Tuesday, July 21, 2026

ad

Homeനിരീക്ഷണംനിയമത്തിന്റെ ആത്മാവും നീതിപീഠത്തിന്റെ സാങ്കേതികത്വവും

നിയമത്തിന്റെ ആത്മാവും നീതിപീഠത്തിന്റെ സാങ്കേതികത്വവും

പ്രീജിത്ത് രാജ്

ന്ത്യൻ ജുഡീഷ്യറി സവർണ മനോഭാവത്തോടെ വിധിപുറപ്പെടുവിക്കുന്നു എന്ന സംശയം ഊട്ടിയുറപ്പിക്കുന്ന ചില വിധികളാണ് പലപ്പോഴായി സുപ്രീംകോടതിയിൽ നിന്നുണ്ടാവുന്നത്. 2026 മെയ് 11-ന് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച്, ഗുഞ്ജൻ എന്ന ഗിരിജാ കുമാരി വേഴ്സസ് സ്റ്റേറ്റ് ഓഫ് ഡെൽഹി കേസിൽ പുറപ്പെടുവിച്ച വിധി അത്തരത്തിലുള്ള ഒന്നാണ്. പട്ടികജാതി-–പട്ടികവർഗ വിഭാഗങ്ങൾക്കിടയിൽ ഈ വിധി വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. തങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപരിരക്ഷയെ സുപ്രീകോടതി വിധിയിലൂടെ പരിമിതപ്പെടുത്തുന്നു എന്നതുകൊണ്ടാണത്. സ്വകാര്യ ഇടങ്ങളിൽ അഥവാ നാലു ചുവരുകൾക്കുള്ളിൽവെച്ച് നടക്കുന്ന ജാതി അധിക്ഷേപങ്ങളെ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്നാണ് ഈ വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത്. നിയമത്തിലെ സെക്ഷൻ 3(1)(r), 3(1)(s) വകുപ്പുകൾ പ്രകാരം ഒരു അധിക്ഷേപം കുറ്റകരമാകണമെങ്കിൽ അത് പൊതുജന മധ്യത്തിൽവെച്ചുതന്നെ നടക്കണം എന്ന സാങ്കേതിക നിബന്ധന കോടതി ഈ വിധിയിലൂടെ കർശനമാക്കുകയാണ് ചെയ്തത്.

ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യതയും അന്തസ്സും ഉറപ്പാക്കൽ തുടങ്ങിയ മൂല്യങ്ങളെയാണ് ഇത്തരം വിധികൾ അപ്രസക്തമാക്കുന്നത്. ജുഡീഷ്യറിയിൽ തീവ്രവലതുപക്ഷ രാഷ്ട്രീയ സ്വാധീനം വർദ്ധിച്ചുവരുന്നുവെന്നും അതിലൂടെ ജുഡീഷ്യറിയുടെ നിഷ്പക്ഷത ഇല്ലാതാകുന്നുവെന്നുമുള്ള വിമർശനങ്ങൾ സമീപകാലത്ത് പലഭാഗങ്ങളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. പരമോന്നത നീതിപീഠത്തിൽനിന്ന് വിരമിച്ച ജഡ്ജിമാർക്ക് ഭരണകക്ഷിയായ ബി ജെ പി രാജ്യസഭാ സീറ്റുകളും ഗവർണർ പദവികളും വെച്ചുനീട്ടുമ്പോൾ, കോടതിയിലിരുന്ന് കേസുകളിൽ ഇടപെടുന്ന ജഡ്ജിമാർ തങ്ങളുടെ വിരമിക്കലിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് സ്വപ്നം കാണുകയാണ്. അതോടെ അവരിൽ മിക്കവരും ആർഎസ്എസ് – ബിജെപി യുടെ താൽപ്പര്യങ്ങൾക്ക് എതിരുനിൽക്കാൻ തയ്യാറാവില്ല. കൂടാതെ, ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശകളിൽ സർക്കാരിനു താല്പര്യമുള്ളവരെ മാത്രം വേഗത്തിൽ നിയമിക്കുകയും വിയോജിപ്പുള്ളവരുടെ ഫയലുകൾ വെച്ചുതാമസിപ്പിക്കുകയും ചെയ്യുന്നതിലൂടെ തങ്ങൾക്ക് അനുകൂലമായ ഒരു ജുഡീഷ്യൽ സംവിധാനം സൃഷ്ടിക്കാൻ ആർ എസ് എസ് നിയന്ത്രിക്കുന്ന ഭരണകൂടം ശ്രമിക്കുന്നു എന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്.

