Thursday, January 29, 2026

ad

Homeവിശകലനംനൂതന വികസന മാതൃകകളുമായി തദ്ദേശ ഭരണം പതിനാലാം പദ്ധതിയിലെ 
ചരിത്ര നേട്ടങ്ങള്‍

നൂതന വികസന മാതൃകകളുമായി തദ്ദേശ ഭരണം പതിനാലാം പദ്ധതിയിലെ 
ചരിത്ര നേട്ടങ്ങള്‍

ഡോ. ജിജു പി അലക്സ് (സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം)

പ്പോള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന തദ്ദേശഭരണ സ്ഥാപന നേതൃത്വം കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വവും പിന്‍ബലവും നല്‍കിയിട്ടാണ് സ്ഥാനമൊഴിയുന്നത്. അവര്‍ 2020 -ല്‍ അധികാരമേറ്റെടുത്തത് കോവിഡ് മഹാമാരി വിതച്ച കെടുതികള്‍ക്കിടയിലാണ്. ലോകമാകെ അനിശ്ചിതത്വം നിലനിന്നിരുന്ന ആ കാലത്ത് അസാധാരണമായ ഒരു ഓര്‍ഡിനന്‍സിലൂടെ കോവിഡ് രോഗികളെ തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചതും പോളിങ് സമയം രണ്ടു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതും ആരും മറക്കാനിടയില്ല. തിരഞ്ഞെടുപ്പ് ഒരു മാസത്തോളം വൈകി ഡിസംബറിലാണ് നടന്നത്. തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭാരവാഹികള്‍ക്കുള്ള പരിശീലനമുള്‍പ്പെടെയുള്ള എല്ലാ പ്രധാന നടപടിക്രമങ്ങളും വൈകിയിരുന്നു. പക്ഷേ കോവിഡ് പ്രതിരോധവും വാക്സിനേഷനുമുള്‍പ്പെടെ പ്രശ്നസങ്കീര്‍ണ്ണമായ ചുമതലകള്‍ ഏറ്റെടുത്ത് ജനങ്ങളെ സഹായിക്കാനും തുടര്‍ന്നുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും അവര്‍ക്ക് കഴിഞ്ഞു. പിന്നീട്, കേരളം കണ്ട ഏറ്റവും വലിയ വികസന മുന്നേറ്റങ്ങളുടെ സംഘാടകരും വക്താക്കളുമായി സംസ്ഥാന സര്‍ക്കാരിനോടു തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തദ്ദേശ ഭരണ നേതൃത്വത്തെയാണ് നമുക്കു കാണാനായത്. കേരളം സൃഷ്ടിച്ച നിരവധി പുതിയ വികസന മാതൃകകളുടെ താഴെത്തട്ടിലെ സംഘാടനവും നിര്‍വഹണവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായിരുന്നു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആ പ്രവര്‍ത്തനങ്ങളൊക്കെയും ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകള്‍ കേരളത്തിന്റെ വികസനത്തിലെ നിര്‍ണ്ണായക ദിശാമാറ്റങ്ങള്‍ക്കാണ് നാന്ദി കുറിച്ചിരിക്കുന്നതെന്ന് കാണാം. ആധുനിക കേരളത്തിന്റെ വികസനം സംബന്ധിച്ച പുതിയ ധാരണകള്‍ക്കും സമീപനങ്ങള്‍ക്കും രൂപം നല്‍കിയ പതിമൂന്നും പതിനാലും പഞ്ചവത്സര പദ്ധതികളിലെ വികസന സങ്കല്‍പ്പങ്ങളും സാക്ഷാത്കരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രശംസനീയമായ പങ്കാണ് വഹിച്ചത്. സംസ്ഥാന തലത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ തദ്ദേശ ഭരണ വകുപ്പിനും കഴിഞ്ഞു.

പതിനാലാം പഞ്ചവത്സരപദ്ധതിയും 
തദ്ദേശഭരണ സ്ഥാപനങ്ങളും
ജനകീയാസൂത്രണ പ്രസ്ഥാനത്തിന് ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയായ 2021-–22 ലാണ് പതിനാലാം പഞ്ചവല്‍സര പദ്ധതി ആരംഭിക്കുന്നത്. ആ സമയത്ത് പുതിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിലവില്‍ വന്നിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ കോവിഡ് പ്രതിരോധവും അതു സംബന്ധിച്ച സാമൂഹ്യ സുരക്ഷാ പദ്ധതികളുമായിരുന്നു തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രധാന മുന്‍ഗണനകള്‍. വികേന്ദ്രീകൃതാസൂത്രണത്തില്‍ കാല്‍ നൂറ്റാണ്ടുകാലം കൊണ്ടു നേടിയ അനുഭവപരിചയം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് നൂറ്റാണ്ടിലെ പ്രളയവും കോവിഡ് പ്രതിരോധവും നമ്മെ ബോധ്യപ്പെടുത്തി. വൈവിധ്യമാര്‍ന്നതും സങ്കീര്‍ണ്ണവുമായ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള പ്രാപ്തി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞുവെന്ന് കേരളം തിരിച്ചറിഞ്ഞത് ഈ പ്രതിസന്ധികള്‍ തരണം ചെയ്ത അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. തുടര്‍ പ്രളയങ്ങളും കോവിഡും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കേരളത്തിന്റെ സമൂഹവും സമ്പദ് വ്യവസ്ഥയും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന വേളയിലാണ് പതിനാലാം പദ്ധതി രൂപം കൊണ്ടത്. കേരളത്തിന്റെ സമഗ്രമായ പുനര്‍ നിര്‍മ്മാണം എന്ന വെല്ലുവിളിയാണ് ഭരണ നേതൃത്വത്തിന് ഏറ്റെടുക്കാനുണ്ടായിരുന്നത്. നവകേരളസൃഷ്ടി എന്ന ആശയം പ്രാവര്‍ത്തികമാക്കുകയായിരുന്നു പതിനാലാം പദ്ധതിയുടെ പൊതു ലക്ഷ്യം.

