Friday, October 16, 2026

ad

Homeകവര്‍സ്റ്റോറിയാങ്കി ബൂട്ടുകൾ ലോകം വാഴുന്നു

യാങ്കി ബൂട്ടുകൾ ലോകം വാഴുന്നു

എ ശ്യാം

പ്രത്യക്ഷ കോളനിവാഴ്‌ചയുടെ പ്രതാപകാലത്ത്‌ ബ്രിട്ടൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌ ‘സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം’ എന്നായിരുന്നു. കോളനിജനതകളെത്തന്നെ ഉപയോഗിച്ചാണ്‌ ബ്രിട്ടൻ ലോകത്ത്‌ സൈനികാധിപത്യം പുലർത്തിവന്നത്‌. എന്നാൽ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ബ്രിട്ടൻ, ഫ്രാൻസ്‌ തുടങ്ങിയ കൊളോണിയൽ സാമ്രാജ്യത്വ രാഷ്‌ട്രങ്ങളുടെ ആധിപത്യം അവസാനിച്ചു. പുതുതായി ഉയർന്നുവന്ന അമേരിക്കയുടെ ആശ്രിതരും സാമന്തരുമായി പഴയ കൊളോണിയൽ ശക്തികൾ മാറി. അമേരിക്ക പാശ്ചാത്യ സാമ്രാജ്യത്വ ചേരിയുടെ നായകനായിത്തീർന്നു. രണ്ടാം ലോകയുദ്ധം അവസാനിക്കുന്പോൾ, ക്യൂബയിലും ഫിലിപ്പീൻസിലും പാനാമ കനാൽ മേഖലയിലും കരീബിയൻ–അറ്റ്‌ലാന്റിക്‌ മേഖലയിലും ശാന്തസമുദ്രത്തിലെ അധീനപ്രദേശങ്ങളിലും മറ്റുമായി ഏതാനും ഡസനിൽ ഒതുങ്ങുന്ന സൈനികത്താവളങ്ങൾ മാത്രമാണ്‌ അമേരിക്കയ്‌ക്കുണ്ടായിരുന്നത്‌. എന്നാൽ ഇന്ന്‌ എല്ലാ ഭൂഖണ്ഡങ്ങളിലും അമേരിക്കൻ സേനാ സാന്നിധ്യമുണ്ട്‌. എൺപതോളം രാജ്യങ്ങളിലായി 750ൽപരം സൈനികത്താവളങ്ങളാണ്‌ അമേരിക്കയ്‌ക്കുള്ളത്‌.

