തുടർന്ന് ഹായ്-തിയിലെ താവളത്തിൽ നിലയുറപ്പിച്ച് കൊളംബസ് ദ്വീപിന്റെ ഉൾഭാഗത്തിലേക്ക് പലവട്ടം അന്വേഷണസംഘങ്ങളെ അയച്ചു. അക്കൂട്ടർക്ക് സ്വർണഖനികളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മടങ്ങുമ്പോ ഴേക്ക് കപ്പലുകളിൽ എന്തെങ്കിലും ഉരുപ്പടികൾ നിറച്ചല്ലേ പറ്റൂ എന്ന വേവലാതിയിൽ അയാൾ വൻതോതിൽ അടിമവേട്ട തുടങ്ങി. 1495 ലായിരുന്നു ഇത്. അറവാക്ക് പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വളഞ്ഞു പിടിച്ച് സ്‌പാനിയാർഡുകളുടെയും നായ്ക്കളുടെയും കാവലിൽ വേലിക്കെട്ടുകൾക്കുളളിൽ അടച്ചു. അവരിൽനിന്ന് ഏറ്റവും കരുത്തരായ 500 പേരെ തെരഞ്ഞെടുത്ത് കപ്പലുകളിൽ കയറ്റി. ഈ 500 പേരിൽ 200 പേർ വഴിക്കു വച്ച് മരണമടഞ്ഞു. ബാക്കിയുളളവർ ജീവനോടെ സ്പെയിനിലെത്തി. അവിടെ ആർച്ച് ഡീക്കൺ അവരെ പട്ടണത്തിൽ ലേലത്തിന് വച്ചു. അടിമകൾ പിറന്നപടിയായിരുന്നു എങ്കിലും യാതൊരു ജാള്യതയും പ്രകടിപ്പിച്ചില്ല എന്നാണ് ആർച്ച് ഡീക്കൺ റിപ്പോർട്ട് ചെയ്‌തത്. കൊളംബസ് പിന്നീട് എഴുതി: ‘വിശുദ്ധ ത്രിമൂർത്തികളുടെ പേരിൽ, വിൽപ്പനയ്ക്ക് അനുയോജ്യരായ മുഴുവൻ അടിമകളെയും നമുക്ക് അങ്ങോട്ട് അയച്ചുകൊണ്ടിരിക്കാം.’
ദിവസം ചെല്ലുന്തോറും സ്പാനിയാർഡുകൾ എങ്ങനെ കൂടുതൽ കൂടുതൽ ഗർവിഷ്ഠരായി മാറിക്കൊണ്ടിരുന്നു എന്ന് ലാ കാസ വർണിക്കുന്നു.
“ഒരടിപോലും നടക്കാൻ അവർ കൂട്ടാക്കിയില്ല. അമരിന്ത്യക്കാർ അവരെ തങ്ങളുടെ മുതുകിലേറ്റി നടക്കണം അല്ലെങ്കിൽ മാറി മാറി മഞ്ചലിൽ ഏറ്റിക്കൊണ്ടുപോകണം. ഒപ്പം മറ്റൊരു കൂട്ടർ വലിയ ഇലകൾകൊണ്ട് കുടപിടിച്ച് അവരെ വെയിലുകൊള്ളാതെ സംരക്ഷിക്കണം, വാത്തിന്റെ തൂവലുകൾ കൊണ്ട് വീശണം”
പൂർണനിയന്ത്രണം പൂർണക്രൂരതയിലേക്ക് നയിച്ചു. “പത്തും ഇരുപ തും അമരിന്ത്യക്കാരെ കത്തികൊണ്ട് കുത്തുകയോ മൂർച്ച നോക്കാൻ അവരുടെ മാംസം വെട്ടിയെടുത്തു നോക്കുകയോ ചെയ്യാൻ അവർക്ക് ഒരു മടിയുമില്ലായിരുന്നു. ഒരു ദിവസം ക്രിസ്ത്യാനികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരിൽ രണ്ടുപേർ രണ്ട് അമരിന്ത്യൻ ബാലന്മാരെ കണ്ടുമുട്ടി. കുട്ടികളുടെ കയ്യിൽ ഓരോ തത്ത വീതമുണ്ടായിരുന്നു. അവർ ആ തത്തകളെ പിടിച്ചെടുക്കുകയും ഒരു തമാശയ്ക്ക് ആ ബാലന്മാരുടെ തലവെട്ടുകയും ചെയ്തു.” ലാ കാസ പറയുന്നു. സ്വയം പ്രതിരോധിക്കാനുള്ള അമരിന്ത്യ ക്കാരുടെ ശ്രമം പരാജയപ്പെട്ടു. അവർ കുന്നുകളിലേക്ക് പലായനം ചെയ്തപ്പോൾ സ്പാനിയാർഡുകൾ അവരെ വേട്ടയാടിപ്പിടിച്ച് കൊന്നു. ലാ കാസ റിപ്പോർട്ട് ചെയ്യുന്നു: “അവർ ഖനികളിലും മറ്റിടങ്ങളിലും നിശ്ശബ്ദം നരകയാതന അനുഭവിച്ചു. ആരോടാണ് സഹായമഭ്യർഥിക്കുക എന്ന് യാതൊരു പിടിയുമില്ലാതെ ഖനികളിലെത്തുന്നവരുടെ’ പണി ലാ കാസ തന്നെ വിവരിക്കുന്നു:
‘‘പർവതങ്ങൾ ഒരായിരംവട്ടം അടിമുതൽ മുടിവരെയും മുടി മുതൽ അടിവരെയും കിളച്ചു മറിക്കുന്നു. അവർ കിളക്കുന്നു, പാറപൊട്ടിക്കുന്നു, കല്ലുകളുരുട്ടി നീക്കുന്നു, ചെളി ചുമന്ന് നദിയിലെത്തിച്ച് അരിക്കുന്നു. സ്ഥിരമായിങ്ങനെ കുനിഞ്ഞു വെളളത്തിൽനിന്ന് സ്വർണം അരിച്ചെടുക്കുന്നവരുടെ നടുവൊടിയുന്നു. ഖനികളിൽ വെള്ളം കയറിയാൽ അത് കോരി കയ്യിലാക്കി തൂത്തുകളഞ്ഞ് ഇടം ഉണക്കിയെടുക്കുന്ന പണിയും അവരുടേത് തന്നെ.”
“ഉരുക്കാൻ മാത്രം സ്വർണം കിട്ടാൻ ഒരുസംഘം പണിക്കാർക്ക് ഏഴെട്ടു മാസം വേണ്ടിവരുമായിരുന്നു. ആ കാലയളവിനകം മൂന്നിലൊരു ഭാഗം പണിക്കാരും ചത്തിരിക്കും. പുരുഷന്മാർ ഇങ്ങനെ നാഴികകൾ അകലെയുള്ള ഖനികളിൽ പണിയെടുക്കുമ്പോൾ ഭാര്യമാർ മരച്ചീനി ചെടികൾ നടാനുളള കൂനകൾ ഒരുക്കുന്ന കഠിനപ്രവൃത്തി ചെയ്യാൻ നിർബന്ധിതരായി നാട്ടിൽ കഴിയുകയായിരിക്കും.”
“ഭർത്താക്കൻമാരും ഭാര്യമാരും ഒരുമിക്കുന്നത് 8-–10 മാസത്തിൽ ഒരിക്കലാണ്. അങ്ങനെ കാണുമ്പോഴേക്കും രണ്ടുകൂട്ടരും തളർന്ന് അവശരായിരിക്കും… അവർക്കിടയിൽ പ്രജനനം നടക്കാതായി. ഇനി വല്ല കുഞ്ഞും ജനിച്ചാൽതന്നെ അത് വേഗം മരിക്കും. കാരണം കഠിനാധ്വാനവും പട്ടിണിയുംമൂലം ആരോഗ്യം നശിച്ച അമ്മമാർക്ക് കുഞ്ഞിനു നൽകാൻ മുലപ്പാലുണ്ടാവില്ല… ഈയൊരൊറ്റ കാരണം കൊണ്ടുമാത്രം ഞാനിവിടെ ക്യൂബയിൽ ഉണ്ടായിരുന്ന കാലത്ത് മൂന്ന് മാസത്തിനുളളിൽ 7000 കുഞ്ഞുങ്ങൾ മരിച്ചു. ചില അമ്മമാർ അത്യധികം നിരാശരായി കുഞ്ഞുങ്ങളെ മുക്കിക്കൊന്നു. ഇങ്ങനെ ഭർത്താക്കന്മാർ ഖനികളിൽ ചത്തൊടുങ്ങി, ഭാര്യമാർ കൃഷിയിടങ്ങളിൽ വീണു മരിച്ചു. കുഞ്ഞുങ്ങൾ മുലപ്പാൽ കിട്ടാതെ വിശന്നു മരിച്ചു… ഒരിക്കൽ മഹത്തും ശക്തവും ഫലഭൂയിഷ്ഠവുമായിരുന്ന ആ ഭൂപ്രദേശം ചുരുങ്ങിയ കാലത്തിനുള്ളിൽ… ജനശൂന്യമായി… മനുഷ്യപ്രകൃതിക്ക് അന്യമായ ഇത്തരം ക്രൂരകൃത്യങ്ങൾ എന്റെ കണ്ണുകൊണ്ട് ഞാൻ കണ്ടു, ഇതെഴുതുമ്പോൾ ആ കാഴ്ചകളോർത്ത് ഞാൻ നടുങ്ങുന്നു.”
“ഈ ദ്വീപിൽ അമരിന്ത്യക്കാരടക്കം ആകെ 60,000 പേരേ ഉണ്ടായിരുന്നുളളൂ. അതിന്റെ അർഥം 1498 മുതൽ 1508 വരെയുളള കാലയളവിൽ യുദ്ധം, അടിമത്തം, ഖനികളിലെ കഠിനാധ്വാനം എന്നിവമൂലം 30 ലക്ഷത്തിലധികം പേർ മരിച്ചുപോയി എന്നാണ്. ഭാവിതലമുറകളിൽ ആരാണ് ഇത് വിശ്വസിക്കുക. ഇതെല്ലാം നേരിൽ കണ്ട എനിക്കുപോലും അത് അവിശ്വസനീയമായി തോന്നും.”
