Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിയാങ്കിയെന്ന ഭൂലോക അക്രമി

യാങ്കിയെന്ന ഭൂലോക അക്രമി

എ ശ്യാം

പ്രാകൃതമായ ചോരക്കൊതിയുടെയും അത്യാർത്തിയുടെയും അടിത്തറയിൽ പടുത്തുയർത്തപ്പെട്ട സാമ്രാജ്യമാണ്‌ അമേരിക്കയുടേത്‌. കടൽ കടന്നെത്തിയ യൂറോപ്യൻ അക്രമികൾ ദശലക്ഷക്കണക്കിന്‌ തദ്ദേശീയരെ കൊന്നൊടുക്കി സ്ഥാപിച്ച രാഷ്‌ട്രം(അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഭൂരിപക്ഷം രാഷ്‌ട്രങ്ങളിലും യൂറോപ്യൻ വെള്ളക്കാർ തദ്ദേശീയ ജനതകളെ കൊന്നൊടുക്കി). ആഫ്രിക്കയിൽ നിന്ന്‌ വെള്ളക്കാർ അടിമകളാക്കി പിടികൂടി ചങ്ങലകളാൽബന്ധിച്ച്‌ കൊണ്ടുവന്ന ലക്ഷക്കണക്കിന്‌ മനുഷ്യരെ നിഷ്‌ഠുരമായി മർദിച്ച്‌ രാവുംപകലും പണിയെടുപ്പിച്ചാണ്‌ അമേരിക്ക സാമ്പത്തികശക്തിയായി വളർന്നത്‌. ജനകീയ ചരിത്രകാരൻ ഹോവാർഡ്‌ സിൻ രചിച്ച ‘പീപ്പിൾസ്‌ ഹിസ്‌റ്ററി ഓഫ്‌ അമേരിക്ക’ പോലുള്ള കൃതികളിലുണ്ട്‌ അമേരിക്കൻ സാമ്രാജ്യത്തിന്റെ വളർച്ചയ്‌ക്കായി ബലിചെയ്യപ്പെട്ട തദ്ദേശ ജനങ്ങളുടെയും ആഫ്രിക്കൻ അടിമകളുടെയും ചോരയുടെയും കണ്ണീരിന്റെയും കഥകൾ. രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ പ്രസിഡന്റ്‌ ജയിംസ്‌ മൺറോയുടെ ‘മൺറോ സിദ്ധാന്തം’(1823) മുതൽത്തന്നെ മേഖലയിലെ ലാറ്റിനമേരിക്കൻ–-കരീബിയൻ രാജ്യങ്ങളിൽ അമേരിക്ക ആധിപത്യം പുലർത്തിവരുന്നുണ്ടെങ്കിലും രണ്ടാം ലോകയുദ്ധത്തിന്‌ ശേഷമാണ്‌ ആഗോള തലത്തിൽ ഇടപെടലുകൾ നടത്തുന്നത്‌. ലോകയുദ്ധം ഏറെക്കുറെ അവസാനിച്ചശേഷം 1945 ആഗസ്‌തിൽ ശക്തിപ്രകടനത്തിന്‌ ജപ്പാനിൽ നടത്തിയ അണുബോംബാക്രമണങ്ങളാണ്‌ പ്രധാന മുതലാളിത്ത രാജ്യമെന്ന പദവിയും പടിഞ്ഞാറൻ സാമ്രാജ്യത്വ ചേരിയുടെ നായകസ്ഥാനവും അമേരിക്കയ്‌ക്ക്‌ ഉറപ്പാക്കിയത്‌.

സോവിയറ്റ്‌ യൂണിയനും വൈകാതെ ആണവശക്തിയായി മാറിയതോടെ ഏക വൻശക്തി എന്ന സ്ഥാനം അമേരിക്കയ്‌ക്ക്‌ നഷ്‌ടമായെങ്കിലും യാങ്കി സാമ്രാജ്യത്വത്തിന്റെ ആഗോള ഇടപെടലുകൾക്കും കടന്നാക്രമണങ്ങൾക്കും കുറവുണ്ടായിരുന്നില്ല. തുടർന്നുള്ള പതിറ്റാണ്ടുകളിലാണ്‌ ഇറാനിലും ഗ്വാട്ടിമാലയിലും ഇന്തോനേഷ്യയിലും ചിലിയിലും മറ്റും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെ അട്ടിമറിച്ച്‌ വിധേയ പാവസർക്കാരുകളെ അമേരിക്ക വാഴിച്ചത്‌. ബ്രസീലിലും അർജന്റീനയിലും മറ്റും നിഷ്ഠുരരായ പട്ടാള ഭരണാധികാരികളെ സംരക്ഷിച്ചു. അഫ്‌ഗാനിസ്ഥാനിൽ മതമൗലികവാദികളെ മുന്നിൽനിർത്തി പണവും ആയുധവുമൊഴുക്കി അവിടുത്തെ സോഷ്യലിസ്‌റ്റ്‌ സർക്കാരിനെ അട്ടിമറിച്ചു. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെ എതിരില്ലാത്ത സാമ്രാജ്യത്വവാഴ്‌ചയുടെ യുഗമായിരുന്നു. ഇനി തങ്ങളുടെ നേതൃത്വത്തിൽ ഏകധ്രുവലോകമാണുള്ളതെന്ന്‌ അമേരിക്ക അഹങ്കരിച്ചു. സാമ്രാജ്യത്വ നയങ്ങൾ ഇസ്ലാമിക ലോകത്തുണ്ടാക്കിയ രോഷം മുതലെടുത്ത്‌ ഭീകരസംഘങ്ങളെ വളർത്തി. അവയെ ഇല്ലാതാക്കാനെന്ന്‌ അവകാശപ്പെട്ടും നുണക്കഥകൾ പറഞ്ഞും ഇറാഖിലും അഫ്‌ഗാനിസ്ഥാനിലുമെല്ലാം അധിനിവേശങ്ങൾ നടത്തി. ലോക ചരിത്രത്തിൽ ആദ്യമായി ഒരൊറ്റ സാമ്രാജ്യം മാത്രമുള്ള അവസ്ഥ സംജാതമായതായി ഇടതുപക്ഷ ചിന്തകരടക്കം നിരീക്ഷിച്ചു.അമേരിക്കൻ ആധിപത്യത്തിന്‌ വഴങ്ങാതിരുന്ന ലിബിയയിലും സിറിയയിലും മറ്റും ആഭ്യന്തരപ്രശ്‌നങ്ങൾ സൃഷ്‌ടിച്ച്‌ ഭരണം അട്ടിമറിച്ചു. എന്നാൽ ഇതിനിടെ റഷ്യ ശക്തി വീണ്ടെടുക്കുകയും ചൈന ഉയർന്നുവരികയും വിവിധ രാജ്യങ്ങളിൽ തങ്ങൾക്ക്‌ വഴങ്ങാത്ത ദേശാഭിമാനികൾ അധികാരത്തിലെത്തുകയും ചെയ്‌തത്‌ അമേരിക്കയ്‌ക്ക്‌ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്‌. അതിന്റെ പ്രതിഫലനമാണ്‌ ട്രംപിസം. കുടിയേറ്റക്കാരാണ്‌ കുഴപ്പം എന്ന്‌ പ്രചരിപ്പിച്ച്‌ വംശീയത വളർത്തിയാണ്‌  ഡോണാൾഡ്‌ ട്രംപ്‌ അമേരിക്കയിൽ അധികാരം നേടിയത്‌.

ലോകത്തെങ്ങുമുള്ള വിഭവങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലാക്കാനാണ്‌ അമേരിക്ക എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്‌. പശ്ചിമേഷ്യയിലെ ദേശീയവാദികളായ ഭരണാധികാരികളെ അട്ടിമറിക്കുമ്പോൾ തന്നെ വിധേയത്വം പുലർത്തുന്ന രാജവാഴ്‌ചകളെ സംരക്ഷിക്കുന്നത്‌ അതിന്റെ ഭാഗമായാണ്‌. എന്നാൽ ലോകത്ത്‌ ഏറ്റവുമധികം എണ്ണസമ്പത്തുള്ള വെനസ്വേല സ്വന്തം ചുറ്റുവട്ടത്ത്‌ വഴങ്ങാതെ രണ്ടര പതിറ്റാണ്ടിലധികമായി നിലകൊള്ളുന്നതിലുള്ള അമർഷമാണ്‌ പുതുവർഷത്തിലെ ആദ്യ സാമ്രാജ്യത്വ കടന്നാക്രമണത്തിലൂടെ അമേരിക്ക പ്രകടിപ്പിച്ചത്‌. രണ്ടാം ലോകയുദ്ധാനന്തരം നൂറിലധികം രാജ്യങ്ങളിൽ അമേരിക്ക പലവിധത്തിൽ ഇടപെട്ടിട്ടുണ്ട്‌. വെനസ്വേലയിൽത്തന്നെ 2002ൽ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിനെ അട്ടിമറിക്കാൻ വിഫലശ്രമം നടത്തി. എന്നാൽ ആദ്യമായിട്ടാണ്‌ ഒരു തെക്കനമേരിക്കൻ രാജ്യത്ത്‌ നേരിട്ട്‌ സൈനിക ആക്രമണം നടത്തുന്നത്‌. ലാറ്റിനമേരിക്കയിലും മധ്യ അമേരിക്കയിലും മുമ്പ്‌ പലയിടത്തും കടന്നാക്രമണം നടത്തിയിട്ടുണ്ടെങ്കിലും തെക്കനമേരിക്കയിലേക്ക്‌ മുമ്പ്‌ സൈന്യത്തെ അയച്ചിട്ടില്ല.

