Saturday, March 14, 2026

ad

Homeനിരീക്ഷണംവിശ്വാസവും മതരാഷ്ട്രീയവും

വിശ്വാസവും മതരാഷ്ട്രീയവും

കെ എൻ ഗണേശ്

വിശ്വാസവും മതവർഗീയതയും തമ്മിലുള്ള വേർതിരിവുകളും ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പങ്കും ധാരാളമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം മതവിശ്വാസത്തിന്റെ അന്ത്യമാണെന്നു കരുതുന്ന ഒരു വിഭാഗമുണ്ട്. മതപരമായ ഭിന്നതകൾ നിലനിൽക്കുന്ന, ഭൂരിപക്ഷം ജനങ്ങളും വിശ്വാസികളായ ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങളിൽ വിശ്വാസങ്ങളെ സംരക്ഷിക്കുകയാണ് ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കടമ എന്നു കരുതുന്നവരുമുണ്ട്. മതവർഗീയതയെ എതിർക്കുന്നവരാണ് എല്ലാവരും. എന്നാൽ മതവിശ്വാസം എവിടെ അവസാനിക്കുന്നു, വർഗീയത എവിടെ ആരംഭിക്കുന്നു എന്നതിനെ സംബന്ധിച്ച ആശയക്കുഴപ്പം വ്യാപകമാണ്.

മതബോധത്തിനും അതിനാധാരമായ ദൈവവിശ്വാസത്തിനും സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. നമ്മുടെ ചുറ്റും കാണുന്ന ക്ഷേത്രങ്ങളിലെ ആരാധനാമൂർത്തികളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും കാര്യമെടുത്താൽ മതി. നിരവധി കുടുംബങ്ങൾക്ക് കുടുംബപരദേവതകൾ വരെയുണ്ട്. ഇവയുമായി ബന്ധപ്പെട്ട ആചാരങ്ങൾ വീടുകളിൽ അനുഷ്ഠിക്കുന്നവർ ഉണ്ട്. ‘നിരവധി ആഭിചാര ക്രിയകൾ നമുക്കു ചുറ്റും നടന്നുപോരുന്നുണ്ട്. ഇവ പലർക്കും ദിനചര്യയുടെ ഭാഗമാണ്. ചിലർക്ക് ഇവ തറവാട്ടു മഹിമയുടെയും പൊതുജീവിതത്തിന്റെയും ഭാഗമാണ്. അതുകൊണ്ടാണ് ഇവയെല്ലാം ഒഴിവാക്കാൻ കഴിയില്ലെന്നു ചിലർ വാദിക്കുന്നത്.

ഇതിനു വേറൊരുവശവുമുണ്ട്. ക്രിസ്തുമസ്, ഈസ്റ്റർ, റമദാൻ, ഈദ് അൽ ഫിത്തർ, ദീപാവലി, വിഷു, മഹാനവമി, ബൗദ്ധപൂർണിമ, മഹാവീരജയന്തി തുടങ്ങിയവ നമ്മുടെ പൊതുജീവിതത്തിന്റെ ഭാഗമാണ്. അവയെ ആധാരമാക്കിയാണ് നമ്മുടെ വാർഷിക പ്രവർത്തന കലണ്ടർ ക്രമപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം മതപരമായ ചടങ്ങുകളും ഓർമ്മദിനങ്ങളുമാണ്. പക്ഷേ അവ നമ്മുടെ പൊതുജീവിതക്രമത്തിന്റെ ഭാഗമാണ്. അതായത് കേവലമതപരതയേക്കാൾ പ്രാധാന്യം ഇവയ്ക്കുണ്ട്.

