Tuesday, March 3, 2026

ad

Homeവിശകലനം2025 നവംബർ 26ലെ 
ദേശീയ പ്രക്ഷോഭത്തിന്റെ പ്രാധാന്യം

2025 നവംബർ 26ലെ 
ദേശീയ പ്രക്ഷോഭത്തിന്റെ പ്രാധാന്യം

പി കൃഷ്ണപ്രസാദ്

സംയുക്ത ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പിന്തുണയോടെ, ഡൽഹി അതിർത്തിയിൽ ചരിത്രം കുറിച്ച കർഷകപ്രക്ഷോഭം ആരംഭിച്ചതിന്റെ അഞ്ചാം വാർഷിക ദിനമാണ് 2025 നവംബർ 26. ഇന്ത്യയുടെ സമകാലിക ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ തൊഴിലാളി കർഷക ബഹുജന പോരാട്ടമാണിത്. 736 രക്തസാക്ഷികൾ ജീവൻ ബലി നൽകിയ, മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കാൻ യൂണിയൻ ഗവൺമെന്റിനെ നിർബന്ധിതമാക്കിയ ഈ പോരാട്ടം കോർപ്പറേറ്റുകൾക്കെതിരായ ജനങ്ങളുടെ ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ്.

സമരം ആരംഭിച്ചപ്പോൾ രൂപീകരിച്ച സംയുക്ത കിസാൻ മോർച്ച, കഴിഞ്ഞ അഞ്ചുവർഷമായി സ്വതന്ത്രമായും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുമായും തൊഴിലാളികളുടെയും കർഷകരുടെയും മറ്റ് യൂണിയനുകളുമായും ഏകോപിച്ചും തുടർച്ചയായ ക്യാമ്പയിനുകളും പ്രക്ഷോഭ പ്രവർത്തനങ്ങളും സംഘടിപ്പിച്ചുകൊണ്ട് ഇന്ത്യയിലാകമാനം കർഷക ഐക്യം ഇപ്പോഴും ഉയർത്തിപ്പിടിക്കുകയാണ്.

C2 + 50% ഉൾപ്പെടെ മിനിമം താങ്ങുവില, വായ്പ എഴുതിത്തള്ളൽ, ഇലക്ട്രിസിറ്റി സ്വകാര്യവൽക്കരിക്കാതിരിക്കുക എന്നിവയുൾപ്പെടെയുള്ള ഉറപ്പുകൾ മോദി സർക്കാർ 2021 ഡിസംബർ 9ന് സംയുക്ത കിസാൻ മോർച്ചയ്ക്കു നൽകി. എന്നാൽ വർദ്ധിച്ചുവരുന്ന മുതലാളിത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾക്കു വഴങ്ങിക്കൊണ്ട് മോദി സർക്കാർ ആ ഉറപ്പുകൾ പാലിച്ചില്ല. തൊഴിലില്ലായ്മ പ്രതിസന്ധി നേരിടുന്നതിലും മോദി ഗവൺമെന്റ് പരാജയപ്പെട്ടു. ലേബർ കോഡുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. ഇതിനെതിരെ നടന്ന കർഷകരുടെയും തൊഴിലാളികളുടെയും യോജിച്ച പോരാട്ടങ്ങൾ വലിയതോതിൽ ബഹുജന പിന്തുണ നേടുകയും ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ, തൊഴിലെടുക്കുന്ന ജനങ്ങൾക്കിടയിലും യുവജനങ്ങൾക്കിടയിലും അവർക്കുണ്ടായിരുന്ന രാഷ്ട്രീയ സ്വാധീനശക്തിയെ ദുർബലമാക്കുകയും ചെയ്തു. പതിനാലാം ലോക്-സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്കു നേടിയ ഭൂരിപക്ഷം അവർക്ക് നിലനിർത്താൻ കഴിയാതിരുന്നത് ഇതിനു തെളിവാണ്.