അമേരിക്കയ്‌ക്കു പുറത്ത്‌ യാങ്കി സാമ്രാജ്യത്വം ഒന്നേമുക്കാൽ ലക്ഷത്തിനടുത്ത്‌ സൈനികരെയാണ്‌ സ്ഥിരമായി വിന്യസിച്ചിട്ടുള്ളത്‌. അമേരിക്കയുടെ 13 ലക്ഷം സൈനികരിൽ 13 ശതമാനത്തോളവും മറ്റു ഭൂഖണ്ഡങ്ങളിലാണ്‌ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌ എന്നർത്ഥം. അതിൽ 75 ശതമാനവും വെറും മൂന്ന്‌ രാജ്യങ്ങളിലായാണ്‌. ജപ്പാനിലാണ്‌ ഏറ്റവുമധികം. 53000 അമേരിക്കൻ പട്ടാളക്കാരാണ്‌ അവിടെയുള്ളത്‌. ജർമനിയിൽ 35,000 പേരും ദക്ഷിണ കൊറിയയിൽ ഉദ്ദേശം 28,000 പേരുമുണ്ട്‌. ജപ്പാനിലും ദക്ഷിണ കൊറിയയിലുമുള്ള അമേരിക്കൻ സൈനികത്താവളങ്ങൾ ചൈനയെ ലക്ഷ്യമിട്ടുള്ളതാണ്‌. കൂടാതെ ഫിലിപ്പീൻസ്‌, ഗ്വാം തുടങ്ങിയ ഇടങ്ങളിലെ അമേരിക്കൻ സൈനിക സന്നാഹങ്ങളും ചൈനയെ ഉന്നമിട്ടാണ്‌. അമേരിക്കയ്‌ക്ക്‌ ഏറ്റവുമധികം സൈനിക താവളങ്ങളുള്ളത്‌ അവർ രണ്ടുവട്ടം അണുബോംബിട്ട്‌ ലക്ഷക്കണക്കിനാളുകളെ കൊന്ന ജപ്പാനിലാണ്‌ –120 എണ്ണം. ഇ‍ൗ താവളങ്ങളിലെ അമേരിക്കൻ പട്ടാളക്കാർ നടത്തുന്ന ലൈംഗിക പീഡനങ്ങൾ അടക്കമുള്ള അതിക്രമങ്ങൾ തദ്ദേശീയരിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കാറുണ്ട്‌. ഏഷ്യയിലും ലാറ്റിനമേരിക്കയിലും മാത്രമല്ല യൂറോപ്പിലും അമേരിക്കൻ പട്ടാള സാന്നിധ്യം അമേരിക്കാവിരുദ്ധ വികാരം വളരാൻ ഇടയാക്കുന്നുണ്ടെന്ന്‌ ഇന്ത്യയിൽ ജനിച്ച ഉഗാണ്ടൻ നരവംശശാസ്‌ത്രജ്ഞൻ മഹ്‌മൂദ്‌ മംമ്ദാനിയെ(ന്യൂയോർക്ക്‌ മേയറായ യുവ സോഷ്യലിസ്‌റ്റ്‌ സൊഹ്‌റാൻ മംമ്‌ദാനിയുടെ പിതാവ്‌) പോലുള്ളവർ കാൽനൂറ്റാണ്ട്‌ മുന്പുതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

സോവിയറ്റ്‌ യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്‌റ്റ്‌ ചേരിയുടെയും തകർച്ചയോടെ ഏക വൻശക്തിയായി മാറിയ അമേരിക്കയുടെ തീട്ടൂരങ്ങളായിരുന്നു രണ്ടു പതിറ്റാണ്ടോളം ലോകനിയമങ്ങൾ. പിന്നീട്‌ ആ സ്ഥിതി മാറുന്നതിന്റെ അടയാളങ്ങളായിരുന്നു ബറാക്‌ ഒബാമയുടെ ഭരണകാലത്ത്‌ ക്യൂബയുമായി അരനൂറ്റാണ്ടിലേറെ നീണ്ട ശത്രുതയിൽ അയവുവരുത്തി ബന്ധം മെച്ചപ്പെടുത്താൻ ആരംഭിച്ചതും ആണവപ്രശ്‌നത്തിൽ ഇറാനും വൻശക്തികളുമായി ധാരണയിലെത്തിയതും. എന്നാൽ ലോകത്തിന്‌ പ്രതീക്ഷ നൽകിയ ആ രണ്ട്‌ സമാധാനനീക്കങ്ങളും ഒബാമയ്‌ക്കുശേഷം അമേരിക്കയിൽ അധികാരത്തിലെത്തിയ ഡൊണാൾഡ്‌ ട്രംപ്‌ അട്ടിമറിക്കുകയായിരുന്നു. മറ്റു രാജ്യങ്ങളെ അവഗണിച്ച്‌ ഒറ്റയ്‌ക്ക്‌ പോകാനുള്ള സമയമല്ല ഇതെന്ന്‌ പൊതുവെ പാശ്ചാത്യ നിലപാടുകളോട്‌ ചായ്‌വുള്ള എഴുത്തുകാരൻ സൽമാൻ റുഷ്‌ദി അഫ്‌ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശത്തിനുശേഷം പറഞ്ഞിരുന്നു. ഏകപക്ഷീയ നിലപാടുകളുമായി പോവുന്നത്‌ കൈവന്ന വിജയം നഷ്‌ടപ്പെടുത്തുന്നതിന്‌ ഇടയാക്കുമെന്നും റുഷ്‌ദി മുന്നറിയിപ്പുനൽകിയിരുന്നു. അഞ്ചു വർഷം മുന്പ്‌ താലിബാന്‌ അധികാരം തിരിച്ചേൽപ്പിച്ച്‌ അമേരിക്ക അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ തലയൂരിയപ്പോൾ ആ പ്രവചനം യാഥാർത്ഥ്യമായി.

