Thursday, August 13, 2026

ad

Homeകവര്‍സ്റ്റോറിവിഴിഞ്ഞം കരാറും മിഷൻ സമുദ്രയും

വിഴിഞ്ഞം കരാറും മിഷൻ സമുദ്രയും

ഡോ. ടി എം തോമസ് ഐസക്

രുപക്ഷേ, അധികമാർക്കും അറിഞ്ഞുകൂടാത്ത ഒരു വസ്തുതയുണ്ട്: കമ്യൂണിസ്റ്റ് പാർട്ടിയാണ് പൊതുമണ്ഡലത്തിൽ ആദ്യമായി വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ വികസന അജൻഡയിൽ ഉൾപ്പെടുത്തിയത്. ഇപ്പോഴൊന്നുമല്ല, ഏഴ് പതിറ്റാണ്ട് മുമ്പ്. 1956-ൽ തൃശ്ശൂരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേക സമ്മേളനം ഐക്യകേരളത്തിന്റെ വികസനത്തെക്കുറിച്ച് ഒരു രേഖ അംഗീകരിക്കുകയുണ്ടായി. ആ രേഖയിലാണ് ആദ്യമായി വിഴിഞ്ഞം തുറമുഖം പ്രത്യക്ഷപ്പെടുന്നത്.

എന്നാൽ അഞ്ച് പതിറ്റാണ്ട് കഴിഞ്ഞാണ് കേരളത്തിന്റെ വികസന ചർച്ചകളിൽ വിഴിഞ്ഞം തുറമുഖം വീണ്ടും സജീവമായത്. ഈ തുറമുഖ വികസനത്തെക്കുറിച്ച് എൽഡിഎഫും യുഡിഎഫും അന്നു മുതൽ തികച്ചും വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. ഇന്ന് വി.ഡി. സതീശൻ സർക്കാർ മിഷൻ സമുദ്രയിലൂടെ തുറമുഖാധിഷ്ഠിത വികസനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുമ്പോൾ ഈ വ്യത്യസ്ത സമീപനങ്ങൾ സംബന്ധിച്ച ഒരുവായന അനിവാര്യമായി മാറുന്നു.

വിഎസ് സർക്കാർ ആവിഷ്കരിച്ച 
ലാൻഡ്ലോർഡ് മോഡൽ വികസനം
വി.എസ് സർക്കാരിന്റെ കാലത്ത് 2007-ൽ Zoom Developers എന്ന കമ്പനിക്ക് കരാർ ഉറപ്പിച്ചതാണ്. എന്നാൽ , ഈ കമ്പനിയുടെ ഷെയർ ഹോൾഡർമാരിൽ ചൈനീസ് കമ്പനിയും ഉണ്ടെന്നുപറഞ്ഞ് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി അനുവാദം നിഷേധിക്കുകയാണുണ്ടായത്.

ലാൻഡ്ലോർഡ് മോഡൽ രീതിയിലാണ് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. എന്നുവച്ചാൽ സർക്കാരിന്റെ മുൻകൈയിൽ ഹാർബർ നിർമ്മിക്കുക. പിന്നീട് നടത്തിപ്പിന് ടെണ്ടറിലൂടെ ഒരു പങ്കാളിയെ കണ്ടുപിടിക്കുക. ഇങ്ങനെയാകുമ്പോൾ തുടക്കംമുതൽതന്നെ തുറമുഖത്തിന്റെ വരുമാനത്തിൽ ഒരു ഭാഗം കേരള സർക്കാരിനു ലഭിക്കും. തുറമുഖത്തിനുമേൽ നിയന്ത്രണവും ഉണ്ടാകും.