നിലവിലെ സാഹചര്യത്തിൽ സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്ന, 2025 നവംബർ 26ലെ രാജ്യവ്യാപകമായ ബഹുജന പ്രതിഷേധ പ്രകടനങ്ങൾ, മോദി ഗവൺമെന്റിന്റെ സ്വേച്ഛാധിപത്യ കോർപ്പറേറ്റനുകൂല വർഗീയ നയങ്ങൾക്കെതിരായ തൊഴിലാളി വർഗത്തിന്റെയും കർഷകജനസാമാന്യത്തിന്റെയും എല്ലാ അടിയന്തരാവശ്യങ്ങളും നേടിയെടുക്കുംവരെയുള്ള നെടുനാൾ നീണ്ടതും വമ്പിച്ചതുമായ പോരാട്ടത്തിന്റെ തുടക്കമായിരിക്കും. തൊഴിലെടുക്കുന്ന ജനതയുടെ വർഗപരമായ ഐക്യത്തിന്റെ സാക്ഷാത്കാരം സമീപഭാവിയിൽ, സാമൂഹികമാറ്റത്തിനായുള്ള ജനകീയ മുന്നേറ്റത്തിന് ഉത്തേജനമേകും.

ഗ്രാമങ്ങളിലെയും ഫാക്ടറികളിലെയും തൊഴിലിടങ്ങളിലെയും അധ്വാനിക്കുന്ന ജനങ്ങളുടെ സ്വാധീനശക്തി ഊട്ടിയുറപ്പിക്കുന്നതിന് തൊഴിലാളി – കർഷക ഐക്യം യാഥാർഥ്യമാക്കുകയെന്ന സുപ്രധാന കടമ ഏറ്റെടുക്കുന്നതിന് അഖിലേന്ത്യാ കിസാൻ സഭയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും സിഐടിയുവും പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിന്മേൽ പ്രാദേശികമായ സമരങ്ങൾ ബോധപൂർവം വികസിപ്പിക്കുകയും ഈ സമരങ്ങളെ മിനിമം താങ്ങുവില ഏർപ്പെടുത്തു, വായ്പ എഴുതിത്തള്ളുക, ഇലക്ട്രിസിറ്റി സ്വകാര്യവൽക്കരിക്കാതിരിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക എന്നിവ ഉൾപ്പെടെയുള്ള നയപരമായ ഡിമാൻഡുകളുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് മുന്നോട്ടുപോകാനുള്ള പാത. കോർപറേറ്റ് വർഗീയ വാഴ്ചയിൻ കീഴിൽ സാമൂഹ്യമായ വൈരുധ്യങ്ങൾ മൂർച്ചി്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംഭരണ സംവിധാനങ്ങളുടെ അഭാവം മൂലം കാർഷികോല്പന്നങ്ങൾ തുച്ഛവിലയ്ക്ക് വിൽക്കൽ, അനിയന്ത്രിതമായി ഉയരുന്ന കടബാധ്യത, കർഷക ആത്മഹത്യകൾ, ദുരിതപൂർണമായ കുടിയേറ്റം, തൊഴിലുറപ്പ് പദ്ധതിയ്ക്കുകീഴിൽ ഉറപ്പായും ലഭിക്കേണ്ട നൂറു തൊഴിൽ ദിനങ്ങളും കൂലിയും ക്രൂരമായി നിഷേധിക്കൽ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ, ആശ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങൾക്ക് മിനിമം വേതനം നൽകാതിരിക്കൽ, പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ അടിച്ചേൽപ്പിക്കൽ, മതിയായ നഷ്ടപരിഹാരം നൽകാതെ വിവേചനരഹിതമായി ഭൂമി ഏറ്റെടുക്കൽ, വളങ്ങളുടെ ദൗർലഭ്യവും കരിഞ്ചന്തയിൽ അവയുടെ വിൽപനയും, പ്രകൃതിദുരന്തങ്ങൾക്കിരയായവർക്ക് നഷ്ടപരിഹാരം നിഷേധിക്കൽ, വന്യജീവി ആക്രമണത്തിൽ നിന്നും ജീവനും വിളകൾക്കും സുരക്ഷിതത്വം ഇല്ലാതിരിക്കൽ എന്നിവപോലെ, പ്രാദേശികമായ പോരാട്ടങ്ങൾ അഴിച്ചുവിടുന്നതിന് അനുയോജ്യമായ വിഷയങ്ങൾ അനവധിയാണ്.