മതവിശ്വാസം പ്രത്യേക മതങ്ങളുടേതാണെന്നും അവ പിന്തുടരേണ്ട ബാധ്യത എല്ലാവർക്കും ഇല്ലെന്നും ഏവർക്കും അറിയാം. വ്യക്തിജീവിതത്തിൽ എല്ലാവരും മതാചാരങ്ങൾ കൃത്യമായി പിന്തുടരുന്നുമില്ല. പിന്നെയെന്തുകൊണ്ടാണ് പൊതുജീവിതത്തിൽ മതപരതയുടെ സ്വാധീനം വർദ്ധിക്കുന്നത്? ഇതിന് രണ്ടു വിധത്തിൽ ഉത്തരം പറയാൻ കഴിയും. ഒന്നാമത്തേത്, മതത്തിന്റെ സ്വാധീനം ഒരിക്കലും കുറഞ്ഞിട്ടില്ല. അതിന്റെ പ്രകടനാത്മകത വർദ്ധിച്ചിട്ടേയുള്ളു. രണ്ടാമത്തെ ഉത്തരം, മതവർഗീയതയുടെ ബോധപൂർവമായ പ്രവർത്തനം ജനങ്ങളുടെ ഇടയിൽ മതവർഗീയ ബോധം സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളത്. മത ബോധം വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇതിനെ തടയുന്നതിൽ മതനിരപേക്ഷ രാഷ്ട്രീയം പരാജയപ്പെട്ടു. അവരുടെ മതപ്രീണന നയങ്ങളാണ് സ്ഥിതി വഷളാക്കിയത്.

ഇവിടെ രണ്ടു വിധത്തിലുള്ള ചോദ്യങ്ങൾക്ക് ആദ്യം തന്നെ ഉത്തരം നൽകേണ്ടതുണ്ട്. ഒന്ന് മതബോധം എന്തുകൊണ്ടാണ് ഇങ്ങനെ നിലനിന്നു പോരുന്നത്? രണ്ട് മതനിരപേക്ഷ രാഷ്ട്രീയം എന്തുകൊണ്ട് പരാജയപ്പെടുന്നു? ദൈവത്തിന്റെ പല പേരുകളിൽ വിളിക്കുന്ന അതീന്ദ്രിയ ശക്തിയുടെ കാരുണ്യത്തിലും സംഹാരശക്തിയിലുമുള്ള വിശ്വാസത്തിലാണ് മതബോധം നിലനിൽക്കുന്നത്. സ്വന്തം ദുരിതങ്ങളിൽ നിന്നുള്ള മോചനത്തിനും അതിനു കാരണക്കാരായവരുടെ നിഗ്രഹത്തിനും ദൈവകൃപ ആവശ്യമാണ് എന്ന ബോധമാണ് ഇതിനെ നയിക്കുന്നത്..അതുകൊണ്ട് പൂർണമായ അർപ്പണത്തിലേക്കു മാത്രമല്ല മതബോധം നയിക്കുന്നത്; ശക്തമായ പ്രതിരോധ പ്രസ്ഥാനങ്ങൾക്കും മതങ്ങൾ കാരണമാകാറുണ്ട്. 17-–ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വിപ്ലവങ്ങൾക്കു പിന്നിൽ ലെവലർമാർ,റാന്റർമാർ തുടങ്ങിയ മതപ്രസ്ഥാനങ്ങളുടെ സ്വാധീനമുണ്ടായിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ ക്വേക്കർമാരുടെയും മോർമോണുകളുടെയും സ്വാധീനം ഉണ്ടായിരുന്നു. ഇവിടെയെല്ലാം ദുരിതത്തിലാണ്ട ജനങ്ങളുടെ മോചനമാർഗമായാണ് മതം പ്രത്യക്ഷപ്പെടുന്നത്. ദൈവത്തിന്റെ കരുണയ്-ക്കും നീതിനിർവഹണത്തിനും അനുസൃതമായി ധർമ്മാധർമ്മങ്ങളും പുണ്യപാപങ്ങളും അടങ്ങുന്ന പ്രപഞ്ചസങ്കല്പവും മതം സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ധാർമ്മിക ക്രമത്തിനനുസരിച്ച് നിത്യജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളെയും വ്യാഖ്യാനിക്കാനും മതത്തിനു കഴിയുന്നു. മതം സൃഷ്ടിക്കുന്ന ആത്മീയ സുഗന്ധമാണ് ദുരിതങ്ങളെ അകറ്റുന്ന മയക്കുമരുന്നായി ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്നത്. മനുഷ്യർ അവരുടെ പ്രവർത്തനങ്ങൾ കൊണ്ടുതന്നെ സ്വന്തം ദുരിതങ്ങളെ ഇല്ലായ്മ ചെയ്യാത്തിടത്തോളം കാലം ഈ സുഗന്ധത്തിന്റെ മായിക വലയം നിലനിൽക്കും.

