കഴിഞ്ഞ ഏഴ് വർഷമായി കിഫ്ബിയെ തകർക്കാൻ വി ഡി സതീശന്റെയും മറ്റും പിന്തുണയോടെ കേന്ദ്ര ഏജൻസികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ നാൾവഴി ഇവിടെ ചുരുക്കി നൽകാം.
l ആദ്യം വെടിപൊട്ടിച്ചത് സി&എജിയാണ്. കിഫ്ബി നിയമവിരുദ്ധമാണെന്ന് നീണ്ട ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി അത് പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ചോർത്തിക്കൊടുത്തു. കേരള നിയമസഭ പ്രമേയംമൂലം സി&എജി റിപ്പോർട്ട് നിരാകരിച്ചു.
l പിന്നെയാണ് ആദായ നികുതിക്കാർ വന്നത്. കിഫ്ബിയുടെ കരാറുകാരിൽനിന്ന് സ്രോതസിൽ നികുതി പിടിച്ചില്ലായെന്നതാണ് ആരോപണം. കരാറുകാരെ നിയോഗിച്ച എസ്.പി.വികളുമായിട്ടാണ് കിഫ്ബിക്കു ബന്ധം; അല്ലാതെ കരാറുകാരുമായിട്ടല്ല. ആദായനികുതി തുക കൃത്യമായി ബില്ലിൽ കാണിച്ചുകൊണ്ടാണ് കിഫ്ബി എസ്.പി.വികൾക്കു പണം കൈമാറിയിട്ടുള്ളത്. ഇതെല്ലാം ഓൺലൈനായി പരിശോധിക്കാൻ കഴിയുന്നതുമാണ്. എന്നിട്ടും സംസ്ഥാന മേധാവിയുടെ നേതൃത്വത്തിൽ 15 അംഗ സംഘം ഒരു ദിവസം മുഴുവൻ മാധ്യമ പ്രവർത്തകരെയാകെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കിഫ്ബി ഓഫീസ് റെയ്ഡ് ചെയ്തു. ഒരു വെട്ടിപ്പും കണ്ടെത്താനായില്ല.
l ഇതുംകഴിഞ്ഞാണ് കേന്ദ്രം ഇഡിയെ രംഗത്തിറക്കിയത്. കിഫ്ബിയിലെ ഉദ്യോഗസ്ഥരെ നിരന്തരം ചോദ്യം ചെയ്യാൻ വിളിപ്പിക്കുക, ഒരേ രേഖകൾ വീണ്ടും വീണ്ടും ആവശ്യപ്പെടുക, അന്വേഷണം എന്ന പേരിൽ ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലിൽ നിരന്തരം നിർത്തുക എന്ന തീർത്തും ഗൂഢമായ ശ്രമമാണ് ഇ ഡി നടത്തിയത്. ഇതിങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന അവസ്ഥ വന്നപ്പോൾ ഡോ. തോമസ് ഐസക് കേരള ഹൈക്കോടതിയെ സമീപിച്ചു.
l ഇഡിയുടേത് രാഷ്ട്രീയക്കളിയാണെന്നു തെളിയിക്കുന്നതായിരുന്നു ഡോ. തോമസ് ഐസക്കിനെതിരെയുള്ള ഇഡിയുടെ സമൻസ്. മന്ത്രിയെന്ന നിലയിൽ കിഫ്ബി വൈസ് ചെയർമാനായിരുന്ന കാലത്തെ സകലമാന കണക്കും കൊണ്ടുചെല്ലാനായിരുന്നു ഇണ്ടാസ്. പിന്നീട് അത് ഒന്നുകൂടി കടുപ്പിച്ച് കുടുംബാംഗങ്ങളുടെയും മന്ത്രിയായിരിക്കെ ഡയറക്ടർ ആയ കമ്പനികളുടെ കണക്കുകളും മറ്റും ഹാജരാക്കണമെന്നായി. കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചു.
