Wednesday, November 4, 2026

ad

Homeകവര്‍സ്റ്റോറിഎന്തിന് 
ഭൂമി ഏറ്റെടുക്കണം?

എന്തിന് 
ഭൂമി ഏറ്റെടുക്കണം?

ഭൂമി ഇല്ലാതെ പശ്ചാത്തലസൗകര്യ വികസനം അസാധ്യമാണ്. ഭൂമി ഏറ്റെടുക്കാത്തതുകൊണ്ടാണ് കേരളത്തിലെ ദേശീയപാതയുടെ വികസനം യുഡിഎഫ് ഭരണകാലത്ത് വഴിമുട്ടിനിന്നത്. കിഫ്‌ബി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഏജൻസിയല്ല. എന്നാൽ അതിനുള്ള പണം ബന്ധപ്പെട്ട ഏജൻസികൾക്ക് ലഭ്യമാക്കും. ഇത് ചെയ്യാതെ ഒരു പശ്ചാത്തലസൗകര്യ വികസനവും നടക്കില്ല.

“കൊച്ചി ഇപ്പോൾ തന്നെ വ്യവസായ, വാണിജ്യ കേന്ദ്രമായി വളർന്നിട്ടുണ്ട്. വിഴിഞ്ഞം പോർട്ടിന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരം മറ്റൊരു വികസന മേഖലയായിക്കഴിഞ്ഞു. ഇവിടെ ആവശ്യമായ പിന്തുണയും ഇൻഫ്രാസ്ട്രക്ചറും ഉറപ്പുവരുത്തേണ്ടതുണ്ട്”. ഈയൊരു സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ അയ്യായിരം ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതിൽ എന്തെങ്കിലും സാംഗത്യമുണ്ടോ എന്ന് സുധാപിള്ള കമ്മിറ്റി ചോദിക്കുന്നു. ഇതിനെയാണ് അൽപത്തരം എന്നുപറയുന്നത്. ഉത്തരമലബാറിന്റെ ചരിത്രപരമായ പിന്നാക്കാവസ്ഥ കമ്മിറ്റിക്ക് ഒരു പ്രശ്നമേയല്ല. സിയാൽ മാതൃകയിൽ വലിയ ഒരു വികസന മേഖല കണ്ണൂർ ജില്ലയിൽ വളർത്തുവാനുള്ള സാധ്യത ഇവർ മനസ്സിലാക്കുന്നില്ല.

കണ്ണൂരിൽ ഭൂമി ഏറ്റെടുക്കുന്നതിന് ചട്ടപ്രകാരമുള്ള തീരുമാനമുണ്ടോ എന്നുള്ളതാണ് മറ്റൊരു ചോദ്യം. 2016-17 ലെ ബജറ്റിൽ ഭൂമി ഏറ്റെടുക്കുന്നതിന് നിർദ്ദേശിക്കപ്പെട്ടിരുന്ന അഞ്ച് ഇൻഡസ്ട്രിയൽ സോണുകളിൽ കണ്ണൂരിൽ നിന്നുള്ള 1000 ഏക്കറും ഉൾപ്പെടുന്നു. എന്നാൽ ബോർഡിൽ ഈ നിർദ്ദേശം ചർച്ചചെയ്തപ്പോൾ, കണ്ണൂർ എയർപോർട്ടും അഴീക്കൽ തുറമുഖവുമായി ബന്ധപ്പെട്ട് വിപുലമായ വ്യവസായ പാർക്കുകളും മറ്റ് അനുബന്ധ പശ്ചാത്തലസൗകര്യങ്ങളും ഒരുക്കാനായാൽ വലിയ വ്യവസായ കുതിപ്പ് ഉത്തര മലബാറിൽ നേടാനാവും എന്ന കൺസപ്റ്റ് നോട്ട് അംഗീകരിച്ചു. അങ്ങനെയാണ് അയ്യായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രൊപ്പോസലിന് അംഗീകാരം നൽകിയത്. ഇത് ചട്ടപ്രകാരംതന്നെയാണ് നൽകിയിട്ടുള്ളത്.

വരാൻപോകുന്ന ഇൻഫ്രാസ്ട്രക്ചർ പാർക്കുകൾക്കുള്ള ഡിപിആറും മറ്റും തയ്യാറാക്കാതെയാണ് ഭൂമി ഏറ്റെടുത്തതെന്നും 5 വർഷമായിട്ടും 63 ഏക്കർ ഭൂമിയേ കണ്ണൂരിൽ നിക്ഷേപകർ വാങ്ങിയിട്ടുള്ളൂവെന്നും സുധാപിള്ള കമ്മിറ്റി ആരോപിക്കുന്നു. ഇങ്ങനെ നേരത്തെ ഭൂമി ഏറ്റെടുത്തതിന്റെ ഫലമായി വലിയ പലിശ ബാധ്യത കിഫ്ബിയുടെമേൽ വരുത്തിവച്ചൂവെന്നും കമ്മിറ്റിക്ക് ആക്ഷേപമുണ്ട്.

