അഞ്ചാമത് കേരള പഠന കോണ്‍ഗ്രസ് ഫെബ്രുവരിയില്‍ നടക്കുകയാണ്. 1994 ലാണ് സഖാവ് ഇ എം എസ്സിന്റെ നേതൃത്വത്തില്‍ ആദ്യത്തെ പഠന കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തത്. അതിനുശേഷം 2005, 2011, 2016 എന്നീ വര്‍ഷങ്ങളിലായി മൂന്ന് പഠന കോണ്‍ഗ്രസുകള്‍ നടക്കുകയുണ്ടായി. കോവിഡുമൂലം 2021 ല്‍ നടക്കേണ്ടിയിരുന്ന പഠന കോണ്‍ഗ്രസ് മാറ്റിവയ്ക്കേണ്ടിവന്നു. അതായത് പത്തുവര്‍ഷത്തിനുശേഷമാണ് ഇപ്പോൾ അഞ്ചാം കേരള പഠന കോണ്‍ഗ്രസ് നടക്കുന്നത് എന്നര്‍ത്ഥം.
കേരളത്തിന്റെ ഭാവി വികസനവും ക്ഷേമ മുന്നേറ്റങ്ങളും എപ്രകാരമായിരിക്കണം എന്ന ദിശാബോധം നല്‍കാന്‍ പഠന കോണ്‍ഗ്രസുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണത്തെ പഠന കോണ്‍ഗ്രസും ആ നിലയ്ക്കുള്ള ഇടപെടലാകും എന്ന കാര്യത്തില്‍ സംശയമില്ല. നാം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍, ഇനി കൈവരിക്കേണ്ട നേട്ടങ്ങള്‍ എന്നിവയൊക്കെ ഇത്തവണത്തെ കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ടുവേണം പഠന കോണ്‍ഗ്രസിന്റെ ഭാഗമായ ചര്‍ച്ചകളിലേക്ക് നാം കടക്കാന്‍.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വികസനത്തിന്റെയും സാമൂഹ്യസുരക്ഷയുടെയും ഉള്‍പ്പെടെ എല്ലാ രംഗങ്ങളിലും ലോകശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പുതു ‘കേരള മാതൃക’ നാം സൃഷ്ടിച്ചു. ഇത് കേവലം ഭരണപരമായ ഇടപെടല്‍ മാത്രമല്ല, മറിച്ച് മതനിരപേക്ഷതയിലും സമഭാവനയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു സാമൂഹ്യ മുന്നേറ്റം കൂടിയാണ്. ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന്റെ ഭാഗമായാണ് സാമൂഹ്യ സുരക്ഷാരംഗത്ത് ഗൗരവമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിവരുന്നത്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 2,000 രൂപയായി വര്‍ദ്ധിപ്പിച്ചത് പാവപ്പെട്ടവനോടുള്ള ഈ സര്‍ക്കാരിന്റെ കരുതലിന്റെ തെളിവാണ്. 64 ലക്ഷത്തോളം പേര്‍ക്കാണ് ഇന്ന് കൃത്യമായി പെന്‍ഷന്‍ എത്തിക്കുന്നത്. ഇതിനുപുറമെ, മറ്റു വരുമാന മാർഗങ്ങളില്ലാത്ത വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനം സ്ത്രീശാക്തീകരണ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.
