തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്നില്ലയെന്ന പേരിൽ ഒരു രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്ത ഗവൺമെന്റിനെ അമേരിക്ക അട്ടിമറിക്കുന്നതും ഭരണാധികാരിയെ കൊലപ്പെടുത്തുന്നതും പുതുമയുള്ള കാര്യമല്ല. 20–ാം നൂറ്റാണ്ടിലും 21–ാം നൂറ്റാണ്ടിലെ രണ്ടു പതിറ്റാണ്ടിലേറെയുമുള്ള കാലത്ത് ഇപ്പോൾ വെനസേ-്വലയിൽ നടത്തിയതുപോലെയുള്ള നിരവധി അട്ടിമറികളും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളുമെല്ലാം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
എന്താണ് 2026 ജനുവരി മൂന്നിന് വെനസേ-്വ ലയിൽ സംഭവിച്ചത്? മൂന്നാം തീയതി അതിരാവിലെ 2 മണിക്കും 2.45നും ഇടയ്ക്ക് വെനസേ-്വലയുടെ തലസ്ഥാന നഗരമായ കാരക്കാസിലും സമീപപ്രദേശമായ അറാഗ്വാ സംസ്ഥാനത്തെ ചില പ്രദേശങ്ങളിലും മിറാൻഡ സംസ്ഥാനത്തെ തീരദേശനഗരമായ ഹിഗ്വറോത്തെ (Higuerote) യിലും നിരവധി പ്രദേശങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ ഉണ്ടായി. അമേരിക്ക നടത്തിയ ബോംബാക്രമണമാണ് അതെന്ന് വെനസേ-്വലയിലെ ഗവൺമെന്റ്, പ്രസിഡന്റ് മദുറൊയുടെ ഗവൺമെന്റ് പ്രഖ്യാപിച്ചു. ഏറെ വെെകും മുൻപ്, മദുറൊയും അദ്ദേഹത്തിന്റെ ജീവിത പങ്കാളി സീലിയ ഫ്ളോറെസും ബന്ദിയാക്കപ്പെട്ടുവെന്നും അവരെ അമേരിക്കയിലേക്ക് തടവുകാരായി കൊണ്ടുപോയിയെന്നുമുള്ള വാർത്ത വന്നു. ഈ ക്രൂരകൃത്യങ്ങളെല്ലാം നടന്നത് ഇരുളിന്റെ മറവിലാണ്.
വാർത്താ ഏജൻസികൾ ഈ വിവരങ്ങൾ പുറത്തുവിട്ടപ്പോൾ നിഷ്കളങ്കമായി ചിന്തിക്കുന്നവർക്ക‍് തോന്നുക മദുറൊയും സീലിയയും അമേരിക്കൻ പട്ടാളക്കാർക്കുമുന്നിൽ നിരുപാധികം കീഴടങ്ങിയതായിട്ടായിരിക്കാം; അല്ലെങ്കിൽ ഇരുട്ടിന്റെ മറവിൽ ഏതാനും അമേരിക്കൻ സേനാംഗങ്ങൾ രഹസ്യമായെത്തി അവരെ തട്ടിക്കൊണ്ടുപോയി എന്നായിരിക്കാം.
