Monday, June 8, 2026

ad

Homeവിശകലനംഅപകീർത്തിയുടെ ശരീരശാസ്ത്രം: വിമർശകർക്കുള്ള 
എന്റെ പ്രതികരണം

അപകീർത്തിയുടെ ശരീരശാസ്ത്രം: വിമർശകർക്കുള്ള 
എന്റെ പ്രതികരണം

ഫ്രാൻസിസ്ക അൽബനീസ് (പരിഭാഷ: എ കെ രമേശ്)

(യു എൻ മനുഷ്യാവകാശ കൗൺസിൽ പാലസ്തീനിലേക്ക് നിയോഗിച്ച 
റാപ്പോർട്ടിയറാണ് ഫ്രാൻസിസ്കാ അൽബനീസ. പാലസ്തീനെക്കുറിച്ച് വസ്തുതാപരവും സത്യസന്ധവുമായ 
റിപ്പോർട്ടുകൾ സമർപ്പിച്ചതിന്റെ പേരിൽ വേട്ടയാടപ്പെടുകയാണവർ. നയതന്ത്രപരമായ ഇമ്യൂണിറ്റിയുള്ള അവർക്കെതിരെ 
ഉപരോധമേർപ്പെടുത്തിയിരിക്കുകയാണ് സാമ്രാജ്യത്വ ഭീകര രാഷ്ട്രമായ അമേരിക്ക. അവരുടെ പുതിയ രചനയാണ് Anatomy of a defamation. യു.എന്നിൽ ഉന്നത പദവി വഹിക്കുന്ന ഒരു വനിത നേരിടുന്ന 
വേട്ടയാടലുകളുടെ കഥയാണത്.വീണ്ടും വീണ്ടും വായിക്കുകയും വേണ്ടുംവിധം 
പ്രചരിപ്പിക്കുകയും ചെയ്യേണ്ട ഒരു രേഖയാണിത്).

ശ്രദ്ധാപൂർവം തയ്യാറാക്കപ്പെട്ട വിവാദങ്ങളുടെയും വളർന്നുകൊണ്ടേയിരിക്കുന്ന പകയുടെയും ഇരയാവുക എന്നതായിരുന്നു കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി എനിക്കുള്ള അനുജ്ഞ. ഫെബ്രുവരി 8 ന് ഒരു ഫ്രഞ്ച് പാർലമെന്റംഗം എന്നെ വ്യക്തിപരമായി ആക്രമിച്ചത് എന്റേതെന്ന മട്ടിൽ കെട്ടിച്ചമയ്ക്കപ്പെട്ട പ്രസ്താവനയുടെ പേരിലാണ്. ഇസ്രയേൽ “മാനവരാശിയുടെ പൊതുശത്രുവാണ്’ എന്നാണ് എന്റെ പ്രസ്താവനയെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ എന്റെ പ്രസംഗം ഇസ്രയേലിനെ ആയുധമണിയിച്ച രാജ്യങ്ങളെയും മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളുടെ അൽഗോരിതങ്ങളെയും ഉദ്ദേശിച്ചായിരുന്നു : (1)

എന്റെ പ്രസ്താവനകളിലെ യഥാർത്ഥ ഉള്ളടക്കം എന്തെന്ന് അന്വേഷിക്കാൻ മിനക്കെടാതെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബറോട്ട് ഈ ആക്രമണങ്ങളെ അന്താരാഷ്ട്ര തലത്തിൽ പ്രതിധ്വനിപ്പിക്കുകയായിരുന്നു. “മര്യാദകെട്ടതും നിന്ദ്യവും’ എന്ന് പറഞ്ഞ് ഞാൻ ഒരിക്കലും നടത്തിയിട്ടില്ലാത്ത ഒരു പ്രസ്താവനയുടെ പേരിൽ എന്നെ അധിക്ഷേപിക്കുകയായിരുന്നു.മാത്രവുമല്ല, ഇക്കാര്യം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഫ്രാൻസ് ഉന്നയിച്ച് എന്റെ രാജി ആവശ്യപ്പെടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.

ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയും ജർമ്മൻ വിദേശകാര്യ മന്ത്രിയും ചെക്ക് വിദേശകാര്യ മന്ത്രിയും ഇതേ കാര്യമാണ് ചെയ്തത്. അവരുടെ സ്ഥാനമനുസരിച്ച് അവർ നടത്തേണ്ട വസ്തുതാന്വേഷണം ഒന്നും ചെയ്യാതെ തന്നെ!

ഇതേ ആവശ്യം ഫെബ്രുവരി 19 ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെക്കൊർണ പരസ്യമായി ഉന്നയിക്കുകയും ചെയ്തു.