ആദ്യകാലത്ത്‌ അമേരിക്കൻ അട്ടിമറികൾക്ക്‌ എല്ലായിടത്തും ഒരു ശൈലിയുണ്ട്‌. കമ്യൂണിസ്‌റ്റ്‌ ഭരണത്തിൽനിന്ന്‌ രക്ഷിക്കാൻ എന്നവകാശപ്പെട്ട്‌ പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ച്‌ കമ്യൂണിസ്‌റ്റുകാരെ സകല തിന്മകളുടെയും മൂർത്തിയായി ചിത്രീകരിച്ചാണ്‌ അവ നടത്തിയത്‌. കേരളത്തിൽ ‘വിമോചന’സമരകാലത്ത്‌ സിഐഎ സംഘടനയായ എംആർഎയെ കൂട്ടുപിടിച്ച്‌ മലയാള മനോരമയടക്കം നടത്തിയ നുണപ്രചരണങ്ങൾ നമുക്കറിയാമല്ലോ. സിഐഎ സ്ഥാപിക്കുന്ന സ്വകാര്യ റേഡിയോ സ്‌റ്റേഷനുകൾ വഴിയും പത്രമാസികകളും ലഘുലേഖകളും വിതരണം ചെയ്‌തും വൻതോതിൽ കമ്യൂണിസ്‌റ്റ്‌ വിരുദ്ധപ്രചരണം നടത്തുകയാണ്‌ പ്രധാനപരിപാടി. വ്യാജ ചിത്രങ്ങളും കമ്യൂണിസ്‌റ്റ്‌ നേതാക്കളുടെ പേരിൽ വ്യാജ പ്രസ്‌താവനകളും പോലും വലിയതോതിൽ പ്രചരിപ്പിക്കും. റേഡിയോ സ്‌റ്റേഷനുകൾക്ക്‌ പകരം ടെലിവിഷൻ ചാനലുകളും സാമൂഹ്യമാധ്യമങ്ങളുമാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്‌ എന്നതാണ്‌ മാറ്റം. ഈ സാഹചര്യത്തിൽ അന്താരാഷ്‌ട്ര നിയമങ്ങളും ലോക മര്യാദകളുമൊന്നും മാനിക്കാതെ അമേരിക്ക നടത്തിയ മറ്റ്‌ പ്രധാന ഉപജാപങ്ങളും അട്ടിമറികളും കടന്നാക്രമണങ്ങളും പരിശോധിക്കുകയാണ്‌ ഇവിടെ. വിയത്‌നാമിലെ അധിനിവേശത്തിൽ പ്രതിഷേധിച്ച്‌ യുഎസ്‌ വിദേശവകുപ്പിൽനിന്ന്‌ രാജിവച്ച വില്യം ബ്ലൂം അൻപതിലധികം രാജ്യങ്ങളിലെ അമേരിക്കൻ കുത്തിത്തിരിപ്പുകളും അട്ടിമറികളും കടന്നാക്രമണങ്ങളും വിശദീകരിച്ച്‌ എഴുതിയ ‘കില്ലിങ്‌ ഹോപ്‌: യുഎസ്‌ മിലിറ്ററി ആൻഡ്‌ സിഐഎ ഇന്റർവെൻഷൻസ്‌ സിൻസ്‌ വേൾഡ്‌ വാർ2’ എന്ന പുസ്‌തകം യാങ്കികളുടെ മനുഷ്യവിരുദ്ധതയും ചതികളും തുറന്നുകാട്ടുന്നതാണ്‌. വിശ്വസ്‌തരെ പോലും കൊല്ലാൻ അമേരിക്കയ്‌ക്ക്‌ മടിയില്ല എന്നാണ്‌ തെക്കൻ വിയത്‌നാമിലെ പട്ടാള ഭരണാധികാരിയായിരുന്ന എൻഗോ ദിൻ ദിയേമിന്റെയും സഹോദരന്റെയും മരണം കാണിച്ചത്‌.

1. എണ്ണയ്‌ക്ക്‌ വേണ്ടി ഇറാനിൽ 
ഇറാനിൽ എണ്ണ കണ്ടുപിടിച്ചതുമുതൽ ആ രാജ്യം പാശ്ചാത്യ രാജ്യങ്ങളുടെ വിഹാരരംഗമായിരുന്നു. ആര്യന്മാരുടെ നാട്‌ എന്നർത്ഥമുള്ള അവിടെ ഒന്നാം ലോകയുദ്ധാനന്തരം ബ്രിട്ടനാണ്‌ ആദ്യം ആധിപത്യം സ്ഥാപിച്ചത്‌. പട്ടാള ഉദ്യോഗസ്ഥനായിരുന്ന റിസ ഖാനെ 1925ൽ ബ്രിട്ടനാണ്‌ റിസ ഷാ പഹ്‌ലവി എന്ന പേരിൽ രാജാവാക്കിയത്‌. ഷായ്‌ക്ക്‌ വയസായപ്പോൾ 1941ൽ ഒഴിപ്പിച്ച്‌ മകൻ മുഹമ്മദ്‌ റിസ ഷായെ രാജാവാക്കിയതും ബ്രിട്ടനാണ്‌. അച്ഛനും മകനും ബ്രിട്ടീഷ്‌ എണ്ണക്കമ്പനികളുടെ താൽപര്യം സംരക്ഷിച്ചു. ദേശീയവാദിയായ മുഹമ്മദ്‌ മുസാദിഖ്‌ 1951ൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയപ്പോഴാണ്‌ പാശ്ചാത്യ താൽപര്യങ്ങൾക്ക്‌ തടസമായത്‌.ബ്രിട്ടീഷ്‌ ഉടമസ്ഥതയിലായിരുന്ന ആംഗ്ലോ ഇറാനിയൻ ഓയിൽ കമ്പനി ദേശസാൽക്കരിക്കാൻ മുസാദിഖ്‌ നടപടിയാരംഭിച്ചപ്പോൾ ബ്രിട്ടനാണ്‌ അദ്ദേഹത്തെ പുറത്താക്കാൻ ആദ്യനീക്കം ആരംഭിച്ചത്‌. പ്രതികാരനടപടികൾ പ്രതീക്ഷിച്ചിരുന്നതിനാൽ അത്‌ ഒഴിവാക്കാൻ ബ്രിട്ടീഷ്‌ കമ്പനികൾക്ക്‌ നഷ്‌ടപരിഹാരവും ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥർക്ക്‌ തുടർന്നും ജോലിയും മറ്റും മുസാദിഖ്‌ ഉറപ്പ്‌ നൽകിയിരുന്നെങ്കിലും ആ ആനുകൂല്യങ്ങൾക്ക്‌ വഴങ്ങആൻ ബ്രിട്ടൻ തയ്യാറായിരുന്നില്ല. നാവികസേനയെ അയച്ച്‌ വിരട്ടലും ഇറാനെതിരെ നിർദയമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയുമാണ്‌ അവർ ചെയ്‌തത്‌. സോവിയറ്റ്‌ യൂണിയനുമായി 1000 കിലോമീറ്ററിലധികം അതിർത്തി പങ്കിട്ടിരുന്ന ഇറാനിൽ ദേശീയവാദിയായ നേതാവിനെ അട്ടിമറിക്കേണ്ടത്‌ സ്വന്തം താൽപര്യമായി അമേരിക്ക ഏറ്റെടുക്കുകയായിരുന്നു. അട്ടിമറിനീക്കത്തിനെതിരെ മുസാദിഖിനെ അനുകൂലിച്ച്‌ നടന്ന പ്രകടനങ്ങളിൽ നുഴഞ്ഞുകയറി പള്ളികൾക്കും പുരോഹിതർക്കുമെതിരെ കല്ലെറിയലടക്കം സിഐഎ ഏജന്റുമാർ നടത്തിയിരുന്നു. കമ്യൂണിസ്‌റ്റുകാരായ ടൂഡെ പാർടിക്കാരാണ്‌ അക്രമികൾ എന്നും പ്രചരിപ്പിച്ചു. കമ്യൂണിസ്‌റ്റുകാരെ അടിച്ചമർത്താൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതിനായിരുന്നു ഈ കുതന്ത്രം. മൊസാദിഖ്‌ അനുകൂലികളുടെ പ്രകടനത്തിന്‌ ബദലായി വൻതോതിൽ പണമൊഴുക്കി ഷാ അനുകൂല പ്രകടനങ്ങളും സിഐഎ സംഘടിപ്പിച്ചു. ഇത്തരം പ്രകടനങ്ങളിലൊന്ന്‌ മൊസാദിഖിന്റെ വീടിന്‌ മുന്നിലെത്തിയപ്പോഴുണ്ടായ സംഘർഷത്തിൽ മുന്നൂറിലധികമാളുകളാണ്‌ കൊല്ലപ്പെട്ടത്‌. ഇത്തരം കുഴപ്പങ്ങൾ പഴുതാക്കി മൊസാദിഖിനെ രാജാവ്‌ പിരിച്ചുവിടുയായിരുന്നു. ലോകയുദ്ധകാലത്ത്‌ നാസികളുമായി കൂട്ടുചേർന്ന്‌ പ്രവർത്തിച്ചതിന്‌ ബ്രിട്ടൻ തടവിലാക്കിയിരുന്ന പട്ടാള ഉദ്യോഗസ്ഥൻ ഫസലുള്ള സഹേദിയേയാണ്‌ അമേരിക്കൻ ആവശ്യപ്രകാരം ഷാ പ്രധാനമന്ത്രിയാക്കിയത്‌. തുടർന്ന്‌ 1979ൽ ജനരോഷത്തിൽ ഷാ പുറത്താവുന്നതുവരെ കാൽനൂറ്റാണ്ട്‌ നീണ്ട ഷായുടെ ഭരണത്തിൽ അമേരിക്കൻ എണ്ണക്കമ്പികൾക്ക്‌ കൊയ്‌ത്തായിരുന്നു. ഷാ പുറത്തായതോടെ അമേരിക്കയ്‌ക്കുണ്ടായ ‘നഷ്‌ട’മാണ്‌ ഇന്നും ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുതയ്‌ക്ക്‌ അടിസ്ഥാനം.

