Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിമാനവരാശിയുടെ ദാരിദ്ര്യത്തിന്റെ ഫലമാണ്‌ കുന്നുകൂടുന്ന സ്വത്ത്‌

മാനവരാശിയുടെ ദാരിദ്ര്യത്തിന്റെ ഫലമാണ്‌ കുന്നുകൂടുന്ന സ്വത്ത്‌

സാജൻ എവുജിൻ

മേരിക്കയുടെയും യൂറോപ്പിന്റെയും കൊടിയ ചൂഷണത്തിന്‌ വിധേയമായ ലാറ്റിനമേരിക്കയുടെ അനുഭവം വിശദീകരിക്കുന്ന പുസ്‌തകമാണ്‌ ‘ഓപ്പൺ വെയിൻസ്‌ ഓഫ്‌ ലാറ്റിനമേരിക്ക: ഫൈവ്‌ സെഞ്ച്വറീസ്‌ ഓഫ്‌ ദി പിലേജ്‌ ഓഫ്‌ എ കോണ്ടിനെന്റ്‌’. ഉറുഗ്വേ പത്രപ്രവർത്തകനും കവിയും എഴുത്തുകാരനുമായ എഡ്വേർഡോ ഗലിയാനോ 1971ൽ രചിച്ച ഇ‍ൗ പുസ്‌തകം വലതുപക്ഷത്തെ വിറളിപിടിപ്പിച്ചു. ഉറുഗ്വേ, ബ്രസീൽ, ചിലി, അർജന്റീന എന്നിവിടങ്ങളിൽ സൈനികഭരണകൂടങ്ങൾ ഇ‍ൗ പുസ്‌തകം നിരോധിച്ചു. മൂന്നു ഭാഗമായി എഴുതിയ ‘ഓപ്പൺ വെയിൻസ്‌’ തുടങ്ങുന്നത്‌ യൂറോപ്യൻ കുടിയേറ്റത്തിന്റെ കാലം വിശകലനം ചെയ്‌തുകൊണ്ടാണ്‌. യൂറോപ്യൻശക്തികൾ ലാറ്റിനമേരിക്കയിലെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ചതിനെക്കുറിച്ചും തദ്ദേശീയജനവിഭാഗങ്ങൾ ദരിദ്രരായി മാറിയതെങ്ങനെയെന്നും ഇ‍ൗ ഭാഗത്തിൽ വിവരിക്കുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വൻതോതിൽ ഭൂമി കൈവശപ്പെടുത്തി അമേരിക്കയും ബഹുരാഷ്‌ട്ര കോർപ്പറേഷനുകളും നടത്തിയ സാമ്പത്തിക ചൂഷണമാണ്‌ രണ്ടാം ഭാഗത്തിൽ. ഏഴ്‌ വർഷത്തിനുശേഷം രചിച്ച ഏഴാം ഭാഗത്തിൽ അമേരിക്കയുടെ ആധിപത്യം ലാറ്റിനമേരിക്കയുടെ സ്ഥിതി കൂടുതൽ വഷളാകുകയാണെന്ന്‌ സമർഥിക്കുന്നു. മാനവരാശിയുടെ ദാരിദ്ര്യത്തിന്റെ ഫലമാണ്‌ ഭൂമിയിൽ കുന്നുകൂടുന്ന സമ്പത്ത്‌ എന്ന്‌ വ്യക്തമായി പറഞ്ഞുവയ്‌ക്കുകയാണ്‌ ഇ‍ൗ പുസ്‌തകം.

