Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിഅഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിലേക്ക്

അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിലേക്ക്

ഡോ. ടി എം തോമസ് ഐസക്

ഞ്ചുവർഷം മുൻപ് 2021 ജനുവരിയിൽ, അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് നടക്കേണ്ടതായിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ തയ്യാറെടുപ്പിന് സമയം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പത്തുവർഷം കഴിഞ്ഞ് 2026 ഫെബ്രുവരി 21, 22 തീയതികളിലാണ് എകെജി പഠന ഗവേഷണ കേന്ദ്രം പഠന കോൺഗ്രസ് പരമ്പരയുടെ അഞ്ചാമത് പതിപ്പ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

വികസന കോൺഗ്രസ് സംബന്ധിച്ച് പാർടി ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ പത്രസമ്മേളനത്തിൽ ഒരു മാധ്യമ പ്രതിനിധി ചോദിക്കുകയുണ്ടായി: “പണ്ട് ചർച്ച ചെയ്യാത്ത എന്ത് പുതിയ കാര്യമാണ് പുതിയ പഠന കോൺഗ്രസ് ഏറ്റെടുക്കുക? ഇതിനകം പറഞ്ഞു കഴിഞ്ഞ കാര്യങ്ങൾ ആവർത്തിക്കുവാനല്ലേ പോവുന്നത്?” ഈ പശ്ചാത്തലത്തിൽ എന്തൊക്കെയായിരിക്കും പുതിയ അന്വേഷണങ്ങൾ എന്നത് വിശദീകരിക്കുന്നത് പ്രസക്തമാണ്.

നാലാം അന്താരാഷ്ട്ര പഠന കോൺഗ്രസും 
അതിനുശേഷവും
2016-ലെ തിരഞ്ഞെടുപ്പിന് എൽഡിഎഫ് മാനിഫെസ്റ്റോ തയ്യാറാക്കിയത് നാലാമത് പഠന കോൺഗ്രസിന്റെ നിഗമനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. സ്വാഭാവികമായും ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഉണ്ടായി. എന്നാൽ അടിസ്ഥാനദിശ പഠന കോൺഗ്രസ് നിഗമനങ്ങൾ തന്നെയായിരുന്നു.
ആ മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിലായിരുന്നു 2016–-2021 കാലത്തെ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനം. എല്ലാ വർഷവും മാനിഫെസ്റ്റോയുടെ നിർദ്ദേശങ്ങൾ എത്രമാത്രം നടപ്പാക്കി എന്നതിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ടാണ് ഭരണം പുരോഗമിച്ചത്. മാനിഫെസ്റ്റോയിൽ പറഞ്ഞ മഹാഭൂരിപക്ഷം കാര്യങ്ങളും നടപ്പിലാക്കി. വെള്ളപ്പൊക്കവും കോവിഡുമെല്ലാം ഉയർത്തിയ വെല്ലുവിളികൾ ഫലപ്രദമായി മറികടന്നു. മുൻപ് വിഭാവനം ചെയ്യുവാൻ കഴിയുമായിരുന്നതിനപ്പുറം നേട്ടങ്ങൾ കൈവരിച്ചുകൊണ്ടാണ് അന്നത്തെ ഭരണം അവസാനിച്ചത്. ഇതിനുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു തുടർഭരണം.

2016–-21 കാലത്തെ ഭരണത്തിന്റെ അനുഭവങ്ങൾ കൂടി കണക്കിലെടുത്ത് “നവകേരളം പുതുവഴികൾ” എന്നൊരു വികസന രേഖ സിപിഐ എം എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിക്കുകയുണ്ടായി. നവകേരളം സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള വികസന അജൻഡയാണ് കഴിഞ്ഞ ഒരു ദശാബ്ദമായി കേരള സർക്കാർ സ്വീകരിച്ചുവരുന്നത്.

നവകേരള വികസന അജൻഡ
നവകേരളത്തിനുവേണ്ടി മുന്നോട്ടുവെച്ച വികസന അജൻഡയിൽ മുഖ്യമായി രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാമത്തേത് ജനങ്ങളുടെ ക്ഷേമവും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനുള്ള വഴികളാണ്. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, കുടിവെള്ളം, പ്രാദേശിക റോഡുകൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടനിലയിൽ ഉറപ്പുവരുത്തുകയാണ് ഇവയിൽ പ്രധാനം. അതുപോലെതന്നെ ഭൂരിപക്ഷം ജനങ്ങളുടെ ഉപജീവന മാർഗമായിട്ടുള്ള കൃഷി, സൂക്ഷ്മ-ചെറുകിട വ്യവസായങ്ങൾ തുടങ്ങിയവയുടെ അഭിവൃദ്ധിയും പ്രധാനമാണ്. ഇത്തരം അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുടെ സാമൂഹ്യ സുരക്ഷയ്ക്കനിവാര്യമായ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്.