റീടെണ്ടറിൽ കൊണ്ടപ്പള്ളിയുടെ ലാൻകോ കമ്പനി, പദ്ധതി അവരെ ഏൽപ്പിക്കുകയാണെങ്കിൽ സർക്കാർ പണം മുടക്കണ്ട, മറിച്ച് 115 കോടി രൂപ സർക്കാരിന് ഇങ്ങോട്ടു തരാമെന്നു വാഗ്ദാനം ചെയ്തു. സ്വാഭാവികമായും ടെണ്ടർ അവർക്ക് ഉറപ്പിച്ചു. അവരുടെ ബിസിനസ് എതിരാളിയായ സൂം കൺസോർഷ്യം കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ കോടതിയിൽ പോയി. നിയമക്കുരുക്കിൽ കുടുങ്ങിയതിനാൽ ലാൻകോ കമ്പനി ഈ പദ്ധതിയിൽ നിന്നും പിന്മാറി.

കൂടുതൽ വിശദമായ പഠനങ്ങൾ നടത്തിയശേഷം സർക്കാർ ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പ്പറേഷനെ (ഐ.എഫ്.സി) തുറമുഖ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. 450 കോടി രൂപ ബജറ്റുവഴിയും 2500 കോടി രൂപ എസ്ബിടി ലീഡ് പാര്‍ട്ണറായുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വഴിയും സമാഹരിക്കാന്‍ നിശ്ചയിച്ചു.

തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറന്‍സിനായി 2010 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിനു സമർപ്പിച്ചു. പക്ഷേ കോൺഗ്രസ് നേതാവ് ജയ്റാം രമേശിനു കീഴിലുള്ള പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി പഠനത്തിനുള്ള അനുവാദം നിഷേധിച്ചു. കേന്ദ്രം അന്നു പറഞ്ഞ ഒരു പ്രധാന ന്യായം വല്ലാര്‍പാടം, കുളച്ചല്‍, മദ്രാസ്, തൂത്തുക്കുടി എന്നീ തുറമുഖങ്ങൾ സമീപമുണ്ട് എന്നതായിരുന്നു. കേരളം നൽകിയ രണ്ടാമത്തെ അപേക്ഷയും കേന്ദ്രം തള്ളി. ഇതിന്റെ പിന്നിലെല്ലാം കളിച്ചത് കേരളത്തിലെ കോൺഗ്രസ് നേതാക്കളായിരുന്നു.

വിഎസ് സർക്കാരിന്റെ കാലത്ത് കോൺഗ്രസിന്റെ കേന്ദ്ര സർക്കാർ ഇടങ്കോലിട്ടില്ലായിരുന്നെങ്കിൽ കലാപങ്ങളും മറ്റുംമൂലം കൊളംബോ തുറമുഖ പ്രവർത്തനം തടസ്സപ്പെട്ട സമയത്ത് വിഴിഞ്ഞം ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറിയേനെ.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ അദാനിയുമായുള്ള ഡീൽ
പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ 2011ൽ അധികാരത്തിൽവന്നു. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരണം. അന്ന് കേന്ദ്രമന്ത്രിയായിരുന്ന എ.കെ. ആന്റണി കേരളത്തിലേക്ക് പുതിയൊരു വികസന പദ്ധതി കൊണ്ടുവരുന്നതിനു തനിക്കു ധൈര്യമില്ലായെന്നു പരസ്യമായി സമ്മതിച്ചു. അത്രയ്ക്കു കെടുകാര്യസ്ഥത നിറഞ്ഞതായിരുന്നു ഉമ്മൻ ചാണ്ടി ഭരണം. ഇതിനെതിരെ വിഴിഞ്ഞം പദ്ധതിക്കു വേണ്ടി ശക്തമായ പ്രക്ഷോഭം എൽഡിഎഫ് സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലെ സമരം 212 ദിവസം നീണ്ടു. മനുഷ്യച്ചങ്ങല തീർത്തു. അങ്ങനെയാണ് ഉമ്മൻ ചാണ്ടി സർക്കാരിനെ അനക്കിയത്.

