Wednesday, July 15, 2026

ad

Homeകവര്‍സ്റ്റോറിപുത്തൻ വാഷിങ്ടൺ 
ബുള്ളറ്റ്സ്

പുത്തൻ വാഷിങ്ടൺ 
ബുള്ളറ്റ്സ്

വിജയ് പ്രഷാദ്

മേരിക്കയെക്കുറിച്ച് സംസാരിക്കുകയെന്നത് നോർത്ത് അറ്റ്ലാന്റിക് തലസ്ഥാനങ്ങളിലെ ആളുകളുടെ ഒരു സ്വഭാവം തന്നെയായിരിക്കുന്നു; മനസ്സില്ലാമനസ്സോടെ ചരിത്രത്തിന്റെ ഭാരമാകെ സ്വന്തം ചുമലിൽ പേറുന്ന തളർന്നവശനായ ഒരതികായൻ എന്ന നിലയിലാണ് അമേരിക്കയെക്കുറിച്ചുള്ള ഈ സംസാരമെല്ലാം. ഓരോ സെെനിക ഇടപെടലിനെയും ദൗർഭാഗ്യകരമായ അനിവാര്യതയെന്ന നിലയിലാണ് അവതരിപ്പിക്കാറുള്ളത്; അമേരിക്ക നടത്തുന്ന ഉപരോധങ്ങളെല്ലാം ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ളതായാണ് വിശേഷിപ്പിക്കാറുള്ളത്; ഓരോ നിഗൂഢ ആക്രമണത്തെയും മനുഷ്യാവകാശ സംരക്ഷണ നടപടിയായാണ് കൊണ്ടാടപ്പെടാറുള്ളത്. ഓരോ തവണയും, ഓരോ പതിറ്റാണ്ടിലും വാക്കുകൾ മാറിമാറി ഉപയോഗിക്കും; എന്നാൽ രൂപകൽപന ശ്രദ്ധേയമായവിധം സമാനമായിത്തന്നെ തുടരും. സ്വാതന്ത്ര്യം, നിയമങ്ങളും ചട്ടങ്ങളും, സ്ഥിരത എന്നിങ്ങനെയുള്ള വാചകക്കസർത്തുകൾക്കുപിന്നിൽ കാണുന്നത് സ്ഥിരമായ ഒരധികാരഘടന മാത്രമാണ്; അതിന്റെ കേന്ദ്രലക്ഷ്യമാകട്ടെ, രണ്ടാം ലോക യുദ്ധത്തിനുശേഷം ഇന്നേവരെ മാറിയിട്ടേയില്ല: അമേരിക്കയുടെയും, അതിന്റെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനുവേണ്ടി നിലകൊള്ളുന്ന സ്ഥാപനങ്ങളുടെയും മേൽക്കോയ്മ പരിമിതപ്പെടുത്താൻ ശേഷിയുള്ള രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഏതെങ്കിലും സ്വതന്ത്ര കേന്ദ്രങ്ങൾ ഉയർന്നുവരുന്നത് തടയുകയെന്നതാണ് ആ ലക്ഷ്യം.

ഇതൊരു തുടർച്ചയാണ്; ഏതെങ്കിലുമൊരു പ്രസിഡന്റിന്റെ നടപടിയായി മാത്രം ഇതിനെ ചുരുക്കിക്കാണാനാവില്ല. ഡൊണാൾഡ് ട്രംപ് ഒരു രാഷ്ട്രീയ ഭാഷ സംസാരിക്കുമ്പോൾ, ജോസഫ് ബെെഡൻ മറ്റൊരു ഭാഷയിൽ സംസാരിക്കുന്നു; ഭാവി ഭരണാധികാരികളും വ്യത്യസ്തങ്ങളായ പുതിയ പദാവലികൾ കണ്ടെത്തുമെന്നത് സംശയരഹിതമായ കാര്യമാണ്; അവയിലൂടെയായിരിക്കും അവർ അമേരിക്കൻ അധികാരത്തെ ന്യായീകരിക്കുന്നത്. എന്നിരുന്നാലും, ഈ മാറ്റങ്ങൾക്കെല്ലാം പിന്നിൽ എന്നും ഒരേയൊരു സ്ഥാപന സംവിധാനമാണ് സ്ഥിതിചെയ്യുന്നത് എന്നതാണ് ശ്രദ്ധയം. തിരഞ്ഞെടുപ്പ് ജനവിധി എന്തുതന്നെയായാലും പെന്റഗൺ വിപുലപ്പെട്ടുകൊണ്ടിരിക്കും. ലോകത്തിന്റെ മുക്കിലും മൂലയിലുംവരെ ഇന്റലിജൻസ് ഏജൻസികൾ ആഴത്തിൽ പിടിമുറുക്കും. മുൻകാല തലമുറകൾക്ക് അപൂർവമായി മാത്രം സങ്കൽപ്പിക്കാൻ കഴിഞ്ഞിട്ടുള്ള നൂതന ഫെെനാൻഷ്യൽ യുദ്ധമുറകൾ അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് വിദഗ്ധമായി നടപ്പാക്കുന്നു. സിലിക്കൻവാലി എന്നത്തേയുംകാൾ കൂടുതലായി സെെനികാസൂത്രണവുമായി അടുത്ത് ഉദ്ഗ്രഥിക്കപ്പെട്ടിരിക്കുന്നു; അതേസമയം കോൺഗ്രസ് ഓരോ വർഷവും മുൻ സാമ്രാജ്യങ്ങളെയെല്ലാം അൽഭുതപ്പെടുത്തുംവിധമുള്ളത്ര വലിയ തോതിൽ സെെനികച്ചെലവുകൾക്ക് അംഗീകാരം നൽകുന്നു. സർക്കാരുകൾ മാറിമാറി വരും; എന്നാൽ ഭരണയന്ത്രം അസാധാരണമായ സ്ഥിരതയോടെ അതിന്റെ പ്രവർത്തനം തുടരുന്നു.