മേൽപ്പറഞ്ഞ വികസന മേഖലകളെല്ലാം മുഖ്യമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമണ്ഡലങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഒന്നാം കേരള പഠന കോൺഗ്രസിന്റെ ഏറ്റവും സുപ്രധാനമായ സംഭാവനയായിരുന്നുവല്ലോ അധികാരവികേന്ദ്രീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ജനകീയാസൂത്രണം. സാമൂഹ്യനീതി, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി അനുബന്ധ വകുപ്പുകൾ തുടങ്ങിയവയെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിൽ സംയോജിപ്പിച്ച് നടത്തിയ പ്രാദേശിക ആസൂത്രണമാണ് ദാരിദ്ര്യ ലഘൂകരണത്തിലേക്കും അതിദാരിദ്ര്യ നിർമാർജനത്തിലേക്കും എത്തിച്ചത്. സാമൂഹ്യ വികസന സൂചികകളിലെല്ലാം കേരളത്തിന്റെ നില മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിച്ചു. ഇന്നും സർക്കാരിന്റെ വികസന ചെലവുകളെടുത്താൽ ഗണ്യമായ പങ്ക് ഈ തുറകളിലാണ് ചെലവഴിക്കുന്നത്. പ്രശ്നാധിഷ്ഠിതമായ ഉദ്ഗ്രഥിത വികസന സമീപനം കേരളത്തിന്റെ പ്രത്യേകതയാണ്.

വികസന അജൻഡയിലെ രണ്ടാമത്തെ ഭാഗം വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനമാണ്. വിജ്ഞാനാധിഷ്ഠിതവ്യവസായ മേഖലകളുടെ വർധിച്ചതോതിലുള്ള നിക്ഷേപം, നൂതന തൊഴിൽ സംരംഭങ്ങൾ അഥവാ സ്റ്റാർട്ടപ്പുകൾ, സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ തുടങ്ങിയവ അനിവാര്യമാണ്. നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഈ തൊഴിൽ തുറകളിൽ പ്രവർത്തിക്കാനാവശ്യമായ നൈപുണി ശേഷിയുള്ളവരാക്കി തൊഴിൽ സേനയെ മാറ്റേണ്ടതും പ്രധാനമാണ്. പുതിയ അറിവുകൾ സൃഷ്ടിക്കുകയും നൈപുണി ഉറപ്പുവരുത്തുകയും ചെയ്യുവാനുതകുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസം സമൂലമായി അഴിച്ചുപണിയേണ്ടതുണ്ട്. എല്ലാറ്റിലുമുപരി സാമൂഹ്യക്ഷേമ മേഖലകളിലുള്ള ഊന്നൽമൂലം അവഗണിക്കപ്പെട്ട പശ്ചാത്തല സൗകര്യ മേഖലകളിൽ വലിയ തോതിൽ നിർമ്മാണപ്രവൃത്തികൾ അനിവാര്യമാണ്. ഇതെല്ലാമായിരുന്നു വികസനരേഖ മുന്നോട്ടുവെച്ച വിപുലമായ അജൻഡകൾ.

പുതിയ വികസന അജൻഡയും 
കേരളത്തിന്റെ മാറുന്ന സാമൂഹ്യ ഘടനയും
അതിവേഗത്തിൽ വർധിച്ചുവരുന്ന ഇടത്തരക്കാരുടെ പ്രാധാന്യമാണ് കേരള സമൂഹത്തിന്റെ പ്രത്യേകത. 40% ജനങ്ങളുടെ വരുമാനത്തിൽ വർധനയുണ്ടാവുകയും ഇടത്തരം സ്വഭാവം ആർജ്ജിക്കുകയും ചെയ്തിട്ടുണ്ട്. 30% ജനങ്ങൾ ഇന്നും പാവപ്പെട്ടവരായി തുടരുന്നു. ഇവർക്ക് രണ്ടുകൂട്ടർക്കും ഇടയിലുള്ള 30% ഇടത്തരക്കാരായി രൂപാന്തരപ്പെടുന്നതിനുള്ള പ്രതീക്ഷകൾ വെച്ചുപുലർത്തുന്നവരാണ്. ഇടതുപക്ഷത്തിന്റെ സാമൂഹ്യാടിത്തറയായിരുന്ന പാവങ്ങളുടെ എണ്ണം കുറഞ്ഞുവരുകയും ഇടത്തരക്കാരുടെയും ഇടത്തരക്കാരായി മാറുവാൻ ആഗ്രഹിക്കുന്നവരുടെയും എണ്ണം വർദ്ധിച്ചുവരുന്നതുമായ ഒരു സാമൂഹ്യ അവസ്ഥയാണ് ഇന്നു കേരളത്തിലുള്ളത്.

പാവപ്പെട്ടവരുടെ സുരക്ഷ ഉറപ്പുവരുത്തിയേ തീരൂ. ഇത് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഇടതുപക്ഷ വികസന അജൻഡ സാധ്യമല്ല. അതോടൊപ്പം ഇടത്തരക്കാരുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള വികസന മാറ്റങ്ങൾക്ക് നേതൃത്വം നൽകുവാനും കഴിയണം. ഈ സ്ഥിതിവിശേഷത്തോട് നേരിട്ട് പ്രതികരിക്കുന്ന ഒന്നാണ് നവകേരള വികസന അജൻഡ. സാമൂഹ്യക്ഷേമ ചെലവുകളിലുള്ള ഊന്നൽ പാവപ്പെട്ടവരുടെ താല്പര്യങ്ങൾ പൂർണമായും സംരക്ഷിക്കുന്നു. അതേസമയം, വിജ്ഞാനസമ്പദ്ഘടനയെക്കുറിച്ചുള്ള സങ്കൽപ്പനങ്ങളും പശ്ചാത്തലസൗകര്യ സൃഷ്ടിയും ഇടത്തരക്കാരുടെ പ്രതീക്ഷകളെ പോഷിപ്പിക്കുന്നു. എന്തിന്, പാവപ്പെട്ടവരുടെ, അഭ്യസ്തവിദ്യരായ പുതിയ തലമുറയ്ക്കുപോലും അച്ഛനമ്മമാരുടെ തൊഴിലും സാഹചര്യങ്ങളും പോരാ. അവരുടെയും പ്രതീക്ഷകൾ നല്ല വരുമാനമുള്ള ഉദ്യോഗങ്ങളാണ്.