കേരളത്തിന്റെ സുസ്ഥിരമായ വികസനമാണ് പതിനാലാം പദ്ധതി വിഭാവനം ചെയ്തത്. സാമൂഹ്യ വികസനരംഗത്ത് കേരളം ആര്‍ജിച്ചിട്ടുള്ള നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് സമ്പദ് വ്യവസ്ഥയുടെ നാനാവിധമായ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവും സാമൂഹികവും രാഷ്ട്രീയവുമായ സവിശേഷതകള്‍ പരിഗണിച്ച് വിജ്ഞാനാധിഷ്ഠിതമായ സാമ്പത്തിക വികസനം എന്ന സമീപനമാണ് പതിനാലാം പദ്ധതിയില്‍ പൊതുവെ സ്വീകരിച്ചിരുന്നത്. ആധുനിക വൈജ്ഞാനിക മേഖലകളുടെ പിന്‍ബലത്തോടെ ഉല്‍പ്പാദന വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പതിനാലാം പദ്ധതിയുടെ സമീപന രേഖയില്‍ വിശദീകരിച്ചിരുന്നു. പതിനാലാം പദ്ധതിയുടെ പൊതു വികസന സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന സമീപനവും പൊതു ചട്ടക്കൂടും വിശദീകരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് രൂപംകൊടുത്തത്.

കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി വളര്‍ത്തുകയും വിജ്ഞാനാധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയായി പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുക എന്നതാണ് പതിനാലാം പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നാമത്തേത്. ഇതിനായി കേരളം ഇന്നേവരെ ആര്‍ജിച്ചിട്ടുള്ള സാമൂഹിക – സാമ്പത്തിക വികസനത്തിനു കാരണമായ ഘടകങ്ങളെ ശക്തിപ്പെടുത്തുകയും ഓരോ വ്യക്തിയുടെയും സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനം ഉറപ്പുവരുത്തുകയും ചെയ്യണം. കേരളത്തിന്റെ മികവുറ്റ മാനവ വികസനനേട്ടങ്ങള്‍ സുസ്ഥിരമായി നിലനിര്‍ത്തുന്നതിന് സാമ്പത്തിക വികസനം അത്യാവശ്യമാണെന്നും പതിനാലാം പദ്ധതി രേഖ അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ ഇതുവരെയുള്ള നേട്ടങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന് ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കണമെന്നും സംസ്ഥാനത്തിന്റെ പ്രകൃതിവിഭവങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിക്കുകയും മനുഷ്യ വിഭവങ്ങള്‍ വന്‍തോതില്‍ വികസിപ്പിക്കുകയും ചെയ്യണമെന്നും വിഭാവനം ചെയ്തിരുന്നു. കാലാവസ്ഥാവ്യതിയാനത്തെയും തല്‍ഫലമായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കുന്നതിനുള്ള കഴിവുകള്‍ ആര്‍ജിക്കാന്‍ സമൂഹത്തെ സഹായിക്കുക എന്നതും പ്രധാനമാണ്.

കേരളത്തിന്റെ സാമ്പത്തികവികസനത്തിന് ഗതിവേഗം നല്‍കുന്നതിന് വന്‍തോതിലുള്ള മൂലധന നിക്ഷേപ സാധ്യതകള്‍ തേടുകയും പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുകയും വേണം. എന്നാല്‍ അതിനോടൊപ്പം പ്രാദേശിക സാമ്പത്തികവികസനം ഊര്‍ജസ്വലമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്താലേ താഴെത്തട്ടിലേക്ക് വികസനത്തിന്റെ സദ്ഫലങ്ങള്‍ പ്രതീക്ഷിക്കുന്ന വേഗത്തില്‍ എത്തൂ. മാത്രമല്ല, ദുര്‍ബല സമൂഹങ്ങളുടെ അരികുവല്‍ക്കരണം തടയുന്നതിനും ബഹുഭൂരിപക്ഷം ജനങ്ങളെ സാമ്പത്തിക വികസനത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനും ഇത് അത്യാവശ്യമാണ്. ഇതിനായി കേരളത്തിന്റെ വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സൂക്ഷ്മ- – ഇടത്തരം സംരംഭങ്ങളെ വ്യാപകമായി പ്രോത്സാഹിപ്പിക്കുകയും ആധുനിക നൈപുണികള്‍ സ്വായത്തമാക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും വേണം.

പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന വികസനമാണ് കേരളം ലക്ഷ്യമാക്കിയത്. എല്ലാവരുടേയും മൗലികാവകാശങ്ങളുടെ സംരക്ഷണം, സമഗ്രമായ സാമൂഹികസുരക്ഷ, ദാരിദ്ര്യത്തില്‍ നിന്നുള്ള പൂര്‍ണ്ണമായ മോചനം, മതസൗഹാര്‍ദ്ദ, സമാധാനം, ഉയര്‍ന്ന ഗുണനിലവാരമുള്ള പശ്ചാത്തല സൗകര്യങ്ങള്‍, എല്ലാ വികസന മേഖലകളിലും ആധുനികവും പരിസ്ഥിതിസൗഹൃദവുമായ സാങ്കേതികവിദ്യകളുടെ ഉപയോഗം, മാലിന്യ നിര്‍മാര്‍ജനം, തൊഴില്‍, ഉപജീവന സുരക്ഷ എന്നിവ പതിനാലാം പദ്ധതിയിലെ കേരളത്തിന്റെ പ്രധാനപ്പെട്ട വികസന ലക്ഷ്യങ്ങളില്‍പ്പെടുന്നു. വികസന പ്രക്രിയയില്‍ ഒരാളും ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കണമെന്നാണ് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് കേരളത്തിന്റെ വികസന മാതൃകയുടെ ഉള്‍ക്കാമ്പ്. ഇതോടൊപ്പം നമ്മുടെ വികസന ലക്ഷ്യങ്ങളുമായി സമാന സ്വഭാവം പുലര്‍ത്തുന്ന ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിശ്ചിത സമയത്തിനു മുമ്പുതന്നെ കൈവരിക്കുകയെന്ന ലക്ഷ്യവും നാം മുന്നില്‍ കണ്ടു. സമഗ്രമായ വികസന ഇടപെടലുകളിലൂടെ കേരളീയരുടെ ജീവിത ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയും അതുവഴി സംതൃപ്തവും സന്തോഷകരവുമായ ജീവിതം നയിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നത് പതിനാലാം പദ്ധതിയുടെ അന്തിമ ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും പതിനാലാം പദ്ധതി മാര്‍ഗരേഖ നിഷ്കര്‍ഷിച്ചിരുന്നു.

