പുതിയ വായ്പകൾ പഴയ വായ്പകളുടെ തിരിച്ചടവിന് തികയാതെ വരുന്ന അവസ്ഥയാണ് കടക്കെണി. അങ്ങനെ വന്നാൽ സർക്കാർ പാപ്പരാകും. ഇതു പറഞ്ഞാണ് നാട്ടിൽ കടപ്പേടി സൃഷ്ടിച്ചിട്ടുള്ളത്. സർക്കാർ വായ്പകൊണ്ട് അധികം കളിക്കണ്ട. അവിടെ സ്വകാര്യ കോർപറേറ്റുകൾ മതിയെന്ന നിയോലിബറൽ കാഴ്ചപ്പാടാണ് ഇത്തരം കുപ്രചരണങ്ങൾക്കു പിന്നിൽ.
കേരള സംസ്ഥാനം കടക്കെണിയിലേ അല്ല. കടത്തിനു കൊടുക്കേണ്ടിവരുന്ന പലിശ നിരക്ക് സംസ്ഥാന ആഭ്യന്തര വരുമാനത്തേക്കാൾ ഉയർന്നതായാൽ അപകടമാണ്. അപ്പോഴേ കടക്കെണി ഭീഷണി ഉയരൂ. ഇതാണ് സാമ്പത്തികശാസ്ത്രം. മറ്റെല്ലാ വ്യാഖ്യാനങ്ങളും സാമ്പത്തിക കൂടോത്രമാണ്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ കോവിഡ് കാലത്തു മാത്രമാണ് കേരളത്തിന്റെ ജിഡിപി വളർച്ചാനിരക്ക് സംസ്ഥാന വായ്പയുടെ പലിശനിരക്കിനേക്കാൾ താഴ്ന്നത്. അതുകൊണ്ടുതന്നെ കേരളം കടക്കെണിയിലേ അല്ല. അത്തരം ജല്പനങ്ങളെല്ലാം ശുദ്ധഭോഷ്കാണ്.
ഇനി ഒന്നുകൂടി പറയാം. വായ്പാ പരിധികൾ ലംഘിക്കുന്നത് സംസ്ഥാന സർക്കാരുകളല്ല, കേന്ദ്ര സർക്കാരാണ്. വായ്പ ജിഡിപിയുടെ 3 ശതമാനം ആകണമെന്നാണല്ലോ നിയമം. എന്നാൽ കേന്ദ്ര സർക്കാർ അത് ഇന്നേവരെ പാലിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി 3.5 മുതൽ 5.5 ശതമാനം വരെയാണ്. ദേശീയ വരുമാനത്തിന്റെ 56-58 ശതമാനം വരും കേന്ദ്ര സർക്കാരിന്റെ കടബാധ്യത. എന്നാൽ സംസ്ഥാന സർക്കാരുകളുടെ കടബാധ്യത ദേശീയ വരുമാനത്തിന്റെ 30 ശതമാനത്തിൽ താഴെയാണ്. സംസ്ഥാന സർക്കാരുകളുടെ ധനക്കമ്മി ഇന്ന് 3 ശതമാനത്തിൽ താഴെയാണ്.
കോവിഡുമൂലം 2022-23 ൽ കേരളത്തിന്റെ കടബാധ്യത 37 ശതമാനമായി ഉയർന്നു. അതിൽ വേവലാതിപ്പെടേണ്ടതായി ഒന്നുമില്ല. കടമെടുത്താലും ആപത്തുകാലത്ത് ജനങ്ങൾക്കു സമാശ്വാസം നൽകണം. ഇതുമൂലം കടത്തിന്റെ തോത് ഉയരുന്നത് സ്വാഭാവികമാണ്. അതിപ്പോൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. താമസംവിനാ അത് 30 ശതമാനമായി താഴ്ന്നുകൊള്ളും. കാരണം ജിഡിപിയുടെ 3 ശതമാനത്തിൽ കൂടുതൽ വായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കില്ല.
ഇങ്ങനെ ചില നിയന്ത്രണങ്ങൾ കിഫ്ബിക്കും വേണ്ടേയെന്നതാണ് ചോദ്യം. അതിനാവശ്യമായ നിയന്ത്രണങ്ങൾ കിഫ്ബിയുടെ നിയമത്തിൽ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരിക്കലും കിഫ്ബിയുടെ ബാധ്യതകൾ കമ്പനിയുടെ ആസ്തികൾക്കു താങ്ങാവുന്നതിനപ്പുറം ആവില്ല. വളരെ കൃത്യമായി ഭാവിയിൽ ഓരോ വർഷവും ഉണ്ടാകുന്ന ബാധ്യത എത്രയെന്നു കണക്കുകൂട്ടുന്നുണ്ട്.
കിഫ്ബിക്ക് രണ്ടുതരത്തിലുള്ള ബാധ്യതകളാണ് വരിക. ഒന്ന്, കരാറുകാരുടെ ബില്ലുകൾക്കുള്ള കാശ് കൊടുക്കണം. രണ്ട്, വായ്പയുടെ പലിശ അല്ലെങ്കിൽ മുതലും പലിശയും തിരിച്ചുനൽകണം. ഇത് അടുത്ത 15–20 വർഷക്കാലം ഓരോ വർഷവും എത്ര ചെലവുവരുമെന്നു കൃത്യമായി കണക്കൂകൂട്ടി ഗ്രാഫായി വരയ്ക്കും.
ഇതോടൊപ്പം മറ്റൊരു ഗ്രാഫുകൂടി തയ്യാറാക്കും. കിഫ്ബിയുടെ വരുമാനം അല്ലെങ്കിൽ ആസ്തി ഓരോ വർഷവും എത്രയായിരിക്കും? രണ്ടുതരത്തിലുള്ള ആസ്തികളാണുള്ളത്. ഒന്ന്, സർക്കാർ നൽകുന്ന ആന്വിറ്റി. രണ്ട്, വരുമാനദായക പ്രൊജക്ടുകളിൽ നിന്നുള്ള തിരിച്ചടവ്. എപ്പോഴും ആസ്തിയുടെ ഗ്രാഫ് ബാധ്യതയുടെ ഗ്രാഫിനേക്കാൾ ഉയർന്നുനിൽക്കണമെന്നതാണ് തത്വം. ഇതിനെയാണ് Asset Liability Matching എന്നു വിളിക്കുന്നത്.
ഇതു കിഫ്ബിക്കു വായ്പതരുന്നവർ പരിശോധിക്കും. അതുപോലെതന്നെ കിഫ്ബിയുടെ ഡയറക്ടർ ബോർഡും പരിശോധിക്കും. ഡയറക്ടർ ബോർഡിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുൻ സിഎജി വിനോദ് റായ് അധ്യക്ഷനായി ഒരു ഉന്നതതല സമിതിയുമുണ്ട്.
ഭാവി ബാധ്യതകൾ എപ്പോഴും ആസ്തികളേക്കാൾ താഴ്ന്നിരിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ടേ കിഫ്ബി പ്രൊജക്ടുകൾ ഏറ്റെടുക്കൂ. അതുകൊണ്ട് ഒരു കാരണവശാലും കിഫ്ബിയുടെ ബാധ്യതകൾ സർക്കാരിനുമേൽ വന്നുപതിക്കില്ല. സർക്കാർ ആകെ ചെയ്യേണ്ടത് നിയമത്തിൽ വ്യവസ്ഥചെയ്തപ്രകാരം ആന്വിറ്റി കൊടുക്കുക മാത്രമാണ്. വേറൊരു അധികബാധ്യതയും സർക്കാരിന് ഉണ്ടാവില്ല. l



