Wednesday, July 15, 2026

ad

Homeകവര്‍സ്റ്റോറി750 സൈനികത്താവളങ്ങൾ; 1.75 ലക്ഷം സെെനികർ ലോകത്തെ വളഞ്ഞ്‌ അമേരിക്കൻ സൈന്യം

750 സൈനികത്താവളങ്ങൾ; 1.75 ലക്ഷം സെെനികർ ലോകത്തെ വളഞ്ഞ്‌ അമേരിക്കൻ സൈന്യം

വിജേഷ് ചൂടൽ

ലോക ഭൂപടത്തിൽ അമേരിക്കൻ ഐക്യനാടുകൾ ഒരു രാജ്യം മാത്രമാണ്‌. പക്ഷേ ഭൂമിയിൽ അത് നൂറോളം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന “സാമ്രാജ്യ’മാണ്. സാന്പത്തികവും സാങ്കേതികവുമായ അധിനിവേശങ്ങൾക്കും ഉപരോധങ്ങൾക്കുമപ്പുറം വളർത്തിയെടുത്ത സൈനികസാമ്രാജ്യം. 750-ലധികം വിദേശ സൈനികത്താവളങ്ങൾ. 1,75,000 സൈനികർ. വർഷം ഒരു ലക്ഷം കോടി ഡോളറിലധികം ചെലവ്. രണ്ടാം ലോകയുദ്ധാനന്തരം 80 വർഷംകൊണ്ട്‌ അമേരിക്ക പടുത്തുയർത്തിയ ആധിപത്യത്തിന്റെ അദൃശ്യ ശൃംഖലയുടെ ദൃശ്യരൂപമാണ്‌ ഇ‍ൗ സൈനികത്താവളങ്ങൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 80 രാജ്യങ്ങളിലും ടെറിട്ടറികളിലുമായി വ്യാപിച്ചുകിടക്കുന്നു, ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള സൈനിക സാന്നിധ്യം. ചില രാജ്യങ്ങളിൽ സന്പൂർണ അധിനിവേശമായും ചിലയിടങ്ങളിൽ അതീവരഹസ്യ സാന്നിധ്യമായും അമേരിക്കൻ സൈന്യം ആധിപത്യത്തിന്റെ ഭ‍ൗതികരൂപമായിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകരാഷ്‌ട്രീയത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഉറപ്പായും അമേരിക്കയുടെ ഇ‍ൗ സൈനിക ശൃംഖലയാണെന്നു പറയാം.

1945-ലെ ‘വാഗ്ദാനം’; ഇന്നും തുടരുന്ന കരാർ
രണ്ടാം ലോകയുദ്ധത്തിന്‌ അന്ത്യംകുറിച്ച്‌ 1945 ആഗസ്തിൽ ജപ്പാൻ കീഴടങ്ങിയപ്പോൾ ലോകം പ്രതീക്ഷിച്ചത്‌ അമേരിക്കൻ സൈനികർ വീട്ടിലേക്ക് മടങ്ങുമെന്നാണ്‌. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. ജർമനിയിലും ജപ്പാനിലും അമേരിക്ക തങ്ങി. കാരണം വ്യക്തമായിരുന്നു. ‘ശീതയുദ്ധം’ ആരംഭിച്ചതോടെ യൂറോപ്പിലും ഏഷ്യയിലും സോവിയറ്റ് യൂണിയന്റെ സ്വാധീനം പടരുന്നത് തടയാൻ അമേരിക്കയ്ക്ക് ജർമനിയിലും ജപ്പാനിലും തങ്ങളുടെ സൈനികസാന്നിധ്യം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ജർമ്മനിയും ജപ്പാനും കമ്യൂണിസ്റ്റ് ചേരിയിലേക്ക് പോകാതിരിക്കാൻ അമേരിക്ക വലിയ സാമ്പത്തിക സഹായം നൽകി ഒപ്പംനിർത്തി. ഭൂമിശാസ്ത്രപരമായി ഈ രണ്ട് രാജ്യങ്ങളും അമേരിക്കയ്ക്ക് തന്ത്രപ്രധാനമായ മേൽക്കൈ നൽകി. യൂറോപ്പിലെ ‘സോവിയറ്റ് ഭീഷണി’യെ പ്രതിരോധിക്കാൻ പശ്ചിമ ജർമ്മനി അമേരിക്കയ്ക്ക് ശക്തമായ താവളമായി. കിഴക്കൻ ഏഷ്യയിൽ ചൈന, സോവിയറ്റ് യൂണിയൻ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പസഫിക് സമുദ്രത്തിലെ ഏറ്റവും മികച്ച അമേരിക്കൻ കേന്ദ്രമായി ജപ്പാൻ മാറി. ഫാസിസവും കമ്യൂണിസവും തിരിച്ചുവരാതെ, യൂറോപ്പിനെയും ഏഷ്യയെയും “സംരക്ഷിക്കാൻ’ സ്ഥാപിച്ചതാണ് ജപ്പാൻ, ജർമനി, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ ‘ബിഗ്‌ ത്രീ’ സൈനികത്താവളങ്ങൾ.

