുകൊണ്ട് അവയെല്ലാം അതിവേഗം തീരുന്നു. ബാധ്യത ഭാവിയിൽ കൊടുത്തു തീർത്താൽ മതി. ഈ നിർമിതിയുടെ ഗുണഫലങ്ങൾ ഇന്നുമുതലേ നമ്മൾ അനുഭവിച്ചുതുടങ്ങുന്നു. അതുകൊണ്ട് ഇപ്പോൾ കിഫ്ബി വായ്പയെടുത്ത ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകിയ തിരിച്ചടവിന്റെ 99 ശതമാനവും സർക്കാർ നൽകിയ പണത്തിൽനിന്നായതിൽ എന്താണ് അത്ഭുതം? വെറുതെ ഇല്ലാക്കഥകൾ ഉണ്ടാക്കി മനുഷ്യരെ വിരട്ടരുത് എന്നേ പറയാനുള്ളൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × one =

Most Popular