ഏത് പൊതുപ്രവർത്തനത്തിലും വിമർശനം സഹജമാണെങ്കിലും, മനുഷ്യാവകാശത്തിന്റെ കാര്യമാവുമ്പോൾ അത് കുറേക്കൂടുതലാവുമെങ്കിലും, ഇക്കാര്യത്തിൽ ആകുലപ്പെടുത്തുന്ന ചില വസ്തുതകൾ വെളിപ്പെടുന്നുണ്ട്: ദൂതൻ കൊണ്ടു വരുന്ന സന്ദേശത്തെ ഖണ്ഡിക്കുന്നതിനു പകരം ദൂതനെത്തന്നെ ആക്രമിക്കുന്നതിൽ ചില രാഷ്ട്രങ്ങൾ കാണിക്കുന്ന നൈരന്തര്യമാണത്.

ഐക്യരാഷ്ട്രസഭ നിയോഗിച്ച ഒരു സ്വതന്ത്ര വിദഗ്ധയ്ക്കു നേരെയുള്ള ഈ ആക്രമണങ്ങളുടെ അഭൂതപൂർവവും നശീകരണാത്മകവുമായ സ്വഭാവം അതിലെ ആക്ഷേപങ്ങളിലെ അക്രമാസക്തതയിലും ബോധപൂർവമായ നുണ പ്രയോഗങ്ങളിലും ഒതുങ്ങുന്നില്ല. എല്ലാത്തിനുമുപരിയായി ഈ കപടോപായങ്ങൾക്ക് സർക്കാരുകളുടെ ഉന്നതസ്ഥാനീയർ തന്നെ മേലൊപ്പുവെച്ചു കൊടുക്കുകയാണ്.

അതുകൊണ്ടു തന്നെ അത് ഒരു ലളിതമായ വിവാദമല്ല. പകരം അത് സമാധാന കാലത്ത് നടപ്പാക്കുകയും അതിന്റെ പ്രയോഗം അസുഖകരമാവുന്ന കാലത്ത് വിസ്മരിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ഉടമ്പടികളുടെയും പാവനമായ വാഗ്ദാനങ്ങളുടെയും മേൽ പടുത്തുയർത്തിയ ഒരു വ്യവസ്ഥയുടെ പാപ്പരത്തത്തിന്റെ സൂചനയാണ്. 2022 മെയ് ഒന്നു മുതൽ സ്പെഷൽ റാപ്പോർട്ടിയറായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ നിയമിച്ചതാണെന്നെ. 2028 വരെ ഞാൻ എന്റെ ചുമതലകൾ നിറവേറ്റുകയും ചെയ്യും. ഈ നിയോഗം ലഭിച്ച എട്ടാമത്തെ വ്യക്തിയാണ് ഞാൻ. ആദ്യ വനിതയും. മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള വിവിധ പ്രൊഫഷണൽ ചുമതലകൾ, അതിലേറെയും ഐക്യരാഷ്ട്ര സഭയിൽത്തന്നെ നിർവഹിച്ച ശേഷമാണ്,വിശേഷിച്ചും മനുഷ്യാവകാശങ്ങൾക്കുള്ള ഹൈകമീഷണർ ഓഫീസിലും ജെറുസലേമിലെ പലസ്തീൻ അഭയാർഥികൾക്കു വേണ്ടിയുള്ള യുഎൻ റിലീഫ് ആൻഡ് വർക്സ് ഏജൻസിയിലും പ്രവർത്തിച്ചശേഷമാണ് ഞാനത് ഏറ്റെടുക്കുന്നത്.

ഇസ്രയേലിനോടുള്ള ശ്രദ്ധ വ്യക്തിപരമായി ഞാൻ തെരഞ്ഞെടുത്തതോ എന്റെ പക്ഷപാതിത്വമോ അല്ല. 1993 ഫെബ്രുവരി 19ന് , ഗാസയിലും വെസ്റ്റ് ബാങ്കിലും കിഴക്കൻ ജെറുസലേമിലുമുള്ള അധിനിവേശത്തിന് 30 വർഷമാവുമ്പോൾ മനുഷ്യാവകാശകമ്മീഷൻ പാസ്സാക്കിയ 1993 /2 A പ്രമേയത്തിൽ നിന്നാണ് അതിന്റെ ഉത്ഭവം.

എന്നിൽ ‘നിഷ്പക്ഷതയുടെ കുറവ്’ ആരോപിക്കുന്നത്, ഈ മാൻഡേറ്റിന്റെ ബോധപൂർവമായ വളച്ചൊടിക്കലാണ്. യു എൻ സ്പെഷൽ റാപ്പോർട്ടിയർമാരായ മറ്റു 14 പേരിൽ ഒരാൾക്കെതിരെപോലും ഇത്തരം ആക്രമണങ്ങൾ ഉയരുന്നില്ല. അഫ്ഗാനിസ്താനിലോ റഷ്യയിലോ ഇറാനിലോ നിയുക്തരായ ഒരു റാപ്പോർട്ടിയർക്കുമെതിരെ തങ്ങളുടെ ദൗത്യനിർവഹണത്തിനിടയിൽ ഇങ്ങനെ ആക്ഷേപമുയർന്നിട്ടില്ല. പക്ഷേ ഇസ്രയേലിന്റെ കാര്യം വരുമ്പോൾ, ഒരു സാധാരണ പ്രവർത്തനം പോലും ചിലരുടെ കണ്ണിൽ – (അതിൽ ചില സർക്കാരുകളും പെടും) – നീതീകരിക്കപ്പെടേണ്ടി വരുന്ന തെറ്റാണ്. നിർവഹിക്കപ്പെടേണ്ട ഒരു ചുമതലയല്ലതന്നെ!

