Thursday, January 29, 2026

ad

Homeവിശകലനംമുതലാളിത്തം 
മുഖപടം മാറ്റുമ്പോള്‍

മുതലാളിത്തം 
മുഖപടം മാറ്റുമ്പോള്‍

വി കെ ഷറഫുദ്ദീൻ

‘‘എന്തുകൊണ്ട് ഇത്രമാത്രം അസമത്വം?” എന്ന ചോദ്യം വളരെ ലളിതമായിരുന്നു. നിഷ്കളങ്കവും. പക്ഷേ, മകളുടെ, ബാലികയായ സെനിയയുടെ ചോദ്യത്തിനു മുന്നില്‍ പ്രസിദ്ധ സാമ്പത്തിക പണ്ഡിതനും പില്‍ക്കാലത്ത് ഗ്രീക്ക് ധനകാര്യമന്ത്രിയുമായ യാനിസ് വറോഫാക്കിസ് പതറിപ്പോയി. എല്ലാ കുഞ്ഞുങ്ങളും നഗ്നരായി ജനിക്കുന്നു. പക്ഷേ എന്തേ ചില കുഞ്ഞുങ്ങള്‍ മാത്രം വളരുമ്പോള്‍ വിലപിടിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നു? ഭൂരിപക്ഷം കുട്ടികളും കീറത്തുണികളല്ലേ ഉടുക്കുന്നത്?” മനസ്സിലാക്കാന്‍ കഴിയാത്ത ആ അന്തരം വിശദീകരിക്കാനാണ് കുഞ്ഞു സെനിയ പിതാവിനെ സമീപിച്ചത്.

സാമ്പത്തിക വിദഗ്ധനായിട്ടും വറോഫാക്കിസിന്, തൃപ്തികരമായ ഒരു മറുപടി മകള്‍ക്ക് കൊടുക്കാനായില്ല. അദ്ദേഹം എന്തൊക്കെയോ ‘ഞഞ്ഞാമിഞ്ഞ’ പറഞ്ഞു രക്ഷപ്പെട്ടു. എന്നാല്‍ ചോദ്യം അവശേഷിച്ചു. പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ് സെനിയ മുതിര്‍ന്ന് സ്വന്തം ജീവിതവുമായി മാറിപ്പോവുകയും താന്‍, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിവേളയില്‍ ഗ്രീസിന്റെ ധനകാര്യമന്ത്രിയായിരിക്കുകയും ചെയ്തപ്പോഴും, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള അന്തരം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. മകള്‍ അടുത്തില്ലാതിരുന്നിട്ടും അവള്‍ പണ്ടു ചോദിച്ച ചോദ്യത്തിനു വിശദീകരണമായി ‘മകളോടുള്ള സംസാരം : മുതലാളിത്തത്തിന്റെ ഒരു ഹ്രസ്വചരിത്രം’1 എന്ന ശ്രദ്ധേയ ഗ്രന്ഥം വറോഫാക്കിസ് പ്രസിദ്ധീകരിച്ചത് അങ്ങനെയാണ്. മകളുമായുള്ള സാങ്കല്പിക സംഭാഷണമാണത്.

കാര്‍മേഘ മുതലാളിത്തം
മാര്‍ക്സ് പണ്ടേ പറഞ്ഞതിലേക്കും സമര്‍ത്ഥിച്ചതിലേക്കും തന്നെയാണ് വറോഫാക്കിസ് തന്റെ വിചിന്തനങ്ങളിലൂടെ എത്തിച്ചേര്‍ന്നത്. വര്‍ഗ വൈരുദ്ധ്യത്തിനു കാരണം മുതലാളിത്തം തന്നെ. ചൂഷണത്തില്‍ അധിഷ്ഠിതമായ മുതലാളിത്തം അനിവാര്യമായും ഉയര്‍ന്നു വരുന്ന ജനകീയ മുന്നേറ്റങ്ങളെ അടിച്ചമര്‍ത്താനും അതിജീവിക്കാനുമായി കാലാകാലങ്ങളില്‍ പുതിയ അവതാരങ്ങള്‍ കൈക്കൊള്ളുന്നു. ഫ്യൂഡലിസമെന്ന ആദിരൂപത്തിനും സാമ്രാജ്യത്വമെന്ന ആത്യന്തിക ലക്ഷ്യത്തിനുമിടയില്‍, ‘ടെക്നോ കാപ്പിറ്റലിസ’ത്തില്‍ എത്തി നില്‍ക്കുന്ന കാലിക മുതലാളിത്ത ക്രമത്തെ ‘കാര്‍മേഘ മുതലാളിത്തം’ എന്നാണ് ഏറ്റവും ഒടുവില്‍ അദ്ദേഹം വിളിക്കുന്നത്. ആദ്യ രചന പരിഷ്കരിച്ച് വര്‍ഷങ്ങള്‍ക്കുശേഷം എഴുതിയ മറ്റൊരു പഠനഗ്രന്ഥത്തില്‍2 ‘മുതലാളിത്തം മരിച്ചു’വെന്നും ‘ടെക്നോ ഫ്യൂഡലിസ’ത്തിന്റെ വേഷത്തില്‍ ആദി ചൂഷണവ്യവസ്ഥ അരങ്ങു വാഴുകയാണെന്നും വറോഫാക്കിസ് സമര്‍ത്ഥിക്കുകയുണ്ടായി.