ലോകത്തെയാകെ സംരക്ഷിക്കാനാണ്‌ തങ്ങൾ എല്ലായിടത്തും സൈനികത്താവളങ്ങൾ സ്ഥാപിക്കുന്നത്‌ എന്നാണ്‌ എന്നും അമേരിക്കയുടെ അവകാശവാദം. കഴിഞ്ഞദിവസം തുർക്കിയിലെ അങ്കാറയിൽ ചേർന്ന നാറ്റോ ഉച്ചകോടിയിലും പ്രസിഡന്റ്‌ ട്രംപ്‌ ഇ‍ൗ വാദം ആവർത്തിച്ചു. നാറ്റോ അംഗമായ ഡെൻമാർക്കിന്റെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ്‌ അമേരിക്കയ്‌ക്ക്‌ വിട്ടുകിട്ടണം എന്ന ശാഠ്യം ആവർത്തിച്ചപ്പോഴാണ്‌ ഇ‍ൗ വാദം ഉന്നയിച്ചത്‌. ഇത്‌ അംഗീകരിക്കാത്ത മറ്റ്‌ നാറ്റോ രാജ്യങ്ങളെ ട്രംപ്‌ രൂക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്‌തു(ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ്‌ ധാതുസന്പന്നമാണ്‌. ഏറ്റവും വലിയ ശുദ്ധജല സന്പത്താണ്‌ അവിടത്തെ ഹിമപാളികൾക്കടിയിലുള്ളത്‌). നാറ്റോ അമേരിക്കയുടെമാത്രം ബാധ്യതയല്ലെന്നും മറ്റ്‌ അംഗരാജ്യങ്ങളും സൈനികച്ചെലവ്‌ ഉയർത്തണമെന്നും നിലപാടുള്ള ട്രംപ്‌ നിരന്തരം സമ്മർദ്ദം ചെലുത്തുന്നതിനാൽ പല രാജ്യങ്ങളും പടക്കോപ്പുകൾക്കും മറ്റുമായി കൂടുതൽ പണം ചെലവഴിക്കാൻ നിർബന്ധിതമായിട്ടുണ്ട്‌. പലവിധ സാന്പത്തിക പ്രതിസന്ധികൾ നേരിടുന്ന പാശ്ചാത്യ രാജ്യങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കുന്നതാണ്‌ ഇ‍ൗ ബാധ്യത. മറ്റു രാജ്യങ്ങളെ സംരക്ഷിക്കാനും സഹായിക്കാനുമാണ്‌ അവിടങ്ങളിലെ തങ്ങളുടെ സൈനികത്താവളങ്ങൾ എന്ന അമേരിക്കൻ വാദം പരിഹാസ്യമായി തകർന്നടിയുന്നത്‌ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേർന്ന്‌ ഫെബ്രുവരി 28ന്‌ ആക്രമണം ആരംഭിച്ചപ്പോൾ കണ്ടതാണ്‌. ഇസ്രയേലിന്‌ തിരിച്ചടി നൽകിയതിനുപുറമേ, മേഖലയിൽ അമേരിക്കയ്‌ക്ക്‌ താവളം നൽകിയിട്ടുള്ള അറബ്‌ രാജ്യങ്ങളിലേക്കാണ്‌ ഇറാൻ പ്രത്യാക്രമണം നടത്തിയത്‌. കനത്ത നാശമാണ്‌ സ‍ൗദി അറേബ്യയ്‌ക്കും യുഎഇയ്‌ക്കും ബഹറൈനും മറ്റുമുണ്ടായത്‌. അതൊന്നും തടയാൻ അമേരിക്കയ്‌ക്ക്‌ സാധിച്ചില്ല. മാത്രമല്ല, ഈ താവളങ്ങൾ നിലനിർത്താനും സംരക്ഷിക്കാനും വേണ്ട ചെലവുകൾ വഹിക്കേണ്ടതും ഇൗ രാജ്യങ്ങൾ തന്നെയാണ്.