ജപ്പാനിൽ 120 കേന്ദ്രങ്ങളിലായി 54,000 അമേരിക്കൻ സൈനികർ തമ്പടിക്കുന്നു. ഒകിനാവയിലെ കദീന എയർബേസിൽനിന്ന് എഫ്‌-15 പോർവിമാനങ്ങൾ ദിവസവും പറന്നുയരുന്നു. യോക്കോസുക്ക അമേരിക്കൻ നാവികസേനയുടെ ഏഴാം കപ്പൽപ്പടയുടെ ആസ്ഥാനമായി മാറി. ടോക്യോയ്ക്ക് സമീപം യോക്കോട്ട വ്യോമതാവളം സ്ഥിതിചെയ്യുന്നു. ജർമ്മനിയിൽ 119 കേന്ദ്രങ്ങളിലായി 37,000 അമേരിക്കൻ സൈനികർ ഉണ്ട്. റാംസ്റ്റൈൻ എയർബേസ് യൂറോപ്പിലെ അമേരിക്കൻ വ്യോമസേനയുടെ ആസ്ഥാനമായിമാറി. ഇവിടെനിന്നാണ് ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കും യുദ്ധസാമഗ്രികളും സൈനികരും എത്തുന്നത്. ദക്ഷിണ കൊറിയയിൽ 73 കേന്ദ്രങ്ങളിലായി 28,000 സൈനികർ ഉണ്ട്. തലസ്ഥാനമായ സോളിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള ക്യാമ്പ് ഹംഫ്രീസ് ആണ് അമേരിക്കയുടെ ഏറ്റവും വലിയ വിദേശ സൈനികത്താവളം. 1080 കോടി ഡോളർ ചെലവിട്ട്‌ പടുത്തുയർത്തിയ ഈ “നഗരത്തിൽ’ സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പിങ്‌ മാളുകൾ എന്നിവയെല്ലാം സജ്ജമാണ്. “ഞങ്ങൾ ഇവിടെ ഉള്ളിടത്തോളം കാലം നിങ്ങൾ സുരക്ഷിതരാണ്’ എന്നതായിരുന്നു അമേരിക്കയുടെ വാഗ്‌ദാനം. ആ കരാർ ഇന്നും തുടരുന്നു.

ഭീകരതയ്ക്കെതിരായ യുദ്ധം പശ്ചിമേഷ്യയിൽ
2001 സെപ്‌തംബർ 11-ലെ ഭീകരാക്രമണത്തിനു ശേഷം ലോകം അടിമുടി മാറി. ആ മാറ്റം തങ്ങൾക്ക്‌ അനൂകൂലമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക തങ്ങളുടെ സൈനിക ഭൂപടവും മാറ്റിവരച്ചു. പശ്ചിമേഷ്യ തന്ത്രപ്രധാന കേന്ദ്രമായിമാറി. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റണഗണിലെ രേഖകൾ പ്രകാരം ഇന്ന് ഇ‍ൗ മേഖലയിൽ 19- സ്ഥലങ്ങളിൽ അമേരിക്കയുടെ സൈനിക സാന്നിധ്യമുണ്ട്. ഇവിടങ്ങളിലായി അരലക്ഷം സൈനികരാണുള്ളത്.

