Wednesday, November 4, 2026

ad

Homeകവര്‍സ്റ്റോറി13,103 കോടി രൂപയുടെ 
നഷ്ടത്തിന്റെ കഥ

13,103 കോടി രൂപയുടെ 
നഷ്ടത്തിന്റെ കഥ

കോടികൾ നഷ്ടമുണ്ടാക്കി ഖജനാവ് കൊള്ളയടിച്ച ആരെയും വെറുതെ വിടില്ല എന്നായിരുന്നു നിയമസഭയിൽ വി ഡി സതീശന്റെ ആക്രോശം. കിഫ്ബി അങ്ങനെ കോടികളുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അടിയന്തരപ്രമേയ ചർച്ച ആവാമെന്ന് പ്രതിപക്ഷം. അത് അനുവദിക്കാൻ പറ്റുകയില്ലെന്ന് ഭരണപക്ഷം. അഴിമതി ആരോപണം ഉന്നയിച്ചവർതന്നെ അടിയന്തര പ്രമേയം വേണ്ട എന്നു പറഞ്ഞത് ഒരു അപൂർവ സംഭവമാണ്.

ചർച്ച നടന്നിരുന്നെങ്കിൽ വി ഡി സതീശന്റെ കള്ളം പൊളിഞ്ഞേനെ. കൊള്ളയുടെ കഥ സുധാപിള്ള കമ്മിറ്റിയുടെ നിർമ്മിതിയാണ്. കമ്മിറ്റി റിപ്പോർട്ടിലെ അധ്യായം 6-ൽ ഭാഗം 2-ൽ ഇനം 8 ആയി ഇങ്ങനെ ഒരു കണക്കുണ്ട് : “കിഫ്ബി ധനകാര്യ മോഡൽ പിന്തുടരുന്നതിന്റെ ഭാഗമായി സർക്കാരിനുണ്ടായ മൊത്തം നഷ്ടം” 13,103 കോടി രൂപയാണ്. ഈ കള്ളക്കണക്കിനെ ആധാരമാക്കിയാണ് കൊള്ളയെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ ധാർമിക രോഷം കൊണ്ടിരിക്കുന്നത്.

കമ്മിറ്റിയുടെ കണക്കിന്റെ പൊട്ടത്തരത്തെക്കുറിച്ച് മുൻ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ആർ രാംകുമാർ ഒരു കുറിപ്പ് തയ്യാറാക്കുകയുണ്ടായി. അതുവായിച്ചാൽ പ്രാഥമിക പരിശോധനയ്ക്കുപോലും അർഹതയില്ലാത്ത ഒരു പൊട്ടക്കണക്കാണ് കേരളത്തിന്റെ മുഖ്യ കണക്കപ്പിള്ള ആയിരുന്ന സുധാപിള്ള തയ്യാറാക്കിയിട്ടുള്ളതെന്നു വ്യക്തമാകും.

സർക്കാരിനുണ്ടായ നഷ്ടം കണക്കാക്കാൻ കിഫ്ബിക്ക് കൊടുത്ത വാഹന നികുതിയും പെട്രോൾ സെസും കേന്ദ്ര സർക്കാർ വായ്പ വെട്ടിക്കുറച്ചതുമൂലമുണ്ടായ നഷ്ടവുമാണ് കമ്മിറ്റി കണക്കിലെടുക്കുന്നത്. ഇതുവഴി 61,678 കോടി രൂപ സർക്കാർ ഖജനാവിൽ കുറവുണ്ടാക്കിയെന്നു പറഞ്ഞുവയ്ക്കുന്നു.

കിഫ്‌ബി വഴി ഉണ്ടായ നേട്ടം കണക്കാക്കാൻ കോൺട്രാക്ടർമാർക്ക് നൽകിയ ബിൽ പേയ്മെന്റുകളും 
കിഫ്ബിയുടെ കൈയിലുള്ള ക്യാഷ് ബാലൻസുമാണ് കണക്കുകൂട്ടുന്നത്. അങ്ങനെ മൊത്തം കിഫ്ബി വഴി ഉണ്ടായ നേട്ടം 48,574 കോടി രൂപ മാത്രമാണ് എന്നാണ് കമ്മിറ്റിയുടെ കണക്ക്.