2. ഭൂമിക്ക്‌ വേണ്ടി ഗ്വാട്ടിമാലയിൽ 
മധ്യ അമേരിക്കയിലെ നെപ്പൊളിയൻ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്ന ജനറൽ ഹോർഹെ യൂബിക്കോയുടെ സ്വേച്ഛാധിപത്യവാഴ്‌ച 1944ൽ യുവ സൈനിക ഉദ്യോഗസ്ഥരായ യാക്കോബോ അർബെൻസിന്റെയും ഫ്രാൻസിസ്‌കോ ഹാവിയർ അറാനയുടെയും നേതൃത്വത്തിൽ ജനാധിപത്യവാദികൾ അവസാനിപ്പിച്ചതോടെയാണ്‌ ആധുനിക ഗ്വാട്ടിമാലയിലെ രാഷ്‌ട്രീയനീക്കങ്ങൾ ചൂടുപിടിച്ചത്‌. പോരാട്ടം നയിച്ച ദേശീയവാദികളായ അർബൻസും സഖാക്കളും അധികാരം കയ്യടക്കാനല്ല, ജനാധിപത്യം സ്ഥാപിക്കാനാണ്‌ ശ്രമിച്ചത്‌. വസന്തത്തിന്റെ ദശകം എന്നറിയപ്പെട്ട കാലമായിരുന്നു പിന്നീട്‌ 10 വർഷത്തോളം. 1945ൽ മുൻ പ്രൊഫസർ ഹുവാൻ ഹോസെ അറിവാലോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഭൂപരിഷ്‌കരണത്തിന്‌ തുടക്കമിട്ട അദ്ദേഹം ജനാധിപത്യം വികസിപ്പിക്കുന്നതിലും പങ്കുവഹിച്ചു. കൃഷിയോഗ്യമായ ഭൂമിയിൽ 70ശതമാനവും കേവലം 2.2ശതമാനം ആളുകളുടെ നിയന്ത്രണത്തിലായിരുന്നു. 1951ൽ വൻഭൂരിപക്ഷത്തോടെ അർബെൻസ്‌ പ്രസിഡന്റായി. ജനാധിപത്യത്തെ കൂടുതൽ മുന്നോട്ട്‌ കൊണ്ടുപോയ അർബെൻസ്‌ അടുത്തവർഷം കമ്യൂണിസ്‌റ്റ്‌ പാർടിയായ ഗ്വാട്ടിമാലൻ പാർടി ഓഫ്‌ ലേബറിന്റെ നിരോധനം റദ്ദാക്കി. അമേരിക്കൻ കുത്തകയായ യൂണൈറ്റഡ്‌ ഫ്രൂട്ട്‌ കമ്പനി കയ്യടക്കിവച്ച്‌ തരിശിട്ടിരിക്കുന്ന ഭൂമി പിടിച്ചെടുത്ത്‌ ഭൂരഹിത കർഷകർക്ക്‌ വിതരണം ചെയ്യാൻ ആരംഭിച്ചതോടെയാണ്‌ യാങ്കികൾ അട്ടിമറിനീക്കം ആരംഭിച്ചത്‌. ഗ്വാട്ടിമാലയിൽ ടെലിഫോൺ, ടെലിഗ്രാം കമ്പനികളും തുറമുഖങ്ങളുടെ നടത്തിപ്പുമടക്കം പ്രധാന ബിസിനസുകളെല്ലാം ഫ്രൂട്ട്‌ കമ്പനിയ്‌ക്കായിരുന്നു. ടെക്‌സസിനും പാനമ കനാലിനുമിടയിൽ ഒരു സോവിയറ്റ്‌ റിുപബ്ലിക്ക്‌ അനുവദിക്കാനാവില്ല എന്നായിരുന്നു ഭൂപരിഷ്‌കരണത്തോട്‌ അമേരിക്കൻ സ്ഥാനപതി ജോൺ പ്യൂരിഫോയുടെ പ്രതികരണം. സോവിയറ്റ്‌ യൂണിയന്‌ അക്കാലത്ത്‌ ഗ്വാട്ടിമാലയുമായി നയതന്ത്രബന്ധം പോലും ഉണ്ടായിരുന്നില്ല എന്നതാണ്‌ വസ്‌തുത. യുഎന്നിൽ ഗ്വാട്ടിമാല പൊതുവെ അമേരിക്കൻ പക്ഷത്താണ്‌ വോട്ട്‌ ചെയ്‌തിരുന്നത്‌. അമേരിക്ക അട്ടിമറിനീക്കം സജീവമാക്കിയതോടെ ലാറ്റിനമേരിക്കൻ പത്രങ്ങളിൽ ഇരുന്നൂറിലധികം ലേഖനങ്ങളാണ്‌ അർബെൻസ്‌ സർക്കാരിനെതിരെ പ്രസിദ്ധീകരിച്ചത്‌. മെത്രാന്മാരെ സ്വാധീനിച്ച്‌ പള്ളികളിൽ ഇടയലേഖനം സർക്കാരിനെതിരെ വായിപ്പിച്ചു. വിക്തർ യൂഗോയുടെ നോവൽ ‘പാവങ്ങൾ’, ദസ്‌തയേവ്‌സ്‌കിയുടെ കൃതികൾ, നൊബേൽ പുരസ്‌കാരം നേടിയ ഗ്വാട്ടിമാലൻ എഴുത്തുകാരൻ മിഗ്വേൽ ഏഞ്ചൽ അസ്‌തൂറിയാസിന്റെ കൃതികൾ തുടങ്ങിയവ കത്തിക്കുന്നിടത്തോളം വളർന്നു അട്ടിമറിക്കാരുടെ കമ്യൂണിസ്‌റ്റ്‌ ഭീതി. അമേരിക്കൻ സഹായത്തോടെ കേണൽ കാർലോസ്‌ കാസ്‌തിയ്യോ 1954ൽ ഭരണാധികാരിയായശേഷം നാല്‌ പതിറ്റാണ്ട്‌ രാജ്യം പട്ടാള സ്വേഛാധിപത്യത്തിന്‌ കീഴിലായിരുന്നു. അട്ടിമറിക്കാലത്ത്‌ ഗ്വാട്ടിമാലയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ ചെ ഗവാരയെ സായുധവിപ്ലവത്തിന്റെ മാർഗത്തിലേക്ക്‌ നയിച്ചത്‌ ഈ സംഭവങ്ങൾ കൂടിയാണ്‌. ലാറ്റിനമേരിക്കയിൽ ദേശീയതയുടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും സ്വതന്ത്രചിന്തയുടെയും സാമൂഹ്യപുരോഗതിയുടെയും പുരോഗമനപരമായ പരിഷ്‌കാരങ്ങളുടെയും ഭാഗത്ത്‌ നിൽക്കുന്നവരെയെല്ലാം കമ്യൂണിസ്‌റ്റെന്ന്‌ മുദ്രയടിച്ച്‌ വേട്ടയാടാൻ അമേരിക്ക ആരംഭിക്കുന്നതും ഇതോടെയാണ്‌.