മതനിരപേക്ഷതയുടെ പ്രശ്നം വേറൊന്നാണ്. ഇവിടെ മാർക്സ് ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുതയുണ്ട്. ഏറ്റവുമധികം മതപരത സമൂഹത്തിൽ നിലനിന്ന നാടാണ് അമേരിക്ക. എന്നാൽ അവിടെയാണ് ഏറ്റവും പൂർണ്ണമായ സെക്കുലർ ഭരണഘടന നടപ്പിലാക്കപ്പെടുന്നത്. അതിന്റെ കാരണവും മാർക്സ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘യൂറോപ്പിൽ ഫ്യൂഡലിസത്തിനെതിരായ പോരാട്ടത്തിലൂടെയാണ് ബൂർഷ്വാസി അധികാരത്തിൽ വന്നത്. അതിനു ശേഷവും ഫ്യൂഡൽ പ്രഭുക്കന്മാരുടെയും മതമേധാവികളുടെയും സ്വാധീനം യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിലനിന്നു. ഇംഗ്ലണ്ടും ജർമ്മനിയും ഉദാഹരണങ്ങളാണ്. അതുകൊണ്ട് സെക്കുലറായ ഒരു രാഷ്ട്രീയ സമൂഹം സൃഷ്ടിക്കാൻ വീണ്ടും പോരാട്ടങ്ങൾ വേണ്ടി വന്നു. അമേരിക്ക ഒരു കൊളോണിയൽ അധിനിവേശ രാഷ്ട്രമായതുകൊണ്ട് ഫ്യൂഡൽകോയ്മയുടെ ബാധ്യതകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് പൊതുസമൂഹത്തിൽ മത വിഭാഗങ്ങൾ നിലനിൽക്കെ തന്നെ ഒരു സെക്കുലർ രാഷ്ട്രീയ സമൂഹം സൃഷ്ടിക്കാൻ അവർക്ക് പ്രയാസമുണ്ടായിരുന്നില്ല. വംശീയത പോലുള്ള പുതിയ രൂപങ്ങൾ അതിനോടൊപ്പം ജന്മമെടുക്കുകയും ചെയ്തു’’

