സൂക്ഷ്മമായി പരിശോധിച്ചാൽ, ഈ ഗ്രൂപ്പുകൾ നൽകുന്ന റിപ്പോർട്ടുകൾ വിശ്വസനീയമല്ലെന്ന് തെളിയുന്നു. ഐക്യരാഷ്ട്രസഭയ്ക്കുള്ളിൽ തന്നെ ഇവരുടെ വ്യാജവും അപകീർത്തികരവുമായ സ്വഭാവം എല്ലാവർക്കും അറിയുന്നതാണ്. 2023 ഒക്ടോബർ 7-ലെ ക്രൂരതകളെ ഞാൻ ന്യായീകരിച്ചുവെന്നും, ലൈംഗിക അതിക്രമങ്ങൾ നിഷേധിച്ചുവെന്നും, ബന്ദികളുടെ കഷ്ടപ്പാടുകളെ കുറച്ചുകാണിച്ചു എന്നുമുള്ള ആരോപണങ്ങൾ ഇത്തരം കെട്ടുകഥകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ ഒക്ടോബർ 7-ന് ഇസ്രയേൽ പൗരർക്കു നേരെ നടന്ന ആക്രമണങ്ങളെയും ഹമാസിന്റെ കുറ്റകൃത്യങ്ങളെയും ഞാൻ അസന്ദിഗ്ദ്ധമായും നിരന്തരമായും അപലപിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.
അവ യുദ്ധക്കുറ്റങ്ങളും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളുമാണെന്ന് ഞാൻ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്; ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ അന്താരാഷ്ട്ര നിയമനടപടികളിലൂടെ നീതിപീഠത്തിനു മുന്നിൽ കൊണ്ടുവരണം. യുഎൻ കമ്മീഷൻ ഓഫ് ഇൻക്വയറി രേഖപ്പെടുത്തിയതുപോലെ, ഇസ്രയേൽ ഇരകൾക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങളെ ഞാൻ അപലപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമമനുസരിച്ച്, സംഘർഷാവസ്ഥയിൽ ഉപയോഗിക്കുന്ന ബലാത്സംഗം ഒരു യുദ്ധായുധമാണെന്നും അത് യുദ്ധക്കുറ്റമായും സാഹചര്യങ്ങൾക്കനുസരിച്ച് മാനവികതയ്ക്കെതിരായ കുറ്റകൃത്യമായും കണക്കാക്കാമെന്നും ഞാൻ വിശ്വസിക്കുന്നു.
അന്താരാഷ്ട്ര നീതിപീഠം പ്രവർത്തിക്കുന്നത് വൈകാരികമായ തിരഞ്ഞെടുപ്പുകൾ വഴിയോ രാഷ്ട്രീയ കൃത്രിമത്വങ്ങൾ വഴിയോ അല്ല. അത് വസ്തുതകളുടെ നിയമപരമായ വർഗീകരണം, വ്യക്തിഗത ഉത്തരവാദിത്വങ്ങൾ നിശ്ചയിക്കൽ, വിവേചനമില്ലാതെ എല്ലാവർക്കും നീതിപൂർവമായ നടപടിക്രമങ്ങൾ ഉറപ്പാക്കൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇസ്രയേൽ പൗരർക്കെതിരെ നടന്ന കൂട്ടക്കൊലകളെയും മറ്റു കുറ്റകൃത്യങ്ങളെയും ഞാൻ സംശയിക്കാനാവാത്ത വിധം അപലപിച്ചിട്ടുണ്ടെങ്കിലും, ഈ ആക്രമണങ്ങൾ പ്രാഥമികമായി യഹൂദ വിരോധം (Antisemitism) മൂലമാണ് ഉണ്ടായതെന്ന വ്യാപകമായ വാദത്തെ (പ്രത്യേകിച്ചും ഫ്രാൻസിൽ) ഞാൻ ചോദ്യം ചെയ്തിട്ടുണ്ട്. ഹോളോകോസ്റ്റിനെക്കുറിച്ചും യഹൂദ വിരോധത്തെക്കുറിച്ചും പഠിക്കുന്ന പ്രമുഖ വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, അത്തരമൊരു വായന തെറ്റായതും അപകടകരവുമാണ്. കാരണം അത് അക്രമത്തിന്റെ ഘടനാപരമായ കാരണങ്ങളെ മറച്ചുവെക്കുകയും വിശകലനങ്ങളെ വികൃതമാക്കുകയും ചെയ്യുന്നു .
ആക്രമണം നടത്തിയ ചില വ്യക്തികളിൽ യഹൂദ വിരോധം സ്വാധീനം ചെലുത്തിയിട്ടുണ്ടാകാമെങ്കിലും, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രസ്താവിച്ചതുപോലെ, ഈ കൂട്ടക്കൊലകൾ നടന്നത് 56 വർഷത്തെ ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ്.