പ്രാദേശിക വികസന പദ്ധതികളുടെ ആസൂത്രണവും നിര്‍വ്വഹണവും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിയമപരമായി നിക്ഷിപ്തമായ ചുമതലയാണ് എന്ന ഉത്തമബോധ്യത്തോടെയാണ് സംസ്ഥാനത്തിന്റെ പൊതു വികസന ലക്ഷ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയുള്ള വികസന പരിപാടികള്‍ ആവിഷ്കരിക്കണമെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നത്. സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വികസന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിതമായി നടക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണല്ലോ. സൂക്ഷ്മമായി പരിശോധിച്ചാല്‍ വിവിധ വികസന സൂചികകളില്‍ കേരളത്തിന് ദേശീയതലത്തില്‍ പ്രഥമ സ്ഥാനം ലഭിക്കുന്നതിനുള്ള കാരണങ്ങളില്‍ പ്രധാനം പൊതു ലക്ഷ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തി പ്രാദേശികാസൂത്രണത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പുലര്‍ത്തുന്ന നിഷ്ഠയും മികവുമാണ് എന്നു കാണാം. ഈ കാരണം കൊണ്ടു തന്നെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ശേഷിയും കാര്യക്ഷമതയും ഇനിയും പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നതിനാണ് പതിനാലാം പഞ്ചവല്‍സര പദ്ധതി ലക്ഷ്യമാക്കിയത്. അനാവശ്യമായ കാലതാമസം വരുത്തുന്ന നടപടിക്രമങ്ങളും മറ്റ് നിയന്ത്രണങ്ങളും പരമാവധി ലഘൂകരിച്ച് വികസന പദ്ധതികളുടെ ആസൂത്രണവും നിര്‍വ്വഹണവും അനുബന്ധപ്രവര്‍ത്തനങ്ങളും പൗര സേവനങ്ങളും ലളിതവും സുഗമവുമാക്കുകയെന്ന ലക്ഷ്യവും പതിനാലാം പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പ്രക്രിയയില്‍ വിവിധ തലങ്ങളിലുള്ള വികസനവകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുകയെന്നതും പ്രധാനമായിരുന്നു, ഇക്കാര്യവും പതിനാലാം പദ്ധതിയുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നു.

പുതിയ കാലത്തിന്റെ വൈവിധ്യമാര്‍ന്ന വികസനസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും പുതിയ വെല്ലുവിളികള്‍ കാര്യക്ഷമമായി ഏറ്റെടുക്കാനും തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രാപ്തമാക്കേണ്ടതുണ്ട് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് പതിനാലാം പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരുന്നത്. വിവിധ വൈജ്ഞാനിക മേഖലകളിലെ വിദഗ്ദ്ധരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പങ്കാളിത്തവും സേവനവും പ്രാദേശികാസൂത്രണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും വിലയിരുത്തലിന്റെയും എല്ലാ ഘട്ടങ്ങളിലും ഉറപ്പുവരുത്തണമെന്ന കാര്യം പ്രത്യേകം ഓര്‍മപ്പെടുത്തിയിരുന്നു. സുസ്ഥിരമായ പ്രാദേശിക സാമ്പത്തിക വളര്‍ച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി തദ്ദേശഭരണ സ്ഥാപനങ്ങളെ വികസിപ്പിക്കുക എന്നതാണ് പതിനാലാം പദ്ധതിയുടെ സ്വപ്നം.

പദ്ധതി വിഹിതവും തദ്ദേശ ഭരണ 
സ്ഥാപനങ്ങളുടെ ധനസ്ഥിതിയും
കോവിഡിനു ശേഷമുള്ള വികസന വെല്ലുവിളികള്‍ നേരിടുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പദ്ധതി വിഹിതം ഓരോ വര്‍ഷവും 0.5 ശതമാനം വീതം വര്‍ദ്ധിപ്പിച്ച് 30 ശതമാനമാക്കണമെന്ന അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശം പൂര്‍ണ്ണമായും നടപ്പാക്കാന്‍ തീരുമാനിച്ചു. എൽഡിഎഫ് സര്‍ക്കാരുകള്‍ 2016-–17 മുതല്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പദ്ധതി വിഹിതം, മെയിന്റനന്‍സ് ഗ്രാന്റ്-, ബേസിക് ഗ്രാന്റ്- എന്നിവയില്‍ വന്നിട്ടുള്ള വര്‍ദ്ധനവ് പട്ടിക 1 ല്‍ നല്‍കിയിട്ടുള്ളതു പരിശോധിച്ചാല്‍ സംസ്ഥാന പദ്ധതി വിഹിതം, മെയിന്റനന്‍സ് ഗ്രാന്റ്-, ജനറല്‍ പര്‍പ്പസ് ഗ്രാന്റ്- എന്നിവയെല്ലാം 2016 മുതല്‍ ക്രമാനുഗതമായി കൂടിയിട്ടുള്ളതു കാണാം (ചിത്രം 1).
ചിത്രം 1 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2016-–17 മുതല്‍ 2025–-26 വരെയുള്ള വര്‍ദ്ധനവിന്റെ പ്രവണത
മറ്റൊരു സംസ്ഥാനത്തും ഈ നിലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന പദ്ധതി വിഹിതം ലഭിക്കുന്നില്ലെന്നറിയുമ്പോഴാണ് താഴെത്തട്ടിലുള്ള വികസനത്തിന് എൽഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം മനസ്സിലാകുക. കേന്ദ്ര സര്‍ക്കാരിന്റെ വിവേചന പൂര്‍ണ്ണമായ നടപടികള്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചതെങ്ങനെയെന്നു നമുക്കറിയാവുന്നതാണ്. ദുസ്സഹമായ ധന ഞെരുക്കത്തിനിടയിലും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന പരിപാടികളെ അത് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. സംസ്ഥാന ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശം യാതൊരു മാറ്റവുമില്ലാതെ നടപ്പിലാക്കിയതുകൊണ്ടും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം സമയബന്ധിതമായി വിതരണം ചെയ്തതുകൊണ്ടുമാണ് പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നിര്‍വഹിക്കാന്‍ കഴിഞ്ഞത്.

