പതിനാറാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിൽ ഒരു കോടിയോളം തദ്ദേശീയ അമേരിക്കക്കാർ പാർത്തിരുന്നതായി ഹവാർഡ് സിൻ 1980ൽ പ്രസിദ്ധീകരിച്ച ‘എ പീപ്പിൾസ് ഹിസ്‌റ്ററി ഓഫ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്’ എന്ന പുസ്‌തകത്തിൽ പറയുന്നു. യൂറോപ്പുകാരുടെ അധിനിവേശഹത്യകളിലും അവർ പടർത്തിയ രോഗങ്ങളിലും ഇൗ ജനസംഖ്യ 10 ലക്ഷമായി ചുരുങ്ങി. ഇന്ന് യുണെെറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (അമേരിക്കൻ ഐക്യനാടുകൾ) എന്ന് അറിയപ്പെടുന്ന ഭൂപ്രദേശത്ത് 1492നും 1900നും മധ്യേ 1.2 കോടിയോളം തദ്ദേശീയർ വംശഹത്യക്ക് ഇരകളായെന്നാണ് ഡേവിഡ് മൈക്കിൾ സ്‌മിത്തിനെ പോലുള്ള ഗവേഷകരുടെ നിഗമനം. ഹവായ്, അലാസ്‌ക, പ്യൂർട്ടോറിക്കോ എന്നിവിടങ്ങളിൽ അമേരിക്കൻ അധിനിവേശത്തിന്റെ ആദ്യഘട്ടത്തിൽ എട്ട് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടത് ഇതിനു പുറമെ. അങ്ങനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ രൂപംകൊള്ളലിൽതന്നെ 1.3 കോടിയോളം തദ്ദേശീയർ ബലിയർപ്പിക്കപ്പെട്ടു. തദ്ദേശീയരെ കൊന്നൊടുക്കിയും ആ മണ്ണിലെ വിഭവങ്ങൾ കൊള്ളയടിച്ചും ചീർത്ത അമേരിക്കൻ മുതലാളിത്തം പിൽക്കാലത്ത് പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ദംഷ്ട്രകൾ പുറത്തേയ്‌ക്ക് നീട്ടിയിട്ടുണ്ട്. ലോകമെന്പാടും കടന്നാക്രമണം നടത്തിയും, ചെറുത്തുനിന്ന ദേശാഭിമാനികളും പുരോഗമനവാദികളുമായ നേതാക്കളെ നിഷ്‌ഠുരം വധിച്ചും വിവിധ സർക്കാരുകളെ അട്ടിമറിച്ചും അമേരിക്ക ആഗോള ചട്ടമ്പിയായി വിലസി. ‘‘തദ്ദേശീയ ജനതകളെ അപരിഷ്‌കൃതരായി പരിഗണിക്കണം’’ എന്ന തത്ത്വമാണ് അമേരിക്ക പാലിച്ചത്. അമേരിക്കയുടെ ഇംഗിതം നടപ്പാക്കാൻ പല രാജ്യങ്ങളിലും വളർത്തിയെടുത്ത സംഘങ്ങൾ പിന്നീട് അവർക്ക് ഭീഷണിയായപ്പോൾ അക്കൂട്ടരെയും കൊന്നുതള്ളി. ചുരുക്കത്തിൽ, ‘മഹത്വവൽക്കരിക്കപ്പെട്ട കൊലയാളിസംഘമാണ്’ അമേരിക്കൻ ഭരണകൂടം.