ഒരു കുറ്റകൃത്യവും മറ്റൊന്നിനെ ന്യായീകരിക്കുന്നില്ല. എന്നാൽ ഇതിന്റെ പശ്ചാത്തലം അവഗണിക്കുന്നത് വികലമായ വ്യാഖ്യാനങ്ങൾ നിലനിൽക്കാൻ കാരണമാകും; ഇത് പ്രശ്നപരിഹാരത്തിനുപകരം അക്രമത്തിന്റെ തുടർച്ചയ്ക്ക് ആക്കം കൂട്ടുകയും പലസ്തീൻകാരെയും ഇസ്രയേലികളെയും ഒരേപോലെ അപകടത്തിലാക്കുകയും ചെയ്യുന്നു.
ഈ പ്രചാരണങ്ങൾ വെളിപ്പെടുത്തുന്നത് എന്താണെന്ന് നമ്മൾ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്: എന്നെ വ്യക്തിഹത്യ ചെയ്യാൻ ചെലവാക്കുന്ന ഊർജ്ജമുണ്ടല്ലോ അതും, ഗസയിൽ തുടരുന്ന കുറ്റകൃത്യങ്ങൾക്കു നേരെയുള്ള നിശ്ശബ്ദതയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ICC) അറസ്റ്റ് വാറന്റ് നിലവിലുള്ളവർക്കെതിരെയുള്ള നടപടിയില്ലായ്മയും തമ്മിൽ നല്ല വൈരുദ്ധ്യമില്ലേ? “ഐക്യരാഷ്ട്രസഭയെ ഉത്തരവാദിത്വമുള്ളതാക്കുക’ എന്ന വ്യാജേന, മനുഷ്യാവകാശ സംരക്ഷണത്തെ ഒരു പക്ഷപാതപരമായ നിലപാടായി പുനർനിർവചിക്കാനാണ് ഇവിടെ യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നത്.
വിരോധാഭാസം വളരെ വ്യക്തമാണ്. 2025 സെപ്തംബറിൽ ഫ്രാൻസ് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. ഇത് ശക്തമായ ഒരു സൂചനയായും വലിയൊരു മാറ്റമായും വാഴ്ത്തപ്പെട്ടു. എന്നാൽ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാനോ, അധിനിവേശ പ്രദേശങ്ങളിൽ നിന്ന് നിരുപാധികം പിന്മാറണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ICJ) ആവശ്യം അംഗീകരിക്കാനോ അധിനിവേശ ശക്തിക്കുമേൽ സമ്മർദ്ദം ചെലുത്താതെ ഒരു രാഷ്ട്രത്തെ അംഗീകരിക്കുന്നത്, കേവലം ഒരു നയതന്ത്ര പ്രകടനം മാത്രമാണ്; അതൊരിക്കലും നിയമപരമോ രാഷ്ട്രീയമോ ആയ പ്രതിബദ്ധതയല്ല.
ഭൂപ്രദേശമോ പരമാധികാരമോ ഇല്ലാതെ, അധിനിവേശം അവസാനിപ്പിക്കാതെ ഒരു രാഷ്ട്രത്തെ അംഗീകരിക്കുന്നത് ശൂന്യമായ വാചകക്കസർത്ത് മാത്രമാണ്. പ്രത്യേകിച്ച്, ആ രാഷ്ട്രത്തിന്റെ രൂപീകരണം അസാധ്യമാക്കുന്ന നിയമലംഘനങ്ങളെക്കുറിച്ച് കൃത്യമായ രേഖകൾ തയ്യാറാക്കുന്ന വിദഗ്ധരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുമ്പോൾ അത് കൂടുതൽ പ്രകടമാകുന്നു. ഒരാൾക്ക് തിങ്കളാഴ്ച പലസ്തീനെ അംഗീകരിക്കുകയും ആഴ്ചയിലെ ബാക്കി ദിവസങ്ങളിൽ മുഴുവൻ അതിന്റെ സംരക്ഷകരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യാൻ കഴിയില്ല.
ഈ കളിയിൽ പങ്കുചേരുന്ന നേതാക്കൾ എന്നെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല ചെയ്യുന്നത്. അന്താരാഷ്ട്ര നിയമക്രമത്തിന്റെ നിലനിൽപ്പ് അപകടത്തിലായിരിക്കുന്ന ഈ നിമിഷത്തിൽ, അവർ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെയും അവ ഉറപ്പുനൽകുന്ന സ്ഥാപനങ്ങളെയും ബലി കഴിക്കുകയാണ്.