ഈയൊരു ദശാസന്ധിയിൽ ഏറ്റവും നിർണ്ണായകമായ പ്രശ്നം ധനസമാഹരണവുമായി ബന്ധപ്പെട്ടതാണ്. പാവപ്പെട്ടവരുടെ സാമൂഹ്യക്ഷേമ സൗകര്യങ്ങൾ വർധിപ്പിച്ചുകൊണ്ട് എങ്ങനെയാണ് പശ്ചാത്തലസൗകര്യങ്ങളും മറ്റും സൃഷ്ടിക്കുന്നതിനാവശ്യമായ ഭീമമായ തുക കണ്ടെത്തുക? നിയോലിബറൽ വികസന സിദ്ധാന്തക്കാരുടെ അഭിപ്രായത്തിൽ ഒരൊറ്റ മാർഗമേയുള്ളൂ. മറ്റു വികസന റവന്യൂ ചെലവുകൾ കുറച്ച് പശ്ചാത്തലസൗകര്യ സൃഷ്ടിക്കും മറ്റും വേണ്ടിയുള്ള മൂലധനച്ചെലവ് ഗണ്യമായി ഉയർത്താൻ തയ്യാറാകണം. കേരള ബജറ്റിലെ മൂലധനച്ചെലവ് മുൻകാലങ്ങളെ അപേക്ഷിച്ച് ഉയർത്തുന്നതിന് കഴിഞ്ഞ പത്തു വർഷക്കാലത്തിനിടയിൽ കഴിഞ്ഞിട്ടുണ്ട്. എന്നാൽ മുൻ ദശാബ്ദങ്ങളിൽ പൊതു മൂലധന നിക്ഷേപത്തോടുണ്ടായ അവഗണന പൂർണമായും മറികടക്കുന്നതിന് ബജറ്റിലൂടെ മാത്രം കഴിയില്ല. അത് ചെയ്യണമെങ്കിൽ വിദ്യാഭ്യാസ, -ആരോഗ്യ മേഖലകളെ സ്വകാര്യവൽക്കരിക്കുകയും സാമൂഹ്യസുരക്ഷാച്ചെലവ് കുറയ്ക്കുകയും വേണമെന്ന നിയോലിബറൽ നിലപാട് നമുക്ക് സ്വീകാര്യമല്ല. മറ്റു സംസ്ഥാനങ്ങളിലേതുപോലെ പശ്ചാത്തലസൗകര്യ മേഖല പൂർണ്ണമായും കോർപ്പറേറ്റുവൽക്കരിക്കുന്നതും അഭിലഷണീയമല്ല. അപ്പോൾ ബദൽ മാർഗമെന്ത്?

ബജറ്റിനു പുറത്തുനിന്നുള്ള 
വിഭവസമാഹരണത്തിന് – കിഫ്ബി
ബജറ്റിൽ ഒതുങ്ങിനിന്നുകൊണ്ട് പശ്ചാത്തലസൗകര്യ പിന്നാക്കാവസ്ഥ മറികടക്കാനാവില്ലായെന്നു വ്യക്തമാണ്. ബജറ്റിന് പുറത്ത് അതിനുള്ള വിഭവസമാഹരണം നടത്തിയേ തീരൂ. അതിനുള്ള ഒരു മാർഗരേഖ നാലാം പഠന കോൺഗ്രസ് ചൂണ്ടിക്കാണിക്കുകയുണ്ടായി. പശ്ചാത്തലസൗകര്യ വിഭവ സമാഹരണത്തിനുവേണ്ടി പൊതുമേഖലയിൽ ഒരു ഭീമൻ ധനകാര്യ സ്ഥാപനത്തിനു രൂപം നൽകും. ഈ കാഴ്ചപ്പാടിൽ ആവിഷ്കരിക്കപ്പെട്ട ഒരു ധനകാര്യ സ്ഥാപനമാണ് കിഫ്‌ബി.

ഇന്ന് കിഫ്ബിയുടെ മുൻകൈയിൽ ഏതാണ്ട് തൊണ്ണൂറായിരം കോടി രൂപയുടെ പ്രൊജക്ടുകളാണ് ഏറ്റെടുക്കപ്പെട്ടിട്ടുള്ളത്. ഇതിനു പുറമെയാണ് കിഫ്ബി ലിവറേജ് ചെയ്യുന്ന അഥവാ കിഫ്ബിയിൽ നിന്നുള്ള ധനസഹായം ഉപയോഗപ്പെടുത്തി ആർജിച്ചെടുക്കുന്ന 65,000 കോടി രൂപയുടെ ദേശീയപാത 66 പോലുള്ള കേന്ദ്ര പ്രൊജക്ടുകൾ. ഈ പദ്ധതികളാകെ നടപ്പിലായി കഴിയുമ്പോൾ കേരളത്തിന്റെ പശ്ചാത്തലസൗകര്യ മുഖഛായ മാറിക്കഴിഞ്ഞിരിക്കും.