അധിനിവേശ പ്രദേശങ്ങളിലെ വസ്തുതകൾ കണ്ടെത്തുകയും അവയെ തരം തിരിക്കുകയും ചെയ്യുന്നതും എന്റെ പണിയിൽ പെടും. അവിടെയാണെങ്കിൽ ഇരട്ടനിയമങ്ങളാണ് നടപ്പിലുള്ളത്.

ഇസ്രയേലി അധിനിവേശക്കാർക്ക് സിവിൽ നിയമമാണ് ബാധകം. പലസ്തീൻകാർക്ക്, കുട്ടികളടക്കം സൈനിക നിയമവും.

ഇസ്രയേലിൽ മാത്രമാണ് കുഞ്ഞുങ്ങളെ സൈനികക്കോടതികളിൽ ചിട്ടയായി വിചാരണചെയ്യുന്ന ഒരു നടപ്പുള്ളത്. ഈ സമ്പ്രദായത്തെ പട്ടാള ഏകാധിപത്യത്തിന്റെ രൂപത്തിൽ പലസ്തീൻകാർക്കെതിരെ നടത്തുന്ന അപാർത്തീഡ് എന്ന് വിശേഷിപ്പിക്കുന്നത് ഒരു പ്രകോപനമല്ല, മറിച്ച് ഒരു നിയമപപരമായ വിശദീകരണം മാത്രമാണ്.

2022-23 കാലത്ത് ഞാൻ ഐക്യരാഷ്ട്ര സഭയ്ക്ക് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടുകളിൽ പാലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശം ചിട്ടയോടെ തടയുന്നതിനെക്കുറിച്ചും അവരുടെ സ്വാതന്ത്ര്യം ഏകപക്ഷീയമായി നിഷേധിക്കുന്നതിനെക്കുറിച്ചും അധിനിവേശം കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന ഘടനാപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും എടുത്തു പറഞ്ഞിരുന്നു. (2)

തുറന്ന ജയിൽ
​ഒരു ജനത എന്ന നിലയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശവും സ്വന്തം രാഷ്ട്രീയ നില തീരുമാനിക്കാനുള്ള അധികാരവും നിലനിർത്താനും, സ്വന്തം വിഭവങ്ങൾ കൈകാര്യം ചെയ്യുക, സ്വന്തം ഭാവി രൂപപ്പെടുത്തുക, മറ്റെല്ലാ അവകാശങ്ങളും വിനിയോഗിക്കുക എന്നിവ നിറവേറ്റപ്പെടാനും ‘സ്വയംനിർണയാധികാരം’ (Self-determination) ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഇത് നിഷേധിക്കുക എന്നത് ഏത് കൊളോണിയൽ അധിനിവേശ പദ്ധതിയുടെയും അടിസ്ഥാനമാണ്.

​പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഭൂമിശാസ്ത്രപരമായ ശകലീകരണം, കുടിയേറ്റ കേന്ദ്രങ്ങളുടെ (Settlements) വ്യാപനം, സഞ്ചാരസ്വാതന്ത്ര്യം, തൊഴിൽ, വിദ്യാഭ്യാസം, നീതി എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ, ഭൂമി പിടിച്ചെടുക്കൽ, പതിനായിരക്കണക്കിന് വീടുകൾ തകർക്കൽ, ഗാസയെ ഒറ്റപ്പെടുത്തൽ എന്നിവയും 2008-നും 2022-നും ഇടയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഏകദേശം 1,200 കുട്ടികൾ ഉൾപ്പെടെയുള്ള 6,000-ത്തോളം മരണങ്ങളുമെല്ലാം സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഒരു ജീവിതത്തിനുള്ള അവസരത്തെ അങ്ങേയറ്റം അസാധ്യമാക്കിയിരിക്കുന്നു.

​അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലുടനീളം, ദൈനംദിന ജീവിതത്തിന്റെ എല്ലാ തലങ്ങളെയും നിയന്ത്രിക്കുന്ന രീതിയിലുള്ള വിവിധ തീവ്രതയിലുള്ള ഒരു തടവറ സംവിധാനമാണ് ഇസ്രയേൽ സ്ഥാപിച്ചിരിക്കുന്നത്. ചെക്ക് പോസ്റ്റുകൾ, മതിലുകൾ, അടിച്ചമർത്തുന്ന ബ്യൂറോക്രാറ്റിക് ശൃംഖലകൾ എന്നിവയാൽ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെട്ടും, നിരന്തരമായ നിരീക്ഷണത്തിലുമാണ് പലസ്തീൻകാർ കഴിയുന്നത്. ഏകപക്ഷീയമായ അറസ്റ്റുകൾ, തടങ്കലുകൾ, പീഡനങ്ങൾ, ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റങ്ങൾ എന്നിവയ്ക്ക് എപ്പോഴും വിധേയരായിക്കൊണ്ടിരിക്കുന്ന പലസ്തീനികൾ, ഒരു ‘തുറന്ന ജയിലിന്’ (Panopticon) സമാനമായ സാഹചര്യത്തിലാണ് ജീവിക്കുന്നത് (3).