മുതലാളിത്തം ആടയാഭരണങ്ങള്‍ മാറ്റിയതല്ല, ഡിജിറ്റല്‍ അധീശന്മാരായി വമ്പന്‍ ടെക്- കമ്പനികള്‍ അട്ടിമറിയിലൂടെ വ്യവസ്ഥിതി കയ്യടക്കുകയുമാണുണ്ടായതെന്നാണ് ഗ്രീക്ക് സാമ്പത്തിക പണ്ഡിതന്റെ നിഗമനം. ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ഡാറ്റാ അല്‍ഗൊരിതം തുടങ്ങിയവയാണ് ചൂഷണോപാധികള്‍. വമ്പന്‍ ടെക്- കമ്പനികള്‍ ഉത്പന്നങ്ങളല്ല വിറ്റഴിക്കുന്നത്. അവ പോര്‍ട്ടലുകളിലൂടെ ജനങ്ങളുടെ വീടുകളിലും ചിന്തകളിലും ഒടുവില്‍ മനസ്സിലും അധിനിവേശം നടത്തുകയാണ്.

കോര്‍പ്പറേറ്റ് പണപ്രവാഹം, വര്‍ദ്ധിച്ച സാമൂഹ്യ – സാമ്പത്തിക അസമത്വം, സംഘടിതമല്ലാത്ത നഗരവത്കരണം, പാര്‍പ്പിടപ്രശ്നം, തൊഴിലില്ലായ്മ, പരിസ്ഥിതി കയ്യേറ്റം, വംശ, വര്‍ണ വിവേചനം, കുടിയേറ്റം, സാമൂഹ്യസംഘര്‍ഷം തുടങ്ങി ഒട്ടേറെ വിനാശങ്ങള്‍ക്ക് അത് കാരണമായി.

അതിജീവനതന്ത്രം
മുതലാളിത്ത പ്രതിസന്ധി രൂക്ഷമായ 1990കളില്‍ അതിജീവനമന്ത്രവും തന്ത്രവുമായി വലതുപക്ഷ സാമ്പത്തിക പണ്ഡിതര്‍ മെനഞ്ഞെടുത്ത ആഗോളവത്കരണവും, ഉദാരവത്കരണവും അതേ കാലഘട്ടത്തില്‍, സോവിയറ്റ് പതനത്തോടെയാരംഭിച്ച സോഷ്യലിസ്റ്റ് അപചയത്തോടെ സംഹാരരൂപം കൈക്കൊള്ളുകയാണുണ്ടായത്. ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചറും അമേരിക്കയില്‍ റീഗനും നേതൃത്വം നല്‍കിയ മുതലാളിത്തചേരി ‘അക്രമാസക്ത നവലിബറല്‍ വ്യവസ്ഥ’ മൂന്നാം ലോകരാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കാനിറങ്ങി. ‘സോഷ്യലിസത്തിന് എന്നെന്നേക്കും വിട’യെന്നും പുത്തന്‍ സാമ്പത്തിക ക്രമമെന്ന മുതലാളിത്ത രീതിക്ക് ബദലില്ലെന്നും താച്ചര്‍ അഹങ്കാരത്തോടെ പ്രസ്താവിക്കുകയും ചെയ്തു. വിപണി ലക്ഷ്യം മാത്രമുള്ള, രാഷ്ട്രാന്തരീയ കോര്‍പ്പറേറ്റ് അധീശത്വമുള്ള, ചൂഷണാധിഷ്ഠിതമായ ലോകക്രമം ഏകധ്രുവ ലോകത്തിന്റെ മുഖമുദ്രയായി മാറി.

