Friday, July 10, 2026

ad

Homeനിരീക്ഷണംഇന്ത്യ വിൽപനയ്‌ക്കോ?

ഇന്ത്യ വിൽപനയ്‌ക്കോ?

ന്ത്യൻ സമ്പദ്‌വ്യവസ്ഥ അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ‘വിശ്വഗുരു’ എന്നും ‘അഞ്ച് ട്രില്യൺ ഇക്കോണമി’ എന്നും അവകാശവാദങ്ങൾ നാടൊട്ടുക്ക് PR നടത്തി മുഴക്കുമ്പോഴും, കണക്കുകൾ വിരൽചൂണ്ടുന്നത് മറ്റൊരു യാഥാർത്ഥ്യത്തിലേക്കാണ്. രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയിലേക്ക് നീങ്ങുകയാണെന്നും, അതിനൊപ്പം തന്നെ രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങൾ വൻകിട കോർപ്പറേറ്റുകൾക്ക് തുച്ഛമായ വിലയ്ക്ക് മോദി സർക്കാർ വിറ്റഴിക്കുകയാണെന്നുമുള്ള വിമർശനം ശക്തമാവുകയാണ്.

2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇന്ത്യയുടെ മൊത്തം പൊതുകടം ഏകദേശം 55 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ, കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇത് കുത്തനെ ഉയർന്ന് 185 ലക്ഷം കോടി രൂപയിലേക്ക് (2024–-25 എസ്റ്റിമേറ്റ്) അടുക്കുകയാണ്. 200 ലക്ഷം കോടി രൂപ എന്ന ഭീകരമായ സംഖ്യയിലേക്ക് രാജ്യം അതിവേഗം കുതിക്കുന്നു.

ഇതിന്റെ ഫലമെന്താണ്? ഓരോ വർഷവും കേന്ദ്ര ബജറ്റിന്റെ സിംഹഭാഗവും ഏകദേശം 11 ലക്ഷം കോടി രൂപയോളം പഴയ കടങ്ങളുടെ പലിശ തിരിച്ചടയ്ക്കാൻ മാത്രമായി മാറ്റിവെക്കേണ്ടി വരുന്നു. വികസനത്തിനും, ആരോഗ്യത്തിനും, വിദ്യാഭ്യാസത്തിനും ഉപയോഗിക്കേണ്ട പണമാണ് ഇത്തരത്തിൽ പാഴാകുന്നത്. എല്ലാ ഇന്ത്യൻ പൗരരുടെയും പേരിൽ ഇപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ട്.

എന്നാൽ ഇങ്ങനെ ബാധ്യതകൾ വർദ്ധിപ്പിക്കുന്ന സർക്കാർ അതേസമയം പാവപ്പെട്ടവന്റെ ആശ്രയമായ ക്ഷേമപദ്ധതികളിൽ നിന്ന് ക്രമാനുഗതമായി പിന്മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. രാജ്യത്തെ സാമ്പത്തിക അസമത്വത്തിനും ദാരിദ്ര്യത്തിനും ആക്കംകൂട്ടുന്ന കേന്ദ്രസർക്കാരിന്റെ ചില പ്രധാന ‘പിന്നോട്ടുപോക്കുകൾ’ താഴെ പറയുന്നവയാണ്:

ഗ്രാമീണ ഇന്ത്യയുടെ നട്ടെല്ലായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ (MGNREGA) തകർക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

ഒരുകാലത്ത് സാധാരണക്കാരന് വലിയ ആശ്വാസമായിരുന്ന പല സബ്‌സിഡികളും ഇപ്പോൾ പേരിന് മാത്രമായി. വേണമെങ്കിൽ സബ്സിഡി ഇല്ലാതെ ജീവിക്കാൻ പറ്റുന്ന ജനതയായി ഇന്ത്യൻ ജനത മാറിയത് സാമ്പത്തിക മുന്നേറ്റത്തിന്റെ ലക്ഷണമാണെന്ന് ഇവർ പറയാനും മതി.