​2023 ഒക്ടോബർ 7 ലെ ആക്രമണത്തിന് തൊട്ടുമുമ്പ് പൂർത്തിയാക്കി, അതിനു പിന്നാലെ സമർപ്പിച്ച, പലസ്തീനിലെ കുട്ടിക്കാലത്തെക്കുറിച്ചുള്ള എന്റെ റിപ്പോർട്ട് ഏറ്റവും ശക്തമായതും എന്നാൽ വേണ്ടത്ര ചർച്ചചെയ്യപ്പെടാത്തതുമാണ്. സംരക്ഷണവും നിഷ്കളങ്കതയും നിഷേധിക്കപ്പെട്ട, കടുത്ത അക്രമങ്ങൾക്കിടയിൽ വളരുന്ന കുട്ടികളുടെ ദൈനംദിന ജീവിതത്തെ വിവരിക്കാൻ ഇസ്രയേൽ – -പലസ്തീൻ അക്കാദമിക് വിദഗ്ധ നദീറ ഷൽഹൂബ്-കെവർക്കിയൻ (4) രൂപപ്പെടുത്തിയ “ചൈൽഡ് അൺചൈൽഡിങ് ” (Child unchilding – – ശൈശവം ഇല്ലാതാക്കൽ) എന്ന പ്രക്രിയയെക്കുറിച്ച് അത് പ്രതിപാദിക്കുന്നു. കൊല്ലപ്പെടുകയോ അംഗഭംഗം സംഭവിക്കുകയോ അനാഥരാക്കപ്പെടുകയോ ചെയ്യുന്ന ഈ കുട്ടികൾക്ക് പ്രിയപ്പെട്ടവരുടെ മരണത്തിനോ നിത്യമായ അപമാനത്തിനോ വീടുകളുടെ നാശത്തിനോ സാക്ഷികളാകേണ്ടി വരുന്നു. അവരുടെ നിരാശയെ അവഗണിക്കുന്നത് നമ്മുടെ മാനുഷികതയുടെ ഒരു ഭാഗം ഉപേക്ഷിക്കുന്നതിനും അന്താരാഷ്ട്ര നിയമത്തിന്റെ ഏറ്റവും പവിത്രമായ കടമയായ ശൈശവത്തെ സംരക്ഷിക്കുക എന്നതിനെ ലംഘിക്കുന്നതിനും തുല്യമാണ്.

​2024 മാർച്ചിലെ എന്റെ റിപ്പോർട്ടും ഇതേ സമീപനമാണ് പിന്തുടരുന്നത്; അത് ഒരു സംഘടിത സംവിധാനം ഇരകളാക്കിയവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “അനാട്ടമി ഓഫ് എ ജെനോസൈഡ്’ (Anatomy of a Genocide) (5) എന്ന് പേരിട്ടിരിക്കുന്ന ഈ റിപ്പോർട്ട്, 2023 ഒക്ടോബർ 7-ലെ ഹമാസിന്റെ കൂട്ടക്കൊലകൾക്കുശേഷം ഗസയിൽ ഇസ്രയേൽ നടത്തിയ ആദ്യ അഞ്ചുമാസത്തെ ആക്രമണങ്ങളെ രേഖപ്പെടുത്തുന്നു. ഭരണകൂട ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതമായ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ നടന്ന കൊലപാതകങ്ങൾ, കടുത്ത ശാരീരിക-മാനസിക ആഘാതങ്ങൾ, ഒരു ജനതയെ ഒന്നടങ്കം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജീവിതസാഹചര്യങ്ങളിലേക്ക് അവരെ തള്ളിവിടൽ എന്നിവ ഇതിൽ വിവരിക്കുന്നു.

​ഈ കാലയളവിൽ, ഇസ്രയേൽ തങ്ങളുടെ പ്രവർത്തനങ്ങളെ “മാനവികതയുടെ മൂടുപടം’ (Humanitarian camouflage) അണിയിച്ച് മറച്ചുപിടിക്കാൻ ശ്രമിച്ചു. ഗാസയുടെ അസ്തിത്വത്തെയും സ്വത്വത്തെയും ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നതിനും, ഒരു സമൂഹമായി നിലനിൽക്കാനും സ്വന്തം മണ്ണിൽ ജീവിക്കാനും തങ്ങളുടെ സ്മരണകൾ കൈമാറാനുമുള്ള പലസ്തീൻകാരുടെ കഴിവിനെ അടിച്ചമർത്തുന്നതിനും വേണ്ടി “സംഘർഷം”, “അപ്രതീക്ഷിത നാശനഷ്ടങ്ങൾ” (Collateral damage), “സുരക്ഷിത മേഖലകൾ”, “ഒഴിപ്പിക്കൽ ഉത്തരവുകൾ” തുടങ്ങിയ ആശ്വാസകരമായ ഭാഷാപ്രയോഗങ്ങൾ അവർ ഉപയോഗിച്ചു.