മെക്‌സിക്കോയ്‌ക്ക് അമേരിക്കൻ കടന്നാക്രമണത്തിൽ നഷ്ടമായത് അവരുടെ ഭൂപരിധിയുടെ മൂന്നിലൊന്നാണ്; അരിസോണ, കലിഫോർണിയ, കൊളറാഡോ, നെവേഡ, ന്യൂമെക്‌സിക്കോ, ടെക്‌സാസ്, ഉട്ടാ തുടങ്ങിയ അമേരിക്കൻ സംസ്ഥാനങ്ങൾ മെക്‌സിക്കോ അതിർത്തിയിലായിരുന്നു. മുമ്പ് കാനഡ പിടിച്ചെടുക്കാൻ അമേരിക്ക ബ്രിട്ടനുമായി യുദ്ധം ചെയ്‌തു. അമേരിക്കൻ അർധഗോളത്തിൽ യുഎസിനാണ് പരമാധികാരമെന്ന് 1823ൽ ജെയിംസ് മൺറോ പ്രഖ്യാപിച്ചു. അതേസമയം, അമേരിക്കൻ മേഖലയിൽ രാഷ്‌ട്രീയമായും വാണിജ്യപരമായും ഇടപെടരുതെന്ന് യൂറോപ്യൻ രാജ്യങ്ങളോട് ആജ്ഞാപിച്ച മൺറോ, യൂറോപ്പിൽ ഇടപെടാൻ യുഎസിന് അവകാശമുണ്ടെന്നും (ഗ്രീക്ക് സ്വാതന്ത്ര്യവിഷയത്തിൽ) പ്രഖ്യാപിച്ചു. ഇത്തരത്തിൽ കോടിക്കണക്കിനുപേരുടെ ചോരക്കറ പതിഞ്ഞുകിടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വം രണ്ടാം ലോകയുദ്ധത്തിന്റെ അവസാനകാലത്ത്, 1944ൽ ബ്രട്ടൻവുഡ്‌സ് ഉടന്പടി വഴി ആഗോള സമ്പദ്‌ഘടനയുടെയും ആധിപത്യം കൈക്കലാക്കി. യുദ്ധം തീരാറായപ്പോൾ ജപ്പാൻ കീഴടങ്ങുമെന്ന് ഉറപ്പായിരുന്നിട്ടും 1945 ആഗസ്‌ത് ആറിനും ഒൻപതിനും യഥാക്രമം ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിച്ച് എതിരാളികളെ അസ്‌തപ്രജ്ഞരാക്കുകയും ചെയ്‌തു. ഹിരോഷിമയിൽ തൽക്ഷണം 80,000 പേർ കൊല്ലപ്പെട്ടു; അതിലുമേറെപ്പേർ നരകയാതനകൾ സഹിച്ച് പടിപടിയായി മരിച്ചു. നാഗസാക്കിയിലും ഏതാണ്ട് തത്തുല്യമായ ആൾനാശമുണ്ടായി. രാജാക്കന്മാരുടെ കാലത്ത് അവരുടെ കൈവശമുള്ള സ്വർണത്തിന്റെ അളവ് മാനദണ്ഡമാക്കിയാണ് പ്രതാപവും ശക്തിയും നിശ്‌ചയിച്ചിരുന്നതെങ്കിൽ ഒറ്റ ബോംബിൽ പരമാവധി ആളുകളെ കൊല്ലാൻ കഴിയുന്നതാണ് ശക്തിയുടെ സൂചകമെന്ന പുതിയ മാനദണ്ഡം അമേരിക്ക കൊണ്ടുവന്നു.

