Thursday, January 29, 2026

ad

Homeപ്രതികരണംകേന്ദ്ര അവഗണനയ്ക്കെതിരെ 
ഇടതുപക്ഷത്തിന്റെ ചെറുത്തുനിൽപ്പ്

കേന്ദ്ര അവഗണനയ്ക്കെതിരെ 
ഇടതുപക്ഷത്തിന്റെ ചെറുത്തുനിൽപ്പ്

പിണറായി വിജയൻ

രണഘടനയുടെ അടിസ്ഥാന സത്ത ഫെഡറലിസത്തിന്റേതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ വിഭാവനം ചെയ്യപ്പെട്ടത്. ധനപരവും സാമ്പത്തികവുമായ അധികാരങ്ങളിൽ കേന്ദ്രത്തിനാണ് ഭരണഘടന മുൻഗണന നൽകിയത്. കൺകറന്റ് ലിസ്റ്റിലുള്ള വിഷയങ്ങളിലും കേന്ദ്രത്തിനാണ് മുൻഗണന. ഭരണഘടനയിൽ പ്രതിപാദിക്കാത്ത അധികാരങ്ങളുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്താനുള്ള അധികാരവും കേന്ദ്രത്തിനുതന്നെയാണ്. ഇത്തരം പ്രത്യേകതകളെല്ലാം തന്നെ നിലനിർത്തിക്കൊണ്ടുള്ള ഒരു സംവിധാനമാണ് നമ്മുടെ രാജ്യത്ത് ഫെഡറൽ എന്നു പറയുമ്പോഴും നിലനിൽക്കുന്നത്. ഇതിനെപ്പോലും ധ്വംസിക്കുന്ന പ്രവണതകൾ സ്വതന്ത്ര ഇന്ത്യയുടെ തുടക്കഘട്ടംമുതൽ തന്നെ പ്രകടമായിരുന്നു.

അതിരൂക്ഷമാംവിധം അത് ശക്തിപ്പെടുന്നതാണ് പിൽക്കാലത്തു നാം കണ്ടത്. കോൺഗ്രസ് ഭരണത്തിൽ വിപൽക്കരമായി വർദ്ധിച്ചുവന്ന ഫെഡറൽ വിരുദ്ധ പ്രവണതകൾ ബി ജെ പി അധികാരത്തിൽ വന്നതോടെ അപായകരമായി മാറുന്ന സ്ഥിതിയുണ്ടായി. സംസ്ഥാനങ്ങൾ പൊതുവിലും, കേന്ദ്രഭരണത്തിനു വിരുദ്ധമായ പാർട്ടികൾ അധികാരത്തിൽ വരുന്ന സംസ്ഥാനങ്ങൾ പ്രത്യേകിച്ചും കേന്ദ്ര അധികാരകേന്ദ്രീകരണത്തിന്റെ ഇരകളായി. രണ്ടാമത്തെ കൂട്ടർ രാഷ്ട്രീയ വൈരനിര്യാതനത്തിനുള്ള ഇരകൾ കൂടിയായി. ഇതിന്റെ മാരകമായ ദുരനുഭവങ്ങളാണ് കഴിഞ്ഞ പത്തുവർഷക്കാലം കേന്ദ്രത്തിൽ നിന്നു കേരളത്തിനു സഹിക്കേണ്ടിവന്നത്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും പ്രാദേശിക സർക്കാരുകളായി മാറുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന ആശയം പോലും കേന്ദ്രം ഉപേക്ഷിച്ചു.

പാർലമെന്ററി സംവിധാനത്തിന് പകരം പ്രസിഡൻഷ്യൽ രീതി മുന്നോട്ടുവയ്ക്കുന്ന സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം കേന്ദ്ര-–സംസ്ഥാന ബന്ധങ്ങളുടെ ജനാധിപത്യവൽക്കരണം എന്നത് അജൻഡയിൽ തന്നെ ഇല്ലാത്തതാണ്. അധികാരത്തിൽ വന്നശേഷം അവർ നടപ്പിലാക്കിയ ഒരോ പരിഷ്‌കാരവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ അട്ടിമറിക്കുന്നതും ജനാധിപത്യപരമായ രീതിയെ തകർക്കുന്നതുമാണ്.