അതിനാൽ ഇന്ന് വാഷിങ്ടണിൽനിന്നുമുതിർക്കുന്ന വെടിയുണ്ടകൾ മിക്കപ്പോഴും നമുക്ക് കാണാനാവുന്ന മുറിവുകളൊന്നും തന്നെ അവശേഷിപ്പിക്കുന്നില്ല. ഇരുപതാം നൂറ്റാണ്ടിൽ സാമ്രാജ്യത്തിന്റെ നിലനിൽപ്പിനും അതിനെ മുന്നോട്ടുകൊണ്ടുപോകാനും തെരഞ്ഞെടുക്കപ്പെടാറുള്ള ഉപകരണം സെെനിക അട്ടിമറികളായിരുന്നു. 1954ൽ ഗ്വാട്ടിമാല, 1961ൽ കോംഗൊ, 1964ൽ ബ്രസീൽ, 1965ൽ ഇന്തോനേഷ്യ, 1973ൽ ചിലി തുടങ്ങി മറ്റു നിരവധി രാജ്യങ്ങളിലെ അട്ടിമറികൾ ഒരേയൊരു തത്വമാണ് പ്രകടമാക്കുന്നത്; സ്വതന്ത്രമായ വികസന പാത പിന്തുടരാൻ ശ്രമിക്കുന്ന ഗവൺമെന്റുകളെ അമേരിക്കൻ പരിശീലനം ലഭിച്ച, അമേരിക്കയിൽനിന്ന് ആയുധങ്ങളും പണവും ലഭിക്കുന്ന, രാഷ്ട്രീയമായി അമേരിക്കയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന സെെന്യത്തെ ഉപയോഗിച്ച് അട്ടിമറിക്കും. ആ മാതൃകകളൊന്നും ഇപ്പോഴും ഇല്ലാതായിട്ടില്ല; പക്ഷേ, ഇപ്പോൾ അവ നിലനിൽക്കുന്നത് കൂടുതൽ വ്യാപകമായ സമ്മർദതന്ത്രങ്ങളുടെയും ബലപ്രയോഗങ്ങളുടെയും ആയുധപ്പുരയിലാണ്. ഒരു ബറ്റാലിയൻ പട്ടാളക്കാരെപോലും അയയ്ക്കാതെ തന്നെ സമ്പദ്ഘടനയെയൊന്നാകെ നശിപ്പിക്കാൻ സാമ്പത്തിക ഉപരോധത്തിനു കഴിയും. അന്താരാഷ്ട്ര പണമിടപാട് സംവിധാനങ്ങൾക്കുമേലുള്ള നിയന്ത്രണമാണ് മറ്റു രാജ്യങ്ങളെ ആഗോളവ്യാപാരത്തിൽനിന്നും ഒറ്റപ്പെടുത്താനും അതേസമയം തന്നെ യുദ്ധമൊന്നും നടന്നില്ലല്ലോയെന്ന് മേനി നടിക്കാനും വാഷിങ്ടണിന് സൗകര്യമൊരുക്കുന്നത്. ബാങ്കിങ്, ഇൻഷുറൻസ്, കപ്പൽ ഗതാഗതം, നൂതന സാങ്കേതികവിദ്യകൾ, നിക്ഷേപം, വായ്പ എന്നിവയുടെയെല്ലാം ലഭ്യത ഒരേസമയം പിൻവലിക്കാൻ കഴിയുന്നു; തന്മൂലം പല രൂപത്തിലുള്ള സാമ്പത്തിക മുരടിപ്പ് സൃഷ്ടിക്കപ്പെടുന്നു; അവയുടെ മാനവികമായ പ്രത്യാഘാതം പരമ്പരാഗത സെെനിക നടപടിയിലൂടെ സൃഷ്ടിക്കപ്പെടുന്നവയ്ക്ക് സമാനമായവയാണ്.

