‘പെരുമ്പറ മുഴങ്ങിയപ്പോൾ
ഭൂമിയിൽ എല്ലാം ഒരുങ്ങിക്കഴിഞ്ഞിരുന്നു
യഹോവ ഭൂമിയെ അനകോൺഡായിലെ
കൊക്കകോള കമ്പനിക്കും ഫോർഡ് മോട്ടോഴ്സിനുമായി
വീതിച്ചു പൊതിഞ്ഞു കൊടുത്തു’
– യുണൈറ്റഡ് ഫ്രൂട്ട് കമ്പനി
പാബ്ലോ നെരൂദ
ഭൂമിയും അതിലെ വിഭവങ്ങളും തങ്ങൾക്കുമാത്രം അവകാശപ്പെട്ടതാണ് എന്നാണ് സാമ്രാജ്യത്വവും അവരുടെ കോർപ്പറേറ്റുകളും കരുതുന്നത്. അതുകൊണ്ടാണ് തങ്ങളുടെ എണ്ണയും ഭൂമിയും വെനസ്വേല കവർന്നെടുത്തു എന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. കവർന്നെടുക്കപ്പെട്ട എണ്ണയും ഭൂമിയും തിരികെപിടിക്കുന്നതിനാണ് ജനുവരി 3ന് അമേരിക്ക, വെനസേ-്വലയിൽ കടന്നുകയറി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അവിടുത്തെ പ്രസിഡന്റ് നിക്കോളസ് മദുറോയെയും അദ്ദേഹത്തിന്റെ ജീവിതപങ്കാളി സീലിയ ഫ്ലോറസിനെയും തട്ടിക്കൊണ്ടുപോയത്. ഇനി വെനസ്വേലയെ അമേരിക്ക ഭരിക്കും എന്ന് ട്രംപ് പ്രഖ്യാപിച്ചു. ലോകം ഭരിക്കുവാൻ യഹോവയാൽ നിയോഗിക്കപ്പെട്ടവർ അത് ചെയ്യുന്നു!
1492 ൽ ക്രിസ്റ്റഫർ കൊളംബസിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ യൂറോപ്യന്മാർ കപ്പലിറങ്ങിയതു മുതൽ നാളിതുവരെയുള്ള അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രം വെട്ടിപ്പിടിക്കലിന്റെയും കൂട്ടക്കൊലകളുടെയും വംശഹത്യയുടേതുമാണ്. ഈ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് പ്രശസ്ത അമേരിക്കൻ ചരിത്രകാരൻ ഹോവാർഡ് സിൻ എഴുതിയ ‘A People’s History of the United States’ എന്ന ഗ്രന്ഥം. സ്വർണ്ണമന്വേഷിച്ച് അമേരിക്കയിലെത്തിയ കൊളംബസും കൂട്ടരും തദ്ദേശവാസികളായ അമേരിന്ത്യക്കാരെ കൊന്നൊടുക്കിയിട്ടാണ് ആധിപത്യം സ്ഥാപിച്ചതും വിഭവങ്ങൾ കൊള്ളയടിച്ചതും. അമേരിക്കയിലേക്കുള്ള അയാളുടെ ആദ്യത്തെ വരവിൽ, കരയോടടുത്തു കൊണ്ടിരുന്ന കപ്പലിലെ നാവികരെ അറവാക്ക് അമേരിന്ത്യക്കാർ നീന്തിച്ചെന്നാണ് സ്വീകരിച്ചത്. അറവാക്കുകൾ കൃഷി ചെയ്ത് ജീവിച്ചിരുന്നവരായിരുന്നു. അവർക്ക് കുതിരകളോ മറ്റു മൃഗങ്ങളോ ഉണ്ടായിരുന്നില്ല. ഇരുമ്പും ഉണ്ടായിരുന്നില്ല. പക്ഷേ അവർ കാതുകളിൽ ചെറിയ സ്വർണ്ണാഭരണങ്ങൾ ധരിച്ചിരുന്നു. കൊളംബസിന്റെ മനസ്സിൽ സന്തോഷം നിറച്ചത് ഈ സ്വർണ്ണാഭരണങ്ങളായിരുന്നു. അയാൾ അറവാക്കുകളെ തടവുകാരാക്കി. തടവുകാരെ പീഡിപ്പിച്ച് സ്വർണ്ണത്തിന്റെ ഉറവിടം കൊളംബസ് കണ്ടെത്തുകതന്നെ ചെയ്തു. ‘സാന്റാ മരിയ’ എന്ന നൂറടി നീളമുള്ള കൊളംബസിന്റെ കപ്പൽ “മണൽത്തിട്ടിൽ ഇടിച്ചുനിന്നപ്പോൾ അതിലെ മരപ്പലകകളും മറ്റും ഉപയോഗിച്ച് ഹിസ്പാനിയോളയിൽ കൊളംബസ് ഒരു കോട്ട പണിതു. അതായിരുന്നു പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ആദ്യത്തെ യൂറോപ്യൻ സൈനികത്താവളം. അന്നുമുതൽ പടിഞ്ഞാറൻ അർദ്ധഗോളത്തിൽ അമേരിക്ക ആധിപത്യം പുലർത്തുന്നു. അതിൽ മറ്റാർക്കും അവകാശം സ്ഥാപിക്കാനാവില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു 1823 ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ജെയിംസ് മൺറോ പുറപ്പെടുവിച്ച മൺറോ പ്രമാണം (Monroe Doctrine). ട്രംപിന്റെ വെനസേ-്വല ആക്രമണത്തിന്റെ വേരുകൾ 19–-ാം നൂറ്റാണ്ടിലെ ഈ സിദ്ധാന്തത്തിൽ കാണാം.
