കേരളീയരുടെ സ്വന്തം ചലച്ചിത്രമേളയായ ഐഎഫ്എഫ്‌കെയുടെ മുപ്പതാമത് എഡിഷനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അവസാനിച്ചത്. മേളയെക്കുറിച്ച് വിശദമായി എഴുതാനല്ല ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്. ഈ മഹത്തായ ജനകീയ മേളയുടെ അര്‍ത്ഥവും പ്രസക്തിയും നഷ്ടപ്പെടുത്തുന്ന വിധത്തില്‍ യൂണിയന്‍ സര്‍ക്കാര്‍ അവസാന നിമിഷം നടത്തിയ കടുംവെട്ടും, സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് നാം അതിനെ മറികടന്നതുമായ കാര്യങ്ങളാണ് ഇവിടെ രേഖപ്പെടുത്തുന്നത്.
ഫിയാഫ് (Federation of Film Producers Association) അംഗീകാരമുള്ള ഇന്ത്യയിലെ വിരലിലെണ്ണാവുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രധാനപ്പെട്ടതാണ് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള(IFFK). ലോകമെമ്പാടുമുള്ള വിവിധ ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനികൾ, പ്രൊഡ്യൂസർമാർ, ക്യൂറേറ്റർമാർ, പ്രോഗ്രാമർമാർ, ഫെസ്റ്റിവല്‍ മാര്‍ക്കറ്റുകള്‍, ആര്‍ക്കൈവുകള്‍, വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളും എംബസികളും എന്നീ സ്രോതസ്സുകളിൽ നിന്നാണ് ഫെസ്റ്റിവലിലേയ്ക്ക് ഓരോ വർഷവും സിനിമകൾ തിരഞ്ഞെടുക്കുന്നത്. ഇത് ദീർഘകാലംകൊണ്ട് പൂർത്തീകരിക്കുന്ന, ചലച്ചിത്രാവബോധവും കലാതല്പരതയും ഉള്ളടങ്ങിയ പ്രക്രിയയാണ്.
ഇപ്രകാരം തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ ഇന്ത്യൻ സെൻസർഷിപ്പ് (സർട്ടിഫിക്കേഷൻ) പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല. കാരണം, സിനിമയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അതാണ് നിര്‍ദ്ദേശിക്കുന്നത്. അതിന്റെ കലാപരവും വിദ്യാഭ്യാസപരവും മാധ്യമപരവുമായ വളർച്ചയ്ക്കും പരിവർത്തനത്തിനും നവീകരണത്തിനും ഈ സമീപനം അനിവാര്യമാണ്. പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമാനയം പിന്തുടരുന്നതും ഈ കീഴ്-വഴക്കമാണ്. ഈ ഇളവിന് നിയമപരമായ പരിരക്ഷ തന്നെയുണ്ട്. ലോകസിനിമയുടെ നിലവാരത്തിൽ ഇന്ത്യൻ സിനിമ എത്താൻ നമ്മുടെ ചലച്ചിത്ര വിദ്യാർത്ഥികൾ കഴിയാവുന്നത്ര ലോക സിനിമകൾ കാണേണ്ടതുണ്ട്. നാളിതുവരെ, IFFK അടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിലേക്ക് തെരഞ്ഞെടുക്കുന്ന സിനിമകൾക്ക് സെൻസർ ഇളവ് ഔദ്യോഗികമായി നൽകുകയാണ് പതിവ്. സത്യത്തില്‍ ഇതൊരു സാങ്കേതിക പ്രക്രിയ മാത്രമാണ്. എത്രയോ പതിറ്റാണ്ടുകളായി ഫിലിം ഫെസ്റ്റിവലുകളും ഫിലിം സൊസൈറ്റികളും പ്രവര്‍ത്തിക്കുന്നത് ഈ സാഹചര്യത്തിലാണു താനും.