ഖത്തർ
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ്‌ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ വ്യോമതാവളമായ അൽ ഉദൈദ് എയർബേസ്. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ മുന്നണി ആസ്ഥാനമായ ഇവിടെ നിന്നാണ് ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പോർവിമാനങ്ങൾ പറക്കുന്നത്. പതിനായിരത്തിലേറെ അമേരിക്കൻ സൈനികരാണ്‌ ഇവിടെ തന്പടിച്ചിരിക്കുന്നത്‌. ഇവരെ ലക്ഷ്യമിട്ടാണ്‌ ഇറാൻ നിരന്തരം തിരിച്ചടി നൽകിയതെന്നും ഓർക്കണം. ഖത്തറുമായുള്ള സൈനികത്താവളക്കരാർ 2024-ൽ ഇരുകൂട്ടരും 10 വർഷത്തേക്കുകൂടി പുതുക്കിയിട്ടുണ്ട്‌.

ബഹ്‌റൈൻ
മനാമയിലെ ജുഫൈറിലുള്ള നേവൽ സപ്പോർട്ട് ആക്ടിവിറ്റി അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമാണ്‌. 9,000 സൈനികരും ഉദ്യോഗസ്ഥരും ഇവിടെയുണ്ട്‌. പേർഷ്യൻ ഗൾഫ്, ചെങ്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലെ കപ്പൽ ഗതാഗതം സസൂക്ഷ്മം നിരീക്ഷിക്കുന്നത് ഇവിടെ നിന്നാണ്. ഇപ്പോൾ ഹോർമൂസ്‌ കടലിടുക്കിലെ സൈനിക നിരീക്ഷണവും ഇവിടെനിന്നുതന്നെ.

കുവൈത്ത്
ക്യാമ്പ് അരിഫ്ജാൻ, അലി അൽ സാലിം, ക്യാമ്പ് ബ്യൂറിങ്‌ എന്നിവിടങ്ങളിലായി 13,500 സൈനികരാണുള്ളത്. ട്രക്കുകൾ, ടാങ്കുകൾ, ഭക്ഷണം എന്നിവയെല്ലാം എത്തിക്കുന്ന, “യുദ്ധത്തിന്റെ വെയർഹൗസ്’ ആണിത്‌.

യുഎഇ
അബുദാബിക്ക് സമീപമുള്ള അൽ ധഫ്ര എയർബേസിൽനിന്നാണ്‌ അമേരിക്കയുടെ ചാരവിമാനങ്ങൾ പറക്കുന്നത്. ജബൽ അലി തുറമുഖം: ദുബായിലുള്ള ജബൽ അലി തുറമുഖം സ്ഥിരമായ അമേരിക്കൻ സൈനികത്താവളമല്ല. പക്ഷേ, പശ്ചിമേഷ്യയിലെ അമേരിക്കൻ നാവികസേനയുടെ ഏറ്റവും വലുതും സജീവവുമായ തുറമുഖമായി നിലവിൽ ഇത് പ്രവർത്തിക്കുന്നു.

സൗദി അറേബ്യ
റിയാദിന് തെക്ക് പ്രിൻസ് സുൽത്താൻ എയർബേസുമായി ബന്ധപ്പെട്ട്‌ 2,300-ലധികം സൈനികരുണ്ട്‌. പ്രാദേശിക ഭീഷണികളിൽനിന്ന് വ്യോമാതിർത്തി സുരക്ഷിതമാക്കുന്നതിനെന്ന പേരിൽ അതിനൂതന വ്യോമപ്രതിരോധ സംവിധാനങ്ങളാണ്‌ ഇവിടെ സജ്ജമാക്കിയിട്ടുള്ളത്‌.

ഈ പ്രധാന താവളങ്ങൾക്കൊപ്പം ഇറാഖ്‌, ഇ‍ൗജിപ്‌ത്‌, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലും അമേരിക്കയുടെ വലുതും ചെറുതുമായ സൈനിക സാന്നിധ്യമുണ്ട്‌. ഇവയ്ക്കെല്ലാം പുറമേ, പേർഷ്യൻ ഉൾക്കടലിലും അറബിക്കടലിലും 16 അമേരിക്കൻ പടക്കപ്പലുകൾ എപ്പോഴും ചുറ്റിത്തിരിയുന്നുമുണ്ട്‌.

