വീടുകൾക്കും സ്ഥാപനങ്ങൾക്കും ഹരിത കർമ്മസേന ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു സംഘമായി മാറിയിരിക്കുന്നു. നിയമാനുസൃതമായി ജീവിക്കാനും, സ്ഥാപനം നടത്താനും ഹരിതകർമ്മസേനയുടെ സേവനം അനിവാര്യമായികഴിഞ്ഞു. പാഴ്-വസ്തുക്കൾ ശേഖരിക്കാനെത്തുന്നു എന്നത് മാത്രമല്ല, ഹരിതകർമ്മസേനയുടെ കൃത്യമായ വരവ് പാഴ്-വസ്തുക്കൾ തരംതിരിച്ച് സംഭരിക്കാനും അവ സൂക്ഷിച്ചു ശാസ്‌ത്രീയ പരിപാലനത്തിന് കൈമാറാനും നമ്മെ പരിശീലിപ്പിക്കുന്നു. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട നമ്മുടെ ഉത്തരവാദിത്വം നിരന്തരം നമ്മെ ബോധ്യപ്പെടുത്താനും പരിസ്ഥിതി സൗഹൃദശീലം വളർത്താനും സഹായിക്കുന്നു. കേരളത്തിന്റെ വികസന ചരിത്രത്തിൽ സാക്ഷരതാ പ്രസ്ഥാനത്തിനും ജനകീയാസൂത്രണ പ്രസ്ഥാനത്തിനും കുടുംബശ്രീക്കുംശേഷം വികേന്ദ്രീകൃത ആസൂത്രണ രംഗത്തുണ്ടായ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഹരിതകർമ്മസേന. വീടുകളിലും സ്ഥാപനങ്ങളിലും കുന്നുകൂടിയിരുന്ന അജൈവ മാലിന്യങ്ങൾ, പ്രത്യേകിച്ച് പ്ലാസ്റ്റിക്കുകൾ, ശാസ്ത്രീയമായി ശേഖരിക്കാനും സംസ്കരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഈ ഹരിതസൈന്യം ഇന്ന് കേരള പരിസരത്തിന്റെ കാവലാളായി മാറിയിരിക്കുന്നു. കേവലമൊരു മാലിന്യശേഖരണ സംഘം എന്നതിനപ്പുറം, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, ഉപജീവനമാർഗ്ഗം എന്നിവ സമന്വയിപ്പിച്ച പുതിയൊരു ഹരിത തൊഴിൽ മേഖലയായി അത് മാറുന്നു, ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന ക്ലെെമറ്റ് ആക്ഷൻ ടീമായി ഹരിതകർമ്മസേന വളരുന്നു.
ഹരിതകർമ്മസേന ഉത്ഭവവും വികാസവും: ഹരിതകർമ്മസേന എന്നത് ഒരു ദിവസം കൊണ്ട് പെട്ടെന്ന് രൂപപ്പെട്ട ഒരു സംവിധാനമല്ല. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനകീയ പ്രസ്ഥാനങ്ങളും വിവിധ കാലഘട്ടങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും ആകത്തുകയാണ് “ഹരിതകർമ്മസേന”
കുടുംബശ്രീ ക്ലീൻ വെൽ യൂണിറ്റുകൾ: കേരളത്തിൽ മാലിന്യം ഒരു പരിസ്ഥിതി പ്രശ്നമായി മാറിയത് 2000 ത്തിനു ശേഷമാണ്. ഇതിന് മുമ്പ് നഗരസഭകളിൽ സമാഹരിക്കുന്ന ജൈവ മാലിന്യം കമ്പോസ്റ്റായി കർഷകർ വില നൽകി വാങ്ങിയിരുന്നു. ജീവിത രീതിയിൽ വന്ന മാറ്റവും വിവിധ രൂപത്തിലുള്ള പ്ലാസ്റ്റിക് പാക്കിംഗ് മെറ്റീരിയലുകളും ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന വസ്തുക്കളുടെ വർദ്ധനവും മാലിന്യത്തിന്റെ സ്വഭാവത്തിലും അളവിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അതുവരെ നഗരസഭകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മാലിന്യ പ്രശ്നം പതുക്കെ പഞ്ചായത്തുകളിലേക്കും വ്യാപിച്ചു തുടങ്ങി. ഇതോടെ മാലിന്യ പ്രശ്നത്തിന് ഗ്രാമ – – നഗര വ്യത്യാസം ഇല്ലാതായി മാറി. മാലിന്യ ശേഖരണം നഗരസഭകളിൽ മാത്രമാണ് നടന്നിരുന്നത്. പൊതുയിടങ്ങളിൽ വരുന്ന മാലിന്യം ശേഖരിച്ച് നഗരസഭയുടെ ഡംബിങ് ഗ്രൗണ്ടിൽ (Dumping Ground) നിക്ഷേപിക്കൽ മാത്രമായിരുന്നു ചെയ്തുവന്നിരുന്നത്. ഈ മാലിന്യം ഡംബിങ് ഗ്രൗണ്ടിൽ നിന്നും കർഷകർ വിലനൽകി വാങ്ങുന്ന കീഴ്വഴക്കമായിരുന്നു തൊണ്ണൂറുകളുടെ അവസാനംവരെയും നടന്നുവന്നിരുന്നത്. എന്നാൽ മാലിന്യത്തിന്റെ സ്വഭാവത്തിലും അളവിലും മാറ്റം വന്നതും, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള കൂടിക്കലർന്ന മാലിന്യം (Mixed Waste) പൊതുയിടങ്ങളിലേക്ക് എത്തുന്നതിന്റെ അളവ് കൂടിയതും പ്രശ്നം കൂടുതൽ ഗുരുതരമാക്കി. ഇത് നഗരസഭകളുടെ മാലിന്യ പരിപാലനം സങ്കീർണതകളും വെല്ലുവിളികളും നിറഞ്ഞതാക്കി മാറ്റി.
ഈ പ്രശ്നത്തിലെ സംരംഭ സാധ്യത കുടുംബശ്രീ തിരിച്ചറിയുകയും അങ്ങനെയാരംഭിച്ച സംരംഭം വികസനത്തിന് തുടക്കംകുറിക്കുകയും ചെയ്തു. 2003–0-4ൽ തിരുവനന്തപുരം നഗരസഭയിൽ ക്ലീൻവെൽ എന്ന പേരിൽ കുടുംബശ്രീ മിഷൻ മാലിന്യ ശേഖരണ സംരംഭത്തിന് തുടക്കംകുറിച്ചു. തുടർന്ന് 2006–0-8 ആയപ്പോൾ ഈ സംരംഭമാതൃക 28 നഗരസഭകളിലേക്കുകൂടി വ്യാപിച്ചു. 28 നഗരസഭകളിലായി 850 കുടുംബശ്രീ പ്രവർത്തകർ ഈ രംഗത്തെ സംരംഭകരായി മുന്നോട്ടുവന്നു. നഗരസഭകളിൽനിന്നും പ്രത്യേക സാമ്പത്തിക സഹായമില്ലാതെ, SJSRY സ്‌കീമിന്റെ ഭാഗമായിട്ടുളള സൂക്ഷ്മസംരംഭങ്ങളായിരുന്നു അവ. 20 രൂപ യൂസർ ഫീസും ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്-വസ്തുക്കളുടെയും ഇതര സ്ക്രാപ്പുകളുടെയും പേപ്പറുകളുടെയും വില്പനയിൽനിന്നും ലഭിക്കുന്ന തുകയും മാത്രമായിരുന്നു വരുമാനം. ജൈവമാലിന്യം ഉൾപ്പെടെ ശേഖരിക്കുന്നതുകൊണ്ട് മാലിന്യ ശേഖരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഉപകരണങ്ങളും അതിവേഗം കേടാകുന്ന സ്ഥിതിയും ഉണ്ടായിരുന്നു. കുറഞ്ഞ വരുമാനവും ഉയർന്ന ചെലവും ഈ സംരംഭകരെ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചു.