മുപ്പതാമത് ഐ എഫ് എഫ് കെയിൽ തെരഞ്ഞെടുക്കപ്പെട്ട ഇരുപതോളം സിനിമകൾക്ക് യൂണിയന്‍ സർക്കാർ (ഐ & ബി വകുപ്പ്) അകാരണമായി അനുമതി നിഷേധിച്ചത് അഭൂതപൂര്‍വ്വമായ നടപടിയാണ്. ഇക്കൂട്ടത്തിൽ ഐസൻസ്റ്റീൻ സംവിധാനം ചെയ്ത ബാറ്റിൽഷിപ്പ് പൊട്ടെംകിൻ, സൊളാനസിന്റെ ദ് ഹവർ ഓഫ് ഫർണസസ് എന്നിവയും ഉൾപ്പെടും. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലടക്കം പാഠ്യപദ്ധതിയുടെ ഭാഗമായി നിർബന്ധമായും കണ്ടുവരുന്ന അമൂല്യ ക്ലാസിക്കുകളായ ഈ സിനിമകൾ ഈ കാലത്ത് ഒരു മേജർ ഫിലിം ഫെസ്റ്റിവലിൽ തടയപ്പെട്ടു എന്നത് തീർത്തും അപമാനകരവും ഇന്ത്യൻ സാംസ്കാരിക ബഹുസ്വരതയ്ക്ക് വിരുദ്ധവും നമ്മുടെ അന്താരാഷ്ട്ര ബന്ധങ്ങളിൽ വിള്ളൽ വരുത്തുന്നതുമാണ്. പലസ്തീൻ സിനിമകളുടെ പാക്കേജും മറ്റു നിരവധി അന്തർദ്ദേശീയ മേളകളിൽ പുരസ്കാരം ലഭിച്ച ചില സിനിമകളും പ്രത്യേക കാരണങ്ങൾ ഇല്ലാതെ യൂണിയൻ സർക്കാർ നിരോധിച്ചു. ഉദാഹരണത്തിന് ബീഫ് എന്നു പേരുള്ളതു കൊണ്ടുമാത്രം ഒരു സ്പാനിഷ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചു. മഹാത്മാഗാന്ധിയുടെ കാലം മുതൽ ഇന്ത്യ പിന്തുടരുന്ന പലസ്തീൻ അനുകൂല നിലപാടിനെ പാടെ അട്ടിമറിക്കുന്ന പ്രതിലോമപരമായ നിലപാടാണ് യൂണിയൻ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പലസ്തീന്‍ പാക്കേജ് അപ്പാടെ നിരോധിക്കുന്ന നടപടിയാണ് യൂണിയന്‍ സര്‍ക്കാര്‍ എടുത്തത്. ഇതില്‍ ഐ എഫ് എഫ് കെയുടെ ഉദ്ഘാടന ചിത്രം പലസ്തീന്‍ 36ഉം ഉള്‍പ്പെടും.
കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി, പലസ്തീന്‍ സിനിമ ചെറുത്തുനില്പും നിത്യജീവിതവും ഓര്‍മകളും ആഖ്യാനം ചെയ്തുകൊണ്ടിരിക്കുന്നു. മാതൃഭൂമിയ്ക്കു വേണ്ടി നടത്തുന്ന പലസ്തീന്‍ സ്വാതന്ത്ര്യസമരത്തിന്റെ നേര്‍രേഖകളാണ് ഈ സിനിമകള്‍. പലസ്തീന്‍ യാഥാര്‍ത്ഥ്യമെന്താണെന്നതിനെക്കുറിച്ച് ലോകം ശ്രദ്ധിക്കുന്നതിന് ഈ സിനിമകള്‍ കാരണമാകുന്നു. തങ്ങളുടെ രാജ്യം അധീനതയിലാണെങ്കിലും തങ്ങളുടെ മനസ്സുകളും ബോധങ്ങളും കോളണിവത്കരിക്കപ്പെട്ടിട്ടില്ല എന്ന് നിരന്തരം തെളിയിക്കുന്ന സിനിമകളാണവ. വിവരങ്ങളുടെയും പരീക്ഷണങ്ങളുടെയും കലയാണ് പലസ്തീന്‍ സിനിമ. അഭയാര്‍ത്ഥിത്വത്തിന്റെയും നിത്യമായ കലാപങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും പിടിച്ചുപറിക്കലിന്റെയും തടവറകളുടെയും തുടര്‍ച്ചകള്‍ മാത്രമായ ജീവിതത്തില്‍ നിന്ന് സ്വപ്നങ്ങള്‍ നെയ്തെടുക്കാന്‍ കഴിയാത്തതുകൊണ്ട്, യാഥാര്‍ത്ഥ്യങ്ങളെ തന്നെ പുനഃസൃഷ്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഭൂമിയും അവകാശങ്ങളും സ്വാതന്ത്ര്യവും എല്ലാം യാഥാര്‍ത്ഥ്യമായിത്തീരുന്ന ഒരു പലസ്തീന് പകരമാകില്ല സിനിമാ പലസ്തീന്‍ എന്ന് പലസ്തീന്‍ ചലച്ചിത്രകാരര്‍ക്ക് നല്ല നിശ്ചയമുണ്ട്. എന്നാല്‍ ആ പലസ്തീന്‍ യാഥാര്‍ത്ഥ്യമായിത്തീരണമെങ്കില്‍ ഇതുപോലെ സജീവമായ ഒരു സിനിമാ പലസ്തീന്‍ അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണവരെ സര്‍ഗാത്മകമാക്കുന്നത്. ഓരോ ക്യാമറയ്ക്കും ഓരോ കഥയുണ്ട്. ചിത്രീകരണത്തിന്റെയും തകര്‍ന്നതിന്റെയും കഥകള്‍. എല്ലാം വ്യത്യസ്തം. എന്നാല്‍ എല്ലാം സമാനം. പലസ്തീനിലെ ഓരോ മനുഷ്യന്റെയും കഥയാണത്. അയാള്‍/അവള്‍ വെസ്റ്റ് ബാങ്കിലായാലും ഗസ്സയിലായാലും ഇതേപോലെ ജീവിതവും കുടുംബവും കെട്ടിപ്പടുക്കുന്നതിന്റെയും അതാകെ തകര്‍ന്നടിയുന്നതിന്റെയും കയറ്റിറക്കങ്ങളിലൂടെ ഒറ്റപ്പെടുകയും കൂട്ടുചേരുകയും മുന്നറിയിപ്പുകളില്ലാതെ അവസാനിക്കുകയുമാണ് ചെയ്യുന്നത്. എവിടെയെത്തിയാലും പലസ്തീന്‍ അവരെ പിന്തുടര്‍ന്നു പോന്നു. അവരെ മാത്രമല്ല, ഏതൊരു പലസ്തീന്‍കാരന്റെയും പലസ്തീന്‍കാരിയുടെയും അനുഭവങ്ങളില്‍ പ്രധാനമാണിത്. ഏതാണ് തങ്ങളുടെ സ്വന്തം സ്ഥലം എന്ന് ഒരിക്കലും തിരിച്ചറിയാന്‍ കഴിയാതെയും തീര്‍പ്പിലെത്താതെയും അലയുന്ന, ഒടുങ്ങുന്ന ജീവിതം. മിക്കപ്പോഴും ഒരു സൂട്ട്കേസിലടച്ചുവെക്കാവുന്നതാണ് പലസ്തീനിയുടെ ജീവിതം. ആ സ്യൂട്ട്കേസ് അല്ല പലസ്തീന്‍കാരന്റെ രാഷ്ട്രം എന്ന് മഹ്മൂദ് ദാര്‍വിഷ് എഴുതുന്നുണ്ട്. ദാര്‍വിഷിന്റെ ഒരു കാവ്യസമാഹാരത്തിന്റെ ശീര്‍ഷകം തന്നെ മൈ കണ്‍ട്രി ഈസ് നോട്ട് എ സ്യൂട്ട്കേസ് എന്നാണ്. പലസ്തീൻകാരന് / പലസ്തീൻകാരിക്ക് സിനിമ നിര്‍മ്മിച്ചെടുക്കുന്നത് എത്രമാത്രം അസാധ്യമാണെന്ന് ഏലിയ സുലൈമാന്‍ തെളിയിക്കുന്നു. പലസ്തീൻ സിനിമ എന്ന അസാധ്യമായ പ്രമേയത്തെ പരിചരിക്കുമ്പോള്‍, പലസ്തീന്‍ എന്ന ദേശരാഷ്ട്രത്തെയും സിനിമ എന്ന മാധ്യമപ്രയോഗത്തെയും ഏലിയ സുലൈമാന്‍ പറഞ്ഞും പറയാതെയും വിശദീകരിക്കുന്നു. മറുലോകമെന്നത്, പലസ്തീന്റെ ഒരു ചെറുപതിപ്പ് (മൈക്രോകോസം) ആണെന്നാണ് ഏലിയ സുലൈമാന്റെ അഭിപ്രായം. ഇത്തരത്തിലുള്ള അപൂര്‍വ്വമായ സിനിമകളാണ് പൊടുന്നനെ കേരളമേളയില്‍ നിന്ന് എടുത്തുമാറ്റപ്പെട്ടത്.
ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ (യു എസ് എസ് ആര്‍/1925) നിരവധി സിനിമകളുടെ കൂട്ടത്തില്‍ പെട്ട വെറുമൊരു സിനിമയല്ല. ചരിത്രത്തിലെ ഏറ്റവും മികച്ച പത്തു ചിത്രങ്ങളിലൊന്ന് പോലുമല്ല. അത് എല്ലാക്കാലത്തേക്കും വെച്ച് ഏറ്റവും മഹത്തായ സിനിമയാണ്. 1905ല്‍ സാറിസ്റ്റ് യജമാനന്മാര്‍ക്കെതിരെ പൊട്ടെംകിന്‍ യുദ്ധക്കപ്പലിലെ ഭടന്മാര്‍ നടത്തിയ പരാജയപ്പെട്ട കലാപത്തെ അടിസ്ഥാനമാക്കി, സിനിമയിലെ ആദ്യ മാസ്റ്റര്‍മാരിലൊരാളായ സെര്‍ഗീവ് ഐസന്‍സ്റ്റീന്‍ സംവിധാനം ചെയ്ത ഈ സിനിമ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സന്ദേശവും ചരിത്രപ്രാധാന്യവും ലോകജനതയുടെ മനസ്സില്‍ ഉറപ്പിച്ചെടുത്തു.
അഞ്ച് അധ്യായങ്ങളാണ് പൊട്ടെംകിന്നിനുള്ളത്. ഒന്നാമത്തേത്, മനുഷ്യനും പുഴുക്കളും. പുഴുക്കളരിച്ച മാംസം ആഹാരത്തിലുള്‍പ്പെട്ടതിനെത്തുടര്‍ന്ന് അതു കഴിച്ച ഭടന്മാര്‍ പ്രതിഷേധിക്കുന്നതാണീ ഭാഗത്തുള്ളത്. അടുത്തത്, തുറമുഖത്തെ നാടകം എന്ന അധ്യായമാണ്. പട്ടാളക്കാരുടെ ലഹളയും അവരുടെ നേതാവ് വാക്കുലിന്‍ചക്ക് കൊല്ലപ്പെടുന്നതുമാണീ ഭാഗത്തിലുള്ളത്. മൂന്നാമത്തെ അധ്യായം ഒരു പരേതന്‍ നീതി തേടുന്നു എന്നതാണ്. ഒഡേസ തുറമുഖത്തെ ജനതതി രക്തസാക്ഷിയായ നേതാവിന്റെ മരണത്തില്‍ അനുശോചിക്കുന്നതാണീ കഥാഭാഗം. ഒഡേസ പടവുകള്‍ എന്ന നാലാമധ്യായത്തില്‍ സാറിന്റെ പട്ടാളം ഒഡേസയിലെ ജനങ്ങളെ കൊന്നൊടുക്കുന്നതാണ് കാണിക്കുന്നത്. അവസാനത്തേതില്‍ കടലിലൂടെ നീങ്ങിയെത്തുന്ന മറ്റൊരു പടക്കപ്പലിലെ പട്ടാളവ്യൂഹത്തെ പൊട്ടെംകിന്‍ കപ്പലിലെ പോരാളികള്‍ നേരിടാന്‍ ശ്രമിക്കുന്നതും, എന്നാല്‍ ആ പട്ടാളവ്യൂഹം സമരക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എത്തിയവരാണെന്നു തെളിയുന്നതുമായ ഉദ്വേഗജനകമായ രംഗമാണുള്ളത്.
പൊരുതുന്ന ഭടന്മാരോട് ഐക്യദാര്‍ഢ്യവും അവരെ അടിച്ചമര്‍ത്തുന്ന മര്‍ദകരോട് രോഷവും കാഴ്ചക്കാരിൽ ജനിക്കുന്ന രീതിയിലാണ് ഐസന്‍സ്റ്റീന്‍ മൊണ്ടാഷ് സിദ്ധാന്തം പ്രയോഗവത്കരിച്ചത്. ഒഡേസ പടവുകളില്‍ വെച്ച് സാധാരണ ജനങ്ങളെ കൊന്നൊടുക്കുന്ന രംഗമാണ് ഏറ്റവും പ്രശസ്തമായത്. വെള്ള മേല്‍ക്കുപ്പായമണിഞ്ഞ സാറിസ്റ്റ് കൊസ്സാക്കുകള്‍ താളാത്മകമായി മാര്‍ച്ചുചെയ്ത് പടികളിറങ്ങുകയും ഓടിരക്ഷപ്പെടുന്ന ജനങ്ങളെ നിസ്സംഗമായി കൊന്നൊടുക്കുകയുമാണ്. ഈ സീക്വന്‍സിന്റെ അന്ത്യഭാഗത്തായി, തന്റെ കുട്ടിയെ ഉന്തുവണ്ടിയിലിട്ട് ഉന്തുന്ന അമ്മയെ വെടിവെച്ചിടുന്ന ദൃശ്യം