ആദരപൂർവ്വം രാഷ്ട്രശില്പിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പുരോഗമനപരമായ ആശയങ്ങൾ വിഷലിപ്തമായ വിമർശനത്തിനും വളച്ചൊടിക്കലിനും ഹിന്ദുത്വവാദികൾ വിധേയമാക്കിക്കൊണ്ടിരിക്കുകയാണല്ലോ. ഭരണഘടനാ മൂല്യങ്ങളെ തകർക്കുകയും മനുസ്മൃതിയുടെ പുനഃസ്ഥാപനം നടത്തുകയും വേണമെന്നാഗ്രഹിക്കുന്ന ബിജെപി ഭരണകൂടം നെഹ്‌റുവിന്റെ രാഷ്ട്രീയ ഔന്നത്യം തകർക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. ഇന്ത്യാ വിഭജനത്തിനും കാശ്മീർ പ്രശ്നത്തിനും അവർ നെഹ്‌റുവിനെ പഴിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിസ്തുലവും മഹത്വവുമായ മതനിരപേക്ഷതയുടെ പേരിലും നെഹ്‌റു വിമർശിക്കപ്പെടുന്നു. അദ്ദേഹത്തിന്റേത് കപട മതേതരത്വമാണു പോലും! സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടന്റെ പാദസേവ ചെയ്തവരുടെ പിന്മുറക്കാർ സ്വാതന്ത്ര്യാനന്തര രാഷ്ട്രനിർമിതിയിലെ കുറവുകളുടെ പേരിലും നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നു! എന്തൊരു വിരോധാഭാസം! വാസ്തവത്തിൽ, മതരാഷ്ട്രമായി ഇന്ത്യയെ മാറ്റിയില്ലെന്നതാണ് നെഹ്‌റുവിന്റെ ഏറ്റവും വലിയ നേട്ടവും മഹത്വവും.
എന്നാൽ, നെഹ്‌റുവിനെ തകർക്കാൻ ശ്രമിക്കുന്നത് ആട്ടിൻതോലിട്ട മൃദുഹിന്ദുത്വവാദികളായ കോൺഗ്രസുകാർ കൂടിയാണ്. നെഹ്‌റുവിയൻ ലെഫ്റ്റിസ്റ്റുകളായാണ് അവർ രാഷ്ട്രീയ പകിട കളിക്കുന്നത്. സ്വതന്ത്ര്യാനന്തരം നെഹ്റുവിന്റെ മൂല്യങ്ങൾ പിന്തുടരാൻ പല കോൺഗ്രസുകാർക്കും കഴിഞ്ഞില്ല. അവർ “ഇത്തിരി വട്ടം കാണുകയും ഇത്തിരിവട്ടം ചിന്തിക്കുകയും’ ചെയ്തു. അധികാരത്തിനും സമ്പത്തിനുംവേണ്ടി നെഹ്‌റൂവിയൻ പൈതൃകം അവർ കളഞ്ഞുകുളിച്ചു. ബാബ്റി മസ്ജിദ് തകർക്കാൻ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് നരസിംഹറാവു ബിജെപിക്ക് വഴിയൊരുക്കി. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പണവും വെള്ളിക്കട്ടികളും സംഭാവനയായി കോൺഗ്രസ് നേതാക്കൾ നൽകി. ആഗോളവത്കരണ നയങ്ങളിലൂടെ മൻമോഹൻ സിങ് നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് സ്വപ്നങ്ങളെ കുഴിച്ചുമൂടി. കേന്ദ്രഭരണം ബി ജെ പി ക്ക് ലഭിച്ചതോടെ കോൺഗ്രസ് മുങ്ങുന്ന കപ്പലായി മാറി. 170-ലധികം എംഎൽഎമാരും എംപിമാരും 2014-നുശേഷം കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്നെന്നാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട്. ശിഷ്ടർ ബി ജെ പി യിൽ ചേരാൻ തക്കസമയം കാത്തിരിക്കുന്നു!
ബിജെപിക്കാരിൽ നിന്നും വ്യത്യസ്തമായി നെഹ്‌റൂയിസത്തിന്റെ അന്തഃസത്തയെ കോൺഗ്രസ് സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ നശിപ്പിക്കുന്നവരാണ് നെഹ്‌റൂവിയൻ ലെഫ്റ്റിസ്റ്റുകളായി വേഷം കെട്ടുന്നവർ.