3. ഗയാനയിലെ ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ 
ലോകത്താദ്യമായി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്യൂണിസ്‌റ്റുകാരനാണ്‌ ഇന്ത്യൻ വംശജനായ ഡോ. ചെദ്ദി ജഗൻ. കരീബിയൻ പ്രദേശത്ത്‌ ബ്രിട്ടീഷ്‌ കോളനിയായിരുന്ന ബ്രിട്ടീഷ്‌ ഗയാനയിൽ 1953ലാണ്‌ ജഗന്റെ നേതൃത്വത്തിൽ ഇടതുപക്ഷ പീപ്പിൾസ്‌ പ്രോഗ്രസീവ്‌ പാർടി വൻവിജയം നേടിയത്‌. എന്നാൽ കമ്യൂണിസ്‌റ്റുകാരനായ ജഗനെ അംഗീകരിക്കാത്ത നിലപാടായിരുന്നു തുടക്കംമുതൽ ബ്രിട്ടനും അമേരിക്കയ്‌ക്കും. ബ്രിട്ടീഷ്‌ കോമൺവെൽത്തിൽ ഒരു കമ്യൂണിസ്‌റ്റ്‌ സർക്കാർ രൂപീകരിക്കുന്നത്‌ അനുവദിക്കാനാവില്ല എന്നാണ്‌ ബ്രിട്ടീഷ്‌ കൊളോണിയൽ സെക്രട്ടറി പാർലമെന്റിൽ പറഞ്ഞത്‌. 133 ദിവസം മാത്രമാണ്‌ ജഗന്‌ മുഖ്യമന്ത്രിയായിരിക്കാൻ കഴിഞ്ഞത്‌. കേരളത്തിൽ ഇഎംഎസിന്റെ ആദ്യ സർക്കാരെന്ന പോലെ ജഗന്റെ സർക്കാരും അട്ടിമറിക്കപ്പെട്ടു. ബ്രിട്ടീഷ്‌ പാർലമെന്റിലെ ചർച്ചയിൽപങ്കെടുക്കാൻ അമേരിക്കവഴി പോവുന്നതിന്‌ ജഗന്‌ അനുമതി നിഷേധിക്കപ്പെട്ടു. ഇടതുപക്ഷത്തെയും ട്രേഡ്‌യൂണിയൻ നേതാവായ ജഗനെയും തളർത്താൻ സിഐഎ മുതലാളിത്ത അനുകൂല ട്രേഡ്‌ യൂണിയൻപോലും തട്ടിക്കൂട്ടി(കേരളത്തിലും വിമോചനസമരകാലത്ത്‌ സമാനമായി മതാടിസ്ഥാനത്തിൽ യൂണിയനുകൾ രൂപീകരിക്കപ്പെട്ടു). 53 ഒക്‌ടോബറിൽ തൊഴിൽബന്ധ നിയമം പാസാക്കിയപ്പോഴാണ്‌ ജഗനെ പുറത്താക്കിയത്‌. ജഗൻ ബ്രിട്ടീഷ്‌ രാജ്ഞിയുടെ കിരീടധാരണത്തിന്‌ പ്രതിനിധിസംഘത്തെ അയക്കാതിരുന്നതും കൊളോണിയൽ സർക്കാർ നിരോധിച്ച പ്രസിദ്ധീകരണങ്ങൾക്ക്‌ അനുമതി നൽകിയതും മറ്റ്‌ വെസ്‌റ്റ്‌ ഇൻഡീസ്‌ ദ്വീപുകളിൽനിന്ന്‌ ഇടതുപക്ഷ ബുദ്ധജീവികൾ പ്രവേശിക്കുന്നത്‌ തടയാൻ നിർമിച്ചിരുന്ന കുടിയേറ്റ നിരോധനനിയമം റദ്ദാക്കിയതുമെല്ലാം അമേരിക്കയേയും ബ്രിട്ടനെയും പ്രകോപിപ്പിച്ചിരുന്നു. 57ലും 61ലുമെല്ലാം ജഗന്റെ പാർടിക്കാണ്‌ ഭൂരിപക്ഷം കിട്ടിയത്‌. സ്വതന്ത്ര ഗയാനയിൽ ജഗനും പ്രോഗ്രസീവ്‌ പാർടിയും അധികാരത്തിലെത്തുന്നത്‌ തടയാൻ സ്വാതന്ത്ര്യം വൈകിക്കുന്നതിൽ അമേരിക്കൻ സമ്മർദ്ദവും ഉണ്ടായിരുന്നു. ഒടുവിൽ ബ്രിട്ടനിൽ ഇല്ലാത്ത ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ ഗയാന ഭരണഘടനയിൽ എഴുതിച്ചേർത്ത ശേഷം നടത്തിയ ആദ്യ തെരഞ്ഞെടുപ്പിലാണ്‌(1964) പിപിപിക്ക്‌ ഭൂരിപക്ഷം നഷ്‌ടപ്പെട്ടത്‌. അന്ന്‌ കമ്യൂണിസ്‌റ്റ്‌ ഭീതിയുണ്ടാക്കാൻ ജഗന്റെ ഭാര്യയും കമ്യൂണിസ്‌റ്റ്‌ നേതാവുമായിരുന്ന ജാനറ്റ്‌ ജഗന്റെ പേരിൽ വ്യാജ പ്രസ്‌താവന പോലും സിഐഎ പ്രചരിപ്പിച്ചു. പിപിപിയുടെ സ്ഥാപകരിൽ ഒരാളായ ആഫ്രിക്കൻ വംശജൻ ഫോർബ്‌സ്‌ ബേൺഹാമിനെ വശത്താക്കി ജനങ്ങളെ വംശീയമായി ഭിന്നിപ്പിച്ചാണ്‌ സാമ്രാജ്യത്വം ലക്ഷ്യം കണ്ടത്. ഭരണഘടനയിൽ വിവാദഭേദഗതിക്ക്‌ പ്രയത്‌നിച്ചതിൽ യുഎസ്‌ പ്രസിഡന്റായിരുന്ന കെന്നഡിയുടെ സഹായി ആർതർ ഷ്ലോസിംഗർ 1990ൽ ജഗനോട്‌ ക്ഷമാപണം നടത്തുന്നുണ്ട്‌. 92ൽ ജഗൻ ഗയാന പ്രസിഡന്റായി. അദ്ദേഹത്തിന്റെ മരണശേഷം ജാനറ്റും പ്രസിഡന്റായി.