ജനങ്ങൾക്കിടയിൽ പ്രചരണം നടത്താനും, യോഗങ്ങൾ, കൺവെൻഷനുകൾ, സെമിനാറുകൾ, പദയാത്രകൾ, സൈക്കിൾ റാലി, ഗ്രാമീണ കൂട്ടായ്മകൾ, ലഘുലേഖ വിതരണം, സമരം മുന്നോട്ടുവയ്ക്കുന്ന 19 ഇന അവകാശ പത്രികയിലെ ആവശ്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി വീടുവീടാന്തരമുള്ള ക്യാമ്പയിനുകൾ എന്നിവ കൂട്ടായി സംഘടിപ്പിക്കാനും 2025 നവംബർ 26ന് സംസ്ഥാന /ജില്ലാ കേന്ദ്രങ്ങളിൽ ജനങ്ങളെ വിജയകരമായി അണിനിരത്താനും സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു.

സംയുക്ത കിസാൻ മോർച്ച അംഗീകരിച്ച 19 ഇന അവകാശ പത്രികയിലെ 7 അടിയന്തര ആവശ്യങ്ങൾ ഇനി പറയുന്നവയാണ്:

1. 2021 ഡിസംബർ 9ന് യൂണിയൻ ഗവൺമെന്റ് സംയുക്ത കിസാൻ മോർച്ചയ്ക്ക് താങ്ങുവില സംബന്ധിച്ച് രേഖാമൂലം നൽകിയ ഉറപ്പുകളും മറ്റ് ആവശ്യങ്ങളും പാലിക്കുക. സംസ്കരണം, മൂല്യ വർധിത കാർഷികോല്പന്നങ്ങളുടെ വ്യാപാരം എന്നിവയിൽ നിന്നുള്ള മിച്ചം പങ്കുവെക്കുക വഴി, സംഭരണം ഉറപ്പാക്കിക്കൊണ്ട് C2 + 50% താങ്ങുവില യാഥാർഥ്യമാക്കുന്നതിന് പാർലമെന്റ് നിയമം പാസാക്കുക. എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ബ്ലോക്കുകളിലും ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ മണ്ഡികൾ / വിപണികൾ ഉടൻ ആരംഭിച്ച്, സ്വകാര്യ സംരംഭകർക്ക് കർഷകർ ഉൽപ്പന്നങ്ങൾ തുച്ഛവിലയ്ക്ക് വിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുക. രാജ്യത്താകമാനമുള്ള എല്ലാ കർഷകർക്കും പ്രഖ്യാപിക്കപ്പെട്ട A2 + FL + 50% താങ്ങുവില ഉറപ്പാക്കുക. സംഭരിക്കപ്പെടുന്ന നെല്ലിന്റെ ഈർപ്പ പരിധി (Moisture Limit) 17 ശതമാനത്തിൽ നിന്നും 22 ശതമാനമായി ഉയർത്തുക.

2. കർഷകർക്കും കർഷകത്തൊഴിലാളികൾക്കുമായി സമഗ്രമായ വായ്പ എഴുതിത്തള്ളൽ പദ്ധതി പ്രഖ്യാപിക്കുക. മെെക്രോ –ഫിനാൻസ് സ്ഥാപനങ്ങൾ നടത്തുന്ന ചൂഷണം നിയന്ത്രിക്കുക; പലിശ നിരക്ക് ക്രമീകരിക്കുക, കടം വാങ്ങുന്നവരെ നിയമവിരുദ്ധമായി പീഡിപ്പിക്കുന്നതിനെതിരെ നിയമ നടപടികളെടുക്കുക. കർഷകർക്ക് പലിശരഹിത വായ്പാ പദ്ധതി നടപ്പാക്കുന്നതിന് ആർബിഐ മിച്ചം നബാർഡിന് കൈമാറുക.