ഈ കാലയളവിൽ കുടുംബശ്രീ മിഷനിൽ പ്രവർത്തിച്ചിരുന്ന ഈ ലേഖകന്റെ നേതൃത്വത്തിൽ ക്ലീൻവെൽ യൂണിറ്റുകളെക്കുറിച്ച് നടത്തിയ പഠനം ഈ സംരംഭത്തിന്റെ അവസ്ഥയും അത് നേരിടുന്ന സാമ്പത്തിക ബാധ്യതയും സംബന്ധിച്ച ചിത്രം പുറത്തു കൊണ്ടുവരാൻ സഹായിച്ചു. പ്രസ്തുത പഠന റിപ്പോർട്ട് അന്നത്തെ എൽഡിഎഫ് സർക്കാരിലെ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ മുന്നിൽ അവതരിപ്പിച്ചു. പഠനവിവരങ്ങൾ അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലിന് വഴിതെളിച്ചു. മാലിന്യ ശേഖരണ പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ അവസ്ഥ മെച്ചപ്പെടുത്താനും അവർക്ക് ആരോഗ്യ സുരക്ഷയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാനും സഹായിക്കുന്ന മാർഗ്ഗരേഖ തയ്യാറാക്കുന്നതിന് ഡോ. അജയകുമാർ വർമ്മ ചെയർമാനും ഡോ. വിജയകുമാർ, ഡോ. ശ്രീകുമാർ, എൻ.ജഗജീവൻ, ഇന്ദു എന്നിവർ അംഗങ്ങളുമായിട്ടുള്ള കമ്മിറ്റിക്ക് സർക്കാർ രൂപംനൽകി. മൂന്നു മാസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമ്മർപ്പിക്കണമെന്നും മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിർദ്ദേശം നൽകി.
സർക്കാർ നിർദ്ദേശിച്ച സമയപരിധിയിൽ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്ലീൻവെൽ യൂണിറ്റുകളുടെ പ്രവർത്തനത്തിന് വേണ്ടിവരുന്ന ചെലവിന്റെ 50% തുകയും ആരോഗ്യ സുരക്ഷാ ഉപാധികളും ഇൻഷുറൻസും നഗരസഭകൾ നൽകണമെന്ന് സർക്കാർ ഉത്തരവ് ഇറക്കി. ഇതോടെ മാലിന്യ ശേഖരണം കുറച്ചുകൂടി അംഗീകാരമുള്ള കുടുംബശ്രീ സംരംഭമായി മാറി. ഇത്തരമൊരു തൊഴിൽ സാധ്യത തൊഴിലെടുക്കുന്നവരുടെ ആരോഗ്യ –- സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ചുമതലയിൽ കൊണ്ടുവന്നു. ഈ സംരംഭകർക്കാവശ്യമായ സാമ്പത്തിക സഹായം, തൊഴിലിൽ ഉറപ്പാക്കേണ്ട ആരോഗ്യ സുരക്ഷ, സാമൂഹ്യസുരക്ഷ, തൊഴിലിട സുരക്ഷ എന്നിവ ലഭ്യമാക്കുന്നതിനും ഉറപ്പാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുന്ന സർക്കാർ മാർഗ്ഗരേഖയും 2010ൽ സർക്കാർ പുറത്തിറക്കി. ഇന്നത്തെ ഹരിതകർമ്മസേനയിലേക്ക് ഔപചാരികമായി വഴിതുറന്നത് പാലോളി മുഹമ്മദ് കുട്ടിയാണ്. ഹരിതകർമ്മസേനയെക്കുറിച്ച് എഴുതുമ്പോൾ അദ്ദേഹത്തെ കൂടി രേഖപ്പെടുത്താതിരിക്കാൻ കഴിയില്ല.
ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ പ്രശ്‌നത്തിന് പരിഹാരവഴികൾ തേടാൻ തുടങ്ങിയിരുന്നു. ചാലക്കുടി, ചിറ്റൂർ – തത്തമംഗലം മുനിസിപ്പാലിറ്റികളും, തിരുവനന്തപുരം കോർപ്പറേഷനും ചെമ്പിലോട്, കതിരൂർ, ഇരവിപേരൂർ പഞ്ചായത്തുകളും കുടുംബശ്രീയും കൂടി ചേർന്ന് 2005–-10 കാലഘട്ടത്തിൽ അവരുടേതായ സംവിധാനങ്ങൾ വികസിപ്പിച്ച് മാലിന്യ പ്രശ്‌നത്തിന് പരിഹാര വഴികൾ കണ്ടത്താൻ ശ്രമിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ ശ്രമങ്ങളും അനുഭവങ്ങളും കുടുംബശ്രീ ക്ലീൻവെൽ യൂണിറ്റുകളും ഇന്നത്തെ ഹരിതകർമ്മസേന രൂപപ്പെട്ടുവരുന്നതിൽ വലിയ സംഭാവന ചെയ്തിട്ടുണ്ട്.
2008-–10 കാലഘട്ടത്തിൽ മിക്ക നഗരസഭകളുടേയും ഡംബിങ് ഗ്രൗണ്ടിന് സമീപത്തെ ജനങ്ങൾ സമരങ്ങളിലേക്ക് നീങ്ങിയിരുന്നു. ഞെളിയൻപറമ്പ്, ശവകോട്ട, കുരീപ്പുഴ, ലാലൂർ, വിളപ്പിൽശാല എന്നിങ്ങനെ പട്ടിക നീളുന്നു. ഡംബിങ് ഗ്രൗണ്ടിൽ ജൈവ – അജൈവ പാഴ് വസ്തുക്കൾ കൂടിക്കലർന്ന് എത്തുന്ന മാലിന്യം ദുർഗന്ധം, ഈച്ച, ലീച്ചേറ്റ് തുടങ്ങിയ വിവിധ പ്രശ്‌നങ്ങൾക്ക് കാരണമായി. ഇത് എതിർപ്പിന്റെ ശക്തി വർധിപ്പിച്ചു. ഇതോടൊപ്പം പൊതുയിടങ്ങളും ജലാശയങ്ങളും മലീമസമാകാൻ തുടങ്ങി. ടൂറിസം, കൃഷി തുടങ്ങി ഓരോന്നിന്റെയും അവസ്ഥ മോശമാകാൻ തുടങ്ങി. പകർച്ചവ്യാധികൾ വ്യാപകമായി പടർന്നുപിടിച്ചു. കേരളത്തിന്റെ പൊതുവികസനത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമായി മാലിന്യം മാറിക്കഴിഞ്ഞിരുന്നു. വിളപ്പിൽ ശാല സമരത്തെ തുടർന്ന് 2010-–11 കാലഘട്ടത്തിൽ ഡോ. ആർ.വി.ജി. മേനോൻ ചെയർമാനായിട്ടുള്ള തിരുവനന്തപുരം നഗരസഭയുടെ മാലിന്യ പരിപാലന സാങ്കേതിക സമിതി, മാലിന്യ ശേഖരണ പരിപാലന സമീപനത്തിൽ മാറ്റം വരുത്താൻ നഗരസഭയോട് നിർദ്ദേശിക്കുകയും നഗരസഭ അത് നടപ്പാക്കാനാരംഭിക്കുകയും ചെയ്തു. അജൈവ മാലിന്യം മാത്രം വാതിൽപ്പടി ശേഖരണം നടത്തുകയും പരമാവധി ജൈവ മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന നിർദേശം. ഇതിന്റെ തുടർച്ചയായി പൈപ്പ് കമ്പോസ്‌റ്റ്, ബയോഗ്യാസ് തുടങ്ങിയ ഉപാധികൾ നഗരസഭ വിതരണം നടത്തുകയും ചെയ്തു.
