Wednesday, November 4, 2026

ad

Homeകവര്‍സ്റ്റോറികിഫ്ബിയുടെ 
കൈയൊപ്പ്

കിഫ്ബിയുടെ 
കൈയൊപ്പ്

കിഫ്ബി നിയമവുമായി ബന്ധപ്പെട്ട ചർച്ചയുടെ വേളയിൽ ഇന്നത്തെ ആഭ്യന്തരമന്ത്രി അന്ന് നിയമസഭയിൽ പരിഹസിച്ചതുപോലെ കിഫ്ബി പദ്ധതികൾ ആകാശകുസുമങ്ങളാണെന്ന വാദം ഉയർത്താൻ ഇന്ന് ആരെങ്കിലും ധൈര്യപ്പെടുമോ?

ഏതാണ്ട് 1212 പ്രൊജക്ടുകളിലായി ഒരുലക്ഷത്തിലേറെ കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി ഇതിനകം ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 80,000 കോടി രൂപ നിർമ്മാണ പദ്ധതികൾക്കാണ്. 20,000 കോടി രൂപ ഭൂമി ഏറ്റെടുക്കലുകൾക്കാണ്. 45,000 കോടി രൂപയുടെ പൂർത്തിയായ നിർമ്മാണ പ്രവൃത്തികൾക്കു പണം നൽകിയിട്ടുണ്ട്. മറ്റൊരു 33,000 കോടി രൂപയുടെ നിർമ്മാണം പുരോഗമിക്കുന്നു. 25,000 കോടി രൂപയുടെ പദ്ധതികളുടെ തയ്യാറെടുപ്പുകൾ നടക്കുന്നു.

ദേശീയ പാതയും ജലപാതയും ഇന്റര്‍നെറ്റ്‌ പാതയും ഊര്‍ജ്ജ പാതയും പള്ളിക്കൂടങ്ങളും ധര്‍മ്മാശുപത്രികളും കുടിവെള്ളവും ശുചിത്വവും ടൂറിസവും വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക സമുച്ചയങ്ങളും സിനിമാശാലകളും … ഇങ്ങനെ കിഫ്ബിയുടെ കൈയെത്താത്തത് ഏതു മേഖലയിലാണ്? കിഫ്ബിയുടെ കൈമുദ്ര പതിയാത്ത ഒരു നിയോജക മണ്ഡലവും ഇന്ന് കേരളത്തിലില്ല. കേരളത്തിന്റെ ഭാവി വികസനത്തിന്റെ ദിശ നിർവചിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന നിര്‍ണായക ഇടപെടലാണ് കിഫ്ബി.

ഭൂമി ഏറ്റെടുക്കലിൽ തട്ടി തടസ്സപ്പെട്ടുപോയ ഹൈവേ വികസനത്തിന് പുതുജീവൻ കൈവരിച്ചത് ഭൂമിക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിച്ചതോടെയാണ്. പക്ഷേ ദേശീയപാത അതോറിറ്റി ഒരു നിലപാടെടുത്തു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം. ഇത് നല്കാൻ കഴിഞ്ഞത് കിഫ്ബി ഈ പണം നല്കിയതുകൊണ്ടാണ്. 6,000 ത്തോളം കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇപ്പോൾ നിർമ്മാണം നടക്കുന്ന ദേശീയപാതാ പദ്ധതി യാഥാർഥ്യമായത് കിഫ്ബി മുതൽമുടക്കുകൊണ്ടു കൂടിയാണ്.

വ്യവസായ വികസനത്തിനുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഊർജ്ജക്ഷാമം. കൊച്ചി – ഇടമൺ ലൈനിന്റെ കഥ ഓർമ്മയുണ്ടോ? ലൈൻ വലിക്കാനുള്ള സ്ഥലം വിട്ടുകൊടുക്കാൻ ആളുകൾ തയ്യാറല്ല. ഉയർന്ന നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കാൻ പണം നമ്മുടെ കൈയിലുമില്ല. ഇവിടെ വൈദ്യുതി പുറത്തുനിന്നും വാങ്ങാം. പക്ഷേ, വൈദ്യുതി കൊണ്ടുവരാൻ അന്തർസംസ്ഥാന ലൈനുകൾ വേണം. എല്ലാ മുക്കിലും മൂലയിലും അത് എത്തിക്കാനുള്ള ശൃംഖല തീർക്കണം. ഇതിനും ആധുനികമായ പ്രസരണ-വിതരണ ലൈനുകൾ ഉണ്ടാവേണ്ടതുണ്ട്. എത്ര കാലമായി ഇത്തരമൊരു ശൃംഖലയായ ട്രാൻസ്ഗ്രിഡിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇന്ന് ഈ പവർ ഹൈവേ കേരളത്തിൽ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. ട്രാൻസ്ഗ്രിഡ് എന്ന പവർ ഹൈവേ ശൃംഖലയ്ക്ക് കിഫ്ബി 5,200 കോടി രൂപയാണ് മുതൽമുടക്കിയത്.

