Sunday, July 12, 2026

ad

Homeവിശകലനം‘പുതിയ ഇറാൻ’ പുതിയ പശ്ചിമേഷ്യ

‘പുതിയ ഇറാൻ’ പുതിയ പശ്ചിമേഷ്യ

എ എം ഷിനാസ്‌

2026 ഫെബ്രുവരി ഒടുവിൽ യു. എസ്.‐ഇസ്രയേൽ സഖ്യം ഇറാനെതിരെ ഏകപക്ഷീയയുദ്ധം ആരംഭിച്ചപ്പോൾ, ഇസ്ലാമിക് റിപ്പബ്ലിക് പൂർണമായും തകരുകയും ദുർബലപ്പെടുകയും ചെയ്ത അവസ്ഥയിലായിരുന്നു എന്നാണ് പരക്കെ കരുതപ്പെട്ടത്. വൻതോതിലുള്ള ആക്രമണങ്ങൾ ഇറാന്റെ ഉന്നതനേതൃത്വത്തെ വധിക്കുകയും, വ്യവസായങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും തകർക്കുകയും ചെയ്തിരുന്നു; കൂടാതെ, യു. എസ്. നാവിക ഉപരോധം നേരെത്തെ തന്നെ തകർച്ചയിലായിരുന്ന ഇറാൻ സമ്പദ് വ്യവസ്ഥയെ പൂർവാധികം പരിക്ഷീണമാക്കി. മാർച്ച് ആദ്യവാരം, എയർഫോഴ്സ് വണ്ണിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു, “ഞങ്ങൾ ആ തിന്മയുടെ സാമ്രാജ്യത്തെ മുഴുവനായി നശിപ്പിച്ചിരിക്കുന്നു”. ഏതാനും ആഴ്ചകൾക്ക് ശേഷം അദ്ദേഹം “പൂർണവും സമഗ്രവുമായ വിജയം” പ്രഖ്യാപിച്ചു. എന്നാൽ നാല് മാസം പിന്നിടുമ്പോഴുള്ള ചിത്രം അമേരിക്കയും ഇസ്രായേലും ആ രാജ്യങ്ങളുടെ വന്യ സ്വപ്നങ്ങളിൽ പോലും കാണാത്ത പരിണതിയാണ് സൃഷ്ടിച്ചത്. ഇസ്ലാമിക ഭരണകൂടത്തെ അട്ടിമറിക്കാൻ ട്രംപ് ഇറാൻ ജനതയോട് പലപാട് ആഹ്വാനം ചെയ്തെങ്കിലും പുതിയ ഭരണകൂടം കൂടുതൽ തീവ്രമായ യാങ്കി ‐സയണിസ്റ്റ് വിരുദ്ധതയോടെ നിലയുറപ്പിക്കുകയും ഇറാൻ ഏറെക്കുറെ തങ്ങളുടെ സൈനികവും വ്യവസായപരവുമായ ശേഷി നിലനിർത്തുകയും ചെയ്യുന്നു. ഫെബ്രുവരി 28 ന് ട്രംപും നെതന്യാഹുവും ഇറാനെ ചർച്ചാമധേ്യ കടന്നാക്രമിച്ചപ്പോൾ, അവരുടെ ലക്ഷ്യങ്ങൾ വളരെ വിപുലവും സമഗ്രവുമായിരുന്നു.

ഇറാനിലെ ഭരണമാറ്റം, മിസൈൽ‐ആണവപദ്ധതികൾ നിർത്തലാക്കൽ, പ്രാദേശിക നോൺ‐സ്റ്റേറ്റ് (ഭരണകൂടേതര) സഖ്യകക്ഷികൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കൽ എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. യുദ്ധത്തിന്റെ ആദ്യനാളുകളിൽ, ഇറാനുമായി യാതൊരുവിധ കരാറിലേർപ്പെടാനും ട്രംപ് തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല, ടെഹ്റാൻ ‘നിരുപാധികമായി കീഴടങ്ങണ’മെന്ന് ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ യുദ്ധത്തിന്റെ ഗതിവിഗതികൾ വാഷിങ്ടന്റെ കണക്കുക്കൂട്ടലുകളെ പാടേ കടപുഴക്കുകയാണുണ്ടായത്.

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയേക്കാം എന്ന സാധ്യതയെ (സാധാരണയായി ഒരു വൻ പ്രതിസന്ധിയായി കണക്കാക്കപ്പെടുന്ന) ട്രംപ് ഭരണകൂടം അവഗണിച്ച മട്ടായിരുന്നു. എന്നാൽ യുദ്ധം മുറുകിയതോടെയാണ് ഹോർമുസ് സൃഷ്ടിച്ച പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും മനസ്സിലായത്. അതുപോലെ തന്നെ, ഗൾഫ് രാജ്യങ്ങളുടെ എണ്ണ ‐വാതക നിലയങ്ങൾക്ക് നേരെയും പേർഷ്യൻ ഗൾഫിലെ യു. എസ്. സൈനിക താവളങ്ങൾക്കുനേരെയും കൃത്യതയുള്ള ആക്രമണങ്ങൾ നടത്തി ഇറാൻ ഒരു ‘ത്രികോണ സമ്മർദ്ദതന്ത്രം’ ഇത്രത്തോളം പ്രയോഗിക്കുമെന്ന് പെന്റഗണിലെ ചുരുക്കം ചിലർ പോലും മുൻകൂട്ടി കണ്ടിരുന്നില്ല. അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ ഇത് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു പ്രതിഭാസമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത്, “ശക്തനായ ഒരു ശത്രുവിന്മേൽ (അമേരിക്ക) നേരിട്ട് സമ്മർദ്ദം ചെലുത്താൻ കഴിയാത്ത ഒരു രാജ്യം (ഇറാൻ), ആ ശത്രുവിനെ സ്വാധീനിക്കാൻ ശേഷിയുള്ളതോ ആ ശത്രുവിന് ഏതെങ്കിലും തരത്തിൽ ആശ്രയിക്കേണ്ടി വരുന്നതോ ആയ ഒരു മൂന്നാം കക്ഷിയെ (ഗൾഫ് രാജ്യങ്ങൾ) ഭീഷണിപ്പെടുത്തുകയും, അതിലൂടെ ആ മൂന്നാം കക്ഷിയെ ശത്രുവുമായി ഒരു താല്പര്യസംഘർഷത്തിലേക്ക് നയിക്കുകയും ചെയ്യുന്ന രീതിയാണിത്”

യഥാർത്ഥത്തിൽ ഈ യുദ്ധം കൊണ്ട് എന്ത് നേട്ടമാണുണ്ടായത്? ഭരണകൂടത്തെ അട്ടിമറിക്കാൻ ഇറാൻ ജനതയോട് ട്രംപ് ആഹ്വാനം ചെയ്തെങ്കിലും, അങ്ങനെയൊരു ജനകീയ പ്രക്ഷോഭത്തിന്റെ നേരിയ ലാഞ്ചന പോലുമുണ്ടായില്ല. ഈ യുദ്ധം ആഗോളതലത്തിൽ അമേരിക്കയുടെ അജയ്യതയ്ക്കും വിശ്വാസ്യതയ്ക്കും വലിയ കോട്ടം വരുത്തി. എന്നാൽ ഇറാന്റെ ഭാഗത്താകട്ടെ, അളന്നുതിട്ടപ്പെടുത്താനോ ബോംബിട്ട് തകർക്കാനോ കഴിയാത്ത ചില കാര്യങ്ങളെ അത് കൂടുതൽ ശക്തമാക്കുകയാണുണ്ടായത്. തങ്ങളുടെ പരമോന്നത നേതൃത്വത്തിന്റെ വധത്തെയും അടിസ്ഥാന സൈനിക സൗകര്യങ്ങളുടെ കനത്ത നാശത്തെയും ഇറാൻ അതിജീവിച്ചു ; ആ രാജ്യം തകർന്നുപോയില്ല. തിരിച്ചു പ്രഹരിക്കാനും, ഹോർമുസ് കടലിടുക്ക് അടയ്ക്കാനും യുദ്ധസാഹചര്യത്തിന്റെ നിയന്ത്രണം സ്വന്തം കൈകളിൽ നിലനിർത്താനും ആവശ്യമായ സൈനികവും ഭരണപരവുമായ ഏകോപനം അവർക്ക് സാധ്യമായി. അമേരിക്കയുടെയും ഇസ്രായേലിന്റെയും അതിശക്തമായ ആദ്യഘട്ട ആക്രമണത്തിനു മുന്നിൽ ഇറാനിയൻ സമൂഹവും അവിടുത്തെ ഭരണകൂടവും കാണിച്ച അതിജീവനശേഷിയും കരുത്തും ഒടുവിൽ ഒരു കാര്യം മാറ്റിമറിച്ചു: ഇത്രയും വലിയൊരു പ്രഹരമേറ്റിട്ടും തകരാതെ, ചർച്ചാമേശയിൽ നിവർന്നു നിൽക്കാൻ ആർക്കാണ് സാധിക്കുക എന്നതിനെക്കുറിച്ചുള്ള ലോക കാഴ്ചപ്പാടുകളെ അത് പാടെ തിരുത്തിക്കുറിച്ചിരിക്കുന്നു.