ക്രമേണ, സാമ്രാജ്യത്വശക്തിയുടെ സർവ പ്രധാന അരങ്ങുകളിലൊന്നായി സാമ്പത്തിക സംവിധാനം മാറിയിരിക്കുന്നു. യഥാർഥത്തിൽ ഒരു ദേശീയ നാണയമായ ഡോളർ ഇന്ന് ആഗോള രാഷ്ട്രീയ അച്ചടക്കം നടപ്പാക്കാനുള്ള ഒരു ഉപകരണമായി മാറ്റപ്പെട്ടിരിക്കുകയാണ്. അമേരിക്കയുടെ തന്ത്രപരമായ മുൻഗണനകളുമായി സ്വയം ഒത്തുചേരാൻ വിസമ്മതിക്കുന്ന രാജ്യങ്ങൾ, അന്താരാഷ്ട്ര ധനമൂലധനത്തിന്റെ പശ്ചാത്തലസൗകര്യങ്ങൾ നിഷ്-പക്ഷമോ കേവലം സാങ്കേതികമോ അല്ലെന്ന് അതിവേഗം തിരിച്ചറിയുന്നു; അധികാര കേന്ദ്രത്തിന്റെ ബന്ധങ്ങളാൽ രൂപപ്പെടുത്തപ്പെട്ട സ്ഥാപനങ്ങളിലൂടെയാണ് ഓരോ ധന ഇടപാടും കടന്നുപോകുന്നതെന്നും ആ ബന്ധങ്ങൾക്ക് ആ രാജ്യങ്ങളെ അനുസരിപ്പിക്കാനോ അവയുടെ സ്വാതന്ത്ര്യം കവർന്നെടുക്കാനോ കഴിയുമെന്നും മനസ്സിലാക്കുന്നു. അതുകൊണ്ട് ഒരുകാലത്ത് ഏറെക്കുറെ പട്ടാള മേധാവികൾ മാത്രം നിർവഹിച്ചിരുന്ന ഉത്തരവാദിത്വങ്ങൾ ഇപ്പോൾ അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്തിരിക്കുകയാണ്. അങ്ങനെ സാമ്പത്തിക യുദ്ധതന്ത്രം ഇപ്പോൾ സാമാജ്യതന്ത്രത്തിന്റെ (Imperial Strategy) അനുപേക്ഷണീയ ഘടകമായി മാറിയിരിക്കുന്നു; കാരണം, അത് ഗവൺമെന്റുകൾക്കുമേൽ അസാധാരണമായ ചെലവ് (Cost) അടിച്ചേൽപ്പിക്കാൻ അമേരിക്കയെ പ്രാപ്തമാക്കുന്നു; അതേസമയം സെെനികമായ അധിനിവേശത്തെ തുടർന്നുണ്ടാകുന്ന രാഷ്ട്രീയമായ അനന്തരഫലങ്ങൾ അമേരിക്കയ്ക്ക് ഒഴിവാക്കുകയും ചെയ്യാം.

എന്നിരുന്നാലും സെെനികമായ മേധാവിത്വം ഒരിക്കലും ഒഴിവാക്കാനാവാത്ത ഘടകമായി നിലനിൽക്കുന്നുമുണ്ട്. സമാനതകളില്ലാത്ത സെെനിക പശ്ചാത്തലസൗകര്യങ്ങൾ അമേരിക്ക ഇപ്പോഴും നിലനിർത്തുന്നുണ്ട്; നൂറുകണക്കിനു വിദേശ സെെനികത്താവളങ്ങൾ, എല്ലാ പ്രമുഖ മഹാസമുദ്രങ്ങളിലുടനീളം വിന്യസിച്ചിട്ടുള്ള ആക്രമണസജ്ജമായി നിൽക്കുന്ന കപ്പൽപട, അമേരിക്കൻ ഭൂപ്രദേശത്തുനിന്ന് ആയിരക്കണക്കിന് കിലോ മീറ്ററുകൾ അകലെ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള തന്ത്രപ്രധാന ബോംബറുകൾ, ഈ ഭൂഗോളത്തിന്റെ മുക്കിലും മൂലയിലുംവരെ നിരീക്ഷണം നടത്താൻ കഴിയുന്ന സാറ്റലെെറ്റ് സംവിധാനങ്ങൾ, ഗവൺമെന്റുകൾക്കും കോർപ്പറേഷനുകൾക്കും വാർത്താവിനിമയ സംവിധാനങ്ങൾക്കുമെല്ലാംമേൽ ഒരേപോലെ കണ്ണെത്തുന്ന ഇന്റലിജന്റ്സ‍് നെറ്റ്-വർക്കുകൾ എന്നിവയെല്ലാം അടങ്ങുന്നതാണ് ഈ സെെനിക പശ്ചാത്തലസൗകര്യങ്ങൾ. മുൻപൊരുകാലത്തും ഒരു സാമ്രാജ്യവും ഇത്രയേറെ സമഗ്രമായ സെെനിക ഭൂപ്രദേശം കെെവശപ്പെടുത്തിയിരുന്നില്ല. റോം അയൽപ്രദേശങ്ങളെ ആക്രമിച്ചു; ബ്രിട്ടൻ സമുദ്രപാതകളിൽ ആധിപത്യം സ്ഥാപിച്ചു; എന്നാൽ അമേരിക്ക ചരിത്രപരമായി മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്തത് യാഥാർഥ്യമാക്കാനുള്ള നീക്കത്തിലാണ്. ഈ ഭൂമുഖത്തെ പ്രബലമായ ഓരോ പ്രദേശത്തെയും നിരന്തരം നിരീക്ഷിക്കാൻ കഴിയുന്ന, ദ്രുതഗതിയിൽ എത്തിച്ചേരാനാവുന്ന, ആവശ്യമായി വരുമ്പോഴെല്ലാം ശിക്ഷിക്കാനും അനുസരിപ്പിക്കാനും കഴിയുന്ന വിധത്തിലുള്ള സെെനികമായ ഒരു മാതൃകയുടെ നിർമിതി. ഇതിന്റെ ലക്ഷ്യം നിരന്തരം യുദ്ധം നടത്തിക്കൊണ്ടിരിക്കലല്ല; മറിച്ച് എപ്പോൾ വേണമെങ്കിലും ഇടപെടാൻ കഴിയുന്ന അവസ്ഥ സൃഷ്ടിക്കലാണ് – മറ്റു രാജ്യങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം, എപ്പോഴും ഈഭീമൻ അധികാരശക്തിയുടെ നിഴലിലായിരിക്കുന്ന അവസ്ഥ സൃഷ്ടിക്കൽ.