ഇന്റർനെറ്റ് സൗകര്യത്തിന്റെ പ്രാധാന്യം ഇന്ന് കേരളത്തിൽ ആരോടും പറയേണ്ടതില്ല. വിവരലഭ്യതയെന്നത് ആധുനിക ലോകത്തിന്റെ ഏറ്റവും അനിവാര്യമായ ഒരു സൗകര്യമാണ്. അത് താങ്ങാവുന്ന വിലയിൽ ഗുണനിലവാരത്തോടെ എല്ലാവർക്കും കിട്ടണം. കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉയർന്ന ബാൻഡ് വിഡ്ത്തിലുള്ള ഇന്റർനെറ്റ് സർവ്വീസ് എത്തിക്കുന്നതിന് ആവശ്യമായ കേബിൾ ശൃംഖലയാണ് വാസ്തവത്തിൽ കെ-ഫോൺ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇൻഫർമേഷൻ ഹൈവേ എന്നു നമുക്കു പറയാം. ഈ ഇൻഫർമേഷൻ ഹൈവേയ്ക്ക് കിഫ്ബി മുതൽമുടക്ക് 1500-ൽപ്പരം കോടി രൂപയാണ്.

ഗതാഗതത്തിനും ചരക്കുകടത്തിനും ജലമാർഗത്തിന്റെ പ്രാധാന്യം എടുത്തുപറയാത്ത ഒരു വികസന ചർച്ചയും കേരളത്തിൽ ഉണ്ടായിട്ടില്ല. എ പി ജെ അബ്ദുൾ കലാം നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ എടുത്തുപറഞ്ഞ പ്രധാന പദ്ധതിയാണ് കോട്ടപ്പുറം – ബേക്കൽ ജലപാത. ഈ വാട്ടർ ഹൈവേ കിഫ്ബി മുതൽമുടക്കിൽ ഇന്ന് അതിവേഗം പുരോഗമിക്കുകയാണ്.

മലയോര ഹൈവേയുടെ അടങ്കൽ 3,500 കോടി രൂപയും തീരദേശ ഹൈവേയുടെ അടങ്കൽ 6,500 കോടി രൂപയുമാണ്. ഇങ്ങനെ കേരളത്തെ അടിമുടി മാറ്റാനുതകുന്ന പശ്ചാത്തലസൗകര്യ സൃഷ്ടിക്കാണ് കിഫ്ബി പണം മുടക്കുന്നത്.

സാമൂഹ്യപശ്ചാത്തല സൗകര്യ സൃഷ്ടിയിലെ കിഫ്ബി മുതൽമുടക്കും ശ്രദ്ധേയമാണ്. അരലക്ഷത്തിലധികം ക്ലാസ് മുറികളാണ് കിഫ്ബി മുതൽമുടക്കിൽ ഹൈടെക്കായി മാറിയത്. സ്കൂൾ ഹൈടെക് പരിപാടിക്കും പണം മുടക്കിയത് കിഫ്ബിയാണ്. മൊത്തം ഏതാണ്ട് 3,000 കോടി രൂപ. ഉന്നതവിദ്യാഭ്യാസ രംഗത്തും ഏതാണ്ട് അത്രതന്നെ തുക മുടക്കി.

ആരോഗ്യ രംഗത്തിന്റെ സമഗ്രമായ മാറ്റത്തിനു കിഫ്ബി മുതൽമുടക്കിയത് 4,000 കോടി രൂപയാണ്. കുടിവെള്ള പദ്ധതികൾക്കായി കിഫ്ബി മുതൽമുടക്ക് 5,200 കോടി രൂപയാണ്. വ്യാവസായിക പശ്ചാത്തല സൗകര്യ വികസനത്തിന് 15,000 കോടി രൂപയാണ് മുതൽമുടക്ക്. ഇങ്ങനെ നാളത്തെ കേരളത്തെ നിർവ്വചിക്കുന്ന ഒരു സംവിധാനമായി കിഫ്ബി രൂപാന്തരപ്പെട്ടിരിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × two =

Most Popular