അമേരിക്കൻ ഭൂഖണ്ഡത്തിലെ തദ്ദേശവാസികളായിരുന്ന ദശലക്ഷക്കണക്കിന് അമേരിന്ത്യക്കാരെ –- അറവാക്കുകൾ, പെറൂക്കികൾ, ഇൻകാത്തകൾ, മായന്മാർ തുടങ്ങിയവരെ– – കൂട്ടക്കൊല ചെയ്താണ് യൂറോപ്യന്മാർ സമ്പന്നമായ അമേരിക്കൻ ഭൂമി പിടിച്ചെടുത്തത്. ഏകദേശം 25,000 വർഷങ്ങൾക്കു മുൻപ് ബെറിംഗ് ഇടുക്കിലൂടെ ഏഷ്യയിൽ നിന്ന് അലാസ്കയിലെത്തിയ അവർ നടന്നു നടന്ന് മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും എത്തിച്ചേരുകയായിരുന്നു. അമേരിക്കയുടെ വിശാലമായ ഭൂമിയിലേക്ക് കൊളംബസ് എത്തിച്ചേരുമ്പോൾ അവിടുത്തെ ജനസംഖ്യ ഏഴര കോടിയായിരുന്നു എന്ന് സിൻ പറയുന്നുണ്ട്. വടക്കേ അമേരിക്കയിൽ മാത്രം രണ്ടര ക്കോടി തദ്ദേശവാസികളുണ്ടായിരുന്നു. കൊളംബസിൽ തുടങ്ങി ഹെർനാൻ കോർട്ടസ്, ഫ്രാൻസിസ്കോ പിസാറോ എന്നിങ്ങനെ പ്യൂരിറ്റന്മാർ വരെ നടത്തിയ രക്തച്ചൊരിച്ചിലിലും കൂട്ടക്കൊലകളിലും ആ ജനതയാകെ ഉന്മൂലനം ചെയ്യപ്പെട്ടു. കൊളംബസിനു ശേഷം അവിടെ എന്തു സംഭവിച്ചു എന്നറിയാനുള്ള പ്രധാന സ്രോതസ്സ് ബർത്തലോമെ ദ് ലാ കാസ എന്ന വൈദികന്റെ വിവരണങ്ങളാണ്. ലാ കാസ എഴുതുന്നു:
“അവർ അമേരിന്ത്യക്കാർക്കെതിരെ തിരുത്താനാവാത്ത, ന്യായീകരിക്കാനാവാത്ത പാതകങ്ങൾ ചെയ്തു കൂട്ടി. പത്തും ഇരുപതും അമേരിന്ത്യക്കാരെ കത്തി കൊണ്ട് കുത്തുകയോ മൂർച്ചനോക്കാൻ അവരുടെ മാംസം വെട്ടിയെടുത്തു നോക്കുകയോ ചെയ്യാൻ യൂറോപ്യന്മാർക്ക് ഒരു മടിയുമില്ലായിരുന്നു.’ തത്തയെയും കൊണ്ടു പോയ രണ്ടു ബാലന്മാരുടെ കൈയിൽ നിന്നും തത്തയെ പിടിച്ചെടുത്ത ശേഷം ഒരു തമാശയ്-ക്ക് അവരുടെ തല വെട്ടിക്കളഞ്ഞ സംഭവം ലാ കാസ വിവരിക്കുന്നുണ്ട്. 1508 ൽ ഹിസ്പാനിയോളയിൽ എത്തിയ ലാ കാസ പറയുന്നു: “ഈ ദ്വീപിൽ അമേരിന്ത്യക്കാരടക്കം ആകെ 60,000 പേരേ ഉണ്ടായിരുന്നുള്ളു. അതിന്റെ അർത്ഥം 1498 മുതൽ 1508 വരെയുള്ള കാലയളവിൽ യുദ്ധം, അടിമത്തം, ഖനികളിലെ കഠിനാദ്ധ്വാനം എന്നിവമൂലം 30 ലക്ഷത്തിലധികം പേർ മരിച്ചു പോയി എന്നാണ്.’ ഇങ്ങനെയാണ് അമേരിന്ത്യക്കാരുടെ ഭൂമിയിൽ യൂറോപ്യന്മാരുടെ അധിനിവേശം ആരംഭിക്കുന്നത്.
