വസ്തുനിഷ്ഠതയുടെ കണികപോലുമില്ലാതെ സകലതിനെയും സംശയത്തിലാക്കുക; എന്നിട്ട് ‘വി ഡി മാധ്യമ’ങ്ങളെ ഉപയോഗിച്ച് അതൊരു പൊതുബോധമാക്കി മാറ്റുക; ഇതിനിടയിലൂടെ തങ്ങളുടെ നിയോലിബറൽ വലതു പിന്തിരിപ്പൻ അജൻഡ വ്യവസ്ഥാപിതമാക്കുക–വി ഡി സതീശൻ മന്ത്രിസഭയുടെ പൊതു സ്വഭാവമാണിത്.
ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിനു ചെലവായ പണം സംബന്ധിച്ച മന്ത്രി പി കെ ബഷീറിന്റെ തട്ടിവിടൽ ഈ മാതിരി നിക്ഷിപ്ത ലക്ഷ്യത്തോടുകൂടിയതു മാത്രമാണ്. വലിയ പശ്ചാത്തലവികസന പദ്ധതികളുടെ മോഡൽ അപ്പാടെ മാറ്റുക എന്നതാണ് സതീശൻ സർക്കാർ ഉന്നമിടുന്നത്. 2014-ൽ ചന്ദ്രശേഖർ കിഫ്ബിയെ സംബന്ധിച്ചു തയ്യാറാക്കിയ കുറിപ്പിൽ പറയുന്നതുപ്രകാരം വലിയ സ്വകാര്യ മുതലാളിമാർക്ക് ഇത്തരം പദ്ധതികൾ തീറെഴുതിക്കൊടുക്കുക എന്നതാണ് യുഡിഎഫ് സർക്കാരിന്റെ ഉന്നം.
അതിനായി കൃത്യമായ ഒരു ആക്ഷേപവും പറയാതെ ആകെ കുഴപ്പമാണെന്ന ഒരു പുകമറ ഉണ്ടാക്കുക എന്നതാണ് ലൈൻ. 24 കിലോമീറ്റർ റോഡിനു 647 കോടി രൂപയോ? ഇതെന്തു ജിന്നപ്പാ എന്ന ചോദ്യം ക്ലിക് ചെയ്യുന്നത് എങ്ങനെയാണ്? 24 കിലോമീറ്റർ റോഡ് പണിയാൻ ഇത്രയും പണമോ എന്നത് ആരെയും സംഭ്രമിപ്പിക്കുന്ന ഒരു പ്രയോഗമാണ്. എന്താണ് ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ കഥ?
അതൊരു റോഡ് നിർമ്മാണമല്ല. വിവിധതരം നിർമ്മിതികൾ ഉൾക്കൊള്ളുന്ന ഒരു ലൈഫ്-ലൈൻ ആണത്. അതിന്റെ അസൽ പദ്ധതി പ്രകാരമുള്ള ഘടകങ്ങൾ അന്നു സമാഹരിച്ചത് ഇവിടെ കൊടുക്കാം. ചില്ലറ മാറ്റങ്ങൾ പിന്നീട് വന്നിട്ടുണ്ടാകും. എന്നാൽ, ആ നിർമ്മിതിയുടെ സ്വഭാവം മനസ്സിലാക്കാൻ ഇത് സഹായിക്കും. നിർമ്മാണത്തിലെ ഘടകങ്ങളും അവയുടെ എസ്റ്റിമേറ്റ് ചെലവും താഴെ കൊടുക്കുന്നു.
l മേൽപ്പാലം – 1.795 കി.മീ (125.35 കോടി രൂപ)
l കോസ് വേ – 0.4 കി.മീ (39.51 കോടി രൂപ)
l പാലങ്ങൾ – 1.320 കി.മീ (106.52 കോടി രൂപ)
l നിലവിലുള്ള 13 കലുങ്കുകൾ – 0.245 കി.മീ (ആകെ ചെലവ് പുതിയ 65 കലുങ്കുകൾ ഉൾപ്പെടെ) – 45.81 കോടി രൂപ. സംരക്ഷണ ഭിത്തികൾ, ഡ്രെയിനേജ് & ഡക്റ്റ് – 106.17 കോടി രൂപ. ഭൂമി ഏറ്റെടുക്കൽ – 1.12 കോടി രൂപ.
l സുരക്ഷാ സംവിധാനങ്ങൾ – 16.37 കോടി രൂപ.
l റോഡ് പുനരുദ്ധാരണം – 20.404 കി.മീ (172.47 കോടി രൂപ)
ഇങ്ങനെ റോഡും മേൽപ്പാലവും പാലവും കോസ് വേയും കലുങ്കുകളും എല്ലാം ചേരുന്ന ആകെ നീളമാണ് 24.164 കി.മീ എന്നത്. പുതിയ 65 കലുങ്കുകളും പണിതു.
ഇത് കാണാതെ 24 കിലോമീറ്റർ റോഡ് പണിക്ക് ഇത്ര കാശോ എന്നു ചോദിച്ച് പുകിൽ ഉണ്ടാക്കുന്നത് എന്തിനാണ്?
എൽഡിഎഫ് കാലത്ത് പൂർത്തീകരിച്ച മാക്കേക്കടവ് – നേരെക്കടവ് പാലത്തിന്റെ ഉദ്ഘാടനവേളയിലാണ് മന്ത്രിയുടെ ഈ പ്രയോഗം. ഒരു കിലോമീറ്റർ നീളമുള്ള പാലത്തിനു മാത്രം 110 കോടി രൂപ ചെലവായി. ഇവിടെ പാലവും മേൽപ്പാലവും കോസ് വേയും ചേർന്ന് 3.515 കിലോമീറ്റർ നീളമുണ്ട്. ഇവയുടെ കാരേജ് വേ 10.5 മീറ്ററും നടപ്പാത 1.5 മീറ്ററുമാണ്. ഇങ്ങനെയാണ് ആകെ എസ്റ്റിമേറ്റ് തുക 624.48 കോടി രൂപയായത്. ഇതിൽ ഇപ്പോൾ വ്യത്യാസം കുറച്ചു വന്നിട്ടുണ്ടാകും. എന്നാൽ ഈ തുക വരുന്നത് 24 കിലോമീറ്റർ റോഡിനല്ല എന്നത് നാം കാണണം.
റോഡ്, പാലം, കെട്ടിട നിർമ്മാണം എന്നിവയിൽ കിഫ്ബി ഇതുവരെ കേരളം ദർശിച്ചിട്ടില്ലാത്ത പുതിയൊരു നിലവാരം നിർബന്ധമാക്കി. അതിനു ചെലവ് കൂടും. പക്ഷേ, ഉയർന്ന നിലവാരം ഉണ്ടാകും. മെയിന്റനൻസും കുറയും. മെയിന്റനൻസ് കോൺട്രാക്ടോടുകൂടിയാണ് കരാർ. ഇതൊക്കെ മറച്ചുവച്ച് കിഫ്ബി തീവെട്ടിക്കൊള്ളയാണെന്നെല്ലാം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെ ദുഷ്ടലാക്ക്, പശ്ചാത്തലസൗകര്യ നിർമ്മാണത്തിന്റെ സ്വകാര്യവൽക്കരണമാണ്. l