ഇന്ത്യയിലെ ഭരണഘടനയുടെ അവസ്ഥയും പരിശോധിക്കേണ്ടതാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയിലെ മതബോധത്തിന് രാഷ്ട്രീയമുഖം നൽകുകയും ഇന്ത്യൻ ജനതയെ വിഭജിക്കാനുള്ള തന്ത്രമായി അതിനെ ഉപയോഗിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഇന്ത്യയിൽ വളർന്നുവന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഏറിയും കുറഞ്ഞും മതബോധത്തെ രാഷ്ട്രീയ രൂപമായി കൈകാര്യം ചെയ്യേണ്ടിവന്നു. ആര്യസമാജത്തിന്റെയും ദേവ്ബന്ദി ഉലമാക്കളുടെയും രാഷ്ട്രീയ സങ്കല്പങ്ങൾ ഉദാഹരണങ്ങളാണ്. ഇതിന്റെ തീവ്ര രൂപമായാണ് രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രത്യക്ഷപ്പെടുന്നത്. ഒരു അർദ്ധസൈനിക പ്രസ്ഥാനമെന്ന നിലയിൽ ഭക്തിയുടെയോ ആത്മീയതയുടെയോ സ്വാഭാവിക മതബോധത്തിലല്ല, മറിച്ച് കൊളോണിയൽ നിർമ്മിതിയായ ‘മതരാഷ്ട്രീയത്തിലാണ് അത് നിലയുറപ്പിച്ചത്. ഹിന്ദുമഹാസഭയുടെയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെയും സ്ഥാനം അവിടെ ത്തന്നെയായിരുന്നു. ഇതു സൃഷ്ടിച്ച സാമൂഹ്യ – രാഷ്ട്രീയ വിടവുകൾ പരിഹരിക്കുന്നതിന് ഭരണഘടനാ കർത്താക്കൾക്ക് ശക്തമായ മതനിരപേക്ഷ രാഷ്ട്രീയം സ്വീകരിക്കേണ്ടി വന്നു. എല്ലാ മതങ്ങൾക്കും തുല്യമായ പൗരസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും നൽകിയപ്പോൾതന്നെ മതന്യൂനപക്ഷങ്ങളെ ജനസംഖ്യാ ന്യൂനപക്ഷങ്ങളായി കണ്ട് പ്രത്യേകാവകാശങ്ങൾ നൽകിയതും ഈ നിലപാടിന്റെ ഭാഗമായിരുന്നു.

ഇവിടെ ഭരണഘടന അംഗീകരിച്ച ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഒരു സ്വഭാവം സുപ്രധാനമാണ്. ആരാധനാസ്വാതന്ത്ര്യം പൗരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പൗരർ വ്യക്തികളായതുകൊണ്ട് ഈ സ്വാതന്ത്ര്യം വ്യക്തിഗതമാണ്. ആധുനികകാലത്തെ മതബോധവും വ്യക്തിഗതമാണ്; സ്വകാര്യമാണ്. പൊതുജീവിതത്തെ നിർണയിക്കുന്നത് ജനാധിപത്യപരമായ അവകാശങ്ങളും നീതിവ്യവസ്ഥയുമാണ്. എങ്കിലും. അവ ഫ്യൂഡൽ സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായി മതനിയമങ്ങളിൽ അധിഷ്ഠിതമല്ല . അതായത്, മതവിശ്വാസം സ്വകാര്യമായി നിലനിർത്തുമ്പോൾ തന്നെ അവ നിലനിർത്താനും സ്വന്തം കാഴ്ചപ്പാടുകളിൽ മാറ്റം വരുകയാണെങ്കിൽ അതിനനുസരിച്ച് മാറ്റം വരുത്താനുമുള്ള അവകാശം വ്യക്തിക്കായിരിക്കും. സ്വന്തം തീരുമാന പ്രകാരം മറ്റു മതങ്ങൾ സ്വീകരിക്കുകയോ മതസംഹിതകളിൽ നിന്ന് – വേറിട്ടുനിൽക്കുകയോ ചെയ്യുന്നത് അയാളുടെ ജനാധിപത്യപരമായ അവകാശമാണ്. ഇതിൽ കൈകടത്താൻ ഒരു മതസ്ഥാപനത്തിനും അവകാശമില്ല.