എന്റെ അടുത്ത റിപ്പോർട്ടായ “വംശഹത്യയിലൂടെയുള്ള കോളനിവൽക്കരണ ഉന്മൂലനം (6) എന്നതി-ൽ, വംശീയ ഉന്മൂലനത്തിലൂടെ ഈ വംശഹത്യ വെസ്റ്റ്ബാങ്കിലേക്കും കിഴക്കൻ ജറുസലേമിലേക്കും എങ്ങനെ വ്യാപിക്കുന്നു എന്ന് ഞാൻ വിവരിച്ചിട്ടുണ്ട്. ഇതെല്ലാം ഒരു അധിനിവേശ കോളനിവൽക്കരണ പദ്ധതിയുടെ സ്വാഭാവികമായ അനന്തരഫലമാണ്: മറ്റൊന്നിനെ പ്രതിഷ്ഠിക്കാൻ നിലവിലുള്ളതിനെ മായ്ച്ചുകളയുക, പിടിച്ചെടുക്കാൻ വേണ്ടി നശിപ്പിക്കുക.

ഈ നിഗമനങ്ങളിലെത്തിയ ഏക വ്യക്തി ഞാനല്ല. 2024 ജനുവരിയിൽ തന്നെ, വംശഹത്യ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള കൺവെൻഷന്റെ ലംഘനത്തിന് വ്യക്തമായ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) കണ്ടെത്തുകയും താൽക്കാലിക നടപടികൾക്ക് ഉത്തരവിടുകയും ചെയ്തു. 2024 ജൂലൈയിൽ, അധിനിവേശ പലസ്തീൻ മണ്ണിലെ ഇസ്രയേലിന്റെ സാന്നിധ്യം നിയമവിരുദ്ധമാണെന്ന് കോടതി വിധിക്കുകയും അത് ഉടനടി നിബന്ധനകളില്ലാതെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, വ്യവസ്ഥാപിതമായ വിവേചനം, വംശീയ വേർതിരിവ്, വർണവിവേചനം (apartheid) എന്നിവയുടെ ലംഘനം, പിടിച്ചെടുക്കൽ നയങ്ങൾ എന്നിവയുടെ തെളിവുകളും കോടതി കണ്ടെത്തി.

​പലസ്തീന്റെ അവശേഷിക്കുന്ന ചെറിയ ഭൂപ്രദേശത്ത് ഇസ്രയേൽ അവിടുത്തെ ജനതയ്‌ക്കെതിരെ വംശഹത്യ നടത്തുകയാണെന്ന് എണ്ണമറ്റ സ്ഥാപനങ്ങളും സംഘടനകളും നിഗമനത്തിലെത്തിയിട്ടുണ്ട്.

ഇസ്രയേലി ചരിത്രകാരനായ റാസ് സെഗൽ 2023 ഒക്ടോബറിൽ തന്നെ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 2024-ൽ, ഹോളോകോസ്റ്റ് വിഷയത്തിൽ വൈദഗ്ധ്യമുള്ള ഇസ്രയേലി ചരിത്രകാരന്മാരായ അമോസ് ഗോൾഡ്ബെർഗ്, ഒമർ ബാർട്ടോവ് എന്നിവരും തങ്ങളുടെ രാജ്യം വംശഹത്യ നടത്തുകയാണെന്ന് വിശ്വസിച്ചു (7).

​ഏതാനും മാസങ്ങൾക്കുശേഷം ആംനസ്റ്റി ഇന്റർനാഷണലും ഇതേ നിഗമനത്തിലെത്തി. 2025 ജൂലൈയിൽ (8) ഇസ്രായേലി സംഘടനയായ ബിസെലെം (B’Tselem) ഇതിനെക്കുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഹീബ്രു ഭാഷയിൽ ചിന്തിക്കുമ്പോൾ കൂടുതൽ ഞെട്ടിപ്പിക്കുന്നതായിരുന്നു അതിന്റെ ശീർഷകം: ‘നമ്മുടെ വംശഹത്യ’ (9).

ഒടുവിൽ, മറ്റു പലരോടുമൊപ്പം 2025 സെപ്തംബറിൽ, ഐക്യരാഷ്ട്രസഭയുടെ മാൻഡേറ്റുള്ള അന്താരാഷ്ട്ര സ്വതന്ത്ര അന്വേഷണ കമ്മീഷനും ഗാസയിൽ വംശഹത്യ നടക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചു (10).

നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് സൂക്ഷ്മമായ രേഖകൾ ലഭ്യമായിട്ടും, ഈ റിപ്പോർട്ടുകൾക്കൊന്നും പാശ്ചാത്യ മാധ്യമങ്ങളിൽ നിന്നോ സർക്കാരുകളിൽ നിന്നോ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. ഔദ്യോഗികമായ ഒരു കോടതി വിധി ഇല്ലാത്ത സാഹചര്യത്തിൽ, വസ്തുതാന്വേഷണത്തിന്റെയും നിയമപരമായ വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ ഒരു കോടതി വിധിക്ക് തുല്യമായി പരിഗണിക്കാവുന്ന ഒന്നാണ് ഈ അന്വേഷണ കമ്മീഷന്റെ നിഗമനം.

എന്തായാലും, വംശഹത്യയുടെ ഗുരുതരമായ സാഹചര്യം തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ അത് തടയാനുള്ള ബാധ്യത രാഷ്ട്രങ്ങൾക്കുണ്ട്. 2024 ജനുവരിയിൽ ഗാസയിൽ ഇത്തരമൊരു ഭീഷണി ഉണ്ടെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി തിരിച്ചറിഞ്ഞപ്പോൾ തന്നെ, ആയുധ കൈമാറ്റം നിർത്തിവെച്ചുകൊണ്ട് രാഷ്ട്രങ്ങൾ നടപടി എടുക്കേണ്ടതായിരുന്നു.

ചില കമ്പനികളുടെ ഒത്താശയെക്കുറിച്ച് 2025 ജൂലൈയിൽ പ്രസിദ്ധീകരിച്ച എന്റെ വിശകലനം ഏറ്റവും രൂക്ഷമായ പ്രതികരണങ്ങളാണ് ഉളവാക്കിയത്. അതിൽ, മുൻ റിപ്പോർട്ടുകളിൽ വിവരിച്ച യാഥാർത്ഥ്യങ്ങളെ തങ്ങളുടെ നിക്ഷേപങ്ങൾ, സാങ്കേതികവിദ്യകൾ, സേവനങ്ങൾ, വിതരണ ശൃംഖലകൾ എന്നിവയിലൂടെ ഭൗതികമായി നിലനിർത്തുന്ന സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ശൃംഖലയെ “വംശഹത്യാ സമ്പദ്‌വ്യവസ്ഥ (11)” എന്ന് ഞാൻ വിശേഷിപ്പിച്ചു.

​ഇത്തരത്തിലുള്ള പങ്കാളിത്തം ഉത്തരവാദിത്വം അനിവാര്യമാക്കുന്നു. വംശഹത്യ അവസാനിപ്പിക്കുക എന്നതിനർത്ഥം അതിനെ സാധ്യമാക്കുകയും ലാഭകരമാക്കുകയും ചെയ്യുന്ന സാമ്പത്തിക ഘടനകളെ തകർക്കുക എന്ന് കൂടിയാണ്.

​ഈ റിപ്പോർട്ടിനെത്തുടർന്ന്, 2025 ആഗസ്ത് മുതൽ അമേരിക്ക എനിക്കുമേൽ അതികഠിനമായ ഉപരോധങ്ങൾ ഏർപ്പെടുത്തി. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ICC) ജഡ്ജിമാർക്കും വിവിധ പലസ്തീൻ സംഘടനകൾക്കും എതിരെ നേരത്തെ പ്രയോഗിച്ചിരുന്ന അതേ രീതിയാണിത്.

​ഞാൻ ഇപ്പോൾ ലോകത്തിൽ നിന്ന് സാമ്പത്തികമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. അമേരിക്കൻ പൗരത്വമുള്ള മകളുടെ അമ്മയായ എന്നോടോ എന്റെ കുടുംബാംഗങ്ങളോടോ ബന്ധം പുലർത്തുന്ന ആർക്കും പത്ത് ലക്ഷം ഡോളർ പിഴയും ഇരുപത് വർഷം തടവും അനുഭവിക്കേണ്ടി വരും. എന്റെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കാനുള്ള കഴിവും സാധാരണ ജീവിതം നയിക്കാനുള്ള അവകാശവും ക്രൂരമായി തടസ്സപ്പെട്ടിരിക്കുന്നു.

​എന്റെ സ്വന്തം രാജ്യമായ ഇറ്റലിയുടെ പിന്തുണയോടെയാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്ന് വ്യക്തമായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലും ഞാൻ എന്റെ ദൗത്യം തുടർന്നു. എന്റെ ഏറ്റവും പുതിയ റിപ്പോർട്ട് ഗാസയിലെ വംശഹത്യയെ ഒരു “കൂട്ടുക്കുറ്റം (12)’ എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം, ഇപ്പോൾ എന്നെ ഏറ്റവും ക്രൂരമായി ആക്രമിക്കുന്ന രാജ്യങ്ങൾ ഉൾപ്പെടെയുള്ള പല രാഷ്ട്രങ്ങളുടെയും അചഞ്ചലമായ രാഷ്ട്രീയ-–സൈനിക പിന്തുണയിലൂടെയാണ് ഇത് സാധ്യമായതും ധനസഹായം ലഭിച്ചതും.