ആർ എസ് എസ് – സംഘപരിവാർ ശക്തികളോട് ആഭിമുഖ്യം പുലർത്തുന്ന പലവ്യക്തികളും ജുഡീഷ്യറിയുടെ തലപ്പത്തേക്ക് അടുത്തകാലത്ത് എത്തിയത് വലിയ ചർച്ചയായ കാര്യമായിരുന്നു. വിരമിച്ച ഉന്നത ജഡ്ജിമാർ പരസ്യമായി ആർ എസ് എസ് പരിപാടികളിൽ പങ്കെടുക്കുന്നത് പുതുമയല്ലാതായിരിക്കുന്നു. തങ്ങളുടെ വ്യക്തിപരമായ രാഷ്ട്രീയ-സാംസ്കാരിക നിലപാടുകൾ കോടതി മുറികളിലും പ്രസംഗങ്ങളിലും ന്യായാധിപർ പ്രകടിപ്പിക്കുന്നതും സർവ്വസാധാരണമാണ്. രാജ്യത്തെ ഭരണഘടനാപരമായ മതേതര മൂല്യങ്ങളേക്കാൾ സാംസ്കാരിക ദേശീയതയ്ക്കും പരമ്പരാഗത വിശ്വാസങ്ങൾക്കും പ്രാധാന്യം നൽകുന്ന തരത്തിലുള്ള ചില കോടതി പരാമർശങ്ങൾ, നീതിന്യായ വ്യവസ്ഥയിൽ ആർ എസ് എസിന്റെ പ്രത്യയശാസ്ത്രപരമായ സ്വാധീനം ഉറപ്പിക്കപ്പെട്ടു എന്ന വാദത്തിന് ശക്തി പകരുന്നുണ്ട്.

ബാബറി മസ്ജിദ് കേസ്, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, സിറ്റിസൺഷിപ്പ് അമൻഡ്മെന്റ് ആക്ട് തുടങ്ങിയ ചരിത്രപ്രധാനമായ കേസുകളിൽ ആർ എസ് എസിന്റെയും അവർ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെയും ദീർഘകാല അജൻഡകൾക്ക് അനുകൂലമായ വിധികളും നിലപാടുകളുമാണ് കോടതികളിൽ നിന്നുണ്ടായത്. രാജ്യത്തെ പൗരരുടെ മൗലികാവകാശങ്ങളും ജനാധിപത്യപരമായ വിയോജിപ്പുകളും സംരക്ഷിക്കുന്നതിൽ കോടതികൾ പലപ്പോഴും കാട്ടുന്ന അനാസ്ഥയും ഭരണകൂട നടപടികൾക്ക് നൽകുന്ന അമിതപ്രാധാന്യവും ജുഡീഷ്യറിയുടെ സ്വതന്ത്ര പദവി പൂർണമായും നഷ്ടപ്പെട്ടെന്ന ആക്ഷേപം ശക്തമാക്കുന്നു.