l ഇ ഡി സമൻസിന്റെ തുടർ നടപടികൾ കോടതി സ്റ്റേ ചെയ്തു. മറുപടി സമർപ്പിക്കാൻ തന്നെ ഇഡിക്ക് മാസങ്ങൾ വേണ്ടിവന്നു. ഒടുവിൽ കോടതി ഒന്നു കടുപ്പിച്ചപ്പോൾ മറുപടി കൊടുത്തു. മസാലബോണ്ട് പണം നിഷിദ്ധമായ മേഖലകളിൽ മുടക്കുന്നുണ്ട് എന്നതായി അന്വേഷണ വിഷയം. ആർബിഐ നിഷ്കർഷിക്കുന്ന പ്രതിമാസ സ്റ്റേറ്റ്മെന്റ് കിഫ്ബി കൃത്യമായി കൊടുക്കുന്നുണ്ട്. അതിന്റെ പകർപ്പ് ഇഡിക്കും കൊടുത്തു.
l മസാല ബോണ്ട് പണം ആർക്ക്, എന്തിന് കൊടുത്തു, ഏതു ബാങ്ക് അക്കൗണ്ടിൽ നിന്നും ആരുടെ ബാങ്ക് അക്കൗണ്ടിലേക്കു നൽകി, ഇതെല്ലാം മേൽപ്പറഞ്ഞ സ്റ്റേറ്റ്മെന്റിലുണ്ട്. ഇത് മുഴുവൻ പരതിയിട്ടും ഇഡിക്ക് ഒന്നും കണ്ടെത്താനായില്ല. ഈ ഘട്ടത്തിലാണ് കോടതി ആർബിഐയെ സ്വമേധയാ കക്ഷി ചേർത്തത്.
l കുറച്ചു വൈകിയിട്ടാണെങ്കിലും ആർബിഐ രണ്ടു കാര്യങ്ങൾ വ്യക്തമാക്കി. ഒന്ന്, ആർബിഐ ചട്ടപ്രകാരം നൽകിയ എൻഒസി അനുസരിച്ചാണ് കിഫ്ബി മസാലബോണ്ടുവഴി പണം സമാഹരിച്ചത്. അതിനു ലോൺ രജിസ്ട്രേഷൻ നമ്പർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ കാര്യം നിയമപ്രകാരം മസാല ബോണ്ട് ഇറക്കുന്ന കമ്പനികൾ സമർപ്പിക്കേണ്ട ഫണ്ട് വിനിയോഗം സംബന്ധിച്ച ECB-2 എന്ന ഫോം കൃത്യമായി സമർപ്പിക്കുന്നുണ്ട് എന്നതാണ്.
l എന്നിട്ടും ഇഡി വിടാൻ തയ്യാറായില്ല. മസാല ബോണ്ടിൽ നിന്നുള്ള പണം റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഉപയോഗിക്കാൻ പാടില്ലായെന്നാണ് ചട്ടം. പ്രൊജക്ടുകൾക്ക് വേണ്ടിവരുന്ന ഭൂമി ഏറ്റെടുക്കുന്നതിന് ഫണ്ടിന്റെ ഒരു ഭാഗം ഉപയോഗിച്ചെന്നായി ഇഡി. ഇതിനെ സംബന്ധിച്ച് അന്വേഷിക്കാനായി അടുത്ത സമൻസ്. പ്രൊജക്ടിന് ഭൂമി ഏറ്റെടുക്കുന്നതിന്റെയും റിയൽ എസ്റ്റേറ്റ് ഊഹക്കച്ചവടത്തിന്റെയും വ്യത്യാസം തിരിച്ചറിയാൻ കഴിയാത്തവരെക്കുറിച്ച് എന്തു പറയാൻ? ഇക്കാര്യം ഇപ്പോൾ കോടതിയുടെ മുന്നിലാണ്.
കോടതി ഒരു സുപ്രധാന കാര്യം ഇഡിയോടു ചോദിച്ചിരുന്നു. മസാല ബോണ്ട് ഇറക്കി രാജ്യത്ത് മറ്റേതെങ്കിലും സ്ഥാപനം വായ്പ എടുത്തിട്ടുണ്ടോ? അവരെക്കുറിച്ച് നിങ്ങൾ എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ? പലവട്ടം കോടതി ചോദിച്ചിട്ടും ഇ ഡി മിണ്ടിയിട്ടില്ല. അത് പറയുകതന്നെ വേണം എന്നു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇഡി പരാജയപ്പെട്ടിടത്താണ് വി ഡി സതീശൻ ഇപ്പോൾ വിജിലൻസിനെക്കൊണ്ട് കളിക്കാൻ ഇറങ്ങിയിരിക്കുന്നത്. l