സ്വന്തം മണ്ണിലും അമേരിക്ക പൗരസ്വാതന്ത്ര്യത്തിനു വലിയ വിലയൊന്നും കൽപ്പിക്കുന്നില്ല. ‘യുഎസ്: സ്വാതന്ത്ര്യം എന്നത് പ്രതിമ മാത്രമായ രാജ്യം’’ എന്നാണ് ചിലിയൻ ജനകീയ കവി നികാനോർ പാർറ വിശേഷിപ്പിച്ചത്. സോഷ്യലിസത്തിനും കമ്യൂണിസത്തിനും എതിരെ അവർ കുരിശുയുദ്ധം പ്രഖ്യാപിച്ചു. എല്ലാ രാജ്യങ്ങളിലെയും ഭരണവർഗവുമായി അടുത്ത ബന്ധം സ്ഥാപിച്ച് സിഐഎ അവരുടെ സ്വത്തും സവിശേഷാധികാരങ്ങളും നിലനിർത്താൻ സഹായം നൽകുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിനും ധനമൂലധനശക്തികൾക്കുമെതിരായ നിലപാട് സ്വീകരിച്ച ഭരണാധികാരികളെ നിഷ്‌കാസനം ചെയ്യുകയോ വധിക്കുകയോ ചെയ്‌തു. 1962ൽ ജോൺ എഫ് കെന്നഡി ഭരണകൂടം ആവിഷ്‌കരിച്ച ‘ ഓവർസീസ് ഇന്റേണൽ ഡിഫൻസ് പോളിസി’ രേഖ മൂന്നാം ലോകരാജ്യങ്ങളിലെ ഏറ്റവും ഹീനരായ കൂട്ടരുമായി അമേരിക്കയുടെ വർഗപക്ഷപാതം തെളിയിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ക്യൂബയിലെ വിപ്ലവസർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിച്ചെങ്കിലും വിജയിച്ചില്ല; തൊട്ടുപിന്നാലെ ‘പുറത്തുനിന്നുള്ള കമ്യൂണിസ്‌റ്റ് സമ്മർദ്ദത്തിൽനിന്ന് തായ്‌ലാൻഡിനെ രക്ഷിക്കാൻ’ 6,500 അമേരിക്കൻ സെെനികരെ അവിടേയ്‌ക്ക് അയച്ചു. തായ്‌ലാൻഡിലെയും ലാവോസിലെയും കമ്യൂണിസ്‌റ്റുകാരെ വേട്ടയാടാൻ കമ്യൂണിസ്‌റ്റുവിരുദ്ധ സംഘങ്ങൾക്കും പൊലീസിനും അമേരിക്കൻ സെെനികർ പരിശീലനം നൽകി. തൊഴിലാളികളുടെയും വിദ്യാർഥികളുടെയും പ്രക്ഷോഭങ്ങളെ നിഷ്‌ഠുരമായി കൈകാര്യം ചെയ്‌തു. ദൈർഘ്യമേറിയ ഇൗ ചരിത്രം അത്യന്തം ഭീകരമാണ്. വിയത്‌നാമിലും കോംഗോയിലും ഇറാഖിലും ഹെയ്‌ത്തിയിലും ദശലക്ഷങ്ങളെ അമേരിക്കൻ സൈന്യം കൊന്നൊടുക്കി. അമേരിക്ക നയിക്കുന്ന നാറ്റോ സഖ്യം വിവിധ രാജ്യങ്ങളിൽ വർഷിച്ച ബോംബുകളിലും മിസൈലുകളിലും ജീവൻ നഷ്ടപ്പെട്ടവരുടെയും സ്ഥിരമായ അംഗഭംഗം സംഭവിച്ചവരുടെയും എണ്ണം തിട്ടപ്പെടുത്തുക അസാധ്യമാണ്.