ഈ നയം കേരളത്തെ കടക്കെണിയിലാക്കുമെന്നത് ശുദ്ധഭോഷ്കാണ്. കിഫ്ബി സൃഷ്ടിക്കുന്ന വായ്പയോടൊപ്പം തത്തുല്യമായ ആസ്തികളും സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനമാവുകയും ബാധ്യത ജഡഭാരമാകില്ലായെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതോടൊപ്പം ഓർക്കേണ്ട മറ്റൊരു കാര്യം, സംസ്ഥാന സർക്കാരിന്റെ വാർഷിക ബാധ്യത നിയമംമൂലം നിജപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. അതിനപ്പുറം ഒരു ഗ്രാന്റും സംസ്ഥാന സർക്കാർ നൽകേണ്ടതില്ല. ഈ ഭാവി വരുമാനത്തിന്റെ പരിധിക്കുള്ളിൽ നിന്ന് നടപ്പാക്കാൻ കഴിയുന്ന പ്രൊജക്ടുകളേ കിഫ്ബി ഏറ്റെടുക്കൂ. കിഫ്ബിയെ എതിർക്കുന്നവരിൽ ആർക്കും ഇന്നേവരെ ചുരുങ്ങിയ കാലയളവിൽ രാജ്യത്തെ ഒന്നാം നമ്പർ പശ്ചാത്തലസൗകര്യ വികസിത സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ ഒരു മാർഗ്ഗം നിർദ്ദേശിക്കാൻ കഴിഞ്ഞിട്ടില്ല.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം
ഈ വികസനംമുടക്കികളുടെ മുന്നിൽ പടനയിക്കുന്നത് കേന്ദ്ര സർക്കാരാണ്. നവകേരള വികസന തന്ത്രത്തിന്റെ വിജയം നിയോലിബറൽ വികസന തന്ത്രത്തിന് ഒരു വെല്ലുവിളിയാണ്. അതുകൊണ്ട് അതിനെ തകർക്കാൻ ഉപരോധസമാനമായ വിവേചനവും നിയന്ത്രണവും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുകയാണ്. കിഫ്ബിക്കുവേണ്ടി എടുത്ത വായ്‌പ സർക്കാരിന്റെ അനധികൃത വായ്പയാണെന്ന് ആരോപിച്ച് വർഷംതോറും സംസ്ഥാന സർക്കാരിന് അനുവദനീയമായ കമ്പോള വായ്പയിൽ വെട്ടിക്കുറവ് വരുത്തുന്നു. അനുവദിച്ച റവന്യൂ സഹായങ്ങൾ കുടിശ്ശികയാക്കുന്നു. കേന്ദ്ര ധനസഹായം അനുവദിക്കുന്നതിൽ വിവേചനപരമായ മാനദണ്ഡങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഇത് സർക്കാരിനെ ഗൗരവ സ്വഭാവത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലാക്കി. സാമൂഹ്യക്ഷേമ ചെലവുകളിൽ കുടിശ്ശികയായി. ഇത് ജനങ്ങളിൽ അസംതൃപ്തി ഉണ്ടാക്കി.

എന്നാൽ, എന്തുവന്നാലും സാമൂഹ്യക്ഷേമ ചെലവുകൾ പരിമിതപ്പെടുത്തില്ലെന്നും ജനങ്ങളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുമെന്നുള്ള തീരുമാനമാണ് എൽഡിഎഫ് സർക്കാർ എടുത്തിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ ബജറ്റിന് പുറത്തുള്ള വിഭവസമാഹരണത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാനാവും? ഇതിനാവശ്യമായ അടവുകളെന്ത്? കേന്ദ്ര വിവേചനത്തിനെതിരെ രാഷ്ട്രീയവും, നിയമപരവുമായ എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും? അതോടൊപ്പം സർക്കാർ ചെലവുകൾക്ക് അനുപൂരകമായി സ്വകാര്യ സംരംഭകരെയും പൊതുമേഖലാ സ്ഥാപനങ്ങളെയും സഹായിക്കാൻ ഉതകുന്ന രീതിയിൽ കേരളാ ബാങ്കിനെയും മറ്റു പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ വിഭവങ്ങളെയും എങ്ങനെ ഉപയോഗപ്പെടുത്തുനാകും? അതീവ ഗൗരവമായി അഞ്ചാം കേരള പഠന കോൺഗ്രസ് ചർച്ച ചെയ്യുവാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമിതാണ്.