എന്നാൽ, എല്ലാത്തരം മതരാഷ്ട്രീയവും അതനുസരിച്ചുള്ള ഭരണകൂടവും ഇതല്ല ചെയ്യുന്നത്. ഏതെങ്കിലും മതത്തിന്റെ ധർമ്മസംഹിതകളും ഉത്ബോധനവും ഒരു രാഷ്ട്രീയ സമൂഹത്തിന്റെ ഘടനയെത്തന്നെ നിർണയിക്കുമ്പോൾ അവിടെ മതത്തിന്റെ സ്വകാര്യതയ്-ക്കോ അതിനെ ആധാരമാക്കിയുള്ള വ്യക്തിസ്വാതന്ത്ര്യത്തിനോ ഒരു പ്രസക്തിയും ഇല്ലാതാകുന്നു. അവിടെ അധീശത്വം നേടുന്ന മതരാഷ്ട്രീയം മറ്റു മതവിശ്വാസങ്ങളെ പുറത്താക്കുകയാണ്. മത രാഷ്ട്രീയം ആശയസംഹിതകളെയും നീതിന്യായ വ്യവസ്ഥയെയും നിർണയിക്കുമ്പോൾ പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പ്രസക്തിയില്ലാതാകുന്നു. റോഡുകളിൽ കാറോടിക്കാനുള്ള സ്വാതന്ത്ര്യം പൗരസ്വാതന്ത്ര്യവും നിശ്ചിത മാനദണ്ഡങ്ങൾക്കുള്ളിൽ ചിലപ്പോഴൊക്കെ നടക്കാവുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യവുമാകും. ബാക്കിയെല്ലാം മതസംഹിത തീരുമാനിക്കും. അതോടെ സ്വകാര്യവും പൊതുവും ആയ നടപടിക്രമങ്ങൾക്കും പ്രസക്തിയില്ലാതാകുന്നു. അതായത് മധ്യകാലജീവിതക്രമത്തിലേക്കുള്ള തിരിച്ചുപോക്കാണ് മത ാഷ്ട്രീയം ആഗ്രഹിക്കുന്നത്, ഭരണഘടനയുടെയും പൗരസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും നിഷേധവും.

ഇതിൽ നിന്നാണ് വർഗീയത ഉടലെടുക്കുന്നത് എന്നു കാണാൻ വിഷമമില്ല. ഭക്തി, ആത്മീയത മുതലായ കേവല വിശ്വാസരൂപങ്ങൾ അവരവരുടെ ആത്മനിർവൃതിക്ക് ഉപകാരപ്പെടുമെന്നല്ലാതെ മറ്റുള്ളവരെ ആക്രമിക്കുന്നതിലേക്കും പകപോക്കുന്നതിലേക്കും നയിക്കുകയില്ല. ഇവയോടൊപ്പം സമ്പത്ത്, കുടുംബ മഹിമ സാമുദായികെെക്യം തുടങ്ങിയവ ചേരുമ്പോഴാണ് അന്യരുടെ പ്രവർത്തനങ്ങളെ നാമെതിർക്കുന്നത്. നമ്മുടെ മതവികാരം വ്രണപ്പെടുന്നത്. പൗരസമൂഹത്തിൽ മതവിശ്വാസികളോ മതസ്ഥാപനങ്ങളോ നേടിയെടുത്ത അവകാശങ്ങൾ ചോദ്യംചെയ്യപ്പെടുമ്പോഴോ അധിക്ഷേപ പരമായ പരാമർശങ്ങൾ ഉണ്ടാകുമ്പോഴോ ഇത്തരം വ്രണപ്പെടുത്തലുകൾ ഉണ്ടാകും. ഒരാളുടെ എടുപ്പോ നടപ്പോ ജീവിതരീതിയോ അയാൾ അനുഭവിക്കുന്ന ‘ആത്മീയ സുഗന്ധത്തെ’ സൂചിപ്പിക്കുന്നില്ല. പൊതുജീവിതത്തിലെ അയാളുടെ പ്രകടനത്തെ മാത്രമാണ് സൂചിപ്പിക്കുന്നത്.

വർഗീയത ഏറ്റെടുക്കുന്നതും ഇത്തരം പ്രകടനാത്മക വിഷയങ്ങളാണ്. അതുകൊണ്ട് വർഗീയവാദി ഭക്തനോ ആത്മീയവാദിയോ ആകണമെന്ന് നിർബന്ധമില്ല. ഭക്തനും ആത്മീയ വാദിയും വർഗീയവാദി ആകണമെന്നുമില്ല.