എന്നാൽ സംഭവിച്ചതോ? എഫ് – 22കളും എഫ് – 35കളും എഫ് – 18 കളും, ഇ – 2 കളും ബി – 1 കളും ഉൾപ്പെടെ 150ഓളം യുദ്ധവിമാനങ്ങളും ഡ്രോണുകളും ഹെലികോപ്ടറുകളും ഉൾപ്പെടെ അണിനിരത്തിയുള്ള കടന്നാക്രമണമാണ് അമേരിക്ക പരമാധികാര റിപ്പബ്ലിക്കായ വെനസേ-്വലയുടെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോകാനായി നടത്തിയത്. പറയുന്ന കാരണമോ? മദുറൊയും അദ്ദേഹത്തിന്റെ ഗവൺമെന്റും അമേരിക്കയിലേക്ക് മയക്കുമരുന്ന് കള്ളക്കടത്തു നടത്തുന്നുവെന്നാണ്. അത് അമേരിക്കൻ നിയമപ്രകാരം കുറ്റകൃത്യമായതിനാൽ മദുറൊയെയും സഹകുറ്റവാളിയായ സീലിയയെയും കസ്റ്റഡിയിലെടുത്ത് അമേരിക്കയിലെത്തിച്ച് വിചാരണ ചെയ്ത് ശിക്ഷിക്കാൻ തങ്ങൾക്കധികാരമുണ്ടെന്നാണ്. കൂട്ടത്തിൽ വിചിത്രമായ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട് – മദുറൊയും സീലിയയും ആയുധധാരികളായിരുന്നുവത്രെ ! ഇത് 1934ലെ അമേരിക്കൻ ആയുധ നിയമത്തിന്റെ ലംഘനമാണത്രെ! സ്കൂൾ കൂട്ടികളുൾപ്പെടെ തോക്കുകളുമായെത്തി സഹപാഠികളെയും മറ്റും വെടിവെച്ചുകൊല്ലുന്നത് നിരന്തര സംഭവമായിട്ടുള്ള ഒരു രാജ്യത്തെ ഭരണാധികാരിയാണ് മറ്റൊരു രാജ്യത്തെ പ്രസിഡന്റിന്റെ കെെവശം തോക്കുണ്ടായിരുന്നുവെന്ന് കുറ്റാരോപണം നടത്തുന്നത്.
അമേരിക്കൻ നിയമപ്രകാരം, മയക്കുമരുന്നു കടത്തിയെന്ന കുറ്റത്തിനാണ് (ഇതിനാകട്ടെ തെളിവുകളോ സ്ഥിരീകരിക്കാവുന്ന രേഖകളോ ഒന്നും തന്നെ അമേരിക്കയുടെ പക്കലില്ല താനും) വെനസേ-്വലയുടെ പ്രസിഡന്റിനെ ബന്ദിയാക്കിയതെന്നാണ് ട്രംപ് പറയുന്നത്. അങ്ങനെയാണെങ്കിൽ ചെെനീസ് നിയമപ്രകാരം തായ്-വാന് ആയുധങ്ങൾ നൽകുന്നത് കുറ്റകൃത്യമാണ്, അങ്ങനെ ചെയ്യില്ലെന്നു മാത്രമല്ല, അമേരിക്കൻ അധികൃതരാരും തന്നെ തായ്-വാനിൽ ഔദേ-്യാഗിക സന്ദർശനം നടത്തില്ലയെന്നും ചെെനയുമായി അമേരിക്ക ധാരണയുണ്ടാക്കിയിട്ടുള്ളതുമാണ്. അത് ലംഘിക്കപ്പെടുമ്പോൾ ചെെനയ്ക്ക് സെെന്യത്തെ അയച്ച് വെെറ്റ് ഹൗസിൽ നിന്ന് അമേരിക്കൻ പ്രസിഡന്റിനെയും ഫസ്റ്റ് ലേഡിയെയും ബന്ദിയാക്കാനാവുമല്ലോ ചെെനീസ് നിയമപ്രകാരം? ലോകത്തെ ഏതു രാജ്യത്തിനും മറ്റൊരു രാജ്യത്തെ ഭരണാധികാരിയെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോകുന്നതിന് കഴിയുന്ന അവസ്ഥയുണ്ടാകുമല്ലോ ഇതനുസരിച്ച്!
2014 മുതൽ 2022 വരെ ഹോണ്ടുറാസിൽ അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെ പ്രസിഡന്റായി വാണിരുന്ന ഹുവാൻ ഓർലാൻഡൊ ഫെർണാണ്ടസ് മയക്കുമരുന്നു കള്ളക്കടത്തു നടത്തുന്ന വൻ റാക്കറ്റിന്റെ തലവനായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടും ഇതേ ട്രംപ് തന്നെയാണ്- അയാൾക്ക് മാപ്പു നൽകിയത്. ഗാസയിൽ പതിനായിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പെടെ കൊലപ്പെടുത്തിയ അന്താരാഷ്ട്ര യുദ്ധക്കുറ്റവാളിയായ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ യുഎൻ നിയമപ്രകാരം സ്ഥാപിതമായിട്ടുള്ള ഇന്റർനാഷണൽ ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറയുന്നതും ഇതേ ട്രംപ് തന്നെയാണ്?