വിജ്ഞാന സമ്പദ്ഘടന പടുത്തുയർത്തുന്നതിന് ഇതുവരെ എടുത്ത നടപടികൾ പഠന കോൺഗ്രസിൽ സവിശേഷ അവലോകനത്തിന് വിധേയമാകും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള പുരോഗതി, സർവ്വകലാശാലകളുടെയും കോളേജുകളുടെയും ദേശീയ റാങ്കിങ്ങുകളിലെ സ്ഥാനം പ്രതിഫലിപ്പിക്കുന്നുണ്ട്. അതുപോലെതന്നെ നമ്മുടെ സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന മിടുക്കരായ വിദ്യാർഥികളിൽ പലരും വിജയകരമായ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന അനുഭവങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രവണത എങ്ങനെ ശക്തിപ്പെടുത്താം? നൈപുണി പരിശീലന പരിപാടികൾ ഇന്നും പ്രാരംഭദശയിലാണ്. കരിക്കുലത്തിന്റെ ഭാഗമായിരിക്കുമ്പോൾ തന്നെ പ്രൊഫഷണൽ മേഖലയിൽ ജോലി ചെയ്യുന്ന പൂർവ്വ വിദ്യാർഥികളുടെ മുഴുവൻ സഹായത്തോടെ നൈപുണി വികസനത്തിൽ എങ്ങനെ ഒരു കുതിപ്പ് കൈവരിക്കാനാകും?

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ അസന്തുലിതാവസ്ഥയും കേന്ദ്രീകരണവും മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. പഠന കോൺഗ്രസുകൾ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. പക്ഷേ, ഇന്നത്തെ പ്രത്യേകത രാജ്യത്തിന്റെ സാംസ്കാരികവും വികസനപരവുമായ വൈവിധ്യത്തെ ആദർശപരമായിത്തന്നെ അംഗീകരിക്കാത്ത ഹിന്ദുത്വ വർഗീയ ശക്തികളാണ് ഇന്ത്യ ഭരിക്കുന്നതെന്നതാണ്. കേരളം ക്ഷേമത്തെയും സാമ്പത്തിക വളർച്ചയേയും ഒത്തുപിടിക്കുന്നുവെന്നു മാത്രമല്ല, മതനിരപേക്ഷവും ജാതിരഹിതവും പുരോഗമനപരവുമായ ഒരു സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുന്നു. അത് കേന്ദ്രം ഭരിക്കുന്നവർക്ക് സഹിക്കാവുന്നതിനുമപ്പുറമാണ്.

തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ദൗത്യം
കഴിഞ്ഞ പത്തു വർഷക്കാലത്തിനിടയിൽ കേരളത്തിലെ തൊഴിലില്ലായ്മയിൽ ഗണ്യമായ കുറവുകൊണ്ടുവരുന്നതിൽ വലിയ വിജയം കൈവരിച്ചിട്ടുണ്ട്. 2006-ൽ ആന്റണി – – ഉമ്മൻ ചാണ്ടി ഭരണം അവസാനിക്കുമ്പോൾ കേരളത്തിലെ തൊഴിലില്ലായ്‌മ നിരക്ക് 18.5% ആയിരുന്നു– ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ 6 മടങ്ങ്. എന്നാൽ 2011 ൽ വിഎസ് സർക്കാരിന്റെ ഭരണം അവസാനിക്കുമ്പോഴേയ്ക്കും കേരളത്തിലെ തൊഴിലില്ലായ്‌മ നിരക്ക് 9.85% ആയി താഴ്ന്നു. അതായത് ആ കാലയളവിലെ ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ 3.9 മടങ്ങായി ചുരുങ്ങി.

എന്നാൽ, പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിലെയും ഇന്ത്യയിലെയും തൊഴിലില്ലായ്‌മ വീണ്ടും ഉയർന്നുകഴിഞ്ഞിരുന്നു. 2017–-18-ൽ കേരളത്തിലെ തൊഴിലില്ലായ്‌മ 16.6% ആയിരുന്നു. അതായത്, ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ 2.5 മടങ്ങ്. ഇപ്പോൾ 2023–-24-ൽ, ഔദ്യോഗിക കണക്കുപ്രകാരം കേരളത്തിലെ തൊഴിലില്ലായ്‌മ 7.2% മാത്രമാണ്. കേരളത്തിലെ തൊഴിലില്ലായ്‌മ ഇനിയും ഗണ്യമായി കുറയ്ക്കാനാകണം. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനം ഇത് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.

എന്നാൽ ഈ പരിവർത്തനം പൂർത്തീകരിക്കാൻ ഇനിയും 4-5 വർഷമെടുക്കും. ഈ അന്തരാള ഘട്ടത്തിൽ ഇന്ത്യയിലെയും വിദേശത്തെയും കമ്പനികളിലെ തൊഴിലവസരങ്ങളുമായി ബന്ധപ്പെടുത്തി നൈപുണി പരിശീലനം, കോളേജിലെ വിദ്യാർഥികൾക്കും പഠനം പൂർത്തീകരിച്ച ഉദ്യോഗാർഥികൾക്കും നൽകണം. ഇതിനാണ് വിജ്ഞാനകേരളം എന്ന ജനകീയപ്രസ്ഥാനത്തിനു രൂപംനൽകിയിരിക്കുന്നത്.