കേന്ദ്ര-–സംസ്ഥാന ബന്ധങ്ങളെ ജനാധിപത്യപരമായി പുനഃക്രമീകരിക്കാത്തതിന്റെ പ്രശ്‌നങ്ങൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളത്തെ കേന്ദ്രം മാറ്റിയിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയിൽ 2.59 ശതമാനമാണ് കേരളീയർ. എന്നാൽ നമുക്കു ലഭിക്കുന്ന നികുതി വിഹിതം 1.92 ശതമാനം മാത്രമാണ്. ഇതിൽത്തന്നെയുണ്ടല്ലോ പ്രകടമായ വിവേചനം.

കേരളത്തിന്റെ നിത്യജീവിതത്തെ അസാധ്യമാക്കിത്തീർക്കുന്ന വിധത്തിലുള്ള കേന്ദ്രത്തിന്റെ കടുത്ത സാമ്പത്തിക വിവേചനം കൂടുതൽ ശക്തിപ്പെടുകയാണ്. എന്നാൽ അതിൽ തളരാതെ തനത് വരുമാനത്തിലൂടെയും അധിക വിഭവ സമാഹരണത്തിലൂടെയും സൂക്ഷ്മമായ ആസൂത്രണ നിർവ്വഹണങ്ങളിലൂടെയും അതിനെ അതിജീവിച്ചു മുന്നോട്ടുപോവുകയാണ് നമ്മൾ. നാം ശിരസ്സു കുനിക്കില്ല. അവർക്ക് കീഴ്‌പ്പെടുകയുമില്ല. രാജ്യത്തിന്റെ തന്നെ ശ്രദ്ധയിലേക്ക് ഒരു പുതിയ ബദൽ മുമ്പോട്ടുവെച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നേറും.

ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിൽ കേരളം മുന്നോട്ടുവെക്കുന്ന ഇടതുപക്ഷ ബദൽ കേവലം ഒരു പ്രാദേശിക ഭരണസംവിധാനത്തിന്റെ നേട്ടങ്ങൾ മാത്രമല്ല, മറിച്ച് രാജ്യത്തിനു തന്നെ കൃത്യമായ ദിശാബോധം നൽകുന്ന ഒരു രാഷ്ട്രീയ ദർശനമാണ്. നവലിബറൽ സാമ്പത്തിക നയങ്ങൾ സാധാരണക്കാരന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കുമ്പോൾ, ജനക്ഷേമത്തിലൂന്നിയ വികസനമാണ് സാധ്യമാകേണ്ടതെന്ന് നാം ലോകത്തോട് ഉറക്കെ പറയുന്നു. വികസനം എന്നാൽ കേവലം സാമ്പത്തിക കണക്കുകളല്ല, അത് സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന മനുഷ്യന്റെ ജീവിതനിലവാരത്തിൽ വരുന്ന ഗുണപരമായ മാറ്റമാണ്. പൊതുവിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയും, അതിദാരിദ്ര്യം പൂർണമായും തുടച്ചുനീക്കിയും കേരളം ഇന്ത്യയ്ക്ക് ഒരു പുതിയ വികസന മാതൃക കാട്ടിക്കൊടുക്കുന്നു. ഡിജിറ്റൽ വിടവ് നികത്തി ജ്ഞാനസമൂഹത്തിലേക്കും ആധുനിക സമ്പദ്-വ്യവസ്ഥയിലേക്കും ചുവടുവെക്കുന്ന കേരളം, ശാസ്ത്രീയ ബോധവും സാമൂഹിക നീതിയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്നതിന്റെ ഉത്തമ ഉദാഹരണമായി ഇന്ത്യയിൽ തന്നെ വേറിട്ടു നിൽക്കുന്നു.

സാധാരണ നിലയിലാണെങ്കിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയപ്രേരിതമായ ക്രൂരവിവേചനങ്ങൾ കൊണ്ട് അതിരൂക്ഷമായ പ്രതിസന്ധിയിൽപ്പെട്ട് സംസ്ഥാനം തകർന്നുപോകുമായിരുന്നു. ആ തകർച്ച ഒഴിവാക്കിയതും കേരളത്തെ അത് ബാധിക്കാതെ ക്ഷേമ-വികസനങ്ങളിലൂടെ നയിച്ചതും എൽ ഡി എഫ് സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയാണ്; സാമ്പത്തിക ആസൂത്രണവും നിർവ്വഹണവുമാണ്. ഈ രാഷ്ട്രീയശക്തി മാത്രമേ കേരളത്തിന്റെ രക്ഷയ്ക്കുള്ളൂ എന്നത് കേരളജനത വർദ്ധിച്ച തോതിൽ തിരിച്ചറിയുന്ന ഘട്ടംകൂടിയാണിത്.