ഇങ്ങനെയാണ് 500 വർഷം മുമ്പ് അമേരിക്കൻ നാടുകളിലെ അമരിന്ത്യൻ താവളങ്ങൾക്കുമേൽ യൂറോപ്യന്മാരുടെ അധിനിവേശം ആരംഭിച്ചത്. ലാ കാസ പറയുന്നതുപോലെ തുടക്കത്തിൽ 30 ലക്ഷം പേരുണ്ടായിരുന്നോ, അതോ മറ്റുചില ചരിത്രകാരന്മാർ കണക്കാക്കിയിട്ടുളളതുപോലെ പത്തു ലക്ഷത്തിൽ കുറവായിരുന്നോ, അല്ല, ഇനിയും ചിലർ ഇപ്പോൾ വിശ്വസിക്കുംപോലെ 80 ലക്ഷമായിരുന്നോ എന്നത് അവിടെ നിൽക്കട്ടെ. ഒന്നു തീർച്ചയാണ്; ആ തുടക്കം അധിനിവേശത്തിന്റേതും അടിമത്തത്തിന്റേതും മരണത്തിന്റേതുമായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ കുട്ടികൾക്ക് നൽകുന്ന ചരിത്ര പുസ്‌തകങ്ങൾ അനുസരിച്ച് എല്ലാം തുടങ്ങുന്നത് മഹത്തായ ഒരു വീരസാഹസികതയിലാണ്. ഒരു രക്തച്ചൊരിച്ചിലും ഉണ്ടായിട്ടില്ല. കൊളംബസ് ദിനം ആഘോഷമാക്കുന്നത് അതുകൊണ്ടാണല്ലോ.
അടിമത്തത്തിന്റെ ഈറ്റില്ലം അമേരിക്കയെപ്പോലെ ഇത്രയധികം കാലം വർണവിവേചനത്തിന് പ്രാധാന്യമുണ്ടായിരുന്ന രാജ്യം ലോകചരിത്രത്തിൽ വേറെയില്ല. കറുത്തവരെയും വെളുത്തവരെയും വേർതിരിക്കുന്ന ഒരു രേഖയാണ് വർണരേഖ യെന്ന് ഡബ്ലിയു.ഇ.ബി. ദുബോയ് വിളിക്കുന്നു. ഇത് ഇന്നും നമ്മോടൊപ്പം ഉണ്ടുതാനും. അതുകൊണ്ട് എങ്ങനെയാണ് അത് ആരംഭിച്ചത് എന്ന ചോദ്യം കേവലം ചരിത്രപരമായ ജിജ്ഞാസ മാത്രമല്ല, അതിലും പ്രധാനമായ ഒരു ചോദ്യമുണ്ട്. എങ്ങനെ അത് അവസാനിപ്പിക്കാം? മറ്റൊരു തരത്തിൽ ചോദിച്ചാൽ വെളുത്തവർക്കും കറുത്തവർക്കും പരസ്പരം വെറുക്കാതെ സഹവസിക്കാൻ കഴിയുമോ? 1800 ഓടെ ഒന്ന് – ഒന്നരക്കോടി കറുത്തവരെ അടിമകളായി അമേരിക്കൻ നാടുകളിൽ എത്തിക്കപ്പെട്ടു. ഇത് ആഫ്രിക്കയിൽ നിന്ന് പിടിക്കപ്പെട്ട കറുത്തവരുടെ എണ്ണത്തിന്റെ മൂന്നിലൊന്നേ വരുമായിരുന്നുള്ളൂ. ആധുനിക പാശ്ചാത്യസംസ്കൃതിയുടെ തുടക്കം കുറിക്കാനായി ആഫ്രിക്കയ്ക്ക് 5 കോടി മനുഷ്യജീവികളെ ബലികൊടുക്കേണ്ടിവന്നു. ലോകത്തെ ഏറ്റവും പുരോഗമിച്ച രാജ്യങ്ങളെന്ന് കണക്കാക്കപ്പെടുന്ന പടിഞ്ഞാറൻ യൂറോപ്പിലെയും അമേരിക്കയിലെയും അടിമവ്യാപാരികളും തോട്ടമുടമകളുമായിരുന്നു ഈ കൊടിയപാതകത്തിന് ഉത്തരവാദികൾ. ന്യൂയോർക്ക് നഗരത്തിൽ 1741ൽ 10,000 വെള്ളക്കാരും 2,000 കറുത്ത വർഗക്കാരായ അടിമകളും ഉണ്ടായിരുന്നു. ശൈത്യം കഠിനമായിരുന്നു. കറുത്തവരെന്നോ, വെളുത്തവരെന്നോ ഭേദമില്ലാത്ത ദരിദ്രർ വലിയ ദുരിതത്തിലായി. നിഗൂഢമായ തീപിടുത്തങ്ങൾ ഉണ്ടായപ്പോൾ കറുത്തവരും വെള്ളക്കാരും ഗൂഢാലോചനയിൽ പങ്കാളികളാണെന്ന ആരോപണമുയർന്നു. ആരോപണവിധേയർക്കെതിരെ ബഹുജനങ്ങൾക്കിടയിൽ സംഭ്രാന്തിയു യർന്നു. ഒറ്റുകാരുടെ ദുഷ്‌ടുനിറഞ്ഞ ആരോപണങ്ങളും നിർബന്ധിതമായ കുറ്റസമ്മതങ്ങളും നിറഞ്ഞ വിചാരണയ്ക്ക് ശേഷം രണ്ട് വെള്ളക്കാരായ പുരുഷന്മാരും രണ്ട് വെള്ളക്കാരികളും വധിക്കപ്പെട്ടു. 18 അടിമകളെ തൂക്കിലേറ്റി, 13 അടിമകളെ ജീവനോടെ ചുട്ടുകരിച്ചു. അമേരിക്കയിൽ കറുത്തവർഗക്കാരെ കുടുക്കിയ സങ്കീർണമായ വലക്കെട്ടിന്റെ ചരിത്രപരമായ കണ്ണികൾ നാമിപ്പോൾ കണ്ടുതുടങ്ങുന്നു. പട്ടിണികിടന്നു വലഞ്ഞ കുടിയേറ്റക്കാരുടെ ഗതികെട്ട അവസ്ഥ, തങ്ങളുടെ ഇടം നഷ്ടപ്പെട്ട ആഫ്രിക്കന്റെ സവിശേഷമായ നിസ്സഹായത, വൻ ലാഭമുണ്ടാക്കാനുള്ള അടിമക്കച്ചവടക്കാരന്റെയും തോട്ടമുടമയുടെയും ആഗ്രഹം, ദരിദ്രരായ വെള്ളക്കാർക്ക് ഉയർന്ന പദവി കിട്ടുമെന്ന വ്യാമോഹം, രക്ഷപ്പെടൽ ശ്രമത്തിനും കലാപത്തിനും നൽകിയ കടുത്ത ശിക്ഷകൾ, വിപുലമായ നിയന്ത്രണം, കറുത്തവർഗക്കാരും വെള്ളക്കാരും തമ്മിൽ സഹകരിച്ചാൽ നിയമപരമായും സാമൂഹികമായും ലഭിച്ചേക്കാവുന്ന ശിക്ഷകൾ. |
|
അമരിന്ത്യനെ കൊന്നാൽ കിട്ടും ഇനാം സ്വാതന്ത്ര്യപ്രഖ്യാപനത്തിന് 20 വർഷം മുമ്പ്, 1755 നവംബർ 3ന്, മസാചുസെറ്റ്സ് നിയമസഭ പിനോബ് സ്ലോട്ട് അമരിന്ത്യക്കാരെ കലാപകാരികളും ശത്രുക്കളും രാജ്യദ്രോഹികളുമായി മുദ്രകുത്തുന്ന വിളംബരം ഇറക്കിയിരുന്നു. അവരെ കൊല്ലുന്നവർക്ക് സമ്മാനവും പ്രഖ്യാപിച്ചിരുന്നു. ഓരോ അമരിന്ത്യൻ പുരുഷന്റേയും തലയ്ക്ക് 40 പൗണ്ട് വീതം, സ്ത്രീകളുടെയും 12 വയസ്സിൽ കുറഞ്ഞ ഇന്ത്യൻ ആൺകുട്ടിയുടെയും തലയ്ക്ക് 20 പൗണ്ട് വീതം… |
|
പുതയ്ക്കാൻ വസൂരി പുതപ്പുകൾ ബ്രിട്ടീഷ് ജനറൽ ജെഫ്രി ആംഹേഴ്സ്റ്റിന്റെ ഉത്തരവുപ്രകാരം ഫോർട്ട് പിറ്റ്സിന്റെ സേനാധിപൻ, ആക്രമിക്കാൻ വന്ന അമരിന്ത്യൻ മൂപ്പന്മാരുമായി സന്ധിസംഭാഷണത്തിലേർപ്പെടുന്നു എന്ന വ്യാജേന അവർക്ക് വസൂരി ചികിത്സാലയത്തിലെ പുതപ്പുകൾ സമ്മാനമായി കൊടുത്തയച്ചു. ഇതായിരിക്കാം ഇന്ന് ജീവാണു യുദ്ധമെന്ന് അറിയപ്പെടുന്ന യുദ്ധമുറയുടെ ആദ്യപ്രയോഗം. താമസിയാതെ അമരിന്ത്യക്കാരിലാകെ പകർച്ചവ്യാധി പടർന്നുപിടിച്ചു. |

എന്തൊരു ഭരണഘടന!
നീതിയും ക്രമവുമുള്ള ഒരു നല്ല സമൂഹം സ്ഥാപിക്കുന്നതിനായി അറിവും വിവേകവുമുള്ള മഹാന്മാർ എഴുതിത്തയ്യാറാക്കിയ രേഖയൊന്നുമല്ല ഭരണഘടന. മറിച്ച് സ്വന്തം സവിശേഷാവകാശങ്ങൾ നിലനിർത്താനും, ജനപിന്തുണ ഉറപ്പിക്കാനുമായി മിനിമം അവകാശങ്ങൾ മാത്രം അവർക്ക് നൽകുന്ന വിധ ത്തിൽ, സ്ഥാപിതതാൽപ്പര്യക്കാരുടെ ഒരു ചെറുസംഘം എഴുതി തയ്യാറാക്കിയ ഒരു രേഖ മാത്രമാണത്.