ഇന്ത്യൻ പരമാധികാരത്തിന് ഭീഷണി
ആഗോള യുദ്ധവെറി തുടരുന്ന അമേരിക്കൻ സാമ്രാജ്യത്വം ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയുയർത്തുന്നു. ഇന്ത്യയുമായി പ്രതിരോധ പങ്കാളിത്തം സ്ഥാപിക്കുന്ന പെന്റഗൺ തന്ത്രങ്ങൾക്കു പിന്നിൽ, ഏഷ്യൻ മേഖലയെയാകെ തങ്ങളുടെ കച്ചവട-–സൈനിക താല്പര്യങ്ങൾക്കായി അടിമപ്പെടുത്താനുള്ള നിഗൂഢ അജൻഡയാണുള്ളത്‌. ഇന്ത്യയുടെ അതിരുകൾക്ക് തൊട്ടടുത്ത് അമേരിക്ക പടുത്തുയർത്തിയിട്ടുള്ള മാരകായുധങ്ങളുടെയും അധിനിവേശത്തിന്റെയും കേന്ദ്രങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ സമാധാനാന്തരീക്ഷത്തെ എത്രത്തോളം ബാധിച്ചിരിക്കുന്നുവെന്ന്‌ നാമിപ്പോൾ കാണുകയാണ്‌.

ഇന്ത്യൻ തീരത്തുനിന്ന് വെറും 1,700 കിലോമീറ്റർമാത്രം അകലെ ഇന്ത്യാമഹാസമുദ്രത്തിന്റെ ഹൃദയഭാഗത്താണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഏറ്റവും ക്രൂരമായ അധിനിവേശ കേന്ദ്രങ്ങളിലൊന്നായ ‘ഡീഗോ ഗാർഷ്യ’ സ്ഥിതിചെയ്യുന്നത്. നാവിക-–വ്യോമ പടക്കപ്പലുകളും ആണവ അന്തർവാഹിനികളും ബി-–52 ബോംബറുകളും നിരത്തിനിർത്തിയിരിക്കുന്ന ഈ ദ്വീപിൽ ഏതുസമയത്തും 2,500 മുതൽ 5,000 വരെ സൈനികരും സിവിലിയൻ കോൺട്രാക്ടർമാരും നിലയുറപ്പിച്ചിട്ടുണ്ട്. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് ഇന്ത്യയെ ഭയപ്പെടുത്താൻ തങ്ങളുടെ കുപ്രസിദ്ധമായ ‘ഏഴാം കപ്പൽപ്പട’യെ ബംഗാൾ ഉൾക്കടലിലേക്ക് അയച്ച അമേരിക്കയുടെ കുടിലചരിത്രം മറക്കാനാകില്ല. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുടെ ജീവനാഡിയായ പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും അമേരിക്ക സൈനികാധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ വിദേശനയങ്ങൾക്ക് വഴങ്ങാത്ത രാജ്യങ്ങളെ സാമ്പത്തികമായും സൈനികമായും ഉപരോധിക്കുന്ന അമേരിക്കൻ ശൈലി, ഇന്ത്യയുടെ ഇന്ധന ഇറക്കുമതിക്കുമേൽ ഡെമോക്ലീസിന്റെ വാളായിക്കഴിഞ്ഞിരിക്കുന്നു.

സമീപകാലത്ത് അമേരിക്കയുമായി ഇന്ത്യ ഒപ്പുവച്ച ലെമോവ (LEMOA), കോംകാസ (COMCASA) തുടങ്ങിയ തന്ത്രപ്രധാന കരാറുകളിലൂടെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ മണ്ണിലും തുറമുഖങ്ങളിലും ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾക്കുമുള്ള അനുവാദം നൽകിയിട്ടുണ്ട്. ഇത് ഇന്ത്യയെ സാമ്രാജ്യത്വ ചേരിയുടെ ജൂനിയർ പാർട്ണറാക്കി മാറ്റാനുള്ള കെണിയാണെന്ന്‌ ഇടതുപക്ഷം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ചൈനയെ തളയ്ക്കാനെന്ന വ്യാജേന ഇന്ത്യൻ മഹാസമുദ്രത്തെ യുദ്ധക്കളമാക്കുന്ന അമേരിക്കൻ കടന്നുകയറ്റത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട്‌ സ്വീകരിക്കേണ്ടതുണ്ടെന്ന്‌ പുതിയ സംഭവവികാസങ്ങൾ മുന്നറിയിപ്പു നൽകുന്നു.