വെനസേ-്വലയ്ക്കെതിരായ അമേരിക്കൻ സെെനിക നടപടിയുടെ വാർത്ത വന്നയുടൻ തന്നെ കാരക്കാസിലേക്ക് കൂടുതൽ അമേരിക്കൻ സെെനികരെ ക്ഷണിച്ചുകൊണ്ടും കൂടുതൽ ബോംബാക്രമണങ്ങൾ നടത്തണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടുകൊണ്ടും വെനസേ-്വ യിലെ പ്രതിപക്ഷ നേതാവ് രംഗത്തുവന്നതിന്റെയും അവരുടെയും ചെറിയൊരു സംഘം അനുയായികളുടെയും ആഹ്ലാദപ്രകടനത്തിന്റെയും വാർത്തയും പൊലിപ്പിച്ച് വന്നിരുന്നു. എന്നാൽ ആരാണീ പ്രതിപക്ഷ നേതാവ്? 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹയായ, വെനസേ-്വലയിലെ ജനങ്ങളിലെ വളരെ ചെറിയൊരു വിഭാഗത്തിന്റെ മാത്രം പിന്തുണയുള്ള തീവ്ര വലതുപക്ഷ നേതാവ് – മറിയ കൊറീന മച്ചാഡൊ. ഇവരാണ് വെനസേ-്വലയുടെ പ്രസിഡന്റാവാൻ കച്ചകെട്ടിയിറങ്ങിയത്. എന്നാൽ കാര്യത്തോടടുത്തപ്പോൾ ട്രംപ് അവരുടെ മോഹത്തിന്റെ കൂമ്പ് അടച്ചുകളഞ്ഞു. വെനസേ-്വലയെ താൻ നേരിട്ട് ഭരിച്ചോളാമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. അതോടെ മച്ചാഡൊയുടെ ചാട്ടവും ആഹ്ലാദവും കെട്ടടങ്ങി.
അതേസമയം വെനസേ-്വലയിൽ മഹാഭൂരിപക്ഷം ജനങ്ങളും നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമാകെ ‘‘യാങ്കികൾ കടക്ക് പുറത്ത്’’ ‘‘ഞങ്ങൾക്കു വേണ്ടത് സമാധാനം’’ ‘‘ഞങ്ങളുടെ പ്രസിഡന്റ് മദുറൊയെ മോചിപ്പിക്കുക’’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി തെരുവിലിറങ്ങിയിരിക്കുകയാണ്. ഇടതുപക്ഷക്കാർ മാത്രമല്ല, സ്വാതന്ത്ര്യം കാംക്ഷിക്കുന്ന, ട്രംപിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ വെനസേ-്വലൻ ജനതയാകെ അമേരിക്കൻ അധിനിവേശത്തിനെതിരെ അണിനിരക്കുകയാണ്. വെനസേ-്വലയിലെ 90 ശതമാനത്തോളം ജനങ്ങളും അമേരിക്കൻ അധിനിവേശത്തെ എതിർക്കുന്നതായാണ് അഭിപ്രായ സർവെകൾ പ്രകടമാക്കുന്നത്. 50 ശതമാനത്തോളം അമേരിക്കക്കാരും ട്രംപിന്റെ നടപടിയെ എതിർക്കുകയാണ്. ലാറ്റിനമേരിക്കയിലാകെ പ്രതിഷേധം ശക്തമാണ്.