ഈ മാറ്റം മാലിന്യ പരിപാലനത്തിൽ ഒരു വഴിത്തിരിവായിരുന്നു. എന്നാൽ കേരളത്തിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരത്തിലേക്ക് അപ്പോഴും എത്തിയിരുന്നില്ല. ആലപ്പുഴ എംഎൽഎ ആയിരുന്ന ഡോ. തോമസ് ഐസകിന്റെ നേതൃത്വത്തിൽ 2011-–13 കാലഘട്ടത്തിൽ ആലപ്പുഴയിൽ മാലിന്യ പ്രശ്നത്തിൽ ഇടപെടുന്നതിന് ഒരു ജനകീയ പരിപാടിക്ക് രൂപം നൽകി. കേരള ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (IRTC), തണൽ, സോഷ്യോ എക്കണോമിക് ഫൗണ്ടേഷൻ, പെലിക്കൺ ഫൗണ്ടേഷൻ, കേരള വെറ്ററിനറി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഈ രംഗത്ത് നടന്ന ചെറുതും വലുതുമായ എല്ലാ ഇടപെടലുകളും അനുഭവങ്ങളും സാങ്കേതികവിദ്യകളും പഠനവിധേയമാക്കി. അതിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വികേന്ദ്രീകൃത മാലിന്യ പരിപാലന രീതിക്ക് തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ തുടക്കംകുറിച്ചു. സാധ്യമായ ഇടങ്ങളിലെല്ലാം റിംഗ്/പൈപ്പ് കമ്പോസ്റ്റ്, പോർട്ടബിൾ ബയോഗ്യാസ് തുടങ്ങിയവയും ഇതിന് സാധ്യതയില്ലാത്തവർക്ക് കമ്മ്യൂണിറ്റി കമ്പോസ്റ്റിങ് യൂണിറ്റുകൾ എന്ന നിലയിൽ തുമ്പൂർമുഴി കമ്പോസ്റ്റിങ് പ്ലാന്റുകളും സ്ഥാപിച്ചു. മാലിന്യപരിപാലനം പരമാവധി ഉറവിടത്തിലാക്കുകയും കൃഷിയുമായി സംയോജിപ്പിക്കുകയും ചെയ്തു. ഉറവിട സംസ്‌കരണ യൂണിറ്റുകളുടെ പരിപാലനത്തിനുള്ള സഹായം കുടുംബശ്രീ സംരംഭകരുടെ തൊഴിലിന്റെ ഭാഗമാകുകയും ചെയ്തു.
മാലിന്യ പരിപാലനത്തിന്റെ സാങ്കേതികവിദ്യയിലും നടത്തിപ്പ് രീതിയിലും കൊണ്ടുവന്ന ഈ മാറ്റം മാലിന്യ ഉല്പാദകരിൽ ഉത്തരവാദിത്വബോധം വളർത്തുന്നതിനും ഉറവിടത്തിൽ തരംതിരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനും സഹായിച്ചു. ഇതോടൊപ്പം ഈ തൊഴിലിന്റെ സാമൂഹ്യ അംഗീകാരവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന പൊതു ചിന്ത വളർത്താനും സഹായിച്ചു . ഈ അനുഭവങ്ങളും തിരുവനന്തപുരം നഗരസഭയുടെ തനത് അനുഭവങ്ങളും സമന്വയിപ്പിച്ച് തിരുവനന്തപുരം നഗരസഭയിലും വികേന്ദ്രീകൃത മാലിന്യ പരിപാലനത്തിനുള്ള ക്യാമ്പയിന് തുടക്കംകുറിച്ചു. ഇത്തരം ഇടപെടലുകൾ കേരളത്തിലെ മാലിന്യ പ്രശ്‌നപരിഹാരത്തിന് ജനകീയ ഇടപെടലാണ് അനിവാര്യമെന്ന ചർച്ചയ്ക്ക് അരങ്ങൊരുക്കി. ഇതിന്റെ തുടർച്ചയായി കേരളത്തിലെ മാലിന്യ പ്രശ്നത്തിൽ ഇടപെടുന്നതിനുള്ള ജനകീയ ശുചീകരണ പരിപാടിക്ക് സിപിഐ എം തുടക്കംകുറിച്ചു. 2015 ൽ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന പഠന കോൺഗ്രസ്സിൽ മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി പ്രത്യേക സെഷൻ ഉൾപ്പെടുത്തുകയും ചെയ്തു. ഈ പഠന കോൺഗ്രസിൽനിന്നും ലഭിച്ച ശുപാർശകളെയും സംസ്ഥാനത്ത് നടന്ന ഒറ്റപ്പെട്ട ഇടപെടലുകളെയും അനുഭവങ്ങളെയും അടിസ്ഥാനപ്പെടുത്തി കേരളത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള മൂർത്തമായ നിർദ്ദേശങ്ങൾ 2016 ലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും മുന്നോട്ടുവച്ച മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരുന്നു. വികേന്ദ്രീകൃതവും സംയോജിതവുമായ മാലിന്യ പരിപാലന രീതി എന്നതായിരുന്നു പൊതുതത്വമായി അംഗീകരിച്ചത്. ഇതിന്റെ പ്രാഥമിക തലം, ഉറവിടത്തിൽ തരംതിരിച്ച് വാതിൽപ്പടി ശേഖരണം നടത്തുന്നതിനുള്ള സംവിധാനവും പരമാവധി വിഭവ വീണ്ടെടുക്കൽ നടത്തുന്ന തരത്തിലുള്ള സാമ്പത്തിക പ്രവർത്തനവുമായി മാലിന്യ പരിപാലന രീതിയെ മാറ്റുക എന്നതായിരുന്നു.
കേരളത്തിൽ നടന്ന ഇടപെടലുകളിൽനിന്നും ലഭിച്ച പാഠങ്ങൾ
• മാലിന്യം ശേഖരിക്കുന്നതിന് വീടുകളിൽനിന്ന് ‘യൂസർ ഫീ’ ഈടാക്കാം എന്ന വലിയൊരു ആശയത്തെ ആദ്യമായി കേരളീയ പൊതുബോധത്തിൽ പ്രതിഷ്ഠിച്ചത് ക്ലീൻവെൽ യൂണിറ്റുകളാണ്. മാലിന്യ ശേഖരണം ഒരു ഉപജീവന മാർഗ്ഗമാക്കാമെന്ന് ഇത് തെളിയിച്ചു.
• ക്ലീൻവെൽ യൂണിറ്റുകൾ ഭൂരിഭാഗവും ജൈവ-– അജൈവ മാലിന്യങ്ങൾ ഒരുമിച്ച് (Mixed Waste) ശേഖരിച്ചിരുന്നതിനാൽ അവയുടെ അന്തിമ സംസ്കരണം വലിയ പ്രതിസന്ധിയിലായി.
• സംസ്ഥാനതലത്തിൽ വ്യവസ്ഥാപിതമായ പുനരുപയോഗ/പുനഃചംക്രമണ ശൃംഖലയുടെ കുറവുകളും കൃത്യമായ നിയമ പരിരക്ഷയുടെ അഭാവവുംമൂലം ക്ലീൻവെൽ യൂണിറ്റുകളും തനത് ഇടപെടലുകൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രതിസന്ധിയിലായി.
• അജൈവ മാലിന്യങ്ങൾമാത്രം തരംതിരിച്ച് ശേഖരിക്കുകയും ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുകയും ചെയ്താൽ വിഭവ വീണ്ടെടുപ്പും, ആദായകരമായൊരു സാമ്പത്തിക പ്രവർത്തനമാക്കിമാറ്റാമെന്നതും അനുഭവത്തിൽനിന്നും രൂപപ്പെട്ട ആശയമാണ‍്.
• മാലിന്യ ഉല്പാദകരോടൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും/ സർക്കാരും മാലിന്യ പരിപാലനത്തിനുളള സാമ്പത്തിക ബാധ്യത പങ്കിടണം എന്ന ആശയവും കൃത്യമായി രൂപപ്പെട്ടു.