ഹൃദയഭേദകമാണ്. നിലത്തുവീണ് പിടഞ്ഞുമരിക്കുന്ന ആ അമ്മയുടെ കാല്‍ തട്ടി കുട്ടിയെ കിടത്തിയിരിക്കുന്ന വണ്ടി പടികളിലൂടെ വേഗത്തില്‍ താഴോട്ട് കുതിക്കുന്നത് ശ്വാസം അടക്കിപ്പിടിച്ചിരുന്നു മാത്രമേ കണ്ടിരിക്കാനാവൂ. ഒഡേസ പടവുകളില്‍ വെച്ച് ഇത്തരത്തിലൊരു കൂട്ടക്കൊല യഥാര്‍ത്ഥത്തില്‍ നടന്നിട്ടില്ല. നഗരത്തിന്റെ മറ്റുഭാഗങ്ങളിലെവിടെയോ നടന്ന കൂട്ടക്കൊലയെ പശ്ചാത്തലത്തിന്റെ ദൃശ്യപരതകൂടി കണക്കിലെടുത്ത് ഭാവനാത്മകമായി പരിഷ്കരിച്ച് അവതരിപ്പിച്ചതിലൂടെ സാര്‍ ഭരണത്തിന്റെ മര്‍ദകസ്വഭാവം കാണികളിലേക്ക് വിനിമയം ചെയ്യുന്ന പ്രക്രിയ എളുപ്പമായിത്തീര്‍ന്നു. ഏറ്റവും കൗതുകകരമായ കാര്യം ഈ കൂട്ടക്കൊല നടന്നത് ഒഡേസ പടവുകളില്‍ തന്നെയാണെന്ന് പിന്നീട് ഭൂരിപക്ഷം ആളുകളും വിശ്വസിച്ചുപോന്നു എന്നതാണ്. ചരിത്ര യാഥാര്‍ത്ഥ്യം എന്തോ ആയിക്കൊള്ളട്ടെ, ദൃശ്യസങ്കലനത്തിന്റെ ചൈതന്യം അതിനെ അതിവര്‍ത്തിച്ചു എന്നു സാരം.
നാസി ജര്‍മനി, ബ്രിട്ടന്‍, സ്പെയിന്‍, ഫ്രാന്‍സ് എന്നിങ്ങനെ പല രാജ്യങ്ങളിലും അക്കാലത്ത് പൊട്ടെംകിന്റെ പ്രദര്‍ശനം നിരോധിക്കുകയുണ്ടായി. ഫാക്ടറികളുടെയും ക്ലബ്ബുകളുടെയും വിദ്യാലയങ്ങളുടെയും മങ്ങിയ ചുമരുകളിലും വലിച്ചുകെട്ടിയ സാറ്റിന്‍ തുണികളിലുമാണ് പലപ്പോഴും ചിത്രം പ്രൊജക്റ്റ് ചെയ്യപ്പെട്ടത്. യൂറോപ്പ് ഒരു ഭാഗത്ത് ജ്ഞാനോദയത്തിന്റെയും മറുഭാഗത്ത് ഫാസിസത്തിന്റെയും സ്വാധീനത്തിലായിരുന്നു. ആ പശ്ചാത്തലത്തിൽ സിനിമാ വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും സർട്ടിഫിക്കേഷന്റെയും സർക്യൂട്ടുകളിലൂടെ പൊട്ടെംകിൻ യൂറോപ്യൻ പ്രേക്ഷകർക്കു മുന്നിലെത്തിയില്ല. ഈ കുറവ്, ബർട്രാന്റ് റസ്സലും ബെര്‍ണാര്‍ഡ് ഷായും അടക്കമുള്ള ബുദ്ധിജീവികളും പണ്ഡിതരും അതോടൊപ്പം പുരോഗമന ചിന്താഗതിക്കാരും തിരിച്ചറിഞ്ഞു. അവർ, പൊട്ടെംകിന്നിന്റെ സ്പൂളുകൾ പല കഷണങ്ങളായി അതിർത്തി കടത്തി ജർമനിയിലും ഇംഗ്ലണ്ടിലും പാരീസിലും മറ്റുമെത്തിച്ചു. അവിടെ നിന്ന് റീ എഡിറ്റ് ചെയ്തും കൂട്ടിയോജിപ്പിച്ചും പരമ്പരാഗത സിനിമാശാലകൾക്കു പുറത്ത് പ്രദർശിപ്പിക്കുകയായിരുന്നു. അതിനായി, വ്യവസായ നഗരിയായ മാഞ്ചസ്റ്ററിൽ രൂപീകരിച്ച വർക്കേഴ്സ് ഫിലിം സൊസൈറ്റി യിൽ നിന്നാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.ബദല്‍ സിനിമയുടെ ആദ്യത്തെ അടയാളമായി ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ വാഴ്ത്തപ്പെടുന്നത് ഈ വസ്തുത കൂടി കണക്കിലെടുത്തുകൊണ്ടാണ്.