ഹിന്ദുത്വവാദികൾ, മുസ്ലീം ലീഗുകാർ, ജമാഅത്തെ ഇസ്ലാമികൾ, ജാതിസമുദായ സംഘടനകൾ തുടങ്ങിയവരെല്ലാമായും ധാരണകളുണ്ടാക്കി അധികാരത്തിലെത്താൻ മടിക്കാത്ത സതീശാദികൾ എങ്ങനെ നെഹ്‌റൂവിയൻ ഇടതുപക്ഷമാകും? നെഹ്‌റു അടിമുടി ഫാസിസ്റ്റ്-വിരോധിയായിരുന്നു. ഹിറ്റ്ലറ്റടെയും മുസോളിനിയുടെയും ആരാധകനും ഗാന്ധിവധക്കേസിൽ പ്രതിയുമായിരുന്ന സവർക്കറെ നെഹ്‌റു എന്നും അകറ്റിനിർത്തി. സവർക്കർക്ക് 1963 ൽ ഭാരതരത്‌നം നൽകാനുളള ശുപാർശ നെഹ്റു തള്ളിക്കളഞ്ഞു. സവർക്കറുടെ ചിത്രത്തിനു മുമ്പിൽ താണുവണങ്ങാൻ തയ്യാറാകുന്ന വി ഡി സതീശന് എങ്ങനെ നെഹ്റൂവിയൻ ലെഫ്റ്റാകാൻ സാധിക്കും! ക്ഷേത്രങ്ങളിൽ കുളിച്ചുതൊഴുതും തുലാഭാരം നടത്തിയും ഭരണം നടത്താമെന്ന് കരുതുന്ന സതീശന് എന്ത് നെഹ്‌റൂവിയൻ ശാസ്ത്രബോധം? കൃത്യമായ ജനാധിപത്യബോധം ജാത്യാഭിമാനത്തിന് ഇടം നൽകുന്നതല്ല. എന്നാൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഒഴിവാക്കാമായിരുന്ന ജാതിവാൽ സൂചകം ചുഴറ്റിക്കൊണ്ട് സ്വന്തം ജാതിസ്വത്വം സതീശൻ വിളംബരം ചെയ്തു. ഫ്യൂഡലിസത്തിലെ ശ്രേണീപരമായ (hierarchical) ജാതി മേധാവിത്വത്തെയും സമാന്തരമായ അസ്പൃശ്യതയെയും സമ്പൂർണമായി നിരാകരിച്ചു മാത്രമേ ഒരാൾക്ക് നെഹ്‌റുവിയൻ ലെഫ്റ്റിസ്റ്റ് എന്ന് അവകാശപ്പെടാനാകൂ. ജനാധിപത്യം ഫ്യൂഡലിസത്തിന്റെ സമ്പൂർണ നിരാകരണമാണ്. അതിനാൽ ജാതിവാദികൾക്കൊരിക്കലും ശരിയായ ജനാധിപത്യ കർമയോഗികൾ ആകാനാവില്ല; സതീശനും. അതുപോലെ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം നയമായി മാറ്റിയ സതീശനെങ്ങനെ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റാകാനാകും?
പ്രധാനമന്ത്രിയായശേഷം നെഹ്‌റു ഭരണ നടപടികളിലൂടെ ഇന്ത്യയുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഏകീകരണത്തിനു നേതൃത്വം നൽകി. ജനാധിപത്യം, സോഷ്യലിസം, സാഹോദര്യം, മതനിരപേക്ഷത, ശാസ്ത്രീയ മനോഭാവം എന്നീ രാഷ്ട്രീയ ആശയങ്ങളെ ഇന്ത്യൻ സമൂഹത്തിന്റെ മൂല്യാധിഷ്ഠിത ആധുനീകരണത്തിന്റെ അടിത്തറയാക്കാനും അദ്ദേഹം ശ്രമിച്ചു.
ജയിൽവാസ കാലത്ത് അദ്ദേഹമെഴുതിയ ‘ആത്മകഥ’ യും(1936) ‘ഇന്ത്യയെ കണ്ടെത്ത’ലും (1946), ‘വിശ്വചരിത്രാവലോകന’വും (1934) ‘ഒരച്ഛൻ മകൾക്കയച്ച കത്തുക’ളും ഇതര ലേഖനങ്ങളും പ്രഭാഷണങ്ങളും ഉദാത്തമായ മാനവിക മൂല്യങ്ങളോടുളള അദ്ദേഹത്തിന്റെ പ്രതിബദ്ധത വിളിച്ചോതുന്നു. നെഹ്‌റുവിന്റെ കക്ഷിരാഷ്ട്രീയ നിലപാടുകളും സാമ്പത്തിക നയങ്ങളും വിമർശനവിധേയമായിട്ടുണ്ട്. എന്നാൽ, ഹിന്ദുത്വഫാസിസത്തോടും മുസ്ലീം വർഗീയതയോടും അദ്ദേഹം കൈക്കൊണ്ട എതിർപ്പ് സാർവ്വത്രികമായി പ്രകീർത്തിക്കപ്പെട്ടിട്ടുള്ളതാണ്.