3. ഇലക്ട്രിസിറ്റിയും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കരുത്. സ്മാർട്ട് മീറ്ററുകൾ പാടില്ല. വൈദ്യുതി ബിൽ 2025 പിൻവലിക്കുക. എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുക.

4. അമേരിക്ക ഇന്ത്യയ്ക്കുമേൽ 50 ശതമാനം താരിഫ് ചുമത്തുന്നതിനെതിരെ പോരാടുക. പരുത്തി, ക്ഷീരമേഖലകളിൽ സ്വതന്ത്ര വ്യാപാര കരാർ പാടില്ല. പരുത്തിയ്ക്കുമേലുള്ള 11 ശതമാനം ഇറക്കുമതിച്ചുങ്കം എടുത്തുകളയുന്ന ഉത്തരവ് പിൻവലിക്കുക. ഇൻഡോ – യുകെ സ്വതന്ത്ര വ്യാപാര കരാറും എസ്ഇടിഎയും റദ്ദു ചെയ്യുക. കർഷകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങൾ ഹനിക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകൾ പാടില്ല. ഇന്ത്യയിലെ സാധാരണ വിള ചക്ര(Crop Cycle) കാലത്ത് വിള വിലകൾ താഴുന്ന കാരണമാകുന്ന വിധത്തിലുള്ള കാർഷിക വിളകളുടെയെല്ലാം ഇറക്കുമതി നിരോധിക്കുക.

5. അതിതീവ്ര പ്രളയങ്ങളെയും മറ്റ് പ്രകൃതിദുരന്തങ്ങളെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. വെള്ളപ്പൊക്കമുണ്ടാകുന്നതിന്റെ കാരണങ്ങളെയും പാരിസ്ഥിതിക ആഘാതങ്ങളെയും കുറിച്ച് പഠനം നടത്താതെ, പരിസ്ഥിതിലോലമായ ഹിമാലയ പ്രദേശങ്ങളിലെ പ്രകൃതി വിഭവങ്ങൾ കയ്യടക്കാൻ കോർപ്പറേറ്റുകളെ അനുവദിച്ചതുമൂലമുണ്ടായ ആഘാതങ്ങളെ സംബന്ധിച്ച് സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക. പ്രകൃതിദുരന്തങ്ങൾ ബാധിച്ച എല്ലാ സംസ്ഥാനങ്ങൾക്കുമായി, പ്രത്യേകിച്ച് പഞ്ചാബിന് 25000 കോടി രൂപ ഉൾപ്പെടെ, ജീവനും ജീവനോപാധിയും നഷ്ടമായതിനും പ്രകൃതി ദുരന്തത്തിനിരയാക്കപ്പെട്ടവരുടെ സാമൂഹ്യവും സാമ്പത്തികവുമായ ജീവിതം പുനർ നിർമിക്കുന്നതിനുമായി ഒരു ലക്ഷം കോടി രൂപ നഷ്ടപരിഹാരം നൽകുക. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള പാട്ട കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും അവകാശം സംരക്ഷിക്കപ്പെടണം. നഷ്ടം കണക്കാക്കുന്നതിനും യഥാർഥ നഷ്ടത്തിനു തുല്യമായ നഷ്ടപരിഹാരം നിർബന്ധമായും നൽകുന്നതിനും വേണ്ടി മൂർത്തമായ പരിശോധന നടത്തുക.

6. കൃഷിക്കാർക്ക് പ്രയോജനം ലഭിക്കുന്നതിന് കൃഷിയെയും ക്ഷീരമേഖലയെയും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിക്കുക; തൊഴിലുറപ്പിൻ കീഴിൽ 200 ദിവസം തൊഴിലും 700 രൂപ ദിവസക്കൂലിയും ഉറപ്പാക്കുക. തൊഴിലില്ലായ്മ പരിഹരിക്കുക. തൊഴിലിന്റെ താൽക്കാലികവൽക്കരണം, ഔട്ട് സോഴ്സ് ചെയ്യൽ, കരാർവൽക്കരണം എന്നിവ അവസാനിപ്പിക്കുക. നിയമനനിരോധനം അടിയന്തരമായും അവസാനിപ്പിക്കുക. ഗവൺമെന്റ് തലത്തിലും പൊതുമേഖലയിലും നിലവിൽ ഒഴിഞ്ഞു കിടക്കുന്ന 65 ലക്ഷം തസ്തികകളിൽ നിയമനം നടത്തുക. സ്ഥിരം തൊഴിൽ സംരക്ഷിക്കുക. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക. സംവരണം സംരക്ഷിക്കുന്നതിന് സ്വകാര്യവൽക്കരണം നിർത്തലാക്കുക.