സിനിമയുടെ തുടക്കത്തില്‍ മഹാനായ ലെനിന്‍ 1905ല്‍ നല്‍കിയ ഒരു സന്ദേശമാണുള്ളത്. ‘വിപ്ലവം ഒരു യുദ്ധമാണ്. ചരിത്രത്തില്‍ അറിയപ്പെട്ട എല്ലാ യുദ്ധങ്ങളിലും വെച്ച്, നീതിമത്കരിക്കാവുന്നതും സത്യസന്ധവും യഥാര്‍ത്ഥത്തില്‍ മഹത്തരവുമായ യുദ്ധമാണത്. റഷ്യയില്‍ അത്തരത്തിലുള്ള ഒരു യുദ്ധം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു, അത് ആരംഭിച്ചും കഴിഞ്ഞിരിക്കുന്നു’. ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ സിനിമയുടെ ചരിത്രത്തില്‍ പഠനവിധേയമായി ഒറ്റക്കുനില്‍ക്കുന്ന ഒരു ടെക്സ്റ്റ്ബുക്കല്ല. അത്, മര്‍ദനം അധികാരബലതന്ത്രത്തിന്റെ അവിഭാജ്യ ഭാഗമായി നടപ്പിലാക്കുന്ന ഭരണകൂടവും അതിനെതിരായ ജനകീയ പ്രതിരോധവും എന്ന വൈരുദ്ധ്യത്തിന്റെ സാമൂഹ്യയാഥാര്‍ത്ഥ്യം നിലനില്‍ക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്നിടത്തോളം കാലം പ്രസക്തമായിരിക്കുന്ന ഒരു സിനിമയാണ്. അതായത്, ചരിത്രപരത മാത്രമല്ല പൊട്ടെംകിന്നിനെ ന്യായീകരിക്കുന്നത്, മറിച്ച് വര്‍ത്തമാനകാല സങ്കീര്‍ണതകള്‍ കൂടിയാണെന്നര്‍ത്ഥം. ഇക്കാര്യം 2025ലും ഇന്ത്യയിലും കേരളത്തിലും തെളിഞ്ഞു.ഫെര്‍ണാണ്ടോ സൊളാനസും ഒക്ടോവിയോ ജെറ്റിനോയും ചേര്‍ന്ന് സംവിധാനം ചെയ്ത ദ ഹവര്‍ ഓഫ് ഫര്‍ണസസ് (അര്‍ജന്‍റീന/1968), വിപ്ലവ സിനിമയുടെ എക്കാലത്തെയും മാതൃകയാണ്. വിപ്ലവത്തിന് നേരിട്ടുതന്നെ ആഹ്വാനം ചെയ്യുന്ന ഈ ചിത്രത്തെ ഒരു മാനിഫെസ്റ്റോ ആയി ചരിത്രം രേഖപ്പെടുത്തി. വിദ്യാഭ്യാസം, അറിവ്, സംവാദം, ചരിത്രപരത എന്നീ മൂല്യങ്ങളൊക്കെയും ഉയര്‍ത്തിപ്പിടിക്കുന്ന ആ സിനിമയുടെ പ്രതിപാദനസവിശേഷത ലോകമെമ്പാടുമുള്ള വിപ്ലവാനുകൂലികള്‍ക്കും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആവേശം പകരുന്നതായിരുന്നു. സൗന്ദര്യാത്മകത, സമഗ്രമായ അഭിമുഖങ്ങള്‍, ന്യൂസ് റീലുകള്‍, സുഘടിതവും അപഗ്രഥനാത്മകവുമായ മൊണ്ടാഷുകള്‍, വേണ്ടിടത്ത് ചുരുക്കിപ്പറയാനുള്ള വിവേകം എന്നീ രീതികള്‍ കൊണ്ടൊക്കെയാണ് ദ ഹവര്‍ ഓഫ് ഫര്‍ണസസ് ഡോക്കുമെന്ററി ക്ലാസിക്ക് ആയി വിലയിരുത്തപ്പെട്ടത്. ബൊളീവിയന്‍ കാടുകളില്‍ വെച്ച് അമേരിക്കന്‍ പട്ടാളം ക്രൂരമായി കൊലപ്പെടുത്തിയ ചെഗുവേരയുടെ മൃതശരീരത്തിന്റെ രണ്ടര മിനിറ്റ് നീണ്ടുനില്‍ക്കുന്ന നിശ്ചലദൃശ്യത്തിന്റെ ക്ലോസപ്പോടെയാണ് സിനിമ സമാപിക്കുന്നത്. ഈ ദൃശ്യമാകട്ടെ അമേരിക്കന്‍ സര്‍ക്കാര്‍ ആര്‍ക്കൈവില്‍ നിന്ന് അനധികൃതമായി കൈവശപ്പെടുത്തിയതുമായിരുന്നു.