ഇത് നമുക്ക് വലിയ ഒരു ആത്മവിശ്വാസം നൽകുന്നു. ഒരു ശക്തിക്കും തകർക്കാനാവാത്ത വിധം കേരളത്തിന്റെ സാമ്പത്തിക , സാമൂഹ്യ ജീവിതം ഭദ്രമായി നിലനിർത്താനും ഈ ജനത അതിജീവിക്കുന്നു എന്നുറപ്പാക്കാനും നമുക്കു കഴിയും. അതിന്റെ ഏറ്റവും വലിയ ഗ്യാരന്റിയാണ് എൽ ഡി എഫ് സർക്കാർ എന്ന് ജനങ്ങൾ സ്വന്തം ജീവിതംകൊണ്ട് തിരിച്ചറിഞ്ഞ ഘട്ടം കൂടിയാണിത്. സർക്കാരിന്റെ ആത്മവിശ്വാസം ഈ സർക്കാരിൽ ഉയർന്ന തോതിലുള്ള വിശ്വാസം ആവർത്തിച്ചുറപ്പിക്കാൻ ജനങ്ങൾക്കു കരുത്തു നൽകുന്നു. ആ കരുത്ത് നമ്മുടെ കരുത്താണ്.

വൈഷമ്യമേറിയ പതിറ്റാണ്ടിലൂടെയാണ് നമ്മൾ കടന്നുപോന്നത്. ഒരു ഭാഗത്ത്, കടുത്ത വർഗീയവിദ്വേഷം പടർത്തിക്കൊണ്ട് സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിക്കാനും ജനാധിപത്യ മതനിരപേക്ഷ കാഴ്ചപ്പാടുകളെ ഞെരിച്ചമർത്താനുമുള്ള കേന്ദ്ര ഭരണ രാഷ്ട്രീയത്തിന്റെ നിരന്തരമായ ഇടപെടലുകൾ. മറുവശത്ത്, രാജ്യത്തിന്റെ പൊതുവിഭവങ്ങൾ രാഷ്ട്രീയമായി ഇഷ്ടമില്ലാത്ത സംസ്ഥാനങ്ങൾക്ക് നിഷേധിച്ചുകൊണ്ട് അവിടുത്തെ ജനജീവിതത്തെ മരവിപ്പിക്കാനുള്ള തുടർച്ചയായ സാമ്പത്തിക കടന്നാക്രമണങ്ങൾ. ഈ വിധത്തിലുള്ള നീക്കങ്ങളെ അതിശക്തമായി ചെറുത്തുകൊണ്ട് അതിജീവിക്കുകയാണ് കേരളം. നമുക്ക് ഇങ്ങനെ തുടർന്നും അതിജീവിക്കാൻ കഴിയും എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.

എന്നാൽ മറ്റൊന്നുണ്ട്. രാജ്യത്തിന്റെ പൊതുവായ വിഭവങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. രാജ്യത്തിന്റെ സമതുലിതമായ വികസനത്തിനും എല്ലാ ഭാഗങ്ങളിലെയും ജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി ഉപയുക്തമാകേണ്ടതാണ്. അത് നമ്മുടെ അവകാശമാണ്. അതിനെ രാഷ്ട്രീയ പ്രീണനത്തിനും രാഷ്ട്രീയ വൈരനിര്യാതനത്തിനും വേണ്ടി കേന്ദ്രം ദുരുപയോഗിക്കുന്നത് അനുവദിച്ചുകൊടുക്കാനാകില്ല. തങ്ങൾക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ രാഷ്ട്ര വിഭവങ്ങൾ ഇഷ്ടമുള്ള ഇടങ്ങളിൽ കോരിച്ചൊരിയുക, തങ്ങൾക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകർക്കാൻ ഇഷ്ടമില്ലാത്ത ഇടങ്ങൾക്ക് സമ്പൂർണ്ണമായി അതു നിഷേധിക്കുക. ഇതാണ് കേന്ദ്രം ചെയ്യുന്നത്.