നാടിന്റെ ആരോഗ്യ–ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ രാപ്പകല്‍ പണിയെടുക്കുന്ന ആശാവര്‍ക്കര്‍മാര്‍ അടക്കമുള്ള സ്കീം വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചത് അവരുടെ അധ്വാനത്തിന് നല്‍കുന്ന അംഗീകാരമാണ്. വിവിധ മത്സര പരീക്ഷകള്‍ക്കോ നൈപുണ്യ പരിശീലനത്തിലോ പങ്കെടുക്കുന്ന യുവതീþയുവാക്കള്‍ക്കായി കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചതും വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം വര്‍ദ്ധിപ്പിച്ചതും നവകേരളത്തിന്റെ അടിത്തറ ഭദ്രമാക്കാനാണ്. ഒരു വശത്ത് കേന്ദ്ര സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളില്‍ നിന്നു പിന്മാറുമ്പോള്‍, മറുവശത്ത് സാധാരണക്കാരെ ചേര്‍ത്തുപിടിക്കുന്ന ഈ ജനപക്ഷ ബദലാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്; അതും വികസനത്തില്‍ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടുതന്നെ.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ആരോഗ്യ–വിദ്യാഭ്യാസ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടം ലോകത്തിനുതന്നെ അത്ഭുതമാണ്. ആര്‍ദ്രം മിഷനിലൂടെ നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാരന് സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കി. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും ശരാശരി ആയുര്‍ദൈര്‍ഘ്യം ഉയര്‍ത്തുന്നതിലും വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങളാണ് നാം സ്വന്തമാക്കിയത്. ഹൃദയം മാറ്റിവയ്ക്കല്‍ പോലുള്ള ഏറ്റവും ആധുനികമായ ശസ്ത്രക്രിയകള്‍പോലും നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുകയാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഹൈടെക് ആയി മാറി. പൊതുവിദ്യാലയങ്ങളില്‍നിന്ന് കൊഴിഞ്ഞുപോയ കുട്ടികള്‍ തിരികെ എത്തുന്ന കാഴ്ചയാണ് നാം കണ്ടത്. ലോകോത്തര നിലവാരമുള്ള ലാബുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഇന്ന് നമ്മുടെ സാധാരണക്കാരന്റെ മക്കള്‍ക്ക് അന്യമല്ല. കേരളത്തെ ഒരു ആഗോള വൈജ്ഞാനിക സമൂഹമാക്കി പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗൗരവമായ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. കാലഹരണപ്പെട്ട രീതികളെ പാടെ ഉപേക്ഷിച്ചുകൊണ്ട്, 2024–25 അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കിയ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യവും ഗവേഷണ അഭിരുചിയും വളര്‍ത്താന്‍ സഹായിക്കും. കരിക്കുലം പരിഷ്കരണത്തിലൂടെയും ഡിജിറ്റല്‍ സര്‍വ്വകലാശാല പോലുള്ള നൂതന സംവിധാനങ്ങളിലൂടെയും വൈജ്ഞാനിക ഉല്പാദനത്തിനൊപ്പം തൊഴില്‍ നൈപുണ്യവും ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പഠനത്തോടൊപ്പം ഇന്റേണ്‍ഷിപ്പും പ്രായോഗിക പരിശീലനവും നല്‍കുന്നതിലൂടെ നമ്മുടെ യുവതയെ ലോകത്തെവിടെയും മത്സരിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഒരു കാലത്ത് തകര്‍ച്ചയുടെ വക്കിലായിരുന്ന കെ എസ് ആര്‍ ടി സിയെ ശാസ്ത്രീയമായ പരിഷ്കാരങ്ങളിലൂടെ ലാഭത്തിലേക്കും ജനപ്രീതിയിലേക്കും നയിക്കാന്‍ ഈ സര്‍ക്കാരിനു സാധിച്ചു. ഗതാഗത രംഗത്ത് ആധുനിക സാങ്കേതികവിദ്യകള്‍ നടപ്പിലാക്കിയും പുതിയ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കിയും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനു നാം തുടക്കം കുറിച്ചു. കെ–സ്വിഫ്റ്റ് സര്‍വീസുകള്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. അഴിമതിരഹിതമായ ഭരണനിര്‍വ്വഹണവും കൃത്യമായ ആസൂത്രണവും വഴി പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനും സാമ്പത്തികമായി സുസ്ഥിരമാക്കാനും നമുക്ക് സാധിച്ചു.
കേരളം കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പദവി. സ്വന്തമായി ശബ്ദിക്കാന്‍പോലും കഴിയാതെ സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നമുക്കു സാധിച്ചു. ഭഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, വരുമാന മാര്‍ഗങ്ങള്‍ എന്നിവ ഉറപ്പാക്കിക്കൊണ്ട് ദാരിദ്ര്യത്തിന്റെ വേരുകള്‍തന്നെ അറുത്തുമാറ്റുന്ന ശാസ്ത്രീയമായ രീതിയാണ് കേരളം അവലംബിച്ചത്.
പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറുകയാണ്. ‘നിക്ഷേപ സൗഹൃദ കേരളം’ എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് പ്രായോഗികമായ യാഥാര്‍ത്ഥ്യമാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങില്‍ കേരളം കൈവരിച്ച മുന്നേറ്റം രാജ്യത്തിനുതന്നെ മാതൃകയാണ്. നിക്ഷേപകര്‍ക്ക് മാത്രമല്ല, തൊഴിലാളികള്‍ക്കും മികച്ച സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്ന തൊഴില്‍സൗഹൃദ അന്തരീക്ഷമാണ് ഇവിടെയുള്ളത്. സൂക്ഷ്മ – ചെറുകിട – ഇടത്തരം മേഖലകളില്‍ സംഭവിച്ചിട്ടുള്ള മാറ്റം നമ്മുടെ നാടിന്റെ സാമ്പത്തികഭദ്രത വര്‍ദ്ധിപ്പിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ വ്യവസായ കുതിപ്പിന് കരുത്തുപകരുന്നത് കേരളത്തിലെ മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ്. ലോകത്തിലെതന്നെ മികച്ച സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങളിലൊന്നായി കേരളം ഇന്ന് മാറിയിരിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ അയ്യായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ കേരളം പരാമര്‍ശിക്കപ്പെട്ടു. മാത്രമല്ല, നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നമ്മുടെ സ്റ്റാര്‍ട്ടപ്പുകളെ തേടിയെത്തുന്നുമുണ്ട്.