2013 ജനുവരിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേന്ദ്ര പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാനോട് വിഴിഞ്ഞം പദ്ധതി പിപിപി മോഡലില്‍ റീസ്ട്രക്ചര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. അവസാനവർഷം പിപിപി മോഡലിൽ ടെണ്ടർ വിളിച്ചു. അഞ്ച് കമ്പനികള്‍ മുന്നോട്ടുവന്നു. അവരുമായൊന്നും ചർച്ച നടത്താതെ അദാനി ഗ്രൂപ്പുമായി രഹസ്യ ചർച്ച നടത്തി ഏകപക്ഷീയമായി അദാനിയെ പങ്കാളിയായി നിശ്ചയിച്ചു.

അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും കേരള സർക്കാരിന്റെ വിസാൽ എന്ന പൊതുമേഖലാ കമ്പനിയുമായിട്ടാണ് 2015 ആഗസ്തിൽ പിപിപി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 61.5 ശതമാനം (5370 കോടി രൂപ) കേരള സർക്കാരാണ് ചെലവഴിക്കുന്നത്. 9.6 ശതമാനം (818 കോടി രൂപ) വയബിലിറ്റി ഗ്യാപ് ഫണ്ടിങ് എന്ന നിലയിൽ കേരളത്തിനു കേന്ദ്രം വായ്പ നൽകുന്ന പണമാണ്. അദാനി മുടക്കുന്നത് വെറും 28.9 ശതമാനം (2497 കോടി രൂപ) മാത്രമാണ്.

ഈ ഡീൽ പ്രകാരം തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) കമ്പനിയിൽ നിക്ഷിപ്തമായി. മൊത്തം നിർമാണ ചെലവിന്റെ 30 ശതമാനത്തിൽ താഴെ മാത്രം ചെലവഴിക്കുന്ന അദാനിക്ക് തുറമുഖ ഭൂമിയും 5,370 കോടി രൂപയുടെ തുറമുഖ നിർമാണങ്ങളും 40 വർഷത്തേക്ക് സ്വന്തമായിക്കിട്ടി. ഭൂമി പണയപ്പെടുത്തുന്നതിനും വാണിജ്യാവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിനും അദാനിക്ക് അവകാശവുംകിട്ടി. തികച്ചും വിചിത്രമായ ഒരു ഡീൽ ആയിരുന്നു ഇതെന്ന് പറയാതെ നിർവ്വാഹമില്ല.

70 ശതമാനം പണവും മുടക്കുന്ന കേരള സർക്കാരിന് തുറമുഖത്തിൽനിന്നും എന്തെങ്കിലും വരുമാനം കിട്ടാൻ 20 വർഷം കാത്തിരിക്കണം. അതും ഒരു ശതമാനം മാത്രം. പിന്നീട് ഈ തോത് പടിപടിയായി ഉയരും. 30 വർഷം കഴിഞ്ഞേ തുറമുഖം കേരളത്തിന്റെ നിയന്ത്രണത്തിലേക്ക് വരൂ. ഇത് പത്ത് വർഷത്തേക്കുകൂടി നീട്ടിക്കൊടുക്കുന്നതിനും കരാറിൽ വ്യവസ്ഥയുണ്ട്.

അതുകൊണ്ടാണ് ഉമ്മൻ ചാണ്ടി അദാനിയുമായി ഉണ്ടാക്കിയ കരാർ ഒരു കടൽക്കൊള്ളയാണെന്ന് ഇടതുപക്ഷം ചൂണ്ടിക്കാണിച്ചത്. സംസ്ഥാന സർക്കാരിനു നേരിട്ടു മുതൽമുടക്കിന് ആനുപാതികമായി ഒരു പ്രത്യക്ഷനേട്ടവും ലഭിക്കുന്നില്ല. ഇക്കാര്യം സി&എജിയുടെ ഓഡിറ്റ് പൂർണ്ണമായും ശരിവച്ചിട്ടുണ്ട്. വി.എം. സുധീരനെപ്പോലുള്ള കോൺഗ്രസുകാർപോലും സി&എജിയുടെ വിമർശനത്തെ അന്ന് ശരിവയ്ക്കുകയുണ്ടായി.

