Thursday, January 29, 2026

ad

Homeപ്രതികരണംജീവിതശെെലീ രോഗങ്ങളെ 
കീഴടക്കാൻ ആരോഗ്യമേഖല

ജീവിതശെെലീ രോഗങ്ങളെ 
കീഴടക്കാൻ ആരോഗ്യമേഖല

പിണറായി വിജയ’ൻ

പുതുവർഷദിനത്തിൽ കേരളത്തിന്റെ ആരോഗ്യരംഗം മറ്റൊരു ചുവടുവെപ്പ് നടത്തി. വെൽനെസ്സ് എന്ന ആശയത്തിൽ ഊന്നിയുള്ള, ‘ആരോഗ്യം ആനന്ദം – വൈബ് ഫോർ വെൽനെസ്സ്’ എന്ന ക്യാമ്പയിന് തുടക്കം കുറിച്ചു. ജീവിതശൈലീ രോഗങ്ങൾക്കെതിരെ ജനപങ്കാളിത്തത്തോടെയുള്ള ബൃഹത്തായ ഇടപെടലാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതാകട്ടെ കഴിഞ്ഞ കുറച്ചുകാലമായി നാം നടത്തിവരുന്ന ജീവിതശൈലീ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ തുടർച്ചയാണുതാനും.

നവകേരള കർമപദ്ധതിയുടെ ഭാഗമായി, ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടുപിടിക്കാനും ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ട് രണ്ടു ഘട്ടങ്ങളിലായി ‘ശൈലി’ വാർഷിക ആരോഗ്യ സർവ്വേ നടപ്പാക്കിയിരുന്നു. മുപ്പത് വയസിലധികം പ്രായമുള്ള എല്ലാ വ്യക്തികളെയും വർഷത്തിൽ ഒരിക്കലെങ്കിലും സർവ്വേ ചെയ്യാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. രണ്ടുഘട്ടങ്ങളിലായി 80 ശതമാനം സർവ്വേ പൂർത്തിയാക്കി രോഗസാധ്യതയുള്ളവരെ കണ്ടെത്തി പരിശോധനകൾ നടത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കിക്കഴിഞ്ഞു.

അതിനുപുറമെയാണ് 2025 ഫെബ്രുവരി 4 ന് ആരംഭിച്ച് രണ്ടുഘട്ടങ്ങളിലായി ‘ആരോഗ്യം ആനന്ദം – അകറ്റാം അർബുദം’ എന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ നടപ്പാക്കിയത്. അതിന്റെ ഭാഗമായി 20 ലക്ഷത്തിലധികം പേരെ സ്‌ക്രീൻ ചെയ്തു. പരിശോധന, ബോധവത്ക്കരണം, പുകയില നിയന്ത്രണ നടപടികൾ, പുകയില രഹിത വിദ്യാലയങ്ങൾ എന്നിവയും അതോടൊപ്പം നടപ്പാക്കി. അത്തരം ഇടപെടലുകളുടെ തുടർച്ചയാണ് വൈബ് ഫോർ വെൽനെസ്സ് പ്രോഗ്രാം.

നാല് പ്രത്യേക വിഷയങ്ങളിൽ ശ്രദ്ധയൂന്നിയാണ് ഈ പ്രോഗ്രാം നടപ്പാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണ് അവ. ഇതിനു മുന്നോടിയായി റോഡ് ഷോ, ജില്ലാതല ബോധവത്കരണ പരിപാടികൾ, ഗ്രാമതല ക്യാമ്പയിനുകൾ, എന്നിവ സംഘടിപ്പിച്ചിരുന്നു. ഇനി പദ്ധതി വിജയകരമായി നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണു വേണ്ടത്. ജനപ്രതിനിധികൾ, തദ്ദേശ പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാപ്രവർത്തകർ, സന്നദ്ധ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെ എല്ലാവരും ഇതിന്റെ ഭാഗമാകണം.

കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രധാന ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രത്യേക സ്‌ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ 5,416 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് വ്യായാമ പരിശീലനം, ബോധവത്കരണ ക്ലാസുകൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.

ജീവിതശൈലി മെച്ചപ്പെടുത്തുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കായിക പ്രവർത്തനങ്ങൾക്ക് അടക്കമുള്ള സൗകര്യമൊരുക്കും. ഇപ്പോൾത്തന്നെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളമെങ്കിലും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരുന്നുണ്ട്. അതിനുശേഷം ഒരു തദ്ദേശ വാർഡിൽ ഒരു കളിക്കളം എന്ന ലക്ഷ്യത്തിലേക്ക് നാം കടക്കും. സൈക്ലിങ് അടക്കമുള്ള കാര്യങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കിയും മാലിന്യനിർമാർജനമടക്കമുള്ളവ കാര്യക്ഷമമായി നടപ്പാക്കിയും ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചുമൊക്കെ ബഹുമുഖമായ ഇടപെടലുകൾ ക്യാമ്പയിനിന്റെ ഭാഗമായി ഉണ്ടാകും.