ഇത് ഇറാൻ സർക്കാരിന്റെ ഗുണഗണങ്ങളെക്കുറിച്ചുള്ള വാദവിഷയമല്ല; അക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്; മറിച്ച്, ഈ യുദ്ധം തന്ത്രപരമായ സൂചനയെയും മുന്നറിയിപ്പിനെയും കുറിച്ചുള്ള വാദഗതിയാണ് നൽകുന്നത്. ഒരു രാജ്യത്തിന്റെ ഏറ്റവും ഉയർന്ന നേതൃത്വത്തെ നാമാവശേഷമാക്കിയിട്ടും, ആഗോള സമ്പദ്-വ്യവസ്ഥയ്ക്കുമേൽ വൻ ആഘാതമുണ്ടാക്കാനും, ലോകത്തെ മർമപ്രധാനമായ ഒരു കപ്പൽപാതയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനും, തങ്ങളുടെ പക്കൽ അവശേഷിക്കുന്ന ആയുധശേഖരത്തെ മുൻനിർത്തി ഇപ്പോഴും ചർച്ചകൾ നടത്താനും ഇറാന് സാധിക്കുന്നുണ്ടെങ്കിൽ അത്തരമൊരു രാജ്യം തെളിയിച്ചിരിക്കുന്നത് ഒരു പ്രത്യേകതരം അതിജീവനശേഷിയാണ്. ഇടത്തരം ശക്തികളായ മറ്റു രാജ്യങ്ങൾ ഇത് വളരെ സൂക്ഷ്മമായി പഠിക്കുകതന്നെ ചെയ്യും. ഇതിൽനിന്ന് മറ്റുള്ളവർ ഉൾക്കൊള്ളുന്ന പാഠം ഇതാണ്: സൈനികശക്തിയിൽ ശത്രുവിനൊപ്പം തുല്യത പാലിക്കുന്നതിനേക്കാൾ പ്രധാനം, ആക്രമണങ്ങളെ അതിജീവിക്കാനുള്ള ശേഷിയും ശത്രുവിന് തിരിച്ചടി നൽകാനുള്ള കരുത്തുമാണ്.ഈ നിഗമനം കേവലം ഗൾഫ് മേഖലയിൽമാത്രം ഒതുങ്ങുന്ന ഒന്നല്ല; ആഗോളതലത്തിൽതന്നെ പ്രസക്തവുമാണ്.

2026 ജൂൺ ഒന്നിന് ഇറാനിയൻ-–അമേരിക്കൻ സാമൂഹിക ശാസ്ത്രജ്ഞരായ നർഗിസ് ബജൊഗ്ലിയും വാലി നാസറും ‘ഫോറിൻ അഫയേഴ്സി’ ൽ എഴുതിയ പ്രബന്ധത്തിലെ നിരീക്ഷണങ്ങൾ ഇത്തരുണത്തിൽ പ്രസ്താവ്യമാണ്: ” ഇസ്ലാമിക് റിപ്പബ്ലിക്കിന് മാരകമായ അന്ത്യപ്രഹരം ഏൽപ്പിക്കുകയെന്ന, യുദ്ധത്തിന്റെ പ്രാരംഭലക്ഷ്യം കൈവരിക്കാനാകാത്തതാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇറാനെ തകർക്കുന്നതിനുപകരം, യുദ്ധമെന്ന അഗ്നിപരീക്ഷ അതിനെ പ്രതീക്ഷിക്കാത്ത രീതിയിൽ മാറ്റിമറിക്കുകയാണുണ്ടായത്. അതിജീവിക്കാനും പുതിയ തന്ത്രപരമായ മേൽക്കൈകൾ സ്ഥാപിക്കാനും, ഇസ്ലാമിക് റിപ്പബ്ലിക്കിന് തങ്ങളുടെ യുദ്ധമുറകളിലും ഭരണസംവിധാനത്തിലും സമൂഹത്തെ നിയന്ത്രിക്കുന്ന രീതികളിലും പുതിയ മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരേണ്ടിവന്നു. മാത്രമല്ല, അഭൂതപൂർവമായ വേഗതയിലാണ് അവർക്കിത് ചെയ്യേണ്ടിവന്നത്. തങ്ങൾ കൈവരിച്ച നേട്ടങ്ങളിൽ ടെഹ്റാൻ ഇപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ; ആ നേട്ടങ്ങൾ സ്വന്തം രാജ്യത്തും വിദേശത്തും കൂടുതൽ ശക്തമാക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഈ യുദ്ധം ഒരു ‘പുതിയ ഇറാന്’ ജന്മം നൽകിയിരിക്കുന്നു. അതാകട്ടെ, വരുംവർഷങ്ങളിൽ മിഡിൽ ഈസ്റ്റിന്റെ ഭൂപടം പുനർനിർണയിക്കുകയും ആഗോള ഭൗമരാഷ്ട്രീയത്തിന്റെ ഗതിയെ സ്വാധീനിക്കുകയും ചെയ്യും’. (Narges Bajoghli and Vali Nasr, ‘How a Remade Islamic Republic Will Reshape the Middle East’, Foreign Affairs, 1 June 2026)

2025 ജൂണിലെ 12 ദിന യുദ്ധശേഷം പൊതുവിലും 2026 ഫെബ്രുവരി 28 മുതൽ വിശേഷിച്ചും ഇറാനിൽ ഉയർന്നുവന്ന പുതിയ നേതൃത്വത്തെക്കുറിച്ച് നർഗിസ് ബജൊഗ്ലിയും വാലി നാസറും നടത്തുന്ന നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷത്തെ യുദ്ധത്തോടെ ഇറാൻ ഭരണകൂടം പരമദുർബലമായി എന്നു കണക്കുകൂട്ടിയ ഇസ്രയേലും അമേരിക്കയും ഈ വർഷം ഫെബ്രുവരി 28 ന് ഇറാന്റെ ഉന്നത നേതൃനിരയെ നിഷ്കാസനം ചെയ്തു. എന്നാൽ, തലപ്പത്തുള്ളവരുടെ വധം ഇറാനിൽ ഭരണകൂടത്തകർച്ചയ്ക്ക് ഇടയാക്കിയില്ല ; പകരം,പുതിയൊരു തലമുറയ്ക്ക് അധികാരം ഏറ്റെടുക്കാനുള്ള വഴിതുറന്നുകൊടുത്തു. യുദ്ധസമയത്ത് ഉയർന്നുവന്നതും ഐആർജിസി (Islamic Revolutionary Guard Corps) യുടെ ആധിപത്യമുള്ളതുമായ ഈ പുതിയ നേതൃത്വത്തെ, കൂടുതൽ കടുത്ത പ്രത്യയശാസ്ത്രശാഠ്യമുള്ളവരും അമേരിക്കയോടും ഇസ്രയേലിനോടും തീവ്രമായ നിലപാട് പുലർത്തുന്നവരുമായാണ് പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ ഈ നിഗമനം പൂർണമായും ശരിയല്ല. ഈ പുതിയ നേതൃത്വത്തെ മുൻഗാമികളിൽ നിന്നു വേർതിരിച്ചുനിർത്തുന്ന യഥാർത്ഥ ഘടകം സൂക്ഷ്മവും അതോടൊപ്പം അതീവപ്രാധാന്യമുള്ളതുമാണ്.