കോൺഗ്രസ് കൂട്ടുനിൽക്കുന്നു
വികസനം ഒരു പ്രദേശത്തേക്കോ, ഒരു ജനവിഭാഗത്തിലേക്കോ ചുരുക്കിക്കൂടാ. വികസനത്തിന്റെയും ക്ഷേമത്തിന്റെയും നേട്ടങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരേപോലെ ലഭിക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന സമതുലിതമായ ഒരു വീക്ഷണം പുലരണം. ഈ കാഴ്ചപ്പാടു സ്വീകരിക്കുന്ന ഇന്ത്യയിലെ വളരെ ചുരുക്കം സംസ്ഥാന ഭരണങ്ങളിലൊന്നാണ് കേരളത്തിലേത്. ഇത് കേന്ദ്ര രാഷ്ട്രീയ നിലപാടുകൾക്കു വിരുദ്ധമാണ് എന്നത് എടുത്തുപറയേണ്ടതില്ലല്ലൊ. അതുകൊണ്ടുതന്നെ കേരളത്തോട് പ്രതികാരം ചെയ്യുന്നതിൽ കേന്ദ്രീകരിക്കുകയാണ് കേന്ദ്ര സർക്കാർ.

കേന്ദ്രത്തിന്റെ ഈ ദുഷ്ടനീക്കത്തിന് കേരളത്തിൽ ഒരു കൂട്ടാളി കൂടിയുണ്ട്. അത് കോൺഗ്രസാണ്. കേരളത്തെ ദ്രോഹിക്കുമ്പോൾ കേന്ദ്രത്തിനു കൈയടിച്ചുകൊടുക്കുകയാണ് കോൺഗ്രസ്. അർഹതപ്പെട്ട ദുരിതാശ്വാസം നിഷേധിച്ചപ്പോഴടക്കം ഗൂഢമായ ആനന്ദം അനുഭവിച്ച പാർട്ടിയാണത്. അതിന്റെ എം പിമാർ പാർലമെന്റിലെടുത്ത നിലപാട് നമ്മൾ കണ്ടു. സഹായം നൽകാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തേണ്ടതിനു പകരം സഹായം നിഷേധിക്കാൻ കേന്ദ്രത്തിനു മുമ്പിൽ മുടന്തൻ ന്യായങ്ങൾ വച്ചുകൊടുക്കുകയായിരുന്നു അവർ. ലൈഫ് പോലെ, ദുർബല ജനവിഭാഗങ്ങൾക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതികളെ കോടതിയിലടക്കം പോയി തുരങ്കം വെക്കാൻ അതേ പാർട്ടിക്കാർ ശ്രമിക്കുന്നത് നാം ഇവിടെ കണ്ടു. അടിസ്ഥാന വികസനത്തിന്റെ ഉപാധിയായി നമ്മൾ പുനഃക്രമീകരിച്ച കിഫ്ബിയെ കേന്ദ്രം തകർക്കാൻ ശ്രമിക്കുന്നതിൽ സന്തോഷിക്കുന്ന ഇവരുടെ ക്രൂരതയും നമ്മൾ കണ്ടു. ഒറ്റവാചകത്തിൽ പറഞ്ഞാൽ കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ നിന്നും ആക്രമണങ്ങൾ നേരിട്ടുകൊണ്ടാണ് എൽ ഡി എഫ് സർക്കാർ ഇവിടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചത്. വികസനത്തിനു വേണ്ടി യത്‌നിച്ചത്; ക്ഷേമത്തിനു വേണ്ടി വിശ്രമമില്ലാതെ പണിയെടുത്തത്.

ഇക്കാര്യത്തിൽ ഒരു ഏകാന്ത ദ്വീപുപോലെ ഉയർന്നു നിൽക്കുകയാണ് നമ്മുടെ സംസ്ഥാനം. പല സംസ്ഥാനങ്ങളും അതിദാരിദ്ര്യത്തിന്റെ പരമകാഷ്ഠയിൽ ചെന്നുനിൽക്കുന്നു. ക്ഷേമമില്ല, വികസനമില്ല, ആശ്വാസ നടപടികളുമില്ല. കേന്ദ്ര സഹായം ലഭിച്ച ഇത്തരം സംസ്ഥാനങ്ങളിൽ പണം എങ്ങോട്ടു പോകുന്നു എന്ന ചോദ്യത്തിന് ഉത്തരവുമില്ല. അതേസമയം കേരളം സമസ്ത മേഖലകളിലും കുതിച്ചു മുമ്പോട്ടുപോയി. ഒട്ടേറെ മേഖലകളിൽ ഇതര സംസ്ഥാനങ്ങൾക്കു മാതൃകയായി. കേന്ദ്രത്തിന്റെയടക്കം പഠനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി. പൊതുഭരണ രംഗം മുതൽ വ്യത്യസ്ത വികസന മേഖലകളിൽ വരെ, ആശ്വാസ നടപടികളിൽ മുതൽ അടിസ്ഥാന സൗകര്യ വികസന രംഗങ്ങളിൽ വരെ കേരളം മുന്നിലാണ്. ഇതൊക്കെ സാധ്യമായത് കേന്ദ്രത്തിന്റെയും കേന്ദ്ര ഭരണകക്ഷിയുടെയും അതേപോലെ കോൺഗ്രസിന്റെയും നയങ്ങൾക്കു ബദലായ നയങ്ങൾ ഇവിടെ ആവിഷ്‌കരിച്ചു നടപ്പാക്കിയതുകൊണ്ടാണ്; അതാകട്ടെ ഒരുപാട് അട്ടിമറി ശ്രമങ്ങളെ അതിജീവിച്ചുകൊണ്ടുമാണ്.