‘‘മദുറൊയെ നീക്കം ചെയ്തല്ലോ. ഇനി എന്താണ്, അടുത്ത നീക്കം?’’ എന്ന ഫോക്സ് ന്യൂസിന്റെ ചോദ്യത്തിനുള്ള ട്രംപിന്റെ മറുപടി ഇങ്ങനെ: ‘‘ആരെങ്കിലും ഭരിച്ചോട്ടെ എന്നു പറഞ്ഞ് കെെയും കെട്ടിയിരിക്കാൻ ഞങ്ങൾക്ക് പറ്റില്ല. ഇപ്പോൾ ഞങ്ങൾ അത്തരമൊരു തീരുമാനത്തിലേക്കെത്തുകയാണ്. ഞങ്ങൾ നന്നായി ഇടപെടും’’. പക്ഷേ 5 ദിവസം പിന്നിട്ടിട്ടും ഒരു ചുവടുപോലും മുന്നോട്ടുവയ്ക്കാൻ ട്രംപിനും കൂട്ടർക്കും കഴിഞ്ഞിട്ടില്ല. അത്രത്തോളം പ്രതികൂലമാണ് ജനവികാരം. ട്രംപിന്റെ കോമാളിത്തരമായി ഈ പദ്ധതി ഒടുങ്ങുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. വെനസേ-്വല ഭരിക്കാൻ ട്രംപിന്റെ ദല്ലാളായി കാരക്കാസിലേക്ക് പോകാൻ കുപ്പായമിട്ടിറങ്ങിയ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയ മുന്നോട്ടുവെച്ച കാല് പിൻവലിച്ചതായാണ് തോന്നുന്നത്.
മദുറൊയെ അമേരിക്ക തടവിലാക്കിയെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തിലും മദുറൊ ഗവൺമെന്റുതന്നെയാണ് ഇപ്പോഴും വെനസേ-്വ ലയിൽ ഭരണം നടത്തുന്നത്. അമേരിക്കയുടെ ഈ സാഹസികാക്രമണം വെനസേ-്വലയിലെ ഇടതുപക്ഷത്തെ, പ്രസിഡന്റ് മദുറൊയെ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുന്നതായാണ് ജനുവരി മൂന്നിനുശേഷമുള്ള സംഭവങ്ങൾ തെളിയിക്കുന്നത്. വെന-സേ-്വലയിലെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അമേരിക്കയുമായി ‘‘സഹകരിക്കു’’മെന്ന ട്രംപിന്റെ പ്രസ്താവനയെ അടുത്ത നിമിഷം തന്നെ ആ വിപ്ലവ വനിത പുച്ഛിച്ചുതള്ളി. ‘‘വെനസേ-്വലയ്ക്ക് ഒരൊറ്റ പ്രസിഡന്റേയുള്ളൂ; അദ്ദേഹത്തിന്റെ പേര് നിക്കോളാസ് മദുറൊ മോറോസ് എന്നാണ്’’ എന്ന് ഉറക്കെ പ്രഖ്യാപിച്ച ഡെൽസി റോഡ്രിഗസ് ‘‘വെനസേ-്വല ഒരുത്തന്റെയും കോളനിയല്ല; ഇനി അതൊട്ടാവുകയുമില്ല’’ എന്നും വ്യക്തമാക്കിയത് ട്രംപിന്, അമേരിക്കൻ ഭരണകൂടത്തിന് കനത്ത അടിയായി. ഡെൽസിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നാഷണൽ അസംബ്ലിയിൽ അവർക്കും ബൊളിവേറിയൻ നയങ്ങൾക്കും പിന്തുണ നൽകിയത് ഇടതുപക്ഷാംഗങ്ങൾ മാത്രമായിരുന്നില്ല; പ്രതിപക്ഷത്തെ ഭൂരിപക്ഷം അംഗങ്ങളും അവർക്കൊപ്പം കെെയുയർത്തുകയാണുണ്ടായത്. നൊബേൽ ജേതാവ് മച്ചാഡൊ തികച്ചും ഒറ്റപ്പെട്ടതായാണ് കണ്ടത്.