ഇറാന് പുറത്തുള്ള നിരീക്ഷകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുതിയ പരമോന്നത നേതാവായ മൊജ്താബ ഖമനേയി, പാർലമെന്റ് സ്പീക്കർ മുഹമ്മദ്‌ ബാഗെർ ഖാലിബാഫ്, ഐആർജിസി കമാൻഡർ അഹമ്മദ് വാഹിദി തുടങ്ങിയ ചുരുക്കം ചില ഉന്നത നേതാക്കളിലാണ്. എന്നാൽ, അതിനേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്നത് അവർക്ക് താഴെയുള്ള തട്ടുകളിൽ വന്നിട്ടുള്ള മാറ്റങ്ങളാണ് ; അതായത്, 1979-ലെ വിപ്ലവത്തിനുശേഷം വളർന്നുവന്ന ഐആർജിസി കമാൻഡർമാരുടെയും സിവിലിയൻ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പുതിയൊരു തലമുറ. അവരിപ്പോൾ നിർണായകമായ തീരുമാനങ്ങളെടുക്കുന്ന പദവികളിലാണിരിക്കുന്നത്. ഭരണകാര്യങ്ങളിലും സുരക്ഷയിലുമുള്ള അവരുടെ ദേശീയതാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാട് ഇസ്ലാമിക് റിപ്പബ്ലിക്കിനെ പുനർനിർവചിച്ചുകൊണ്ടിരിക്കുകയാണ്.

ഇസ്ലാമിക് വിപ്ലവത്തിന്റെ സ്ഥാപക തലമുറയുടെ ലോകവീക്ഷണം രൂപപ്പെട്ടത്, അമേരിക്കയുടെ പിന്തുണയോടെയുള്ള മുഹമ്മദ്‌ റെസാ ഷാ പഹ്-ലവിയുടെ ഭരണത്തിനെതിരെയുള്ള നീണ്ട പോരാട്ടങ്ങളിലൂടെയും, ഷായുടെ കാലത്ത് ജയിലുകളിലോ നാടുകടത്തലിലോ ചെലവഴിച്ച വർഷങ്ങളിലൂടെയുമാണ്. എന്നാൽ ഇന്ന് അധികാരത്തിലുള്ള രണ്ടാം തലമുറ ഇസ്ലാമിക വിപ്ലവകാരികൾ (മൊജ്താബ, ഖാലിബാഫ്, വാഹിദി എന്നിവരുൾപ്പെടെയുള്ളവർ) ഇറാൻ-– ഇറാഖ് യുദ്ധകാലത്ത് കൗമാരക്കാരോ യുവാക്കളോ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ, പരമ്പരാഗത യുദ്ധത്തിന്റെ കടുപ്പമേറിയ യുദ്ധക്കളങ്ങളിലാണ് അവരുടെ ലോകവീക്ഷണം പരുവപ്പെട്ടത്. അതേസമയം, ഇറാന്റെ രാഷ്ട്രീയ–-സൈനിക മേഖലകളിലെ മൂന്നാം തലമുറയ്ക്കാകട്ടെ, വിപ്ലവാനന്തര ഇറാന്റെ ചരിത്രമല്ലാതെ മറ്റൊന്നും അറിയില്ല.

ഈ സൈനികവിഭാഗങ്ങളിലെയും ഐ ആർജിസിയിലെയും മറ്റ് അനുബന്ധ സുരക്ഷാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥ വിഭാഗത്തിൽപ്പെട്ട അംഗങ്ങൾ, വിപ്ലവ പ്രത്യയശാസ്ത്രത്തിനുപകരം ദേശീയ പ്രതിരോധത്തെ അടിസ്ഥാനമാക്കിയുള്ള ഘടനാപരവും ആസൂത്രിതവുമായ ഒരു സാങ്കേതിക ഭരണസംസ്കാരവും (Technocratic Culture) തന്ത്രപരമായ വീക്ഷണവുമാണ് സ്വീകരിച്ചത്. സൈനികമായി തങ്ങളേക്കാൾ എത്രയോ മുകളിലുള്ള വൻശക്തികൾക്കെതിരെ രണ്ട് യുദ്ധങ്ങളിൽ (കഴിഞ്ഞ വർഷത്തെ 12 ദിവസത്തെ യുദ്ധത്തിലും ഈ വർഷം നടന്ന അതിലും വലിയ പോരാട്ടത്തിലും) ഇറാനെ വിജയകരമായി പ്രതിരോധിക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്ന ആത്മവിശ്വാസത്തോടെയാണ് ആ ഭരണാധികാരികൾ മുന്നോട്ടുപോകുന്നത്. എന്നാൽ, ഇതിനു മുൻപുണ്ടായിരുന്ന നേതാക്കൾ പഹ്-ലവി ഭരണകാലത്തെ വിപ്ലവാനുകൂല ഇറാന്റെ ബൗദ്ധികവും രാഷ്ട്രീയവുമായ ചിന്താധാരകളുടെ സൃഷ്ടികളായിരുന്നു. രാജഭരണം അട്ടിമറിക്കുക, പശ്ചാത്യ അധിനിവേശത്തെ ചെറുക്കുക എന്നീ പൊതുലക്ഷ്യങ്ങൾ പങ്കുവെച്ചിരുന്ന മതേതര ദേശീയവാദികൾ, ഇടതുപക്ഷക്കാർ, ലിബറലുകൾ എന്നിവരുമായുള്ള സംവാദങ്ങളിലൂടെയാണ് അവരുടെ രാഷ്ട്രീയ വിദ്യാഭ്യാസം രൂപപ്പെട്ടത്. അധികാരത്തിലെത്തിയശേഷം ഇവർ തങ്ങളുടെ പ്രത്യയശാസ്ത്രം ഇറാനുമേൽ അടിച്ചേൽപ്പിച്ചെങ്കിലും, തങ്ങളെ പൂർണമായി അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഒരു സമൂഹത്തിനുമേൽ ഭരിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കുന്നതിലടങ്ങിയ അരക്ഷിതാവസ്ഥയെ മറികടക്കാൻ അവർക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല.എന്നാൽ, പുതിയ തലമുറയ്ക്ക് ഇതിനെക്കുറിച്ചൊന്നും നേരിട്ടുള്ള അറിവില്ല.

ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിതമാകുമ്പോൾ ഇവരിൽ ഭൂരിഭാഗവും കുട്ടികളായിരുന്നു. അതിന്റെ ഭരണാവകാശത്തെ പൂർണമായി വിശ്വസിച്ചുകൊണ്ടാണ് അവർ വളർന്നത്. അവർ പോരാടി നേടിയെടുത്തതല്ല ഈ അധികാരം ; മറിച്ച്, അധികാരത്തിന്റെ ഔദ്യോഗിക സ്ഥാപനങ്ങൾക്കുള്ളിൽ വളർന്നു വലുതായവരാണവർ. അതുകൊണ്ടുതന്നെ തങ്ങളുടെ ഭരണാധികാരം സ്വാഭാവികമായും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് അവർ കരുതുന്നു. മുൻതലമുറയെ വേട്ടയാടിയിരുന്ന അരക്ഷിതാവസ്ഥ -വിപ്ലവം യഥാർത്ഥമാണെന്നും, അതിന്റെ അവകാശവാദങ്ങൾ ഗൗരവമുള്ളതാണെന്നും, പഴയ വരേണ്യവിഭാഗം പൂർണമായും പരാജയപ്പെട്ടുവെന്നും നിരന്തരം തെളിയിക്കേണ്ടി വന്നിരുന്ന അവസ്ഥ – ഈ പുതിയ തലമുറയിൽ ഒട്ടുംതന്നെ കാണാനില്ല. അവർ ഇപ്പോൾ ഒരു വിപ്ലവത്തെ സംരക്ഷിക്കുകയല്ല ചെയ്യുന്നത് ; മറിച്ച്, ഒരു രാജ്യത്തെ ഭരിക്കുകയാണ്, ഭരണകൂടത്തെ നയിക്കുകയാണ്. പുതിയ തലമുറ വിപ്ലവത്തെ രാജ്യഭരണ തന്ത്രജ്ഞതയിൽ നിന്ന് വേർപെടുത്തിക്കഴിഞ്ഞു. ആഭ്യന്തരകാര്യങ്ങളിലോ വിദേശനയങ്ങളിലോ അവർ വിപ്ലവകരമായ വമ്പത്തരങ്ങൾ പറയുകയോ വിപ്ലവ ആക്ടിവിസത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. പുതിയ നേതാക്കൾ നിലവിലുള്ള ഭരണവ്യവസ്ഥയുടെ പ്രതിനിധികളാണ്: ഇറാന്റെ കഴിവുകളെയും പോരായ്മകളെയും കൃത്യമായി വിലയിരുത്തി പ്രവർത്തിക്കുന്ന പ്രായോഗികവാദികളും സുദൃഢ ദേശീയവാദികളുമാണവർ.

തങ്ങളുടെ മുൻഗാമികളിൽനിന്ന് വ്യത്യസ്തമായി തന്ത്രപരമായ ക്ഷമ കാണിക്കാനും അതേസമയം നിർണായകമായി പ്രവർത്തിക്കാനും അവർക്ക് കഴിയും. ഇറാന്റെ ബലഹീനതകളെ അവർ തുറന്നമനസ്സോടെയും പരസ്യമായും അഭിമുഖീകരിക്കുന്നു. മുൻതലമുറയുടെ അരക്ഷിതാവസ്ഥ കാരണം അവർക്ക് ഒരിക്കലും സത്യസന്ധമായി ചെയ്യാൻ കഴിയാതിരുന്ന ഒന്നായിരുന്നു ഇത്. കൂടാതെ, പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളായാണ് കുറവുകളെ അവർ കാണുന്നത്. ഈയൊരു ചിന്താഗതിയാണ് കഴിഞ്ഞ രണ്ട് യുദ്ധങ്ങൾക്കിടയിൽ ടെഹ്റാൻ വരുത്തിയ മാറ്റങ്ങൾക്കു പിന്നിലെ പ്രേരകശക്തി.

2025 ജൂണിലെ അമേരിക്കൻ-–ഇസ്രയേൽ ആക്രമണത്തിന് മുൻപുവരെ, അമേരിക്കയുമായും ഇസ്രയേലുമായും ‘യുദ്ധവുമില്ല, സമാധാനവുമില്ല’ എന്ന നിലയിലുള്ള സ്ഥിതിവിശേഷം തങ്ങൾക്ക് അനിശ്ചിതമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നാണ് ഇറാൻ ഭരണാധികാരികൾ കരുതിയിരുന്നത്. എന്നാൽ ആ ധാരണ തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. 12 ദിവസം നീണ്ടുനിന്ന യുദ്ധം അവസാനിച്ച നിമിഷം മുതൽ, തങ്ങളുടെ അലംഭാവത്തിൽ, അമിത ആത്മവിശ്വാസത്തിൽ ഒരു പുനർവിചിന്തനം അവർക്ക് നടത്തേണ്ടി വന്നു. ജൂണിലെ വെടിനിർത്തൽ കരാർ തകരുമെന്നും മറ്റൊരു യുദ്ധം ഉടൻ തന്നെ ഉണ്ടാകുമെന്നുമാണ് ഐആർജിസിയുടെ പുതിയ നേതൃത്വം കണക്കുകൂട്ടിയത്. ഇതോടെ, ജൂൺ യുദ്ധത്തിൽനിന്ന് പഠിച്ച പാഠങ്ങളെക്കുറിച്ചും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഇറാന്റെ സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളും തിങ്ക് ടാങ്കുകളും സർക്കാർ സംവിധാനങ്ങളും വേദിയാകാൻ തുടങ്ങി. കഴിഞ്ഞ പത്തു വർഷത്തിനിടെ ഉണ്ടായതിനേക്കാൾ കൂടുതൽ ഭരണപരമായ മാറ്റങ്ങളാണ് തുടർന്നുള്ള വെറും എട്ട് മാസങ്ങൾക്കുള്ളിൽ അവിടെ സംഭവിച്ചത്. വ്യാപാരം, കൃഷി, സാമ്പത്തിക-സാമൂഹിക മാനേജ്മെന്റ് എന്നിവയിലുള്ള പല സുപ്രധാന തീരുമാനങ്ങളുടെയും അധികാരം ടെഹ്റാനിൽനിന്നും പ്രവിശ്യാ തലസ്ഥാനങ്ങളിലേക്ക് വികേന്ദ്രീകരിക്കപ്പെട്ടു.

ഇറാൻ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥവൃന്ദത്തെ കാലങ്ങളായി തളർത്തിയിരുന്ന മന്ദതയ്ക്കുപകരം ഉൗർജസ്വലമാക്കി മാറ്റി; അതിവേഗത്തിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടുക എന്നതൊരു അനിവാര്യതയായി മാറി. ഈ പ്രക്രിയയിലൂടെ സാങ്കേതികവിദ്യയിലും ഭരണനിർവഹണത്തിലും വിദഗ്ധരായ ഒരു പുതിയ തലമുറ (Technocratic Decision- Makers) കാര്യങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി. ഈ വർഷമുണ്ടായ യുദ്ധത്തിൽ ഇറാന്റെ നീക്കങ്ങൾ പ്രതിഫലിപ്പിച്ചത് ഈ പുതിയ തലമുറയുടെ ആധുനികവും പ്രായോഗികവുമായ സമീപനമായിരുന്നു. ഇറാൻ സൈന്യത്തെ ഒരു സാമ്പ്രദായിക സേനയിൽനിന്ന് ഒളിപ്പോരാളികളുടെ(Guerrilla Force ) ശൃംഖലയ്ക്കു സമാനമായ ഓപ്പറേഷണൽ കമാൻഡുകളായി പുനഃസംഘടിപ്പിച്ചു.ഇതിലൂടെ സൈന്യത്തിന്റെ അധികാരം വിവിധ ഗ്രൂപ്പുകൾക്കിടയിൽ വിഭജിച്ചു നൽകുന്നതിനുപകരം, ഒരേ ചിന്താഗതിക്കാരായ ഒരുകൂട്ടം ഉദ്യോഗസ്ഥരിൽ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു.