എന്തുകൊണ്ട് പിണറായി സർക്കാരുകൾ അദാനി കരാറിൽനിന്ന് പിന്മാറിയില്ല?
അദാനിയുമായി ഉണ്ടാക്കിയ കരാറിനെ ഇത്ര നിശിതമായി വിമർശിച്ച ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ എന്തുകൊണ്ട് ആ കരാറിൽനിന്ന‍് പിന്മാറിയില്ല? തള്ളിപ്പറഞ്ഞില്ല? ഇതാണ് യുഡിഎഫ് മാത്രമല്ല, ചില ഇടതുപക്ഷ സഹയാത്രികരും ഉന്നയിച്ച ചോദ്യം.

ഈ വിമർശനങ്ങളെല്ലമുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണത്തിന് ഇടതുപക്ഷം തടസ്സങ്ങൾ സൃഷ്ടിക്കില്ലായെന്നു ഭരണത്തിൽ വരുന്നതിനു മുമ്പുതന്നെ നാം വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖം സമയബന്ധിതമായി നടപ്പിലാക്കുമെന്നും മത്സ്യത്തൊഴിലാളികൾക്കു ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ എടുത്തുപറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമാണം എൽഡിഎഫ് അധികാരത്തിൽ വരുമ്പോഴേക്കും ഏറെ വൈകിക്കഴിഞ്ഞിരുന്നു. തമിഴ്നാട്ടിലെ കുളച്ചലിൽ പുതിയൊരു തുറമുഖത്തിനു കേന്ദ്രസർക്കാർ അനുവാദം കൊടുത്തിരുന്നു. അതിനുമുൻപ് വിഴിഞ്ഞം പോർട്ട് പൂർത്തീകരിക്കാൻ കഴിയണം. കരാർ റദ്ദാക്കുക തുടങ്ങിയ നടപടികളിലേക്കു നീങ്ങിയാൽ നിയമക്കുരുക്കുകളിൽ പദ്ധതി അനന്തമായി നീണ്ടുപോകും. അദാനിയാണെങ്കിൽ കുളച്ചൽ തുറമുഖ നിർമാണത്തിൽ താല്പര്യവും കാണിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് യുഡിഎഫ് കാലത്ത് ഉണ്ടാക്കിയ അദാനി കരാറുമായി മുന്നോട്ടു പോകാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്.

തുറമുഖത്തിന്റെ ലാഭത്തിൽ നിന്ന് 20 വർഷം കഴിഞ്ഞേ തുച്ഛമായ വിഹിതം ലഭിച്ചുതുടങ്ങൂവെങ്കിലും തുറമുഖത്തിന്റെ പിന്നണി പ്രദേശങ്ങളിൽ അത് സൃഷ്ടിക്കാവുന്ന വലിയ അനുരണന സാധ്യതകളുണ്ട്. ഇത്- സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കംകൂട്ടും. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുമെന്നതിന്റെ അടിസ്ഥാനത്തിൽ പിണറായി സർക്കാർ വലിയൊരു തലസ്ഥാന മേഖലാ വികസന പരിപാടിക്ക്‌ (Capital City Region Development Program) രൂപം നൽകിയിരുന്നു. ഏതാണ്ട്‌ 60,000 കോടി രൂപ ചെലവ്‌ വരും ഇതിന്‌. ഇത് പിന്നെ വിഴിഞ്ഞം – കൊല്ലം – പുനലൂർ വികസന ത്രികോണമായി വിപുലീകരിച്ചു.

കഴിഞ്ഞ പത്തു വർഷക്കാലത്തിനിടയിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണം സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് പിണറായി വിജയൻ സർക്കാർ എടുത്ത നടപടികൾ വിസ്തരഭയത്താൽ ഇവിടെ വിശദീകരിക്കുന്നില്ല. യുഡിഎഫ് ആകട്ടെ പദ്ധതി പൊളിക്കുന്നതിനുവേണ്ടി ചില നിക്ഷിപ്ത താല്പര്യക്കാർ നടത്തിയ സമരങ്ങളിൽ പങ്കാളികളായി പദ്ധതിയെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശനായിരുന്നു അതിനു മുന്നിൽ നിന്നത്.