ഇത്തരമൊരു മാതൃക പ്രായോഗികമാക്കണമെങ്കിൽ അതിന്റേതായ ഒരു രാഷ്ട്രീയ ഭാഷയും ആവശ്യമാണ്. തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്ന രാജ്യങ്ങളെ പൊതുവെ അക്രമകാരികളെന്ന നിലയിലാണ് വിശേഷിപ്പിക്കാറുള്ളത്; അതേസമയം അമേരിക്കൻ ഉപരോധത്തെ ചെറുക്കുന്ന രാജ്യങ്ങളെ അന്താരാഷ്ട്ര നിയമങ്ങളെയും ക്രമത്തെയുമാകെ തകിടംമറിക്കുന്നവയെന്നാണ് ആരോപിക്കാറുള്ളത്. സ്വതന്ത്രമായ ധനകാര്യ സ്ഥാപനങ്ങൾ പടുത്തുയർത്താനോ തങ്ങളുടെ വ്യാപാര ബന്ധങ്ങൾ വെെവിധ്യവത്കരിക്കാനോ ശ്രമിക്കുന്ന ഗവൺമെന്റുകളെ സാർവത്രികമായി നിലനിൽക്കുന്നതെന്ന് കരുതപ്പെടുന്ന ഒരു സംവിധാനത്തിന് ഭീഷണി ഉയർത്തുന്നവയായാണ് ചിത്രീകരിക്കാറുള്ളത് എന്നാൽ ആ സംവിധാനത്തിന്റെ ചരിത്രപരമായ ഉൽപത്തിയെക്കുറിച്ച് അത്യപൂർവമായി മാത്രമേ ചർച്ചചെയ്യപ്പെടാറുള്ളൂ. ‘നിയമങ്ങളും ചട്ടങ്ങളും ആധാരമാക്കിയുള്ള അന്താരാഷ്ട്ര ക്രമ’ത്തെ 1945നുശേഷം ഉയർന്നുവന്ന ഒരു പ്രത്യേക സന്തുലിത അധികാരക്രമത്തിന്റെ ഉൽപന്നമെന്ന നിലയിലല്ല അവതരിപ്പിക്കപ്പെടാറുള്ളത്. മറിച്ച് സംസ്കാരത്തിന്റെതന്നെ പര്യായപദമെന്ന നിലയിലാണ്. ഈ ആഖ്യാനപ്രകാരം അമേരിക്കൻ മുൻഗണനകളോടുള്ള എതിർപ്പ് അന്താരാഷ്ട്ര നിയമങ്ങളോടുള്ള എതിർപ്പായി മാറുന്നു; പരമാധികാരപരമായ തുല്യത (Sovereign Equality) ആവശ്യപ്പെടുന്നതുതന്നെ പരിഷ്കരണവാദത്തിന്റെ ദൃഷ്ടാന്തമായി മാറ്റിമറിക്കപ്പെടുന്നു.

പ്രത്യയശാസ്ത്രപരമായ ഈ വെെപരീത്യം അഥവാ കീഴ്മേൽമറിക്കൽ വികസ്വര – അവികസിത രാജ്യങ്ങളിലുടനീളം ഉയർന്നുവരുന്ന പുത്തൻ സ്ഥാപനങ്ങളോടുള്ള ശത്രുതയെയാണ് വ്യക്തമാക്കുന്നത്. ബ്രിക്സിന്റെ (BRICS) വിപുലീകരണം, അന്താരാഷ്ട്ര വ്യാപാരത്തിൽ ദേശീയ നാണയങ്ങളുടെ വിനിയോഗം വർധിപ്പിക്കുന്നത്, ബദൽ വികസന ബാങ്കുകൾ സ്ഥാപിക്കൽ, പ്രാദേശിക പണമിടപാട് സംവിധാനങ്ങൾ, പുത്തൻ ഗതാഗത ഇടനാഴികൾ എന്നിവയെല്ലാം പ്രതിനിധാനം ചെയ്യുന്നത് നിലവിലുള്ള അന്താരാഷ്ട്ര സംവിധാനത്തെ തകർക്കാനുള്ള നീക്കത്തെയല്ല, മറിച്ച് പുറത്തുനിന്നുള്ള ബലപ്രയോഗത്തിന് വിധേയമാകുന്നത് കുറച്ചുകൊണ്ടുവരാനുള്ള നീക്കത്തെ മാത്രമാണ്. ഈ നടപടികളൊന്നും തന്നെ അമേരിക്കയ്ക്കുനേരെയുള്ള ആക്രമണമേയല്ല.സാമ്പത്തികകാര്യങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് കൂടുതൽ സ്വയംഭരണാധികാരം വേണമെന്ന് ആവശ്യപ്പെടുക മാത്രമാണവ ചെയ്യുന്നത്. എന്നിരുന്നാലും നയരൂപീകരണത്തിനുള്ള ഇടം രൂപീകരിക്കാൻ നടത്തുന്ന ചെറിയ നീക്കങ്ങളെപ്പോലും വാഷിങ്ടൺ തന്ത്രപരമായ വെല്ലുവിളികളായാണ് എപ്പോഴും വ്യാഖാനിക്കാറുള്ളത്; കാരണം, സ്വാതന്ത്ര്യവും ശത്രുതയും തമ്മിൽ തിരിച്ചറിയാനാകാതെ സാമ്രാജ്യശക്തികൾ നട്ടംതിരിയുകയാണ്. ബദലുകൾ നിലനിൽക്കുന്നതുതന്നെ കുത്തകാധികാരത്തെ ദുർബപ്പെടുത്തുന്നു.