ഈ യുദ്ധക്കളത്തിൽ, 2025 ജൂണിലെ യുദ്ധത്തിൽ നിന്നു ഗ്രഹിച്ച പാഠങ്ങൾ ഇറാൻ സേന വളരെ കൃത്യതയോടെയാണ് പ്രയോഗിച്ചത്. അമേരിക്ക – -ഇസ്രയേൽ ആക്രമണത്തോട്, മേഖലയിലുടനീളമുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റർസെപ്റ്റർ (പ്രതിരോധ മിസൈൽ) ശേഖരം പരമാവധി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള മിസൈലുകളുടെയും ഡ്രോണുകളുടെയും ആസൂത്രിതമായ ആക്രമണങ്ങളിലൂടെയാണ് ഇറാൻ പ്രതികരിച്ചത്. ഇറാൻ, തങ്ങളുടെ മിസൈൽ വിക്ഷേപണകേന്ദ്രങ്ങൾ വിശാലമായ ഭൂപ്രദേശത്തുടനീളം വിന്യസിക്കുകയും ചെയ്തു. കൂടാതെ, തകർക്കപ്പെട്ട ലോഞ്ചറുകളും ‘മിസൈൽ നഗര’ങ്ങളിലേക്കുള്ള പ്രവേശനകവാടങ്ങളും അപ്പപ്പോൾതന്നെ നന്നാക്കുന്നതിനായി സൈനിക ഉദ്യോഗസ്ഥർക്കൊപ്പം എഞ്ചിനീയർമാരെയും മിസൈൽ കേന്ദ്രങ്ങളിൽ നിയോഗിച്ചു.ഇസ്രയേലും അമേരിക്കയും പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ആക്രമണം തുടരാൻ ഇത് ഇറാനെ പ്രാപ്തമാക്കി.

അസന്തുലിതമായ യുദ്ധതന്ത്രത്തിന്റെ (Asymmetric warfare ) യുക്തി ഉൾക്കൊണ്ട്, ഷാഹെദ് ഡ്രോണുകളുടെ വലിയ കൂട്ടങ്ങളെയും അയച്ചു. വിലകുറഞ്ഞതും നഷ്ടപ്പെട്ടാലും കുഴപ്പമില്ലാത്തതുമായ ഈ ഡ്രോണുകൾ, അമേരിക്കൻ സൈനികത്താവളങ്ങളെയും വാഷിങ്ടണിന്റെ അറബ് സഖ്യകക്ഷികളെയും സംരക്ഷിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളിൽ വിള്ളൽ വീഴ്ത്തുകയും, സുപ്രധാന ലക്ഷ്യങ്ങളിൽ കൃത്യമായി ആക്രമണം നടത്താൻ മറ്റ് ഇറാൻ മിസൈലുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ശത്രുക്കളുടെ ആക്രമണങ്ങളെ ഉൾക്കൊള്ളാൻ മാത്രമല്ല, അവരുടെ യുദ്ധലക്ഷ്യങ്ങളെ തകിടംമറിച്ച് തന്ത്രപരമായ മുൻ‌തൂക്കം നേടാനും ഇറാൻ സൈന്യം പഠിച്ചിരുന്നു. പുതിയ തലമുറയിലെ നേതാക്കളുടെ ഏറ്റവും വലിയ വിജയം, അവരുടെ ഈ തന്ത്രം ഫലിച്ചു എന്നതുതന്നെയാണ്. ഭരണനേതൃത്വത്തെ ഇല്ലാതാക്കി ഭരണമാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങളെ ആ രാജ്യം അതിജീവിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും കനത്ത ബോംബാക്രമണങ്ങളേറ്റിട്ടും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പിക്കുകയും, അമേരിക്കൻ നാവിക ഉപരോധത്തെ കൂസലില്ലാതെ നേരിടുകയും ചെയ്തു. ഇതിലൂടെ, അവർ യുദ്ധക്കളം പേർഷ്യൻ ഗൾഫിലേക്ക് വ്യാപിപ്പിക്കുകയും 16 അമേരിക്കൻ സൈനികത്താവളങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും അവയിൽ പലതും പൂർണമായും പ്രവർത്തനരഹിതമാക്കുകയും ചെയ്തു. 2026 മാർച്ചിൽ, 2003 മുതൽ അമേരിക്കൻ സേന കൈവശം വച്ചിരുന്ന ബാഗ്ദാദിലെ പ്രധാന സൈനികത്താവളമായ ‘ക്യാമ്പ് വിക്ടറി’ ഉപേക്ഷിക്കാൻ ഇറാഖി ഷിയാ മിലിഷ്യകൾ അമേരിക്കയെ നിർബന്ധിതമാക്കി.

ഇറാന്റെ ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങൾക്കിടയിൽ കടുത്ത വിശ്വാസപ്രതിസന്ധിയും സൃഷ്ടിച്ചു. ഒരർത്ഥത്തിൽ, യുദ്ധത്തിന്റെ ഏറ്റവും വലിയ ആഘാതം സംഭവിച്ചത് ഇറാനിലല്ല. മറിച്ച്, നാലു പതിറ്റാണ്ടിലധികമായി ഗൾഫ് മേഖലയിൽ അമേരിക്ക നൽകിയിരുന്ന സുരക്ഷാകവചത്തിന്റെ വിശ്വാസ്യതയെയാണ് ഇറാൻ പിച്ചിച്ചീന്തിയത്. അമേരിക്ക യുദ്ധത്തെ ഗൾഫ് രാജ്യങ്ങളുടെ നഗരങ്ങളിലേക്കും സുപ്രധാന അടിസ്ഥാനസൗകര്യങ്ങളിലേക്കും കൊണ്ടുവരികയും, എന്നാൽ അവരെ സംരക്ഷിക്കുന്നതിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

ജി സി സി രാജ്യങ്ങളുടെ സമ്പദ്-വ്യവസ്ഥ, ഇതിന്റെയൊക്കെ പാര്‍ശ്വഫലമായി, തകര്‍ച്ചയുടെ ആസന്നഗര്‍ത്തം കണ്ടു. ഗള്‍ഫ് തലസ്ഥാനങ്ങളും വാഷിങ്ടണും തമ്മില്‍ തകര്‍ന്ന പരസ്പരവിശ്വാസം, നിലവിലുള്ള സംഘര്‍ഷങ്ങള്‍ക്കപ്പുറവും ദീര്‍ഘകാലം നീണ്ടുനില്‍ക്കും. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങള്‍ക്ക് സാധ്യമാണെന്ന് തെളിയിച്ച ഒരു ഇറാന്‍, വമ്പിച്ച നാശനഷ്ടങ്ങള്‍ നേരിട്ടിട്ടും പതറാതെ നില്‍ക്കുമ്പോള്‍, തകര്‍ന്ന അമേരിക്കന്‍ സൈനിക താവളങ്ങളില്‍ എത്രയെണ്ണം ഇനി പുനര്‍നിര്‍മിക്കപ്പെടും എന്നതും ഇനി അവയെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്നതും അമേരിക്കകയ്ക്കും അറബ് സഖ്യകക്ഷികള്‍ക്കും ഒരു തുറന്ന ചോദ്യമായി അവശേഷിക്കുന്നു. മൂന്നു പതിറ്റാണ്ടിലേറെയായി ഇവര്‍ തമ്മിലുള്ള ഇടപാടും ഉടമ്പടിയും വളരെ ലളിതമായിരുന്നു–ഗള്‍ഫ് രാജഭരണകൂടങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കുകയും അവരുടെ വമ്പിച്ച വിലയുള്ള സൈനികായുധങ്ങള്‍ വാങ്ങുകയും ചെയ്യുക, പകരം അവര്‍ക്ക് അമേരിക്കയുടെ ‘സുദൃഢസുരക്ഷ’ ഉറപ്പാക്കുക. എന്നാല്‍ ഈ യുദ്ധം ആ ഉടമ്പടിയുടെ രണ്ടാമത്തെ പകുതിയെ (സുരക്ഷ) പട്ടാപ്പകല്‍, പരസ്യമായിത്തന്നെ തകിടംമറിച്ചു. കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന പേട്രിയറ്റ്, താഡ് (THAAD), എഫ്–15 സംവിധാനങ്ങള്‍ക്കൊന്നും തന്നെ ഇറാന്റെ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കുമെതിരെ കാര്യമായ സുരക്ഷ നല്‍കാന്‍ കഴിഞ്ഞില്ലെന്ന തിക്തസത്യം ഗള്‍ഫ് രാജ്യങ്ങള്‍ കണ്ടും കൊണ്ടുമറിഞ്ഞു. ഒപ്പം, റിയാദ്, ദോഹ, അബുദാബി, മനാമ, കുവൈത്ത് എന്നിവയേക്കാള്‍ വാഷിങ്ടണ്‍ മുന്‍ഗണന നല്‍കിയത് ടെല്‍ അവീവിന്റെ സംരക്ഷണത്തിനാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു.