1947-ൽ സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയിൽ പൗരർക്ക് തുല്യത ഉറപ്പുനൽകുന്ന ഭരണഘടന നിലവിൽ വന്നു. എന്നിട്ടും പട്ടികജാതി-–പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള ജാതീയമായ വേർതിരിവുകളും പീഡനങ്ങളും തുടരുന്നതിന് പ്രധാന കാരണം സമൂഹത്തിൽ ആഴത്തിൽ വേരോടിയ പരമ്പരാഗത ജാതിമനോഭാവമാണ്. നിയമപരമായ നിരോധനങ്ങൾ നിലനിൽക്കുമ്പോഴും, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാമൂഹിക ശ്രേണികളും മുൻവിധികളും ജനങ്ങളുടെ ചിന്താഗതിയിൽ നിന്നും പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തിന്റെ പലഭാഗത്തും ചായക്കടകളിൽ ഉയർന്ന ജാതിക്കാർക്കും താഴ്ന്ന ജാതിക്കാർക്കും വെവ്വേറെ ഗ്ലാസ് നൽകുന്ന സമ്പ്രദായവും താഴ്ന്ന ജാതിക്കാർക്ക് പൊതുകുടിവെള്ള സ്രോതസുകൾ നിഷേധിക്കലും താഴ്ന്ന ജാതിക്കാർക്ക് ജാതിമതിലുകളും കാണാനാവും. ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനവും, സാമൂഹികമായ മാറ്റിനിർത്തലുകളും ഇന്നും ചെറുതും വലുതുമായി തുടരുന്നു. പട്ടികജാതി– -പട്ടികവർഗ വിഭാഗത്തിലുള്ളവർ തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചും തുല്യതയെക്കുറിച്ചും കൂടുതൽ ബോധമുള്ളവരാകുകയും അതിനായി ശബ്ദമുയർത്തുകയും ചെയ്യുമ്പോൾ, പരമ്പരാഗത മേധാവിത്വം നിലനിർത്താൻ ആഗ്രഹിക്കുന്ന സവർണശക്തികൾ അതിനെ അക്രമങ്ങളിലൂടെയും സാമൂഹിക ബഹിഷ്കരണത്തിലൂടെയും അടിച്ചമർത്താൻ ശ്രമിക്കുകയാണ്. അപ്പോഴാണ് അതിക്രമങ്ങൾ വർദ്ധിക്കുന്നത്. ആർ എസ് എസ് മുന്നോട്ടുവെക്കുന്ന മനുസ്മൃതിയിലെ സൂക്തങ്ങൾ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെ മനുഷ്യരായി പരിഗണിക്കേണ്ടതില്ല എന്ന ആശയമാണ് മുന്നോട്ടുവെക്കുന്നത്. രാജ്യത്തെ ഭരണഘടനയ്ക്കുപകരം മനുസ്മൃതി കൊണ്ടുവരണമെന്നാണ് ആർ എസ് എസ് – സംഘപരിവാരത്തിന്റെ വാദം.

രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ അസമത്വങ്ങളും നിയമപാലന സംവിധാനങ്ങളിലെ പോരായ്മകളും പട്ടികജാതി-–പട്ടികവർഗ വിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് ആക്കംകൂട്ടുന്നു. ഈ വിഭാഗങ്ങളിലെ ഭൂരിഭാഗം ആളുകളും ഇന്നും ഭൂമിയില്ലാത്തവരും, സാമ്പത്തികമായി ഉയർന്ന ജാതിയിലുള്ള ഭൂപ്രഭുക്കളെ ആശ്രയിച്ചു കഴിയുന്നവരുമാണ്. അവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതിനാൽ, അവർക്കുനേരെയുള്ള ചൂഷണങ്ങൾ ശക്തമായി തുടരാൻ സവർണ ഭൂപ്രഭുത്വവും മുതലാളിത്തവും ചുരമാന്തുന്നു. രാജ്യത്ത് പട്ടികജാതി-–പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാൻ 1989-ലെ പട്ടികജാതി-–പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം പോലുള്ള കർശനമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും, പ്രാദേശിക തലത്തിലുള്ള പൊലീസ് സംവിധാനങ്ങളിലും ഭരണകൂടങ്ങളിലും സ്വാധീനമുള്ള സവർണ ജാതിക്കാരുടെ ഇടപെടലുകൾ കാരണം മിക്കവാറും കുറ്റവാളികൾ രക്ഷപ്പെടുകയാണ്. കേസുകൾ രജിസ്റ്റർ ചെയ്യുന്നതിലെ താമസം, കാര്യക്ഷമമല്ലാത്ത അന്വേഷണം,നീണ്ടുപോകുന്ന കോടതി നടപടികൾ, വളരെ കുറഞ്ഞ ശിക്ഷാ നിരക്ക് തുടങ്ങിയ കാരണങ്ങളാൽ ഇരകൾക്ക് നീതി നിഷേധിക്കപ്പെടുന്നു. ഈയൊരവസ്ഥ നിയമം കൈയിലെടുക്കാൻ വർഗീയ ശക്തികൾക്കും മറ്റ് അക്രമികൾക്കും പ്രേരണയാകുന്നു.