അമേരിക്കയും ചെെനയും തമ്മിലുള്ള ബന്ധത്തിലല്ലാതെ മറ്റെവിടെയും ഈ വെെരുധ്യം ഇത്രയധികം ദൃശ്യമാകില്ല. സാമ്രാജ്യാധിപത്യത്തിന്റെ ആദ്യദശകങ്ങളിൽ അത് നിലനിന്നത്, ഉൽപ്പാദനശേഷിയിലുണ്ടായ മേധാവിത്വത്തെ ആശ്രയിച്ചായിരുന്നു. ബ്രിട്ടൻ വ്യാവസായികോൽപന്നങ്ങൾ ഉൽപാദിപ്പിച്ചപ്പോൾ കോളനികൾ അവർക്കു വേണ്ട അസംസ്കൃതവസ്തുക്കൾ എത്തിച്ചുകൊടുത്തു. രണ്ടാംലോക യുദ്ധാനന്തരം അമേരിക്ക ഉൽപാദനത്തിന്റെ മേധാവിത്വത്തിൽ ഏറിയ പങ്കും കെെവശപ്പെടുത്തി; വ്യാവസായികാധിപത്യവും സാമ്പത്തിക മേധാവിത്വവും തമ്മിൽ കൂട്ടിയിണക്കിയാണ് ഇത് സാധ്യമാക്കിയത്. കഴിഞ്ഞ തലമുറയിൽ ചരിത്രപരമായ ആ സന്തുലിതാവസ്ഥ അടിമുടി മാറ്റിമറിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ മാനുഫാക്ചറിങ് സമ്പദ്ഘടനയായി ചെെന മാറിക്കഴിഞ്ഞു; പുനരുപയോഗക്ഷമമായ ഊർജ സാങ്കേതികവിദ്യ, ഹെെ സ്പീഡ് റെയിൽ, അഡ്വാൻസ്ഡ്‍ ബാറ്ററികൾ, ടെലി കമ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവയ്ക്കൊപ്പം വലിയ തോതിലുള്ള അതിനൂതന മാനുഫാക്ചറിങ് പ്രക്രിയകളിലും മുൻനിരയിലുള്ള ചെെന ഒരു കൂട്ടം വ്യാവസായികരംഗങ്ങളിൽ ശ്രദ്ധേയമായത്ര മേധാവിത്വം പുലർത്തുന്നു. ലോകത്തിലെ വികസ്വര–അവികസിത രാജ്യങ്ങളിൽ ഏറിയപങ്കും അമേരിക്കയുമായി നടത്തുന്നതിനെക്കാൾ വിപുലമായി ചെെനയുമായി വ്യാപാരത്തിലേർപ്പെടുന്നു; ഇത് കേവലം നയതന്ത്രപരമായ മുൻഗണനയെന്നതിനെക്കാൾ ഉൽപ്പാദനത്തിന്റെ ഭൂമിശാസ്ത്രത്തിലുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനമാണ്.

അതുകൊണ്ടുതന്നെ ഘടനാപരമായ ഒരാശയക്കുഴപ്പത്തെയാണ് വാഷിങ്ടൺ നേരിടുന്നത്. കമ്പോളത്തിലെ മത്സരംകൊണ്ടുമാത്രം അമേരിക്കയ്ക്ക് ഈ മാറ്റത്തെ അനായാസം കീഴ്മേൽ മറിക്കാനാവില്ല; കാരണം താൽക്കാലികമായുണ്ടായ വാണിജ്യപരമായ നേട്ടമെന്നതിലുപരി ഉൽപ്പാദനരംഗത്ത് ദശകങ്ങളായി നടത്തുന്ന നിക്ഷേപത്തിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ ഈ മാറ്റം. അതേ തുടർന്ന് സാമ്പത്തികരംഗത്തെ മത്സരം ക്രമേണ ദേശസുരക്ഷയുടെ പ്രശ്നമായി വലിയതോതിൽ പുനരാവിഷ്കരിക്കപ്പെട്ടു. താരിഫുകൾ, കയറ്റുമതി നിയന്ത്രണം, സെമി കണ്ടക്ടർ സാങ്കേതികവിദ്യയ്ക്കുമേലുള്ള നിയന്ത്രണങ്ങൾ, നിക്ഷേപ നിരോധനങ്ങൾ, സാങ്കേതികവിദ്യാസ്ഥാപനങ്ങൾക്കെതിരായ ഉപരോധം, സഖ്യകക്ഷികൾക്കുമേലുള്ള നയതന്ത്രപരമായ സമ്മർദങ്ങൾ, ഇന്തോഫെസഫിക് മേഖലയിലുടനീളം സെെനിക വിന്യാസം വ്യാപിപ്പിക്കൽ എന്നിവയെല്ലാം ഉൽപ്പാദനശക്തിയുടെ ആഗോള വിതരണത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളോടുള്ള നയതന്ത്രപരമായ പ്രതികരണത്തിന്റെ ഭാഗമാണ്. സമ്പദ്ഘടനയും സുരക്ഷാ സംവിധാനവും തമ്മിലുള്ള വേർതിരിവ് ക്രമേണ അലിഞ്ഞില്ലാതാവുകയാണ്; കാരണം ഭൗമ രാഷ്ട്രീയത്തിനുള്ള പ്രാഥമികത്വം സംരക്ഷിച്ചുനിർത്തുന്നതിനു വേണ്ടത് വ്യാവസായിക വികസനത്തിന്റെ കാര്യത്തിൽ മത്സരിച്ചു മുന്നേറാൻ സാധ്യതയുള്ളവരെ വലിയതോതിൽ തടസ്സപ്പെടുത്തുകയാണ്.