അതുപോലെ പഠനം പൂർത്തീകരിച്ചശേഷം വീട്ടമ്മമാരായി ഒതുങ്ങിക്കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകൾ കേരളത്തിലുണ്ട്. അവർക്ക് അവരവരുടെ പ്രദേശത്തുതന്നെ തൊഴിൽ നൽകാൻ കഴിയണം. ഇതിന് പ്രാദേശിക തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. അതോടൊപ്പം ഇന്ന് അതിഥി തൊഴിലാളികൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ ഒരു ഭാഗം കൃത്യമായ നൈപുണി പരിശീലനം നൽകി വീട്ടമ്മമാർക്ക് ഉറപ്പാക്കാൻ കഴിയും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഇപ്പോഴത്തെ 30%-ത്തിൽ നിന്ന് 50% ആയിട്ടെങ്കിലും ഉയർത്തുവാനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീയും വിജ്ഞാനകേരളവും സഹകരിച്ചുകൊണ്ടാണ് ഈ പ്രവർത്തനം നടത്തുക. ഇതു സംബന്ധിച്ച് ഇതുവരെയുള്ള അനുഭവങ്ങൾ പരിശോധിച്ച് വ്യക്തമായ ഒരു കർമ്മപരിപാടിക്ക് പഠന കോൺഗ്രസ് രൂപംനൽകും.

ജനകീയാസൂത്രണത്തിന്റെ രണ്ടാംപതിപ്പ്
അധികാരവികേന്ദ്രീകരണത്തിന്റെ ഉജ്ജ്വല നേട്ടങ്ങൾക്കൊപ്പം വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്ത ചില ലക്ഷ്യങ്ങൾ ഇന്നും അവശേഷിക്കുന്നുവെന്നതു വ്യക്തമാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിൽ നാം വേണ്ടത്ര വിജയിച്ചിട്ടില്ല. പാർശ്വവൽക്കരിക്കപ്പെട്ടവരെ പൂർണമായും മുഖ്യധാരയിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഫലപ്രാപ്തിയിലെ ഈ പോരായ്മകൾക്കൊപ്പം തിരിച്ചറിയേണ്ട മറ്റൊരു ദൗർബല്യം ജനകീയരീതി സമ്പ്രദായങ്ങളിൽ ഉണ്ടായിട്ടുള്ള ശോഷണമാണ്. ഇവ രണ്ടും മറികടക്കാൻ വീണ്ടുമൊരു ജനകീയപ്രസ്ഥാനം അനിവാര്യമാണ്.

സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം ഉയർത്താൻ കുടുംബശ്രീയുടെ മുൻകൈയിലുള്ള ജനകീയപ്രസ്ഥാനം പ്രാദേശിക സാമ്പത്തിക വികസനത്തിലെ ഊന്നൽ അനിവാര്യമാക്കുന്നു. ഇതുപോലെ ഇതിനകം ആരംഭിച്ചിട്ടുള്ള വികസന ജനകീയ കാമ്പയിനുകളെ എങ്ങനെയാണ് കോർത്തിണക്കുകയെന്നതും അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിൽ ഗൗരവമായ ചർച്ചയ്ക്കു വിഷയമാകും.

അത്തരത്തിലുള്ള ചില സുപ്രധാന വികസന പ്രവർത്തനങ്ങളാണ് കേവല ദാരിദ്ര്യ നിർമാർജനം, വയോജന -– കിടപ്പുരോഗി സംരക്ഷണം, ഭിന്നശേഷിക്കാരെ ഉൾച്ചേർക്കൽ, സമ്പൂർണ ശുചിത്വം, പ്രാദേശിക ദുരന്തനിവാരണ ആസൂത്രണം, പട്ടികജാതി – പട്ടികവർഗ – മത്സ്യത്തൊഴിലാളി വികസനം തുടങ്ങിയവ. ഇവയെയെല്ലാം സംബന്ധിച്ച കൃത്യമായ കാര്യപരിപാടി പഠന കോൺഗ്രസിലെ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞുവരുമെന്ന് പ്രതീക്ഷിക്കുന്നു.

നഗരവൽക്കരണം
ഇതുവരെയുള്ള പഠന കോൺഗ്രസുകളിൽ അർഹിക്കുന്ന പ്രാധാന്യം നഗരവൽക്കരണത്തിനു ലഭിച്ചിട്ടില്ല. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ നഗരവൽക്കരണം നടക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ചെറുപട്ടണങ്ങളെല്ലാം പടർന്ന് കേരളം മുഴുവൻ വിപുലമായ ഒരൊറ്റ നഗരപ്രദേശമായി മാറുന്ന കാലം വിദൂരമല്ല. ഈ പശ്ചാത്തലത്തിലാണ് തദ്ദേശഭരണ വകുപ്പ് നിയമിച്ച നഗരനയ കമ്മീഷന്റെ റിപ്പോർട്ട് സംബന്ധിച്ച ചർച്ച ഏറെ പ്രസക്തമാവുന്നത്.