7. എസ്-സി/എസ്-ടി/ഒബിസി/ ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സാമൂഹ്യ സംവരണം കർശനമായും നടപ്പാക്കുക. കൃഷി ഭൂമി വിവേചനരഹിതമായി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക. പുനരധിവാസത്തിനും പുനർതാമസത്തിനുമുള്ള ജനങ്ങളുടെ അവകാശത്തെ മാനിക്കുക. ബുൾഡോസർ രാജ് അവസാനിപ്പിക്കുക. ശത്രുതാ മനോഭാവം വച്ചുപുലർത്തുന്ന ഉദ്യോഗസ്ഥ മേധാവിത്തത്തിനെതിരെ ശക്തമായ നടപടിയെടുക്കുക. ഭൂമി ഏറ്റെടുക്കപ്പെട്ടവർക്ക് ഗ്രാമപ്രദേശങ്ങളിൽ 4 മടങ്ങും നഗരങ്ങളിൽ 5 മടങ്ങും നഷ്ടപരിഹാരം ഉറപ്പുനൽകുന്ന LARR Act – 2013ന്റെ ലംഘനത്തിനിരയായവർക്കെല്ലാം നഷ്ടപരിഹാരം നൽകുക.

12 ഇന അടിയന്തര ആവശ്യങ്ങൾ
1. നാല് ലേബർ കോഡുകൾ പിൻവലിക്കുക; മിനിമം വേതനത്തിനുള്ള അവകാശം സംരക്ഷിക്കുക

2. പ്രകൃതി വിഭവങ്ങളിന്മേലുള്ള ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എഫ്ആർഎ, പിഇഎസ്എ എന്നിവ കർശനമായും നടപ്പാക്കുക. ഭൂമി, വനം, ജലം, മിനറലുകൾ എന്നിവ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നത് അവസാനിപ്പിക്കുക. കോർപ്പറേറ്റ് ഖനനം അവസാനിപ്പിക്കുന്നതിന് നിയമം നടപ്പാക്കുക. ഖനനത്തിൽനിന്നുള്ള ലാഭത്തിന്റെ 60% പ്രാദേശിക ജനതയുടെ പ്രതേ–്യകിച്ചും ഗോത്ര കുടുംബങ്ങളുടെ ഉന്നമനത്തിനായി നീക്കിവെക്കുക.

3. പരാജയപ്പെട്ട പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമയോജന (PMFBY) എടുത്തുകളയുക. എൽഐസിയെ പോലെ വിളകൾക്കും കന്നുകാലികൾക്കുമായി പൊതുമേഖലയിൽ തന്നെ ഇൻഷുറൻസ് കോർപ്പറേഷൻ സ്ഥാപിക്കുക.

4. യൂണിയൻ ബജറ്റിൽ വെട്ടിക്കുറച്ച 87,000 കോടി രൂപയുടെ വളം സബ്സിഡി പുനഃസ്ഥാപിക്കുക. കരിഞ്ചന്ത അവസാനിപ്പിക്കുക; വളം ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത ഉറപ്പു വരുത്തുക. എല്ലാ കൃഷി ഭൂമിക്കും ജലസേചനത്തിനുള്ള അവകാശം ഉറപ്പാക്കുക.

5. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും 10,000 രൂപ പ്രതിമാസ വാർധക്യ പെൻഷൻ നൽകുക.