ഇതേ യുക്തി തന്നെയാണ് ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും പശ്ചിമേഷ്യയിലുമെല്ലാം നടപ്പാക്കുന്നത്. തന്ത്രപ്രാധാന്യമുള്ള ധാതുക്കളുടെ (ഖനിജങ്ങളുടെ) അളവറ്റ നിക്ഷേപങ്ങളാണ് ആഫ്രിക്കയിലുള്ളത്; പുനരുപയോഗക്ഷമമായ സാങ്കേതികവിദ്യകൾ, ഇലക്ട്രോണിക്സ്, നൂതന നിർമാണ വിദ്യകൾ (advanced Manufacturing) എന്നിവയ്ക്കെല്ലാം അവ അനുപേക്ഷണീയമാണ്. ലാറ്റിനമേരിക്കയിൽ അളവറ്റതോതിൽ ലിഥിയം, ചെമ്പ്, ശുദ്ധജലം, കാർഷിക വിഭവങ്ങൾ എന്നിവ ലഭ്യമാണ്; വ്യാവസായിക വികാസത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് ഇവയായിരിക്കും. പുനരുപയോഗക്ഷമമായ ഊർജത്തിലേക്ക് ലോകം ത്വരിതഗതിയിൽ മാറുമ്പോൾപോലും ആഗോള ഊർജ സംവിധാനങ്ങളുടെ കേന്ദ്ര ബിന്ദുവായി പശ്ചിമേഷ്യയിൽ നിലനിൽക്കുകയാണ്. അതുകൊണ്ടുതന്നെ ഈ മേഖലകൾ കെെവശപ്പെടുത്താനുള്ള പോര് പഴയ ഒൗപചാരിക കൊളോണിയൽ അധിനിവേശമെന്നതിലുപരി വിതരണ ശൃംഖല (Supply chains), ധനകാര്യ സംവിധാനങ്ങൾ, ലോജിസ്റ്റിക്സ് നെറ്റ്-വർക്കുകൾ, സാങ്കേതികവിദ്യാപരമായ മാനദണ്ഡങ്ങൾ, രാഷ്ട്രീയ ചേരിയിലാക്കൽ എന്നിവയ്ക്കുമേൽ സ്വാധീനമുറപ്പിക്കലുമായി ബന്ധപ്പെട്ടതാണ്. പത്തൊൻപതാം നൂറ്റാണ്ടിനുശേഷം പദാവലിയിൽ മാറ്റം വന്നിട്ടുണ്ട്; എന്നാൽ ലക്ഷ്യം നമുക്ക് തിരിച്ചറിയാവുന്നവിധം തുടരുകതന്നെയാണ്: വികസ്വര–അവികസിത ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന സമ്പത്ത് അവ സൃഷ്ടിക്കുന്ന സമൂഹങ്ങളുടെ വികസന താൽപ്പര്യങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയുംകാൾ ഉപരിയായി സാമ്രാജ്യകേന്ദ്രങ്ങളുടെ (Imperial Centres) തന്ത്രപരമായ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുന്നുവെന്ന് ഉറപ്പാക്കൽ തന്നെയാണ്.

അത്തരം മോഹങ്ങൾ ബലപ്രയോഗത്തെ മാത്രം ആശ്രയിച്ച് നേടാനാവില്ല. ഓരോ യുദ്ധവും നടത്തുന്നതിനു മുൻപുതന്നെ ആദ്യം ചെയ്യുന്നത് അതിനെക്കുറിച്ച് ഒരാഖ്യാനമുണ്ടാക്കലാണ്. ഉപരോധങ്ങൾ അവതരിപ്പിക്കപ്പെടുന്നത് മാനുഷിക പരിഗണനയാൽ ചെയ്യുന്ന ഒരു പ്രവൃത്തി എന്ന നിലയിലാണ്. പുതിയ അതിർത്തികളിലേക്ക് ക്രമാനുഗതമായി വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോൾപോലും സെെനിക സഖ്യങ്ങളെക്കുറിച്ചുള്ള ആഖ്യാനം അവ ചെറുത്തുനിൽപ്പിനുള്ളതാണെന്നതാണ്. മാധ്യമ കോർപറേഷനുകൾ, തിങ്ക് ടാങ്കുകൾ, യൂണിവേഴ്സിറ്റികൾ, ഇന്റലിജന്റസ് ഏജൻസികൾ, വിനോദ വ്യവസായങ്ങൾ, സർവോപരി വലിയതോതിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയെല്ലാം ഒത്തുചേർന്ന് ഒരു ധാർമിക പ്രപഞ്ചം നിർമിക്കുന്നു; അതിനുള്ളിൽ അമേരിക്ക നടത്തുന്ന അക്രമങ്ങളെ, വെെമനസ്യത്തോടെ, മറ്റു മാർഗമില്ലാത്തതുകൊണ്ട്ചെയ്യാൻ നിർബന്ധിതമാകുന്നുവയെന്ന് ചിത്രീകരിക്കപ്പെടുമ്പോൾ, മറ്റുള്ളവരുടെ ചെറുത്തുനിൽപ്പുകളെ യുക്തിരഹിതവും സേ-്വ
ച്ഛാധിപത്യപരവുമെന്ന് അവതരിപ്പിക്കപ്പെടുന്നു. നിയമസാധുത നേടിയെടുക്കാനുള്ള പോരാട്ടം അധികാരം പിടിച്ചെടുക്കുന്നതിനുവേണ്ടി ത്തന്നെയുള്ളതിൽനിന്നും വേർതിരിക്കാനാവാത്ത വിധം മാറിയിരിക്കുകയാണ്; കാരണം ഇപ്പോൾ നാവികപാതകളെക്കാളും സെെനികത്താവളങ്ങളെക്കാളും ഒട്ടും കുറഞ്ഞ പ്രാധാന്യമല്ല ഇന്ന് പൊതുജനാഭിപ്രായത്തിന് യുദ്ധവുമായി ബന്ധപ്പെട്ട മണ്ഡലങ്ങളിൽ നൽകപ്പെടുന്നത്.