മറ്റൊന്നും കൂടി ഇവിടെ പ്രസക്തമാണ്. പൊതുജീവിതത്തിലെ മതപരതയും നിലവിലുള്ള മുതലാളിത്ത സംസ്കൃതിയും തമ്മിലുള്ള പാരസ്പര്യമാണത്. മുൻ കാലഘട്ടങ്ങളിലും ആരാധനാലയങ്ങളും വാണിജ്യ സംസ്കാരവും തമ്മിൽ ബന്ധമുണ്ടായിരുന്നു. കച്ചവടക്കാരുടെ ദാനധർമ്മങ്ങളാണ് ആരാധനാലയങ്ങളെ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ഇന്നും മുതലാളിത്തം തന്നെയാണ് ആരാധനാലയങ്ങളെ നിലനിർത്തുന്നത്. ശബരിമലയിൽ ഏറെ വിവാദമായ സ്വർണപ്പാളി പണിയിച്ചത് വിജയ് മല്യ എന്ന വ്യവസായി ആയിരുന്നു. പല ക്ഷേത്രങ്ങളും അവരുടെ ഉത്സവങ്ങൾ പരസ്യം ചെയ്യുകയും സ്പോൺസർഷിപ്പുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവസഭകളും വഖഫ് ബോർഡും കൈകാര്യം ചെയ്യുന്ന സ്വത്തുതർക്കങ്ങൾ മറ്റൊരുദാഹരണമാണ്. ഇവയിൽ പല തർക്കങ്ങളും നീതിന്യായ കോടതിയിലുമെത്തുന്നു. ശബരിമലയെ സംബന്ധിച്ച് സുപ്രീം കോടതിയിൽ ഇന്നും നടന്നുവരുന്ന കേസും പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്വത്തു സംബന്ധിച്ച കേസും ഉദാഹരണങ്ങളാണ്. പൊതുജീവിതത്തിലെ മതവും മതസ്ഥാപനങ്ങളും മുതലാളിത്ത ബന്ധങ്ങൾക്കും അതിന്റെ നീതിന്യായവ്യവസ്ഥക്കും വിധേയമാണെന്നാണ് ഇതെല്ലാം കാണിക്കുന്നത്. വർഗീയതയും മതരാഷ്ട്രീയവും ചെയ്യുന്നത് ആധുനിക നീതിന്യായ വ്യവസ്ഥയെ സ്വന്തം മതതാല്പര്യങ്ങൾക്കു വേണ്ടി ഉടച്ചുവാർക്കുകയാണ്. ഇതിനെതിരെ പോരാടുക എന്നത് ജനാധിപത്യവാദികളുടെ കടമയാണ്.

ഇവിടെയാണ് യുക്തിവാദികളുടെയും മതവിശ്വാസികളുമായി ഐക്യപ്പെടാൻ തീരുമാനിക്കുന്നവരുടെയും നിലപാടുകളിലെ ദൗർബല്യങ്ങൾ പുറത്തുവരുന്നത്. ദൈവശാസ്ത്രവും നിരീശ്വരവാദവും തമ്മിലുള്ള മൽപ്പിടുത്തം കൗതുകകരമായ ഒരു ആശയസംഘട്ടനമാകാം. അതു കണ്ടും കേട്ടും ആസ്വദിക്കാനും ധാരാളം ജനങ്ങളുണ്ടാകും. അത് ജനങ്ങളുടെ വിശ്വാസസംഹിതകളെ ഒരു രീതിയിലും ബാധിക്കുന്നില്ല. മിക്കവാറും പേരും അവർക്ക് യുക്തിപരമായി ശരിയായ ‘രീതിയിൽ തന്നെ ഭൗതിക ജീവിതം നയിക്കുന്നവരാണ്. അതിൽ അവർ നേരിടുന്ന അനിശ്ചിതത്വങ്ങൾക്കും ആകുലതകൾക്കും ദുരിതങ്ങൾക്കും കണ്ടെത്തുന്ന ഒരു പ്രതിവിധിയാണ് ദൈവ വിശ്വാസം. അതിലപ്പുറം ഒരു ദൈവമുണ്ടോ ഇല്ലയോ തുടങ്ങിയ താത്ത്വിക ചർച്ചകൾ അവരെ സ്വാധീനിക്കുന്നില്ല. അഥവാ ദൈവമില്ലെന്നു സമ്പൂർണമായി തെളിഞ്ഞാലും വേറെ ഏതെങ്കിലും വിധത്തിലുള്ള അഭൗമക്രിയയിൽ അവർ ആശ്വാസം കണ്ടെത്തും. വാസ്തു, കമ്പ്യൂട്ടർ ജാതകം, നിർമ്മിത ബുദ്ധി തുടങ്ങിയവയിലുള്ള വിശ്വാസം ഉദാഹരണങ്ങളാണ്.