നവ ഉദാരവത്കരണം വിവിധ തരത്തിലാണ് പ്രവര്‍ത്തിക്കുകയെന്നും അത് കാലിക മുതലാളിത്ത നയങ്ങളുടെ സത്തയിലേക്ക് ആണ്ടിറങ്ങുകയും അവസരങ്ങളുടെ അനവധി സാധ്യതകള്‍ തുറന്നിട്ട് മൂലധനത്തെ ആകര്‍ഷിക്കുകയും വരുതിയിലാക്കുകയും ചെയ്യുന്നുവെന്നും പ്രമുഖ സാമൂഹിക ചിന്തകന്‍ മാര്‍ട്ടിന്‍ ഹാര്‍ട്ട് ലാന്റ്സ്ബര്‍ഗ്3 വിലയിരുത്തുന്നു. ശരിയാണ്. അത് സമ്പത്തുത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ആ പ്രക്രിയയില്‍ ഇടപെടുന്ന തൊഴിലാളികള്‍ പരസ്പരം മത്സരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. തൊഴില്‍ നഷ്ടപ്പെടല്‍, പരിതാപകരമായ ജീവിത–തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയവ മൂലം അവര്‍ നിരന്തര സംഘര്‍ഷത്തിലും യാതനയിലുമാണ്. അസന്തുലിതാവസ്ഥയും അസമത്വവും അസഹനീയമായിക്കൊണ്ടിരിക്കുന്നു. പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അവ പ്രായേണ ദുർബലമായ പ്രതിരോധങ്ങളും അരാഷ്ട്രീയവുമായി മാറുകയാണ് പതിവ്.

മുതലാളിത്തവര്‍ഗ താത്പര്യങ്ങള്‍ പോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തന്ത്രപൂര്‍വ്വം രൂപപ്പെടുത്തിയതാണെങ്കിലും നവ ഉദാവത്-ക്കരണം മുതലാളിത്ത ആഗോളവത്-കരണത്തിന് പ്രത്യയശാസ്ത്ര മുഖംമൂടി നല്‍കിക്കൊണ്ടിരിക്കുന്നുവെന്നതാണ് ചെറുത്തുനില്പുകള്‍ നിഷ്ഫലമാകാന്‍ ഒരു കാരണമെന്ന് മാര്‍ട്ടിന്‍ ഹാര്‍ട്ട്ലാന്റ്സ്ബെര്‍ഗ് ചൂണ്ടിക്കാട്ടുന്നു. നശീകരണ പ്രകൃതം അടയാളപ്പെടുത്താന്‍ വ്യഗ്രത പൂണ്ട കാലിക മുതലാളിത്തത്തിന്റെ ചടുലതയാണ് മറ്റൊരു കാരണം. അതുകൊണ്ടു തന്നെ വിപ്ലവകരമായ സാമൂഹിക പരിവര്‍ത്തനത്തിനു പ്രതിജ്ഞാബദ്ധതയുള്ള പ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ഇടതുപക്ഷത്തിന്റെ കടമ.

പ്രകൃതിനിയമങ്ങള്‍
മനുഷ്യവര്‍ഗത്തിന്റെ സ്വാഭാവികമായ സാമൂഹ്യ വ്യവസ്ഥ മുതലാളിത്തമാണെന്ന ഒരു വിഭാഗം ജനങ്ങളുടെ പരമ്പരാഗത വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ച സഹായകമായിട്ടുണ്ട്. പ്രകൃതിനിയമങ്ങളുമായും അടിസ്ഥാന മനുഷ്യ ചോദനകളുമായും പൊരുത്തപ്പെട്ടു പോകുന്നതാണെന്നാണവരുടെ ധാരണ. അതുകൊണ്ടു തന്നെ അതില്‍ നിന്നുള്ള ഏതു വ്യതിചലനവും സംഘര്‍ഷം സൃഷ്ടിക്കുമെന്ന് അവര്‍ കരുതി. ചരക്കുകളും സേവനങ്ങളും അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്കുള്ളതുപോലും ലാഭകരമായ വിനിമയങ്ങള്‍ക്കുള്ളതാണെന്നു നിഷ്കര്‍ഷിക്കുന്ന കാപ്പിറ്റലിസത്തില്‍ മനുഷ്യാധ്വാന ശക്തിയും വിപണിയില്‍ വില്പന വസ്തുവാണ്. സമൂഹത്തിലെ ഭൂരിഭാഗം പണികളും ആസ്തിരഹിത തൊഴിലാളികളാണ് ചെയ്യുന്നത്. ജീവനോപാധികള്‍ ലഭ്യമാക്കാന്‍ തങ്ങളുടെ അദ്ധ്വാനശേഷി തുച്ഛമായ കൂലിക്കു കൈമാറാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരാണവര്‍.