കേരളത്തിന്റെ കാർഷിക മേഖല ആസിയാൻ കരാർ ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല. 5.5% വേഗതയിൽ 1987-–1997 കാലത്ത് വളർന്നുകൊണ്ടിരുന്ന കേരളത്തിന്റെ കാർഷിക മേഖലയുടെ വളർച്ച പിന്നീടുള്ള വർഷങ്ങളിൽ രൂക്ഷമായ മുരടിപ്പ് നേരിട്ടു. ഈ നയങ്ങൾക്കെതിരെ മുൻ പഠന കോൺഗ്രസിൽ നടത്തിയ നിശിതമായ വിമർശങ്ങൾ ഇന്നും സാധുവാണ്. പക്ഷേ, ഇനി ഈ ഇറക്കുമതി ഉദാരവൽക്കരണം കൂടുതൽ ശക്തിപ്പെടുകയേയുള്ളൂവെന്ന അനുമാനത്തിൽ കാർഷിക മേഖലയെ പുനഃസംവിധാനം ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും വലിയ തോതിലുള്ള നിക്ഷേപവും സൗകര്യ വർധനയും കേരളം കൈവരിക്കുകയുണ്ടായി. എന്നാൽ ഈ ശേഷിയുടെ പൂർണവിനിയോഗം എങ്ങനെ ഉറപ്പുവരുത്താം? ഈ പരിശോധനയാണ് ഇനി നടക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലുള്ള പകർച്ചവ്യാധി ഭീഷണികൾ, വയോജനാരോഗ്യ പരിപാലനം, കേരളത്തെ വികസ്വര രാജ്യങ്ങളുടെ ആരോഗ്യ ഹബ്ബാക്കി മാറ്റാനുള്ള സാധ്യത തുടങ്ങിയവ ചർച്ചയ്ക്ക് വിഷയീഭവിക്കേണ്ടതുണ്ട്.

ആരോഗ്യവുമായി ബന്ധപ്പെടുത്തി വ്യായാമ സംസ്കാരത്തെ എങ്ങനെ പോഷിപ്പിക്കാമെന്നതും ചർച്ച ചെയ്യേണ്ടതുണ്ട്. സൃഷ്ടിക്കപ്പെട്ട സ്പോർട്സ് സൗകര്യങ്ങളുടെ സുസ്ഥിരതയും ആസൂത്രിതമായ ഉപയോഗവും ഉറപ്പുവരുത്തേണ്ടതുണ്ട്.

പൊതു വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ കേരളം ദേശീയ ശരാശരിയേക്കാൾ മെച്ചമാണെന്നു പറഞ്ഞ് സംതൃപ്തിയടയുന്നതിൽ അർത്ഥമില്ല. മിനിമം മാർക്ക് ഏർപ്പെടുത്തിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഓരോ ക്ലാസ്സിലും ആർജിക്കേണ്ട മിനിമം ശേഷി കൈവരിച്ചുകൊണ്ട് ഒരു കുട്ടിപോലും പരാജയപ്പെടില്ലയെന്നത് ഉറപ്പുവരുത്താനാകുമോ? അതുപോലെ ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന സർഗവാസനകളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്.

കേരളം കേവലം വിജ്ഞാന സമ്പദ്ഘടനയല്ല ലക്ഷ്യമിടുന്നത് വിജ്ഞാന സമൂഹമാണ്. പുതിയ യുഗത്തിലും എല്ലാവരെയും ഉൾച്ചേർക്കുന്ന പാരമ്പര്യം ഉറപ്പുവരുത്തണം. പുരോഗമന ചിന്തകൾക്ക് കേരളസമൂഹത്തിലുള്ള അധീശത്വം ശക്തിപ്പെടണം. മതനിരപേക്ഷവും ജാതിരഹിതവുമായ പാരമ്പര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകണം. ഇതിന് നമ്മുടെ ലൈബ്രറികളെയും ക്ലബ്ബുകളെയും, അക്കാദമിക്കുകളുടെയും ജില്ലാ സാംസ്കാരിക സമുച്ചയങ്ങളുടെയും പ്രവർത്തനങ്ങളുമായി എങ്ങനെ കോർത്തിണക്കാം തുടങ്ങിയവയും പഠന കോൺഗ്രസ് ചർച്ച ചെയ്യും.

അഞ്ചാമത് അന്തർദേശീയ 
കേരള പഠന കോൺഗ്രസിന്റെ 
നടപടിക്രമങ്ങൾ
ഫെബ്രുവരി 21-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പഠന കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഉച്ചഭക്ഷണത്തിനു മുൻപ് സമ്മേളനം നാല് സിമ്പോസിയങ്ങൾക്കായി പിരിയും.

വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതർ പങ്കെടുക്കുന്ന സിമ്പോസിയമാണ് ഇതിലേറ്റവും പ്രധാനം. “കേരള വികസന പരീക്ഷണത്തിന്റെ ആഗോള പ്രസക്തി” എന്നതാണ് വിഷയം. ഈ സംവാദം മുഖ്യമായും ഓൺലൈൻ ആയിട്ടായിരിക്കും നടത്തുക. രണ്ടാമത്തെ സിമ്പോസിയം “സംസ്ഥാന വികസന പാതകൾക്ക് ഇന്ത്യൻ ഫെഡറൽ സംവിധാനം അടിച്ചേൽപ്പിക്കുന്ന പരിമിതികൾ” എന്നതായിരിക്കും. മൂന്നാമത്തെ സിമ്പോസിയം മറ്റു സംസ്ഥാന പ്രതിനിധികളും വിദഗ്ധരും പങ്കെടുക്കുന്ന “16-–ാം ധനകാര്യ കമ്മീഷന്റെ അവാർഡ്” സംബന്ധിച്ചാണ്. നാലാമത്തെ സിമ്പോസിയത്തിന്റെ വിഷയം, “വികസനത്തിന് വർഗീയത ഉയർത്തുന്ന വെല്ലുവിളികൾ” എന്നത് സംബന്ധിച്ചാണ്.