ദൈവവിശ്വാസത്തിനാധാരമായ ആകുലതകളുടെ പരിഹാരം മനുഷ്യരാശിയുടെ മോചന സമരങ്ങളിലാണ്. അതുകൊണ്ട് ഏതെങ്കിലും മത വിഭാഗത്തിന്റെ രാഷ്ട്രീയമായ മോചനത്തിലല്ല ആ മത വിഭാഗം ഉൾപ്പെട്ട ജനതയുടെ മാനവിക മോചനത്തിലാണ് ഊന്നേണ്ടത്.

ഇതാണ് മതവിശ്വാസികളുമായി ഐക്യപ്പെടാൻ ശ്രമിക്കുന്നവരുടെ പ്രശ്നവും. പൊതുജീവിതത്തിലെ മതത്തെ ഇന്ന് അധികമധികമായി നിയന്ത്രിക്കുന്നത് മതരാഷ്ട്രീയമാണെന്ന തിരിച്ചറിവു വേണം. അവർക്കു വേണ്ടത് മതവിശ്വാസമല്ല; മതാധിഷ്ഠിതമായ അധികാരമാണ്. മതവിശ്വാസികൾക്കു വേണ്ടത് അവരുടെ ദുരിതങ്ങളിൽ നിന്നുള്ള മോചനമാണ്. അധികാരം നേടിയെടുത്താൽ ഈ മോചനം നൽകാൻ കഴിയുമെന്ന വാഗ്ദാനമാണ് സാധാരണക്കാരെ മതരാഷ്ട്രീയത്തോടടുപ്പിക്കുന്നത്. അതുകൊണ്ട് വർഗരാഷ്ട്രീയത്തിന് മതരാഷ്ട്രീയവുമായി ഏതെങ്കിലും വിധത്തിൽ സന്ധി ചെയ്യാൻ സാധിക്കുകയില്ല.

മതവിശ്വാസികളുള്ളത് ഏതെങ്കിലും മതമേധാവിയുടെ അനുയായികളായല്ല, വർഗസമരങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന വർഗങ്ങൾക്കുള്ളിൽ തന്നെയാണ്. അവരുടെ വിശ്വാസസംഹിതകൾ അവർ നേരിടുന്ന ദുരിതങ്ങളുടെ ഫലമാണ്. അതേ ദുരിതങ്ങൾ തന്നെയാണ് ഇവരെ വർഗസമരങ്ങളിൽ പങ്കെടുപ്പിക്കുന്നതും. വർഗസമരങ്ങളിൽനിന്ന് അവരെ അകറ്റിനിർത്തുന്നത് അവരുടെ സ്വാഭാവിക നിലപാടുകളല്ല. അവരെ നിയന്ത്രിക്കുന്ന അന്യവർഗചിന്താഗതിയും മതരാഷ്ട്രീയവുമാണ്. ഒരുവശത്ത് അവരുടെ സ്വകാര്യ വിശ്വാസപ്രമാണങ്ങളുമായി തുടർച്ചയായി സംവദിച്ച് ശാസ്ത്രീയവും ജനാധിപത്യപരവുമായ ആശയസംഹിതകളിലേക്ക് എത്തിക്കുകയാണ് ജനാധിപത്യപ്രവർത്തകരുടെ കടമ. ഇത് ജനങ്ങൾക്കിടയിലുള്ള ക്ഷമാപൂർവമായ പ്രവർത്തനമാണ്. അതിനായി അവരെ മാറ്റിക്കൊണ്ടു പോകാൻ ശ്രമിക്കുന്ന മതരാഷ്രീയവാദികളുമായി തുടർച്ചയായി പോരാട്ടം നടത്തേണ്ടിവരും. ജനങ്ങളുടെ ദുരിതങ്ങൾക്കാധാരമായ ഭൗതിക പ്രശ്നങ്ങളെ അടിനസ്ഥാനമാക്കി വിശ്വാസികളുടെ ഇടയിലടക്കം സംഘാടന പ്രവർത്തനം നടത്തേണ്ടിവരും. ഏതെങ്കിലും വിധത്തിൽ താൽക്കാലിക നേ ട്ടങ്ങൾക്കായി മത രാഷ്ട്രീയവാദികളുമായുള്ള കൂട്ടുകെട്ട് ഈ പ്രവർത്തനത്തിന് തുരങ്കംവയ്ക്കും.