• മാലിന്യ പരിപാലനം ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ നടപ്പാക്കാൻ വിപുലമായ ജനപങ്കാളിത്തം അനിവാര്യമാണെന്നും ഈ ഇടപെടലുകൾ തെളിയിച്ചു.
നവകേരളം കർമ്മപദ്ധതി
2016 ൽ അധികാരത്തിൽവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നവകേരളം കർമ്മപദ്ധതിക്ക് രൂപം നൽകി. ഇതിലെ മുഖ്യഘടകമായിരുന്നു കേരളത്തിന്റെ ജലവിഭവവികസനം, കൃഷി വീണ്ടെടുക്കൽ, മാലിന്യ പരിപാലനം എന്നിവ. ഇവ മൂന്നും സമന്വയിപ്പിച്ചുകൊണ്ട് ‘വെള്ളം വൃത്തി വിളവ്’ എന്ന സമവാക്യത്തിലൂന്നി ഹരിതകേരളം മിഷന് രൂപംനൽകി. മാലിന്യ പരിപാലന രംഗത്ത് നടന്ന എല്ലാ അനുഭവങ്ങളും, അതായത് സംരംഭമാതൃകകൾ, കുടുംബശ്രീ ക്ലീൻവെൽ യൂണിറ്റുകൾ, ഡോ. അജയകുമാർ വർമ്മയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ക്ലീൻവെൽ യൂണിറ്റുകളുടെ പഠന റിപ്പോർട്ട് എന്നിവയിൽനിന്നെല്ലാം ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മാലിന്യ പരിപാലനത്തിനുള്ള മാർഗ്ഗരേഖ തയാറാക്കി. ഇതിലെ മുഖ്യഘടകം ഹരിതകർമ്മസേനയുടെ രൂപീകരണവും അതിന്റെ സംരംഭ മാതൃകയും ആയിരുന്നു. തദ്ദേശ സ്വയംഭരണവകുപ്പ്, ഹരിതകേരള മിഷൻ, കുടുംബശ്രീ മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സംയോജിത പ്രവർത്തനത്തിലൂടെയാണ് ഇന്ന് കാണുന്ന ഹരിതകർമ്മസേന രൂപംകൊണ്ടത്. ഹരിതകേരള മിഷനും ശുചിത്വമിഷനും കുടുംബശ്രീയും സംയുക്തമായി നടത്തിയ പഠനത്തിൽനിന്നാണ് ഹരിതകർമ്മസേനാംഗങ്ങളുടെ എണ്ണം പഞ്ചായത്ത് വാർഡിൽ 2 ഉം മുനിസിപ്പാലിറ്റി ഡിവിഷനുകളിൽ 4-6 ഉം കോർപ്പറേഷൻ ഡിവിഷനുകളിൽ 10 ഉം ആയി നിശ്ചയിച്ചത്. ഇതോടൊപ്പം 4 മുതൽ -10 വരെ അംഗങ്ങൾ ഉൾക്കൊള്ളുന്ന സംരംഭക ഗ്രൂപ്പിനെയും അതിന്റെ പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഹരിത കർമ്മസേനാ കൺസോർഷ്യം ഉൾക്കൊള്ളുന്ന ഹരിതകർമ്മസേന സംരംഭ സംവിധാനത്തിന് രൂപംനൽകിയത്. നിലവിൽ കുടുംബശ്രീ സംരംഭങ്ങളുടെ രജിസ്ട്രേഷൻ പിന്തുടരുന്ന രീതിയിൽ കുടുംബശ്രീ സി.ഡി.എസ്സുകളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രവർത്തനരീതിയും വികാസവും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ മിഷൻ, ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, ക്ലീൻ കേരള കമ്പനി, ഹരിതസഹായ സ്ഥാപനങ്ങൾ എന്നിവയുടെ സംയോജിത പ്രവർത്തനത്തിലൂടെയാണ് ചുരുങ്ങിയ സമയംകൊണ്ട് കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതകർമ്മസേനാ ഗ്രൂപ്പുകൾ രൂപീകരിച്ചത്. നമുക്ക് വേണ്ടത്ര പരിചിതമല്ലാത്ത മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം, യൂസർ ഫീ നൽകൽ എന്നിവ പൊതുബോധമാക്കുന്നതിന് വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ വേണ്ടിവന്നു. ഹരിതകർമ്മസേനയ്ക്ക് യൂസർ ഫീസ് നൽകുന്നതിനും മാലിന്യം തരംതിരിച്ച് കൈമാറുന്നതിനും തുടക്കത്തിൽ ചിലർ തയ്യാറായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന വിപുലമായ ക്യാമ്പയിനുകളും ഹരിതകർമ്മസേനാംഗങ്ങൾ വീടുകൾ സന്ദർശിച്ച് മുഖാമുഖം നടത്തിയ ആശയപ്രചാരണവുമാണ് എതിർപ്പുകളുടെ തീവ്രത കുറച്ചത്. യൂസർഫീസ് നൽകിക്കൊണ്ടും ഉറവിടത്തിൽ തരംതിരിച്ചുകൊണ്ടും മാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് നൽകുന്നതിനെ എതിർത്ത് നവമാധ്യമങ്ങളിലും മറ്റ് പത്രമാധ്യമങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളും പ്രതിഷേധങ്ങളും ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഉൾപ്പെടെ ഭരണനേതൃത്വത്തിലുള്ള എല്ലാവരുടെയും ശക്തമായ ഇടപെടലും മുഖ്യ പത്ര- –ദൃശ്യ മാധ്യമങ്ങളുടെ പിന്തുണയും എതിർപ്പുകളെ അതിജീവിക്കാൻ സഹായിച്ചു. ഇതോടൊപ്പം സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, എൻഎസ്എസ്, എൻസിസി തുടങ്ങിയ സംഘടനകളും ഹരിതകർമ്മസേനയുടെ സേവനത്തിന്റെ മഹത്വവും പ്രാധാന്യവും ബഹുജനങ്ങളിലേക്ക് എത്തിക്കാൻ ക്യാമ്പയിൻ നടത്തിയിരുന്നു. ഹരിതകർമ്മസേനയ്ക്ക് നിരന്തരം നൽകിയ പരിശീലനങ്ങളും തൊഴിൽ നൈപുണ്യ വികസനവും ഈ ഹരിത സെെന്യത്തിന് ലഭിക്കുന്ന പിന്തുണയും സഹായങ്ങളും കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചു. തുടക്കത്തിൽ കേവലം പ്ലാസ്റ്റിക്കും ഇതര അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിലും മാത്രം ഒതുങ്ങിനിന്ന സേന, ഇന്ന് അത്യാധുനിക സാങ്കേതികവിദ്യയും വ്യവസ്ഥാപിത ഘടനയുമുള്ള ഒരു പ്രൊഫഷണൽ സംവിധാനമായി വികസിച്ചിരിക്കുന്നു. ഇവർ പ്രവർത്തിക്കുന്നത് കൃത്യമായ ഒരു ശൃംഖലയിലൂടെയാണ് (Supply Chain Management): വളരെ ശക്തവും വ്യവസ്ഥാപിതവുമായ ഒരു സംരംഭമായി ഇന്നിത് വളർന്നുകഴിഞ്ഞു.
• വാതിൽപ്പടി ശേഖരണം: മാസത്തിലൊരിക്കലോ അല്ലെങ്കിൽ നിശ്ചിത ഇടവേളകളിലോ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കഴുകിയുണക്കിയ പ്ലാസ്റ്റിക്, ഗ്ലാസ്, ഇലക്ട്രോണിക് അവശിഷ്ടങ്ങൾ (E–-waste), ചെരുപ്പ്, തുണി തുടങ്ങിയവ ശേഖരിക്കുന്നു.