തദ്ദേശവാസികളിൽ നിന്ന് ഭൂമി തട്ടിയെടുത്തശേഷം അവിടെ ആധുനിക പാശ്ചാത്യ സംസ്കൃതിയുടെ അടയാളങ്ങൾ പേറുന്ന നഗരങ്ങളും കെട്ടിടങ്ങളും ഫാക്ടറികളും സ്ഥാപിക്കണമല്ലോ. അത് സ്ഥാപിക്കുന്നതിനു വേണ്ടി ആഫ്രിക്കയ്ക്ക് അഞ്ചു കോടി മനുഷ്യരെ ബലി കൊടുക്കേണ്ടിവന്നു. ലോകത്തിലെ ഏറ്റവും പുരോഗമിച്ച രാജ്യങ്ങളെന്നു കണക്കാക്കപ്പെടുന്ന അമേരിക്കയിലെയും യൂറോപ്പിലെയും അടിമ വ്യാപാരികളും തോട്ടം ഉടമകളുമായിരുന്നു ഈ കൊടിയ പാതകത്തിന് ഉത്തരവാദികൾ. 1800 ആയപ്പോഴേക്കും ഒന്നരക്കോടി കറുത്ത വർഗക്കാരെ അവർ അടിമകളാക്കി അമേരിക്കയിലെത്തിച്ചു. വെള്ളക്കാരന്റെ ആയുധക്കരുത്തിനു മുമ്പിൽ നിസ്സഹായരായി കീഴടങ്ങേണ്ടി വന്ന കറുത്തവർ, കൈയിലും കാലിലും ചങ്ങലകളാൽ ബന്ധിതരായി കപ്പലുകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ടു. ആളുകളെ കുത്തി നിറച്ച് ചരിയാനോ തിരിയാനോ കഴിയാത്ത കപ്പലുകളിൽ ശ്വാസംമുട്ടി നൂറു കണക്കിന് അടിമകൾ മരിച്ചു. അടിമകളെ പൂട്ടിയിട്ട ഡെക്ക് കണ്ടാൽ രക്തവും കഫവും നിറഞ്ഞ ഒരു കശാപ്പുശാല പോലെ തോന്നിയിരുന്നു എന്ന് ഒരു നിരീക്ഷകൻ രേഖപ്പെടുത്തിയതായി ഹോവാർഡ് സിൻ പറയുന്നുണ്ട്.