ഇന്ത്യയിലെ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ നേരിട്ട ക്രൂരമായ സാമൂഹിക വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ശക്തമായ നിയമപരിരക്ഷ ഉറപ്പാക്കാനാണ് 1989-ലെ പട്ടികജാതി-–പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം നിലവിൽ വന്നത്. 1989 സെപ്തംബർ 11-ന് പാർലമെന്റ് പാസാക്കിയ ഈ നിയമം 1990 ജനുവരി 30-നാണ് രാജ്യത്ത് നിലവിൽ വന്നത്. ഈ നിയമനിർമാണത്തിലേക്ക് നയിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളായിരുന്നു അക്കാലത്ത് രാജ്യത്ത് നിലവിലുണ്ടായിരുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ 17-–ാം അനുച്ഛേദത്തിലൂടെ രാജ്യത്ത് അയിത്തം നിരോധിച്ചതാണ്. നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ് അത്. ഭരണഘടനയുടെ ആർട്ടിക്കിൾ 15 ആവട്ടെ, ജാതിയുടെ പേരിലുള്ള എല്ലാത്തരം വിവേചനങ്ങളും വിലക്കിയിരുന്നു. എന്നിട്ടുപോലും സമൂഹത്തിൽ നിലനിന്നിരുന്ന കടുത്ത ജാതിവ്യവസ്ഥയും പരമ്പരാഗത മനോഭാവവും പട്ടികജാതി-–പട്ടികവർഗ ജനവിഭാഗങ്ങൾക്ക് തുല്യത ഉറപ്പാക്കുന്നതിൽ തടസ്സമായി നിന്നു. 1955ൽ കൊണ്ടുവന്ന തൊട്ടുകൂടായ്മ (കുറ്റകൃത്യങ്ങൾ) നിരോധിക്കൽ നിയമം ഭരണഘടനാ തത്ത്വങ്ങൾ നടപ്പിൽ വരുത്തുന്നുവെന്ന് ഉറപ്പാക്കാനുള്ളതാണെങ്കിലും അതിനു നിരവധി പോരായ്മകൾ ഉണ്ടായിരുന്നു. 1955ലെ പൗരാവകാശ സംരക്ഷണ നിയമം 1976-ൽ ഭേദഗതി ചെയ്തത് നിലവിലുള്ള നിയമത്തിലെ പോരായ്മകൾ പരിഹരിക്കാനാണ്. പക്ഷേ, ജാതീയമായ അതിക്രമങ്ങൾ തടയാൻ അതിലൂടെയും സാധിച്ചിരുന്നില്ല. രാജ്യത്ത് നിലവിലുണ്ടായിരുന്ന ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി) സാധാരണ കുറ്റകൃത്യങ്ങളെ നേരിടാൻ ഒരു പരിധിവരെ ഉപകരിച്ചിരുന്നു. എന്നാൽ, ജാതി വിദ്വേഷം മുൻനിർത്തിയുള്ള നടക്കുന്ന കൊലപാതകം, ബലാത്സംഗം, സാമൂഹിക ബഹിഷ്കരണം തുടങ്ങിയ സങ്കീർണമായ അതിക്രമങ്ങളെ നിർവ്വചിക്കാനോ പ്രതിരോധിക്കാനോ ഐ.പി.സിയിൽ പ്രത്യേക വകുപ്പുകൾ ഇല്ലാത്തത് വലിയ പോരായ്മയായി നിലകൊണ്ടു.

ആർ എസ് എസിന്റെ മൂശയിൽ വിരിഞ്ഞ ബി ജെ പി അടക്കമുള്ള സംഘപരിവാർ പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ച 1980കളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മറ്റും പട്ടികജാതി – -പട്ടികവർഗ ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വൻ വർദ്ധനവുണ്ടായി. പാവപ്പെട്ട ജനവിഭാഗങ്ങൾ കൂലി വർദ്ധനവ്, ഭൂമി കൈവശം വെക്കൽ തുടങ്ങിയ തങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയപ്പോൾ, ഉയർന്ന ജാതിക്കാരായ ഭൂപ്രഭുക്കന്മാരും മറ്റ് സവർണ, സംഘപരിവാർ ശക്തികളും അവരെ അടിച്ചമർത്താൻ ശ്രമിച്ചു. കൂട്ടക്കൊലകൾ, പട്ടികജാതി സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ലൈംഗിക അതിക്രമങ്ങൾ, വീടുകൾക്ക് തീയിടൽ, കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കൽ തുടങ്ങിയ ക്രൂരതകൾ രാജ്യത്തുടനീളം റിപ്പോർട്ടുചെയ്യപ്പെട്ടു.