ഇത്രയും കണക്ക് പറഞ്ഞിട്ട് കമ്മിറ്റി വാദിക്കുകയാണ്. പ്രൊജക്ടുകൾ കിഫ്ബി വഴി അല്ലാതെ സർക്കാർ നേരിട്ട് നടത്തിയിരുന്നെങ്കിൽ 61,678 കോടി രൂപ സർക്കാരിന് ചെലവഴിക്കാമായിരുന്നു. അതായത് കിഫ്ബി ചെലവാക്കിയതിനേക്കാൾ 13,174 കോടി രൂപ. അത്രയും തുക സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടായി എന്നാണ് വാദം!

ഹോ ! എന്തൊരു കണക്ക് സാമർത്ഥ്യം? പക്ഷേ ഒരു കാര്യം കമ്മിറ്റി വിട്ടുപോയി. ഈ കാലയളവിൽ കിഫ്ബി 10,198 കോടി രൂപ കടം തിരിച്ചടച്ചു. അത് കണക്കിലെടുക്കേണ്ടേ? ഇതുപോലെ കണക്കിലെടുക്കേണ്ട മറ്റുചില ഇനങ്ങൾകൂടി രാംകുമാർ പറയുന്നുണ്ട്. അതൊക്കെ കുറച്ചാൽ കിഫ്‌ബി വഴി ഉണ്ടായ അധിക ച്ചെലവ് വീണ്ടും കുറയും.

കിഫ്ബി വഴി പ്രൊജക്ടുകൾ നടപ്പിലാക്കിയതിന്റെ ഭാഗമായി വന്ന അധികച്ചെലവ് രണ്ട് ഇനങ്ങളിൽ മാത്രമാണ്. ഒന്ന്, സർക്കാർ വാങ്ങുന്നതിനേക്കാൾ കൂടുതൽ പലിശ കിഫ്ബിക്ക് നൽകേണ്ടിവരും. രണ്ട്, കിഫ്‌ബി എന്ന സ്ഥാപനത്തിന്റെ ഭരണപരമായ ശമ്പളം പോലുള്ള ചെലവുകൾ. പ്രൊജക്ടുകൾ സർക്കാർ നേരിട്ട് നടപ്പാക്കിയിരുന്നെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെയും നിയമിക്കേണ്ടി വരുമായിരുന്നു.

പ്രധാന പ്രശ്നം ഇതാണ്. കിഫ്ബി വഴി അല്ലാതെ സർക്കാർ നേരിട്ട് പ്രൊജക്ടുകൾക്ക് ചെലവഴിച്ചിരുന്നെങ്കിൽ ഈ അധികച്ചെലവ് ലാഭിക്കാമായിരുന്നില്ലേയെന്ന ചോദ്യം തന്നെ അപ്രസക്തമാണ്. കാരണം, സർക്കാരിന് നേരിട്ട് കിഫ്‌ബി എടുത്തതുപോലെ കൂടുതൽ തുക വായ്പ എടുക്കാൻ കഴിയില്ല. കൃത്യമായ കടമെടുപ്പ് പരിധി സർക്കാരിന് ഉണ്ട്. അതുകൊണ്ട് കിഫ്ബി ഇല്ലെങ്കിൽ ഈ പ്രൊജക്ടുകൾ ഉണ്ടാവില്ല എന്നതാണ് വാസ്തവം.

കേരളത്തിന്റെ ധനസ്ഥിതിയെ തകർത്തു എന്ന സതീശന്റെ വാദത്തിന്റെ പൊള്ളത്തരം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കിഫ്ബിക്ക് സർക്കാർ 24,764 കോടി രൂപ കൊടുത്തു. റിസർവ് പണമടക്കം കിഫ്ബിയുടെ കൈയിൽ ഏതാണ്ട് 10,000 കോടി രൂപ കാശായുണ്ട്. ഇതുകൂടി കിഴിച്ചാൽ സർക്കാർ നൽകിയത് 15,000 കോടി രൂപ മാത്രം.

ഇത്രയും പണം കിഫ്ബിക്ക് സർക്കാർ നൽകിയപ്പോൾ 45,000 കോടി രൂപയുടെ നിർമ്മാണം കിഫ്ബി വഴി പൂർത്തിയായി. മറ്റൊരു 33,000 കോടി രൂപയുടെ നിർമ്മാണം പുരോഗമിക്കുന്നു; അതുകൂടാതെ മറ്റൊരു 25,000 കോടിയുടെ തയ്യാറെടുപ്പ് നടക്കുന്നു. വസ്തുത ഇതായിരിക്കെ എന്ത് ധനനഷ്ടത്തെക്കുറിച്ചാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത്? l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 1 =

Most Popular