പുതിയ ഗവൺമെന്റിൽ മാഡിസണും ജെഫേഴ്‌സണും മൺറോയും ഒരു പാർട്ടിയിൽ (ഡെമോക്രാറ്റിക് റിപ്പബ്ലിക്കൻ) ഹാമിൽടണും വാഷിങ്ടണും ആഡംസും മറ്റേ പാർട്ടിയിലും (ഫെഡറലിസ്റ്റ്) ചേരും. പക്ഷെ രണ്ടുപേരും, വർജീനിയയിൽനിന്നുള്ള അടിമയുടമയായ മാഡിസണും ന്യൂയോർക്കിലെ വ്യാപാരി പ്രമാണിയായ ഹാമിൽടണും തങ്ങൾ സ്ഥാപിക്കുന്ന പുതിയ ഗവൺമെന്റിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരായിരുന്നു. പിന്നീട് നീണ്ടകാലത്തേക്ക് അമേരിക്കയിൽ നിലനിൽക്കാൻ പോകുന്ന ഇരുപാർടി സമ്പ്രദായത്തിന്റെ മുന്നോടി ആയിരുന്നു ഇത്.
|
സ്ത്രീകൾക്കെന്തിന് വോട്ട് “എല്ലാ പുരുഷന്മാരും തുല്യരാണ്” എന്ന തന്റെ പ്രയോഗത്തിന് അടിവരയിട്ടുകൊണ്ട് ജെഫേഴ്സൺ തന്നെ നടത്തിയ ഒരു പ്രസ്താവനയിൽ: “അമേരിക്കയിലെ സ്ത്രീകൾ രാഷ്ട്രീയംകൊണ്ട് തങ്ങളുടെ തലപുകയ്ക്കാൻമാത്രം വിഡ്ഢികളല്ല” എന്നത്രെ പറഞ്ഞത്. വിപ്ലവാനന്തരം ന്യൂ ജെഴ്‌സിയിലൊഴിച്ച് മറ്റൊരു സംസ്ഥാനത്തും സ്ത്രീകൾക്ക് വോട്ടവകാശം നൽകിയില്ല. 1807ൽ അവരത് റദ്ദാക്കുകയും ചെയ്‌തു. ന്യൂയോർക്കിലെ ഭരണഘടന ‘പുരുഷൻ’ എന്ന പദംതന്നെ ഉപയോഗിച്ച് സ്ത്രീകൾക്ക് വോട്ടവകാശം നിഷേധിച്ചു. |
|
ഫ്ളോറിഡ വാങ്ങിയതല്ല, കയ്യേറിയതാണ് രക്ഷപ്പെട്ട അടിമകളുടെ താവളമാണെന്നാരോപിച്ച് ആൻഡ്രു ജാക്സൺ ഫ്ളോറിഡയിൽ മിന്നലാക്രമണങ്ങൾ നടത്തി, അമരിന്ത്യക്കാരെ കൊള്ളയടിച്ചു. അമേരിക്കയുടെ സുരക്ഷിതത്വത്തിന് ഫ്ളോറിഡ അത്യന്താപേക്ഷിതമാണെന്ന് അയാൾ വാദിച്ചു. അധിനിവേശയുദ്ധങ്ങൾക്ക് ആധുനികകാലത്ത് നൽകുന്ന ന്യായീകരണവും ഇതുതന്നെയാണ്. ഫ്ളോറിഡ പിടിച്ചടക്കാനുള്ള അമേരിക്കയുടെ സെമിനോൾ യുദ്ധം 1818ൽ തുടങ്ങി. “1819ൽ ഫ്ളോറിഡ വാങ്ങി’’ എന്നു മാത്രമാണ് സ്-കൂൾ ചരിത്ര പാഠപുസ്‌തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. യഥാർഥത്തിൽ അത് ഫ്ളോറിഡയിൽ ആൻഡ്രൂ ജാക്‌സണിന്റെ പട്ടാളം നടത്തിയ കയ്യേറ്റമായിരുന്നു. സെമിനോൾ ഗ്രാമങ്ങൾ അവർ അഗ്നിക്കിരയാക്കി. സ്‌പാനിഷ് കോട്ടകൾ പിടിച്ചെടുത്തു. അവസാനം ഫ്ളോറിഡ വിൽക്കാൻ സ്പെയിൻ നിർബന്ധിക്കപ്പെട്ടു. ‘‘ആത്മരക്ഷയുടെ അലംഘനീയമായ നിയമ’’ മനുസരിച്ചേ താൻ പ്രവർത്തിച്ചിട്ടുള്ളൂ എന്നായിരുന്നു ജാക്സന്റെ വാദം. |
|
കുബുദ്ധി! 1829ൽ ജാക്സൺ അധികാരമേൽക്കുമ്പോഴേക്കും ജോർജിയയിലെ ചെറൂക്കി പ്രദേശത്ത് സ്വർണം കണ്ടെത്തിയിരുന്നു. ആർത്തിപൂണ്ട് ആക്രമിച്ചുകയറിയ ആയിരക്കണക്കിനു വെള്ളക്കാർ അമരിന്ത്യക്കാരുടെ വസ്തുവകകൾ നശിപ്പിക്കുകയും ഖനികളിൽ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. അവരെ നീക്കംചെയ്യാൻ ഫെഡറൽ പട്ടാളക്കാരോട് ജാക്സൺ ആജ്ഞാപിച്ചു. ഒപ്പം ഖനനം നിർത്തിവെക്കാൻ വെള്ളക്കാരോടും അമരിന്ത്യക്കാരോടും ഉത്തരവിടുകയും ചെയ്തു. തുടർന്ന് പട്ടാളത്തെ പിൻവലിച്ചു. അതോടെ വെള്ളക്കാർ മടങ്ങിയെത്തി. ജോർജിയ സംസ്ഥാനത്തിന്റെ അധികാരത്തിൽ ഇടപെടാൻ തനിക്കാവില്ലെന്ന് പറഞ്ഞ് ജാക്സൺ ഒഴിഞ്ഞുമാറുകയും ചെയ്തു. ജോർജിയയിൽ നടപ്പിലാക്കിയ ഒട്ടനവധി നിയമങ്ങൾ ചെറൂക്കികൾക്ക് അനുസരിക്കേണ്ടതായി വന്നു. അവരുടെ ഭൂമി തട്ടിയെടുത്തു; അവരുടെ ഗോത്രസർക്കാരിനെ നിരോധിച്ചു; സംഘംചേരലുകൾ നിയമവിരുദ്ധമാക്കി. കുടിയൊഴിപ്പിക്കലിനെതിരെ പ്രചാരണം നടത്തുന്ന ചെറൂക്കികളെ ജയിലിലടച്ചു. വെള്ളക്കാർക്കെതിരെ ചെറൂക്കികൾക്ക് കോടതിയിൽ മൊഴിനൽകാൻ അനുവാദമില്ലായിരുന്നു. സ്വന്തം നാട്ടിൽ ആയിടെ കണ്ടെത്തിയ സ്വർണം കുഴിച്ചെടുക്കാനുള്ള അനുവാദവും അവർക്ക് നൽകിയില്ല. |
|
സ്വാതന്ത്ര്യം: ഒരു കവിത ഹോസിയ ബിഗ്ലൊ എന്നു പേരുള്ള ന്യൂ ഇംഗ്ലണ്ടുകാരൻ കർഷകൻ തന്റെ ഗ്രാമ്യഭാഷയിൽ യുദ്ധത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: യുദ്ധത്തെ ഞാൻ കൊലപാതകമെന്നു വിളിക്കും. അവർക്കുവേണ്ടത് കാലിഫോർണിയമാത്രം |

കീഴടങ്ങാതെയുള്ള അടിമത്തം, സ്വാതന്ത്ര്യമില്ലാത്ത മോചനം
ഒഴിവാക്കാനാവാത്ത ഒരു പ്രായോഗികാവശ്യം ആയതുകൊണ്ടായിരിക്കാം ഐക്യനാടുകളിലെ ഗവൺമെന്റ് അടിമത്തത്തെ പിന്തുണച്ചത്. 1790ൽ പ്രതിവർഷം 1000 ടൺ പരുത്തിയാണ് തെക്കൻ പ്രദേശങ്ങളിൽ ഉത്പാദിപ്പിച്ചിരുന്നത്. 1860 ആയപ്പോഴേക്കും അത് 10 ലക്ഷം ടണ്ണായി വർധിച്ചു. ഇതേ കാലയളവിൽ അടിമകളുടെ എണ്ണം 5 ലക്ഷത്തിൽനിന്ന് 40 ലക്ഷമായും വളർന്നു.
ഇത്രയും ആഴത്തിൽ വേരോട്ടമുള്ള ഒരു വ്യവസ്ഥ അവസാനിപ്പിക്കാൻ അടിമകളുടെ പൂർണതോതിലുള്ള ഒരു കലാപം തന്നെ വേണ്ടിവരും. കലാപം, ഒരുപക്ഷേ, കൈവിട്ടു പോകാം. മുതലാളിത്ത ധനസമ്പാദനത്തിൽ ലോകത്തിനുതന്നെ മാതൃകയായിത്തീർന്നിട്ടുള്ള ‘അമേരിക്കൻ വ്യവസ്ഥ’യ്ക്കു നേരെ പോലും അതിന്റെ രൗദ്രത തിരിഞ്ഞേക്കാം. യുദ്ധമാണെങ്കിൽ, അതിനു വഴിയൊരുക്കിയവർക്കുതന്നെ അതിന്റെ അനന്തരഫലങ്ങളും നിയന്ത്രിക്കാം. അതുകൊണ്ട്, എബ്രഹാം ലിങ്കൺ ആണ് അടിമകളെ സ്വതന്ത്രരാക്കിയത്. ജോൺ ബ്രൗണല്ല. വളരെ വർഷങ്ങൾക്കുശേഷം ലിങ്കൺ നടത്തിയ ഒരു വൻ യുദ്ധത്തിലൂടെ അടിമത്തം അവസാനിപ്പിക്കുക എന്ന ലക്ഷ്യം താരതമ്യേന ചെറിയ രീതിയിലുള്ള അക്രമത്തിലൂടെ നേടാൻ ശ്രമിച്ചു എന്ന കുറ്റത്തിന് 1859ൽ ജോൺ ബ്രൗണിനെ തൂക്കിലേറ്റുകയാണുണ്ടായത്.