കേരളത്തിന്റെ ആരോഗ്യ മേഖല ലോകത്തിന്റെയാകെ ശ്രദ്ധ നേടിയ രണ്ടു കാര്യങ്ങൾ അടുത്തിടെ നടക്കുകയുണ്ടായി. കുറഞ്ഞ ശിശുമരണ നിരക്കിൽ നാം വികസിത രാജ്യങ്ങൾക്കും മേലെയെത്തി എന്നതാണ് ഒന്ന്. രാജ്യത്താദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയതാണ് മറ്റൊന്ന്.

എങ്ങനെയാണ് ഈ നേട്ടങ്ങളിലേക്കൊക്കെ നാം എത്തിച്ചേർന്നത്? അതൊന്നും ഒരു സുപ്രഭാതത്തിൽ കൈവന്നതല്ല. കഴിഞ്ഞ പത്തുവർഷമായി നടത്തിവന്ന ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമായി കൈവന്നതാണ്. എൽ ഡി എഫ് ഭരണം കേരളത്തിന്റെ ആരോഗ്യ രംഗത്ത് വളരെ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റാൻ ഇക്കാലയളവിൽ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ചികിത്സാ രീതികളിലും ആരോഗ്യസേവനങ്ങളിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനും ഇക്കാലയളവിൽ സാധിച്ചു. ഇതിന്റെയൊക്കെ ഫലമായി എല്ലാവർക്കും ആരോഗ്യമുള്ള ജീവിതം ഉറപ്പുവരുത്തുന്നതിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം ഉള്ളത്.

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ‘ആർദ്രം’ മിഷന് രൂപം നൽകിയത്. അതുവഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മുതൽ മെഡിക്കൽ കോളേജുകളെ വരെ മികവുറ്റ ആരോഗ്യ സ്ഥാപനങ്ങളാക്കാൻ നമുക്കു കഴിഞ്ഞു. കോവിഡും നിപ്പയും പോലെയുള്ള മഹാമാരികളെ ഫലപ്രദമായി നേരിടാൻ സാധിച്ചത് ഇതിന്റെ ഫലമായാണ്. ‘ആർദ്രം’ മിഷൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പകർച്ചവ്യാധികളെ ചെറുക്കാനും ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനുമുള്ള ഇടപെടലുകളാണ് നാം ഇപ്പോൾ നടത്തിവരുന്നത്.

ഏതൊരു സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയോടും കിടപിടിക്കത്തക്ക സംവിധാനങ്ങളും ചികിത്സയും നമ്മുടെ സർക്കാർ ആശുപത്രികളിൽ ഇന്ന് ലഭ്യമാണ്. അവയവമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെ ഏറെ പണച്ചെലവുള്ള ചികിത്സാവിധികൾ സാധാരണക്കാർക്ക് കൂടുതൽ പ്രാപ്യമാകുംവിധം സർക്കാർ ആശുപത്രികളെ സജ്ജമാക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ക്യാൻസർ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് സാധാരണക്കാർക്ക് ക്യാൻസർ ചികിത്സ പ്രാപ്യമാക്കുകയും ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കുകയുമാണ്. മാത്രമല്ല, സർക്കാർ ലാബുകളെ ഹബ്ബ് ആൻഡ് സ്പോക്ക് മാതൃകയിൽ ബന്ധപ്പെടുത്തി ഗുണനിലവാരമുള്ള ആധുനിക പരിശോധനാ സംവിധാനങ്ങൾ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

പകർച്ചവ്യാധി പ്രതിരോധത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് രോഗനിർണയം. ഇതിനുവേണ്ട സൗകര്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഒരുക്കിയിട്ടുണ്ട്. ഒരു ലക്ഷം ചതുരശ്ര അടിയിൽ രണ്ട് കെട്ടിടങ്ങൾ ഇതിനോടകംതന്നെ അവിടെ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. പതിനാല് ബി എസ് എൽ – റ്റു ലാബുകളും ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ജൈവസുരക്ഷയും മാർഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് ആധുനിക വൈറോളജിയിൽ അത്യാധുനിക ഗവേഷണങ്ങൾ നടത്തുന്നതിനുള്ള സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്.

ഈ നിലയിൽ കേരളത്തിലെ ആരോഗ്യ മേഖല സാധാരണക്കാർക്ക് തികച്ചും കൂടുതൽ പ്രയോജനകരമാവുംവിധം മാറ്റിത്തീർക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ചികിത്സയുടെ കാര്യത്തിൽ മാത്രമല്ല, രോഗപ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിലും രോഗനിർണയ സൗകര്യങ്ങൾ ഒരുക്കുന്നതിലുമൊക്കെ സർക്കാർ ശ്രദ്ധചെലുത്തുന്നുണ്ട്. അതിന്റെയെല്ലാം ഭാഗമായി ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്ന കാര്യത്തിലും നമുക്ക് ഒരുമിച്ച് ഒരേ മനസ്സോടെ മുന്നേറാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 20 =

Most Popular