ഡിജിറ്റല്‍ ഇക്കോണമി
ജന്മി – കുടിയാന്‍ (നാടുവാഴിത്ത) വ്യവസ്ഥയില്‍ നിന്നുള്ള പരിവര്‍ത്തന ഘട്ടത്തിനിടയില്‍ മുതലാളിത്തമുള്‍പ്പെടെ ഒട്ടേറെ ക്രമങ്ങള്‍ പിറവിയെടുത്തിട്ടുണ്ടെങ്കിലും ഘടനാപരവും വ്യവസ്ഥാപിതവുമായി വളര്‍ന്നു വികസിച്ചത് മുതലാളിത്തമാണെന്ന് എല്ലെന്‍ മെയ്ക്സിന്‍സ് വുഡ് എന്ന സാമൂഹ്യ ചിന്തകന്‍4 പറയുന്നു. ദേശകാലങ്ങള്‍ക്കനുസരിച്ച് മുതലാളിത്തവും വ്യത്യസ്ത രൂപഭാവങ്ങള്‍ സ്വീകരിച്ചു. തൊഴിലാളികളുടെ അധ്വാനശേഷിയെ ചൂഷണം ചെയ്ത് ലാഭം പരമാവധി കൊയ്തെടുക്കുകയെന്ന പരമമായ ലക്ഷ്യം നിലനിര്‍ത്തി. ഒപ്പം വളരുകയും വളര്‍ത്തിയെടുക്കുകയും ചെയ്ത ദേശീയത ദേശ, ഭാഷ, മത, ജാതി, ദേശീയ സങ്കല്പനങ്ങള്‍ കടന്ന് ടെക്നോ ദേശീയതയായപ്പോള്‍ മുതലാളിത്തം ടെക്നോ ക്യാപ്പിറ്റലിസമായി വിശ്വരൂപം പൂണ്ടു. പണം വിപണിയിലേക്ക് ആനുപാതികമല്ലാതെ കുലംകുത്തിയൊഴുകിയത് മൂലധനത്തെ പരമ്പരാഗതമായി ലാഭമുണ്ടാക്കുന്ന സമ്പ്രദായത്തില്‍ നിന്നും അടര്‍ത്തി. പ്രസ്തുത മൂലധനം വമ്പന്‍ ടെക് കമ്പനികളുടെ മൂലധനമായി പെരുകി. സമ്പദ്ഘടന അതിനകം ഡിജിറ്റല്‍ ആയി മാറിക്കഴിഞ്ഞിരുന്നു.