സ്വതന്ത്രരും അടിമകളും ആയ കറുത്തവരുടേയും നിരോധനത്തെ അനുകൂലിക്കുന്ന വെളുത്തവരുടേയും സമ്മർദംമൂലം ഗവൺമെന്റ് നിർബന്ധിതമായി എന്നതാണ് യാഥാർഥ്യമെങ്കിലും ഗവൺമെന്റിന്റെ ഉത്തരവിലൂടെയാണ് അടിമത്തം നിരോധിക്കപ്പെട്ടത് എന്നതിനാൽ മോചനം എത്രത്തോളംവരെ പോകാം എന്ന് തീരുമാനിക്കാനും ഗവൺമെന്റിന് കഴിഞ്ഞു. മുകളിൽനിന്നുള്ള വിമോചനത്തിന് പരിധിയുണ്ട് -. അധീശവർഗങ്ങളുടെ താൽപര്യങ്ങൾ അനുവദിക്കുന്നിടത്തോളം മാത്രം. ഒരു കുരിശുയുദ്ധത്തിന്റെ ആവേശം, ജയിക്കുക അല്ലെങ്കിൽ മരിക്കുക മുതലായ മുദ്രാവാക്യങ്ങൾ കാരണം സംഗതികൾ അഭിലഷണീയമായതിൽ കൂടുതൽ മുന്നോട്ട്നീങ്ങുകയാണെങ്കിൽ അത് തടയാൻ കഴിയും. അടിമത്തം നിർത്തലാക്കിയത് ദേശീയ രാഷ്ട്രീയത്തിന്റേയും സമ്പദ്‌വ്യവസ്ഥയുടേയും പുനർനിർമാണത്തിലേക്ക് നയിച്ചുവെങ്കിലും അത് വിപ്ലവകരമായ ഒരു പുനർനിർമാണമായിരുന്നില്ല. മറിച്ച് തികച്ചും സുരക്ഷിതമായ ഒന്നായിരുന്നു; – വാസ്തവത്തിൽ ലാഭകരമായ ഒന്ന്.
പക്ഷേ അടിമകളുടെ ഇറക്കുമതി 1808 മുതൽ നിയമവിരുദ്ധമാക്കിയിരുന്നു. അതുകൊണ്ട് “തുടക്കം മുതൽതന്നെ നിയമം ലംഘിക്കപ്പെട്ടുകൊണ്ടിരുന്നു’’ എന്ന് ജോൺ ഹോപ് ഫ്രാങ്ക്ളിൻ (From Slavery to Freedom) പറയുന്നു. ‘‘കാവൽക്കാരില്ലാത്ത നീണ്ട തീരപ്രദേശങ്ങൾ, ലാഭം ഉറപ്പായ മാർക്കറ്റ്, വൻ ലാഭസാധ്യത-ാപ്രലോഭനം അതിശക്തമായിരുന്നു. അമേരിക്കൻ കച്ചവടക്കാർ അതിന് വഴങ്ങി’’. ആഭ്യന്തരയുദ്ധത്തിനുമുമ്പ് 2,50,000 അടിമകളെയെങ്കിലും നിയമവിരുദ്ധമായി ഇറക്കുമതി ചെയ്തിട്ടുണ്ടാകുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.
അടിമയായിരുന്ന ജോൺ ലിറ്റിൽ എഴുതുന്നു:
“ചിരിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നു എന്നതുകൊണ്ട് അടിമകൾ സന്തുഷ്‌ടരാണെന്ന് അവർ പറയുന്നു. ഞാനും മറ്റ് മൂന്നു നാലു പേരും ഒരു ദിവസം 200 ചാട്ടവാറടിവരെ കൊണ്ടി ട്ടുള്ളവരാണ്. ഞങ്ങളുടെ കാലുകളിൽ ചങ്ങലയുണ്ടായിരുന്നു. എന്നിട്ടും, രാത്രി ഞങ്ങൾ പാടി, നൃത്തം ചെയ്‌തു. ഞങ്ങളുടെ ചങ്ങലകളുടെ കിലുക്കംകൊണ്ട് മറ്റുള്ളവരെ ചിരിപ്പിച്ചു. ഞങ്ങൾ സന്തുഷ്‌ടരായിരുന്നിരിക്കണം? പ്രയാസങ്ങൾ നിയന്ത്രണാധീനമാക്കി നിർത്തുന്നതിനും ഞങ്ങളുടെ ഹൃദയം പൂർണമായും തകർന്നു പോകാതിരിക്കാനും വേണ്ടിയാണ് ഞങ്ങൾ അങ്ങനെ ചെയ്‌തത്. സുവിശേഷംപോലെ സത്യമാ ണത്. ഒന്നു നോക്കൂ! ഞങ്ങൾ വളരെ സന്തുഷ്ടരായിരുന്നു അല്ലേ? അതെ ഞാനും അങ്ങനെയൊക്കെ ചെയ്‌തിട്ടുണ്ട് -– ചങ്ങലയിൽക്കിടന്ന് തുള്ളിക്കളിച്ചിട്ടുണ്ട്.’’
1850 നും 1855-നുമിടയിൽ തോട്ടങ്ങളിൽ മരിച്ചവരുടെ വയസ്സും മരണ കാരണവും രേഖപ്പെടുത്തിയിട്ടുള്ള ഒരുനാൾവഴിപ്പുസ്‌തകം ഇപ്പോൾ ഉത്തര കരോളിന യൂണിവേഴ്‌സിറ്റിയുടെ ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ മരിച്ച 32 പേരിൽ ആകെ 4 പേരായിരുന്നു 60 വയസ്സ് പൂർത്തിയാക്കിയിരുന്നത്. 4 പേർ അമ്പതുകളിലും 7 പേർ 40കളിലും മരിച്ചു. 20കളിലൊ 30കളിലൊ മരിച്ചവർ 7 പേരാണ്. 9 പേരാകട്ടെ, 5 വയസ്സ് തികയും മുമ്പും.
സ്വന്തം ഭർത്താവിനെയോ ഭാര്യയെയോ മകനെയോ മകളെയോ യജമാനൻ തന്റെ ലാഭത്തിനായി വിൽക്കുമ്പോൾ തകരുന്ന ആ കുടുംബങ്ങളുടെ വേദന രേഖപ്പെടുത്താൻ സ്ഥിതിവിവരക്കണക്കുകൾക്ക് കഴിയുമോ? 1858ൽ യജമാനൻ തന്നെ വിറ്റപ്പോൾ, അബ്രിയാം സ്ക്രിവൻ എന്ന അടിമ ഭാര്യയ്ക്കെഴുതി: “അച്ഛനേയും അമ്മയേയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക. എനിക്കുവേണ്ടി അവരോട് യാത്ര പറയുക. ഈ ഭൂമിയിൽ ഇനി നമുക്ക് കാണാൻ കഴിഞ്ഞില്ലെങ്കിൽ സ്വർഗത്തിൽവച്ചു കാണാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’’.
കരീബിയൻ ദ്വീപുകളിലോ തെക്കേ അമേരിക്കയിലോ ഉണ്ടായപോലെ നിരന്തരവും വൻതോതിലുമുള്ള അടിമക്കലാപങ്ങൾ ഐക്യനാടുകളിൽ ഉണ്ടായിരുന്നില്ല. ന്യൂ ഒർലീൻസിന്നടുത്ത് 1811 ലുണ്ടായതാകണം അടിമകളുടെ കലാപങ്ങളിൽ ഏറ്റവും വലുത്. മേജർ ആൻഡ്രി എന്നൊരാളുടെ തോട്ടത്തിലുണ്ടായ പ്രക്ഷോഭത്തെത്തുടർന്ന് 400-–500 അടിമകൾ അവിടെ ഒത്തുകൂടി, മുളങ്കത്തികളും കൈക്കോട്ടുകളും വടികളുംകൊണ്ട് ആയുധസജ്ജമായ അവർ ആൻഡ്രിയെ പരിക്കേൽപ്പിക്കുകയും അയാളുടെ മകനെ കൊല്ലുകയും ചെയ്‌തു. തോട്ടങ്ങളിൽനിന്ന് തോട്ടങ്ങളിലേക്ക് അവർ നീങ്ങിക്കൊണ്ടിരുന്നു. അവരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. അമേരിക്കൻ സൈന്യവും പൊലീസും അവരെ ആക്രമിച്ചു. 66 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 16 പേരെ വിചാരണ ചെയ്ത് വെടിവെച്ചുകൊന്നു.
ഹെൻറി ട്രാജിക് 1831ലെ സൗത്താംപ്ടൺ അടിമക്കലാപം (Southampton Slave Revolt of 1831) എന്ന ഗ്രന്ഥത്തിൽ പറയുന്നു:
‘‘തികച്ചും ആയുധവൽകൃതമായ ഒരു സൈനിക സംസ്ഥാനമായിരുന്നു 1831ൽ വർജീനിയ. 12,11,405 വരുന്ന ജനസംഖ്യയിൽ കുതിരപ്പട്ടാളം, പീരങ്കിപ്പട, കാലാൾസേന, തോക്കുപട, ലഘു ആയുധവിഭാഗം എന്നിവയുൾപ്പെടെ 1,01,488 പേരെ അണിനിരത്താൻ വർജീനിയയ്ക്ക് സാധിച്ചു. പ്രവിശ്യകളിലെ സേനാദളങ്ങൾ പൂർണമായും ആയുധവൽക്കരിക്കപ്പെട്ടിരുന്നില്ല എന്നതുകൊണ്ട്, ഇത് ഒരു കടലാസ് സൈന്യം ആയിരുന്നുവെന്നത് ശരിയാണ്. എന്നിരുന്നാലും ആ സമയത്തെ പൊതുജനങ്ങളുടെ മാനസികാവസ്ഥയുടെ വിസ്‌മയകരമായ പ്രതിഫലനമാണത്. സംസ്ഥാനത്തിനോ രാഷ്ട്രത്തിനോ പുറമേനിന്നുള്ള യാതൊരു ഭീഷണിയും നിലവിലില്ലാതിരുന്ന ആ കാലഘട്ടത്തിൽ കറുത്തവനും വെളുത്തവനും, പുരുഷനും സ്ത്രീയും അടിമയും സ്വതന്ത്രനുമുൾപ്പെടെയുള്ള മൊത്തം നിവാസികളുടെ പത്തുശതമാനം വരുന്ന ഒരു സായുധസേനയെ നിലനിർത്തേണ്ടതിന്റെ ആവശ്യം വർജീനിയയ്ക്ക് ബോധ്യപ്പെട്ടിരുന്നതായി നമുക്ക് കാണാം’.