അമേരിക്കൻ സാമ്രാജ്യത്വം നേരിട്ടും ക്വട്ടേഷൻ നൽകിയും വധിച്ച ലോകനേതാക്കളുടെ പട്ടിക നീണ്ടതാണ്. ചിലിയിൽ ആനാട്ടിലെ പ്രഭുവർഗത്തിന്റെയും ആ നാട്ടിലെ സർക്കാരിന്റെയും കുതന്ത്രങ്ങൾ അതിജീവിച്ച് 1970ൽ പ്രസിഡന്റായി ജയിച്ചുകയറിയ സാൽവദോർ അലൻഡെയ്‌ക്ക് രണ്ട് വർഷത്തിനകം സിഐഎ പിന്തുണയോടെ അരങ്ങേറിയ അട്ടിമറിയിൽ ജീവൻ നഷ്ടമായി. ലാറ്റിനമേരിക്കയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രഥമ സോഷ്യലിസ്‌റ്റ് ഭരണാധികാരിയായിരുന്നു അലൻഡെ. ‘‘ഒൗഷധങ്ങൾക്ക് ന്യായവില, കുറഞ്ഞ നിരക്കിൽ പാർപ്പിടം, എല്ലാവർക്കും സാമൂഹിക സുരക്ഷ, പെൻഷൻ, ചിലിയിലെ എല്ലാ കുട്ടികൾക്കും പാൽ, വിലക്കയറ്റം തടയൽ, അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ക്ലിനിക്കുകൾ’’ ഇതൊക്കെയാണ് അലൻഡെ സർക്കാർ നടപ്പാക്കിയത്. ഇത് മുതലാളിവർഗത്തിനു പൊറുക്കാൻ കഴിയുമായിരുന്നില്ല. സോഷ്യലിസം എന്ന വാക്ക് കേൾക്കരുതെന്ന് ആഗ്രഹിക്കുന്ന അമേരിക്കൻ ഭരണവർഗത്തിന്റെ ഒത്താശയോടെ അലൻഡെ സർക്കാരിനെ അട്ടിമറിച്ചു. 1973 സെപ്‌തംബർ 11ന് വലതുപക്ഷ പട്ടാളം അദ്ദേഹത്തെ വധിച്ചു. ‘‘ഓപ്പറേഷൻ കോണ്ടെർ’’ എന്നു പേരിട്ട, സിഐഎയുടെ ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ അട്ടിമറികളിൽ ഒന്നാണ് ചിലിയിൽ നടന്നത്.
യുഎസ്–-ബെൽജിയം സാമ്രാജ്യത്വ ഭീകരർ കൊലപ്പെടുത്തി കത്തിച്ച പാട്രിസ് ലുമുംബ എന്ന വിപ്ലവകാരിയുടെ അനശ്വര ഓർമകൾക്ക് നൂറ് വർഷം പ്രായമുണ്ട്. 1925 ജൂലൈ രണ്ടിന് കോംഗോയിലെ കറ്റക്കോക്കൊമ്പയിൽ ജനിച്ച ലുമുംബ 36 വയസ്സിലാണ് രക്തസാക്ഷിത്വം വരിച്ചത്. അപൂർവ ധാതുസമ്പത്തിന്റെ കലവറയായിരുന്നു കോംഗോ. സ്വർണം, വെള്ളി, യുറേനിയം, കോപ്പർ തുടങ്ങിയവയുടെ ശേഖരം അമേരിക്കയും ബെൽജിയവും മത്സരിച്ച് കൊള്ളയടിച്ചു. കോംഗോയുടെ വിമോചനപോരാട്ടത്തിന് നേതൃത്വം നൽകിയ ലുമുംബ സ്വതന്ത്രരാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായി. ഭരണം അട്ടിമറിക്കാൻ സിഐഎ ഉൾപ്പെടെ ശ്രമിച്ചു. വിഘടനവാദം വളർത്തി ഒരു പ്രവിശ്യയെ കോംഗോയിൽനിന്ന് അടർത്തിമാറ്റാൻ ശ്രമിച്ചു. അവരെ സംരക്ഷിക്കാൻ ബെൽജിയം പടയെത്തി. ശക്തമായ സോവിയറ്റ് ഇടപെടലിൽ ബെൽജിയം പിന്മാറി. പക്ഷേ, ലുമുംബ സർക്കാരിനെ അമേരിക്ക അട്ടിമറിച്ചു. ലുമുംബയെയും രണ്ട് സുഹൃത്തുക്കളെയും വിദേശസേന പിടികൂടി; 1961 ജനുവരി 17ന് ക്രൂരപീഡനത്തിനൊടുവിൽ ശരീരങ്ങൾ വികൃതമാക്കി കുഴിച്ചുമൂടി. ഗ്വാട്ടിമാല(1954), ഡൊമിനിക്കൻ റിപ്പബ്ലിക്ക്(1965) എന്നിവിടങ്ങളിൽ അധിനിവേശം നടത്തിയ അമേരിക്ക 1965ൽ ഇന്തോനേഷ്യയിൽ കമ്യൂണിസ്‌റ്റുകാരെ ക്രൂരമായി കൂട്ടക്കൊലചെയ്യുന്നതിന് നേതൃത്വം നൽകി.