ഗൾഫ് രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ
നാറ്റോയുമായി നാഭീനാളബന്ധമുള്ള വാഷിങ്ടണിലെ തിങ്ക് ടാങ്ക് ആയ ‘അറ്റ്ലാന്റിക് കൗണ്‍സില്‍’, ഗള്‍ഫ് രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥയെയും അവരുടെ മന:സ്ഥിതിയെയും വെറും നാലു വാക്കുകളിലാണ് വരച്ചുകാട്ടിയത് : ‘അവരുടെ സുരക്ഷാക്കോട്ടകള്‍ തകര്‍ന്നു വീണിരിക്കുന്നു’. എന്തുകൊണ്ടാണ് ഈ സാഹചര്യം ഇത്രമേല്‍ ഗൗരവമേറിയതാകുന്നതെന്ന് ആക്രമണ പ്രതിരോധത്തിന്റെ യുക്തി (Logic of Deterrence) വ്യക്തമാക്കുന്നുണ്ട്. വിപുലീകൃതമായ ഒരു സുരക്ഷാപ്രതിരോധത്തിന് ഭൗതികമായ ഒരു നിലനില്‍പ്പില്ല ; മറിച്ച്, അത് എന്തു വിലകൊടുത്തും പാലിക്കപ്പെടും എന്ന് സുഹൃത്തുക്കളും പ്രതിയോഗികളും ഒരുപോലെ വിശ്വസിക്കുന്നതിലാണ് അതിന്റെ മുഴുവന്‍ മൂല്യവും അടങ്ങിയിരിക്കുന്നത്. ആ വിശ്വാസത്തിന് ഒരിക്കല്‍ ഇളക്കം തട്ടിയാല്‍, ഔദ്യോഗികമായ ഉടമ്പടികളില്‍ മാറ്റമൊന്നും വന്നിട്ടില്ലെങ്കില്‍പ്പോലും, ആ സുരക്ഷാ ഉറപ്പിന്റെ മൂല്യം പൂര്‍ണമായും ഇല്ലാതാകും. അതുകൊണ്ടാണ് ഗള്‍ഫ് തലസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഇങ്ങനെയൊരു ചോദ്യം ഉയര്‍ന്നുകൊണ്ടിരിക്കുന്നത് : തങ്ങളെ സംരക്ഷിക്കാന്‍ ഒട്ടും പ്രാപ്തിയില്ലാത്തതും, തങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന അതേ യുദ്ധാഗ്നിയെത്തന്നെ സ്വന്തം മണ്ണിലേക്ക് ക്ഷണിച്ചുവരുത്തുന്നതുമായ ഇത്തരം സൈനിക താവളങ്ങള്‍ക്ക് ഇനി പരവതാനി വിരിക്കുന്നതിലെ യുക്തി എന്താണ്?

രണ്ടാമത്തെയും മൂന്നാമത്തെയും തലമുറകളുടെ നേതൃപ്രവേശം കൂടുതല്‍ വിശദീകരണം അര്‍ഹിക്കുന്നു.ഒരു വര്‍ഷത്തിനിടെ നടന്ന രണ്ടു യുദ്ധങ്ങള്‍ ഇറാന് ഒരു കഠിനപരീക്ഷയായിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഒരു പുതിയ രൂപം വാര്‍ത്തെടുക്കാനും അതിന്റെ സ്ഥാപനത്തിനുശേഷമുള്ള ആദ്യത്തെ വലിയ തലമുറമാറ്റത്തിനു വഴിയൊരുക്കാനും ഇതിന് സാധിച്ചു. രണ്ടാം തലമുറ ഇപ്പോള്‍ സൈനിക, രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍, മൂന്നാം തലമുറ ആശയവിനിമയങ്ങള്‍ക്കും അന്താരാഷ്ട്രബന്ധങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. ഖൊമീനിയുടെ കീഴിലുള്ള ആദ്യവര്‍ഷങ്ങളില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഒരു വിപ്ലവ ഭരണകൂടമായിരുന്നു. ഷിയാ ഇസ്ലാമിസത്തിന്റെ പ്രത്യയശാസ്ത്ര ആരൂഢത്തില്‍ കെട്ടിപ്പടുത്തതും, പരമോന്നത നേതാവിന്റെ വ്യക്തിപ്രഭാവത്തിന്റെ പ്രാമാണ്യത്തിലും ദൈവഹിതം നടപ്പിലാക്കുന്നുവെന്ന അവകാശവാദത്താല്‍ സാധൂകരിക്കപ്പെട്ടതും വിപ്ലവം മറുനാടുകളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിദേശനയം സ്വീകരിച്ചതുമായ ഒന്നായിരുന്നു അത്.

ഖൊമേനിക്കുശേഷം
1989 ല്‍ ഖൊമേനിയുടെ മരണശേഷമുള്ള കാലഘട്ടത്തില്‍ – പരിഷ്കരണവാദത്തിന്റെ നാളുകള്‍ മുതല്‍ അലി ഖമനയിയുടെ കീഴിലുള്ള തീവ്രനിലപാടുകളുടെ ഘനീകരണം വരെയുള്ള കാലത്ത് – ഈ റിപ്പബ്ലിക്, അതിന്റെ സ്ഥാപന പ്രത്യയശാസ്ത്രത്തിനും ഭരണപരമായ ആവശ്യങ്ങള്‍ക്കുമിടയില്‍ നിരന്തരം ഒത്തുതീര്‍പ്പുകള്‍ക്ക് ശ്രമിച്ചുകൊണ്ടിരുന്ന ഒരു ‘വിപ്ലവാനന്തര ഭരണകൂടം’ ആയിരുന്നു.അടിച്ചമര്‍ത്തലിലൂടെയും രക്ഷാകര്‍തൃത്വപരമായ സഹായങ്ങളോടെയും പരിലാളനത്തിലൂടെയും പരിമിതമായ സ്വാതന്ത്ര്യങ്ങൾ നൽകിയും തുറവിയിലൂടെയും മാത്രമാണ് ഭരണകൂടത്തിന് ജനങ്ങളില്‍ വര്‍ധിച്ചുവന്ന അവിശ്വാസത്തെയും സംശയങ്ങളെയും നേരിടാന്‍ സാധിച്ചത്.എങ്കിലും, സ്ഥാപക തലമുറയുടെ കീഴിലുള്ളതും ആഭ്യന്തരമായ അഭിപ്രായവ്യത്യാസങ്ങളാല്‍ സജീവവുമായ ഒരു ഇസ്ലാമിക് റിപ്പബ്ലിക് തന്നെയായിരുന്നു അത്.

അമേരിക്ക–ഇസ്രയേല്‍ കടന്നാക്രമണങ്ങളില്‍ നിന്നു ജന്മമെടുത്ത പുതിയ ഇറാന്‍ റിപ്പബ്ലിക്കിനെ നിര്‍വചിക്കുന്നത് പ്രത്യയശാസ്ത്രത്തേക്കാളുപരി ദേശീയബോധമാണ് ; വിപ്ലവത്തേക്കാളുപരി ഭരണതന്ത്രജ്ഞതയാണ് ; പൗരോഹിത്യ വ്യക്തിപ്രഭാവത്തേക്കാള്‍ ഒരു പുതിയ ഉദ്യോഗസ്ഥവര്‍ഗത്തിന്റെ ആത്മവിശ്വാസവും സാങ്കേതിക–ഭരണ നൈപുണ്യവുമാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇരുപതാം നൂറ്റാണ്ടിലെ സൈനിക നേതൃത്വത്തിലുള്ള ദേശീയ ഭരണകൂടങ്ങളോടാണ് ഇതിനു സാദൃശ്യം. ഉദാഹരണത്തിന്, കെമാലിസ്റ്റുകളുടെ കീഴിലുള്ള തുര്‍ക്കി, അല്ലെങ്കില്‍ ഗമാല്‍ അബ്ദുല്‍ നാസറിന്റെ ഈജിപ്ത് എന്നിവപോലെ. ഈ രാജ്യങ്ങളില്‍ പ്രത്യയശാസ്ത്രം നിലനിന്നിരുന്നുവെങ്കിലും, അത് ദേശീയ താല്പര്യങ്ങള്‍ക്കും ഭരണകൂട അധികാരത്തിന്റെ അനിവാര്യതകള്‍ക്കും വിധേയമായി മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