യു എസ് എ എന്ന വടക്കേ അമേരിക്കൻ രാജ്യം പ്രാരംഭ കാലം മുതൽ തന്നെ പിടിച്ചടക്കലുകൾ ലക്ഷ്യമാക്കിയ ഒരു രാജ്യമാണ്. വിജയ് പ്രഷാദിന്റെ ‘വാഷിംഗ്ടൺ ബുള്ളറ്റ്സ്’ എന്ന ഗ്രന്ഥത്തിൽ ഈ പിടിച്ചടക്കലുകൾ ഒരു പൊതു വികാരമായിത്തന്നെ അവിടുത്തെ ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു കെന്റക്കി നിവാസിയുടെ 1810 ലെ വാക്കുകൾ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്: ” ഞങ്ങൾ ദരിദ്രർ അല്ലെങ്കിലും പഴയ റോമാക്കാരെപ്പോലെ എല്ലാ കാലത്തും കൊള്ളയടിക്കുന്നതിൽ ആർത്തി പൂണ്ടവരാണ്. മെക്സിക്കോ ഞങ്ങളുടെ കണ്ണിൽ വെട്ടിത്തിളങ്ങുകയാണ്.’’ 1846 ൽ അമേരിക്ക മെക്സിക്കോയുമായി യുദ്ധം ചെയ്ത് അവരിൽനിന്നു പിടിച്ചെടുത്ത പ്രദേശങ്ങളാണ് ഇന്നത്തെ കാലിഫോർണിയ, അരിസോണ , കൊളറാഡോ , നെവാഡ, ന്യൂ മെക്സിക്കോ എന്നീ സംസ്ഥാനങ്ങൾ. മെക്സിക്കോയ്ക്ക് അവരുടെ ഭൂപദേശത്തിന്റെ മൂന്നിലൊന്ന് നഷ്ടമായി. ഇതേ മെക്സിക്കോയിലേക്ക് കടന്നു കയറാൻ ട്രംപ് ലക്ഷ്യമിടുന്നുണ്ട്. മെക്സിക്കോ മാത്രമല്ല, കൊളംബിയ, ചിലി, ക്യൂബ എന്നിവയും ട്രംപിന്റെ ലക്ഷ്യത്തിൽ പെടുന്നു. പശ്ചിമാർദ്ധ ഗോളം പരിപൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യമാണിതിനു പിന്നിലുള്ളത്. അതാകട്ടെ ട്രംപ് രഹസ്യമാക്കുന്നുമില്ല. പരസ്യമായിത്തന്നെ പ്രഖ്യാപിക്കുകയാണ്. ഏറ്റവും ഒടുവിൽ, ഡെന്മാർക്കിന്റെ കീഴിലുള്ള ഗ്രീൻലാൻഡ് പിടിച്ചെടുക്കും എന്നുകൂടി പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കൻ സാമ്രാജ്യത്വം പിറന്നത് ഹവാനയിലെയോ മനിലയിലെയോ തുറമുഖങ്ങളിലല്ല, മറിച്ച് ന്യൂയോർക്ക് മുതൽ സാൻഫ്രാൻസിസ്കോ വരെ നീണ്ടു കിടക്കുന്ന അതിവിശാലമായ ഭൂപ്രദേശത്താണ് എന്ന് വിജയ് പ്രഷാദ് എഴുതുന്നുണ്ട്. തദ്ദേശീയ ജനതയെ പൂർണ്ണ തോതിൽ വംശഹത്യ ചെയ്തതോടു കൂടിയായിരുന്നു അത് നിലവിൽ വന്നത്. അതിനെ ഭൂപ്രദേശ വിപുലീകരണം, കുടിയേറ്റത്തിന്റെ അതിര് തുടങ്ങിയ വാക്കുകളിൽ സാമ്രാജ്യത്വം എന്ന പദത്തെ മറച്ചു പിടിക്കുകയായിരുന്നു. സാമ്രാജ്യത്വത്തിന്, ജനാധിപത്യവും സാമ്രാജ്യാധിപത്യത്തിനുള്ള ഒരു വാക്കാണ് എന്ന് വില്യം ബ്ലൂം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ പേര് തന്നെ America’s Deadliest Export : Democracy എന്നാണ്.
1823 ലെ മൺറോ സിദ്ധാന്തത്തെ പുതിയ കാലത്തെ ഡോണാൾഡ് സിദ്ധാന്തമായി വ്യാഖ്യാനിക്കുകയാണ്. അതുകൊണ്ട് അവർ അതിനെ ഡോൺറോ സിദ്ധാന്തം എന്നു വിളിക്കുന്നു. വാസ്തവത്തിൽ മൺറോ സിദ്ധാന്തത്തിനുമപ്പുറത്തേക്ക് ട്രംപിന്റെ സിദ്ധാന്തം നീളുന്നുണ്ട്. അത്, ലോകത്തിലെ സമ്പത്ത് മുഴുവൻ ദൈവം തങ്ങൾക്കായി നൽകിയതാണ് എന്ന കൊളംബസിന്റെ സിദ്ധാന്തത്തിലാണ് ഊന്നുന്നത്. അമേരിക്കയിൽ നിന്ന് ആദ്യ വരവിനു ശേഷം തിരിച്ച് മാഡ്രിഡിൽ എത്തിയ കൊളംബസ്, തന്റെ രണ്ടാമത്തെ യാത്രയ്ക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് രാജാവിന് നൽകിയ റിപ്പോർട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “നിത്യനായ ദൈവം, നമ്മുടെ പ്രഭു, അസാധ്യമെന്നു തോന്നിക്കുന്ന പാതകളിലൂടെയാണെങ്കിലും തന്റെ വഴി പിൻതുടരുന്നവർക്ക് വിജയം നൽകുന്നു.’ l