1850കളിൽ വടക്കൻ പ്രദേശങ്ങളിലേക്കും കാനഡയിലേക്കും -മെക്‌സിക്കോയിലേക്കും ആയിരം അടിമകളെങ്കിലും പ്രതിവർഷം രക്ഷപ്പെടാറുണ്ടായിരുന്നു, ഓടിപ്പോകുന്നവർക്ക് നേരിടേണ്ടിവരുന്ന അവസ്ഥ അതിഭീകരമായിരുന്നിട്ടുകൂടി ആയിരക്കണക്കിനു പേർ ഹ്രസ്വകാലത്തേക്ക് ഓടി പ്പോകാറുണ്ട്. അങ്ങനെ ഓടിപ്പോകുന്നവരെ പിന്തുടർന്നു പിടിക്കാൻ പ്രത്യേകം നായകളെ വളർത്തിയിരുന്നു. ‘‘കയ്യിൽ കിട്ടിയാൽ അവ ഇരകളെ കടിച്ചുകീറി നാനാവിധമാക്കും. സമയത്തിന് ഇടപെട്ടില്ലെങ്കിൽ കൊല്ലുക തന്നെ ചെയ്യുമായിരുന്നു’’ എന്ന് ജനോവെസെ പറയുന്നു.
|
മനുഷ്യന്റെ വിലാപങ്ങൾ ഹെർബർട് ഗുട്ട്മാൻ കണ്ടെടുത്ത പഴയ കത്തുകളിലും രേഖകളിലും (കറുത്തവരുടെ കുടുംബം – അടിമത്തത്തിലും സ്വാതന്ത്യ്രത്തിലും –The Black Family in Slavery and Freedom) തകർച്ചയുടെ സമ്മർദങ്ങൾക്കെതിരെ അടിമകുടുംബം നടത്തിയ ദൃഢമായ ചെറുത്തുനിൽപ് കാണാം. 20 വർഷമായി മകനെ വേർപിരിഞ്ഞു കഴിയുന്ന സ്ത്രീ അയാൾക്കെഴുതി: ‘‘എന്റെ അവസാനകാലത്ത് നിന്നെ കാണാൻ എനിക്ക് കൊതിയാവുന്നു. നീ വരണമെന്നും വയസ്സായ നിന്റെ പ്രിയപ്പെട്ട അമ്മയെ കാണണമെന്നും പ്രിയപ്പെട്ട മകനേ ഞാൻ നിന്നോടഭ്യർഥിക്കുന്നു. കാറ്റൊ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ നിന്റെ അമ്മയെ സ്നേഹിക്കണം. നീ എന്റെ ഒരേയൊരു മകനാണ്.’’ |
|
എന്തുകൊണ്ട് ഞാൻ ഒരു അടിമയായി? Narrative of the Life of Frederick Dou-glas എന്ന ആത്മകഥയിൽ അടിമയായി ഫ്രെഡറിക് ഡഗ്ലസ് ഓർക്കുന്നു: എന്തുകൊണ്ട് ഞാൻ ഒരു അടിമയായി? എന്തുകൊണ്ട് ചില മനുഷ്യർ അടിമകളും മറ്റു ചിലർ യജമാനന്മാരുമാകുന്നു? ഇങ്ങനെയല്ലാത്തൊരു കാലം എപ്പോഴെങ്കിലുമുണ്ടായിരുന്നോ? ഈ ബന്ധം എങ്ങനെയാണ് ആരംഭിച്ചത്? അതിനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ ഉത്തരം കണ്ടെത്താൻ ഏറെ വൈകിയില്ല. അടിമത്തം നിലനിൽക്കുന്നതിന്റെ യഥാർഥ കാരണം തൊലിയുടെ നിറമല്ല, കുറ്റകൃത്യങ്ങളാണ്, ദൈവമല്ല, മനുഷ്യനാണ്. അങ്ങനെ മാത്രമേ അടിമത്തത്തിന്റെ അസ്‌തിത്വം വിശദീകരിക്കാനാകൂ. മറ്റൊരു യാഥാർഥ്യംകൂടി ഞാൻ തിരിച്ചറിഞ്ഞു: മനുഷ്യർക്ക് ഉണ്ടാക്കാൻ കഴിയുന്നതിനെ മനുഷ്യർക്കുതന്നെ ഇല്ലാതാക്കാനും കഴിയും. ഒരു നാൾ സ്വതന്ത്രനാകാമെന്ന വിശ്വാസം അപ്പോഴും മനസ്സിൽ അങ്ങേയറ്റം രൂഢമൂലമായിരുന്നുവെന്നത് ഞാൻ വ്യക്തമായി ഓർമിക്കുന്നു: ആഹ്ലാദകരമായ ആ ഉറപ്പ് എന്റെ ജന്മനാ ഉള്ള സ്വപ്നമായിരുന്നു – അടിമത്തവ്യവസ്ഥ നേരിട്ടിരുന്ന ഒരു ഭീഷണി. വ്യവസ്ഥയുടെ എല്ലാ ശക്തികളും കൂടിയാലും നിശ്ശബ്ദമാക്കാൻ പറ്റാത്ത ഒന്ന്. |
|
സമത്വത്തെക്കുറിച്ച് എബ്രഹാം ലിങ്കൺ തെക്കൻ ഇലിനോയിയിലെ ചാൾസ്റ്റണിലെ യോഗത്തിൽ ലിങ്കൺ പറഞ്ഞു: (കരഘോഷം). കറമ്പന്മാരെ വോട്ടർമാരോ ജൂറി അംഗങ്ങളോ ആക്കുന്നതിനോടോ, അധികാരസ്ഥാനങ്ങൾക്ക് യോഗ്യരാക്കുന്നതിനോടോ, അവർ വെള്ളക്കാരെ വിവാഹം കഴിക്കുന്നതിനോടോ, ഞാൻ യോജിക്കുന്നില്ല. ഒരിക്കലുമില്ല… തെക്കുഭാഗത്ത് അടിമത്തം എത്ര ആഴത്തിൽ വേരൂന്നിയിരുന്നോ അത്ര തന്നെ ആഴത്തിൽ വടക്കൻ പ്രദേശങ്ങളിൽ വർണവിവേചനവും വേരൂന്നിയിരുന്നു. രണ്ടിനെയും ഇളക്കാൻ യുദ്ധം തന്നെ ആവശ്യമായിരുന്നു. ന്യൂയോർക്കിലും, സ്ഥാവരജംഗമ സ്വത്തുക്കളായി 250 ഡോളറെങ്കിലും സ്വന്തമായി ഇല്ലാത്ത കറുത്തവർക്ക് വോട്ടുചെയ്യാൻ സധിക്കുമായിരുന്നില്ല. ‘വിമോചന വിളംബര’ത്തിന് ഏറെ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും അടിമത്തവിരുദ്ധശക്തികൾക്ക് അത് പ്രോത്സാഹനമായി. അടിമത്തം അവസാനിപ്പിക്കുന്നതിന് നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ട്, 1864 വേന ൽക്കാലമായപ്പോഴേക്കും, 4,00,000 പേർ ഒപ്പിട്ട ഒരു ഭീമഹർജി കോൺഗ്ര സ്സിന് ലഭിക്കുകയുണ്ടായി. അമേരിക്കയുടെ ചരിത്രത്തിൽ ഇദംപ്രഥമമായിരുന്നു ഇത്. അടിമത്തം പൂർണമായി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്ന പതിമൂന്നാം ഭേദഗതി ആ വർഷം ഏപ്രിലിൽ സെനറ്റ് അംഗീകരിച്ചു. 1865 ജനുവരിയിൽ പ്രതിനിധിസഭയും അതംഗീകരിച്ചു. എന്നാൽ വാസ്തവത്തിൽ അഞ്ച് ലക്ഷത്തോളം പേർ, ഓടിപ്പോയിരുന്നു. മൊത്തത്തിന്റെ അഞ്ചിലൊന്നു പേർ. 1865 ആദ്യമായപ്പോഴേയ്ക്കും സമ്മർദം ഗണ്യമായി വർധിച്ചു. കോൺഫെഡറസി പ്രസിഡണ്ട് ഡേവിസ് ‘നീഗ്രോ സൈനിക നിയമം’ പ്രഖ്യാപിച്ചു. അതുപ്രകാരം ഉടമകളുടേയും സംസ്ഥാന ഗവൺമെന്റുകളുടേയും അംഗീകാരത്തോടെ അടിമകളെ പട്ടാളത്തിൽ ചേർക്കാം എന്നു വന്നു. പക്ഷെ ഇതിന്റെ ഫലം പ്രകടമാകുന്നതിനു മുമ്പുതന്നെ യുദ്ധം അവസാനിച്ചു. നാലു ദിവസം കഴിഞ്ഞ് തെക്കൻ തീരത്ത് 50 കി.മി. ഉള്ളിലോട്ടുവരെ കറുത്തവർക്ക് മാത്രമായി നീക്കിവെക്കുന്ന ഒരു സ്പെഷ്യൽ ഫീൽഡ് ഓർഡർ നമ്പർ 15 ഷെർമൻ പുറത്തിറക്കി. ഒരു കുടുംബത്തിന് 40 ഏക്കറിൽ കൂടുതൽ ഭൂമി സ്വന്തമായി പാടില്ല എന്ന വ്യവസ്ഥയിൽ അവിടെ താമസിക്കാൻ സ്വതന്ത്രരാക്കപ്പെട്ട അടിമകൾക്ക് അനുവാദം നൽകി. 1865 ജൂൺ ആയപ്പോഴേക്കും, സ്വതന്ത്രരാക്കപ്പെട്ട 40,000 ത്തോളം അടിമകൾ ആ ഭാഗത്തെ കൃഷിയിടങ്ങളിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. പക്ഷെ, 1865 ആഗസ്റ്റിൽ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ ആ ഭൂമി മുഴുവനും കോൺഫെഡറസിയിലെ മുൻ ഉടമകൾക്ക് തിരിച്ചു നൽകി. സ്വതന്ത്രരായ അടിമകളെ ബലംപ്രയോഗിച്ചും ബയണറ്റ് ചൂണ്ടി ഭീഷണിപ്പെടുത്തിയും അവിടെനിന്ന് ഇറക്കിവിട്ടു. മുൻ അടിമയായ തോമസ് ഹാൾ ഫെഡറൽ റൈറ്റേഴ്‌സ് പ്രോജക്റ്റിനോട് പറഞ്ഞു: “ഞങ്ങളെ സ്വതന്ത്രരാക്കിയതിന്റെ കീർത്തി ലിങ്കണ് ലഭിച്ചു. പക്ഷെ, യഥാർഥത്തിൽ അദ്ദേഹം ഞങ്ങളെ സ്വതന്ത്രരാക്കിയോ? ഞങ്ങൾക്ക് സ്വയം ജീവിക്കാനുള്ള അവസരം നൽകാതെയാണ് അദ്ദേഹം ഞങ്ങൾക്ക് സ്വാതന്ത്ര്യം അനുവദിച്ചത്. ഇപ്പോഴും, തൊഴിലിനും ആഹാരത്തിനും വസ്ത്രത്തിനും തെക്കൻ പ്രദേശത്തെ വെള്ളക്കാരെ തന്നെ ഞങ്ങൾ ആശ്രയിക്കണം. മറ്റ് മാർഗമൊന്നുമില്ല. അടിമത്തത്തേക്കാൾ ഒട്ടും ഭേദമല്ലാത്ത ഒരു ദാസ്യാവസ്ഥയിലാണ് അദ്ദേഹം ഞങ്ങളെക്കൊണ്ടെത്തിച്ചത്’. |