നര്‍ഗീസ് ബജൊഗ്ലിയും വാലി നാസറും പുതിയ ഇറാനെക്കുറിച്ചുള്ള പ്രബന്ധം ഉപസംഹരിക്കുന്നത് സാരഗര്‍ഭമായ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവെച്ചാണ് : ‘പ്രത്യയശാസ്ത്രപരമായ വാശികളില്‍ നിന്ന് പ്രായോഗികമായ ഭരണതന്ത്രജ്ഞതയിലേക്കുള്ള ഈ മാറ്റം ഇസ്ലാമിക് റിപ്പബ്ലിക്കിനെ കൂടുതല്‍ സൗമ്യമോ വിയോജനസ്വാതന്ത്ര്യ സഹിഷ്ണുതയുള്ളതോ ആക്കുന്നില്ല. ദേശീയസുരക്ഷയില്‍ അധിഷ്ഠിതമായ രാജ്യങ്ങള്‍ പലപ്പോഴും സ്വന്തം ജനതയുടെ എതിരഭിപ്രായങ്ങളോട് ഹിതകരമായ സമീപനം സ്വീകരിക്കാറില്ല. രൂപപ്പെട്ടുവരുന്ന പുതിയ ഇസ്ലാമിക് റിപ്പബ്ലിക് സമഗ്രാധിപത്യപരമായി തന്നെ തുടരും. എന്നാല്‍ ഇറാനിലെ വിവിധ വിഭാഗങ്ങളെ വിവരിക്കാന്‍ പശ്ചാത്യ നിരീക്ഷകര്‍ പലപ്പോഴും ഉപയോഗിക്കാറുള്ള തരംതിരിവുകള്‍ – ഉദാഹരണത്തിന്, കടുത്ത നിലപാടുകാരും മിതവാദികളും അല്ലെങ്കില്‍ പ്രത്യയശാസ്ത്രവാദികളും പരിഷ്കരണവാദികളും – ഇനി പഴയപോലെ കൃത്യമാകില്ല.പുതിയ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ മുന്‍ഗണനകളും, അവ അവര്‍ എങ്ങനെ നടപ്പിലാക്കുന്നു എന്നതും നിര്‍ണയിക്കപ്പെടുക ഇസ്രയേലും അമേരിക്കയും അഴിച്ചുവിട്ട രണ്ട് യുദ്ധങ്ങളുടെ സവിശേഷമായ അനുഭവങ്ങളിലൂടെയായിരിക്കും. ആ പോരാട്ടങ്ങളില്‍ ഇറാന് സംഭവിച്ച നാശനഷ്ടങ്ങള്‍, അതിലൂടെ അവരുടെ നേതൃത്വത്തിനു കൈവന്ന ആത്മവിശ്വാസം, കൂടാതെ ഈ യുദ്ധം അനിവാര്യവും സാധ്യവുമാക്കിയ പുതിയ സാമൂഹിക ഉടമ്പടികള്‍ എന്നിവയായിരിക്കും അതിനെ രൂപപ്പെടുത്തുക.

ഗള്‍ഫ് മേഖലയ്ക്ക് സുഭദ്രവും അപ്രതിരോധ്യവുമായ സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനമായിരുന്നു ഏതാണ്ട് അര നൂറ്റാണ്ടോളം യുഎസ് –ഗള്‍ഫ് കൂട്ടുകെട്ടിന്റെ അടിസ്ഥാനശില. 1980 ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ പറഞ്ഞത് ഈ സുരക്ഷാ ഉറപ്പിന്റെ അസന്ദിദ്ധ പ്രഖ്യാപനമായിരുന്നു : ‘‘ഞങ്ങളുടെ നിലപാട് സുവ്യക്തമാണ്. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബാഹ്യശക്തി നടത്തുന്ന ഏതു ശ്രമവും അമേരിക്കയുടെ മര്‍മപ്രധാനമായ താല്പര്യങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായി കണക്കാക്കപ്പെടും’’. എന്നാല്‍, ഇറാന്റെ നീക്കങ്ങള്‍ ‘കാര്‍ട്ടര്‍ അനുശാസന’ത്തെ മാത്രമല്ല, ഇസ്രയേലിനെ കേന്ദ്രമാക്കിയും അറബ് രാജ്യങ്ങളെ അതിന്റെ സ്തംഭങ്ങളാക്കിയും പശ്ചിമേഷ്യയെ പുനര്‍നിര്‍മിക്കാനുള്ള ട്രംപിന്റെയും നെതന്യാഹുവിന്റെയും ശ്രമങ്ങളെയും മോഹങ്ങളെയും കൂടിയാണ് അട്ടിമറിച്ചത്.

സുരക്ഷ ഉറപ്പുവരുത്താൻ 
അമേരിക്കയ്ക്ക് കഴിയില്ല
അമേരിക്കയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞതോടെ, മേഖലാസ്ഥിരത സ്വന്തം ഭാഗത്തുനിന്നുതന്നെ ഉണ്ടാകണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. യുഎസ് നയങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും കച്ചവടാധിഷ്ഠിതമായി മാറിയിരിക്കുന്നു. ഊര്‍ജം, എഐ, കൂടാതെ തീര്‍ച്ചയായും ആയുധങ്ങള്‍ എന്നിവയിലൂന്നിയുള്ള ഇടപാടുകളില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. ഇനിമുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ സുരക്ഷാകാര്യങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് വേഗത കൂട്ടുകയും, അമേരിക്കയ്ക്കു പുറമെ തങ്ങളുടെ പ്രതിരോധ പങ്കാളിത്തം കൂടുതല്‍ വൈവിധ്യവത്കരിക്കുകയും ഇറാനുമായുള്ള ബന്ധം കൈകാര്യം ചെയ്യാന്‍ പ്രായോഗികമായ വഴികള്‍ തേടുകയും ചെയ്യും. ഗള്‍ഫ് ഭരണകൂടങ്ങള്‍ ഇതിനകം തന്നെ ഈ ദിശയിലേക്കു നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക് അവിടെനിന്ന് എങ്ങും പോകാന്‍ പോകുന്നില്ലെന്നും, സ്വന്തം സുരക്ഷയ്ക്കും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനത്തില്‍ ടെഹ്റാനുമായി ഒത്തുപോകേണ്ടതുണ്ടെന്നും അവര്‍ തിരിച്ചറിഞ്ഞു എന്നതിന്റെ ശക്തമായ സൂചനകളുണ്ട്. അവര്‍ക്ക് ആവശ്യമുള്ളത് പ്രാദേശികമായ സ്ഥിരതയാണ്. ആ സ്ഥിരതയ്ക്കായി ഇറാന്റെ ഒറ്റപ്പെടല്‍ അവസാനിപ്പിച്ച് കൂടെ നിര്‍ത്തിയേ മതിയാവൂ.