പുതിയ ശീതയുദ്ധം ആർട്ടിക് മുതൽ 
പസഫിക് വരെ
ഡൊണാൾഡ്‌ ട്രംപ്‌ രണ്ടാംതവണയും വൈറ്റ്‌ഹ‍ൗസിൽ എത്തിയതോടെ അമേരിക്കയുടെ അധിനിവേശ നീക്കങ്ങൾ കൂടുതൽ ആക്രമണോത്സുകമായി. ചൈനയും റഷ്യയും ചേർന്ന്‌ പടുത്തുയർത്തുന്ന കൂട്ടായ്‌മക്കെതിരെ ഉപരോധങ്ങളുടെയും ഭീഷണിയുടെയും തന്ത്രം വിലപ്പോകില്ലെന്നു വന്നതോടെയാണ്‌ ട്രംപ്‌ സൈനികഭീഷണിയിലേക്കും കടന്നാക്രമണത്തിലേക്കും നീങ്ങിയത്‌. വെനസ്വേലയിൽ നടത്തിയ അട്ടിമറിയുടെയും ഇറാനിൽ നടത്തിയ ഹീനമായ കടന്നാക്രമണത്തിന്റെയും യഥാർഥ ലക്ഷ്യം റഷ്യക്കും ചൈനയ്ക്കും താക്കീത്‌ നൽകുകയാണ്‌.

മഞ്ഞുരുകി പുതിയ കപ്പൽപാതകൾ തുറക്കുമ്പോൾ ആർട്ടിക്കിന്റെ പ്രാധാന്യം കൂടി. ആർട്ടിക് മേഖലയിലെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിനായി നാറ്റോയെ മുൻനിർത്തി അമേരിക്ക “ആർട്ടിക്‌ സെൻട്രി’ പദ്ധതി തുടങ്ങി. 2026 ഫെബ്രുവരിയിൽ ആരംഭിച്ച സംയുക്ത സൈനിക ദൗത്യം റഷ്യയുടെയും ചൈനയുടെയും വർദ്ധിച്ചുവരുന്ന സൈനിക-–സാമ്പത്തിക ഇടപെടലുകളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്‌. ഗ്രീൻലാൻഡിലെ- പിറ്റുഫിക് സ്പേസ് ബേസിൽ മിസൈലുകളും ഉപഗ്രഹങ്ങളും നിരീക്ഷിക്കാനുള്ള റഡാറും സൈനികത്താവളവുമുണ്ട്‌ അമേരിക്കയ്ക്ക്‌. നാറ്റോ സഖ്യകക്ഷിയായ ഡെൻമാർക്കിന്റെ അധീനതയിലുള്ള ഇ‍ൗ ദ്വീപാണ്‌ തങ്ങൾ പിടിച്ചെടുക്കുമെന്ന്‌ ട്രംപ്‌ ഭീഷണി മുഴക്കിയത്‌. സൈനികസാന്നിധ്യം വിപുലമാക്കുന്നതിനൊപ്പം ദ്വീപിലെ അത്യമൂല്യ ധാതുക്കളും അമേരിക്ക ലക്ഷ്യമിട്ടിട്ടുണ്ട്.

ചൈനയുടെ വളർച്ച തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മേഖലയിൽ സൈനികത്താവളങ്ങൾ പലതരത്തിൽ വിപുലമാക്കാനാണ്‌ അമേരിക്കയുടെ ശ്രമം. ഫിലിപ്പീൻസുമായുള്ള എൻഹാൻസ്ഡ് ഡിഫൻസ് കോ-ഓപ്പറേഷൻ എഗ്രിമെന്റ് (ഇഡിസിഎ) പ്രകാരം നിലവിൽ ഒമ്പത് ‘സൈനിക സമ്മതസ്ഥല’ങ്ങളുണ്ട്. ഇ‍ൗ താവളങ്ങൾ ഫിലിപ്പീൻസ്‌ സായുധ സേനയുടെ പൂർണ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണെങ്കിലും സൈനിക പരിശീലനം, ദുരന്തനിവാരണം, സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി അമേരിക്കൻ സേനയ്ക്ക് കൃത്യമായ ഇടവേളകളിൽ തുറന്നുനൽകണമെന്നാണ്‌ വ്യവസ്ഥ. പപ്പുവ ന്യൂ ഗിനിയ, ആസ്ട്രേലിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളുമായും പുതിയ കരാറുകളുണ്ട്‌.