ഈ പ്രതിബന്ധങ്ങളൊക്കെ മറികടന്നാണ് ഒന്നാംഘട്ടം പൂർത്തിയാക്കുക മാത്രമല്ല, 2028-ലെ രണ്ടാംഘട്ട വിപുലീകരണവും പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പിണറായി സർക്കാർ സ്വീകരിച്ചത്. ആദ്യ വർഷം തന്നെ ആയിരം കപ്പലുകളെ സ്വീകരിച്ചുകൊണ്ട് വിഴിഞ്ഞം ലോകറെക്കോർഡിട്ടു. ഈ ഘട്ടത്തിലാണ് വീണ്ടും യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത്.

വി ഡി സതീശൻ സർക്കാരും 
അദാനിയുടെ ഓഹരി വിൽപ്പനയും
പുതിയ യുഡിഎഫ് സർക്കാരിന്റെ തുടക്കംതന്നെ വിഴിഞ്ഞം സംബന്ധിച്ച പുതിയൊരു വിവാദത്തോടെയായിരുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആരായിരിക്കണം മുഖ്യമന്ത്രിയെന്നത് ഹൈക്കമാൻഡ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വേളയിൽതന്നെ വി.ഡി. സതീശൻ ചാർട്ടേർഡ് ഫ്ലൈറ്റിൽ മംഗലാപുരത്തു പോയി അദാനി കമ്പനി അധികൃതരുമായി നടത്തിയ രഹസ്യ ചർച്ച ഇന്നും ഒരു പ്രഹേളികയായി തുടരുകയാണ്. മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC) യുമായുള്ള അദാനി വിഴിഞ്ഞം കമ്പനിയുടെ ഓഹരി കൈമാറ്റ വാർത്ത പുറത്തുവന്നതോടുകൂടി, ഇതുമായി ബന്ധപ്പെട്ടായിരുന്നു രഹസ്യ ചർച്ചയെന്നത് പരസ്യ ചർച്ചയായി. മുഖ്യമന്ത്രി സതീശനാകട്ടെ ഇക്കാര്യം നിഷേധിച്ചിട്ടുമില്ല.

അദാനിയുടെ കമ്പനിയിലെ ഓഹരി വിൽക്കുന്നത് എന്തുകൊണ്ട് ഇത്തരമൊരു വിവാദമാകണം? ഈ ലക്കം ചിന്തയിലെ മറ്റു ലേഖനങ്ങളിലെ പ്രധാനപ്പെട്ട പ്രതിപാദ്യ വിഷയം ഇതാണ്. അതുകൊണ്ട് കൂടുതൽ വിശദാംശങ്ങളിലേക്ക് ഇവിടെ പോകേണ്ടതില്ല. മൂന്നു കാരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും.

ഒന്ന്, പിപിപി കരാർപ്രകാരം ഇത്തരമൊരു ഓഹരി കൈമാറ്റത്തിന് കേരള സർക്കാരിന്റെ അനുമതി വേണം. ആ അനുവാദം വാങ്ങാതെയാണ് ഓഹരി കൈമാറ്റ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അനുവാദത്തോടെയാണോ? മംഗലാപുരത്തെ സ്വകാര്യസന്ദർശനവേളയിൽ ഇത് ചർച്ച ചെയ്തിരുന്നോ?