സമാനമായ തരത്തില്‍ പട്ടികജാതി ഉപപദ്ധതി (SCSP),- പട്ടികവര്‍ഗ ഉപപദ്ധതി (TSP) എന്നിവയുടെ വിഹിതങ്ങളിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. ഈ വിഹിതം സാധാരണ ഗതിയില്‍ സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ ജനസംഖ്യയുടെ അനുപാതത്തിലാണ് അനുവദിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഈ രണ്ടു മേഖലകളിലെയും ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതലായി പദ്ധതി വിഹിതം അനുവദിക്കുന്നുണ്ട്. പതിമൂന്നാം പദ്ധതിയുടെ ആദ്യ വര്‍ഷമായ 2016–17ല്‍ 682.8 കോടി രൂപയായിരുന്ന മൊത്തം പട്ടിക വര്‍ഗ്ഗ ഉപപദ്ധതിയുടെ വിഹിതം 2024–25ല്‍ 859.5 കോടിയായി ഉയര്‍ന്നു. അതുപോലെ, 2016–17-ല്‍ 2,354.40 കോടി രൂപയായിരുന്ന പട്ടിക ജാതി ഉപപദ്ധതിയുടെ പദ്ധതി വിഹിതം 2024–25ല്‍ 2,979.40 കോടിയായും വര്‍ധിച്ചു. ഈ രണ്ടു മേഖലയിലും എൽഡിഎഫ് സര്‍ക്കാര്‍ശ്രദ്ധാപൂര്‍വ്വമായ ഇടപെടലുകളാണ് നടത്തിയതെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നുണ്ട്. വസ്തുനികുതിയുള്‍പ്പെടെയുളള നികുതിയിലെ വര്‍ദ്ധന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഗണ്യമായി സഹായിച്ചിരുന്നു.

ചരിത്ര പ്രധാനമായ 
വികസന മാതൃകകളും നേട്ടങ്ങളും
പതിമൂന്നാം പദ്ധതിയിലും പതിനാലാം പദ്ധതിയിലും വിഭാവനം ചെയ്യപ്പെട്ട വികസന നേട്ടങ്ങള്‍ ഒന്നൊന്നായി ആര്‍ജിക്കാന്‍ കഴിഞ്ഞുവെന്നത് എടുത്തുപറയേണ്ടതാണ്. സംസ്ഥാന തലത്തില്‍ ആവിഷ്കരിച്ച പരിപാടികള്‍ മാത്രമല്ല കേരളത്തിന്റെ വികസന സ്വപ്നങ്ങളെ മുന്നോട്ടുനയിച്ചത്. അവയുടെ അന്ത: സത്ത ഉള്‍ക്കൊണ്ടുകൊണ്ട് വിവിധ വികസന മേഖലകളിലായി പതിനായിരക്കണക്കിനു വികസന പദ്ധതികളാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുള്ളത്. ആ വികസന നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. എന്നാല്‍ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കിയ നിര്‍ണ്ണായകമായ ചില ‍ഉദ്യമങ്ങള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. അവയില്‍ മിക്കതും ദേശീയ- അന്തര്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വികസന മാതൃകകളാണ്. പതിനാലാം പദ്ധതിയിലും ഭരണ മുന്നണിയുടെ പ്രകടന പത്രികയിലും വിഭാവനം ചെയ്ത ചില ബൃഹത്തായ വികസന പദ്ധതികള്‍ പ്രാദേശികമായ ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കുന്നതിനും അവ കാര്യക്ഷമമായി നടപ്പാക്കുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. ഇത്രയും വിപുലമായ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃതമായി ഏകോപിപ്പിക്കാന്‍ തദ്ദേശ ഭരണ വകുപ്പിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.

അതിദാരിദ്ര്യ നിര്‍മാര്‍ജനം
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ആഗോള തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. സവിശേഷമായ ഇടപെടലിലൂടെ ബഹുമുഖ ദാരിദ്ര്യമനുഭവിച്ചിരുന്ന 64,006 കുടുംബങ്ങളെ പങ്കാളിത്ത വികസനത്തിന്റെ രീതിശാസ്ത്രം അവലംബിച്ച് കണ്ടെത്തുകയും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കുകയും ചെയ്ത പദ്ധതി ഇപ്പോള്‍ സാമ്പത്തിക വിദഗ്ദ്ധരടക്കമുള്ളവര്‍ പഠിക്കുന്നുണ്ട്. ദി എക്കണോമിസ്റ്റ് എന്ന അന്താരാഷ്ട്ര വാരിക കേരളത്തിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ മാതൃകയെ പുകഴ്ത്തി ലേഖനമെഴുതിയിരുന്നു. വ്യക്തിഗത-ഗാര്‍ഹിക തലങ്ങളില്‍ അതിദരിദ്ര കുടുംബങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ കാരണവും സ്വഭാവവുമനുസരിച്ച് സൂക്ഷ്മമായ ആസൂത്രണത്തിലൂടെ അതിജീവന പദ്ധതികള്‍ നടപ്പിലാക്കുന്ന രീതി വിജയിപ്പിക്കാനായത് തദ്ദേശ ഭരണ സംവിധാനത്തിന്റെ മികവാണ്. രാഷ്ട്രീയമായ കാരണങ്ങളാലോ മറ്റോ ഈ നേട്ടത്തിനെതിരെ ചിലര്‍ വിമര്‍ശനമുന്നയിച്ചെങ്കിലും അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനുള്ള സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തെക്കുറിച്ചും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുള്ള ശേഷിയെക്കുറിച്ചും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും പദ്ധതി ഫലപ്രാപ്തിയിലെത്തിക്കുന്നതിനായി നടത്തിയ നിരന്തര പരിശ്രമങ്ങളെക്കുറിച്ചും വിമര്‍ശകര്‍ക്കും രണ്ടഭിപ്രായമില്ല എന്നത് കൗതുകകരമാണ്. കേരളത്തിലെ തദ്ദേശ ഭരണ സംവിധാനത്തിന്റെ കാര്യപ്രാപ്തിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ പദ്ധതിയുടെ വിജയവും അതിനു ലഭിക്കുന്ന ആഗോള സ്വീകാര്യതയും.