യൂറോപ്പിലുടനീളം 31 സ്ഥിരം സൈനികത്താവളങ്ങളും 19 ആക്‌സസ് സൈറ്റുകളും അമേരിക്കയ്ക്ക്‌ നിലവിലുണ്ട്‌. 67,000 സ്ഥിരം ഉദ്യോഗസ്ഥർ ഉൾപ്പെടെ മൊത്തം 84,000 വരെ സൈനികരാണ്‌ വിവിധ രാജ്യങ്ങളിലായുള്ളത്‌. ബ്രിട്ടണിൽ ഏകദേശം 12 പ്രാഥമിക സൈനിക, രഹസ്യാന്വേഷണ സൗകര്യങ്ങൾ അമേരിക്കയ്ക്കുണ്ട്‌. സാങ്കേതികമായി എല്ലാം ബ്രിട്ടന്റെ പരമാധികാരത്തിനു കീഴിലുള്ള റോയൽ എയർഫോഴ്‌സ് സ്റ്റേഷനുകളാണെങ്കിലും, അവ അമേരിക്കൻ വ്യോമസേനയ്ക്കും ബഹിരാകാശസേനകയ്ക്കും രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കുമുള്ള നിർണായക കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. ജർമനി, ഇറ്റലി, സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അമേരിക്കയുടെ സൈനിക സാന്നിധ്യമുണ്ട്‌. റഷ്യ-–ഉക്രൈൻ യുദ്ധം തുടങ്ങിയതിനുശേഷം പോളണ്ട്, റൊമാനിയ, ലിത്വാനിയ എന്നിവിടങ്ങളിലും അമേരിക്ക പുതിയ സൈനികത്താവളങ്ങൾ ഉറപ്പിച്ചു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഔദ്യോഗികമായി അമേരിക്കൻ‌ സൈന്യത്തിന്റെ ഒരേയൊരു സ്ഥിരംതാവളം ജിബൂട്ടിയിലെ ക്യാമ്പ് ലെമണിയർ ആണ്‌. ഇവിടെനിന്നാണ് സൊമാലിയ, യെമൻ, സാഹേൽ മേഖലകളിൽ ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നത്. അതേസമയം, യുഎസ് – ആഫ്രിക്ക കമാൻഡിന് (ആഫ്രികോം) കീഴിൽ ഭൂഖണ്ഡത്തിലുടനീളം 29 മുതൽ 34 വരെ സജീവ സൈനികകേന്ദ്രങ്ങൾ നിലവിലുണ്ടെന്നാണ്‌ റിപ്പോർട്ട്‌.

കൂറ്റൻ സൈനികനഗരം –‘ഫോർട്ട് ലിബർട്ടി’
നിലവിൽ കരസേന, നാവികസേന, കോസ്റ്റ് ഗാർഡ്, മറൈൻസ്, എയർഫോഴ്സ്, സ്പേസ് ഫോഴ്സ് എന്നിങ്ങനെ ആറ് അത്യാധുനിക സൈനിക വിഭാഗങ്ങളുള്ള അമേരിക്കയാണ് ആഗോള സൈനിക മേധാവിത്വത്തിൽ മുന്നിൽനിൽക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സൈനികത്താവളങ്ങളുടെ പട്ടികയുടെ ആദ്യതാളുകളിലൊന്നും അമേരിക്കയല്ലാതെ മറ്റൊരു രാജ്യത്തിന്റെയും പേരില്ല. നോർത്ത് കരോലിനയിലെ ‘ഫോർട്ട് ലിബർട്ടി’ (ഫോർട്ട് ബ്രാഗ്) താവളം ജനസംഖ്യയുടെയും ഉദ്യോഗസ്ഥരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലാണ്‌. 57,000 സജീവ സൈനികർ, 11,000 സിവിൽ ജീവനക്കാർ, 23,000 കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് ഈ കൂറ്റൻ സൈനിക നഗരത്തിൽ താമസിക്കുന്നത്. അമേരിക്കൻ ആർമിയുടെ 82–-ാം എയർബോൺ ഡിവിഷന്റെ ആസ്ഥാനവും ഇതാണ്.