6. പാട്ട കൃഷിക്കാരെ സംസ്ഥാന കൃഷി വകുപ്പിനുകീഴിൽ രജിസ്റ്റർ ചെയ്യിക്കുക, വായ്പ, കൃഷി വിപുലമാക്കൽ, നഷ്ടപരിഹാരം എന്നിവയുൾപ്പെടെയുള്ള ഗവൺമെന്റ് പദ്ധതികളുടെ എല്ലാ ആനുകൂല്യങ്ങളും കൃഷിക്കാർക്ക് നൽകുക. എല്ലാ ഭൂരഹിത കുടുംബങ്ങൾക്കും കൃഷി ചെയ്യുന്നതിനായി ഭൂമി നൽകുക/ഭവന രഹിതരായ എല്ലാ കുടുംബങ്ങൾക്കും വീട് നൽകുക.

7. സെസും സർചാർജും ഉൾപ്പെടെ ഡിവിസീവ് പൂളിൽ ഉൾപ്പെടുത്തി അതിന്റെ 60% വിഹിതം നൽകി. സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കുക. നികുതി പിരിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ അധികാരം പുനഃസ്ഥാപിക്കുന്നതിന് ജിഎസ്ടി നിയമം ഭേദഗതി ചെയ്യുക. സംസ്ഥാന ഗവൺമെന്റുകളുടെ അധികാരങ്ങളിന്മേൽ കടന്നുകയറുന്ന ദേശീയ സഹകരണ നയം (NCP– National Co operation Policy), ദേശീയ വിദ്യാഭ്യാസ നയം (NEP), കാർഷിക വിപണനം സംബന്ധിച്ച ദേശീയ നയചട്ടക്കൂട്, ഇലക്ട്രിസിറ്റി ബിൽ 2025 എന്നിവ എടുത്തുകളയുക. ശക്തമായ ഇന്ത്യ നിലനിൽക്കാൻ സംസ്ഥാനങ്ങളും ശക്തമാകണം. കൃഷി ആധുനികവൽക്കരിക്കുന്നതിനും കൃഷിയധിഷ്ഠിത വ്യവസായവൽക്കരണം നടപ്പിലാക്കുന്നതിനും തൊഴിൽ സൃഷ്ടിക്കുന്നതിനും അതുവഴി മിനിമം താങ്ങുവിലയും മിനിമം കൂലിയും യാഥാർഥ്യമാക്കുന്നതിനും, കാർഷിക പ്രതിസന്ധി, കർഷക ആത്മഹത്യകൾ, ദുരിതപൂർണമായ കുടിയേറ്റം എന്നിവ അവസാനിപ്പിക്കുന്നതിനും സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്വയം ഭരണാവകാശം സംരക്ഷിക്കുക.

8. 1% വരുന്ന അതിസമ്പന്നർക്കുമേൽ 33 ശതമാനം പാരമ്പര്യസ്വത്ത് നികുതിയും 2% സ്വത്ത് നികുതിയും ചുമത്തി, വളർന്നുവരുന്ന ഭീമമായ വരുമാന അസമത്വം നിയന്ത്രിക്കുക. അതുവഴി ഉയരുന്ന ജിഡിപിയുടെ 9% ഭക്ഷണം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, പെൻഷൻ എന്നീ അടിസ്ഥാന അവകാശങ്ങൾ സാർവത്രികമാക്കുന്നതിന് ഉപയോഗിക്കുക. കോർപ്പറേറ്റ് നികുതി 22%ത്തിൽനിന്ന് 30 ശതമാനമായി പുനഃസ്ഥാപിക്കുക.