മുതലാളിത്തം ശക്തമായ ദ്രവീകരണ പ്രക്രിയയിലാണെന്ന് പ്രമുഖ മാര്‍കിസ്റ്റ് ചിന്തകനായ ജോണ്‍ ബെല്ലാമി ഫോസ്റ്റര്‍ നേരത്തേ വിശകലനം ചെയ്തിരുന്നു. ‘‘ഉറച്ചതാണെന്നു തോന്നുന്നതെല്ലാം അന്തരീക്ഷത്തില്‍ ഉരുകി മറയുന്നു” എന്ന് ഫോസ്റ്റര്‍ എഴുതി5. മുതലാളിത്ത വ്യവസ്ഥയുടെ വികാസഘട്ടത്തില്‍ തന്നെ രൂപം കൊണ്ട സംഘര്‍ഷങ്ങളും പ്രതിസന്ധികളും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ, സങ്കീര്‍ണമായി. 1929ല്‍ കൂടുതല്‍ രൂക്ഷമായ ദുര്‍ഘടങ്ങള്‍, ആഗോള ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയെ ഒന്നാകെ തകര്‍ക്കാന്‍ തുടങ്ങി. 1968ലെ ‘കലാപ’വും 1978ലെ പുന:സംഘാടനവും വരാനിരിക്കുന്ന വന്‍ തകര്‍ച്ചയുടെ നാന്ദി മാത്രമായിരുന്നു. മൂലധനാധിപത്യ വാഴ്ചക്കെതിരെ പോരാടി അധികാരമേറ്റ സോവിയറ്റ് ബ്ലോക്കിനെ മൂലധനം തന്നെ വിഴുങ്ങുകയാണുണ്ടായതെന്ന് പ്രസിദ്ധ മാര്‍ക്സിസ്റ്റ് ചിന്തകനായ ഇസ്ത്വാന്‍ മെസാറോസ് അപഗ്രഥിച്ചിട്ടുണ്ട്6. വ്യവസ്ഥയെ മുച്ചൂടും തരിപ്പണമാക്കിയ ‘ഘടനാപര പ്രതിസന്ധി’യെ മറികടക്കാന്‍ പാശ്ചാത്യ സൈദ്ധാന്തികര്‍ നടത്തിയ പരീക്ഷണങ്ങളില്‍ രൂപപ്പെട്ട പരിണാമമാണ് ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന കോര്‍പ്പറേറ്റ് þ കാര്‍മേഘ മുതലാളിത്തം. ആഗോള ധനകാര്യ ക്രമത്തെ മാത്രമല്ല, മനുഷ്യരാശിയുടെ എല്ലാ സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക, സാംസ്കാരിക മണ്ഡലങ്ങളെയും കശക്കിയെറിയുന്ന ഉഗ്രപ്രതാപിയായി പുതിയ മുതലാളിത്ത വ്യവസ്ഥ മാറുകയാണ്.

ആധുനിക കാലത്ത് ‘ടെക്നോസെന്‍ട്രിസ’മായി വേഷം മാറിയ മുതലാളിത്തം ലാഭക്കൊതിയില്‍ പരിസ്ഥിതി പരിപാലനം പാടേ അവഗണിക്കുകയും എല്ലാ മാനവിക മൂല്യങ്ങളെയും ഉത്പാദന തള്ളിച്ചയ്ക്കും ലാഭത്തിനും കീഴിലാക്കുകയും ചെയ്തു. ഉത്തരാധുനികതയിലാകട്ടെ, മുതലാളിത്തം അതിന്റെ ഹിംസാത്മക സാമ്പത്തിക – സാങ്കേതിക മുഖം വ്യക്തമായും പ്രകടമാക്കി. ഉപഭോക്തൃ സംസ്കാരം തഴച്ചു വളര്‍ന്നതിനൊപ്പം നവോത്ഥാന മൂല്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയും ചെയ്തു.

ആന്തരിക വൈരുദ്ധ്യങ്ങള്‍
മൂലധനത്തില്‍ വൈരുദ്ധ്യങ്ങള്‍ അന്തര്‍ലീനമാണെന്ന് മാര്‍ക്സും ലെനിനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രസ്തുത വൈരുദ്ധ്യങ്ങളുടെ ഉപരിപ്ലവമായ പ്രകടനങ്ങള്‍ക്കപ്പുറം, അവയുടെ വേരുകള്‍ ചികയുകയാണ് ഇടതുപക്ഷ ചിന്തകര്‍ ചെയ്യേണ്ടത്. അറ്റകുറ്റപ്പണികള്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കേണ്ട ഒന്നല്ല അത്. അങ്ങനെയെങ്കില്‍ കൂടുതല്‍ പ്രതികാര മനോഭാവത്തോടെ വൈരുദ്ധ്യങ്ങള്‍ തിരിച്ചു വരും. വൈരുദ്ധ്യങ്ങള്‍ പരവതാനിക്കുള്ളില്‍ മറച്ചുവെച്ച് അവ കൂടിക്കൂടി പരവതാനി തന്നെ മലയോളം വലുതായിരിക്കുന്നുവെന്ന് മെസാറോസ് പരിഹസിക്കുന്നു. മൂലധനത്തിന്റെ മനുഷ്യരൂപങ്ങള്‍ മാത്രമാണ് ക്യാപ്പിറ്റലിസ്റ്റുകളെന്നാണ് മാര്‍ക്സ് ചൂണ്ടിക്കാട്ടിയത്. അവര്‍ സ്വതന്ത്ര ഏജന്റുമാരല്ല. വ്യവസ്ഥിതിയുടെ ആജ്ഞകള്‍ നടപ്പാക്കുന്നവര്‍ മാത്രം. ഏക പരിഹാരം വ്യവസ്ഥിതിയെ ഇല്ലാതാക്കുകയാണ്. മറ്റൊരു മൂലധന വ്യവസ്ഥ പരിഹാരമല്ല. സോഷ്യലിസത്തിനു മാത്രമേ സാമൂഹിക നീതിയും സമത്വവും സംജാതമാക്കാന്‍ കഴിയുകയുള്ളൂവെന്നും കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സമൂഹത്തെ നിയന്ത്രിച്ചു മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള ചരിത്രപരമായ പരിധി എത്തിക്കഴിഞ്ഞു. നമ്മുടെ ജീവിതത്തില്‍ അനിവാര്യമായതിന്റെയെല്ലാം നിര്‍മാതാക്കളും ഉത്പാദകനുമായ തൊഴിലാളി വര്‍ഗത്തിന്റെ ആധിപത്യം മാത്രമാണ് പ്രായോഗിക പരിഹാരം. തങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന്റെ ഉടമസ്ഥത തങ്ങള്‍ക്കില്ലാത്തത് എന്തുകൊണ്ടെന്ന ചിന്തയും അത് നേടിയെടുക്കാന്‍ തൊഴിലാളിവര്‍ഗത്തെ പ്രാപ്തരാക്കുകയുമാണ് കാലഘട്ടത്തിന്റെ ആവശ്യം.