ഇന്ത്യയുടെ വൈവിധ്യത്തിന് ജനാധിപത്യവു മതനിരപേക്ഷതയും അനിവാര്യമാണെന്ന് നെഹ്‌റു കരുതി. സ്വന്തം എഴുത്തിലൂടെ സ്വാതന്ത്ര്യം, സമത്വം, മതനിരപേക്ഷത, സഹിഷ്ണുത, സാഹോദര്യം, ശാസ്‌ത്രബോധം എന്നീ മൂല്യങ്ങൾ അദ്ദേഹം പ്രസരിപ്പിച്ചു. മനസ്സിനെ സ്വതന്ത്രവും വിശാലവുമാക്കുന്നതാണ് ശരിയായ സംസ്കാരമെന്ന് അദ്ദേഹം നിരന്തരം സംവദിച്ചു. വ്യക്തിയുടെയും സമൂഹത്തിന്റെയും ഹൃദയച്ചുരുക്കം നെഹ്‌റുവിന് അരോചകമായിരുന്നു.
റിപ്പബ്ലിക്കൻ ജനാധിപത്യത്തിന്റെ ഏറ്റവും ശ്രേഷ്ഠപാഠമായ ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപംകൊടുക്കാൻ അദ്ദേഹം നേതൃത്വം നൽകി. സ്വാതന്ത്ര്യാനന്തരം സാർവ്വത്രിക വോട്ടവകാശത്തിന്റെയും പാർലമെന്ററി ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും ശക്തനായ വക്താവും കാവൽക്കാരനുമായി അദ്ദേഹം നിലകൊണ്ടു. സോഷ്യലിസ്റ്റ് സാമൂഹ്യക്രമം ലോകമെമ്പാടും നിലവിൽ വരണമെന്ന ആഗ്രഹം നെഹ്‌റു ‘ആത്മകഥ’യിൽ വെളിപ്പെടുത്തുന്നുണ്ട്. ദരിദ്രരും ശകലിതരുമായ ജനവിഭാഗങ്ങളിലേക്ക് സാമൂഹിക നീതിയും സാമ്പത്തിക സമത്വവും കൊണ്ടുവരാനുളള ഉപകരണമായിരുന്നു അദ്ദേഹത്തിന് സോഷ്യലിസവും ജനാധിപത്യവും. റഷ്യൻ ഉദാഹരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പഞ്ചവത്സര പദ്ധതികൾ തുടങ്ങാനും പൊതുമേഖലാ വ്യവസായ സംരംഭങ്ങൾ സ്ഥാപിക്കാനും അദ്ദേഹം ഉത്സാഹിച്ചു. എന്നാൽ, സമ്മിശ്രമായിരുന്നു അതിന്റെ ഫലം. നെഹ്‌റുവിന്റെ പുരോഗമന വീക്ഷണം അതേ വ്യക്തതയോടെ പങ്കിട്ട രാഷ്ട്രീയ സഹപ്രവർത്തകർ കുറവായിരുന്നു. കൂടാതെ, അദ്ദേഹത്തോടൊപ്പം മുന്നേറാൻ ശേഷിയുള്ള ഉദ്യോഗസ്ഥരും അനുചരരും വേണ്ടത്രയുണ്ടായില്ല. സ്വാതന്ത്ര്യ സമരകാലത്തെ മഹത്തായ രാഷ്ട്രീയ സ്വപ്നങ്ങളുടെ വർണച്ചിറകുകൾ ഒന്നൊന്നായി കൊഴിയുന്ന കാഴ്ചയാണ് നെഹ്‌റുവിനു ശേഷമുള്ള ഇന്ത്യയിൽ നാം കണ്ടതും, കാണുന്നതും.
ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും ഇന്ത്യൻ സമൂഹത്തിന്റെ സാമാന്യബോധമാകേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഉല്പതിഷ്ണുവായിരുന്നു നെഹ്‌റു. ആധുനിക ഇന്ത്യയുടെ അടിത്തറ ശാസ്ത്രമാകണമെന്ന് നെഹ്‌റുവിന് നിർബന്ധമുണ്ടായിരുന്നു. ശാസ്ത്ര–സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെയുണ്ടാകുന്ന സാമ്പത്തിക വികസനം മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. അന്ധവിശ്വാസത്തിലും സാമൂഹിക അനാചാരങ്ങളിലും ആണ്ടുകിടക്കുന്ന ഇന്ത്യൻ ജനതയെ ആധുനിക മാനവിക മൂല്യങ്ങളുടെയും സാഹോദര്യത്തിന്റെയും നൈതിക ഗരിമയിലേക്ക് ഉയർത്തുകയും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. 1938 ൽ ഇന്ത്യൻ സയൻസ് കോൺഗ്രസ് ഉത്‌ഘാടനം ചെയ്യവേ അദ്ദേഹം പ്രസ്താവിച്ചു: ‘‘വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും അനാരോഗ്യത്തിന്റെയും നിരക്ഷരതയുടെയും അന്ധവിശ്വാസത്തിന്റെയും സാമൂഹിക ജഡീകരണത്തിന് കാരണമാകുന്ന ആചാരങ്ങളുടെയും മാമൂലുകളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശാസ്ത്രത്തിന് മാത്രമേ കഴിയുകയുളളൂ. ശാസ്‌ത്രത്തിന്റേതും ശാസ്ത്രവുമായി സൗഹൃദത്തിലാവുന്നവരുടേതുമാണ് ഭാവി.’ പ്രധാനമന്ത്രിയായപ്പോൾ രാജ്യത്തെമ്പാടും ശാസ്ത്രപഠനത്തിനും ഗവേഷണത്തിനും പ്രാധാന്യം നൽകുന്ന സ്ഥാപനങ്ങൾ അദ്ദേഹം ആരംഭിച്ചു. കേന്ദ്ര സർവ്വകലാശാലകൾ, ഐ.ഐ.റ്റികൾ, സി.എസ്.ഐ.ആർ, ഗവേഷണശാലകൾ, ആറ്റോമിക് ഗവേഷണകേന്ദ്രങ്ങൾ എന്നിവ സ്ഥാപിച്ചു. യാഥാസ്ഥിതിക സിദ്ധാന്തവാദ (dogmatism) ത്തിൽ നിന്നും നാടിനെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന ഗ്രന്ഥത്തിൽ മതത്തിന്റെ ഉത്പത്തിയെ അദ്ദേഹം ശാസ്ത്രീയമായി സമീപിക്കുന്നുണ്ട്. മനസ്സിലാക്കാനും കീഴ്പ്പെടുത്താനും സാധിക്കാത്ത പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള ഭീതിയാണ് മതത്തിന്റെ ഉറവിടമെന്ന് അതിൽ അദ്ദേഹം നിരീക്ഷിക്കുന്നു. നിരീക്ഷണ, പരീക്ഷണ, നിഗമനങ്ങളെ അടിസ്ഥാനമാക്കി അറിവു നേടുന്ന ശാസ്ത്രത്തിന്റെ രീതി മതത്തിന്റേതിൽ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. യുക്തിരഹിതമായി വിശ്വസിക്കാൻ മതം നിർബന്ധിക്കുമ്പോൾ, തെളിവുകളെ അടിസ്ഥാനമാക്കിയ അന്വേഷണത്തെയും സ്വതന്ത്രചിന്തയെയും ശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നു.
ഈ ശാസ്ത്രയുക്തിയാണ് നെഹ്റുവിന്റെ മതനിരപേക്ഷതയുടെ അടിത്തറ. മതത്തെ ഉന്മൂലനം ചെയ്യാൻ അദ്ദേഹം ശ്രമിച്ചില്ല. നേരെമറിച്ച്, മതത്തെ അദ്ദേഹം വ്യക്തിപരമായി കണ്ടു. രാഷ്ട്രത്തിന്റെ നയം നിർണയിക്കാനോ സാമൂഹ്യ വിച്ഛേദങ്ങൾ വർദ്ധിപ്പിക്കാനോ മതത്തെ അദ്ദേഹം അനുവദിച്ചില്ല. സജീവവും സക്രിയവുമായിരുന്നു നെഹ്റുവിന്റെ മതനിരപേക്ഷത. വൈവിധ്യമാർന്ന ഇന്ത്യൻ ചരിത്രപാരമ്പര്യത്തിൽ വേരുറച്ചതായിരുന്നു അദ്ദേഹത്തിന്റെ വർഗീയവിരുദ്ധത. രാഷ്‌ട്രത്തിന്റെ സമ്മിശ്ര