• യൂസർ ഫീ (User Fee): സേവനത്തിനുപകരമായി വീടുകളിൽനിന്നും (പ്രതിമാസം 50 രൂപ –-70 രൂപ) സ്ഥാപനങ്ങളിൽനിന്നും (കുറഞ്ഞത് 100 രൂപ,- അളവിന് അനുസരിച്ച് ഉയർന്ന നിരക്ക്) നിയമപരമായ യൂസർ ഫീ ഈടാക്കുന്നു. ഇത് സേനാംഗങ്ങളുടെ സുസ്ഥിരമായ വരുമാനം ഉറപ്പാക്കുന്നു.
• മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF): വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലുള്ള മിനി MCFകളിൽ എത്തിക്കുന്നു.
• റിസോഴ്സ് റിക്കവറി ഫെസിലിറ്റി (RRF): MCF-ൽ എത്തുന്ന മാലിന്യങ്ങൾ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച്, പ്ലാസ്റ്റിക്കുകൾ ബെയിൽ (Bale) ചെയ്യാനും പൊടിക്കാനും (Shredding) RRF-ലേക്ക് മാറ്റുന്നു. ( ഇപ്പോൾ MCF ൽ തന്നെ ഇതിനുള്ള സംവിധാനം ഉണ്ട്)
• ക്ലീൻ കേരള കമ്പനി (Clean Kerala Company): റീസൈക്ലിംഗിനായി ഇത്തരത്തിൽ വേർതിരിക്കുന്ന അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുകയും പുനഃചംക്രമണം ചെയ്യാൻ പറ്റുന്നത് ബന്ധപ്പെട്ട കമ്പനികൾക്കും അതിന് സാധ്യമല്ലാത്തവ പൊടിച്ച് റോഡ് ടാറിംഗിനും മറ്റും കൈമാറുകയും ചെയ്യുന്നു.
• കലണ്ടർ പ്രകാരം ശേഖരിക്കുന്ന ഇതര വസ്തുക്കൾ (ഗ്ലാസ്, തുണി, ഇലക്ട്രോണിക് മാലിന്യങ്ങൾ etc) നിശ്ചിത ഇടവേളകളിൽ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. പുനഃ ചംക്രമണം സാധ്യമായ ഇലക്ട്രോണിക് മാലിന്യം വീടുകളിൽ നിന്നും വിലനൽകി ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്കോ സർക്കാർ അംഗീകൃത ഏജൻസിക്കോ കൈമാറുന്നു.
• ജൈവമാലിന്യ പരിപാലനം: ജൈവമാലിന്യ പരിപാലനവും ഹരിതകർമ്മസേനയുടെ മറ്റൊരു സേവനമാണ്. വീടുകൾക്കും സ്ഥാപനങ്ങൾക്കും ഉറവിട ജൈവമാലിന്യ പരിപാലന സംവിധാനം പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക സഹായം നൽകൽ, ഇനോക്കുലം എത്തിക്കൽ, ഇത്തരം ഉപാധികൾക്കുണ്ടാകുന്ന തകരാറുകൾ പരിഹരിക്കൽ, കമ്പോസ്‌റ്റ് ആവശ്യമില്ലാത്തവരിൽനിന്നും അത് തിരികെ ശേഖരിക്കൽ, വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ജൈവമാലിന്യം ശേഖരിച്ച് പൊതു ജൈവമാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ എത്തിക്കൽ , പൊതു ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നടത്തിപ്പ് തുടങ്ങിയ സേവനങ്ങളും യൂസർഫീസിന്റെ അടിസ്ഥാനത്തിൽ ചെയ്തുവരുന്നു. മാത്രമല്ല പ്രത്യേക പരിപാടികളുടെ ഭാഗമായി (ഉദാ: വിവാഹം, പ്രത്യേക ആഘോഷങ്ങൾ etc) ഉണ്ടാകുന്ന ജൈവമാലിന്യം ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ പ്രത്യേക യൂസർഫീസിന്റെ അടിസ്ഥാനത്തിൽ ശേഖരിച്ച് സംസ്‌കരിക്കുന്നുമുണ്ട്.
• ഒരു സമഗ്ര ഹരിത തൊഴിൽ സംരംഭം: മാലിന്യ പരിപാലനരംഗത്ത് സമ്പൂർണ സേവനം നൽകുന്ന ഒരു സമഗ്ര ഹരിത തൊഴിൽ സംരംഭമായി ഹരിതകർമ്മസേന വികസിച്ചു വരുന്നു.
• സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം:
ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഹരിതകർമ്മസേനയുടെ പ്രവർത്തനം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. വീടുകളിൽ QR കോഡ് പതിപ്പിച്ച്, മൊബൈൽ ആപ്ലിക്കേഷൻ വഴി മാലിന്യശേഖരണവും യൂസർ ഫീ ശേഖരണവും ഇനോക്കുലം വിതരണവും കൃത്യമായി ട്രാക്ക് ചെയ്യുന്ന സംവിധാനം ഇന്ന് സമ്പൂർണതയിലേക്ക് എത്തുന്നു. എല്ലാ വിഭാഗം മാലിന്യങ്ങളുടേയും അളവും സ്വഭാവവും കൂടാതെ ഉറവിടം മുതൽ അന്തിമ പരിപാലനയിടം വരെയുള്ള മാലിന്യത്തിന്റെ യാത്രയും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലേക്ക് ഡിജിറ്റൽ മോണിട്ടറിംഗ് സംവിധാനം വികസിക്കുന്നു. മാലിന്യത്തിന്റെ ഈ ട്രാക്കിംഗ് സംവിധാനത്തിന്റെ മുഖ്യവും പ്രാഥമികവുമായ ഭാഗം കൈകാര്യം ചെയ്യുന്നതും ഹരിതകർമ്മസേനയാണ്. ചുരുക്കത്തിൽ, കേരളത്തിലുണ്ടാകുന്ന മാലിന്യത്തിന്റെ അളവ്, സ്വഭാവം, സംസ്‌കരണ രീതി തുടങ്ങി എല്ലാ വിവരങ്ങളും ഉറവിടത്തിൽനിന്നും സംസ്ഥാനത്തെ ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് ലഭ്യമാക്കുന്ന ഏജൻസിയായും ഹരിതകർമ്മസേന പ്രവർത്തിക്കുന്നു.
മാറ്റത്തിന്റെ ഹരിതമുദ്രകൾ
കേരളത്തിന്റെ പൊതുജീവിതത്തിലും പരിസ്ഥിതിയിലും ഹരിതകർമ്മസേന വരുത്തിയ സവിശേഷവും വിപ്ലവകരവുമായ മാറ്റങ്ങൾ ഇവയാണ്:
• നാടിനെ കാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ദൗത്യസംഘം: ഒരുകാലത്ത് നമ്മുടെ ജലാശയങ്ങളെയും കൃഷിയിടങ്ങളെയും ശ്വാസംമുട്ടിച്ചിരുന്ന ടൺ കണക്കിന് പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ് ഇന്ന് ഹരിതകർമ്മസേനയുടെ ഇടപെടലിലൂടെ കൃത്യമായി ശേഖരിക്കപ്പെടുന്നത്. കൊതുകുജന്യ രോഗങ്ങൾ തടയുന്നതിലും പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിലും ഈ ശുചീകരണ ദൗത്യസംഘത്തിന് വലിയ പങ്കുണ്ട്.