ഇസ്രയേലിന് ആയുധം നൽകുന്നതിൽ ഇന്നും ഏറ്റവും മുന്നിൽ നിൽക്കുന്നത് അമേരിക്കയാണ്. അതേസമയം യൂറോപ്യൻ യൂണിയനിലെ പല അംഗരാജ്യങ്ങളും ഈ ആയുധക്കൈമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു; ടെൽ അവീവിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യൂറോപ്യൻ യൂണിയൻ തുടരുകയും ചെയ്യുന്നു.

​സ്പെയിൻ അല്ലെങ്കിൽ സ്ലോവേനിയ പോലുള്ള ചില അപവാദങ്ങളൊഴിച്ചാൽ, പഴയ ഭൂഖണ്ഡത്തിലെ (യൂറോപ്പ്) ഭൂരിഭാഗം രാജ്യങ്ങളും നിഷ്ക്രിയത്വമോ അല്ലെങ്കിൽ ഒത്താശയോ ആണ് തിരഞ്ഞെടുത്തത്.

​ഉദാഹരണത്തിന്, ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഐ.സി.സി (ICC) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും, തന്റെ വ്യോമപരിധിയിലൂടെ പറക്കാൻ ഫ്രാൻസ് ആവർത്തിച്ച് അനുമതി നൽകി. സൈനിക ഉപകരണങ്ങളുടെ വ്യാപാരം തുടരുകയും, തങ്ങളുടെ തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും ചരക്കുനീക്കം സുഗമമാക്കുകയും, ഇസ്രയേലുമായി തീവ്രമായ വാണിജ്യ ബന്ധം നിലനിർത്തുകയും ചെയ്തു.

​പ്രധാന ഫ്രഞ്ച് ബാങ്കുകൾ ഇസ്രയേൽ സൈനിക വ്യവസായവുമായും സെറ്റിൽമെന്റുകളുമായും ബന്ധപ്പെട്ട കമ്പനികൾക്ക് ധനസഹായം നൽകുന്നു. കൂടാതെ അയ്യായിരത്തോളം ഫ്രഞ്ച്-ഇസ്രയേൽ ഇരട്ട പൗരത്വമുള്ളവർ ഇസ്രയേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നുമുണ്ട്.

ഐക്യദാർഢ്യത്തെ ക്രിമിനൽ 
കുറ്റമാക്കുന്നു
​അതേസമയം തന്നെ, പ്രതിഷേധങ്ങൾക്കു നേരെയുള്ള അടിച്ചമർത്തലുകൾ ശക്തമാവുകയാണ്: പ്രകടനങ്ങൾ നിരോധിക്കപ്പെടുന്നു, അക്കാദമിക് കോൺഫറൻസുകൾ സെൻസർ ചെയ്യപ്പെടുന്നു, സന്നദ്ധപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും മേൽ “ഭീകരവാദത്തെ ന്യായീകരിക്കുന്നു’ (apology for terrorism) എന്ന കുറ്റം ചുമത്തപ്പെടുന്നു, കൂടാതെ പൊലീസിന്റെ ഇടപെടലുകൾ അക്രമാസക്തവുമാണ്.

​യഹൂദവിരുദ്ധതയ്‌ക്കെതിരെയുള്ള (antisemitism) നിയമപരമായ പോരാട്ടം എന്ന വ്യാജേന ജർമനി, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഈ അടിച്ചമർത്തലിന് നേതൃത്വം നൽകുന്നു.

യഹൂദവിരുദ്ധതയ്ക്കും എല്ലാത്തരം വംശീയതയ്ക്കും എതിരെയുള്ള അനിവാര്യമായ പോരാട്ടത്തെ, ഇസ്രയേൽ എന്ന രാഷ്ട്രത്തിനെതിരെയുള്ള ഏതൊരു വിമർശനത്തെയും നിരോധിക്കുന്നതുമായി കൂട്ടിച്ചേർക്കാനാണ് നിർദ്ദിഷ്ട നിയമങ്ങൾ ശ്രമിക്കുന്നത്. സ്വയം വ്യക്തമെന്നോണം അവതരിപ്പിക്കപ്പെടുന്ന, നമ്മുടെ യഹൂദ സഹോദരങ്ങളെ ഇസ്രയേൽ നയങ്ങളുമായി തുലനം ചെയ്യുന്ന ഈ രീതി ഒരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്: പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ പ്രകടനങ്ങളെ ക്രിമിനൽ കുറ്റമാക്കാനും അപകീർത്തിപ്പെടുത്തൽ പ്രചാരണങ്ങളെ ന്യായീകരിക്കാനും യഹൂദവിരുദ്ധതയ്‌ക്കെതിരെയുള്ള പോരാട്ടത്തെ ആയുധമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഭീകരവും വിദ്വേഷം നിറഞ്ഞതുമായ യഹൂദവിരുദ്ധത എന്നത് യഹൂദരോടുള്ള വെറുപ്പാണ്: ഒരു രാഷ്ട്രത്തിന്റെ പ്രവർത്തനങ്ങളെ വിശകലനം ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ ജോലിയുമായി ഇതിന് യാതൊരു ബന്ധവുമില്ല.