പാചകവാതകം (LPG): ഏതാനും വർഷങ്ങൾക്കു മുമ്പുവരെ ഗ്യാസ് സിലിണ്ടറിന് ലഭിച്ചിരുന്ന സബ്‌സിഡി ഇപ്പോൾ പൂർണമായും എടുത്തുമാറ്റിയ അവസ്ഥയാണ്. ‘ഉജ്ജ്വല’ പദ്ധതി പ്രകാരം ഗ്യാസ് കണക്ഷൻ ലഭിച്ച പാവപ്പെട്ടവർക്കുപോലും 900 രൂപയിലധികം നൽകി സിലിണ്ടർ റീഫിൽ ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.

ഭക്ഷ്യ സബ്‌സിഡി: ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണത്തിനുള്ള ബജറ്റ് വിഹിതത്തിലും വലിയ കുറവുവരുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് നൽകിയ അധിക അരി നിർത്തലാക്കിയതും റേഷൻ വിഹിതം കുറച്ചതും സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന നടപടിയാണ്.

ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പല സ്‌കോളർഷിപ്പുകളും കേന്ദ്രം നിർത്തലാക്കി. മൗലാന ആസാദ് നാഷണൽ ഫെല്ലോഷിപ്പ് (MANF): ന്യൂനപക്ഷ വിഭാഗങ്ങളിലെ ഗവേഷക വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ഈ ഫെല്ലോഷിപ്പ് പൂർണ്ണമായും നിർത്തലാക്കി.

പ്രീ-മെട്രിക് സ്‌കോളർഷിപ്പ്: ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ലഭിച്ചിരുന്ന സ്‌കോളർഷിപ്പുകൾ വെട്ടിച്ചുരുക്കി. വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായിരിക്കെയാണ് ഫണ്ടില്ലെന്ന കാരണത്താൽ ഈ പിന്മാറ്റം.

വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോഴും, വൃദ്ധർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും കേന്ദ്രസർക്കാർ നൽകുന്ന പെൻഷൻ തുകയിൽ വർഷങ്ങളായി നാമമാത്രമായ വർദ്ധനവുപോലും വരുത്തിയിട്ടില്ല.

ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം പ്രകാരം കേന്ദ്രം നൽകുന്ന വിഹിതം ഇന്നും കേവലം 200 രൂപ/300 രൂപ മാത്രമാണ്. ബാക്കി തുക സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്.

ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം ജി.ഡി.പി യുടെ 2.5% ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, അത് ഇന്നും വളരെ താഴ്ന്ന നിലയിലാണ്. എയിംസ് (AIIMS) പോലുള്ള ഉന്നത സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്നതല്ലാതെ, ജില്ലാ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേന്ദ്രം പരാജയപ്പെടുന്നു. ഇൻഷുറൻസ് അധിഷ്ഠിത ചികിത്സാ പദ്ധതികൾക്ക് (ആയുഷ്മാൻ ഭാരത്) പ്രാധാന്യം നൽകി, സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുകയാണ്.

കടം പെരുകുമ്പോഴും വരുമാനം കണ്ടെത്താൻ സർക്കാർ ആശ്രയിക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിനെയാണ്. “സർക്കാർ ബിസിനസ്സ് നടത്തേണ്ടതില്ല’ എന്ന നയത്തിന്റെ മറവിൽ രാജ്യത്തിന്റെ അമൂല്യമായ ആസ്തികൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന പണം സാധാരണക്കാരുടെ ക്ഷേമത്തിനോ രാജ്യത്തിന്റെ വികസനത്തിനോ അല്ല ഉപയോഗിക്കപ്പെടുന്നത് എന്നത് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. സർക്കാർ ക്ഷേമപദ്ധതികളിൽ നിന്നു പിന്മാറുകയും പൊതുസ്വത്ത് വിറ്റഴിക്കുകയും ചെയ്യുമ്പോൾ, അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ അംബാനി, അദാനി, ടാറ്റ തുടങ്ങിയ വൻകിട കോർപ്പറേറ്റുകളാണ്.

നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (NMP): രാജ്യത്തെ റോഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുതി ലൈനുകൾ, ഗ്യാസ് പൈപ്പ് ലൈനുകൾ എന്നിവ സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകി 6 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. 400 റെയിൽവേ സ്റ്റേഷനുകളും 90 ട്രെയിനുകളും വരെ ഇതിൽ ഉൾപ്പെടുന്നു.