പ്രാദേശിക സാമ്പത്തിക വികസനം, സംരംഭകത്വം
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നവീനമായ നിരവധി ചുവടുവയ്പുകളുണ്ടായി. ദേശീയ തലത്തില്‍ പ്രശസ്തമായ സംരംഭകത്വ വര്‍ഷം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനായി വ്യവസായ വകുപ്പിനോടൊപ്പം തദ്ദേശ ഭരണസ്ഥാപനങ്ങളും സഹകരിച്ചിരുന്നു. ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിലുമുള്ള സംരംഭക സാധ്യതകള്‍ കണ്ടെത്തുന്നതിനും സംരംഭകര്‍ക്ക് പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും സാങ്കേതിക വൈദഗ്ദ്ധ്യമുള്ള ഇന്റേണ്‍മാരെ ചുമതലപ്പെടുത്തിയത് സംരംഭകത്വ വികസനത്തിന്റെ പരമ്പരാഗതമായ മാതൃകകളെ പുന: പരിശോധിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും അവസരം നല്‍കി. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച സംരംഭകരുടെ പഞ്ചായത്ത് തല കൂട്ടായ്മയായ സംരംഭക സഭ ഓരോ പ്രദേശത്തിനും അനുയോജ്യമായ സംരംഭങ്ങള്‍ ശുപാര്‍ശ ചെയ്യുക, പ്രാദേശിക സംരംഭകരെ തിരിച്ചറിയുക, അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക, വൈദഗ്ധ്യമുള്ള തൊഴിലാളികളെ നിയമിക്കുക, പ്രാദേശിക തലത്തില്‍ പരാതികള്‍ പരിഹരിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2024 ഡിസംബര്‍ വരെ, കേരളത്തില്‍ സംരംഭക വര്‍ഷ പരിപാടിയുടെ ഭാഗമായി 3,38,822 പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ആദ്യവര്‍ഷമായ 2022–-23 ല്‍ തന്നെ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പ്രാരംഭ ലക്ഷ്യം മറികടന്നിരുന്നു. ഈ പരിപാടി കേരളത്തിലെ സംരംഭകത്വ വികസനത്തിന് അഭൂതപൂര്‍വ്വമായ ഉണര്‍വ്വാണ് നല്‍കിയത്. ഇതിന്റെ ഫലമായി 21,757കോടിയിലധികം രൂപ നിക്ഷേപം ഉണ്ടാവുകയും 7,18,553 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇവയില്‍ 1,07,997 എണ്ണം സ്ത്രീകളുടെ സംരംഭങ്ങളാണ്.

കേന്ദ്ര സര്‍ക്കാരിനു തന്നെ അംഗീകരിക്കേണ്ടി വന്ന ഈ സംരംഭകത്വ പ്രോത്സാഹന മാതൃക മുന്നോട്ടു കൊണ്ടുപോകുന്നതിനും അതിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിരവധി തുടര്‍ നടപടികളും സ്വീകരിച്ചു. ഔദ്യോഗിക ചിട്ടവട്ടങ്ങളുടെ താമസവും സങ്കീര്‍ണതകളുമില്ലാതെ അനായാസം സംരംഭങ്ങള്‍ തുടങ്ങുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സിങ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. തദ്ദേശീയമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംരംഭകത്വ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും ധനസഹായം നല്‍കുന്നതിനുമുള്ള പുതിയ പദ്ധതികളും വിഭാവനം ചെയ്തു. സംരംഭകര്‍ക്ക് സാങ്കേതികവിദ്യ വാങ്ങുന്നതിനും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നഷ്ടത്തിലായ സംരംഭങ്ങള്‍ പുനരുദ്ധരിക്കുന്നതിനുമുള്ള ധനസഹായം നേരിട്ട് നല്‍കാനും പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിച്ചു നല്‍കാനുമൊക്കെ ഇപ്പോള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. രാജ്യത്തെ ഏറ്റവും മികച്ച സംരംഭകത്വ അന്തരീക്ഷം സൃഷ്ടിച്ചതിനുള്ള അംഗീകാരം തുടര്‍ച്ചയായി കേരളത്തെ തേടി വന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് പ്രശംസനീയമാണ്.

നൈപുണി പരിശീലനം, തൊഴില്‍ സൃഷ്ടി, 
വിജ്ഞാന കേരളം
യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും സംരംഭകത്വ പരിശീലനവും നല്‍കുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച നൈപുണി പരിശീലന പരിപാടി നൂതനമായ മാതൃകയാണ്. കേരളത്തിലെ മനുഷ്യ വിഭവ ശേഷിയെ ആധുനിക പ്രവണതകള്‍ക്കനുസൃതമായി തൊഴില്‍ക്ഷമമാക്കുക എന്നതാണ് ലക്ഷ്യം. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ തൊഴില്‍ സഭകള്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇപ്പോള്‍ തൊഴില്‍ സഭകള്‍ വളര്‍ന്നു വികസിച്ച് ആയിരക്കണക്കിനുദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സ്വപ്നങ്ങള്‍ സഫലീകരിക്കുന്ന വേദികളായി മാറിയിരിക്കുന്നു. വാര്‍ഡ് അടിസ്ഥാനത്തില്‍ തൊഴിലന്വേഷകരെ തിരിച്ചറിയുകയും ഗ്രാമസഭ മാതൃക ഉപയോഗിച്ച് അവരെ സംഘടിപ്പിക്കുകയും തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തില്‍ തൊഴില്‍ ആസൂത്രണം സാധ്യമാക്കുകയും ചെയ്യുന്ന ഒരു സൂക്ഷ്മതല പ്ലാറ്റ്‌ഫോമായാണ് തൊഴില്‍ സഭ വിഭാവനം ചെയ്തത്. വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും തൊഴില്‍ – സംരംഭകത്വ പദ്ധതികളും പരിപാടികളും നേരിട്ട് തൊഴിലന്വേഷകരിലേക്കും പുതുതലമുറ സംരംഭകരിലേക്കും എത്തിക്കുന്നതിനുള്ള വേദിയായി തൊഴില്‍ സഭ മാറി. ആ ആശയം വികസിപ്പിച്ച് വ്യാപകമായി തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനായി ഇപ്പോള്‍ ആവിഷ്കരിച്ചിട്ടുള്ള വിജ്ഞാന കേരളം പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് മുന്നേറുന്നത്. ഇതിന്റെ ഭാഗമായി സ്ഥാപിച്ച ജോബ് സ്-റ്റേഷന്‍, എംപ്ലോയബിലിറ്റി കേന്ദ്രങ്ങള്‍ എന്നിവ കേരളത്തിനകത്തും പുറത്തുമുള്ള ജോലി കണ്ടെത്താൻ കേരളത്തിലെ വിദ്യാസമ്പന്നരായ തൊഴിലന്വേഷകരെ സഹായിക്കുന്നുണ്ട്. കേരള നോളജ് ഇക്കോണമി മിഷന്‍, കെ ഡിസ്ക്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നൈപുണി പരിശീലന ഏജന്‍സികള്‍, പ്രാദേശിക തൊഴില്‍ ദാതാക്കള്‍, വ്യവസായികള്‍, സംരംഭകര്‍, വ്യാപാരികള്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മണ്ഡലങ്ങളിലുള്ള ഏജന്‍സികളുമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സഹകരിക്കുന്ന തികച്ചും നൂതനമായ ഒരു മാതൃകയ്-ക്കാണ് നാം രൂപം കൊടുത്തിരിക്കുന്നത്.