അന്താരാഷ്ട്ര നിയമസംവിധാനം മുഴുവൻ നിലകൊള്ളുന്നത് ‘രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം’ (state responsibility) എന്ന തത്ത്വത്തിന്മേലാണ്. രാഷ്ട്രങ്ങൾ നിയമപരമായ ബാധ്യതകൾ ഏറ്റെടുക്കുന്നു, അവരുടെ നിയമലംഘനങ്ങൾക്ക് പ്രാഥമികമായി അവർ മറുപടി പറയേണ്ടതുണ്ട്. ഇസ്രയേൽ ഇതിനൊരപവാദമല്ല: ഇസ്രയേൽ രാഷ്ട്രത്തിനെതിരെയുള്ള വിമർശനം ആ രാജ്യം എന്താണെന്നോ അല്ലെങ്കിൽ അത് വിശ്വസിക്കുന്ന മതത്തെയോ ലക്ഷ്യംവെച്ചുള്ളതല്ല, മറിച്ച് അന്താരാഷ്ട്ര നിയമങ്ങളെ ആവർത്തിച്ചും ഗൗരവതരമായും ലംഘിച്ചുകൊണ്ടുള്ള ആ രാഷ്ട്രത്തിന്റെ നടപടികളെക്കുറിച്ചാണ്.

​ഇവിടെ ഉയരുന്ന ചോദ്യം പ്രത്യയശാസ്ത്രപരമല്ല, മറിച്ച് നിയമപരമാണ്: ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതിലൂടെ ഫ്രാൻസ് അതിന്റെ അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കുന്നുണ്ടോ? സ്പെഷ്യൽ റാപ്പോർട്ടിയർ (Special Rapporteur) എന്ന നിലയിലുള്ള എന്റെ സേവനകാലം മൗലികമായ ഒരു കാര്യം എന്നെ പഠിപ്പിച്ചു: അധികാരം ചോദ്യം ചെയ്യപ്പെടുമ്പോൾ, അത് സംവാദത്തിനല്ല, മറിച്ച് ആക്രമണത്തിനാണ് മുതിരുന്നത്. നിശ്ശബ്ദമാക്കാൻ വേണ്ടി ഭയപ്പെടുത്തുക, അപകീർത്തിപ്പെടുത്തി വിശ്വാസ്യത തകർക്കുക; അക്രമം വെളിപ്പെടുത്തുന്നത് പരിഭ്രമത്തെയാണ്, കരുത്തിനെയല്ല.

​എന്റെ മുൻഗാമികളായ ജോൺ ഡുഗാർഡ്, റിച്ചാർഡ് ഫാക്ക്, മൈക്കൽ ലിങ്ക് എന്നിവരുടെ പാതയാണ് ഞാനും പിന്തുടരുന്നത്. അവരും യഹൂദവിരുദ്ധതയുടെയോ ഭീകരവാദത്തോടുള്ള ഒത്താശയുടെയോ പേരിൽ ആരോപണങ്ങൾ നേരിട്ടവരാണ്. അവർക്കെതിരെയും വസ്തുതകൾക്ക് പകരം വിവാദങ്ങളും, നിയമപരമായ വിശകലനങ്ങൾക്ക് പകരം വ്യക്തിപരമായ അധിക്ഷേപങ്ങളും ഉപയോഗിക്കുന്ന തന്ത്രം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ സംവിധാനം ഇപ്പോൾ നന്നായി സ്ഥാപിതമായിക്കഴിഞ്ഞു.

​ജനീവ ആസ്ഥാനമായുള്ള യുഎൻ വാച്ചിന്റെ (UN Watch) നേതൃത്വത്തിലുള്ള ഇസ്രയേൽ അനുകൂല ഗ്രൂപ്പുകൾ, അന്താരാഷ്ട്ര നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നവർക്കെതിരെ, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയ്ക്കുള്ളിലുള്ളവർക്കെതിരെ വർഷങ്ങളായി അപകീർത്തികരമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നു. “ഇസ്രയേലിനോടുള്ള വിവേചനപരമായ സമീപനം’ തടയുന്നു എന്ന വ്യാജേന, ഈ ഗ്രൂപ്പുകൾ പ്രസ്താവനകളെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി അവ വികലമാക്കുകയും, അത് സത്യമെന്ന് തോന്നുന്നതുവരെ ആ തെറ്റായ വിവരങ്ങൾ ആവർത്തിച്ചു പ്രചരിപ്പിക്കുകയും ചെയ്യുന്നു. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + four =

Most Popular