|
ലിങ്കനു ശേഷവും എന്നാൽ ലിങ്കനു കീഴിൽ വൈസ് പ്രസിഡന്റായിരുന്ന ആൻഡ്രൂ ജോൺസൺ ഇക്കാര്യത്തിൽ അവർക്ക് ഏറെക്കാലം പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. ലിങ്കൺ കൊല്ലപ്പെട്ടപ്പോൾ ജോൺസൺ പ്രസിഡന്റായി. കറുത്തവരെ സഹായിക്കുന്നതിനുള്ള ബില്ലുകൾ ജോൺസൺ വീറ്റൊ ചെയ്തു. കറുത്തവർക്ക് തുല്യാവകാശം ഉറപ്പുവരുത്താതെ തന്നെ കോൺഫെഡറസി സംസ്ഥാനങ്ങൾക്ക് യൂണിയനിലേക്ക് തിരിച്ചുവരാൻ അദ്ദേഹം കാര്യങ്ങൾ എളുപ്പമാക്കി. ഇങ്ങനെ അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോൾ യൂണിയനിലേക്ക് മടങ്ങിയെത്തിയ ദക്ഷിണ സംസ്ഥാനങ്ങൾ ‘ബ്ലാക് കോഡ്’ എന്ന പേരിൽ അടിമകൾക്കെതിരായ നിയമങ്ങൾ പാസ്സാക്കി. തോട്ടങ്ങളിൽ അപ്പോഴും പണിയെടുത്ത കൊണ്ടിരുന്ന സ്വതന്ത്രരാക്കപ്പെട്ട അടിമകൾ അടിയാന്മാരെപ്പോലെയായി. സ്വതന്ത്രരാക്കപ്പെട്ട അടിമകൾ കൃഷിഭൂമി പാട്ടത്തിനെടുക്കുന്നത് മിസ്സിസിപ്പി 1865 ൽ നിയമവിരുദ്ധമാക്കി. തൊഴിൽ കരാറുകളുടെ അടിസ്ഥാനത്തിൽ അവർ പണിയെടുക്കണം. അത് ലംഘിച്ചാൽ ജയിൽ ശിക്ഷയായിരുന്നു ഫലം. രക്ഷാകർത്താക്കളില്ലാത്തവരോ പാവപ്പെട്ടവരുടെ മക്കളോ ആയ, 18 വയസ്സിൽ താഴെയുള്ള, കറുത്തവരെ അപ്രന്റിസ്ഷിപ് എന്ന പേരിൽ നിർബന്ധിത തൊഴിലിനയയ്ക്കാൻ കോടതികൾക്ക് അനുമതി നൽകിയിരുന്നു. ഓടിപ്പോകുന്നവർ ശിക്ഷിക്കപ്പെടും. |

|
കറുത്തവരെ കൊന്നൊടുക്കുന്നു 1866 മെയ് മാസം ടെന്നിസിയിലെ മൊഫിസിൽ അക്രമാസക്തരായ വെള്ളക്കാർ 48 കറുത്തവരെയും വെള്ളക്കാരായ രണ്ടു അനുഭാവികളേയും കൊല്ലുകയുണ്ടായി. യൂണിയൻ സൈന്യത്തിലെ വിമുക്തഭടന്മാരായിരുന്നു കൊല്ലപ്പെട്ട കറുത്തവരിൽ ഭൂരിഭാഗവും. 5 കറുത്തസ്ത്രീകളെ ബലാത്സംഗം ചെയ്തു. 90 വീടുകളും 12 സ്കൂളുകളും 4 പള്ളികളും കത്തിച്ചു. ന്യൂ ഒർലീൻസിൽ 1866 ലെ വേനൽക്കാലത്ത് നടന്ന മറ്റൊരു കലാപത്തിൽ 35 കറുത്തവരും മൂന്നു വെള്ളക്കാരും കൊല്ലപ്പെട്ടു. കൂ ക്ലക്‌സ് ക്ലാൻ പൊടുന്നനെയുള്ള ആക്രമണങ്ങളും സ്വയം നടപ്പാക്കുന്ന വധശിക്ഷകളും തീവെക്കലുകളും മറ്റു അക്രമങ്ങളും നടത്തി. 1860 കളുടെ അവസാനവും 1970 കളുടെ ആദ്യവും ആയി അക്രമങ്ങൾ വർധിച്ചു. 1867 നും 1871 നും മധ്യ കെന്റക്കിയിൽ മാത്രം 116 തവണ അക്രമം നടന്നതായി നാഷണൽ ആർക്കൈവ്സ് രേഖപ്പെടുത്തിയിട്ടുണ്ട്. 1870 കളിൽ വെള്ളക്കാരുടെ അക്രമം ഗണ്യമായി വർധിച്ചു. എന്നാൽ പ്രസിഡന്റ് ഗ്രാന്റിന്റെ നേതൃത്വത്തിൽ പോലും ദേശീയ ഗവൺമെന്റ് കറുത്തവരെ സംരക്ഷിക്കാൻ ശുഷ്കാന്തി കാണിച്ചില്ല. ആത്മരക്ഷയ്ക്ക് ആയുധങ്ങൾ അണിയാൻപോലും സമ്മതിച്ചില്ല. മാത്രമല്ല. ഗവൺമെന്റിന്റെ വിവിധ ഡിപ്പാർടുമെന്റുകൾ കറുത്തവരോട് ആവശ്യത്തിൽ കൂടുതൽ അനുഭാവം കാണിക്കുന്നുണ്ട് എന്നു തോന്നുമ്പോഴെല്ലാം സുപ്രീം കോടതി അവരെ കൂടുതൽ യാഥാസ്ഥിതികമായ പാതയിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്തു. വർണസമത്വത്തിനുവേണ്ടി പാസാക്കിയ പതിനാലാം ഭേദഗതിയെ അവർ ദുർവ്യാഖ്യാനിക്കുകയും ആ ഉദ്ദേശ്യത്തിന് സാധ്യമാകാത്ത വിധമാക്കിത്തീർക്കുകയും ചെയ്തു. കറുത്തവർ പൊതുസൗകര്യങ്ങൾ ഉപയോഗിക്കുന്നതിലുള്ള വിവേചനം നിയമവിരുദ്ധമാക്കിയ 1875 ലെ സിവിൽ റൈറ്റ്സ് ആക്റ്റ് സുപ്രീം കോടതി 1883 ൽ അസാധുവാക്കി: “വ്യക്തികളുടെ അവകാശങ്ങൾക്കുമേൽ വ്യക്തികൾ നടത്തുന്ന അതിക്രമമല്ല ഈ ഭേദഗതിയുടെ വിഷയം’ എന്നായിരുന്നു കോടതി പറഞ്ഞത്. സംസ്ഥാനത്തിന്റെ ഇടപെടൽ മാത്രമാണ് അതിൽ പരാമർശിച്ചിട്ടുള്ളത്. |
വേറൊരു ആഭ്യന്തരയുദ്ധം
1790ൽ പത്തു ലക്ഷത്തിൽ താഴെ അമേരിക്കക്കാർ മാത്രമാണ് നഗരങ്ങളിൽ താമസിച്ചിരുന്നത്. 1840 ആയപ്പോഴയ്ക്കും അത് നൂറ്റിപ്പത്ത് ലക്ഷമായി. ന്യൂയോർക്കിൽ ഒരു ലക്ഷത്തിമുപ്പതിനായിരം പേരാണ് 1820 ൽ ഉണ്ടായിരുന്നത്. 1860 ആയപ്പോഴേക്കും അത് പത്തു ലക്ഷമായി. “ജനങ്ങളുടെ അവസ്ഥയിലുള്ള പൊതുവായ സമത്വത്തിൽ’ സഞ്ചാരിയായ അലക്സി ദ് ടോക്‌വെൽ 3 അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, “അദ്ദേഹം കണക്കിൽ അത്ര പിടിപാടുള്ളവനല്ല’’ എന്നാണ് സുഹൃത്തായ ബ്യൂമോൺട് പറഞ്ഞത്. വസ്തുതകൾക്ക് നിരക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെന്നാണ് ജാക്സൺ കാലഘട്ട സമൂഹത്തിന്റെ ചരിത്രകാരനായ എഡ്വേർഡ് പെസ്സന്റെ (ജാക്സോണിയൻ അമേരിക്ക) അഭിപ്രായം.
ന്യൂയോർക്കിലെ തെരുവുകളിൽ പാവപ്പെട്ടവർ മാലിന്യങ്ങൾക്കൊപ്പം കിടക്കുന്നതുകാണാം. ചേരികളിലെ ഓടകൾ വൃത്തിയാക്കാൻ ആരുമുണ്ടായിരുന്നില്ല. ഇടവഴികളിലും മുറ്റങ്ങളിലും പാവപ്പെട്ടവരിൽ പാവപ്പെട്ടവർ താമസിക്കുന്ന നിലവറക്കുണ്ടുകളിലും ഒക്കെ അഴുക്കുജലം ഒഴുകിയിറങ്ങി. 1837ലും 1842ലും ടൈഫോയ്‌ഡ് വ്യാപകമായി പടർന്നു പിടിച്ചു. 1832ലെ കോളറക്കാലത്ത് പണക്കാർ നഗരത്തിൽനിന്ന് ഓടിപ്പോയി. പാവപ്പെട്ടവർ അവിടെക്കിടന്ന് മരിച്ചു.