4. തോറ്റോടി വിയത്‌നാമിൽനിന്ന്‌ 
വിയത്‌നാമിൽ നിന്ന്‌ ഫ്രെഞ്ച്‌ പട്ടാളം തോറ്റോടിയപ്പോളാണ്‌ കമ്യൂണിസ്‌റ്റ്‌ വ്യാപനം തടയാൻ അമേരിക്കൻ സേന എത്തിയത്‌. രണ്ട്‌ പതിറ്റാണ്ടിലധികം അമേരിക്കൻ സേനാ സാന്നിധ്യം വിയത്‌നാമിൽ ഉണ്ടായിരുന്നു. 1950 മുതൽ ഫ്രെഞ്ച്‌ സേനയ്‌ക്കും തെക്കൻ വിയത്‌നാമിനും സഹായമായി ഉപദേഷ്‌ടാക്കൾ എന്ന നിലയിലായിരുന്നു അമേരിക്കൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യം. 1965ന്‌ ശേഷമാണ്‌ അധിനിവേശസേന ഭീകരമായ ആക്രമണങ്ങൾ വിയത്‌നാമിലെ ഗ്രാമീണ കർഷകജനതയ്‌ക്കെതിരെ നടത്തിയത്‌. 60 ലക്ഷം ടണ്ണിലധികം ബോംബുകളാണ്‌ അമേരിക്ക വിയത്‌നാമിൽ വർഷിച്ചത്‌. 20 ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കി. എന്നിട്ടും അമേരിക്കയ്‌ക്ക്‌ തോൽവി സമ്മതിച്ച്‌ പിൻവാങ്ങേണ്ടിവന്നു. 58000 അമേരിക്കൻ പട്ടാളക്കാരെയാണ്‌ വിയത്‌നാമിൽ ബലി നൽകേണ്ടിവന്നത്‌(അഫ്‌ഗാനിസ്ഥാനിൽ രണ്ട്‌ പതിറ്റാണ്ടോളം കാലത്തിനിടയിൽ 2500ൽ താഴെ യുഎസ്‌ സൈനികരാണ്‌ കൊല്ലപ്പെട്ടത്‌. ഇറാഖിൽ 4500ൽ താഴെയും). അരുന്ധതി റോയ്‌ പറഞ്ഞതുപോലെ ഹോളിവുഡ്‌ സിനിമകൾ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്‌ പോലെയായിരുന്നില്ല വിയത്‌നാമിൽ അമേരിക്കയ്‌ക്ക്‌ സംഭവിച്ചത്‌. വിയത്‌നാം ജനതയേ കീഴക്കാനാവില്ലെന്ന്‌ 1950കളുടെ തുടക്കം മുതലേ അവിടത്തെ കൊളോണിയൽ ശക്തിയായിരുന്ന ഫ്രാൻസ്‌ മനസിലാക്കിയിരുന്നു. എന്നാൽ ഫ്രാൻസിനെ ഭീഷണിപ്പെടുത്തി അമേരിക്ക അവിടെ തുടരാൻ നിർബന്ധിതമാക്കുകയായിരുന്നു. സൈന്യത്തെ പിൻവലിച്ചാൽ ഫ്രാൻസിന്‌ നൽകിവരുന്ന ഭീമമായ സാമ്പത്തിക, സൈനിക സഹായം നിർത്തലാക്കും എന്നതായിരുന്നു അമേരിക്കൻ ഭീഷണി. വിയത്‌നാമിലെ യുദ്ധമാണ്‌ ഫ്രാൻസിന്റെ പ്രധാന കയറ്റുമതിവരുമാനം എന്ന്‌ ഒരു ഫ്രെഞ്ച്‌ പത്രം എഴുതുന്ന സ്ഥിതി പോലുമുണ്ടായി. വിയത്‌നാം ജനത കമ്യൂണിസത്തിന്‌ എതിരാണെന്ന്‌ കാണിക്കാൻ പല കുതന്ത്രങ്ങളും അമേരിക്ക പ്രയോഗിച്ചു. കമ്യൂണിസ്‌റ്റ്‌ നിയന്ത്രണത്തിലുള്ള വടക്കൻ വിയത്‌നാമിൽനിന്ന്‌ വലതുപക്ഷ പട്ടാള ഭരണമുള്ള തെക്കൻ വിയത്‌നാമിലേക്ക്‌ കൂട്ടപ്പലായനത്തിന്‌ പ്രേരിപ്പിക്കുകയായിരുന്നു ഒരുവഴി. അതിന്റെ ഭാഗമായി സിഐഎ നടത്തിയ പ്രചരണങ്ങൾ ‘ജനാധിപത്യരാജ്യമായ’ അമേരിക്ക അങ്ങനെ ചെയ്യില്ലെന്ന്‌ വിശ്വസിക്കുന്നവർക്ക്‌ അവിശ്വസനീയമായി തോന്നാം. യേശുവും കന്യാമറിയവും വടക്ക്‌ നിന്ന്‌ തെക്കൻ വിയത്‌നാമിലേക്ക്‌ പോയി എന്നായിരുന്നു ക്രൈസ്‌തവ വിശ്വാസികളെ കബളിപ്പിക്കാൻ നടത്തിയ പ്രചരണം. ചൈനക്കാർക്കെതിരെ വെറുപ്പുണ്ടാക്കാൻ ബലാത്സംഗകഥകൾ പ്രചരിപ്പിക്കുന്നതായിരുന്നു മറ്റൊരു പതിവ്‌. അമേരിക്കൻ വിധേയ പട്ടാള ഭരണമായിരുന്ന തെക്കൻ വിയത്‌നാമിലെ പൊലീസുകാർക്ക്‌ അമേരിക്കയിലെ മിഷിഗൺ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ സിഐഎയുടെ രഹസ്യപരിശീലനം നൽകുക പോലുമുണ്ടായി. സിഐഎ ഉദ്യോഗസ്ഥർക്ക്‌ സർവകലാശാലയിൽനിന്ന്‌ ശമ്പളം തരപ്പെടുത്തിയായിരുന്നു പരിപാടി.

5. ഇന്തോനേഷ്യയിൽ ചോരപ്പുഴ 
അമേരിക്കൻ പിന്തുണയുള്ള പട്ടാള സ്വേഛാധിപതിയുടെ ഒത്താശയിൽ രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തിയ രാജ്യമാണ്‌ ഇന്തോനേഷ്യ. ഏറ്റവുമധികം മുസ്ലീം ജനസംഖ്യയുള്ള രാജ്യമായ ഇവിടെ 10 ലക്ഷത്തിലധികം കമ്യൂണിസ്‌റ്റുകാരെയും അനുഭാവികളെയുമാണ്‌ 1965–-66 കാലത്ത്‌ വലതുപക്ഷ കൊലയാളി സംഘങ്ങൾ കൊന്നൊടുക്കിയത്‌. പുരോഗമനവാദിയായ പ്രസിഡന്റ്‌ സുകാർണോയുടെ കീഴിൽ രാജ്യം കമ്യണിസ്‌റ്റ്‌ ഭരണത്തിലാവുമെന്ന പ്രചരണം നടത്തിയാണ്‌ സിഐഎ ഈ കൂട്ടക്കൊലയ്‌ക്ക്‌ അരങ്ങൊരുക്കിയത്‌. ചേരിചേരാ പ്രസ്ഥാനത്തിന്‌ വഴിതെളിച്ച ബന്ദുങ്‌ സമ്മേളനത്തിന്റെ ആതിഥേയനായ സുകാർണോയ്‌ക്കെതിരെ സിഐഎ അശ്ലീല സിനിമ നിർമിച്ച്‌ പ്രചരിപ്പിക്കാൻ പോലും തയ്യാറായി. 1950കളിലും 60കളിലും നടന്ന തെരഞ്ഞെടുപ്പുകളിൽ ഇന്തോനേഷ്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയായ പികെഐയ്‌ക്ക്‌ ലഭിച്ച വലിയ ജനപിന്തുണയും സഖ്യസർക്കാരിൽ ലഭിച്ച സ്ഥാനങ്ങളും അമേരിക്കയെ അസ്വസ്ഥമാക്കുന്നതായിരുന്നു. ചൈനയ്‌ക്കും വിയത്‌നാമിനുംപുറമേ ജനസംഖ്യയിൽ നാലാംസ്ഥാനത്തുള്ള ഇന്തോനേഷ്യയിലും കമ്യൂണിസ്‌റ്റ്‌ പാർടി അധികാരത്തിലെത്താനുള്ള സാധ്യത അമേരിക്കയെ വലിയ ഭീതിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ സുകാർണോയേയും കമ്യൂണിസ്‌റ്റ്‌ പാർടിയേയും തമ്മിൽ തെറ്റിക്കാൻ വധശ്രമങ്ങളടക്കം അക്രമങ്ങളും പതിവ്‌ നുണപ്രചരണങ്ങളും സിഐഎആസൂത്രണം ചെയ്‌തത്‌. സുകാർണോയെ ലക്ഷ്യമിട്ട്‌ നടന്ന ഒരു വധശ്രമത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടപ്പോൾ അതിന്‌ പിന്നിൽ കമ്യൂണിസ്‌റ്റ്‌ പാർടിയാണെന്ന്‌ സിഐഎ തുടക്കത്തിലേ പ്രചരിപ്പിച്ചു. എന്നാൽ ഒരു ഇസ്ലാമിക കക്ഷിയാണ്‌ സ്‌ഫോടനം നടത്തിയതെന്ന്‌ പിന്നീട്‌ തെളിഞ്ഞു. ഇത്തരം സംഭവങ്ങളെല്ലാം കമ്യൂണിസ്‌റ്റുകാർക്കെതിരെ സർക്കാരിന്റെ അടിച്ചമർത്തലും ജനരോഷവും വളർത്താനായിരുന്നു. ഈ സാഹചര്യം മുതലാക്കിയാണ്‌ സുകാർണോയെ അട്ടിമറിച്ച്‌ പട്ടാള മേധാവി ജനറൽ സുഹാർത്തോ ഭരണം പിടിച്ചത്‌. തുടർന്ന്‌ നടന്ന കമ്യൂണിസ്‌റ്റ്‌ വേട്ടയുടെ നടുക്കുന്ന വിവരങ്ങൾ അതിൽ പങ്കാളികളായ കൊലയാളികൾ തന്നെ വിശദീകരിക്കുന്ന ഡോക്യുമെന്ററി ‘ദി ആക്ട്‌ ഓഫ്‌ കില്ലിങ്’ കേരളത്തിലടക്കം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌. ബ്രിട്ടീഷ്‌ അമേരിക്കൻ സംവിധായകൻ ജോഷ്വാ ഓപൺഹീമറും ബ്രിട്ടീഷ്‌ ചലച്ചിത്ര പ്രവർത്തക ക്രിസ്‌റ്റീൻ സിന്നും അജ്ഞാതനായ ഇന്തോനേഷ്യക്കാരനും ചേർന്ന്‌ സംവിധാനം ചെയ്‌ത ഡോക്യൂമെന്ററിയിലെ രംഗങ്ങളിലെക്കാൾ ഭീകരമായാണ്‌ തങ്ങൾ കൊലപാതകങ്ങൾ നടത്തിയത്‌ എന്നാണ്‌ അഭിനേതാക്കളായി വന്ന ക്രിമിനലുകൾ വെളിപ്പെടുത്തിയത്‌.