‘ഒന്നരലക്ഷം നാവികര്‍ക്ക് വിയറ്റ്നാം ജനതയുടെ ധീരവും ഗംഭീരവുമായ ചെറുത്തുനില്‍പ്പിനെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ലോകത്തിന്റെ മൂന്നില്‍ രണ്ടു ഭൂഭാഗത്തുള്ള ജനതയെ തോല്‍പ്പിക്കാന്‍ എത്ര നാവികര്‍ വേണ്ടിവരും? ചൈന, ക്യൂബ, കൊറിയ, ലാറ്റിനമേരിക്ക, അറേബ്യന്‍ രാജ്യങ്ങള്‍, സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ജനതകളും വികസിത രാജ്യങ്ങളിലെ പുരോഗമനശക്തികളും ആഫ്രിക്കന്‍- അമേരിക്കന്‍ ജനതയും അടങ്ങുന്ന ലോകത്തെ മഹാഭൂരിപക്ഷത്തെ അവര്‍ക്ക് നേരിടാനാവില്ല. സാമ്രാജ്യത്വം അന്തിമമായ പരാജയത്തിലേക്ക് നീങ്ങുകയാണ്. ചെയര്‍മാന്‍ മാവോ പറഞ്ഞതു പോലെ ‘അത് ഒരു കടലാസുപുലി മാത്രമാണ്’. ദി ഹവര്‍ ഓഫ് ഫര്‍ണസസിലെ അവസാനസീക്വന്‍സിനു തൊട്ടുമുമ്പുള്ള പശ്ചാത്തല വിവരണമാണിത്.
ഈ ചിത്രം ആദ്യമായി എഡിറ്റു ചെയ്ത കാലത്ത് നിയമവിരുദ്ധമായിരുന്നതിനാല്‍ രാഷ്ട്രീയമായി അനുഭാവമുള്ളവര്‍ക്കിടയില്‍ മാത്രമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നത്. ചിത്രം കാണാനുള്ള തീരുമാനമെടുക്കുകയും അതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നതുതന്നെ സാഹസമായിരുന്നു. ആ സാഹസികതയിലൂടെ ഈ സിനിമയുടെ മുഖ്യ നായകനായി ആ കാണി മാറിത്തീരുന്നുവെന്നാണ് സൊളാനസ് മൂന്നാം ലോക സിനിമക്കുവേണ്ടി എന്ന ഒക്ടോവിയോ ജെറ്റിനോയോട് ചേര്‍ന്നെഴുതിയ പ്രസിദ്ധ ലേഖനത്തില്‍ വ്യക്തമാക്കിയത്.
ലോകമെമ്പാടുമുള്ള വിപ്ലവകാരികള്‍ക്ക് സിനിമ ആവേശം പകര്‍ന്നുനല്‍കി. രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ അടിമത്തത്തില്‍ നിന്നുള്ള വിമോചനത്തിനായി സമ്പൂര്‍ണ വിപ്ലവത്തിനൊരുങ്ങുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന് ദ ഹവര്‍ ഓഫ് ഫര്‍ണസസ് വ്യക്തമാക്കുന്നു. ഭൂതകാലം നിര്‍മിച്ചുവെച്ച എല്ലാ ചലച്ചിത്രാഖ്യാനരൂപങ്ങളെയും അതുകൊണ്ടു തന്നെ ദ ഹവറിന് മറികടക്കേണ്ടതുണ്ടായിരുന്നു. അമേരിക്കന്‍/യൂറോപ്യന്‍ സിനിമയോടുള്ള ഘടനാപരവും ഭാഷാപരവുമായ ആധമര്‍ണ്യത്തില്‍ നിന്ന് ലാറ്റിനമേരിക്കന്‍ സിനിമയെ മാത്രമല്ല മൂന്നാം ലോക സിനിമയെ മുഴുവനും വിമോചിപ്പിക്കാനുള്ള ശക്തിയുള്ള സിനിമയായി ദ ഹവര്‍ ഓഫ് ഫര്‍ണസസിനെ മര്‍ദിതജനത തിരിച്ചറിഞ്ഞു.