1857ലെ സാമ്പത്തിക പ്രതിസന്ധി
മറ്റൊരു സാമ്പത്തിക പ്രതിസന്ധിയുണ്ടായത് 1857 ലാണ്. റെയിൽവേകളിലും ഉൽപ്പാദനത്തിലുമുണ്ടായ കുതിച്ചുകയറ്റം, വർധിച്ച കുടിയേറ്റം, ഓഹരികളിലും ബോണ്ടുകളിലുമുണ്ടായ വർധിച്ച, ഊഹക്കച്ചവടം, മോഷണം, അഴിമതി, കൃത്രിമം കാണിക്കൽ, തുടങ്ങിയവയെല്ലാം ചേർന്ന് ആദ്യം ഭ്രാന്ത് പിടിച്ച വികസനത്തിലേക്കും തുടർന്ന് തകർച്ചയിലേക്കും നയിച്ചു.. ആ വർഷം ഒക്ടോബറായപ്പോഴേക്കും രണ്ടുലക്ഷത്തോളം പേർ തൊഴിൽരഹിതരായിത്തീർന്നു. ആയിടയ്ക്കുമാത്രം കുടിയേറിയ ആയിരക്കണക്കിനാളുകളാകട്ടെ, യാത്രക്കൂലിക്കു പകരമായി പണിയെടുത്ത് യൂറോപ്പിലേക്ക് മടങ്ങിപ്പോകാമെന്ന പ്രതീക്ഷയിൽ കിഴക്കൻ തുറമുഖങ്ങളിൽ തിങ്ങിക്കൂടി. ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്തു: “ചുമക്കാവുന്നത്രയോ കൂടുതലോ യാത്രക്കാരുമായാണ് ലിവർപൂളിലേക്കുള്ള ഓരോ കപ്പലും പോകുന്നത്. യാത്രയ്ക്കുള്ള പണം നൽകാൻ കഴിയാത്ത ധാരാളം പേർ അതിനുപകരമായി പണിചെയ്യാമെന്ന അപേക്ഷയുമായി കെട്ടിക്കാത്ത് കിടക്കുകയാണ്.”
|
സ്ത്രീ തൊഴിലാളികൾ സംഘടിക്കുന്നു 1850ൽ രാജ്യത്തെ മൊത്തം അറുപതു ലക്ഷം വരുന്ന തൊഴിലാളികളിൽ അഞ്ചുലക്ഷത്തോളം പേർ സ്ത്രീകളായിരുന്നു. അതിൽ 3,30,000 പേർ വീട്ടുജോലിക്കാരികളായിരുന്നു. 55,000 പേർ അധ്യാപികമാരും. ഫാക്ടറികളിൽ ജോലിചെയ്തിരുന്ന 1,81,000 പേരിൽ പകുതിയും തുണിമില്ലുകളിലാണ് പണിയെടുത്തിരുന്നത്. അവർ സംഘടിച്ചു. 1825ൽതന്നെ സ്ത്രീകൾ മാത്രമായി ആദ്യത്തെ സമരം ചെയ്തു. ഉയർന്ന വേതനം ആവശ്യപ്പെട്ട് “ദ് യുണൈറ്റഡ് ടെയ്‌ലറസ്സസ് ഓഫ് ന്യൂയോർക്ക്’ (തയ്യൽക്കാരികളുടെ സംഘടന) ആയിരുന്നു അവർ. 1828ൽ മില്ലുകളിലെ സ്ത്രീതൊഴിലാളികളുടെ ആദ്യത്തെ സമരം ന്യൂഹാം പ്ഷയറിലെ ഡോവറിൽ നടന്നു. നൂറുകണക്കിന് സ്ത്രീകൾ ബാനറുകളും കൊടികളുമായി ജാഥ നടത്തി. പണിക്ക് വൈകി വരുന്നതിന് പിഴയിടൽ, ജോലിക്കിടയിൽ സംസാരം നിരോധിക്കൽ, പള്ളിയിൽ പോകുന്നത് നിർബന്ധമാക്കൽ തുടങ്ങിയ പുതിയ ഫാക്‌ടറി നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് അവർ വെടിമരുന്നു കത്തിച്ചു. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. അവരെ നിർബന്ധിച്ച് മില്ലുകളിലേക്ക് മടക്കി അയച്ചു. അവരുടെ നേതാക്കന്മാരെ ശാസിക്കുകയും ബ്ലാക് ലിസ്റ്റിൽ പെടുത്തുകയും ചെയ്തു. തങ്ങളെക്കൊണ്ട് കൂടുതൽ സമയം പണിയെടുപ്പിക്കുന്നതിനായി കങ്കാണിമാർ ക്ലോക്ക് പിങ്കിലേക്ക് തിരിച്ചുവയ്ക്കുന്നതിനെതിരെ ന്യൂഹാംപ്ഷയിലെ എക്സീറ്ററിലുള്ള സ്ത്രീ മിൽതൊഴിലാളികൾ പണിമുടക്കുകയുണ്ടായി. കങ്കാണിമാർ ഇനിമേൽ അങ്ങനെ ചെയ്യില്ല എന്ന ഉറപ്പ് കമ്പനിയിൽനിന്ന് നേടിയെടുക്കുന്നതിൽ അവരുടെ സമരം വിജയിച്ചു. 1857ലെ സാമ്പത്തിക പ്രതിസന്ധിയോടെ ചെരുപ്പു വ്യവസായം സ്‌തംഭനത്തിലായി. ലിന്നിലെ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. കൈത്തൊഴിലാളികൾക്കു പകരം യന്ത്രത്തുന്നൽ നടപ്പിലാക്കിയതിനോട് മുമ്പുതന്നെ അവർക്ക് ദേഷ്യമുണ്ടായിരുന്നു. സാധനവിലകൾ വല്ലാതെ കൂടി. വേതനം പലതവണ വെട്ടിക്കുറച്ചു. ദിവസേന 16 മണിക്കൂർ ജോലി ചെയ്‌തിട്ടുപോലും പുരുഷന്മാർക്ക് മൂന്നു ഡോളറും സ്ത്രീകൾക്ക് ഒരു ഡോളറുമാണ് ആഴ്‌ചയിൽ ലഭിച്ചിരുന്നത്. |
|
കൊള്ള പ്രഭുക്കളും വിപ്ലവകാരികളും രക്തവും വിയർപ്പും രാഷ്ട്രീയവും കള്ളത്തരവും കൊണ്ടാണ് റെയിൽവെ കമ്പനികളായ യൂണിയൻ പസഫിക്കും സെൻട്രൽ പസഫിക്കും ഭൂഖണ്ഡത്തിന് കുറുകെയുള്ള ആദ്യ റെയിൽപ്പാത നിർമിച്ചത്. സെൻട്രൽ പെസഫിക് പടിഞ്ഞാറൻ തീരത്തുനിന്നാരംഭിച്ച് കിഴക്കോട്ട് നീങ്ങി. 90 ലക്ഷം ഏക്കർ ഭൂമി സൗജന്യമായും 240 ലക്ഷം ഡോളർ ഗവൺമെന്റ് കടപ്പത്രങ്ങളായും ലഭിക്കാൻ അവർ രണ്ടു ലക്ഷം ഡോളർ വാഷിങ്ടണിൽ ചെലവഴിച്ചു. മാത്രവുമല്ല, അവരുടെതന്നെയായ ഒരു കമ്പനിക്ക് 790 ലക്ഷം ഡോളർ നിർമാണച്ചെലവായി നൽകുകയും ചെയ്‌തു. അതിൽ 360 ലക്ഷം ഡോളർ അധിക പ്രതിഫലമായിരുന്നു. ദിവസവും ഒന്നോ രണ്ടോ ഡോളർ പ്രതിഫലത്തിൽ മൂവായിരം ഐറിഷുകാരും പതിനായിരം ചൈനക്കാരുമാണ് നാലുവർഷം കൊണ്ട് നിർമാണപ്രവർത്തനം നടത്തിയത്. |
1893ലെ സാമ്പത്തിക പ്രതിസന്ധി
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു 1893-ലേത്. നിരവധി ദശാബ്ദങ്ങളായി നടന്ന അനിയന്ത്രിതമായ വ്യവസായവികസനവും സാമ്പത്തിക കൃത്രിമങ്ങളും നിയന്ത്രണമില്ലാത്ത ഊഹക്കച്ചവടവും കൊള്ളലാഭവും വഴി കെട്ടിപ്പൊക്കിയ വ്യവസ്ഥ ആകെ തകർന്നു. 642 ബാങ്കുകൾ പൊളിഞ്ഞു. 16,000 വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി. 150 ലക്ഷത്തോളം വരുന്ന തൊഴിലാളികളിൽ 30 ലക്ഷം പേർ തൊഴിൽരഹിതരായി. ഒരു സംസ്ഥാന ഗവൺമെന്റും ധനസഹായം നൽകിയില്ല. പക്ഷേ, രാജ്യമെമ്പാടും നടന്ന വമ്പിച്ച പ്രകടനങ്ങൾക്കുശേഷം നഗരങ്ങളിലെ ഗവൺമെന്റുകൾ ജനങ്ങൾക്ക് തെരുവുകളിലോ ഉദ്യാനങ്ങളിലോ തൊഴിൽ നൽകാനും സൂപ്പ് പകരുന്ന അടുക്കള സജ്ജീകരിക്കാനും തയ്യാറായി.
വോട്ടവകാശനികുതി, സാക്ഷരതാ പരീക്ഷകൾ, സ്വത്ത് എന്നു തുടങ്ങി കറുത്തവരെ തെരഞ്ഞെടുപ്പിൽനിന്ന് അകറ്റിനിർത്താൻ നിരവധി തന്ത്രങ്ങൾ അവർ മെനഞ്ഞു. പക്ഷേ, അവ പാവപ്പെട്ട വെളുത്തവർക്കും വോട്ടുചെയ്യാനാവില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. തെക്കുള്ള രാഷ്ട്രീയനേതാക്കന്മാർക്ക് ഇതറിയാമായിരുന്നു. “അയോഗ്യരായ ആർക്കും’’ വോട്ടവകാശം പാടില്ല. കറുത്തവർക്കെന്നപോലെ വെളുത്തവർക്കും ഇത് ദോഷകരമാകുമെങ്കിൽ ആകട്ടെ എന്ന് വടക്കൻ കരലൈനയിലെ ഷാർലറ്റ് ഒബ്‌സർവർ അഭിപ്രായപ്പെട്ടു. അലബാമയിൽ നടന്ന ഭരണഘടനാകൺനെൻഷനിൽ അതിന്റെ നേതാക്കന്മാരിലൊരാൾ പറഞ്ഞു: “കറുത്തവരുടെയും താഴെക്കിടയിലുള്ള വെള്ളക്കാരുടേയും ഭരണത്തിൽ നിന്ന് സ്വയം രക്ഷപ്പെടാനുള്ള വടക്കൻ കരോലിനയിലെ വെള്ളക്കാരുടെ പോരാട്ടമാണിത്.’’