6. ചെമ്പ്‌ ഖനികൾക്ക്‌ വേണ്ടി ചിലിയിൽ 
അമേരിക്കയുടെയും സിഐഎയുടെയും ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ അട്ടിമറിയാണ്‌ 1973ൽ ചിലിയിൽ നടത്തിയത്‌. യഥാർത്ഥത്തിൽ അതിന്‌ ഒന്നര പതിറ്റാണ്ട്‌ മുമ്പ്‌ തന്നെ ചിലി അമേരിക്കയുടെ പേടിസ്വപ്നമായി മാറിയിരുന്നു. 1958ൽ, ക്യൂബൻ വിപ്ലവത്തിന്റെ തലേവർഷം ചിലിയിൽ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മാർക്‌സിസ്‌റ്റായ സോഷ്യലിസ്‌റ്റ്‌ നേതാവ്‌ സാൽവദോർ അലന്ദെ വിജയത്തിന്റെ തൊട്ടരുകിൽ എത്തിയിരുന്നു. അതുകൊണ്ട്‌. പിന്നെ നടന്ന തെരഞ്ഞെടുപ്പുകളിൽ അലന്ദെക്കെതിരെ വലതുപക്ഷത്ത്‌ നിന്ന്‌ ഒരു സ്ഥാനാർത്ഥി മാത്രമാവാൻ സിഐഎ ശ്രദ്ധിച്ചു. വലതുസ്ഥാനാർത്ഥിയുടെ പ്രചരണച്ചെലവിനുള്ള പണം ഏറെക്കുറെ മുഴുവൻ മുടക്കിയത്‌ അമേരിക്ക തന്നെയാണ്‌. ഒരിക്കൽ ഇടതുപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഒരു വിഘടിത വിഭാഗത്തെയും സിഐഎ പണം മുടക്കി രംഗത്തിറക്കി. പയസ്‌ പതിനൊന്നാമൻ മാർപ്പാപ്പയുടെ കമ്യൂണിസ്‌റ്റ്‌ വിരുദ്ധ ഇടയലേഖനത്തിന്റെ ലക്ഷക്കണക്കിന്‌ കോപ്പികൾ പ്രചരിപ്പിച്ചു. അലന്ദെ അധികാരത്തിലെത്തിയാൽ സാധാരണക്കാരുടെ പെട്ടിക്കടകൾ പോലും ദേശസാൽക്കരിക്കുമെന്ന്‌ കുപ്രചരണം നടത്തി ഭീതിപരത്തി. സ്‌ത്രീകളെ ആകർഷിക്കാനായിരുന്നു ഏറ്റവും വിഷലിപ്‌തമായ പ്രചരണം. അതുമൂലം 1964ലെ വോട്ടെണ്ണിയപ്പോൾ പുരുഷന്മാരുടെ വോട്ടിൽ അലന്ദെ മുന്നിലെത്തിയെങ്കിലും സ്‌ത്രീകളുടെ വൊട്ടിൽ ബഹുഭൂരിപക്ഷവും എതിരാളിക്കായിരുന്നു. ഇത്തരം ദുഷ്‌പ്രചരണങ്ങളെല്ലാം തുടർന്നിട്ടും 71ൽ അലന്ദെ ജയിച്ചത്‌ അമേരിക്കയ്‌ക്ക്‌ താങ്ങാനാവാത്ത പ്രഹരമായിരുന്നു. ചിലിയുടെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാനസ്ഥാനമുള്ള ചെമ്പ്‌ ഖനികളും മറ്റ്‌ തന്ത്രപ്രധാന വ്യവസായങ്ങളും അലന്ദെ ദേശസാൽക്കരിച്ചതോടെ അമേരിക്കയും കൂട്ടാളികളും ഉപരോധമടക്കം സാമ്പത്തികയുദ്ധം ആരംഭിക്കുകയായിരുന്നു. തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മുതലാക്കിയാണ്‌ പട്ടാള മേധാവി ജനറൽ അഗസ്‌തോ പിനാഷെ അട്ടിമറി നടത്തിയത്‌. അട്ടിമറിക്കാരോട്‌ ധീരമായി പോരാടിയ അലന്ദെ ഒടുവിൽ പിടികൊടുക്കാതെ ജീവത്യാഗം ചെയ്യുകയായിരുന്നു. ലക്കില്ലാത്ത സ്വകാര്യവൽക്കരണത്തിന്റെയും അഴിമതിയുടെയും വഴികളിലൂടെ ചിലിയെ പിനോഷെ നവഉദാര സാമ്പത്തികനയങ്ങളുടെ പരീക്ഷണശാലയാക്കി മാറ്റി. തൊഴിലാളികളും വിദ്യാർത്ഥികളും യുവജനങ്ങളുമടക്കം ആയിരക്കിന്‌ ആളുകളെ പട്ടാള ഭരണകൂടം തട്ടിക്കൊണ്ടുപോയി വധിച്ചു.