വായ്പയെടുക്കലിന്റെ കാര്യത്തിലും 
ക്രൂരമായ വിവേചനം
വായ്പയെടുക്കലിന് ദേശീയ തലത്തിൽ ഒരു പൊതുമാനദണ്ഡമുണ്ട്. അതിനെപ്പോലും ലംഘിച്ച് കേന്ദ്രം കടമെടുക്കുന്നു. അതിന് നിയന്ത്രണമില്ല. അതേസമയം മറ്റു സംസ്ഥാനങ്ങൾക്കു ബാധകമാകുന്ന പൊതുമാനദണ്ഡം കേരളത്തിനു ബാധകമാക്കുന്നില്ല. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും ഒക്കെ കാര്യത്തിൽ ഇതു കണ്ടു. നമ്മുടെ കിഫ്ബി പോലെയുള്ള സ്ഥാപനമാണ് നാഷണൽ ഹൈവേ അതോറിറ്റി. അതിന്റെ വായ്പയെ സർക്കാർ വായ്പയുടെ പരിധിയിൽ കേന്ദ്രം പെടുത്തുന്നില്ല. എന്നാൽ കിഫ്ബിയുടെ വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായേ പരിഗണിക്കൂ. പാവപ്പെട്ടവർക്കു പെൻഷൻ കൊടുക്കാൻ നമ്മൾ ഒരു കമ്പനി രൂപീകരിച്ചു. ആ കമ്പനിയുടെ കാര്യത്തിലും ഇതേ ഇരട്ടത്താപ്പാണ് കേന്ദ്രത്തിനുള്ളത്.
വികസനമുണ്ടാകണമെങ്കിൽ മൂലധന നിക്ഷേപമുണ്ടാകണം. അതിനാകട്ടെ വായ്പയെടുക്കുകയും വേണം. വായ്പ ഉപയോഗിക്കുന്നത് നിത്യനിദാന ചെലവുകൾക്കലുമല്ല, തിരിച്ചുകിട്ടാത്ത ചെലവുകൾക്കല്ല. മറിച്ച് പ്രത്യുൽപാദനപരമായ വികസന കാര്യങ്ങൾക്കാണ്. വായ്പയെടുത്ത് ചെലവാക്കുന്നത് ഒന്നിനു പത്ത് എന്ന മട്ടിൽ വരെ തിരിച്ചു കിട്ടും. അതിൽ നിന്ന് പലിശയടക്കം പ്രിൻസിപ്പൽ എമൗണ്ട് അടച്ചുതീർക്കാനും ബാക്കി സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കാനും ഉപകരിക്കും. ഇത്തരം സാധ്യതകളെയാണ് കേന്ദ്രം പൂർണ്ണമായും അടച്ചുകളയുന്നത്.

കേരളത്തിന് നാലുവർഷത്തിനിടയിൽ 
നിഷേധിച്ചത് 2 ലക്ഷം കോടി രൂപ
10-–ാം ധനകാര്യ കമ്മീഷൻ കാലത്ത് 3.87% ആയിരുന്ന നികുതിവിഹിതം 15-–ാം കമ്മീഷനിൽ 1.92% ആയി വെട്ടിക്കുറച്ചു. കഴിഞ്ഞ 4 വർഷത്തിനിടയിൽ കേരളത്തിന് അർഹമായ 2 ലക്ഷം കോടി രൂപ കേന്ദ്രം നിഷേധിച്ചു. നികുതി വിഹിതത്തിലെ മാറ്റം വഴി പ്രതിവർഷം 15,000 കോടിയിലധികം രൂപ കേരളത്തിന് നഷ്ടമാകുന്നു.