സാമ്രാജ്യത്വത്തിന്റെയും നവസാമ്രാജ്യത്വത്തിന്റെയും വർണവെറിയുടെയും ചരിത്രവും പ്രത്യയശാസ്ത്രവും സാംസ്കാരികാധിനിവേശ സ്വഭാവവും വിശദീകരിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് അബ്ദറഹ്മാൻ സിസ്സാക്കോയുടെ ബമാക്കോ എന്ന സിനിമയുടെ പ്രസക്തി ബോധ്യപ്പെടുക. മുപ്പതാമത് ഐ എഫ് എഫ് കെയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സ്വീകരിക്കാന്‍ സിസ്സാക്കോ തിരുവനന്തപുരത്തുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ സിനിമകളായ ബമാക്കോയും തിംബുക്തുവും നിരോധിക്കപ്പെടുന്നത്. കുറവങ്കോണത്തെ കഫേ മാക്കേയില്‍ വെച്ച് ഞാനും സിസ്സാക്കോയെക്കുറിച്ച് പുസ്തകമെഴുതിയ മുഹമ്മദ് ശമീമും മറ്റു രണ്ടു സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പം ഒന്നര മണിക്കൂര്‍ ചെലവഴിച്ചു. നിരോധനത്തിന്റെ കാര്യം ഞങ്ങളാരും പറഞ്ഞില്ല. നമ്മുടെ നാടിനെ നാണംകെടുത്താന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല. മാനസികവും ഭൗതികവുമായ പ്രക്രിയകളെയും സാമൂഹിക സംഘർഷങ്ങളെയും സാംസ്കാരിക അവബോധങ്ങളെയും കൃത്യമായി യോജിപ്പിച്ചും അതേ സമയം സങ്കൽപ്പങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും കെട്ടുപാടുകളിൽ സ്തംഭിച്ചുനിൽക്കാതെയും പോസ്റ്റ് കൊളോണിയൽ ആർട് സിനിമകളുടെ വ്യാഖ്യാനത്തിൽ പുതിയൊരിടം കണ്ടെത്തുകയാണ് ബമാക്കോ എന്ന സിനിമ. (സോക്കോളോ മുതല്‍ തിംബുക്തു വരെ എന്ന, സിസ്സാക്കോയുടെ സിനിമകളെക്കുറിച്ചെഴുതിയ മുഹമ്മദ് ശമീമിന്റെ പുസ്തകത്തില്‍ നിന്ന്). പരമ്പരാഗതമായ ഇസ്ലാമിക സംസ്കാരത്തിനു മേൽ, തീവ്ര ഇസ്ലാമിസ്റ്റുകളുടെ അധിനിവേശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന തിംബുക്തു; ഇസ്ലാം എന്താണ് എന്ന് ആളുകളോട് പറയുന്ന സിനിമയാണെന്ന് ശമീം സിസ്സാക്കോവിനെ ഉദ്ധരിച്ച് രേഖപ്പെടുത്തുന്നു. തിംബുക്തു അടിയുറച്ച ഇസ്ലാമിക പാരമ്പര്യമുള്ള ഒരു പ്രദേശമായി മാറിയത്, ആയുധങ്ങളുടെ പിൻബലത്താലല്ല. അറിവിന്റെയും അക്ഷരങ്ങളുടെയും വെളിച്ചത്തിൽ പ്രതിഫലിക്കുന്ന ഇസ്ലാമാണ് അവിടെയുള്ളതെന്ന് ഈ സിനിമയിലെ കഥാപാത്രമായ ഇമാം പറയുന്നു. സിസ്സാക്കോ പറയുന്നതു പോലെ സായുധ ജിഹാദിസ്റ്റുകളുടെ ഒന്നാമത്തെ ഇര ഇസ്ലാം തന്നെയാണ് എന്ന വസ്തുതയും ഈ സിനിമയിൽ വ്യക്തമാക്കപ്പെടുന്നു. എന്താണ് എന്നതല്ല, എന്തല്ല എന്നതിനെ ദൃശ്യമാക്കുകയാണ് താൻ ചെയ്യുന്നതെന്ന് വ്യക്തമാക്കുകയാണ് സിസ്സാക്കോ.
എന്നാല്‍, ഐ എഫ് എഫ് കെയെ അനിശ്ചിതത്വത്തിലേയ്ക്ക് തള്ളിവിടാതെ കേരളത്തിലെ ജനകീയ സര്‍ക്കാര്‍ ഉചിതമായതും ധീരമായതുമായ നടപടിയെടുത്തു. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് എല്ലാം വ്യക്തമായി. അതിപ്രകാരമാണ്: ‘‘മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച യൂണിയൻ സർക്കാർ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ഭിന്നസ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും.’’ l