7. ഗ്രനഡയും അമേരിക്കയ്‌ക്ക്‌ ഭീഷണി 
ഒരുലക്ഷത്തിന്‌ മുകളിൽ മാത്രം ജനസംഖ്യയുണ്ടായിരുന്ന ചെറിയ കരീബിയൻ രാജ്യത്തെ ലോകത്തെ ഏറ്റവും വലിയ സൈനിക സാമ്പത്തിക ശക്തി ഭയക്കുന്നു എന്ന്‌ പറഞ്ഞാൽ എന്താണവസ്ഥ. അതേ, അങ്ങനെയാണ്‌ 1983ൽ അമേരിക്കൻ പട്ടാളം ഗ്രനഡയിൽ അധിനിവേശം നടത്തി പാവസർക്കാരിനെ വാഴിച്ചത്‌. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സോഷ്യലിസ്‌റ്റ്‌ പ്രസിഡന്റ്‌ മൗറിസ്‌ ബിഷപ്പ്‌ ക്യൂബൻ വിദഗ്ധരുടെ സഹായത്തോടെ വിമാനത്താവളം നിർമിക്കാൻ ആരംഭിച്ചതാണ്‌ അമേരിക്കയെ പ്രകോപിപ്പിച്ചത്‌. വിമാനത്താവള നിർമാണത്തിന്‌ യൂറോപ്യൻ സഹായവും ഉണ്ടായിരുന്നു എന്നതാണ്‌ വസ്‌തുത. 1979ൽ ബിഷപ്പിന്റെ നേതൃത്വത്തിൽ ന്യൂ ജുവൽ മൂവ്‌മെന്റ്‌ അധികാരമേറ്റതുമുതൽ അമേരിക്ക ആ സർക്കാരിനെ അസ്ഥിരീകരിക്കാൻ ശ്രമിച്ചുവരികയായിരുന്നു. ലണ്ടനിൽ നിന്ന്‌ നിയമബിരുദം നേടിയ ബിഷപ്പിന്റെ ഭരണത്തിൽ ചുരുങ്ങിയ കാലത്തിനിടെ ഗ്രനഡ ശ്രദ്ധേയമായ വളർച്ച കൈവിച്ചത്‌ അമേരിക്കയ്‌ക്ക്‌ സഹിക്കാനാവുന്നതായിരുന്നില്ല. ഗ്രനഡയ്‌ക്ക്‌ മറ്റ്‌ രാജ്യങ്ങളും ലോകബാങ്കും ഐഎംഎഫും സാമ്പത്തികസഹായം നൽകുന്നത്‌ തടയാൻ അമേരിക്ക ശ്രമിച്ചുവന്നിരുന്നു. എന്നിട്ടും ലോകബാങ്കിന്റെയടക്കം പ്രശംസ നേടുന്ന വികസനം ബിഷപ്പിന്റെ ഭരണകാലത്തുണ്ടായി. 1983 ഒക്‌ടോബറിൽ വിമതസംഘം ബിഷപ്പിനെ അട്ടിമറിക്കുകയും വധിക്കുകയും ചെയ്‌ത സാഹചര്യം പഴുതാക്കിയാണ്‌ ദിവസങ്ങൾക്കകം അമേരിക്കൻ പ്രസിഡന്റ്‌ റൊണാൾഡ്‌ റീഗൻ അവിടേക്ക്‌ പട്ടാളത്തെ അയച്ചത്‌. യഥാർത്ഥത്തിൽ, അതിനുമുമ്പേതന്നെ സൈനിക ആക്രമണത്തിന്‌ അമേരിക്ക പദ്ധതി തയ്യാറാക്കിയിരുന്നതിന്റെ വിവരങ്ങൾ പിന്നീട്‌ പുറത്തുവരികയുണ്ടായി. ഈ അധിനിവേശത്തെ ഐക്യരാഷ്‌ട്രസഭ വൻഭൂരിപക്ഷത്തോടെ അപലപിച്ചപ്പോൾ പുച്ഛിച്ചുതള്ളുകയാണ്‌ റീഗൻ ചെയ്‌തത്‌.

8. പനാമയിൽ സേവകനെയും റാഞ്ചി 
വെനസ്വേലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയതിന്‌ സമാനമായി അമേരിക്ക ലാറ്റിനമേരിക്കയിൽ മുമ്പ്‌ ചെയ്‌തത്‌ 1989-90ൽ പനാമയിൽ ആണ്‌. അവിടത്തെ സർവാധിപതിയായിരുന്ന മാനുവൽ അന്തോണിയോ നൊറിയേഗ ചെറുപ്പം മുതൽ അമേരിക്കയുടെയും സിഐഎയുടെയും പ്രിയസേവകനായിരുന്നു; മേഖലയിലെ ഇടതുപക്ഷ വിപ്ലവകാരികളെക്കുറിച്ച്‌ അമേരിക്കൻ ചാരസംഘടനയ്‌ക്ക്‌ വിവരങ്ങൾ നൽകുന്ന ഒറ്റുകാരനായിരുന്നു. കൂട്ടത്തിൽ അന്നേ മയക്കുമരുന്ന്‌ കടത്തിലൂടെയും പണമുണ്ടാക്കിയിരുന്നു. പനാമയിൽ പട്ടാള ഉദ്യോഗസ്ഥനായശേഷം തന്റെ കീഴിലുള്ള സൈനികരെയും മയക്കുമരുന്ന്‌ കടത്തിനുപയോഗിച്ച്‌ നൊറിയേഗ പണംവാരി. മേഖലയിൽ അമേരിക്കൻ പിന്തുണയുള്ള സായുധ അക്രമിസംഘങ്ങൾക്ക്‌ പണവും ആയുധങ്ങളും എത്തിച്ചുകൊടുക്കുന്നതിലും പ്രധാനിയായിരുന്നു അയാൾ. സ്വാഭാവികമായും അമേരിക്കയുടെ വിശ്വസ്‌തനായിരുന്നു. 1968 അട്ടിമറിയിലൂടെ ഭരണം പിടിച്ച പട്ടാള മേധാവി ഒമാർ തോറിഹോസിന്റെ പ്രിയപ്പെട്ടവനായതിനാൽമാത്രം ബലാത്സംഗ കേസുകളിൽ നിന്നടക്കം രക്ഷപ്പെട്ടയാൾ. 81ൽ തോറിഹോസ്‌ വിമാന ‘അപകട’ത്തിൽ കൊല്ലപ്പെട്ടതിെന്‌ പിന്നാലെയാണ്‌ നൊറിയേഗ സേനയിൽ ഒന്നാമനായത്‌. തോറിഹോസിന്റെ മരണത്തിൽ ശിഷ്യന്‌ പങ്കുണ്ടെന്ന്‌ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരിക്കലും പ്രസിഡന്റാവാതിരുന്ന നൊറിയേഗ പാവ ഭരണാധികാരികളെ വച്ചാണ്‌ ഭരണം നിയന്ത്രിച്ചിരുന്നത്‌. പനാമയിൽ അമേരിക്കൻ സൈനിക താവളങ്ങളുണ്ടാക്കാൻ സഹായിച്ചത്‌ നൊറിയേഗയാണ്‌. എന്നാൽ നിക്കാരാഗ്വയിലെ ഇടതുപക്ഷ സാൻഡിനിസ്‌റ്റ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന കോൺട്ര കലാപകാരികളെ സഹായിക്കണമെന്ന്‌ യുഎസ്‌ സേനാ ഉദ്യോഗസ്ഥൻ ഒളിവർ നോർത്ത്‌ ആവശ്യപ്പെട്ടപ്പോൾ അനുസരിക്കാതിരുന്നതോടെ 1980കളുടെ ഒടുവിലാണ്‌ അയാൾ അമേരിക്കയ്‌ക്ക്‌ അനഭിമതനായത്‌. 1989ൽ നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ നൊറിയേഗയ്‌ക്ക്‌ താൽപര്യമില്ലാത്തയാൾ ജയിച്ചപ്പോൾ അംഗീകരിക്കാതിരുന്നതും നൊറിയേഗയുടെ മയക്കുമരുന്ന്‌ ഇടപാടുകളുടെ വിമർശകനായ ഹ്യൂഗോ സ്‌പാദഫോറ കൊല്ലപ്പെട്ടതും അമേരിക്ക ആയുധമാക്കി. നൊറിയേഗയെ രാജിവയ്‌പ്പിക്കാനാണ്‌ ആദ്യം അമേരിക്ക ശ്രമിച്ചതെങ്കിലും വഴങ്ങാതെവന്നപ്പോഴാണ്‌ മയക്കുമരുന്ന്‌ കടത്തലും കള്ളപ്പണം കടത്തലും മറ്റും ചുമത്തി ജോർജ്‌ ബുഷ്‌ സീനിയർ ഭരണകൂടം കേസ്‌ എടുത്തത്‌. ഇതേ ബുഷ്‌ ഡയറക്ടർ ആയിരുന്നപ്പോൾ സിഐഎ നൊറിയേഗയ്‌ക്ക്‌ പ്രതിവർഷം 110000 ഡോളർ കൈക്കൂലി കൊടുത്തിരുന്നു എന്നത്‌ അമേരിക്കയുടെ ഇരട്ടത്താപ്പ്‌ വ്യക്തമാക്കുന്നുണ്ട്‌. ഒടുവിൽ 1989 ഡിസംബർ അവസാനം അമേരിക്കൻ പട്ടാളം പിടിക്കാൻ എത്തിയപ്പോൾ അയാൾ വത്തിക്കാൻ എംബസിയിൽ അഭയം തേടിയെങ്കിലും ഫലമുണ്ടായില്ല. 1990 ജനുവരി 3ന്‌ അമേരിക്കൻ പട്ടാളം നൊറിയേഗയെ പിടിച്ചുകൊണ്ടുപോയി. 1992ൽ യുഎസ്‌ കോടതി 40 വർഷം തടവുശിക്ഷ വിധിച്ചെങ്കിലും 15 വർഷം കഴിഞ്ഞപ്പോൾ ‘നല്ലനടപ്പ്‌’ സാക്ഷ്യപ്പെടുത്തി വിട്ടയച്ചു. പിന്നീട്‌ ഫ്രാൻസിലും പനാമയിലും വേറെ കേസുകളിൽ തടവുശിക്ഷ അനുഭവിച്ച നൊറിയേഗ 2017ൽ എൺപത്തിമൂന്നാം വയസിലാണ്‌ മരിച്ചത്‌.