നിക്ഷേപം വരുമ്പോൾ ഭൂമിക്കുവേണ്ടി ഓടുകയല്ല ചെയ്യേണ്ടത്. ഇത്തരം സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് നേരത്തെതന്നെ ഭൂമി ഏറ്റെടുക്കുകയാണ് വേണ്ടത്. അത് പിന്നത്തേയ്ക്ക് മാറ്റിവച്ചാൽ റോഡ്, വൈദ്യുതി തുടങ്ങിയ പശ്ചാത്തലസൗകര്യങ്ങൾ ഒരുങ്ങുമ്പോൾ ഭൂമിവില കുത്തനെ ഉയരും. ഭൂമി ഏറ്റെടുക്കാൻ കാലതാമസം ഉണ്ടായാൽ ബാധ്യത വായ്‌പയെടുത്ത ഏജൻസിക്കാണ്. പലിശ അവർ നൽകണം.

കമ്മിറ്റി ഉയർത്തുന്ന മറ്റൊരു ആരോപണം, അയ്യായിരം ഏക്കർ കണ്ണൂരിൽ ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ട് 5 വർഷംകൊണ്ട് 1000 ഏക്കറല്ലേ ഏറ്റെടുത്തുള്ളൂ എന്നതാണ്.

ഇത് സൂചിപ്പിക്കുന്നത് ഭൂമി ഏറ്റെടുക്കൽ എത്ര ദുഷ്കരമാണ് എന്നതാണ്. ആരുടെയൊക്കെയോ ഭൂമി പിൻവാതിലിലൂടെ ഏറ്റെടുക്കുവാനുള്ള നീക്കമാണ് കണ്ണൂർ ഭൂമി ഏറ്റെടുക്കലിൽ നടന്നതെന്ന ദുഷ്പ്രചാരണത്തിനുള്ള മറുപടി കൂടിയാണിത്. ഏതായാലും ഇത്തരം വിവാദങ്ങൾക്കൊക്കെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വ്യവസായ വകുപ്പ് തന്നെ വിരാമമിട്ടിട്ടുണ്ട്.

ബംഗളൂരു–കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായി, പാലക്കാട് Industrial Smart City മാതൃകയിൽ മൂന്ന് പുതിയ വ്യവസായ പാർക്കുകൾ വികസിപ്പിക്കാൻ 1280 ഏക്കർ ഭൂമി കേന്ദ്രത്തിന്റെ BHAVYA പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സമർപ്പിക്കുന്നുവെന്ന് പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും റിപ്പോർട്ട് വന്നിട്ടുണ്ട്. മട്ടന്നൂരിലെ 476 ഉം 446 ഉം ഏക്കർ വീതം 2 പ്ലോട്ടുകളും എറണാകുളത്ത് GIFT Cityക്കായി കണ്ടെത്തിയ 358 ഏക്കർ പ്ലോട്ടുമാണ് ഇന്ന് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികളാകുവാൻ പോവുന്നത്. അതെ, കിഫ്ബി വൃഥാ പണം ചെലവാക്കിയെന്ന് സുധാപിള്ള കമ്മിറ്റി ആക്ഷേപിച്ച ഭൂമികൾതന്നെ.

ചോദ്യം ലളിതമാണ്. കിഫ്‌ബി ഇല്ലായിരുന്നെങ്കിൽ ഇത്രയും ഭൂമി ഏറ്റെടുക്കാൻ നമുക്ക് കഴിയുമായിരുന്നോ? അതോ ഭൂമിക്ക് ആവശ്യം വരുമ്പോഴാണോ പണം അന്വേഷിച്ചു നടക്കേണ്ടിയിരുന്നത്? കിഫ്ബി ഇങ്ങനെ അഡ്വാൻസ് ആയി ഭൂമി ഏറ്റെടുത്തതിനെ പരിഹസിക്കുന്ന സുധാപിള്ള കമ്മിറ്റിയും മറ്റു കിഫ്‌ബി വിദ്വേഷികളും ഇനിയെങ്കിലും വ്യവസായ മേഖലയ്ക്കും കേരളത്തിന്റെ വികസനത്തിനുംവേണ്ടി ഭൂമി ഏറ്റെടുക്കാൻ നടത്തിയ പരിശ്രമങ്ങളെയും അതിലുള്ള കിഫ്ബിയുടെ പങ്കിനെയും പഴിക്കുന്നത് അവസാനിപ്പിക്കുമോ? l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + five =

Most Popular