സത്യത്തിൽ നിന്ന് ഓടിപ്പോകാൻ സാധിച്ചേക്കാം, പക്ഷേ അത് മറച്ചുവെക്കുക എന്നത് വളരെ പ്രയാസകരമാണ്. ഗസയിലെ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരുടെയും അവരുടെ കൂട്ടാളികളുടെയും വാതിലിൽ നീതി മുട്ടി വിളിക്കാൻ ഇനി ഏറെ സമയം കാത്തുനിൽക്കേണ്ടി വരില്ല.
ഗാസയുടെ നാശം, മരവിച്ചുപോയെന്ന് തോന്നിപ്പിച്ചിരുന്ന മനഃസാക്ഷികളെ ഉണർത്തുകയും അനേകർ കാണാൻ വിസമ്മതിച്ചത് വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു: അധിനിവേശത്തിന്റെ ക്രൂരത മാത്രമല്ല, അത് നിലനിർത്തുന്നതിൽ നമ്മുടെ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്കുള്ള സജീവ പങ്കാളിത്തവും ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.
കാരണം, ലോകക്രമത്തിൽ ഇസ്രയേൽ ഒരു ഒറ്റപ്പെട്ട സംഭവമല്ല; പല കാര്യങ്ങളിലും അത് ലോകക്രമത്തിനു നേരെ തുറന്നു വെച്ച കണ്ണാടിയാണ്. വിലാപത്തിന് അർഹതയുള്ള ജീവനുകളും, ബലികഴിക്കപ്പെടേണ്ട ജീവനുകളും തമ്മിലുള്ള കൊളോണിയൽ വേർതിരിവുകൾ നമുക്കതിൽ കാണാം. ശിക്ഷാഭയമില്ലായ്മ ഉറപ്പുനൽകുന്ന സുരക്ഷാ വാചകങ്ങളും അതിൽ നമുക്കു കാണാൻ സാധിക്കും.
ഭൂരിഭാഗം പാശ്ചാത്യ ഗവൺമെന്റുകളും ഇസ്രയേലിനെ എതിർക്കാത്തത്, അങ്ങനെ ചെയ്യുന്നത് അവരുടെ സ്വന്തം പ്രതിച്ഛായയെ ത്തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാകും എന്നതിനാലാണ്.
മനുഷ്യാവകാശങ്ങളുടെ മാതൃഭൂമി?
മനുഷ്യാവകാശങ്ങൾ, ഒരു തത്ത്വത്തെ പ്രതിരോധിക്കാനല്ല, മറിച്ച് നിലവിലുള്ള അവസ്ഥയെ (status quo) സംരക്ഷിക്കാനാണ് മുൻനിരയിൽ നിൽക്കുന്നത്; അന്താരാഷ്ട്ര നിയമങ്ങളെ പ്രോത്സാഹിപ്പിക്കാനല്ല, മറിച്ച് അതിന്റെ കാവൽക്കാരെ നിഷ്ക്രിയരാക്കാനാണ് ഇത് ശ്രമിക്കുന്നത്.
എങ്കിലും, മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. സർവകലാശാലാ ക്യാമ്പസുകളിലും, സാമൂഹിക മാധ്യമങ്ങളിലും, തെരുവുകളിലും, കോടതികളിലും ഒരു പ്രസ്ഥാനം ഉയർന്നുവന്നിട്ടുണ്ട്. യഥാർത്ഥ സാമൂഹിക നീതിക്കും, മനുഷ്യാവകാശങ്ങളോടുള്ള ഫലപ്രദമായ ആദരവിനും, കോളനിവാഴ്ചാനന്തര ബഹുപക്ഷവാദത്തിനും (decolonial multilateralism), യാതൊരു വിവേചനവുമില്ലാത്ത തത്ത്വങ്ങളുടെ സാർവത്രികതയ്ക്കും വേണ്ടിയാണ് അത് നിലകൊള്ളുന്നത്.
പാശ്ചാത്യ രാജ്യങ്ങളുടെ സഖ്യകക്ഷിയായ ഒരു രാഷ്ട്രം നടപ്പിലാക്കിക്കൊണ്ടിരിക്കെ ത്തന്നെ, വർണവിവേചനത്തെ തിരസ്കരിക്കുന്ന ഒന്നാണ് ഈ സാർവത്രികത.
അപവാദപ്രചരണങ്ങൾ കൊണ്ട് ഈ പ്രസ്ഥാനത്തെ നിശ്ശബ്ദമാക്കാൻ കഴിയില്ല. ഉപരോധങ്ങൾക്കോ അടിച്ചമർത്തലുകൾക്കോ അതിനെ ഭയപ്പെടുത്താനുമാവില്ല.
പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന കള്ളങ്ങളും വികലമായ വ്യാഖ്യാനങ്ങളും പുറത്തു വരുന്തോറും, അത് കൂടുതൽ വളരുകയും ശക്തിപ്പെടുകയും ചെയ്യുന്നു. l