രാജ്യത്തെ ഭൂരിഭാഗം പട്ടികജാതി-–പട്ടികവർഗ ജനവിഭാഗങ്ങളും ഭൂമിയില്ലാത്തവരും കൂലിപ്പണിക്കാരുമായിരുന്നു. മിക്കവാറുംപേർ കർഷകത്തൊഴിലാളികളാണ്. അതിനാൽ അവർ ഭൂപ്രഭുക്കളെയും സാമ്പത്തികമായി ഉയർന്ന മറ്റു സവർണ ജാതിക്കാരെയും ആശ്രയിക്കാൻ നിർബന്ധിതരായിരുന്നു. തങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും അന്യായങ്ങൾക്കുമെതിരെ നിയമപരമായ നടപടികളിലേക്ക് നീങ്ങാൻ പട്ടികജാതി – -പട്ടികവർഗ വിഭാഗത്തിലുള്ള ജനങ്ങൾ ഭയപ്പെട്ടിരുന്നു. കാരണം അവർക്ക് ജീവനിൽ കൊതിയുണ്ടായിരുന്നു. മാത്രമല്ല, പൊലീസും പ്രാദേശിക ഭരണകൂടവും സവർണർക്കൊപ്പവും ഭൂപ്രഭുക്കൾക്കൊപ്പവുമാണ് നിലകൊണ്ടിരുന്നത്.

അത്തരമൊരു സാഹചര്യത്തിലാണ് കൂടുതൽ കർക്കശമായ വ്യവസ്ഥകളോടെ 1989-ലെ പട്ടികജാതി-–പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. കേസുകൾ വേഗത്തിൽ വിചാരണ ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാനും കുറ്റാരോപിതർക്ക് എളുപ്പത്തിൽ മുൻകൂർ ജാമ്യം ലഭിക്കുന്നത് തടയാനും ഇരകൾക്ക് സാമ്പത്തിക സഹായവും പുനരധിവാസവും ഉറപ്പാക്കാനുമൊക്ക ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ, നൂറ്റാണ്ടുകളായി തുടർന്ന സാമൂഹിക അസമത്വങ്ങളും, നിലവിലുണ്ടായിരുന്ന നിയമങ്ങളുടെ പരാജയവും, 1980കളിൽ ദളിത് ജനവിഭാഗങ്ങൾ നേരിട്ട കടുത്ത അതിക്രമങ്ങളുമൊക്കെ 1989-ലെ ഈ ശക്തമായ നിയമത്തിന്റെ നിർമാണത്തിലേക്ക് നയിക്കുകയായിരുന്നു. ഈ നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ അപ്രസക്തമാക്കും വിധത്തിൽ നിയമത്തെ ദുർബലപ്പെടുത്താനാണ് ഇപ്പോൾ ഇന്ത്യൻ ജുഡീഷ്യറി പരിശ്രമിക്കുന്നത്.

സുപ്രീംകോടതി ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്രയും എൻ.വി. അഞ്ജാരിയയും അടങ്ങുന്ന സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച്, ഗുഞ്ജൻ എന്ന ഗിരിജാകുമാരി വേഴ്സസ് സ്റ്റേറ്റ് ഓഫ് ഡെൽഹി കേസിൽ പുറപ്പെടുവിച്ച വിധി പട്ടികജാതി–-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ജനതയോടുള്ള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് തത്ത്വത്തിൽ ഉതകുക. പട്ടികജാതി-– പട്ടികവർഗ വിഭാഗത്തിലുള്ളവർ ഭൂരിഭാഗവും തൊഴിലാളി വർഗത്തിലുള്ളവരാണ്. സ്വത്വപരമായി അവർ അനുഭവിക്കുന്ന വൈവിധ്യമാർന്ന പ്രശ്നങ്ങളുണ്ട്. അന്തർമുഖത്വമടക്കമുള്ള പലകാര്യങ്ങളും പാരമ്പര്യമായി അവശേഷിക്കുന്ന സാമൂഹിക സാഹചര്യങ്ങളിലൂടെ അവരിൽ ഊട്ടിയുറപ്പിക്കപ്പെടുന്നതാണ്. അത്തരത്തിലുള്ള മാനസികമായ ഘടകങ്ങളെ അഭിസംബോധന ചെയ്യാൻ നിയമങ്ങളുടെ സാങ്കേതികത്വ ചട്ടക്കൂടുകൾ മാത്രം മതിയാവില്ല. അത്തരം കാര്യങ്ങൾ വിപുലമായ രീതിയിൽ ചർച്ചകൾക്ക് വിധേയമാക്കേണ്ടതാണ്. നിലവിലുള്ള ഇന്ത്യൻ സാഹചര്യത്തിൽ, പ്രത്യേകിച്ച് ഗുജറാത്ത് വംശഹത്യാനന്തര ഇന്ത്യയിൽ, പട്ടികജാതി –-പട്ടികവർഗ വിഭാഗങ്ങൾക്കു നേരെ ആർ എസ് എസ് – സംഘപരിവാരം നടത്തുന്ന അതിക്രമങ്ങൾ സമാനതകളില്ലാത്തതാണ്. മാത്രമല്ല, അവരുണ്ടാക്കുന്ന പട്ടികജാതി–പട്ടികവർഗ വിഭാഗത്തിലുള്ള ജനങ്ങൾക്കെതിരായ പൊതുബോധത്തെ സവർണ ജാതിവിഭാഗങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്. സമൂഹത്തിൽ ജാതീയത നുരയ്ക്കുന്നതും നവോത്ഥാന മൂല്യങ്ങളിൽ നിന്ന് സമൂഹം പിന്തിരിയുന്നതുമൊക്കെ അത്തരത്തിലുള്ള സാമൂഹ്യ സാഹചര്യത്തിലാണ്. അപ്പോഴാണ് രാജ്യത്തെ ഉന്നത നീതിപീഠം പട്ടികജാതി – – പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിലവിലുള്ള പരിമിതമായ നീതിപോലും നിഷേധിക്കാനിടയുള്ള വിധിയുമായി മുന്നോട്ടുവരുന്നത്.