സ്‌പാനിഷ്‌ ഭാഷയിൽ എഴുതിയ പുസ്‌തകം വിവിധ ലോകഭാഷകളിലേയ്‌ക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു. ലക്ഷക്കണക്കിനു പ്രതികൾ വിറ്റഴിഞ്ഞു. ലാറ്റിനമേരിക്കയിൽ അമേരിക്കൻ താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ സൈനികവൽക്കരണ പ്രക്രിയ ദ്രുതഗതിയിൽ നടന്നുകൊണ്ടിരുന്ന കാലത്തുതന്നെയാണ്‌ പുസ്‌തകം ഇറങ്ങിയത്‌. ലാറ്റിനമേരിക്കയിൽനിന്ന്‌ കമ്യൂണിസ്‌റ്റ്‌, സോഷ്യലിസ്‌റ്റ്‌ ആശയങ്ങൾ തുടച്ചുനീക്കാനുള്ള യുഎസ്‌ ശ്രമത്തിന്‌ ഇ‍ൗ പുസ്‌തകം ശക്തമായ പ്രതിബന്ധമായി. സാമ്രാജ്യത്വവും കോർപ്പറേറ്റുകളും തികച്ചും മനുഷ്യത്വവിരുദ്ധമാണെന്ന്‌ ചരിത്രപരമായ വസ്‌തുതകളുടെ പിൻബലത്തിൽ ഗലിയാനോ ചൂണ്ടിക്കാട്ടി. ലാറ്റിനമേരിക്കൻ സമ്പത്ത്‌ യൂറോപ്യൻ മൂലധനമായും പിന്നീട്‌ അമേരിക്കൻ കോർപ്പറേഷനുകളുടെ മൂലധനമായും പരിണമിച്ചു. കൊളോണിയൽ ശക്തികൾ കടന്നാക്രമണം തീവ്രമാക്കാൻ ലാറ്റിനമേരിക്കൻ സമൂഹത്തെ വിഘടിപ്പിച്ചു. മതപരവും ദേശീയവും വംശീയവുമായ ഭിന്നിപ്പുകൾ സൃഷ്ടിച്ച്‌ കൊള്ളയടി സുഗമമാക്കി. സ്വർണം, വെള്ളി‍, രത്‌നങ്ങൾ, എണ്ണ, അപൂർവ ലോഹങ്ങൾ, പരുത്തി, പഴങ്ങൾ, കാപ്പി, റബർ, പഞ്ചസാര, കൊക്കോ എന്നിവയെല്ലാം ഇ‍ൗ രാജ്യങ്ങളിൽനിന്ന്‌ കടത്തി. തദ്ദേശീയരെ കൊന്നൊടുക്കുകയും സാംസ്‌കാരികവും ശാസ്‌ത്രീയവും പാരിസ്ഥിതികവുമായ നാശം വിതയ്‌ക്കുകയും ചെയ്‌തു. പല സംസ്‌കാരങ്ങളും നാമാവശേഷമായി. നാട്ടുകാർക്കു വേണ്ട ഭക്ഷ്യവിളകൾ കൃഷി ചെയ്യേണ്ട സ്ഥലങ്ങൾ കോർപ്പറേറ്റുകളുടെ കൊള്ളലാഭത്തിനായി വാണിജ്യവിള തോട്ടങ്ങളാക്കി മാറ്റി. കാപ്പി കയറ്റുമതി കന്പനികളുടെ ചൂഷണത്തിന്‌ വിധേയമായ എൽ സാൽവദോറിലെ ജനസംഖ്യയിൽ 25 ശതമാനത്തോളം പോഷകാഹാരക്കുറവ്‌ മൂലമുള്ള രോഗങ്ങൾ ബാധിച്ച്‌ മരിച്ചത്‌ പുസ്‌തകത്തിൽ ഹൃദയസ്‌പർശിയായി വിശദീകരിക്കുന്നു. യൂറോപ്പിനും അമേരിക്കയ്‌ക്കും വഴങ്ങാതെ ചെറുത്തുനിന്ന പരാഗ്വേയെ ആറു വർഷം നീണ്ട യുദ്ധത്തിലൂടെ കീഴടക്കി. ഇംഗ്ലണ്ടിൽനിന്നുള്ള സന്പത്തിന്റെ പിൻബലത്തിൽ പരാഗ്വേയെ തകർക്കുകയും കോളനിയാക്കി മാറ്റുകയും ചെയ്‌തു; തദ്ദേശീയ ജനസംഖ്യയിൽ 60 ശതമാനത്തോളം പേർക്ക്‌ ആക്രമണങ്ങളിലും പട്ടിണിയിലും ജീവൻ നഷ്ടപ്പെട്ടു. അസംസ്‌കൃത വസ്‌തുക്കളുടെ ഉൽപാദക രാഷ്‌ട്രങ്ങൾക്ക്‌ തക്കതായ പ്രതിഫലം ലഭിച്ചില്ല. ലാറ്റിനമേരിക്ക അവികസിതമായി തുടരാൻ ഇത്‌ ഇടയാക്കി. ഗലിയാനോ പറയുന്നു: ‘‘ എണ്ണയും കാപ്പിയും മാംസവും ഉപയോഗിച്ച് സന്പന്ന രാജ്യങ്ങൾക്ക്‌ ലഭിച്ച ലാഭം ഇവ ഉൽപാദിപ്പിച്ച ദരിദ്രരാജ്യങ്ങൾക്ക്‌ കിട്ടിയതിനെക്കാൾ കൂടുതലായിരുന്നു’’.

തദ്ദേശീയസമൂഹം ഉയർത്തിയ ചെറുത്തുനിൽപ്പും ഗലിയാനോ സൂക്ഷ്‌മമായി അവതരിപ്പിക്കുന്നു. ക്രിസ്‌റ്റഫർ കൊളംബസിന്റെ മകൻ ഡിയാഗോ കൊളംബസിനെതിരെ 1522ൽ അടിമകൾ ഉയർത്തിയ കലാപം പ്രധാനമായി. 17–ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ അടിമകൾ സംഘടിതരായി സ്വന്തം സ്വാധീനമേഖലകൾ രൂപീകരിച്ചു. അടിച്ചമർത്തലും ആക്രമണങ്ങളും ഇല്ലാത്ത ലോകം അവർ സ്വപ്‌നം കാണുകയും ഇത്‌ പിൽക്കാലത്ത്‌ വൻമുന്നേറ്റങ്ങൾക്ക്‌ വഴിയൊരുക്കുകയും ചെയ്‌തു. ഗലിയാനോയുടെ പുസ്‌തകം ലോകമെന്പാടും, പ്രത്യേകിച്ച്‌ ലാറ്റിനമേരിക്കയിൽ യുവജനങ്ങളുടെ വിമോചനസങ്കൽപങ്ങൾക്ക്‌ ദിശാബോധം പകർന്നു. ചിലി പ്രസിഡന്റായിരുന്ന സാൽവദോർ അലൻഡെയുടെ കുടുംബാംഗവും മാധ്യമപ്രവർത്തകയുമായ ഇസബെൽ അലൻഡെയാണ്‌ അവതാരിക എഴുതിയിട്ടുള്ളത്‌. 2009ൽ ചേർന്ന അമേരിക്കൻ ഉച്ചകോടിയിൽ അന്നത്തെ വെനസ്വേല പ്രസിഡന്റ്‌ ഹ്യൂഗോ ഷാവെസ്‌ അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക്‌ ഒബാമയ്‌ക്ക്‌ ഇ‍ൗ പുസ്‌തകത്തിന്റെ സ്‌പാനിഷ്‌ കോപ്പി സമ്മാനിച്ചത്‌ ശ്രദ്ധേയമായി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − 10 =

Most Popular