• റോഡ് നിർമ്മാണത്തിലെ ഹരിതവിപ്ലവം: ഹരിത സേന ശേഖരിച്ച്, ക്ലീൻ കേരള കമ്പനി പൊടിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഇന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡ് ടാറിംഗിനായി (Plastic Blended Bitumen) വ്യാപകമായി ഉപയോഗിക്കപ്പെടുത്തുന്നു. നമ്മുടെ വീടുകളിൽ നിന്ന് പുറന്തള്ളിയ പ്ലാസ്റ്റിക് ഇന്ന് നമ്മൾ നടക്കുന്ന റോഡുകൾക്ക് കരുത്തേകുന്നു എന്നത് ചെറിയൊരു സംഭാവനയല്ല. ഇത് റോഡുകളുടെ ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
• കാർബൺ പാദമുദ്ര: മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ കത്തിക്കുന്നതുവഴി വായുവിൽ കലർന്നിരുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കാൻ ഹരിതകർമ്മസേനയ്ക്കായി. ഇത് ആഗോളതാപനത്തിനും വായുമലിനീകരണത്തിനുമെതിരെയുള്ള കേരളത്തിന്റെ പ്രാദേശിക പ്രതിരോധമാണ്. ഈ പ്രതിരോധ പ്രവർത്തനത്തിലെ മുഖ്യ ഏജൻസിയാണ് ഹരിതകർമ്മസേന.
• സാമ്പത്തിക ശാസ്ത്രത്തിലെ ‘പൊല്യൂട്ടർ പേയ്സ്’ തത്വം: മാലിന്യസംസ്കരണം എന്നത് സർക്കാരിന്റെമാത്രം ബാധ്യതയാണെന്ന തെറ്റായ പൊതുബോധത്തെ തിരുത്താൻ ഹരിതകർമ്മസേനയ്ക്ക് കഴിഞ്ഞു. മാലിന്യം ഉത്പാദിപ്പിക്കുന്നവർതന്നെ അതിന്റെ സംസ്കരണത്തിനുള്ള ചെലവുവഹിക്കണം എന്ന അന്താരാഷ്ട്ര പരിസ്ഥിതി സാമ്പത്തികശാസ്ത്ര തത്ത്വം കേരളത്തിൽ സമൂഹത്തിന്റെ താഴേത്തട്ടിൽ എത്തിക്കാനും നടപ്പിലാക്കാനും ഹരിതകർമ്മസേനയുടെ പ്രവർത്തനത്തിന് കഴിഞ്ഞു.
• ഉറവിടത്തിൽ തരംതിരിക്കൽ: മാലിന്യ പരിപാലനത്തിൽ മുഖ്യഘടകമാണ് ഉറവിടത്തിൽ തരംതിരിക്കൽ. ഹരിതകർമ്മസേനയുടെ വാതിൽപ്പടി ശേഖരണ പ്രക്രിയയിൽ വീടുകളിലെത്തി നിരന്തരം മുഖാമുഖം കണ്ട് തരംതിരിച്ചതുമാത്രം എടുക്കുകയും അല്ലാത്തവ എടുക്കാതിരിക്കുകയും ചെയ്യുന്ന രീതി ഉറവിടത്തിൽ തരംതിരിക്കണമെന്നത് സമൂഹത്തിന്റെ പൊതുബോധമാക്കി മാറ്റാൻ സഹായിച്ചു.
• പുനഃചംക്രമണ വ്യവസായം: കേരളത്തിൽ പുനഃചംക്രമണ വ്യവസായത്തിന് ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കൾ കിട്ടുമെന്നത് റീസൈക്ലിംഗ് വ്യവസായികളെ ആകർഷിക്കുന്നു. ഈ മേഖലയിലേക്ക് പുതിയ സംരംഭകർ കടന്നുവരുന്നു
• EPR, കാർബൺക്രഡിറ്റ് തുടങ്ങിയ ഫണ്ടുകളുടെ ലഭ്യതക്ക് വഴിതുറന്നു
നൂതനമായ ഇടപെടലുകൾ
കാലഘട്ടത്തിനനുസരിച്ച് ഹരിതകർമ്മസേന തങ്ങളുടെ പ്രവർത്തനമണ്ഡലം കേവലം പ്ലാസ്റ്റിക്കിന്റെയും മറ്റ് അജൈവ മാലിന്യങ്ങളുടെയും ശേഖരണത്തിനപ്പുറം വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്:
• ഹരിത ചട്ട പരിപാലനം: നാട്ടിലെ വലിയ ഉത്സവങ്ങൾ, കായിക മേളകൾ, വിവാഹങ്ങൾ, ഔദ്യോഗിക യോഗങ്ങൾ എന്നിവ പൂർണ്ണമായും ഡിസ്പോസിബിൾവിമുക്തമാക്കി മാറ്റുന്നതിൽ സേനാംഗങ്ങൾ നിർണ്ണായക പങ്കുവഹിക്കുന്നു. ഇവർ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പാത്രങ്ങളും ഗ്ലാസുകളും വാടകയ്ക്ക് നൽകുന്ന ‘ഗ്രീൻ കിയോസ്കുകൾ’ വരെ നടത്തുന്നുണ്ട്.
• വിലപിടിപ്പില്ലാത്ത പ്ലാസ്റ്റിക്കുകളുടെ പരിപാലനം: റീസൈക്ലിൾ ചെയ്യാൻ ബുദ്ധിമുട്ടുള്ള മിഠായി കവറുകൾ, ചിപ്സ് കവറുകൾ (Multi-layered plastics) എന്നിവപോലും കൃത്യമായി ശേഖരിച്ച് സിമന്റ് ഫാക്ടറികളിലെ ചൂളകളിൽ ഇന്ധനമായി (Co-processing in Cement Kilns) ഉപയോഗിക്കാൻ ക്ലീൻ കേരള കമ്പനി വഴി ഇവർക്ക് സാധിക്കുന്നു.
• ഹരിത കടകൾ: പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കുപകരം തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണ യൂണിറ്റുകളും പരിസ്ഥിതിസൗഹൃദ ഉൽപ്പന്നങ്ങൾ വിൽക്കുന്ന യൂണിറ്റുകളും ആരംഭിച്ചുവരുന്നു.
• സ്വാപ്പ് ഷോപ്പുകൾ: ആളുകൾ തങ്ങൾക്ക് ഉപയോഗമില്ലാതെ മാറ്റിവയ്ക്കുന്നവയും എന്നാൽ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കുന്നതുമായ വസ്തുക്കൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകുന്ന സ്വാപ് ഷോപ്പുകൾ (Swap shop) ഹരിതകർമ്മസേനയുടെ പ്രവർത്തനത്തിന്റെ ഭാഗമായി വരുന്നു
• ഇ–മാലിന്യവും മറ്റ് അപകടകരമായ പാഴ് വസ്തുക്കളും ശേഖരിക്കൽ: ട്യൂബ് ലൈറ്റുകൾ, ബാറ്ററികൾ, മറ്റ് ഇലക്ട്രോണിക് അവശിഷ്ടങ്ങൾ , ഉപയോഗശൂന്യമായ മരുന്നുകൾ (Expiry Medicines) എന്നിവ പ്രത്യേക ക്യാമ്പയിനുകളിലൂടെ ശേഖരിച്ച് ശാസ്ത്രീയ സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. പുനഃചംക്രമണ സാധ്യമായ ഇ – മാലിന്യം വില നൽകിയാണ് വീടുകളിൽ നിന്നും ശേഖരിക്കുന്നത്.
• കൃഷി: ശേഖരിക്കുന്ന ജൈവമാലിന്യം കമ്പോസ്‌റ്റാക്കി കൃഷിക്കായി ഉപയോഗിക്കുന്ന ഗ്രൂപ്പുകളുമുണ്ട്. മാലിന്യ സംസ്‌കരണം കൃഷിയുമായി ബന്ധപ്പെടുത്തി വരുമാന സാധ്യത കണ്ടെത്തുന്ന ഗ്രൂപ്പുകളുമുണ്ട്.
വരുമാനവും അവസ്ഥയും
ഇന്ന് കേരളത്തിലെ ഏതാണ്ടെല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനുകളിലും ഹരിതകർമ്മസേന സജീവമായി പ്രവർത്തിക്കുന്നുണ്ട്.