സംസ്കാരത്തെ ‘ഇന്ത്യയെ കണ്ടെത്ത’ലിൽ അദ്ദേഹം പ്രകീർത്തിക്കുന്നുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും ബുദ്ധരും ജൈനരും മറ്റു വിശ്വാസ പാരമ്പര്യങ്ങൾ പിന്തുടരുന്നവരും ശതാബ്ദങ്ങളിലൂടെ ഉദ്‌ഗ്രഥിക്കപ്പെട്ടു രൂപപ്പെട്ടതാണ് ഇന്ത്യൻ സംസ്കാരം. മതസ്വത്വധാരണകളെ അതിവർത്തിക്കുന്നതാണ് ശരിയായ ദേശീയതയെന്ന് അദ്ദേഹം വാദിച്ചു–‘‘നമ്മുടെ മതമോ വിശ്വാസമോ ഏതായാലും നമ്മളെല്ലാവരും ഒറ്റ ജനതയാണെന്ന് സ്ഥിരമായി നാം നമ്മളെത്തന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കണം.’’ മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്-ക്കുന്നതിനെ നെഹ്‌റു ശക്തമായും പ്രകടമായും എതിർത്തു. ഫാസിസത്തിന്റെ ഇന്ത്യൻ പാഠഭേദമാണ് വർഗീയതയെന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മറ്റെവിടെയെങ്കിലുമുള്ള പ്രതിലോമ ശക്തികളെ ചൂണ്ടിക്കാട്ടി ഭീതി വളർത്തിയും ഭിന്നത സൃഷ്ടിച്ചും ഫാസിസം മുതലെടുപ്പ് നടത്തുന്നു. ഹിന്ദു-–മുസ്ലീം വർഗീയതകളെ അദ്ദേഹം ശക്തമായി എതിർത്തു. എന്നാൽ ആധിപത്യശേഷിയുള്ള ഭൂരിപക്ഷ വർഗീയത സൃഷ്ടിക്കുന്ന അപകടങ്ങളെ അദ്ദേഹം എന്നും ഉയർത്തിക്കാട്ടി വിമർശിച്ചു.
1930 കൾ മുതലുള്ള ലേഖനങ്ങളിൽ അദ്ദേഹം സ്വന്തം നിലപാട് തുറന്നുപറയുന്നുണ്ട്: ‘‘ഹിന്ദുമഹാസഭയുൾപ്പെടെയുള്ള ഹിന്ദു വർഗീയ സംഘടനകളുടെ പ്രവർത്തനങ്ങൾ വർഗീയ പരവും ദേശവിരുദ്ധവും പ്രതിലോമപരവുമായിരുന്നെന്ന് ഞാൻ ഇപ്പോഴും കരുതുന്നു.’’
മുസ്ലീം ലീഗിനെപ്പോലെയുള്ള ഇസ്ലാമിക സംഘടനകൾ നിലവിലെ വർഗീയ മനോഭാവത്തെ ചൂഷണംചെയ്യുകയാണ്. അവർ തീർച്ചയായും ദേശവിരുദ്ധരും യാഥാസ്ഥിതിക പിന്തിരിപ്പന്മാരുമാണ്. ഹിന്ദു ദേശീയതയും മുസ്ലീം ദേശീയതയും ശരിയായ ദേശീയതയ്ക്ക് എങ്ങനെ ഹാനികരമാകുന്നുവെന്ന് ‘വിശ്വചരിത്രാവലോകന’ത്തിലും മറ്റും അദ്ദേഹം വിശകലനം ചെയ്തിട്ടുണ്ട്.
മുസ്ലീം ദേശീയതയോടോ മുസ്ലീം അന്തർദ്ദേശീയതയോടോ ചേർന്നു നിൽക്കുന്നതാണ് ഇന്ത്യൻ മുസ്ലിംലീഗിന്റെ മനോഭാവമെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. അതേസമയം, സാംസ്കാരിക ദേശീയതയുമായി അതിരടയാളമില്ലാതെ ചേർന്നുനിൽക്കുന്നവയാണ് ഹിന്ദ്വത്വ ആശയങ്ങൾ.
സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസിനെ വർഗീയ ബന്ധങ്ങളിൽ നിന്നും അകറ്റിനിർത്താൻ നെഹ്‌റു എക്കാലവും ശ്രമിച്ചിരുന്നു. അഖിലേന്ത്യാ മുസ്ലീം ലീഗിനെയും അതിന്റെ വിഭജനാനന്തര അവതാരമായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനെയും ദേശീയ സ്വത്വത്തിനു മുകളിൽ മതപരമായ സ്വത്വത്തെ പ്രതിഷ്ഠിക്കുന്ന വർഗീയ പ്രസ്ഥാനങ്ങളായാണ് നെഹ്‌റു കണ്ടത്. മതനിരപേക്ഷ ദേശീയതയെ തകർക്കുന്നതാണ് ലീഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അതുകൊണ്ട് , ലേഖനങ്ങളിലും പ്രസംഗങ്ങളിലുമെല്ലാം സമസ്ത മുസ്ലീങ്ങളുടെയും പ്രാതിനിധ്യം ലീഗിന് നൽകാൻ പറ്റില്ലെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു.