ക്യൂബ് ഹംഫ്രിസ്
ദക്ഷിണ കൊറിയയിലെ ‘ക്യാമ്പ് ഹംഫ്രിസ്’ ആണ് രാജ്യത്തിനുപുറത്ത്‌ അമേരിക്കയുടെ ഏറ്റവും വലിയ സൈനികകേന്ദ്രം. ഏകദേശം 14 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ചെറുകിട നഗരമാണിത്‌. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോഴ്‌സ് കൊറിയ (USFK), എട്ടാം യുഎസ് ആർമി, യുണൈറ്റഡ് നേഷൻസ് കമാൻഡ് എന്നിവയുടെ പ്രധാന ആസ്ഥാനം കൂടിയാണ് നിലവിൽ ക്യാമ്പ് ഹംഫ്രിസ്. സൈനികർ, സിവിൽ ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ നാൽപ്പതിനായിരത്തോളം പേരെ ഒരേസമയം ഉൾക്കൊള്ളാൻ ഈ നഗരസമുച്ചയത്തിനു ശേഷിയുണ്ട്. കിഴക്കൻ ഏഷ്യയിൽ യുഎസ്‌ സൈനിക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ക്യാമ്പ് ഹംഫ്രിസ് നിർണായക പങ്കാണ് വഹിക്കുന്നത്.

സാമ്രാജ്യത്തിന് വലിയ വിലയുണ്ട്
പ്രതിവർഷം ഒരുലക്ഷം കോടി ഡോളറിലധികം ചെലവുണ്ട്‌, അമേരിക്കയുടെ ഇ‍ൗ സൈനിക പരിപാലനത്തിന്‌. 2026 ലെ അമേരിക്കൻ പ്രതിരോധ ബജറ്റ് 90,100 കോടി ഡോളറിന്റേതാണ്‌. അമേരിക്കൻ ജിഡിപിയുടെ ഏകദേശം 3.3 ശതമാനം വരുമിത്‌. ലോകമെമ്പാടുമുള്ള മൊത്തം സൈനിക ചെലവിന്റെ ഏകദേശം 40 ശതമാനമാണിത്‌.

ഇത്രയും ചെലവ് അമേരിക്കൻ നികുതിദായകർക്ക് താങ്ങാനാകുമോ? ആതിഥേയ രാജ്യങ്ങൾ എപ്പോഴും സഹകരിക്കുമോ? ഡ്രോണുകളുടെയും സൈബർ യുദ്ധത്തിന്റെയും കാലത്ത് ഭൗതികമായ സൈനികസാന്നിധ്യത്തിന്‌ എത്ര പ്രസക്തിയുണ്ട്? തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്‌. എന്നിരിക്കിലും അമേരിക്ക ലോകമാകെ സൈനിക വിപുലീകരണത്തിനുള്ള നീക്കം അഭംഗുരം തുടരുകയാണ്‌. ‘ചെറിയ കാൽപ്പാട്, വലിയ സ്വാധീനം’ എന്നതാണ്‌ ഇപ്പോൾ പുതിയ തന്ത്രം. അതായത് വലിയ സ്ഥിരംതാവളങ്ങൾക്കുപകരം ചെറുതും ചലിക്കുന്നതുമായ സൈനിക സാന്നിധ്യം.