ഈ വിധി പട്ടികജാതി–-പട്ടികവർഗ ജനവിഭാഗങ്ങളെ സംബന്ധിച്ച് അത്യന്തം അപകടകരമായ ഒന്നായിത്തീരുന്നത് അവർ നേരിടുന്ന പല ക്രൂരമായ ജാതീയ പീഡനങ്ങളും അധിക്ഷേപങ്ങളും നടക്കുന്നത് വീടുകൾക്കോ ഓഫീസുകൾക്കോ ഉള്ളിൽ അടച്ചിട്ട മുറികളിലാണ് എന്നുള്ളതുകൊണ്ടാണ്. തൊഴിലിടങ്ങളിലോ, വാടക വീടുകളിലോ, അല്ലെങ്കിൽ മറ്റ് സ്വകാര്യ കൂടിക്കാഴ്ചകളിലോ വെച്ച് സംഘപരിവാർ, സവർണ ശക്തികളിൽനിന്ന് ഉണ്ടാകുന്ന മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും പൊതുജനം കാണുന്നില്ലെന്ന കാരണത്താൽ ഇനി ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് ഈ വിധി സ്ഥാപിക്കുന്നത്. ഇത് ആർ എസ് എസ് – സംഘപരിവാരമടക്കമുള്ള എല്ലാ അക്രമികൾക്കും നിയമപരമായ പഴുതുണ്ടാക്കിക്കൊടുക്കുന്നു. ഇരകൾക്ക് നീതി ലഭിക്കാനുള്ള സാധ്യതയെ ഇത് ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ഭരണഘടനയും 1989-ലെ നിയമവും വിഭാവനം ചെയ്ത സാമൂഹിക നീതിയുടെ ലക്ഷ്യത്തെത്തന്നെ സുപ്രീകോടതി നടത്തിയ സാങ്കേതിക വ്യാഖ്യാനം ദുർബലപ്പെടുത്തുന്നു എന്ന ആശങ്ക പ്രസക്തമാണ്. ഒരു വ്യക്തിയുടെ ജാതിയെ മുൻനിർത്തി അയാളെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന എല്ലാ അധിക്ഷേപങ്ങളും ശിക്ഷിക്കപ്പെടേണ്ടതാണ് എന്നതായിരുന്നു ഈ നിയമത്തിന്റെ ആത്മാവ്. എന്നാൽ, അധിക്ഷേപിക്കുന്ന സ്ഥലം പൊതു ഇടമാണോ സ്വകാര്യ ഇടമാണോ എന്ന സാങ്കേതികത്വത്തിനാണ് ഇപ്പോൾ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് കുറ്റകൃത്യത്തിന്റെ തീവ്രതയേക്കാൾ പ്രാധാന്യം നൽകുന്നത്. പട്ടികജാതി-–പട്ടികവർഗ വിഭാഗങ്ങളുടെ സുരക്ഷിതത്വത്തെയും അന്തസ്സിനെയും ഇത് കാര്യമായി ബാധിക്കും. ഇതിലൂടെ നിഷ്പ്രഭമാവുന്നത് 1989-ലെ പട്ടികജാതി-–പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമവും രാജ്യത്തെ പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ നീതിയുമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + 2 =

Most Popular