വെനസേ-്വലയിലെ ആഭ്യന്തര മന്ത്രി ഡയോസ്ഡാഡൊ കാബെല്ലോ പറഞ്ഞത്, ‘‘വിപ്ലവശക്തികളുടെ ഐക്യം കൂടുതൽ ദൃഢപ്പെട്ടിരിക്കുകയാണ്…. ഒരാളും ശത്രുവിന്റെ പ്രകോപനങ്ങളിൽ കുടുങ്ങരുത്. ഒടുവിൽ എല്ലാം കലങ്ങിത്തെളിഞ്ഞിരിക്കുകയാണ്; ശത്രുവിന് വേണ്ടത് നമ്മുടെ എണ്ണ മാത്രമാണെന്ന് തെളിഞ്ഞിരിക്കുന്നു’’. വെനസേ-്വലയുടെ പ്രതിരോധ മന്ത്രി വ്ളദ്മീർ പദ്രിനൊ ലോപ്പസ്, ട്രംപിന്റെ വീമ്പിളക്കലിനെയാകെ തള്ളിക്കളഞ്ഞിരിക്കുന്നു. വെനസേ-്വലയുടെ സെെന്യത്തിന്റെ പിന്തുണ ബൊളിവേറിയൻ വിപ്ലവത്തിനും മദുറൊയ്ക്കും തന്നെയെന്ന് ആവർത്തിച്ച അദ്ദേഹം പ്രസിഡന്റ് ഡെൽസിക്ക് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം തുടരാൻ ഉറച്ച പിന്തുണയാണ് നൽകിയത്. തങ്ങളുടെ ഹിതത്തിനനുസരിച്ച് കാര്യങ്ങൾ നടത്തിയില്ലെങ്കിൽ മദുറൊ നേരിട്ടതിനെക്കാൾ കനത്ത പ്രത്യാഘാതം നേരിടേണ്ടതായി വരുമെന്ന ട്രംപിന്റെ വീമ്പടിക്കലിനെ അതേ നാണയത്തിൽ തിരിച്ചടിക്കുകയായിരുന്നു വെനസേ-്വലയിലെ ഭരണാധികാരികൾ. ജനുവരി 2ന് പ്രസിഡന്റ് മദുറൊ അമേരിക്കയോട് പറഞ്ഞ വാക്കുകൾ തന്നെ ആവർത്തിക്കുകയായിരുന്നു ഡെൽസിയും–‘‘സമാധാനമാണ് ഞങ്ങൾക്കു വേണ്ടത്, യുദ്ധമൊഴിവാക്കാൻ അനുരഞ്ജന ചർച്ചയാവാം’’. പൊങ്ങച്ചക്കാരനും സ്ത്രീവിരുദ്ധനുമായ ട്രംപിന് ഒരു വനിതാ ഭരണാധികാരിയിൽനിന്ന് ചാട്ടവാറടി പോലുള്ള വാക്കുകൾ കേൾക്കേണ്ടിവന്നത് നാണക്കേടായിരിക്കുകയാണ്.
ഇത്തരമൊരാക്രമണത്തിന് ഡൊണാൾഡ് ട്രംപിന് അമേരിക്കൻ കോൺഗ്രസിന്റെ അനുമതിയുണ്ടായിരുന്നില്ല. അമേരിക്കൻ ഭരണഘടന പ്രകാരം യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം നിക്ഷിപ്തമായിട്ടുള്ളത് കോൺഗ്രസിലാണ്. പക്ഷേ, 1942ൽ ലോകയുദ്ധത്തിൽ നേരിട്ട് പങ്കാളിയാവാനുള്ള പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡി റൂസ്-വെൽറ്റിന്റെ (എഫ്ഡിആർ) നിർദ്ദേശത്തെ കോൺഗ്രസ് തള്ളിക്കളഞ്ഞത് വകവയ്ക്കാതെയാണ് അമേരിക്ക അന്ന് യുദ്ധപ്രഖ്യാപനം നടത്തിയത് (യഥാർഥത്തിൽ ജർമനി സോവിയറ്റ് ചെമ്പടയ്ക്കുമുന്നിൽ കീഴടങ്ങുകയും ജപ്പാൻ സോവിയറ്റു യൂണിയനുമുന്നിൽ കീഴടങ്ങാൻ തയ്യാറാണെന്ന പ്രഖ്യാപനം വരികയും ചെയ്തതിനു ശേഷമാണ് അമേരിക്ക നാഗസാക്കിയിലും ഹിരോഷിമയിലും ആറ്റംബോംബിട്ടതെന്നതും ചരിത്രമാണ്) പിന്നീടുള്ള പ്രസിഡന്റുമാരെല്ലാം – റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും – കോൺഗ്രസിനെ ഇരുട്ടിൽ നിർത്തിയാണ് വിദേശരാജ്യങ്ങൾക്കെതിരെ ആക്രമണത്തിന് തയ്യാറായത്.