യുവാക്കള്‍ കേവലം തൊഴിലന്വേഷകര്‍ എന്നതില്‍ നിന്നുമാറി തൊഴില്‍ദാതാക്കളാകുന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ മൂലധന സഹായം, മെന്റര്‍ഷിപ്പ്, ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഉറപ്പാക്കുന്നു. നമ്മുടെ യുവാക്കളുടെ സര്‍ഗാത്മകമായ ആശയങ്ങള്‍ക്ക് വിപണി കണ്ടെത്താനും ആഗോളതലത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനും ഈ സാഹചര്യം വലിയ സഹായമാണ് നല്‍കുന്നത്. ഐടി മേഖലയ്ക്കപ്പുറം കൃഷി, മത്സ്യബന്ധനം, ഡിജിറ്റല്‍ ഗവേണന്‍സ്, ആതുരസേവനം തുടങ്ങിയ മേഖലകളിലും സ്റ്റാര്‍ട്ടപ്പുകള്‍ വിപ്ലവം സൃഷ്ടിക്കുകയാണ്.
കേരളത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഭരണഘടനാപരമായി ലഭിക്കേണ്ട സാമ്പത്തിക വിഹിതവും സഹായങ്ങളും വെട്ടിക്കുറച്ചും വായ്പാ പരിധിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നിട്ടും കേരളം തകരാതെ പിടിച്ചുനില്‍ക്കുന്നു; തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നു. കേരളം കടക്കെണിയിലാണെന്നു പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കുന്നവര്‍ക്കുള്ള മറുപടി നമ്മുടെ വളര്‍ച്ചാകണക്കുകളാണ്. കേരളത്തിന്റെ സമ്പദ്-വ്യവസ്ഥ പതിനഞ്ചു വര്‍ഷംകൊണ്ട് മൂന്നര മടങ്ങ് വളര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനം 2011–12 ലെ 3.64 ലക്ഷം കോടി രൂപയില്‍ നിന്ന് 2024–25 ല്‍ 12.49 ലക്ഷം കോടി രൂപയായാണ് വളര്‍ന്നിരിക്കുന്നത്. കേരളത്തിന്റെ കടം കുറയുകയാണെന്നും രാജ്യത്തെ സംസ്ഥാനങ്ങളില്‍ കടത്തിന്റെ കണക്കില്‍ പതിനഞ്ചാം സ്ഥാനത്ത് മാത്രമാണ് കേരളം എന്നുമുള്ള രേഖകളും കേന്ദ്ര സര്‍ക്കാര്‍തന്നെ ഔദ്യോഗികമായി പുറത്തുവിട്ടു.
സംസ്ഥാനങ്ങളുടെ പ്രതിശീര്‍ഷ വരുമാനത്തിന്റെ കണക്കില്‍ പതിനൊന്നാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്ക് കേരളം ഉയര്‍ന്നതു സംബന്ധിച്ച വാര്‍ത്തകളും ഈയിടെ പുറത്തുവന്നു. ഇതെല്ലാം മലയാളിക്ക് അഭിമാനം പകരുന്ന വാര്‍ത്തകളാണ്. കേരളത്തിന്റെ സാമ്പത്തിക രംഗത്തെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകളാണിവ. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭയപ്പെടുന്നത് നമ്മുടെ ‘‘ഇടതുപക്ഷ ബദല്‍’’ നയങ്ങളെയാണ്. ജനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് എങ്ങനെ ഒരു നാടിനെ വളര്‍ത്താം എന്ന കേരളത്തിന്റെ മാതൃക തങ്ങളുടെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ക്ക് ഭീഷണിയാണെന്ന് തിരിച്ചറിയുന്നവരാണ് വികസനത്തിന് തുരങ്കംവയ്ക്കുന്നത്.
എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം ലൈഫ് മിഷനിലൂടെ നാം സാക്ഷാത്കരിക്കുകയാണ്. ഇതുവരെ നാലേമുക്കാല്‍ ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ ലഭിച്ചു. കേന്ദ്രവിഹിതം തുലോം കുറവായിരുന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് പാവപ്പെട്ടവന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. ഇതിനെ അട്ടിമറിക്കാന്‍ പല ഏജന്‍സികളെയും ഉപയോഗിച്ച് ചിലര്‍ ശ്രമിച്ചുവെങ്കിലും ജനകീയ പിന്തുണയോടെ നാം അതിനെ അതിജീവിച്ചു.