ലാറ്റിനമേരിക്കയിലെ കത്തോലിക്കാ സഭയിൽ മാർക്‌സിസത്തിന്റെ സ്വാധീനം വളരുകയും വിമോചന ദൈവശാസ്‌ത്രം അംഗീകാരം നേടുകയും ചെയ്‌തത് അമേരിക്കയെ വിറളിപിടിപ്പിച്ചു. 1971 മാർച്ച് അഞ്ചിന് പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ അദ്ദേഹത്തിന്റെ ഓഫീസിൽ വിളിച്ച യോഗത്തിൽ അങ്ങേയറ്റം രോഷത്തോടെ പറഞ്ഞു:‘‘ പത്തു വർഷമായി കത്തോലിക്കാ സഭയിലെ സ്ഥിതി മോശമാവുകയാണ്. പുരോഹിതന്മാരിൽ മൂന്നിലൊന്നുപേർ മാർക്‌സിസ്‌റ്റുകളാണ്, മൂന്നിലൊന്ന് മധ്യഭാഗത്ത്, ബാക്കി മാത്രമാണ് ശരിയായ പുരോഹിതർ’’. വിമോചന ദൈവശാസ്‌ത്രം ഉൾക്കൊണ്ട വൈദികർ യേശുക്രിസ്‌തുവിനെ വിപ്ലവകാരിയായി കാണുകയും കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തതാണ് അമേരിക്കൻ സർക്കാരിനെ ചൊടിപ്പിച്ചത്. പ്രസിഡന്റിന്റെ നിർദേശപ്രകാരം സിഐഎ ലാറ്റിനമേരിക്കയിൽ കമ്യൂണിസ്‌റ്റ്‌വിരുദ്ധ വേട്ടയ്‌ക്ക് പദ്ധതി തയ്യാറാക്കി. 1975ൽ ബൊളീവിയയിൽ ഒട്ടേറെ വൈദികരെയും കന്യാസ്‌ത്രീകളെയും അറസ്‌റ്റുചെയ്‌തു. 1977ൽ എൽസാൽവദോറിൽ ജസ്യൂട്ട് വൈദികൻ റൂട്ടിലോ ഗ്രാൻഡെ വധിക്കപ്പെട്ടു. 1980 മാർച്ചിൽ എൽ സാൽവദോറിൽ ആർച്ച് ബിഷപ്പ് ഓസ്‌കാർ റോമരോവിനെ വലതുപക്ഷ ഡെത്ത്‌സ്‌ക്വാഡ് വെടിവച്ചു കൊലപ്പെടുത്തി. അക്കൊല്ലം ഡിസംബറിൽ അമേരിക്കയിൽനിന്നുള്ള നാല് കന്യാസ്‌ത്രീകളെ എൽ സാൽവദോർ നാഷണൽ ഗാർഡ് അംഗങ്ങൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്‌തുകൊന്നു. യുഎസ് പരിശീലനം ലഭിച്ച എൽ സാൽവദോർ സൈന്യം 1989ൽ ആറ് ജസ്യൂട്ട് വൈദികരെയും അവരുടെ സഹായിയെയും മകളെയും ക്രൂരമായി വധിച്ചു.