ശീതയുദ്ധത്തിനായി സ്ഥാപിച്ച ബേസുകൾ ഭീകരതയ്ക്കെതിരെയെന്ന പേരിൽ കടന്നാക്രമണവും സൈനികസാന്നിധ്യവും വ്യാപിപ്പിച്ചു. ട്രംപിന്റെ കാലത്തെ ആക്രമണോത്സുക സാമ്രാജ്യത്വം ഇപ്പോൾ പുതിയ ലക്ഷ്യങ്ങളോടെ, പുതിയ ശത്രുക്കളെ ലക്ഷ്യമിട്ട്‌ നീങ്ങുകയാണ്‌. ചൈനയും റഷ്യയും മുന്നോട്ടുവയ്‌ക്കുന്ന ബദൽസഖ്യത്തിലെ ഓരോ കണ്ണിയെയും ചുങ്കഭീഷണിക്കും ഉപരോധക്കുടുക്കിനുമൊപ്പം സൈനിക റഡാറിലും കൊളുത്തിയിടുകയാണ്‌ അമേരിക്കയുടെ ലക്ഷ്യം. ഗ്രീൻലാൻഡിലെ മഞ്ഞുതാഴ്‌വര മുതൽ ബഹ്‌റൈനിലെ മരുഭൂമി വരെയും ജപ്പാനിലെ തുറമുഖം മുതൽ പോളണ്ടിലെ റഡാർ സ്റ്റേഷൻ വരെയും നീളുന്ന ഇ‍ൗ അദൃശ്യ സൈനിക ശൃംഖലയാണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നട്ടെല്ല്. യുദ്ധം പ്രഖ്യാപിക്കാതെ ലോകത്ത് ഇടപെടാനുള്ള ഉപകരണമാണിത്. ഇറാനിലും വെനസ്വേലയിലും നടപ്പാക്കിയതുപോലെ, ക്യൂബയിൽ ലക്ഷ്യമിടുന്നതുപോലെ അധിനിവേശത്തിനുള്ള നിലമൊരുക്കൽ മാത്രമാണ്‌ എവിടെയും ബാക്കിയുള്ളത്‌. അമേരിക്കൻ സാമ്രാജ്യം എന്നത് മാപ്പിലെ നിറങ്ങളല്ല. അത് റൺവേകളാണ്, തുറമുഖങ്ങളാണ്, റഡാറുകളാണ്. “എല്ലായിടത്തും ഉണ്ടായിരിക്കുക’ എന്ന പ്രഖ്യാപിത നയത്തിനൊപ്പം ‘എന്തിനും തയ്യാറായിരിക്കുക’ എന്ന കൂട്ടിച്ചേർക്കൽകൂടി വരുത്തിയിരിക്കുന്നു അമേരിക്ക.

എന്തിനാണ് ഇത്രയും താവളങ്ങൾ?
ഇതിന് പെന്റഗൺ മൂന്നു കാരണങ്ങളാണ് പറയുന്നത്:

1. ശത്രുക്കളെ തടയൽ: തങ്ങളുടെ സൈന്യം ഉള്ളടത്തോളം കാലം ശത്രുക്കൾ ആക്രമിക്കില്ല എന്ന ഉറപ്പാണ്‌ അമേരിക്ക സഖ്യകക്ഷികൾക്ക്‌ നൽകുന്നത്‌. ദക്ഷിണ കൊറിയയിൽ അമേരിക്കൻ സൈനികർ ഉള്ളിടത്തോളം കാലം ദക്ഷിണകൊറിയയെ ഉത്തര കൊറിയ ആക്രമിക്കില്ല എന്നാണ്‌ അമേരിക്കയുടെ വാഗദാനം. പോളണ്ടിൽ യുഎസ്‌ ബേസ് ഉള്ളിടത്തോളംകാലം റഷ്യ അവിവേകം കാട്ടില്ലെന്നാണ്‌ അമേരിക്ക വിശ്വസിപ്പിക്കുന്നത്‌.

2. വേഗത്തിൽ എത്തിച്ചേരണം: തായ്‌വാനിൽ പ്രതിസന്ധി ഉണ്ടായാൽ ടെക്സാസിൽനിന്ന് വിമാനം പറത്തിയിട്ട് കാര്യമില്ല. കദീനയിൽനിന്ന് 4 മണിക്കൂറിൽ എത്തണം.

3. പങ്കാളിത്തം: പ്രതിവർഷം നാൽപ്പതിലധികം രാജ്യങ്ങളുമായി എണ്ണൂറിലധികം സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്കൻ സൈനികത്താവളങ്ങളിൽ നടക്കുന്നു. ഇത് പങ്കാളിത്ത രാജ്യങ്ങൾക്ക്‌ ഏറെ പ്രയോജനകരമാണെന്നാണ്‌ അമേരിക്കയുടെ അവകാശവാദം. എന്നാൽ, യുദ്ധത്തിനു മാത്രമല്ല, നയതന്ത്രത്തിനും സൈനികത്താവളങ്ങളെ അമേരിക്ക ആയുധമാക്കുന്നുവെന്നതാണ്‌ യാഥാർഥ്യം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − eighteen =

Most Popular