സാങ്കല്പിക മൂലധനം
ലാഭമുള്‍പ്പെടെ വിപണിയില്‍ നിന്നാര്‍ജിച്ച ധനം മറ്റ് ഉത്പാദനങ്ങള്‍ക്കുപയോഗിക്കാതെ കൂടുതല്‍ ധനമാക്കി മാറ്റുന്ന നഗ്നമായ പണക്കൊതി ഉദാരവത്-കരണ കാലത്ത് വ്യാപകമായി മൂലധനം സാങ്കല്പിക മൂലധനത്തിന്റെ രൂപം ധരിക്കുമെന്ന് മാര്‍ക്സ് പറഞ്ഞതു തന്നെ യാഥാര്‍ത്ഥ്യം. ഫലമോ ? സമ്പത്ത് ചിലരുടെ കയ്യില്‍ കേന്ദ്രീകരിച്ചു. ഈ സമ്പത്ത് ഉത്പാദകത്വത്തിന് ഉപയുക്തമായില്ല. ഊഹക്കച്ചവടം തഴച്ചു വളര്‍ന്നു.

മുതലാളിത്ത വ്യവസ്ഥ സമ്പദ്-രംഗം താറുമാറാക്കുന്നതിനു സമാന്തരമായി അധികാരശ്രേണിയില്‍ ഏകാധിപത്യവും പട്ടാളവാഴ്ചയും പ്രഭുഭരണവും മറ്റനേകം വലതു ഭരണക്രമങ്ങളും മുതലാളിത്ത രീതിക്ക് കവചം തീര്‍ത്തപ്പോള്‍ നാസിസവും ഫാസിസവും കാലാനുസൃത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു. നവഫാസിസം അമേരിക്കയില്‍ ട്രംപിസമായി. യൂറോപ്പില്‍ മുസോളിനിക്കും ഹിറ്റ്ലര്‍ക്കും പുതിയ അവതാരങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രസത്യങ്ങളുടെ സ്ഥാനത്ത് ഐതിഹ്യങ്ങളും പുരാണങ്ങളും പ്രതിഷ്ഠിക്കുകയും ചരിത്രത്തെ വക്രീകരിക്കുകയും വ്യാജ ദേശീയതകള്‍ക്കനുസരിച്ച് പുനര്‍നിര്‍മിക്കുകയും വംശീയ, വര്‍ഗീയ വിഭാഗീയതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന നവ ഫാസിസ്റ്റ് രീതികള്‍ ഇന്ത്യയിലും ഭരണകൂടത്തിന്റെ ഒത്താശയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