മുഹമ്മദാലി ജിന്നയുമായി 1937–-38 ൽ നടത്തിയ സംവാദങ്ങളിൽ, മതാടിസ്ഥാനത്തിൽ വ്യത്യസ്ത നിയോജകമണ്ഡലങ്ങൾ വേണമെന്ന ലീഗിന്റെ ആവശ്യത്തെയും ദ്വിരാഷ്ട്ര സിദ്ധാന്തത്തെയും നെഹ്റു എതിർത്തു. അതേ സമയം, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിൽ യോജിച്ച ശ്രമങ്ങളാവാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സോഷ്യലിസവും സാമ്പത്തിക വീക്ഷണവും
ജനാധിപത്യത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചുമുള്ള നെഹ്‌റൂവിയൻ നിലപാടുകൾ ഒരിക്കലും മാർക്സിയൻ വിപ്ലവപരതയിലേക്ക് വളർന്നില്ല. എന്നാൽ, സാമൂഹ്യപരിണാമത്തെ സംബന്ധിച്ച ഫേബിയൻ ആശയങ്ങളും മാർക്സിയൻ വിശകലന രീതികളും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നു. സോവിയറ്റ് മോഡൽ പ്ലാനിങ്ങിലൂടെ അസമത്വത്തിന് അന്ത്യം കുറിക്കാമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ‘ആത്മകഥ’യിൽ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ സാമ്പത്തിക ജനാധിപത്യവുമായി അദ്ദേഹം ബന്ധപ്പെടുത്തുന്നുണ്ട്. സാമൂഹികവും സാമ്പത്തികവും രാഷ‍്ട്രീയവുമായ പരിമിതികൾ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പ്രഭാഷണം മാത്രം പോരാ, കൃത്യമായ ആസൂത്രണം കൂടി വേണം സോഷ്യലിസം നടപ്പിലാക്കാനെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ഭക്രാനംഗൽ പോലുള്ള ജലസേചന പദ്ധതികളെ ആധുനിക ഭാരതത്തിന്റെ ശ്രീകോവിലുകളായി അദ്ദേഹം കണക്കാക്കി. ശാസ്ത്ര സാങ്കേതികവിദ്യയുടെ വ്യാപകമായ പ്രയോഗത്തിലൂടെ പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ പുരോഗതിയും ദാരിദ്ര്യ നിർമാർജ്ജനവും അദ്ദേഹം സ്വപ്നംകണ്ടു.
അതിവിശാലവും വൈവിധ്യപൂർണവുമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജനാധിപത്യത്തെ സ്ഥാപനവത്കരിക്കാൻ സാധിച്ചുവെന്നതാണ് രാഷ്ട്രശില്പിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടവും സംഭാവനയും.
വിഭജനത്തിന്റെ രക്തരൂഷിത ദിനങ്ങൾ നൽകിയ ആഘാതത്തിനു ശേഷവും രാഷ്ട്രത്തെ മതനിരപേക്ഷമായി നിലനിർത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു. നാനാത്വത്തിലെ ഏകത്വം, ശാസ്ത്രീയ മനോഭാവം, മതനിരപേക്ഷ രാഷ്ട്രീയം എന്നിവയ്ക്ക് നെഹ്‌റു നൽകിയ പ്രാധാന്യമാണ് ഭരണഘടനയിൽ സാർവ്വലൗകിക മാനവിക തത്ത്വങ്ങളായി പ്രതിഷ്ഠ നേടിയത്.
ബൗദ്ധികമായ അഗാധതയുടെ നിദർശനങ്ങളാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ. ചരിത്രത്തെ ദ്വന്ദ്വാത്മകമായാണ് അദ്ദേഹം വിശകലനം ചെയ്തത്. ചരിത്രപരിണാമത്തിന്റെ ചാലകശക്തികളെ തിരിച്ചറിഞ്ഞു കൊണ്ട് ഇന്ത്യയുടെ ചരിത്രപാരമ്പര്യത്തെ വസ്തുനിഷ്ഠമായി മൂല്യനിർദ്ധാരണം ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു നെഹ്‌റുവിന്റെ കാലഘട്ടം. സാമ്പത്തിക വളർച്ചയും സാമൂഹ്യ പുരോഗതിയും തടസ്സപ്പെടുത്തുന്ന ശക്തികൾ സജീവമായിരുന്നു. ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ യാന്ത്രിക സമീപനവും കോൺഗ്രസ് പ്രസ്ഥാനത്തിലെ ആന്തരിക വൈരുദ്ധ്യങ്ങളും യാഥാസ്ഥിതികരായ സഹപ്രവർത്തകരുടെ പുരോഗമന വീക്ഷണരാഹിത്യവും പലതരത്തിലുള്ള പൊരുത്തപ്പെടലുകൾക്കും വിധേയനാകാൻ നെഹ്‌റുവിനെ നിർബന്ധിതനാക്കി.