9. ഹെയ്‌ത്തിയിൽ പാതിരിയേയും അട്ടിമറിച്ചു 
പുരോഗമനവാദിയായ ക്രൈസ്‌തവ പുരോഹിതൻ രണ്ടുവട്ടം അമേരിക്കൻ ശിങ്കിടികളാൽ അട്ടിമറിക്കപ്പെട്ടതിന്റെ ചരിത്രമാണ്‌ കരീബിയൻ രാജ്യമായ ഹെയ്‌ത്തിക്കുള്ളത്‌. അവിടെ ദുവാലിയൻ കുടുംബത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട സ്വേച്ഛാധിപത്യ വാഴ്‌ചയ്‌ക്കെതിരെ പ്രതികരിച്ച ഏക ക്രൈസ്‌തവ പുരോഹിതനായിരുന്നു വിമോചന ദൈവശാസ്‌ത്രത്തിന്റെ ആശയങ്ങളാൽ പ്രചോദിതനായ ഴാങ്‌ ബെർട്രന്റ്‌ അരിസ്‌റ്റൈഡ്‌. 1990 ഡിസംബറിലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ 67 ശതമാനം വോട്ടുനേടിയാണ്‌ അരിസ്‌റ്റൈഡ്‌ വിജയിച്ചത്‌. 1991 ഫെബ്രുവരിയിൽ അധികാരമേറ്റ. അദ്ദേഹം മാസങ്ങൾക്കകം അട്ടിമറിക്കപ്പെട്ടു. 1992ലെ അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ വേളയിൽ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർത്ഥിയായ ബിൽ ക്ലിന്റൺ ഹെയ്‌ത്തിയിലെ മനുഷ്യാവകാശ ലംഘനങ്ങൾ എടുത്തുപറഞ്ഞ്‌ അവിടെ ജനാധിപത്യ പുനസ്ഥാപനത്തിന്‌ മുഖ്യപരിഗണന നൽകുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും പട്ടാള ഭരണകൂടത്തെ പ്രീണിപ്പിക്കാനായിരുന്നു ശ്രമം. മൂന്നുവർഷത്തിനുശേഷം അന്താരാഷ്‌ട്ര സമ്മർദങ്ങൾക്കൊടുവിലാണ്‌ അരിസ്‌റ്റൈഡ്‌ അധികാരത്തിൽ തിരിച്ചെത്തിയത്‌. 1996ൽ പിൻഗാമിക്ക്‌ അധികാരം കൈമാറിയ അരിസ്‌റ്റൈഡ്‌ 2001ൽവീണ്ടും പ്രസിഡന്റായി. മൂന്നുവർഷം കഴിഞ്ഞപ്പോൾ വീണ്ടും അട്ടിമറിക്കപ്പെട്ടു. അമേരിക്കൻ പിന്തുണയോടെ തീവ്രവലതുപക്ഷക്കാരായ മുൻ പട്ടാള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ഇത്തവണ അട്ടിമറി. അമേരിക്കയും ഫ്രാൻസുമാണ്‌ അരിസ്‌റ്റൈഡിൽ സമ്മർദ്ദം ചെലുത്തി രാജിവയ്‌പിച്ചതെന്ന്‌ 2022ൽ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്‌തിരുന്നു.

10. ക്യൂബ പടർത്തിയ ആവേശം
വിയത്‌നാമിൽ നിന്ന്‌ അമേരിക്കയ്‌ക്ക്‌ തോറ്റോടേണ്ടിവന്നെങ്കിലും അവരെ ഏറ്റവും നാണംകെടുത്തിയത്‌ വെറും 90 മൈൽ മാത്രം (145 കിലോമീറ്റർ) അകലെയുള്ള ക്യൂബയാണ്‌. അമേരിക്കൻ പിന്തുണയുണ്ടായിരുന്ന പട്ടാള സ്വേഛാധിപതിയെ തുരത്തി ക്യൂബയിൽ വിപ്ലവകാരികൾ അധികാരമേറ്റ്‌ രണ്ട്‌ വർഷം പിന്നിട്ടപ്പോഴാണ്‌ അമേരിക്ക ആദ്യ അട്ടിമറിശ്രമം നടത്തിയത്‌. അമേരിക്കയിൽ പരിശീലനം നൽകി വൻ ആയുധസന്നാഹത്തോടെ യുഎസ്‌ പടക്കപ്പലുകളിൽ ക്യൂബൻ തീരത്തെത്തിച്ച വലതുപക്ഷ പ്രതിവിപ്ലവസേനയെ മൂന്നുദിവസംകൊണ്ട്‌ ക്യൂബൻ ജനത പരാജയപ്പെടുത്തി. 1500 പേരടങ്ങിയ അട്ടിമറി സംഘത്തിൽ 400പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ കീഴടങ്ങി. 5.3 കോടി ഡോളറിന്റെ ഭക്ഷ്യവസ്‌തുക്കളും മരുന്നും മോചനദ്രവ്യമായി ക്യൂബയ്‌ക്ക്‌ നൽകിയാണ്‌ അമേരിക്ക തടവിലായവരെ മോചിപ്പിച്ചത്‌. അടുത്തവർഷം ക്യൂബയുടെ രക്ഷയ്‌ക്ക്‌ അവിടെ സോവിയറ്റ്‌ യൂണിയൻ വിന്യസിച്ച മിസൈലുകൾ നീക്കിയത്‌ ക്യൂബയെ മേലിൽ ആക്രമിക്കില്ലെന്ന അമേരിക്കൻ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്‌. അതുകൊണ്ട്‌ പിന്നീട്‌ ക്യൂബയെ ആക്രമിച്ചിട്ടില്ലെങ്കിലും വിപ്ലവനായകൻ ഫിദൽ കാസ്‌ട്രോയ്‌ക്കെതിരെ അറുന്നൂറിലധികം വധശ്രമങ്ങളാണ്‌ സിഐഎ ആസൂത്രണം ചെയ്‌തത്‌. ആറര പതിറ്റാണ്ടോളമായി കടുത്ത ഉപരോധങ്ങൾ അടിച്ചേൽപിച്ച്‌ സാമ്പത്തികയുദ്ധം നടത്തുകയാണ്‌ അമേരിക്ക. രണ്ട്‌ ലക്ഷം കോടിയിലധികം ഡോളറിന്റെ നഷ്‌ടമാണ്‌ ഇതുമൂലം ക്യൂബൻ സമ്പദ്‌ഘടനയ്‌ക്കുണ്ടായിട്ടുള്ളത്‌. ഉപരോധം അവസാനിപ്പിക്കണം എന്ന്‌ മൂന്ന്‌ പതിറ്റാണ്ടായി എല്ലാ വർഷവും ഐക്യരാഷ്‌ട്രസഭയിൽ അമേരിക്കയും ഇസ്രയേലുമൊഴികെ അംഗരാഷ്‌ട്രങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അമേരിക്ക വഴങ്ങിയിട്ടില്ല. ഒരു ലജ്ജയുമില്ലാതെ ലോകത്തെ ഏറ്റവും വലിയ സൈനിക-സാമ്പത്തിക ശക്തി ആ ചെറു ദ്വീപുരാഷ്‌ട്രത്തിനെതിരെ സാമ്പത്തിക യുദ്ധം തുടരുകയാണ്‌. എന്നാൽ പോരാട്ടം തുടരുന്ന ക്യൂബയുടെ ആശയം, അമേരിക്ക എത്രയൊക്കെ ഒറ്റപ്പെടുത്താൻ ശ്രമിച്ചിട്ടും അമേരിക്കൻ മേഖലയിലാകെ പടരുന്നതിന്റെ നേർസാക്ഷ്യമാണ്‌ വെനസ്വേല അടക്കമുള്ള രാജ്യങ്ങൾ. ലാറ്റിനമേരിക്ക-കരീബിയ മേഖലയിൽ തന്നെ ബ്രസീൽ, അർജന്റീന, നിക്കരാഗ്വ, ഹെയ്‌ത്തി, ഗ്രനഡ തുടങ്ങി ചെറുതും വലുതുമായ നിരവധി രാജ്യങ്ങളിൽ ജനാധിപത്യ മുന്നേറ്റങ്ങളെ അമേരിക്ക തടസപ്പെടുത്തിയിട്ടുണ്ട്‌. എന്നിട്ടും അവർ തുടരുന്ന പോരാട്ടം ലോകമെങ്ങുമുള്ള ജനകീയ പോരാട്ടങ്ങൾക്ക്‌ പ്രചോദനമാണ്‌. l

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − 8 =

Most Popular