ടെഹ്റാന്റെ കാഴ്ചപ്പാടില്‍, ഇറാനെ ഒതുക്കിനിര്‍ത്താന്‍ 1979 മുതല്‍ അമേരിക്ക നടത്തിവന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. പുതിയ പ്രാദേശികക്രമത്തെ നിര്‍ണയിക്കുന്നത് അമേരിക്കന്‍ മേധാവിത്വത്തേക്കാള്‍ ഒരു ബഹുധ്രുവത്വമായിരിക്കും. ഇതില്‍ ചൈന കൂടുതല്‍ നിര്‍ണായകമായ ഒരു പങ്കാളിയായും, ഇറാന്‍ മാറ്റിനിര്‍ത്തപ്പെട്ട രാജ്യമെന്നതിലുപരി മേഖലയിലെ ബഹുധ്രുവതയുടെ അവിഭാജ്യഘടകമായും മാറും.ഗള്‍ഫ് രാജ്യങ്ങള്‍ വാഷിങ്ടണുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിക്കുന്നില്ലെങ്കിലും, അവര്‍ തങ്ങളുടെ പങ്കാളിത്തങ്ങള്‍ വൈവിധ്യവത്കരിക്കേണ്ടതിന്റെ അനുപേക്ഷണീയത ഗ്രഹിച്ചിരിക്കുന്നു. ഇതിന്റെ പ്രധാന ഗുണഭോക്താവ് ചൈനയാണ്. രാഷ്ട്രീയ നിബന്ധനകള്‍ ഇല്ലാതെയാണ് ചൈനീസ് ഡ്രോണുകളും മിസൈലുകളും നിരീക്ഷണ സംവിധാനങ്ങളും വരുന്നത്. വാണിജ്യ അടിസ്ഥാന സൗകര്യങ്ങളും തുറമുഖങ്ങളും മുതല്‍ അത്യാധുനിക സൈനിക സാങ്കേതികവിദ്യ വരെയുള്ള സമഗ്രമായ ഒരു നിരതന്നെ ബീജിങ് വാഗ്ദാനം ചെയ്യുന്നുണ്ട്. നേരിട്ടുള്ള ഏറ്റുമുട്ടലിനേക്കാള്‍, സാമ്പത്തിക–സുരക്ഷാ സംയോജനത്തിലൂടെ അമേരിക്കയുടെ സൈനിക താവളങ്ങളുടെ ശൃംഖലയെ വളഞ്ഞു തോല്‍പ്പിക്കുക എന്ന ബോധപൂര്‍വമായ തന്ത്രമാണ് ചൈനയുടേതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ചെെനയുടെ ശേഷി
ഗള്‍ഫ് രാജ്യങ്ങള്‍ ചൈനയില്‍ നിന്ന് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സ്വന്തമാക്കിയേക്കാമെന്ന് ‘കാര്‍ണഗീ എന്‍ഡോവ്മെന്റ്’ കരുതുന്നു. ഊര്‍ജമേഖലയിലും ഇറാനുമായി നിലവിലുള്ള ആണവ സഹകരണത്തിലും ഉറച്ചുനിന്നുകൊണ്ട് റഷ്യയും ഒരിടം കണ്ടെത്തും. എന്നാല്‍ യുദ്ധത്തില്‍ അമേരിക്കയ്ക്ക് പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ഒന്നുപോലും ഇതുവരെ കൈവരിക്കാന്‍ കഴിയാതിരിക്കെ, ആത്മവിശ്വാസം പ്രകടമായി വര്‍ധിച്ച ചൈനയ്ക്കാണ് ഈ മേഖലയുടെ അമേരിക്കന്‍ ആശ്രിതത്വത്തെ മാറ്റിമറിക്കാന്‍ വിപുലമായ ശേഷിയുള്ളത്.ഗള്‍ഫ് രാജ്യങ്ങള്‍ ഉന്നംവെക്കുന്നത് തങ്ങളുടെ തന്ത്രപരമായ സ്വയംഭരണാധികാരവും ഒരു ബഹുധ്രുവ സുരക്ഷാ നയവുമാണ്; അല്ലാതെ വാഷിങ്ടണില്‍ നിന്ന് ബീജിങ്ങിലേക്കുള്ള സമ്പൂര്‍ണമായ ഒരു കൂടുമാറ്റമല്ല. എങ്കിലും, മാറ്റത്തിന്റെ ദിശ ഇപ്പോള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇത്തരം മാറ്റങ്ങളാണ് പുതിയ ക്രമങ്ങള്‍ രൂപപ്പെടുത്തുന്നത്. ഇവിടെ പ്രധാന കാര്യം, ചൈന ഗള്‍ഫില്‍ അമേരിക്കയ്ക്ക് പകരക്കാരായി എന്നതല്ല.മറിച്ച്, ഒരുകാലത്ത് അമേരിക്കയ്ക്ക് മാത്രമുണ്ടായിരുന്ന ആധിപത്യം അവസാനിച്ചു എന്നതാണ്.അത് ഇനി തിരിച്ചുപിടിക്കാനും കഴിയില്ല.

2026 ലെ യുദ്ധം ഇറാനെ കാര്യമായി തളര്‍ത്തിയെങ്കിലും സമ്പുഷ്ടീകരിച്ച യുറേനിയവും, ഹോര്‍മുസ് കടലിടുക്കെന്ന നിര്‍ണായക സ്ഥാനത്തിന്റെ നിയന്ത്രണവും പൂര്‍വാധികം ശക്തമായ വിലപേശല്‍ നിലയും കൈവശം വെച്ചുകൊണ്ട് ഇറാന്‍ പിടിച്ചുനില്‍ക്കുന്നു. എന്നാല്‍ ഈ യുദ്ധം വ്യക്തമായി അവശേഷിപ്പിക്കുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. മുന്‍പ് മേഖലയില്‍ പ്രയോഗിക്കപ്പെട്ടിരുന്ന അമേരിക്കന്‍ മേധാവിത്വത്തിന്റെ തകര്‍ച്ചയാണത്. അതുമാത്രമല്ല, പശ്ചിമേഷ്യയില്‍ ഒരു സംഘര്‍ഷം സൃഷ്ടിച്ച് അതിലേക്ക് അമേരിക്കയെക്കൂടി വലിച്ചിഴയ്ക്കാനും, അതിലൂടെ ഇറാനെ തകര്‍ത്ത് മേഖലയില്‍ ഇസ്രയേലിന്റെ അനിഷേധ്യമായ അധീശത്വം സ്ഥാപിക്കാനുമുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ കുതന്ത്രങ്ങള്‍ ഇപ്പോള്‍ ചരിത്രത്തിന്റെ അവശിഷ്ടങ്ങളായി മാറിയിരിക്കുന്നു. എന്നിരുന്നാലും, ഇനി അങ്ങോട്ടുള്ള ഇസ്രയേലിന്റെ പെരുമാറ്റം പ്രവചനാതീതമാണ്. ഇസ്രയേലും അതിന്റെ നേതാക്കളും ‘പരിക്കേറ്റ പുലി’യെപ്പോലെ പെരുമാറാന്‍ സാധ്യതയുണ്ട്. പശ്ചിമേഷ്യയില്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതിനായി ട്രംപിന്റെ പിന്തുണ നേടിയെടുത്ത തന്ത്രം പാളിപ്പോയതോടെ, ഇസ്രയേല്‍ അറബ് അയല്‍രാജ്യങ്ങള്‍ക്കെതിരെയും പശ്ചിമേഷ്യയിലുടനീളവും പുതിയൊരു ‘സാഹസിക നീക്ക’ത്തിനു മുതിര്‍ന്നേക്കാം. ഇത് മേഖലയില്‍ അസ്ഥിരമായ ഒരു സമാധാന അന്തരീക്ഷത്തിലേക്കോ അറബികളും ഇറാനികളും ഇസ്രയേലികളും തമ്മില്‍ കൂടുതല്‍ തര്‍ക്കങ്ങളിലേക്കോ നയിച്ചേക്കാം. അമേരിക്ക ഈ യുദ്ധത്തില്‍ വലിയ പരാജയമായി കാണപ്പെടുകയും മേഖലയില്‍ ആ രാജ്യത്തിന്റെ സ്വാധീനം കുറയുകയും ചെയ്യുന്നതോടെ, പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെയും സൈനികരുടെയും സാന്നിധ്യം കുറയ്ക്കണമെന്ന ആവശ്യവും ശക്തമായേക്കാം. l

Previous article
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + three =

Most Popular