ഈ പരിവർത്തനത്തിനുള്ളിൽ സാങ്കേതികവിദ്യ മുഖ്യസ്ഥാനം നേടിയെടുത്തിരിക്കുന്നു. നിർമിതബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിങ്, സാറ്റലെറ്റ് കമ്യൂണിക്കേഷനുകൾ, സെമി കണ്ടക്ടർ ഉൽപ്പാദനം, സമുദ്രത്തിനടിയിലൂടെയുള്ള കേബിളുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവ മുൻപത്തെക്കാളധികം, ഓയിൽ പെെപ്പു ലെെനുകൾ, പോർട്ടുകൾ, തന്ത്രപ്രധാന സമുദ്ര പാതകൾ എന്നിവയുമായി ബന്ധപ്പെട്ട ദൗത്യങ്ങൾ നിർവഹിക്കുന്നു. വിവരവിനിമയത്തിന്റെ മാതൃക രൂപപ്പെടുനത്തുന്നവർക്കായിരിക്കും ഫിനാൻസ്, ലോജിസ്റ്റിക്സ്, വാണിജ്യം, രഹസ്യവിവര ശേഖരണം (Intelligence Gathering), പൊതുജനാഭിപ്രായം എന്നിവയിൽ അഭൂതപൂർവമയ സ്വാധീനം കെെവരിക്കാൻ കഴിയുന്നത്. തൽഫലമായി സിലിക്കൻ വാലിയുടെ ഇടം ഇനിയൊരിക്കലും ദേശസുരക്ഷാ സംവിധാനത്തിനു (National Security State) പുറത്തായിരിക്കില്ല; മറിച്ച് സാങ്കേതികവിദ്യകളും സങ്കൽപ്പനപരമായ ചട്ടക്കൂടുകളും നൽകിക്കൊണ്ട് ആ സംവിധാനത്തിന്റെ നെടുംതൂണുകളിലൊന്നായി മാറിയിരിക്കുകയാണ്; അതിലൂടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സാമ്രാജ്യാധികാരം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

എന്നിരുന്നാലും, ഓരോ സാമ്രാജ്യ സംവിധാനവും അനിശ്ചിതകാലം മാറ്റിവയ്ക്കാനാവാത്ത വെെരുദ്ധ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. ഇന്ന് അമേരിക്ക അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെെരുധ്യം സ്ഥിതിചെയ്യുന്നത് അതിന്റെ അസാധാരണമായ സാമ്പത്തിക സെെനികശേഷികളും ലോകസമ്പദ്ഘടനയ്ക്കുള്ളിൽ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ആപേക്ഷികമായുള്ള ദൗർബല്യവും തമ്മിലുള്ളതാണ്. വാൾസ്ട്രീറ്റ് ഇപ്പോഴും അളവറ്റ നിലയിൽ സ്വാധീനം നിലനിർത്തിയിട്ടുണ്ട്; അന്താരാഷ്ട്ര ധനമേഖലയിൽ ഇപ്പോഴും ഡോളറിനുതന്നെയാണ് മേധാവിത്വം; ലോകത്തുടനീളമുള്ള ശാസ്ത്ര പ്രതിഭകളെ അമേരിക്കൻ സർവകലാശാലകൾ ആകർഷിക്കുന്നുണ്ട്; മാനവചരിത്രത്തിൽ ഒരിക്കലും മറ്റാർക്കും നേടാൻ കഴിഞ്ഞിട്ടില്ലാത്തത്ര ഭീമമായ സെെനിക ശേഷിയാണ് ഇപ്പോഴും അമേരിക്കയ്ക്കുള്ളത്. അതേസമയംതന്നെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട നിക്ഷേപം മറ്റിടങ്ങളിലേക്ക് മാറിപ്പോകുന്നത് വർധിച്ചുകൊണ്ടുമിരിക്കുന്നു; പശ്ചാത്തലസൗകര്യങ്ങൾ അധഃപതിച്ചുകൊണ്ടിരിക്കുകയാണ്; പൊതുകടം പെരുകുന്നു; സാമൂഹികാസമത്വം അസാധാരണമായ തലത്തിൽ എത്തിയിരിക്കുന്നു; രാഷ്ട്രീയ ധ്രുവീകരണം ആഭ്യന്തര സമവായത്തെ ദുർബലമാക്കിയിരിക്കുന്നു. ആഭ്യന്തര ദൗർബല്യങ്ങൾക്ക് പരിഹാരമെന്നോണം വിദേശങ്ങളിലെ ആധിപത്യം മാറിയിരിക്കുന്നു; ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് ഇത്തരത്തിൽ ആപേക്ഷികമായ അധഃപതനം നേരിടുന്ന സാമ്രാജ്യങ്ങളെല്ലാംതന്നെ കൂടുതൽ ബലപ്രയോഗത്തെ ആശ്രയിക്കുന്നതായാണ്; അതിന്റെ ആക്രമണാത്മക സ്വഭാവം തെല്ലും കുറയുന്നില്ല. സാമ്പത്തിക മേധാവിത്വം ഉറപ്പില്ലാത്തതായിരിക്കുന്നതിനാൽ സെെനിക ചെലവിടൽ വർധിപ്പിക്കുന്നു. ഉൽപ്പാദനരംഗത്തെ മത്സരക്ഷമതകൊണ്ട്. തന്ത്രപരമായ സ്വാധീനം ഉറപ്പാക്കാൻ ഇനിയധികം കഴിയാത്തതുകൊണ്ട് ഉപരോധങ്ങളുടെ എണ്ണം അതിവേഗം വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. സമവായത്തിന്റെ സ്ഥാനത്ത് ക്രമേണ ബലപ്രയോഗം അരങ്ങുവാഴുകയാണ്.