റവന്യൂ കമ്മി ഗ്രാന്റ് 2021-–22 ൽ 19,891 രൂപ കോടിയായിരുന്നത് 2024-–25 ൽ വെറും 4,749 കോടി രൂപയായി കുറച്ചു. താങ്ങാനാവാത്ത ആഘാതമാണ് സംസ്ഥാനത്തിന് ഇതുണ്ടാക്കിയത്. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25% മാത്രമാണ് കേന്ദ്രം നൽകുന്നത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത് 50%–-73% വരെയാണ്. കേരളത്തിനു കിട്ടേണ്ട പരിമിതമായ ആ 25 ശതമാനത്തിൽപ്പോലും വലിയ കുറവു വരുത്തുകയാണ് കേന്ദ്രം ചെയ്തത്.
· കേന്ദ്രം പിരിക്കുന്ന നികുതിയുടെ ഡിവിസിബിൾ പൂളിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട വിഹിതവും കുറച്ചു.

കേന്ദ്ര വരുമാനത്തിന്റെ 30% ത്തോളം, സെസ്സുകളും സർചാർജുകളും ആക്കുക വഴി പിന്നെയും സംസ്ഥാനങ്ങളുടെ വയറ്റത്തടിക്കുകയാണ് കേന്ദ്രം ചെയ്തത്. ഈ സെസ്സും സർചാർജും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ടതില്ല. അതിനാൽത്തന്നെ, സംസ്ഥാനങ്ങൾക്ക് വീതിച്ചു കൊടുക്കേണ്ട തുകയിൽ വലിയ കുറവാണ് വന്നത്.

ബോണ്ടുകൾ ഇറക്കി പണം കണ്ടെത്താനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് തടസ്സം നിൽക്കുന്നു. ജനസംഖ്യാ നിയന്ത്രണത്തിൽ കേരളം കൈവരിച്ച നേട്ടത്തെ സംസ്ഥാനത്തിനുള്ള നികുതി കുറയ്ക്കാനുള്ള ആയുധമാക്കി. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ മികച്ച പ്രകടനത്തെ മാനദണ്ഡമാക്കി കേരളത്തിനുള്ള വിഹിതം കുറച്ചു. നേട്ടമുണ്ടാക്കിയതിനു ശിക്ഷ!

2022 ജൂണിൽ ജി എസ് ടി കോമ്പൻസേഷൻ നിർത്തലാക്കിയതു വഴി പ്രതിവർഷം 12,000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഐ ജി എസ് ടി ഇനത്തിൽ കേരളത്തിന് ലഭിക്കേണ്ട 965 കോടി രൂപ കേന്ദ്രം തടഞ്ഞു.

അതിനെയൊക്കെ അതിജീവിച്ചുകൊണ്ടാണ് ഇക്കാണായ വിദ്യാലയ മന്ദിരങ്ങളും റോഡുകളും പാലങ്ങളും അടക്കമുള്ളവയും ദുർബല വിഭാഗങ്ങൾക്കുള്ള പെൻഷൻ വർദ്ധനവും ക്ഷേമ നടപടികളും ഒക്കെ വിട്ടുവീഴ്ചയില്ലാതെ ഇവിടെ നിലവിൽ കൊണ്ടുവന്നതും വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നതും. മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത ക്ഷേമ ആശ്വാസ നടപടികളും വികസന പദ്ധതികളുമാണ് ഇവിടെ നടപ്പാക്കുന്നത്. അത് ഉപരോധങ്ങളെ അതിജീവിക്കാൻ കേരളം പ്രാപ്തമാണ് എന്നതിന്റെ വിളംബരമായി നിൽക്കുന്നു.

കേന്ദ്രത്തിന്റെ ദ്രോഹനടപടികളെയെല്ലാം ചെറുത്ത് നമ്മൾ നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക, പബ്ലിക് അഫയേഴ്‌സ് സൂചിക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രേഷ്ഠതാ സൂചിക, നിതി ആയോഗിന്റെ മൾട്ടി ഡയമെൻഷണൽ പോവെർട്ടി ഇൻഡക്ഡ്, നിതി ആയോഗിന്റെ ആരോഗ്യ സൂചിക, നിതി ആയോഗിന്റെ സംസ്ഥാന ഊർജ്ജ കാലാവസ്ഥ സൂചിക എന്നിവയിൽ നമ്മൾ ഒന്നാമതായി.