ശീതയുദ്ധകാലത്തെ ഏറ്റവും സുരക്ഷിതമായ നയതന്ത്ര സംവിധാനമായിരുന്നു നെഹ്‌റുവിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ചേരിചേരാ നയം എന്ന വിദേശനയം. ഈജിപ്തിലെ അബ്‌ദുൾ നാസറും യൂഗോസ്ലേവ്യയിലെ മാർഷൽ ടിറ്റോയും ചൈനയിലെ ചൗ എൻ ലായിയും ഇൻഡൊനേഷ്യയിലെ സുക്കാർണോയുമായി സഹകരിച്ച് നെഹ്റു ആവിഷ്കരിച്ച പഞ്ചശീലതത്ത്വങ്ങൾ ലോകരാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ഏറെ ഉതകി. എന്നാൽ 1962 ലെ ഇന്ത്യ – -ചൈനായുദ്ധം ചേരിചേരാ രാഷ്ട്രങ്ങളുടെ അകൽച്ചയ്ക്കും പ്രസ്ഥാനത്തിന്റെ അകാലമരണത്തിനും വഴിതെളിച്ചു.
ഹൈന്ദവ സാംസ്കാരിക പാരമ്പര്യങ്ങളെ അദ്ദേഹം വേണ്ടത്ര വിലമതിച്ചില്ലെന്ന വിമർശനം ഹിന്ദു വലതുപക്ഷം എന്നും ശക്തമായി ഉയർത്തിയിരുന്നു. സ്വാതന്ത്ര്യാനന്തരം ലഭിച്ച രാഷ്ട്രീയ അവസരവും വ്യാപകമായ ജനപിന്തുണയും വിനിയോഗിച്ചുകൊണ്ട് ഭൂപരിഷ്‌കരണവും ഇതര സാമ്പത്തിക, സാമൂഹിക പരിഷ്‌കാരങ്ങളും നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് ഇടതുപക്ഷം വിമർശിച്ചിരുന്നു. ചിലപ്പോഴെങ്കിലും രാഷ്ട്രീയ പ്രായോഗികത കണക്കിലെടുത്ത് ഒത്തുതീർപ്പുകൾക്ക് അദ്ദേഹം നിർബന്ധിതനായിട്ടുണ്ടെന്ന വസ്തുത അവഗണിക്കാനാവില്ല. സ്വന്തം പരിമിതികളെക്കുറിച്ച് നെഹ്‌റു ബോധവാനായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്നും പ്രഭാഷണങ്ങളിൽ നിന്നും വ്യക്തമാണ്. സ്വന്തം പരിമിതികളും കോൺഗ്രസിന്റെ യാഥാസ്ഥിതികത്വവും അദ്ദേഹം അവയിൽ വിമർശന വിധേയമാക്കുന്നുണ്ട്. എന്നാൽ, ഹിന്ദു /മുസ്ലീം ഫാസിസ്റ്റ് വർഗീയതയോടുള്ള അദ്ദേഹത്തിന്റെ വിരോധം അചഞ്ചലമായിരുന്നു. സർവ്വാശ്ലേഷിയും പുരോഗമനോന്മുഖവുമായ ഇന്ത്യയെന്ന ആശയത്തിന് കണ്ഠകോടാലിയാണ് ഹിന്ദു/മുസ്ലിം ഫാസിസ്റ്റു വർഗീയതകളെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തു. ബഹുസ്വരതയ്ക്ക് സ്വാഗതമോതുന്ന പാരമ്പര്യം സിരകളിൽ മൃതസഞ്ജീവനിയായി ഒഴുകുന്നതാണ് ഇന്ത്യ. ഇവിടെ ഹിന്ദുത്വത്തിന്റെ പുനരുജ്ജീവനവും ന്യൂനപക്ഷത്തിന്റെ ഒറ്റപ്പെടുത്തലും ഉണ്ടായാൽ അത് ജനാധിപത്യ ഇന്ത്യയുടെ ചരമശുശ്രൂഷയായിത്തീരുമെന്ന് നെഹ്‌റു ദീർഘദർശനം ചെയ്തിരുന്നു. സ്വന്തം മരണാനന്തര ചടങ്ങുകളിൽ നിന്നും മതപരമായവ പൂർണമായും ഒഴിവാക്കണമെന്ന് നെഹ്‌റു നിബന്ധിച്ചിരുന്നു. എന്നാൽ, നെഹ്‌റുവിന്റെ മതനിരപേക്ഷ ജീവിത വീക്ഷണത്തോട് യാതൊരു ആദരവുമില്ലാതെ സർവ്വമതങ്ങളുടെയും പ്രാർത്ഥനകളുടെ അകമ്പടിയോടെയാണ് രാഷ്‌ട്രം അദ്ദേഹത്തിന് യാത്രാമൊഴി നൽകിയത്. നെഹ്‌റുവിന്റെ ഭൗതിക വീക്ഷണത്തോടുള്ള അനാദരവിനപ്പുറം ഇന്ത്യയുടെ പരിഹാസ്യമായ ഭാവിയുടെ സൂചകമായും അദ്ദേഹത്തിന്റെ മരണാനന്തര കർമ്മങ്ങൾ മാറുന്നു.
ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത, ശാസ്ത്രീയ മനോഭാവം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ ഇന്ത്യയിലെ പ്രഥമ പ്രണേതാവും പ്രയോക്താവുമായിരുന്നു നെഹ്‌റു. ഇന്ത്യയുടെ വൈവിധ്യവും പാരമ്പര്യത്തിന്റെ സങ്കീർണതയും അദ്ദേഹം തിരിച്ചറിഞ്ഞു. സ്വാർത്ഥവും സങ്കുചിതവുമായ താല്പര്യങ്ങളിൽ നിന്നും സാർവ്വലൗകികതയുടെ അഗാധ വിശാലതയിലേക്ക് വളരാൻ ഓരോ ഇന്ത്യാക്കാരനും കഴിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ കൃതികളുടെയെല്ലാം അന്തർധാരയായി അനുസ്യൂതം പ്രവഹിക്കുന്ന ഒരു ആശയമുണ്ട്: ശാസ്ത്രീയ യുക്തിയെ പിന്തുടർന്നാൽ വിശ്വാസം സൃഷ്ടിക്കുന്ന വിച്ഛേദങ്ങളെ ഉല്ലംഘിക്കുന്ന ഒരുമയുടെ സംഘഗാനം ആലപിക്കാനും ആസ്വദിക്കാനും നമുക്ക് കഴിയും. അപ്രമാദിത്തം എക്കാലവും അവകാശപ്പെടാൻ നെഹ്‌റുവിന് ആവില്ലെങ്കിലും വർഗീയവും വിഭാഗീയവുമായ ചിന്തകളിൽ നിന്നും കോൺഗ്രസിനെ സുരക്ഷിതമാക്കി നിർത്താൻ നെഹ്‌റു എന്നും ശ്രദ്ധിച്ചിരുന്നു.
വർഗീയവും ജാതീയവുമായ ധ്രുവീകരണത്തിന്റെ ക്രൂരവും രക്തപങ്കിലവുമായ വാർത്തകൾ ഓരോ കോണിൽ നിന്നും ഉയരുന്ന അഭിശപ്ത ദിനങ്ങളിലൂടെയാണ് ഇന്നത്തെ ഇന്ത്യൻ ജീവിതം കടന്നുപോകുന്നത്. രാഷ്ട്രശില്പിയുടെ സ്ഥാനം രാഷ്‌ട്രധ്വംസകർ കവർന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ, രാഷ്ട്രത്തിന്റെ മാനസികനില തെറ്റാൻ പാടില്ല. നെഹ്‌റുവിന്റെ വാക്കുകൾ വായിക്കുകയും ആശയങ്ങൾ പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് രാഷ്‌ട്രീയ വിവേകം പുലർത്താൻ സഹായകമാകും. പാരമ്പര്യത്തെയും ആധുനികതയെയും പൊരുത്തപ്പെടുത്താനും കെട്ടുറപ്പുണ്ടാക്കാനും അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് സാധിക്കും. ശാസ്ത്രം, യുക്തിബോധം, ഉദ്‌ഗ്രഥിത മാനവികത എന്നിവ ഗ്രഹിക്കുന്നവർക്കുള്ളതാണ് ഭാവിയെന്ന് നെഹ്‌റു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ജനാധിപത്യ പരീക്ഷണങ്ങളുടെ ഭാവിയും ആധുനിക മാനവികതയുടെ തെളിമയാർന്ന വക്താക്കളെന്ന നിലയിലുള്ള നമ്മുടെ അതിജീവനവും സാധ്യമാക്കുന്നതിന് നെഹ്റുവിന്റെ പൈതൃകം പിൻപറ്റേണ്ടതാണ്. l