ഒരു സാമ്രാജ്യവും ശാശ്വതമല്ല എന്നാണ്‌ ലോകചരിത്രം കാണിക്കുന്നത്‌. ലോകം അടക്കിഭരിച്ച സ്‌പാനിഷ്‌ (16,17 നൂറ്റാണ്ടുകൾ), ബ്രിട്ടീഷ്‌(18,19 നൂറ്റാണ്ടുകൾ) സാമ്രാജ്യങ്ങൾ പോലെ അമേരിക്കൻ സാമ്രാജ്യവും തകർന്നടിയും. സൈനികശക്തിയും സാന്പത്തികശക്തിയും ചേർന്നാണ്‌ സാമ്രാജ്യങ്ങളെ നിലനിർത്തുന്നത്‌. താരതമ്യമില്ലാത്തത്ര ശക്തമാണ്‌ ഇന്നും അമേരിക്കയുടെ സൈനികശക്തി. എന്നാൽ അവരുടെ സാന്പത്തികശക്തി അതിവേഗം ക്ഷയിക്കുകയാണ്‌. മുന്പ്‌ ആധിപത്യം പുലർത്തിയിരുന്ന സാമ്രാജ്യങ്ങളുടെയും തകർച്ചയുടെ തുടക്കം സാന്പത്തികശക്തിയിലെ തകർച്ചയിൽ നിന്നാണ്‌. സാമ്രാജ്യം നിലനിർത്താനാവശ്യമായ സൈനികച്ചെലവ്‌ താങ്ങാൻകഴിയാതെ വന്നപ്പോഴാണ്‌ സ്‌പെയിനും പോർച്ചുഗലും ബ്രിട്ടനും ഫ്രാൻസുമെല്ലാം അമേരിക്കയുടെ സേവകരാഷ്‌ട്രങ്ങളായത്‌. അമേരിക്കയുടെ സൈനികച്ചെലവ്‌ ഇ‍ൗവർഷം 99,700 കോടി ഡോളറാണ്‌. അത്‌ അമേരിക്കൻ ജിഡിപിയുടെ 3.4 ശതമാനം വരും. അടുത്ത 10 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളുടെ മൊത്തം ചെലവിനേക്കാൾ അധികമാണ്‌ അമേരിക്കയുടേത്‌. സൈനികച്ചെലവിൽ രണ്ടാംസ്ഥാനത്തുള്ള ചൈനയുടെ ചെലവ്‌ 27,700 കോടി ഡോളർ മാത്രമാണ്‌. അതും രാജ്യത്തെ ജിഡിപിയുടെ 1.4 ശതമാനംമാത്രം. ഇന്ത്യപോലും ജിഡിപിയുടെ 1.9 ശതമാനം സൈനികച്ചെലവിന്‌ നീക്കിവയ്‌ക്കുന്പോഴാണ്‌ കരുതലോടെയുള്ള ചൈനയുടെ നിലപാട്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയ്‌ക്ക്‌ ഭീമമായ സൈനികച്ചെലവും കാരണമായിട്ടുണ്ട്‌ എന്ന പാഠം ചൈന പഠിച്ചിട്ടുണ്ട്‌. ചെെനയെ വളഞ്ഞുവച്ച്‌ ഒറ്റപ്പെടുത്താൻ അമേരിക്ക ചുറ്റും സൈനികത്താവളങ്ങൾ വ്യാപിപ്പിക്കുന്പോൾ ആ കെണിയിൽ കുടുങ്ങാതെ വ്യാപാരബന്ധങ്ങളിലൂടെ വളരാനാണ്‌ ചൈന ശ്രമിക്കുന്നത്‌. ലോകത്തിനുമുന്നിൽ രണ്ട്‌ മാതൃകകളാണ്‌ അമേരിക്കയും ചൈനയും അവതരിപ്പിക്കുന്നത്‌. ഇതിൽ ചൈന മുന്നോട്ടുവയ്‌ക്കുന്ന മാതൃകയാണ്‌ സമാധാനപൂർണമായ ഭാവിയുടേത്‌ എന്നാണ്‌ ചരിത്രം കാണിക്കുന്നത്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + seven =

Most Popular