കേരളം കണ്ടിട്ടില്ലാത്ത കണ്ണഞ്ചിപ്പിക്കുന്ന വികസനമാണ് ഈ പത്തു വർഷങ്ങളിൽ കേന്ദ്രത്തിന്റെ ദ്രോഹനടപടികൾ എല്ലാം നിലനിൽക്കെത്തന്നെ നാം സാധ്യമാക്കിയത്. നമ്മൾ ഇത് തുടരും.

കാലാവസ്ഥാ വ്യതിയാനം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്. എന്നാൽ പ്രകൃതിദുരന്തങ്ങൾ കേരളത്തെ വേട്ടയാടുമ്പോഴും, കേന്ദ്രത്തിൽ നിന്ന് അർഹമായ സഹായം ലഭിക്കാതെ നമ്മൾ ഒറ്റപ്പെട്ടുപോകുന്ന കാഴ്ചയാണ് നാം കാണുന്നത്. മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ സമാനതകളില്ലാത്ത ദുരന്തത്തെ ‘തീവ്ര ദുരന്തമായി’ പ്രഖ്യാപിക്കാനോ പ്രത്യേക പാക്കേജ് അനുവദിക്കാനോ കേന്ദ്ര സർക്കാർ തയ്യാറായില്ല എന്നത് ചരിത്രപരമായ ക്രൂരതയാണ്.

വയനാട് പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ട 2,000 കോടി രൂപ ഇതുവരെ അനുവദിച്ചില്ല. കേരളത്തിന് അർഹമായ സ്വാഭാവിക വിഹിതമായ 145.60 കോടി രൂപയ്ക്കപ്പുറം ഒന്നും നൽകാതെ കേന്ദ്രം കൈകഴുകി. വയനാടിനായി എൻ ഡി ആർ എഫിൽ നിന്ന് പ്രത്യേക സഹായം നൽകുന്നില്ല. ദുരന്തബാധിത മേഖല പ്രധാനമന്ത്രി നേരിട്ട് വന്നു കണ്ടിട്ടും ആശ്വാസ ധനസഹായം പ്രഖ്യാപിച്ചില്ല.

കേന്ദ്രസഹായത്തിന് കാത്തുനിൽക്കാതെ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സ്വന്തമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രകൃതിക്ഷോഭങ്ങളെ മുൻകൂട്ടി അറിയാനും ആഘാതം കുറയ്ക്കാനും അത്യാധുനിക സംവിധാനങ്ങൾ നാം ഒരുക്കുന്നു.

ഭരണഘടനാ മൂല്യങ്ങളും ഫെഡറൽ 
തത്ത്വങ്ങളും വെല്ലുവിളി നേരിടുന്നു
കേന്ദ്ര-–സംസ്ഥാന ബന്ധങ്ങളിൽ ജനാധിപത്യപരമായ കീഴ്-വഴക്കങ്ങൾ ലംഘിക്കപ്പെടുന്നത് സാമ്പത്തിക രംഗത്ത് മാത്രമല്ല. ഗവർണ്ണർ പദവി ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളുടെ നിയമനിർമാണ അധികാരങ്ങളെയും സർവ്വകലാശാലകളുടെ സ്വയംഭരണത്തെയും അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാതെ ഭരണഘടനാ പദവികളെ രാഷ്ട്രീയ ആയുധമാക്കുന്ന രീതി ഫെഡറൽ സംവിധാനത്തിന് വലിയ ഭീഷണിയാണ്. നിയമനിർമാണസഭ പാസ്സാക്കിയ ബില്ലുകൾ പോലും തടഞ്ഞുവെയ്ക്കുന്നതും തന്നിഷ്ട പ്രകാരം വൈസ്ചാൻസലർമാരെ നിയമിക്കുന്നതും ഇടക്കാലത്തു നമ്മൾ കണ്ടു. സർവകലാശാലകളെ സ്തംഭിപ്പിക്കുന്ന നിലയിലേക്കു പോലും അത് എത്തി.