• 1,034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 38355- ലധികം ഹരിതകർമ്മസേനാംഗങ്ങളാണ് ഇന്ന് സേവനമനുഷ്ഠിക്കുന്നത്.4306 മൈക്രോ സംരംഭങ്ങളും 1138 കൺസോർഷ്യങ്ങളുമായി വിപുലമായ ഹരിത തൊഴിൽ സംരംഭ ശൃംഖലയായി ഹരിതകർമ്മസേന മാറി കഴിഞ്ഞു.
• പ്രതിമാസം പതിനായിരം ടണ്ണിലധികം പാഴ് വസ്തുക്കൾ ഇവർ ശേഖരിക്കുന്നു . പ്രതിവർഷം ഒന്നരലക്ഷം ടണ്ണിലധികം അജൈവ മാലിന്യമാണ് കത്തിക്കപ്പെടുകയോ പുഴകളിൽ തള്ളപ്പെടുകയോ ചെയ്യാതെ ഇവരുടെ കൈകളിലൂടെ റീസൈക്ലിംഗ് / പരിപാലന കേന്ദ്രങ്ങളിൽ എത്തുന്നത്. ഇതിലൂടെ തടയാൻ കഴിയുന്ന കാർബൺ എമിഷനും പാരിസ്ഥിതികത്തകർച്ചയും കണക്കിലെടുത്താൽ, ലോകത്ത് ജനകീയവും വികേന്ദ്രീകൃതവുമായി നടക്കുന്ന ഏറ്റവും വലിയ ക്ലൈമറ്റ് ആക്ഷനായി ഹരിതകർമ്മസേനയുടെ പ്രവർത്തനം മാറുന്നു.
• 50% ഹരിതകർമ്മസേനാംഗങ്ങളും 10000 നും 25000 നും ഇടയിൽ വരുമാനമുള്ളവരാണ്. 5000-–10000 വരുമാനമുള്ളവർ 41% വും 5000ത്തിനു താഴെ വരുമാനമുളളവർ 5% വും ആണ്. ഇത് പ്രധാനമായും വളരെ ഗ്രാമസ്വഭാവമുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ മാത്രമാണ്.
• മാലിന്യ ശേഖരണവും ശാസ്‌ത്രീയ പരിപാലനവും നന്നായറിയാവുന്ന ഹരിതകർമ്മസേന ഗ്രൂപ്പ് ഒരു സ്ഥാപന സംവിധാനമായി വളർന്നുകഴിഞ്ഞു.
ഹരിത തൊഴിലും സ്ത്രീശക്തിയും
അക്കാദമിക് തലത്തിൽ പരിശോധിക്കുമ്പോൾ ഹരിതകർമ്മസേന എന്നത് പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വലിയൊരു സാമൂഹിക മൂലധനനിർമ്മിതി കൂടിയാണ്:
• ഹരിത തൊഴിൽ: സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പതിനായിരക്കണക്കിന് സ്ത്രീകൾക്ക് അന്തസ്സുള്ളതും സുരക്ഷിതവുമായ തൊഴിലും കൃത്യമായ വരുമാനവും ലഭ്യമാക്കുന്ന സംരംഭമായി ഇത് മാറിക്കഴിഞ്ഞു.
• അംഗീകാരവും അന്തസ്സും: ഒരുകാലത്ത് ‘മാലിന്യം എടുക്കുന്നവർ’ എന്ന് വിവേചനത്തോടെ കണ്ടിരുന്ന അവസ്ഥയിൽനിന്നും, ഹരിതവർണ്ണമുള്ള യൂണീഫോമും തിരിച്ചറിയൽ കാർഡും സ്മാർട്ട് ഫോണുകളുമായി എത്തുന്ന ഇവരെ ഇന്ന് സമൂഹം ‘പരിസ്ഥിതി സംരക്ഷകർ’ എന്ന നിലയിൽ ആദരവോടെയാണ് കാണുന്നു. സ്ത്രീകളുടെ നേതൃപാടവവും ആത്മവിശ്വാസവും ഉയർത്താൻ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു. പല പുതിയ സ്ഥാപനങ്ങളുടെയും ഉദ്ഘാടകരും സ്കൂൾ / കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാലിന്യ പരിപാലന ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തുന്ന റിസോഴ്സ് പേഴ്സൺമാർ എന്നീ നിലകളിലേക്കു കൂടി ഇവർ ഉയർന്നു കഴിഞ്ഞു.
• തൊഴിലിന്റെ വിവേചനം മാറി: തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വവും കുടുംബശ്രീ സാമൂഹ്യ സംഘടനാ സംവിധാനം നൽകുന്ന പിന്തുണയും അയൽക്കൂട്ട പ്രവർത്തനം നൽകിയ സാമൂഹ്യശേഷികളും ആത്മവിശ്വാസവും വിവിധ സാമൂഹ്യ – സാമ്പത്തിക വിഭാഗങ്ങളിലുൾപ്പെട്ടവരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമെല്ലാം ഹരിത കർമ്മസേനാംഗമായി വരാൻ പ്രേരിപ്പിച്ചു. ഇങ്ങനെ വ്യത്യസ്ത വിഭാഗങ്ങളുടെ പങ്കാളിത്തം തൊഴിലിന്റെ സാമൂഹ്യ പദവി ഉയർത്താൻ സഹായകമായി
കേരളത്തിന്റെ ഹരിതകർമ്മസേനയുടെ
സവിശേഷതകൾ
മറ്റ് സംസ്ഥാനങ്ങളിലെ മാലിന്യനിർമ്മാർജ്ജന പദ്ധതികളിൽ മാലിന്യ ശേഖരണം നടത്തുന്ന വനിതാ സ്വയംസഹായ സംഘങ്ങളിൽ നിന്നും കേരളത്തിന്റെ ഹരിതകർമ്മസേനയെ വേറിട്ടുനിർത്തുന്ന ചില പ്രത്യേകതകളുണ്ട്:
• പൂർണ്ണമായും സ്ത്രീ പങ്കാളിത്തം: കുടുംബശ്രീ വഴി സംഘടിപ്പിക്കപ്പെട്ട സ്ത്രീകളുടെ കൂട്ടായ്മയായതിനാൽ ഇതിന് ഉയർന്ന സാമൂഹിക കർത്തവ്യബോധവും വിശ്വാസ്യതയുമുണ്ട്.
• നിയമപരമായ പരിരക്ഷ: കേരള പഞ്ചായത്ത്- നഗരപാലിക നിയമവും തദ്ദേശ സ്ഥാപനങ്ങൾ പാസാക്കിയ ബൈ-ലോയുംപ്രകാരം വീടുകളും സ്ഥാപനങ്ങളും ഹരിതകർമ്മസേനയ്ക്ക് മാലിന്യം നൽകാനും യൂസർ ഫീ നൽകാനും ബാധ്യസ്ഥരാണ്. ഇത് പദ്ധതിക്ക് നിയമപരമായ അടിത്തറ നൽകുന്നു. ഹരിതകർമ്മസേനയെ അംഗീകരിക്കുന്നു.
• ഉറവിടത്തിൽ തരംതിരിക്കൽ: കൂടിക്കലർന്ന മാലിന്യങ്ങൾ (Mixed Waste) ശേഖരിക്കുന്നതിനുപകരം കൃത്യമായി തരംതിരിച്ച മാലിന്യങ്ങൾ മാത്രം ശേഖരിക്കുന്നതിലൂടെ പ്രോസസ്സിംഗ് എളുപ്പമാക്കുന്നു.
• ഹരിതചട്ട സേവനദാതാക്കൾ: മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുളള സവിശേഷ സേവനങ്ങൾകൂടി നൽകുന്ന സംരംഭക ഗ്രൂപ്പാണ് നമ്മുടെ ഹരിതകർമ്മസേന. കൂടാതെ തുണി, റബ്ബർ തുടങ്ങി വിവിധ പാഴ് വസ്തുക്കളിൽ നിന്നും മൂല്യവത്തായ ഷോപ്പിംഗ്സഞ്ചി, വിൻഡോകർട്ടൺ, ചവിട്ടികൾ, ചെടിചട്ടികൾ തുടങ്ങി നിരവധി ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ഗ്രൂപ്പുകളുമുണ്ട്.