സമ്പന്നരെ അതിസമ്പന്നരാക്കുകയും തൊഴിലാളികളുടെ ജീവിതം കൂടുതല്‍ യാതനാഭരിതമാക്കുകയും ചെയ്യുന്ന നിലവിലുള്ള വ്യവസ്ഥിതി അവസാനിപ്പിക്കാന്‍ ബൗദ്ധികവും രാഷ്ട്രീയവുമായ സമീപനമാണ് ആവശ്യമെന്ന് ‘21–ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വം’ എന്ന പഠനത്തില്‍ ജെയിംസ് പെട്രാസ്, ഹെന്‍ട്രി വെല്‍ട്ടിമെയര്‍ എന്നീ പ്രസിദ്ധ സാമൂഹ്യ ശാസ്ത്രജ്ഞര്‍ പറയുന്നു7. പുതിയ സഹസ്രാബ്ദത്തിലെ സാമ്പത്തിക ബന്ധങ്ങളെയും സ്ഥാപനങ്ങളെയും വിപ്ലവാത്മകമായി പരിവര്‍ത്തിപ്പിക്കുന്ന ഒരു പറ്റം മാറ്റങ്ങളാണ് ആവശ്യം. വികേന്ദ്രീകൃത, ബഹുസ്വര ആഗോള സാമ്പത്തിക പരിപാലനവും തനത് മൂല്യങ്ങള്‍ക്കനുസൃതമായി വികസന തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും ഉറപ്പു നല്‍കുന്ന അവസ്ഥയാണ് സംജാതമാകേണ്ടത്. സോഷ്യലിസം എന്ന യഥാര്‍ത്ഥ ബദല്‍ അല്ലാതെ മറ്റൊന്നുമല്ല ഈ അവസ്ഥ.

അതെ. സമയം വൈകിക്കൊണ്ടിരിക്കുകയാണ്. ചെയ്യാന്‍ ഒട്ടേറെയുണ്ട്. നിലവിലുള്ള ലോക മുതലാളിത്ത വ്യവസ്ഥയുടെ പൈശാചിക യുക്തിരാഹിത്യം മനസ്സിലാക്കേണ്ടതുണ്ട്. ലോകമെങ്ങുമുള്ള ചൂഷിതരെ, ഭൂമിയിലെ യഥാര്‍ത്ഥ പീഡിതരെ മോചിപ്പിക്കാന്‍ തുനിയുന്നവരുമായി സംഘം ചേരുകയാണ് പരമപ്രധാനം.

വറോഫാക്കിസിന്റെ മകളുടെ നിഷ്കളങ്കമായ ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ആ മകള്‍ വളര്‍ന്നു വലുതായി മറ്റൊരു വന്‍കരയിലേക്കു പോയിട്ടും ചോദ്യം മുഴങ്ങുകയാണ്. മറുപടിയായി രണ്ടു താത്വിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടും പിതാവിന് തൃപ്തി വന്നിട്ടില്ല. മലയാളിയായ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനു ജോസഫ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഈ അസമത്വം അപഗ്രഥിച്ചപ്പോള്‍ ലഭിച്ചത് ‘എന്തുകൊണ്ട് ദരിദ്രര്‍ നമ്മെ കൊല്ലുന്നില്ല?’8 എന്ന ശ്രദ്ധേയ രചനയാണ്. അലിഖിതവും അദൃശ്യവുമായ ഒരു ഉടമ്പടി പാവപ്പെട്ടവരും പണക്കാരും തമ്മില്‍ നിലനില്‍ക്കുന്നുണ്ടെന്ന് മനു ജോസഫ് കണ്ടെത്തുന്നു. പാവങ്ങളെ ജനപ്രിയ നടപടികളിലൂടെ (‘നക്കാപിച്ച’കളിലൂടെ) വരേണ്യവര്‍ഗം കയ്യിലെടുക്കുന്നു. അതിനുള്ള ഉപകാര സ്മരണയില്‍ പണക്കാരെ പാവങ്ങള്‍ നിലനിര്‍ത്തുന്നു! പക്ഷേ ഇങ്ങനെ മതിയോ എന്നതാണ് ചോദ്യം. l

1. Talking to My Daughter : A Brief History of Capitalism – – Yanis Varoufakis
2. Technofeudalism : What killed Capitalism – Yanis Varoufakis
3. Neo – Liberalism – Myth and Reality – – Martin Hart Landsberg
4. The Origin of Capitalism – A Longer View – –Ellen Meiksins Wood
5&6 The Structural Crisis of Capital –- Istvan Meszaros
(Forward by John Bellamy Foster)
7. Globalisation Unmasked -– James Petras & Henry Veltmeyer
8. Why The Poor Don’t Kill Us – – Manu Joseph – Aleph Book Company

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × four =

Most Popular