9. എല്ലാ പൗരരുടെയും ജനാധിപത്യവകാശങ്ങൾ സംരക്ഷിക്കുക. സോനം വാങ്ചുകിനെയും മറ്റ് പ്രതിഷേധ പ്രക്ഷോഭകരെയും ഉടൻ മോചിപ്പിക്കുക അവർക്കെതിരെ എൻഎസ്എ ചുമത്തിയത് പിൻവലിക്കുക. ലഡാക്കിലെ ജനതയുടെ യഥാർഥ ആവശ്യങ്ങൾ പരിഹരിക്കുക. ആനുപാതിക പ്രാതിനിധ്യത്തോടുകൂടിയ സമഗ്രമായ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ഉറപ്പുവരുത്തുക. സെലക്ഷൻ പാനലിൽ ആഭ്യന്തരമന്ത്രിക്കു പകരം ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ നിയമിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യമായ സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുക. തിരഞ്ഞെടുപ്പുകളിൽ പണത്തിന്റെയും മസിൽ പവറിന്റെയും ആധിപത്യം അവസാനിപ്പിക്കുക. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കുള്ള മുഴുവൻ ചെലവുകൾക്കുമായി പൊതുഫണ്ട് ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരിക. യുഎപിഎ, മഹാരാഷ്ട്രയിലെ പൊതുസുരക്ഷാ നിയമം തുടങ്ങി സേ-്വച്ഛാധിപത്യപരമായ നിയമങ്ങൾ റദ്ദുചെയ്യുക. കുറ്റപത്രം നൽകാതെയും വിചാരണ നടത്താതെയും വർഷങ്ങളോളം ആളുകളെ ജയിലിലിടുന്നത് ഉടൻ അവസാനിപ്പിക്കുക; പൗരരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതിന് ഉത്തരവാദികളായ ഉദേ-്യാഗസ്ഥ മേധാവികൾക്കെതിരെ കർശനമായ ശിക്ഷാനടപടികൾ ഉണ്ടാകണം. ഭരണകൂടത്തിനും പൊലീസിനും കൂടുതൽ അധികാരം നൽകുകയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെയും നിയമപ്രകാരമുള്ള, രാഷ്ട്രീയമായ വിയോജിക്കലിനെയും അടിച്ചമർത്തുന്ന ബിഎൻഎസ്, ബിഎൻഎസ്-എസ്, ബിഎസ്-എ എന്നിവയിലെ പീനൽകോഡിലെ വകുപ്പുകൾ ഭേദഗതി ചെയ്യുക.

10. മതനിരപേക്ഷ ഐക്യം, പ്രത്യേകിച്ച് ഹിന്ദു–മുസ്ലീം ഐക്യം സംരക്ഷിക്കുന്നതിന് സജീവമായ ഒരു ജനകീയ പ്രസ്ഥാനം അടിയന്തരമായും കെട്ടിപ്പടുക്കുക. സാമുദായിക സൗഹാർദ്ദം തകർക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് വർഗീയ വിദേ–്വഷം പടർത്തുന്നത് അവസാനിപ്പിക്കുന്നതിന് നിയമസെല്ലിന്റെ പ്രവർത്തനമുൾപ്പെടെയുള്ള പൗരജാഗ്രതാ സംവിധാനം; ജൂഡിഷ്യറിയും ഉദ്യോഗസ്ഥവൃന്ദവുമുൾപ്പെടെയുള്ള എല്ലാ ഭരണനിർവഹണ സ്ഥാപനങ്ങളെയും വർഗീയമായ സ്വാധീനത്തിൽനിന്ന് മുക്തമാക്കുക; ഇന്ത്യയിലെ ജനങ്ങളുടെ നാനാത്വത്തിലെ ഏകത്വം കാത്തുരക്ഷിക്കുക.

11. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾക്കും ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുനേരെയുള്ള അതിക്രമങ്ങൾക്കും മോശം പെരുമാറ്റങ്ങൾക്കും അറുതിവരുത്തുന്നതിന് പൊതുനിരീക്ഷണവും പ്രതിരോധ നിയമനനടപടികളുമുൾപ്പെടെയുള്ള പൊതുപ്രചരണം സംഘടിപ്പിക്കുക.

12. മയക്കുമരുന്നിനോടും മദ്യത്തോടുമുള്ള ആസക്തിയ്ക്കെതിരായ ജനകീയ മുന്നേറ്റം; മയക്കുമരുന്ന്, ലഹരിക്കച്ചവടം എന്നിവയെ കണ്ടില്ലെന്നു നടിക്കുന്ന ഭരണകൂടത്തിലെയും രാഷ്ട്രീയശ്രേണിയിലെയും ക്രിമിനൽ സംഘങ്ങൾക്കെതിരെ ശിക്ഷാനടപടികൾ ഉറപ്പാക്കുക.l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten + 15 =

Most Popular