|
തന്ത്രപരമായ ഇടപെടലുകൾ നിസ്സഹായങ്ങളായ രാജ്യങ്ങളുടെ സംരക്ഷകനായി അമേരിക്കയെ അവതരിപ്പിക്കുന്നത് ചരിത്ര പാഠപുസ്തകങ്ങളിൽ അമേരിക്ക സ്വയം വരിച്ച പ്രതിബിംബത്തോട് പൊരുത്തപ്പെടുമെങ്കിലും ലോകസംഭവങ്ങളിലെ അനുഭവങ്ങളോട് പൊരുത്തപ്പെടുന്നതല്ല. 19–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രാൻസിൽനിന്ന് സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടിയുള്ള ഹെയ്തിയുടെ പോരാട്ടത്തെ അമേരിക്ക എതിർത്തു. മെക്സിക്കോയെ ആക്രമിച്ച് അതിന്റെ പകുതി കയ്യടക്കി. ക്യൂബയെ സ്പെയ്നിൽനിന്നും സ്വാതന്ത്ര്യം നേടാൻ സഹായിക്കുന്നതായി നടിച്ച് അവിടെ സൈനികത്താവളം സ്ഥാപിക്കുകയും മുതൽമുടക്ക് നടത്തുകയും ഇടപെടലുകൾക്കുള്ള അവകാശം നിലനിർത്തുകയുമാണ് അമേരിക്ക ചെയ്‌തത്. അവർ ഹവായിയും, പ്യൂർട്ടോറിക്കോയും ഗ്വാമും പിടിച്ചെടുക്കുകയും ഫിലിപ്പിനോകളെ അടിച്ചമർത്താൻ രൂക്ഷയുദ്ധം നടത്തുകയും ചെയ്തു. ഗൺ ബോട്ടുകളും ഭീഷണിയുമുപയോഗിച്ച് ജപ്പാനിൽ വിപണി തുറന്നു. ചൈനയെ ചൂഷണം ചെയ്യാൻ മറ്റ് സാമ്രാജ്യത്വശക്തികളെപ്പോലെ യു.എസിനും അവസരമുറപ്പിക്കാൻ ചൈനയിൽ ഒരു ‘തുറന്ന വാതിൽ’ പ്രഖ്യാപനം നടത്തി. അവർ മറ്റു രാഷ്ട്രങ്ങളോടൊപ്പം പിക്കിങ്ങിലേക്ക് സേനയെ അയയ്ക്കുകയും ചൈനയിൽ പാശ്ചാത്യമേധാവിത്വം ഉറപ്പുവരുത്തുകയും മുപ്പതു വർഷം അവിടെ സേനയെ നിലനിർത്തുകയും ചെയ്‌തു. ചൈനയിൽ ‘തുറന്ന വാതിൽ’ ആവശ്യപ്പെടുമ്പോൾത്തന്നെ ലാറ്റിനമേരിക്കയിൽ ‘അടഞ്ഞവാതിലിന്’ അവർ ശാഠ്യംപിടിച്ചു. (മൺറോ തത്വത്തിലൂടേയും സൈനിക ആക്രമണത്തിലൂടേയും). അതായത് യു.എസ്. ഒഴികെ മറ്റു രാഷ്ട്രങ്ങൾക്ക് പ്രവേശനമില്ല. അവർ കൊളംബിയയ്ക്കെതിരെ ഒരു വിപ്ലവം ആസൂത്രണം ചെയ്‌തു. അവർ 1926ൽ നിക്കരാഗ്വയിലേക്ക് 5,000 സൈനികരെ അയച്ചു അവിടത്തെ വിപ്ലവത്തെ നേരിടുന്നതിന് സേനയെ ഏഴുവർഷം അവിടെ നിർത്തുകയും ചെയ്‌തു; 1916ൽ നാലാം തവണയും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഇടപെടുകയും എട്ടുവർഷം സൈന്യത്തെ അവിടെ നിർത്തു കയും ചെയ്തു; 1915ൽ രണ്ടാം തവണയും ഹെയ്‌തിയിൽ ഇടപെടുകയും സൈന്യത്തെ അവിടെ 19 വർഷം നിലനിർത്തുകയും ചെയ്തു. 1900നും 1933നും ഇടയിൽ അമേരിക്കൻ സൈന്യം ക്യൂബയിൽ നാല് പ്രാവശ്യവും നിക്കരാഗ്വയിൽ രണ്ടുതവണയും പനാമയിൽ ആറു തവണയും ഗ്വാട്ടിമാലയിൽ ഒരു തവണയും ഹോണ്ടുറാസിൽ ഏഴുപ്രാവശ്യവും ഇടപെടൽ നടത്തി. |
വർണവെറി ബ്ലഡ്ബാങ്കിലും
ക്യൂൻ മേരി കപ്പലിൽ അമേരിക്കൻ സേനയെ കുത്തിനിറച്ചപ്പോൾ പഴയകാലത്തെ അടിമകളുടെ കപ്പൽ യാത്രയെ അനുസ്മരിപ്പിക്കാറ‍് എൻജിൻ റൂമിനരികിൽ തീരെ കാറ്റും വെളിച്ചവും കിട്ടാത്ത മുറികളിലാണ് കറുത്തവരെ പാർപ്പിച്ചത്. റെഡ് ക്രോസ് വെളളക്കാരുടേയും കറുത്തവരുടേയും രക്തം വേർതിരിച്ചാണ് സംഭരിച്ചത്. ഇതിന് സർക്കാർ നിർദേശം ഉണ്ടായിരുന്നു. ചാൾസ് ഡ്യൂ എന്ന കറുത്ത വംശജനായ ഡോക്ടറാണ് രക്ത ബാങ്ക് സമ്പ്രദായം രൂപപ്പെടുത്തിയതെന്നതാണ് ഇതിലെ തമാശ. അദ്ദേഹത്തിന് യുദ്ധകാലത്ത് രക്തദാനത്തിന്റെ ചുമതല നൽകുകയും പിന്നീട് രക്തദാനത്തിലെ കറുപ്പ്-, വെളുപ്പ് വേർതിരിവ് അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ പുറത്താക്കുകയും ചെയ്‌തു.
|
വേണ്ടിയിരുന്നുവോ ഈ കൂട്ടക്കൊല? ടോക്കിയോയിൽ നടത്തിയ ഒരു രാത്രികാല ബോംബിങ്ങിൽ 80,000 പേർ മരിച്ചു. 1945 ആഗസ്റ്റ് 6ന് ഒരു ഒറ്റപ്പെട്ട അമേരിക്കൻ വിമാനം ഹിരോഷിമയെ ലക്ഷ്യമാക്കി നീങ്ങുകയും, ആദ്യത്തെ അണുബോംബ് വർഷിക്കുകയും ചെയ്തു. ഇതിൽ ഒരു ലക്ഷത്തോളം ജപ്പാൻകാർ മരിച്ചു, പതിനായിരക്കണക്കിനുപേർ അണുപ്രസരണത്തിന്റെ വിഷലിപ്തതകൊണ്ട് സാവകാശം മരിച്ചുകൊണ്ടിരിക്കുന്നു. ഹിരോഷിമയിലെ സിറ്റി ജയിലിൽ പാർപ്പിച്ചിരുന്ന അമേരിക്കൻ നാവികസേനയിലെ 12 വൈമാനികർ കൊല്ലപ്പെട്ടു. ചരിത്രകാരനായ മാർട്ടിൻ ഷെർവിന്റെ (എ വേൾഡ് ഡിസ്ട്രോയ്‌ഡ്) അഭിപ്രായത്തിൽ ഈ വസ്തുത യു.എസ്. സർക്കാർ ഔദ്യോഗികമായി ഒരിക്കലും അംഗീകരിച്ചിട്ടില്ല. മൂന്നു ദിവസങ്ങൾക്കു ശേഷം നാഗസാക്കിയിൽ മറ്റൊരു അണുബോംബ് പതിച്ചു. അതിൽ ഏതാണ്ട് അൻപതിനായിരം പേർ കൊല്ലപ്പെട്ടു. ജപ്പാനിൽ സൈനികകടന്നുകയറ്റം ഒഴിവാക്കിക്കൊണ്ട് യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാനാകും എന്നാണ് ഈ ക്രൂരതകൾക്കു ന്യായീകരണമായി പറഞ്ഞത്.
“എല്ലാ വസ്‌തുതകളുടേയും, വിശദമായ പരിശോധനകളുടേയും, ജപ്പാൻ നേതാക്കളുടെ സാക്ഷ്യപ്പെടുത്തലിന്റേയും അടിസ്ഥാനത്തിൽ സർവേ അഭിപ്രായപ്പെടുന്നത്, 1945 ഡിസംബർ 31നു മുമ്പ്, ഒരുപക്ഷേ 1945 നവംബർ ഒന്നിനുമുമ്പു തന്നെ, അണുബോംബ് വർഷിക്കുകയോ റഷ്യ യുദ്ധത്തിൽ പ്രവേശി ക്കുകയോ ജപ്പാനിൽ കടന്നാക്രമണം ആസൂത്രണം ചെയ്യുകയോ, അതിനെക്കുറിച്ച് ആലോചിക്കുകയോ ചെയ്‌തില്ലെ ങ്കിൽപ്പോലും, ജപ്പാൻ കീഴടങ്ങുമായിരുന്നു.’ ചർച്ചകൾ നടത്താൻ ജപ്പാൻ മോസ്കോയിലെ അംബാസിഡറെ ചുമതലപ്പെടുത്തിയതായി അറിയാമായിരുന്നു. ജപ്പാനിലെ നേതാക്കൾ ഒരു വർഷം മുൻപു മുതലേ കീഴടങ്ങലിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയി രുന്നു. 1945 ജൂണിൽ ചക്രവർത്തിതന്നെ ‘അന്ത്യം വരെ പോരാടുക’ എന്നതിനുപകരം മറ്റു നടപടികളാലോചിക്കാവുന്നതാണെന്ന് നിർദ്ദേശിച്ചിരുന്നു. |



ജൂലൈ 26ന് നിരുപാധികമായ കീഴടങ്ങലിനുള്ള പോട്‌സ്ഡാം നിർദ്ദേശം വയ്ക്കുമ്പോൾ ശത്രു, സൈനിക ഭാഷയിൽ പറഞ്ഞാൽ, തന്ത്രപരമായി ഗതികെട്ട അവസ്ഥയിലായിരുന്നു. അങ്ങനെയിരിക്കെയാണ് നാം ഹിരോഷിമയേയും നാഗസാക്കിയേയും നാമാവശേഷമാക്കിയത്. അത് ചെയ്യേണ്ടതുണ്ടായിരുന്നോ? വേണ്ടിയിരുന്നു എന്ന് ഉറപ്പായി ആർക്കും പ്രതികരിക്കാനാവില്ല, മിക്കവാറും എല്ലാ ഉത്തരങ്ങളും വേണ്ടിയിരുന്നില്ല എന്നായിരിക്കും.