നമ്മുടെ നാടിന്റെ ഈ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഇടതുപക്ഷം എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നടത്തിയിട്ടുള്ളത്. വര്‍ഗീയ ശക്തികള്‍ തലപൊക്കുമ്പോഴെല്ലാം അതിനെതിരെ നെഞ്ചുവിരിച്ചു നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. തലശ്ശേരി കലാപത്തിന്റെ സമയത്തടക്കം അക്കാര്യം വ്യക്തമായതാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് തലയുയര്‍ത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനും ഇടതുപക്ഷം എന്നും പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളിലടക്കം അത് വ്യക്തമായിട്ടുള്ളതാണ്.
മലബാര്‍ കലാപത്തെത്തുടര്‍ന്ന് മലബാര്‍ മേഖലയില്‍ പള്ളികളുടെ നിര്‍മ്മാണം ബ്രിട്ടീഷുകാര്‍ നിരോധിച്ചിരുന്നു. ഇന്ത്യ സ്വതന്ത്രമായ ഘട്ടത്തില്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാര്‍. സ്വതന്ത്ര ഇന്ത്യയിലും ആ നിരോധനത്തിന് മാറ്റമൊന്നുമുണ്ടായില്ല. പിന്നീട് മലബാര്‍ ഐക്യകേരളത്തിന്റെ ഭാഗമായി. 1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരാണ് മലബാറില്‍ മുസ്ലീം പള്ളികള്‍ നിര്‍മിക്കുന്നതിനുണ്ടായിരുന്ന നിരോധനം നീക്കിയത്. അതുപോലെ തന്നെ മലബാര്‍ സ്‌പെഷ്യല്‍ പൊലീസില്‍ മുസ്ലീങ്ങളെ നിയമിക്കുന്നതിലുണ്ടായിരുന്ന നിരോധനം നീക്കിയതും കമ്യൂണിസ്റ്റ് സര്‍ക്കാരാണ്.
1957 ലെ സര്‍ക്കാരാണ് മലബാര്‍ മേഖലയില്‍ കൂടുതല്‍ ബോര്‍ഡ് സ്‌കൂളുകള്‍ സ്ഥാപിച്ചത്. അതിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം ലഭിച്ചു. ആ സര്‍ക്കാര്‍ തന്നെയാണ് മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്.
1967 ലെ സര്‍ക്കാര്‍ ഊന്നല്‍നല്‍കിയത് ഹൈസ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനായിരുന്നു. ആ സര്‍ക്കാര്‍ തന്നെയാണ് കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്കും മലപ്പുറം ജില്ലയ്ക്കും രൂപം നല്‍കിയത്. ആ ജില്ല രൂപീകരിക്കുമ്പോള്‍ ഇടതുപക്ഷം നേരിടേണ്ടിവന്ന വിമര്‍ശനങ്ങള്‍ വലുതായിരുന്നു. അത്തരത്തില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ പൊതുസമൂഹത്തിന്റെ ഉത്ക്കര്‍ഷം ലക്ഷ്യംവെച്ച് നടപ്പാക്കിയ നിരവധി പദ്ധതികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഗുണകരമായി ഭവിച്ചിട്ടുണ്ട്.
ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി എക്കാലത്തും സവിശേഷതയോടെ കണ്ടിട്ടുണ്ട് എന്ന താണത്. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാനും, അത് പരിഹരിച്ച് ചേര്‍ത്തുപിടിച്ചു മുന്നോട്ടുപോകാനും ഈ സര്‍ക്കാര്‍ എന്നും തയ്യാറായിട്ടുണ്ട്. അത് വെറും വാക്കല്ലായെന്ന് കഴിഞ്ഞ ഒരു ദശകക്കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും.
ന്യൂനപക്ഷ ക്ഷേമത്തിനായി വകുപ്പ് രൂപീകരിച്ചത് 2006 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍, ഭവന പുനരുദ്ധാരണ പദ്ധതി, സ്വയം തൊഴില്‍ പദ്ധതി തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. എസ് എസ് എല്‍ സി, പ്ലസ് ടു പൊതുപരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനായി ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നുണ്ട്. ബിരുദതലത്തില്‍ 80 ശതമാനവും ബിരുദാനന്തര ബിരുദതലത്തില്‍ 75 ശതമാനവും മാര്‍ക്ക് നേടുന്നവര്‍ക്കും തുടര്‍പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നുണ്ട്.
പോളിടെക്‌നിക്കുകളില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എ പി ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കിവരികയാണ്. നഴ്‌സിങ് ഡിപ്ലോമ, പാരാ മെഡിക്കല്‍ കോഴ്‌സ് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നു. യു ജി സി, സി എസ് ഐ ആര്‍ – ജെ ആര്‍ എഫ് പരീക്ഷയ്ക്കാവശ്യമായ കോച്ചിങ് നല്‍കുന്നതിന് പ്രത്യേക സ്‌കീം രൂപീകരിച്ചിട്ടുണ്ട്. സി എ, സി എം എ, സി എസ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 331 വിദ്യാര്‍ത്ഥികള്‍ക്കായി അരക്കോടി രൂപയാണ് ലഭ്യമാക്കിയത്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദാനന്തര ബിരുദം, പി എച്ച് ഡി എന്നിവയ്ക്കു വിദ്യാര്‍ത്ഥികള്‍ക്ക് 50,000 രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീ റീ-ഇമ്പേഴ്‌സ്‌മെന്റ് സ്‌കീമിലൂടെ സഹായം നല്‍കിവരുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വിദേശ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ഗദീപം – പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
ന്യൂനപക്ഷ മതവിഭാഗത്തിലെ നിര്‍ദ്ധനരായ വിധവകള്‍ക്കുള്ള ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 719 വീടുകള്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്. മൂന്നരക്കോടി രൂപ ഇതിനായി വിനിയോഗിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ള സ്വയം തൊഴില്‍ പദ്ധതിയും നടപ്പാക്കിവരികയാണ്. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയാത്ത, 60 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്കാണ് ഇത്തരത്തില്‍ സഹായം നല്‍കുക. ഇതിനായി നല്‍കുന്ന വായ്പകളുടെ 20 ശതമാനമോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ സബ്‌സിഡി ലഭ്യമാക്കും.
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മുഖേന കുറഞ്ഞ പലിശനിരക്കില്‍ സ്വയം തൊഴില്‍ പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും വായ്പ നല്‍കുന്നുണ്ട്. ഇതിനുപുറമെ ഭവന നിര്‍മാണം, വിവാഹം, ചികിത്സ എന്നിവയ്ക്കും വായ്പകള്‍ ലഭ്യമാക്കുന്നുണ്ട്. ഇവയെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ ചിലതാണ്.
ന്യൂനപക്ഷങ്ങളെ വര്‍ഗീയവത്കരിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണം. നാടിന്റെ പുരോഗതിക്കും സമാധാനത്തിനും മതനിരപേക്ഷമായി ചിന്തിക്കുന്ന ഓരോരുത്തരും ഇടതുപക്ഷത്തോടൊപ്പം കൈകോര്‍ത്തു നില്‍ക്കേണ്ടത് അനിവാര്യമാണ്. l