അഫ്‌ഗാനിസ്ഥാൻ(1978), നിക്കരാഗ്വേ(1979), ഗ്രനഡ(1979) തുടങ്ങിയ ദരിദ്ര രാജ്യങ്ങളിൽ നടന്ന വിപ്ലവങ്ങളെ അട്ടിമറിക്കാൻ ആ രാജ്യങ്ങളിലെ സർക്കാരുകളുടെ ആഭ്യന്തരശത്രുക്കളുമായി അമേരിക്ക കൈകോർത്തു. അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്‌റ്റ് സ്വാധീനത്തിനെതിരെ പൊരുതാൻ ഇസ്ലാമിക തീവ്രവാദികൾക്ക് പിന്തുണ നൽകി. അഫ്ഗാനിസ്ഥാനിലെ ഡോ. നജീബുള്ള സർക്കാരിനെ അട്ടിമറിക്കാനുള്ള പദ്ധതിക്ക് അമേരിക്ക നൽകിയത് 60,000 കോടി ഡോളറാണ്. ഇസ്ലാമിക തീവ്രവാദികൾ ഡോ. നജീബുള്ളയെ വധിക്കുകയും അഫ്‌ഗാനിസ്ഥാൻ അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്‌തു. ഇതേതുടർന്നാണ് ഒസാമ ബിൻ ലാദനും അൽ ഖ്വയ്ദയും വളർച്ച നേടിയത്. അവർ പിന്നീട് അമേരിക്ക യ്ക്കെതിരെ തിരിഞ്ഞപ്പോൾ അ–ഫ്‌ഗാനിസ്ഥാനിൽ അധിനിവേശയുദ്ധം നടത്തി സാമ്രാജ്യത്വം പ്രതികാരം ചെയ്യുകയാണുണ്ടായത്. പാകിസ്ഥാനിൽ ഒളിച്ചുകഴിഞ്ഞ ബിൻ ലാദനെ 2011 മെയ് ഒന്നിനു സൈനികനീക്കംവഴി കൊലപ്പെടുത്തുകയും ചെയ്‌തു. ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ വധിക്കുകയും(2003) ഇറാഖിനെ തകർത്ത് പ്രാകൃതയുഗത്തിലേയ്‌ക്ക് തള്ളുകയും ചെയ്‌തതും അമേരിക്ക തന്നെ. അഫ്‌ഗാനിസ്ഥാനും ഇറാഖും ഇപ്പോൾ

മതതീവ്രവാദികളുടെ കേന്ദ്രങ്ങളാണ്. അമേരിക്ക ദീർഘകാലമായി തകർക്കാൻ ശ്രമിച്ചുവരുന്ന ഇറാനിൽ അധിനിവേശ ആക്രമണങ്ങൾ തുടരുകയാണ്. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയെയും കുടുംബാംഗങ്ങളെയും ഇക്കൊല്ലം ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് വ്യോമാക്രമണത്തിൽ വധിച്ചു. ദശലക്ഷങ്ങളെ വംശഹത്യക്ക് ഇരയാക്കിക്കൊണ്ട് പലസ്‌തീനിൽ നടത്തുന്ന ഇസ്രയേൽ കടന്നാക്രമണത്തിന് അമേരിക്ക പിന്തുണ നൽകുന്നു. ലിബിയൻ ഭരണാധികാരി കേണൽ ഗദ്ദാഫി കൊല്ലപ്പെട്ടത് 2011 ഒക്ടോബർ 20ന് നാറ്റോ ആക്രമണത്തിന്റെ തുടർച്ചയായ കലാപത്തിലാണ്.

ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ മാർക്‌സിസ്‌റ്റ് പ്രസിഡന്റായിരുന്ന ക്യാപ്‌റ്റൻ തോമസ് സങ്കാര അറിയപ്പെട്ടിരുന്നത് ആഫ്രിക്കൻ ചെ ഗുവേര എന്നായിരുന്നു. അമേരിക്കയുടെയും ഫ്രാൻസിന്റെയും ചൂഷണത്തെ ചെറുത്ത സങ്കാര 1987 ഒക്‌ടോബർ 15നാണ് വധിക്കപ്പെട്ടത്. ഓരോ ജനവിഭാഗത്തിന്റെയും ദേശീയ വിമോചന സ്വപ്‌നങ്ങളെ തച്ചുടച്ചാണ് അമേരിക്ക സമ്പന്നതയുടെ കൊട്ടാരങ്ങൾ പണിയുന്നത്. l