വിമാനത്താവളങ്ങളും തുറമുഖങ്ങളും: തിരുവനന്തപുരം ഉൾപ്പെടെ ലാഭകരമായി പ്രവർത്തിച്ചിരുന്ന വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയത് നമ്മുടെ കൺമുമ്പിലെ ഉദാഹരണമാണ്. ലാഭം കോർപ്പറേറ്റുകൾക്കും, നഷ്ടം ജനങ്ങൾക്കും എന്ന അവസ്ഥയാണിത്.

എൽ.ഐ.സി (LIC) യും ബാങ്കുകളും: ജനങ്ങളുടെ വിശ്വാസമായ എൽ.ഐ.സിയുടെ ഓഹരികൾ വിപണിയിൽ വിറ്റതും, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവും സാമ്പത്തിക സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മാത്രമല്ല ഇതുപോലുള്ള സ്ഥാപനങ്ങളുടെ ഓഹരി വിൽക്കുമ്പോൾ അതിന്റെ ഗുണം ലഭിക്കുന്നത് ഓഹരി വിപണിയിൽ പണം മുടക്കാൻ കഴിവുള്ള സമ്പന്നർക്കാണ്. സാധാരണക്കാരന്റെ സുരക്ഷിത നിക്ഷേപമായിരുന്ന എൽ.ഐ.സി, ഓഹരി ഉടമകൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കാൻ ബാധ്യതയുള്ള ഒരു കമ്പനിയായി മാറുന്നു. ഇതോടെ സാമൂഹിക സുരക്ഷയേക്കാൾ ലാഭത്തിന് മുൻഗണന ലഭിക്കുന്നു.

സാധാരണക്കാരന് വാരിക്കോരി ക്ഷേമ പദ്ധതികൾ നൽകുവാനല്ല ഈ വിറ്റഴിക്കലും കടം വാങ്ങലും എന്ന് മനസ്സിലായല്ലോ. യഥാർഥത്തിൽ ഈ സാമ്പത്തിക നയങ്ങളുടെ ഏറ്റവും വലിയ ഇര സാധാരണക്കാരണ്. 2019-ൽ കേന്ദ്രസർക്കാർ വൻകിട കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചു. ഇതുവഴി ഖജനാവിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് കോടി രൂപയാണ് നഷ്ടമായത്. ഈ നഷ്ടം നികത്താൻ സർക്കാർ കണ്ടെത്തിയ വഴി സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിടുക എന്നതാണ്.

ചുരുക്കത്തിൽ
രാജ്യം ഒരു വശത്ത് കടക്കെണിയിൽ മുങ്ങുമ്പോഴും, മറുവശത്ത് ഉള്ളതെല്ലാം വിറ്റുപെറുക്കുന്ന കാഴ്ചയാണ് കാണുന്നത്. തിരിച്ചുവരാൻ ദശാബ്ദങ്ങൾ വേണ്ടിവരുന്ന തരത്തിലുള്ള സാമ്പത്തിക തകർച്ചയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്ത പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ വിട്ടുകൊടുക്കുമ്പോൾ, ക്ഷേമപദ്ധതികളിൽ നിന്ന് പിന്മാറുകയും ചെയ്യുമ്പോൾ നടക്കുന്നത് “സമ്പത്തിന്റെ കൈമാറ്റം’ (Transfer of Wealth) ആണ്. ദരിദ്രരായ ഇന്ത്യൻ ജനത കഷ്ടപ്പെട്ടുണ്ടാക്കിയ ആസ്തികൾ, ലാഭം മാത്രം ലക്ഷ്യമിടുന്ന ഏതാനും ചില കോർപ്പറേറ്റുകളുടെ കൈകളിലേക്ക് മാറ്റപ്പെടുന്നു. പക്ഷേ ഈ ദരിദ്രരായ ജനങ്ങൾക്ക് ലഭിക്കുന്നതാവട്ടെ വർദ്ധിച്ച ചെലവുകളും, ഇല്ലാതാകുന്ന തൊഴിലവസരങ്ങളും മാത്രമാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − 7 =

Most Popular