മാലിന്യ നിര്‍മാര്‍ജനം
ലോകത്തെ ഏറ്റവും ആകര്‍ഷകമായ ഭൂപ്രദേശങ്ങളില്‍ ഒന്നായി കേരളം ഭാവിയില്‍ അറിയപ്പെടുന്നതിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യമുക്തം നവകേരളം പദ്ധതിയായിരിക്കും. മാലിന്യനിര്‍മാര്‍ജനം എന്ന ചുമതലയുടെ വ്യാപ്തിയും സാങ്കേതിക മേന്മയും വികസിപ്പിക്കുകയും അത് ബഹുജന പങ്കാളിത്തമുള്ള ഒരു സാമൂഹിക മുന്നേറ്റമായി ബഹുകാതം മുന്നോട്ടുകൊണ്ടു പോകുകയും ചെയ്തത് വലിയ നേട്ടമാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും ഈ പ്രവര്‍ത്തനത്തിന്റെ മിന്നുന്ന നേട്ടങ്ങള്‍ ദൃശ്യമാണ്. ദശാബ്ദങ്ങളായി കുന്നുകൂടിക്കിടന്ന മാലിന്യമലകള്‍ ഒന്നൊന്നായി നീക്കം ചെയ്ത് ആ പ്രദേശങ്ങളെ ഉദ്യാനങ്ങളാക്കി പരിവര്‍ത്തനപ്പെടുത്തുന്നത് കേരളം ഹര്‍ഷാരവങ്ങളോടെ സ്വീകരിക്കുന്നത് കാണാം. ബ്രഹ്മപുരത്തിന്റെ മാതൃക കേരളത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായി മാറി.ഓരോ തദ്ദേശഭരണ സ്ഥാപനവും അവരവര്‍ സൃഷ്ടിക്കുന്ന മാലിന്യത്തിന്റെ അളവനുസരിച്ച് മാലിന്യ സംസ്കരണത്തിനുള്ള സുനിശ്ചിതമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്ന സംവിധാനം നിലവില്‍ വന്നുകഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനും അജൈവമാലിന്യങ്ങള്‍ സംഘടിതമായ ഒരു സംഭരണ ശൃംഖലയിലൂടെ ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കുന്നതിനും കഴിയും. ‘വൃത്തി’ സമൂഹത്തിന്റെ ആന്തരിക ബോധമായി വളര്‍ത്തിയെടുക്കുന്നതിൽ നാം വളരെയേറെ വിജയിച്ചുവെന്ന് അവകാശപ്പെടാനാകും. പൊതുജനാവബോധം വളര്‍ത്തിയും പിഴ ഈടാക്കിയും മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള ഭൗതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും കേരളത്തിലെ തദ്ദേശഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു ശുചിത്വ വിപ്ലവത്തിന് ആരംഭം കുറിച്ചിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിനായി കഴിയുന്നത്ര എല്ലാ സ്രോതസ്സുകളില്‍ നിന്നുമുള്ള ധനസഹായം സംയോജിപ്പിച്ച് നടപ്പാക്കുന്നതിന്റെ ഒരു മാതൃകയും സൃഷ്ടിക്കാന്‍ കഴിഞ്ഞു.

മാലിന്യ ശേഖരണവും സംസ്കരണവും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമായി ഉപയോഗപ്പെടുത്താനായെന്നു മാത്രമല്ല, താഴെത്തട്ടില്‍ ഗണ്യമായ തൊഴിലവസരങ്ങളുമുണ്ടായി. നിരവധി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ദേശീയതലത്തില്‍ ശുചിത്വത്തിനുള്ള അംഗീകാരം നേടാനും കഴിഞ്ഞു. മാലിന്യ നിര്‍മാര്‍ജന യജ്ഞത്തിലൂടെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ ഒരു വന്‍ കുതിച്ചുചാട്ടമാണ് നടത്താനായത്. ഈ മേഖലയില്‍ കേരളം കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിനുള്ള ഏഴോളം ആധുനിക യൂണിറ്റുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങളുള്ള വീടുകളുടെ എണ്ണം 2016-–17ല്‍ 25.8 ലക്ഷമായിരുന്നത് നിന്ന് 2025-–26ല്‍ 28.86 ലക്ഷമായി വര്‍ദ്ധിച്ചു; ഇതേ കാലയളവില്‍, മൊത്തം ഖരമാലിന്യ ഉത്പാദനം പ്രതിദിനം 9,666 ടണ്ണില്‍ നിന്ന് 10,129 ടണ്ണായി ഉയര്‍ന്നു, സംസ്കരിക്കുന്ന ഖരമാലിന്യത്തിന്റെ അളവ് 2016-–17 ല്‍ 7,350 ടണ്ണായിരുന്നത് 2025–-26ല്‍ 10,072 ടണ്ണായി വർധിച്ചു. മാലിന്യം വേര്‍തിരിക്കലും ശേഖരണവും കാര്യക്ഷമമാക്കുന്നതിനായി, സംസ്ഥാനത്തുടനീളം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുള്ള അടിസ്ഥാന സൗകര്യ ശൃംഖലയില്‍ ഇപ്പോള്‍ 20,051 മിനി-മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റീസ് (മിനി-എംസിഎഫ്), 1,350 എംസിഎഫ്, 205 റിസോഴ്‌സ് റിക്കവറി ഫെസിലിറ്റീസ് (ആര്‍ ആര്‍എഫ്) എന്നിവയുണ്ട്. ജൈവ മാലിന്യ സംസ്കരണത്തിനായി കമ്യൂണിറ്റി തലത്തില്‍, 634 ബയോഗ്യാസ് പ്ലാന്റുകള്‍, 488 മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകള്‍, 144 വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റുകള്‍, 3,949 തുമ്പൂര്‍മുഴി ബിന്നുകള്‍ ഉള്‍ക്കൊള്ളുന്ന 1,412 തുമ്പൂര്‍മുഴി പ്ലാന്റുകള്‍ പൊതു-–സ്വകാര്യ പങ്കാളിത്തത്തിലൂടെ 43 കോഴി മാലിന്യ സംസ്കരണ പ്ലാന്റുകള്‍ എന്നിവയും സ്ഥാപിച്ചു.

മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഈ ജനകീയ മാതൃക വിദഗ്ദ്ധരുടെയും ദേശീയ മാധ്യമങ്ങളുടെയും ശ്രദ്ധ ആകര്‍ഷിക്കുകയാണ്. സ്വച്ഛ സര്‍വേക്ഷണ്‍ റാങ്കിങ്ങില്‍ ആദ്യ നൂറു സ്ഥാനങ്ങളില്‍ കേരളത്തിലെ എട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടുവെന്നത് ഈ പ്രവര്‍ത്തനങ്ങളുടെ പ്രത്യക്ഷഫലമാണ്. ദ്രവ മാലിന്യ നിര്‍മാര്‍ജനം പോലെ കടുത്ത വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും ആധുനിക സങ്കേതങ്ങളുടെയും ജനപങ്കാളിത്തത്തിന്റെയും പിന്‍ബലത്തോടെ സമ്പൂര്‍ണ്ണവും സുസ്ഥിരവുമായ ശുചിത്വ പാലനം എന്ന നേട്ടത്തിലേക്ക് കേരളത്തെ കൈപിടിച്ച് നടത്താനാവുമെന്ന ആത്മവിശ്വാസം വളര്‍ത്താന്‍ നമ്മുടെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

പ്രകൃതി സംരക്ഷണം, കാലാവസ്ഥാ മാറ്റം, 
അതിജീവനക്ഷമത
കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍, ഉല്‍പ്പാദന വ്യവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള പ്രത്യാഘാതങ്ങള്‍ അതിജീവിക്കുന്നതിനുള്ള സമൂഹത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്ന നിര്‍ദ്ദേശം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിനായുള്ള ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കുകയും അവ പൊതു വികസനപരിപാടികളില്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്യണമെന്ന നിര്‍ദ്ദേശം പിന്തുടര്‍ന്ന് ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും ദുരന്ത മുന്നറിയിപ്പ് സംവിധാനം, രക്ഷാപ്രവര്‍ത്തന സൗകര്യങ്ങള്‍, അഭയ കേന്ദ്രങ്ങള്‍, പുനരധിവാസം, ദുരന്താഘാത ലഘൂകരണം എന്നിവയ്ക്കുള്ള പ്രോജക്ടുകള്‍ നടപ്പാക്കാന്‍ ശ്രദ്ധിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രാദേശിക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കാന്‍ കഴിഞ്ഞത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സവിശേഷ നേട്ടമായിക്കാണേണ്ടതാണ്. പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി ഹരിത കേരള മിഷന്റെ സഹായത്തോടെ നടത്തിയ എണ്ണമറ്റ ഇടപെടലുകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിലെ നദികള്‍, ജലാശയങ്ങള്‍, അരുവികള്‍ എന്നിവയുടെ പുനരുദ്ധാരണം സാധ്യമാണെന്ന് തെളിയിച്ചു. ഇതിന്റെ ഫലമായി ജൈവ വൈവിധ്യ സംരക്ഷണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിനുള്ള വ്യാപകമായ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും പ്രകൃതി സംരക്ഷണവും കാലാവസ്ഥാ മാറ്റത്തോടുള്ള പ്രായോഗിക പ്രതികരണവും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മുഖ്യധാരാ പ്രവര്‍ത്തനമായി മാറിക്കഴിഞ്ഞിരിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ചട്ടക്കൂടൂം വികസന സൂചികകളും തയ്യാറാക്കിയത് സുസ്ഥിര വികസന ലക്ഷ്യങ്ങളെ പ്രാദേശിക വല്‍ക്കരിക്കുന്നതിനുള്ള ഒരു പുതിയ രീതിശാസ്ത്രം തന്നെ വികസിപ്പിക്കുന്നതിന് വഴി തെളിക്കുകയുണ്ടായി. ഇതും ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രവര്‍ത്തനമായി.

ഡിജിറ്റല്‍ സാക്ഷരത
കേരളത്തെ സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിച്ചത് ‍ ചരിത്രപ്രധാനമായ മറ്റൊരു നേട്ടമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) നടപ്പാക്കിയ “ഡിജി കേരളം” ക്യാമ്പെയ്‌നിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. വിജ്ഞാന സമൂഹമെന്ന വികസന സ്വപ്നത്തിനായി ഇന്റര്‍നെറ്റ് പ്രാപ്യത അവകാശമാക്കിയതിന്റെ പശ്ചാത്തലത്തില്‍ ഈ പുതിയ മാതൃകയ്-ക്ക് വലിയ പ്രാധാന്യമാണുള്ളത്. പുല്ലംപാറ ഗ്രാമപഞ്ചായത്ത് ആരംഭിച്ച് വിജയിപ്പിച്ച പദ്ധതി കേരളമാകെ നടപ്പാക്കപ്പെടുകയാണുണ്ടായത്. സംസ്ഥാനത്തെ 83.46 ലക്ഷം വീടുകളിൽ നടത്തപ്പെട്ട വലിയതോതിലുള്ള സര്‍വേയിലൂടെ ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത 21.88 ലക്ഷം പേരെ കണ്ടെത്തി പരിശീലിപ്പിച്ച് 99.98% (21.87 ലക്ഷം) പേരെയും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം, വോയ്സ്/വീഡിയോ കോള്‍, ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍, സോഷ്യല്‍ മീഡിയ, ഇ–മെയില്‍ ഉപയോഗം എന്നിവ പോലുള്ള അവശ്യമായ പ്രായോഗിക അറിവുകളുള്ളവരാക്കി മാറ്റി. എടമലക്കുടിയും അട്ടപ്പാടിയും പോലുള്ള ദുർഗമമായ ആദിവാസി മേഖലകളിലും ഈ പദ്ധതി നടപ്പാക്കി.