ഇപ്പോഴത്തെ ദശാസന്ധിയെ വളരെയേറെ അപകടകരമാക്കുന്ന കാര്യങ്ങൾ ഇതെല്ലാമാണ്. എന്നിരുന്നാലും, സാമ്രാജ്യശക്തിയുടെ തന്നെ പരിമിതികളും ഇത് വെളിപ്പെടുത്തുകയാണ്. വിയത്-നാമിലെയും ക്യൂബയിലെയും അംഗോളയിലെയും പലസ്തീനിലെയും വെനസേ-്വലയിലെയും മറ്റ് അസംഖ്യം സമൂഹങ്ങളിലെയും ജനങ്ങൾ ആവർത്തിച്ച് പ്രകടമാക്കിക്കൊണ്ടിരിക്കുന്നത് സാങ്കേതികവിദ്യയുടെ കാര്യത്തിലുള്ള മേധാവിത്വംകൊണ്ട് പരമാധികാരത്തിനായുള്ള ജനകീയാഭിലാഷങ്ങളെ എക്കാലത്തും ഒരേപോലെ തല്ലിക്കെടുത്താനാവില്ലെന്നാണ്. കടുത്ത സമ്മർദങ്ങളുണ്ടായിട്ടും പുതിയ സ്ഥാപനങ്ങളും സംവിധാനങ്ങളും ഉയർന്നുവരുന്നത് തുടരുക തന്നെയാണ്. ഉപരോധങ്ങളും നയതന്ത്രപരമായ ഒറ്റപ്പെടുത്തലുകളുമുണ്ടായിട്ടും വികസ്വര–അവികസിത രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വിപുലപ്പെട്ടുവരുന്നു. വികസനത്തിന്റേതായ ബദൽ പാതകൾക്കായുള്ള അന്വേ ഷണം, അവയെ അട്ടിമറിക്കാൻ ആവർത്തിച്ചുള്ള നീക്കങ്ങളുണ്ടായിട്ടും തുടരുകതന്നെയാണ്. അതുകൊണ്ടുതന്നെ, ഭാവി എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്നത് അമേരിക്ക മാത്രമാവില്ല. ലോകത്തിലെ വികസ്വര–അവികസിത രാജ്യങ്ങളിലെ ഫാക്ടറികളിലും ലബോറട്ടറികളിലും കൃഷിക്കളങ്ങളിലും അയൽക്കൂട്ട കമ്മിറ്റികളിലും ട്രേഡ് യൂണിയനുകളിലും ജനകീയപ്രസ്ഥാനങ്ങളിലുമെല്ലാം കൂടിയാണ് അത് രൂപപ്പെടുന്നത്; അവിടങ്ങളിലുള്ള ദശലക്ഷണക്കിനാളുകൾ ചരിത്രം സാമ്രാജ്യങ്ങൾക്കു മാത്രമുള്ളതല്ല, മാനവരാശിക്കാകെയുള്ളതാണ് എന്ന് തുടർന്നും നിഷ്-കർഷിച്ചുകൊണ്ടിരിക്കും.

വാഷിങ്ടണിൽനിന്ന് ഇപ്പോൾ പൊട്ടിക്കുന്ന വെടിയുണ്ടകൾ ശീതയുദ്ധകാലത്ത് ഗവൺമെന്റുകളെ അട്ടിമറിക്കാൻ ഉപയോഗിച്ചവയേക്കാൾ കൂടുതൽ സങ്കീർണമായവയായി മാറിയിരിക്കുന്നു. അവ പലപ്പോഴും എയർക്രാഫ്റ്റുകളിലൂടെയും മിസെെലുകളിലൂടെയുമെന്ന പോലെ ധനവിപണികളിലൂടെയും ഡിജിറ്റൽ നെറ്റ്-വർക്കുകളിലൂടെയും സാങ്കേതികവിദ്യയിലെ കുത്തകകളിലൂടെയും ഇന്റലിജന്റ്സ് സംവിധാനങ്ങളിലൂടെയും ആഖ്യാനങ്ങളിലൂടെയും സഞ്ചരിക്കുന്നു. എന്നിരുന്നാലും, അവരുടെ ലക്ഷ്യം മാറുന്നതേയില്ല: സ്വന്തം ഭാവി നിർണയിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ രാഷ്ട്രങ്ങൾക്കുമുള്ള ഒരു ലോകം ഉദയംകൊള്ളുന്നത് തടയലാണ് ആലക്ഷ്യം. അതിനാൽ, നമ്മുടെ കാലത്തിന്റെ കേന്ദ്ര രാഷ്ട്രീയ പ്രശ്നം അമേരിക്കൻ സാമ്രാജ്യത്വം നിലനിൽക്കുന്നുവെന്നതല്ല, മറിച്ച് സാമ്രാജ്യത്വത്തിന്റെ ആധിപത്യം കാലഹരണപ്പെട്ടതാക്കി മാറ്റുന്നതിന് വേണ്ടത്ര ജനാധിപത്യപരവും വേണ്ടത്ര ഉൽപ്പാദനപരവും ആവശ്യമായത്ര സാർവദേശീയവുമായ സ്ഥാപനങ്ങളുണ്ടാക്കാൻ മാനവരാശിക്ക് കഴിയുമോയെന്നതാണ്. ആ പോരാട്ടം ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞു; ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചരിത്രം രചിക്കുന്നത് ആ പോരാട്ടംതന്നെയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + 10 =

Most Popular