സ്വന്തം രാജ്യത്തെ ജനപ്രതിനിധികളെ അറിയിക്കാതെയാണ് ട്രംപ് വെനസേ-്വലയെ കടന്നാക്രമിച്ചതെങ്കിലും വാഷിങ്ടൺ പോസ്റ്റിനും ന്യൂയോർക്ക് ടെെംസിനും വിവരം രഹസ്യമായി (അവർക്ക് ചോർന്നു കിട്ടിയതുപോലെ) കെെമാറാൻ ട്രംപിന്റെ സംഘം മറന്നില്ല. ജനപ്രതിനിധികൾ അറിഞ്ഞില്ലെങ്കിലും മൂലധനത്തിന്റെ വക്താക്കൾ അറിയണമെന്നതാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ഉള്ളിലിരിപ്പ്. ഈ മാധ്യമങ്ങളാകട്ടെ വിവരം രഹസ്യമായി തന്നെ സൂക്ഷിക്കുകയും ആക്രമണം നടന്ന ഉടൻ തന്നെ സംഭവം വാർത്തയാക്കുകയും ട്രംപിന് പിന്തുണ നൽകുകയും ചെയ്തു. നേരത്തെ വാർത്ത വന്നാൽ വെനസേ-്വലയിൽനിന്ന് ശക്തമായ ചെറുത്തുനിൽപ്പുയരുകയും അത് അമേരിക്കൻ സെെനികർക്ക് ജീവഹാനിയുണ്ടാകാൻ അതിടയാക്കുകയും ചെയ്യുമെന്നാണ് ഈ മാധ്യമങ്ങൾ പിന്നീട് പ്രതികരിച്ചത്. വെനസേ-്വലയ്ക്ക് നേരത്തെ വിവരം കിട്ടിയിരുന്നെങ്കിൽ സെെനികർക്ക് ജീവഹാനിയെന്നതിനപ്പുറം ട്രംപിന്റെ പദ്ധതി തന്നെ പൊളിഞ്ഞുപോകുമായിരുന്നുവെന്നതാണ് സത്യം.
ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി ആക്രമണ വാർത്ത വന്നയുടൻ പ്രതികരിച്ചത് ഇങ്ങനെയാണ്: ‘‘ഞാൻ പ്രസിഡന്റിനെ വിളിച്ച് ഈ നടപടിയിലുള്ള എന്റെ പ്രതിഷേധം അറിയിച്ചു’’. അമേരിക്കയിലെ പ്രമുഖ എഴുത്തുകാരിയും അഭിഭാഷകയുമായ ഈവ ഗോളിങ്ങർ വെനസേ-്വലയ്ക്കുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെ: ‘‘അമേരിക്ക ആർക്കെങ്കിലുമെതിരെ കുറ്റം ചുമത്തിയെന്നതുകൊണ്ട് മറ്റേതെങ്കിലുമൊരു രാജ്യത്തെ ആക്രമിക്കാനും കുറ്റാരോപിതനായ വ്യക്തിയെ പിടികൂടി ബന്ദിയാക്കാനും നിയമപരമായ അധികാരമൊന്നും ആർക്കുമില്ല. മദുറൊയെ സംബന്ധിച്ച പ്രശ്നം എന്തുതന്നെയായാലും അപ്പോഴും അമേരിക്കയുടെ നടപടി നിയമവിരുദ്ധം തന്നെയാണ്. ഈ സെെനിക നടപടിയെ ന്യായീകരിക്കുന്ന അമേരിക്കയ്ക്കെതിരെ മദുറൊയിൽനിന്ന് യാതൊരു ഭീഷണിയും ഉയർന്നിട്ടുമില്ല’’.