സേവന മേഖലയിലെ പുതു ചലനങ്ങള്‍
പതിമൂന്നാം പദ്ധതിക്കാലത്ത് ആരംഭിച്ച സേവന മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ തുടരാന്‍ നമുക്കു കഴിയുന്നുണ്ട്. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ ഭൗതിക സൗകര്യങ്ങളും ഗുണനിലവാരവും വര്‍ദ്ധിക്കുകയാണ്. പൊതു ജനാരോഗ്യ സംരക്ഷണത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളാണ് എന്നു കാണാം. രാജ്യത്താദ്യമായി എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്ര പാലിയേറ്റിവ് സേവന ശൃംഖലയ്-ക്ക് രൂപം കൊടുക്കാന്‍ കഴിഞ്ഞത് ശക്തമായ വികേന്ദ്രീകൃതാസൂത്രണ ചട്ടക്കൂടുള്ളതുകൊണ്ടാണ്.

പൊതുവിദ്യാഭ്യാസരംഗത്ത് പതിമൂന്നാം പദ്ധതിക്കാലത്തുണ്ടായ മികവ് വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനു കഴിഞ്ഞു. പൊതുവിദ്യാലയങ്ങളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും പഠനനിലവാരം ഉയരുകയും ചെയ്തിട്ടുണ്ടെന്ന് ദേശീയ തലത്തിലെ വിദ്യാഭ്യാസ ഗുണ നിലവാര സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന റാങ്കിങ്ങില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

അരികുവല്‍ക്കരിക്കപ്പെട്ടവരേയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരേയും (സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിയുള്ളവര്‍, ട്രാന്‍സ് ജെന്‍ഡര്‍, പട്ടികജാതി-–പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, മത്സ്യതൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍മേഖലയില്‍ പണിയെടുക്കുന്നവര്‍) പ്രത്യേക പരിഗണന നല്‍കി മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഫലപ്രദമായി മുന്നേറുന്നതായി കാണാം. വയോജന കേന്ദ്രങ്ങള്‍, ആധുനിക അങ്കണവാടികള്‍, ശിശു സൗഹൃദ പഞ്ചായത്തുകള്‍ എന്നിങ്ങനെ നിരവധി പുതിയ മാതൃകകള്‍ കേരളത്തിലുടനീളം വികസിപ്പിച്ചിട്ടുണ്ട്. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തുല്യ നീതി ഉറപ്പാക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്നേറിയിട്ടുള്ളതായി കാണാം. പട്ടികജാതി-–പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടേ നേതൃത്വത്തില്‍ ഭൂമി, പാര്‍പ്പിടം, മികച്ച വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, നൈപുണ്യവികസന പരിശീലനം, തൊഴില്‍ എന്നിവ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ ശ്രദ്ധിക്കുന്നത് ഈ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി ഉറപ്പുവരുത്താന്‍ സഹായിക്കുന്നു.

സമൂഹത്തിലുണ്ടാകുന്ന സ്ത്രീവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും പ്രതിരോധിക്കുന്നതിനും അവ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുമുള്ള സര്‍വ്വതല സ്പര്‍ശിയായ പ്രചാരണ–ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചിട്ടുള്ളതായി കാണാം. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് മുന്‍പൊരിക്കലുമില്ലാത്ത പ്രാധാന്യം കൈവന്നിരിക്കുന്നു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ വിജയം വരിക്കുന്നുണ്ട്. കുടുംബശ്രീയുടെ പ്രവര്‍ത്തന മേഖലകള്‍ കൂടൂതല്‍ സാങ്കേതികത്തികവ് നേടുന്നതായും വന്‍തോതിൽ വൈവിധ്യവല്‍ക്കരിക്കപ്പെടുന്നതായും കാണാം. സംസ്ഥാന സര്‍ക്കാരിന്റെ 2015 ലെ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി ഫലപ്രദമായി നടപ്പിലാക്കുന്നതിലും പ്രാദേശിക സര്‍ക്കാരുകള്‍ ഏറെ മുന്നേറിയിരിക്കുന്നു.

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വൈവിധ്യമാര്‍ന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ക്രോഡീകരിക്കുക അത്ര എളുപ്പമല്ല. ഒരു കാര്യം വ്യക്തമാണ്: സാധാരണ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മേഖലകളെ കമ്പോള ശക്തികള്‍ക്ക് നിരുത്തരവാദപരമായി എറിഞ്ഞുകൊടുക്കുന്ന വലതുപക്ഷ സമീപനമല്ല ഇവിടെ കാണാനാകുന്നത്. ലഭ്യമായ ധന വിഭവങ്ങള്‍ സൂക്ഷ്മതയോടെ വിനിയോഗിക്കുകയും അവ സുസ്ഥിരമായ ഫലങ്ങളുണ്ടാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന, ജനപങ്കാളിത്തത്തോടെയുള്ള വികസന മാതൃകകളാണ് ലോകത്തിനു മുന്നില്‍ കേരളത്തിന് ഉയര്‍ത്തിക്കാട്ടാനുള്ളത്. അവസര സമത്വത്തിലൂന്നിയുള്ള വികസനം വികേന്ദ്രീകൃതമായ സംവിധാനത്തിലൂടെ ഫലപ്രദമാക്കുന്നതിനുള്ള പുതിയ സാധ്യതകള്‍ ഇതിലൂടെ തുറന്നുകിട്ടുകയാണ്. അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ അനാവരണം ചെയ്യാന്‍ കേരളത്തിനു കഴിയുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന വ്യവസ്ഥകളില്‍ ശ്വാസംമുട്ടുന്ന സംസ്ഥാനമാണെങ്കിലും പ്രാദേശിക ഭരണ സംവിധാനങ്ങള്‍ക്ക് സ്വന്തം ഭാഗധേയം നിര്‍ണയിക്കാനുള്ള സാമ്പത്തികവും ഭരണപരവുമായ അധികാരങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കിക്കൊണ്ടുള്ള വികസനമാണ് കേരളം മുന്നോട്ടുവയ്ക്കുന്ന ബദല്‍ വികസന മാതൃകയുടെ കാതല്‍. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 2 =

Most Popular