വർഗരാഷ്ട്രീയം നേരിടുന്നത് മതരാഷ്ട്രീയത്തെയാണ്. മതവിശ്വാസികളെയല്ല. അതേ സമയം മതവിശ്വാസത്തിലെ അശാസ്ത്രീയവും അന്ധവിശ്വാസങ്ങളിലധിഷ്ഠിതവും ജനവിരുദ്ധവുമായ ആശയങ്ങളെയും അനുഷ്ഠാനങ്ങളെയും ശാസ്ത്രീയമായി നിലവിലുള്ള അറിവുകളുടെ വെളിച്ചത്തിൽ യുക്തിസഹമായി തുറന്നു കാണിക്കേണ്ട ബാധ്യതയും വർഗരാഷ്ട്രീയത്തിനുണ്ട്. ഇവയെ ഉപയോഗിച്ചാണ് മതസംഘടനകളും രാഷ്ട്രീയവും ജനങ്ങളുടെ ഇടയിൽ വേരൂന്നാൻ ശ്രമിക്കുന്നത് എന്നു തിരിച്ചറിയണം. ക്ഷേത്ര കേന്ദ്രിത പ്രവർത്തനങ്ങളും ശബരിമല വിവാദവും എല്ലാം ഇതിന്റെ ഭാഗമാണ്. മനുഷ്യരുടെ സ്വകാര്യ മത വിശ്വാസങ്ങളെ ആദരിക്കുന്നതിനോടൊപ്പം പൊതുസമൂഹത്തിൽ പൗരസ്വാതന്ത്ര്യവും ‘ആരാധനാസ്വാതന്ത്ര്യവും മറ്റു ഭരണഘടനാപരമായ അവകാശങ്ങളും ഏറ്റവും കൂടുതൽ ഉയർത്തിപ്പിടിക്കുകയും ഇത്തരം അവകാശങ്ങളുടെ മേലുള്ള മതരാഷ്ട്രീയത്തിന്റെ കടന്നുകയറ്റത്തെ ശക്തമായി ചെറുക്കുകയും വേണം. ഹിന്ദുമത വിശ്വാസിയെ ഹിന്ദുത്വത്തിൽ നിന്നും മുസ്ലീങ്ങളെ ഇസ്ലാ മിസത്തിൽ നിന്നും ക്രിസ്ത്യാനികളെ നവ ക്രിസ്ത്യൻ സങ്കുചിതവാദത്തിൽ നിന്നും മോചിപ്പിക്കുക എന്നത് ഇതിന്റെ ആദ്യപടിയാണ്. സ്വകാര്യവും പൊതുവായതും ആയ എല്ലാ വിധ ആരാധനാസ്വാതന്ത്ര്യത്തെയും നിലനിർത്താനുള്ള ഏറ്റവും ശക്തമായ ഉപാധി സെക്കുലറിസവും ജനാധിപത്യവും ആണെന്ന തിരിച്ചറിവ് മതവിശ്വാസികളിൽ വളർത്തിയെടുക്കണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × one =

Most Popular