• ചാക്രിക സമ്പദ്ഘടനയുടെ പ്രാഥമിക യൂണിറ്റ് (സർക്കുലർ ഇക്കണോമി): മാലിന്യ പരിപാലനത്തിൽ ഇന്ന് പിന്തുടരുന്ന മുഖ്യസമീപനമാണിത്. പാഴ് വസ്തുക്കളിൽനിന്നും പരമാവധി വിഭവങ്ങൾ വീണ്ടെടുത്ത് ഉല്പാദനരംഗത്തെ അസംസ്കൃത വസ്തുക്കളായി അവ വിനിയോഗിക്കുന്നതിലൂടെ വസ്തുക്കളെ പരമാവധി കാലം ഉപയോഗിക്കുന്നതിനും തൊഴിലും വരുമാനവും സൃഷ്ടിക്കുന്നതിനും കഴിയുന്നു. വികേന്ദ്രീകൃതവും സംയോജിതവുമായ മാലിന്യ പരിപാലന രീതി സർക്കുലർ എക്കണോമിയുടെ മുഖ്യസമീപനമാണ്. മാലിന്യം ഉറവിടത്തിൽ തരംതിരിച്ച് പരിപാലന രീതി ഉറപ്പാക്കുന്നത് ചാക്രിക സമ്പദ്ഘടനയിലെ പ്രാഥമിക പ്രവർത്തനമാണ്. ഇത് ഉറപ്പാക്കുന്ന പ്രാഥമിക യൂണിറ്റുകളാണ് ഹരിതകർമ്മസേന.
വെല്ലുവിളികളും ഭാവിയും
ചരിത്രപരമായ നേട്ടങ്ങൾ കൈവരിക്കുമ്പോഴും ഹരിതകർമ്മസേന ചില വെല്ലുവിളികളും നേരിടുന്നുണ്ട്:
• യൂസർ ഫീ നൽകാനുള്ള വിമുഖത: ചിലയിടങ്ങളിൽ ഇപ്പോഴും 100% യൂസർ ഫീ കളക്ഷൻ ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. ഇതിനായി നിയമപരമായ കർശന നടപടികൾ (ഉദാഹരണത്തിന്, കെട്ടിട നികുതി, വിവിധ സർട്ടിഫിക്കറ്റുകളുടേയും സേവനങ്ങളുടേയും ലഭ്യതയുമായി ബന്ധിപ്പിക്കൽ) തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്. എന്നാലും ഇക്കാര്യത്തിൽ പോരായ്മകൾ ഇനിയും നിലനിൽക്കുന്നു.
• ഉറവിടത്തിൽ തരംതിരിക്കാൻ വിമുഖത: ഒരു ചെറിയ വിഭാഗം ജനങ്ങൾ ഇപ്പോഴും മാലിന്യങ്ങൾ ഉറവിടത്തിൽ തരംതിരിക്കാനും വൃത്തിയാക്കി പാഴ്വസ്തുക്കൾ കൈമാറുന്നതിനും വിമുഖത കാട്ടുന്നു. ഇത് പരിഹരിക്കാൻ കഴിയണം.
• ഹരിതകർമ്മസേനാംഗങ്ങളെ ഒഴിവാക്കൽ/പിരിച്ചുവിടൽ: ചില ഒറ്റപ്പെട്ട തദേശസ്ഥാപനങ്ങളിലും വാർഡുകളിലും സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾവച്ച് നിലവിലുള്ള ഹരിതകർമ്മസേനാംഗങ്ങളെ പിരിച്ചുവിടുക / ആവശ്യത്തിലധികം അംഗങ്ങളെ ചേർക്കുക തുടങ്ങിയ അനാരോഗ്യ പ്രവണതകൾ കാണ്ടുവരുന്നു. ഈ മേഖലയിലെ പാവപ്പെട്ട സ്ത്രീത്തൊഴിലാളികളോട് കാണിക്കുന്ന ഈ ക്രൂരത എതിർക്കപ്പെടുകയും തടയുകയും വേണം.
• അടിസ്ഥാനസൗകര്യങ്ങൾ ഇനിയും നൽകാത്തിടങ്ങൾ: ഇനിയും സ്വന്തമായി എംസിഎഫ് ഇല്ലാത്ത, ആവശ്യത്തിന് സ്ഥലസൗകര്യം ഇല്ലാത്ത എംസിഎഫ്, വാഹനങ്ങൾ, ബെയിലിംഗ് മിഷ്യൻ, പ്രാഥമിക ആവശ്യങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ഉപാധികളും എന്നിവയില്ലാത്തവയുമായ ഏതാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുണ്ട്. ഇത്തരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവ ഉറപ്പാക്കുന്നതിന് ഉയർന്ന പരിഗണന നൽകണം.
ഗ്രീൻ ടെക്നോളജി
സർവ്വീസ് സെന്റർ
ഹരിതകർമ്മസേന വലിയ സംരംഭക സംവിധാനമായി വളരുകയാണ്. നിലവിൽ യൂസർഫീസും പുനഃചംക്രമണ സാധ്യമായ വസ്തുക്കളുടെ വില്പന വഴിയും പ്രതിവർഷം 650 കോടിരൂപയുടെ ബിസിനസ്സുള്ള സംരംഭങ്ങളാണ്. സമ്പൂർണ യൂസർഫീസ് ശേഖരണം നടപ്പാക്കുകയും തരംതിരിക്കൽ നിരക്ക് 20–-25 % കൂടി ഉയർത്തുകയും ചെയ്താൽ 1000 കോടിയുടെ ബിസിനസ്സായി അടുത്ത ഒരു വർഷം കൊണ്ട് ഇതിന് മാറാൻ കഴിയും. ഇതോടൊപ്പം എല്ലാ വിഭാഗത്തിലുംവരുന്ന പാഴ്-വസ്തുക്കളുടെ ശേഖരണം, ജൈവമാലിന്യ പരിപാലനത്തിനുളള വ്യത്യസ്ത സേവനങ്ങൾ, ബദൽ ഉല്പന്നങ്ങളുടെ നിർമ്മാണവും പ്രചാരണവും, മാലിന്യ പരിപാലനം, ഓൺ കോൾ സർവ്വീസ് തുടങ്ങി മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നൽകുന്ന സംരംഭമായി ഹരിതകർമ്മസേനയെ മാറ്റാൻ കഴിയണം. ഇങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ എല്ലാ വിഭാഗം മാലിന്യങ്ങളുടെയും ശാസ്ത്രീയ പരിപാലനത്തിനുള്ള എല്ലാ സേവനവും നൽകുന്ന ഗ്രീൻ ടെക്നോളജി സർവ്വീസ് സെന്ററായി ഹരിതകർമ്മസേനയെ ഉയർത്താൻ കഴിയണം. ഇതിലൂടെ മാലിന്യ പരിപാലന രംഗത്തുണ്ടാവുന്ന ഗുണഫലങ്ങൾ അളക്കാവുന്നതിലും അപ്പുറമാണ്. ജനങ്ങളുടെ പൂർണ്ണമായ സഹകരണവും തദ്ദേശ ഭരണകൂടങ്ങളുടെ ശക്തമായ പിന്തുണയും തുടർന്നാൽ, ഹരിതകർമ്മസേന എന്ന ഈ ജനകീയ സൈന്യം ലോകത്തിനുതന്നെ മാതൃകയായ ഏറ്റവും സുസ്ഥിരമായ പരിസ്ഥിതി പ്രസ്ഥാനമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും എന്നതിൽ സംശയമില്ല. ഈ ഹരിതസൈന്യത്തോട് സഹകരിക്കേണ്ടത് ഓരോ കേരളീയന്റെയും കടമയാണ്. l