മഹാഭൂരിപക്ഷം ലാറ്റിനമേരിക്കൻ രാജ്യങ്ങളും, ചെെനയും റഷ്യയും ഉൾപ്പെടെ ലോകത്തെ പ്രമുഖ രാജ്യങ്ങളാകെയും ഇൗ ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ടെങ്കിലും ട്രംപ് സർക്കാരിന്റെ ഈ ക്രിമിനൽ നടപടിക്കെതിരെ ശക്തമായ തീരുമാനങ്ങളൊന്നും തന്നെ ഐക്യരാഷ്ട്ര സഭയിൽ നിന്നുണ്ടായിട്ടില്ല. അമേരിക്കയ്ക്കെതിരെ ഒരക്ഷരം ശക്തമായി ഉരിയാടാൻ കെൽപില്ലാത്തതാണ് ഈ ലോക സംഘടനയെന്ന് നമ്മെ വീണ്ടും ഓർമിപ്പിക്കുകയാണ് ഈ സംഭവം.
അമേരിക്കൻ ബിസിനസ് ലോകം ആഹ്ലാദത്തിമിർപ്പിലായിരുന്നു ജനുവരി മൂന്നിന്. 2025 ഫെബ്രുവരിയിൽ, ‘‘ലോകം മുഴുവൻ ഭരണമാറ്റത്തിനായി ഓടാതെ അമേരിക്ക സ്വന്തം കാര്യം നോക്കിയാൽ മതി’’യെന്നു പറഞ്ഞ ഇലോൺ മസ്ക് 2026 ജനുവരി മൂന്നിന് ‘‘എക്സിൽ’’ കുറച്ചത്, ‘‘അഭിനന്ദനങ്ങൾ, പ്രസിഡന്റ് ട്രംപ് ! ഇത് ലോകത്തിന്റെയാകെ നേട്ടമാണ്; എല്ലായിടത്തേയും സേ-്വച്ഛാധിപതികൾക്കുള്ള താക്കീതും’’ എന്നാണ്.
കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്ത് ഓരോ തിരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷം നേടിയാണ് വെനസേ-്വലയിൽ ആദ്യം ഷാവേസും പിന്നീട് മദുറൊയും അധികാരത്തിലെത്തിയത്. അമേരിക്കൻ അനുകൂല ഭരണത്തിൻകീഴിൽ നടന്ന തിരഞ്ഞെടുപ്പിൽ 1998ൽ 50 ശതമാനം വോട്ടു നേടിയാണ് ഷാവേസ് ആദ്യം അധികാരത്തിലെത്തിയത്. തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും, പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ മാത്രമല്ല, പാർലമെന്റിലേക്കും പ്രവിശ്യകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം വൻ ഭൂരിപക്ഷം നേടുകയായിരുന്നു. ജനഹിതപരിശോധനകളെയും ഇടതുപക്ഷം അതിജീവിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് കാർട്ടറുടെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിൽ ഈ തിരഞ്ഞെടുപ്പുകളെല്ലാം ശരിയും കൃത്യവുമാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അദ്ദേഹം പറയുന്നത്, അമേരിക്കയിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളെക്കാൾ സുതാര്യവും നിയമാനുസൃതവുമാണ് വെനസേ-്വലയിലെ തിരഞ്ഞെടുപ്പുകൾ എന്നാണ്. എന്നിട്ടാണ് അമേരിക്കയും പാശ്ചാത്യ മാധ്യമങ്ങളും നിരന്തരം വെനസേ-്വലയിലെ സർക്കാരിനെ സേ-്വച്ഛാധിപത്യ ഭരണമെന്ന് ആക്ഷേപിക്കുന്നത്.
ട്രംപിന്റെ നടപടി ലോകത്താകെയുള്ള വെല്ലുവിളിയാണ്. അതിനെ സർവശക്തിയും പ്രയോഗിച്ച് ലോകം ഒറ്റക്കെട്ടായി ചെറുത്തേപറ്റൂ. അതിന് അന്താരാഷ്ട്ര സമൂഹം ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ. l