ഉദ്ഘാടന സമ്മേളനം എകെജി പഠന ഗവേഷണ കേന്ദ്രം ഹാളിൽ വച്ചായിരിക്കും. സിമ്പോസിയങ്ങൾ എകെജി പഠന ഗവേഷണ കേന്ദ്രം, വിവേകാനന്ദ കേന്ദ്രം, സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലെ ഹാളുകളിൽവച്ചായിരിക്കും. ഒന്നാം ദിവസം ഉച്ചകഴിഞ്ഞും രണ്ടാം ദിവസം രാവിലെയുമായിട്ടാണ് സമാന്തരമായ 40 സെഷനുകൾ നടക്കുക. ഇത് പൂർണമായും എകെജി പഠന ഗവേഷണ കേന്ദ്രത്തിലും യൂണിവേഴ്സിറ്റി കോളേജിലുമായിട്ടാണ് സംഘടിപ്പിക്കുക.

പഠന കോൺഗ്രസിന്റെ അടിസ്ഥാനരേഖ രണ്ട് വാല്യങ്ങളിലായി അച്ചടിച്ച് രജിസ്റ്റർ ചെയ്ത മുഴുവൻ പ്രതിനിധികൾക്കും ലഭ്യമാക്കും. ഇതിലെ ഓരോ അധ്യായവും ഓരോ വികസന മേഖലകളെക്കുറിച്ചുള്ളതാണ്. ഇവയ്ക്കോരോന്നിനും പ്രത്യേകം പ്രത്യേകം സെമിനാറുകൾ നടക്കും. ഓരോ വിഷയം സംബന്ധിച്ചും ചർച്ച നയിക്കുന്നതിന് 4-6 പ്രഗത്ഭ പണ്ഡിതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ ഓരോരുത്തരും പത്ത് മിനിറ്റ് വീതം സംസാരിക്കും. സദസിലെ പ്രതിനിധികൾക്ക് ചർച്ചയിൽ പങ്കെടുക്കുന്നതിന് അവസരമുണ്ടാകും. പാനൽ അവയോടു പ്രതികരിക്കും. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും മറ്റു നയകർത്താക്കളുമായിരിക്കും ചർച്ചകളുടെ ഉദ്ഘാടനം നിർവഹിക്കുക. രണ്ടു മണിക്കൂറാണ് ഒരു സെമിനാറിന് അനുവദിച്ചിട്ടുള്ള സമയം.

പാനൽ അംഗങ്ങളുടെ ചെറുകുറിപ്പുകൾ പ്രത്യേകമായി അച്ചടിച്ച് ഒരു വാല്യമായി നൽകുന്നതിനും ശ്രമിക്കുന്നുണ്ട്. ഈ വാല്യത്തോടൊപ്പം കേരളത്തിൽ ഇന്ന് മുൻഗണനാടിസ്ഥാനത്തിൽ ചെയ്യേണ്ടുന്ന 1-3 വികസന നിർദ്ദേശങ്ങൾ വിദഗ്ധരിൽ നിന്ന് ശേഖരിച്ച് അച്ചടിക്കുന്നതാണ് പരമാവധി. മുഖ്യമന്ത്രിതന്നെ പണ്ഡിതരോട് ഇത്തരം നിർദ്ദേശങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് കത്ത് എഴുതുന്നുണ്ട്.

രണ്ടാം ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് സെമിനാർ ചർച്ചകളുടെ ക്രോഡീകരണം നടക്കും. മൂന്ന് മണിക്കായിരിക്കും സമാപന സമ്മേളനം. ഇതൊരു തുറന്ന സമ്മേളനമാണ്. ഏതൊരാൾക്കും 600 രൂപ (ജി.എസ്.ടി ഉൾപ്പെടെ) അടച്ച് പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നേരത്തെ അറിയിച്ചാൽ താമസസൗകര്യവും ഏർപ്പാട് ചെയ്യും. വിദ്യാർത്ഥികൾക്ക് 300 രൂപയാണ് ഫീസ്.

എസ്. രാമചന്ദ്രൻപിള്ള അധ്യക്ഷനും ടി.എം. തോമസ് ഐസക് സെക്രട്ടറിയും ആർ. രാംകുമാർ കൺവീനറുമായുള്ള അക്കാദമിക് സമിതിയാണ് അനുബന്ധ സെമിനാറുകളും ചർച്ച ചെയ്യാൻ പോകുന്ന രേഖയും, ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പാനലുകളും തീരുമാനിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചെയർമാനും വി. ജോയി എംഎൽഎ ജനറൽ കൺവീനറുമായുള്ള സംഘാടക സമിതിയാണ് പഠന കോൺഗ്രസിനു വേണ്ടിയുള്ള സജ്ജീകരണങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത്.

കഴിഞ്ഞകാല കേരള പഠന കോൺഗ്രസുകളെന്നപോലെ അഞ്ചാമത് അന്തർദേശീയ കേരള പഠന കോൺഗ്രസും കേരളത്തിന്റെ വികസനപാതയിൽ ഒരു നാഴികക്കല്ലായി മാറും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − 3 =

Most Popular