കേരളത്തിന്റെ വികസന നേട്ടങ്ങളെപ്പോലെതന്നെ പ്രധാനമാണ് ഇവിടുത്തെ സാമൂഹ്യ അന്തരീക്ഷം. ഇന്ത്യയുടെ പല ഭാഗങ്ങളിലും വര്‍ഗീയ വിദ്വേഷവും വിഭാഗീയതയും വേരുപിടിക്കുമ്പോള്‍, മതനിരപേക്ഷതയുടെ കരുത്തുറ്റ കോട്ടയായി കേരളം നിലകൊള്ളുന്നു. ഈ മതനിരപേക്ഷ ചിന്താഗതിയാണ് കേരളത്തിന്റെ വികസനത്തിന് ആധാരശിലയായി വര്‍ത്തിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്ന, പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഈ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വര്‍ഗീയത നാടിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കാന്‍ നമുക്ക് സാധിക്കണം. അധികാരത്തിനുവേണ്ടി വര്‍ഗീയ ശക്തികളുമായി സന്ധി ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തിനല്ല, മറിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിക്കുന്ന ജനപക്ഷ ബദലിനാണ് ഈ കാലഘട്ടത്തില്‍ പ്രസക്തി. ഇതാണ് ഈ സര്‍ക്കാരിന്റെയും നിലപാട്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ 10 വര്‍ഷമായി വര്‍ഗീയ സംഘര്‍ഷങ്ങളോ, ന്യൂനപക്ഷ വേട്ടയോ ഇല്ലാത്ത സംസ്ഥാനമായി കേരളം നിലകൊളളുന്നത്.
ഇന്ന് നാം നേരിടുന്ന ചോദ്യം ലളിതമാണ് : വികസനവും സമാധാനവും തുടരണോ അതോ വര്‍ഗീയതയും വികസനവിരുദ്ധതയും നാടിനെ തകര്‍ക്കണോ? നവകേരള നിര്‍മ്മിതിക്ക് വേഗം കൂട്ടാനും മതനിരപേക്ഷ കേരളത്തെ കൂടുതല്‍ കരുത്തോടെ കാത്തുസൂക്ഷിക്കാനും ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ ബദലുകള്‍ തുടരേണ്ടതുണ്ട്. നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്നതിന് കൃത്യമായ ഒരു വികസന രൂപരേഖ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. അതിനു കൂടുതല്‍ കരുത്തും കാര്യക്ഷമതയും നല്‍കാന്‍ കഴിയും കേരള പഠന കോണ്‍ഗ്രസിന്.
വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം ഇരട്ടിയാക്കാനും ഓരോ കുടുംബത്തിന്റെയും ജീവിതനിലവാരം വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കാനുമാണ് നാം ലക്ഷ്യമിടുന്നത്. നിർമിത ബുദ്ധി, ഡാറ്റ സയന്‍സ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളില്‍ കേരളത്തെ ആഗോളകേന്ദ്രമാക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, കാര്‍ഷികþവ്യവസായ മേഖലകളില്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപ്ലവം സൃഷ്ടിക്കുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഹരിത സമ്പദ് -വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ആധുനിക അടിസ്ഥാനസൗകര്യ വികസനത്തിനും ഇതില്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
ഭാവി തലമുറയുടെ ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ വെറുമൊരു ഉപഭോക്തൃ സംസ്ഥാനമായി നിര്‍ത്താതെ, ലോകത്തിന് ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന ഉത്പാദന കേന്ദ്രമാക്കി മാറ്റാന്‍ നാം മുന്നിട്ടിറങ്ങുകയാണ്. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും തുല്യമായി എത്തുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. നമ്മുടെ നാടിന്റെ ഐക്യവും വികസനക്കുതിപ്പും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ കേരളം കൂടുതല്‍ കരുത്തോടെ നിലകൊള്ളും. തടസ്സങ്ങള്‍ പലതുണ്ടാകാമെങ്കിലും, അചഞ്ചലമായ ഇച്ഛാശക്തിയോടെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂന്നുന്ന നവകേരള നിര്‍മ്മിതിക്കായി നമുക്കൊരുമിച്ച് മുന്നേറാം. അതിനുതകുന്ന ചര്‍ച്ചകളാല്‍ സമ്പന്നമാകും അഞ്ചാം കേരള പഠന കോണ്‍ഗ്രസ്. l