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യലാണ് കേന്ദ്രത്തിന്റെ മറ്റൊരു രീതി. രാഷ്ട്രീയമായി എതിർക്കുന്നവരെ ഇല്ലാതാക്കാൻ ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്‌സ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുകയാണ്. കേരളത്തിലെ വികസന പദ്ധതികളെ തടസ്സപ്പെടുത്താനും സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനും ഇത്തരം ഏജൻസികളെ കേന്ദ്രം മറയാക്കുന്നു.

പ്രവാസി ക്ഷേമത്തെ വരെ ദുർബലപ്പെടുത്തുകയാണ് കേന്ദ്ര അവഗണന. കേരളത്തിന്റെ സമ്പദ്-വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണന ചർച്ച ചെയ്യപ്പെടേണ്ടതാണ്. വിമാന ടിക്കറ്റ് നിരക്കിലെ കൊള്ള നിയന്ത്രിക്കാനോ, തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജുകൾ അനുവദിക്കാനോ കേന്ദ്രം തയ്യാറാകുന്നില്ല. പ്രവാസി ക്ഷേമത്തിനായി കേരളം നടപ്പിലാക്കുന്ന ലോക കേരള സഭയുൾപ്പെടെയുള്ള പദ്ധതികളെ തുരങ്കംവെക്കാനാണ് കേന്ദ്ര ഭരണകക്ഷിയും ഇവിടുത്തെ പ്രതിപക്ഷവും ശ്രമിക്കുന്നത്. രാജ്യത്തെ വിദേശനാണ്യ ശേഖരത്തിലേക്ക് കനത്ത സംഭാവന നൽകുന്ന ഒരു ജനസമൂഹത്തോടാണ് ഈ അവഗണനയെന്നത് ഓർക്കണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ ധ്രുവീകരണം നടക്കുമ്പോഴും മതനിരപേക്ഷതയുടെ കാവലാളായി കേരളം ഉറച്ചുനിൽക്കുന്നു. പൗരത്വ ഭേദഗതി നിയമം പോലുള്ള വിവേചനപരമായ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കില്ല എന്ന രാഷ്ട്രീയ ഇച്ഛാശക്തി എൽ ഡി എഫ് സർക്കാർ പ്രകടിപ്പിച്ചു. ഈ മതനിരപേക്ഷ നിലപാടാണ് കേരളത്തോടുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ വിരോധത്തിന് മറ്റൊരു കാരണം.

കേരളത്തിന്റെ ഗ്രാമീണ സമ്പദ്-വ്യവസ്ഥയുടെ ജീവനാഡിയാണ് സഹകരണ മേഖല. പുതിയ കേന്ദ്ര സഹകരണ മന്ത്രാലയം രൂപീകരിച്ച് സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള ഈ മേഖലയെ കൈപ്പിടിയിലൊതുക്കാനും തകർക്കാനും കേന്ദ്രം ശ്രമിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ, ഭരണഘടനാ മൂല്യങ്ങളും ഫെഡറൽ തത്ത്വങ്ങളും വലിയ വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇങ്ങനെ അതിജീവിക്കുന്നത്. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങൾക്കുമേൽ കേന്ദ്രം നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങളെ ജനാധിപത്യപരമായി പ്രതിരോധിക്കുക എന്നത് കേരളത്തിന്റെ രാഷ്ട്രീയമായ വലിയൊരു ദൗത്യമാണ്. ഫെഡറലിസം സംരക്ഷിക്കുന്നതിനായി നമ്മൾ നടത്തുന്ന പോരാട്ടങ്ങൾ രാജ്യത്തെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾക്ക് വലിയ കരുത്താണ് നൽകുന്നത്. ഇതിനൊപ്പം തന്നെ, ഇന്ത്യയുടെ മതേതരത്വവും വൈവിധ്യവും സംരക്ഷിക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കേരളത്തെ ദേശീയ രാഷ്ട്രീയത്തിന്റെ ദിശ നിർണ്ണയിക്കുന്ന കേന്ദ്രമാക്കി മാറ്റുന്നു. വർഗീയതയ്ക്കും വിദ്വേഷ രാഷ്ട്രീയത്തിനും ഈ മണ്ണിൽ സ്ഥാനമില്ലെന്ന പ്രഖ്യാപനം ഇന്ത്യയുടെ ജനാധിപത്യ ഭാവിക്കായുള്ള ഏറ്റവും വലിയ രാഷ്ട്രീയ സന്ദേശമാണ്. ആ സന്ദേശം കൂടിയാണ് കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സത്യഗ്രഹം രാജ്യത്തിനു നൽകുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × one =

Most Popular