രണ്ട്, എംഎസ്-സി-യ്ക്ക് ഓഹരി വിൽക്കാനുള്ള തീരുമാനം കരാറിലെ 5(9) വകുപ്പിന് എതിരാണ്. 5(9) വകുപ്പുപ്രകാരം, അദാനി കമ്പനിയും സഹോദര സ്ഥാപനങ്ങളും വിഴിഞ്ഞം തുറമുഖത്തിന് 250 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു തുറമുഖത്തിലും 25 ശതമാനത്തിലധികം ഓഹരി എടുക്കാൻ പാടുള്ളതല്ല. ഇതുപോലെ മറിച്ചും. സമീപ തുറമുഖങ്ങളിൽ 25 ശതമാനത്തിലധികം ഉടമസ്ഥതയുള്ള ഒരു കമ്പനിക്കോ വ്യക്തിക്കോ വിഴിഞ്ഞം തുറമുഖത്തിൽ 25 ശതമാനത്തിലധികം ഓഹരി വാങ്ങാൻ അവകാശമില്ല.

എന്നാൽ MSC-യ്ക്ക് വിഴിഞ്ഞത്തു നിന്നും 187 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന തൂത്തുക്കുടി തുറമുഖത്തിൽ ഒരു ടെർമിനലിന്റെ പൂർണ ഉടമസ്ഥാവകാശമുണ്ട്. 2022-ൽ ആഫ്രിക്ക ലോജിസ്റ്റിക്സ് എന്ന കമ്പനി വാങ്ങിയപ്പോഴാണ് ഈ ടെർമിനൽ എംഎസ്-സിയുടേതായത്. തൂത്തുക്കുടി തുറമുഖം കൊളംബോയിൽ നിന്നും വിഴിഞ്ഞത്തു നിന്നും കണ്ടയ്നറുകൾ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നത് ഈ ടെർമിനൽ വഴിയാണ്. എന്നിട്ടും എംഎസ്-സി-യ്ക്ക് ഓഹരി വിൽക്കാൻ തീരുമാനമായത് എങ്ങനെ?

മൂന്ന്, ഉമ്മൻ ചാണ്ടിയുടെ കീഴിലുണ്ടാക്കിയ കരാറിലെ കൊള്ളയുടെ വലുപ്പം ഈ ഓഹരി കൈമാറ്റം വെളിപ്പെടുത്തുന്നു. 2,598 കോടി രൂപ മുതൽമുടക്കുന്ന അദാനി കമ്പനിയുടെ ഓഹരികളുടെ ഇന്നത്തെ മൂല്യം ഏതാണ്ട് 25,000 കോടി രൂപയാണ്. 30 വർഷത്തേക്ക് തുറമുഖ നടത്തിപ്പിന്റെ ലാഭം മാത്രമല്ല, ഇതുപോലെ ഉണ്ടാകുന്ന ഷെയർ മൂല്യവർദ്ധനയുടെ നേട്ടത്തിലും കേരളത്തിന് ഒരുപങ്കുമില്ല. എന്നാൽ കേരളം 70 ശതമാനം ചെലവ് വഹിക്കുകയും വേണം. ഇതിനെയാണ് കടൽക്കൊള്ളയെന്ന് ഇടതുപക്ഷം വിശേഷിപ്പിച്ചത്.

ഇതുവരെയും വിഴിഞ്ഞം തുറമുഖത്തു നിന്നും അദാനിക്ക് ലഭിക്കുന്ന ലാഭത്തിനെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇതിനു വ്യക്തത വന്നിട്ടുണ്ട്. AVPPL-ന്റെ ഓഹരി മൂലധനം വെറും 897 കോടി രൂപ മാത്രമാണ്. അതിന്റെ 49 ശതമാനം ഓഹരിയാണ് 13,000 കോടി രൂപയ്ക്ക് MSC-യ്ക്ക് വിൽക്കുന്നത്. എന്നുവച്ചാൽ ഇപ്പോൾ ഓഹരിയുടെ മാർക്കറ്റ് മൂല്യം 26,500 കോടി രൂപയാണ്. അതായത് 10 വർഷംകൊണ്ട് ഓഹരിയുടെ കമ്പോള വിലയിൽ 30 മടങ്ങാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇതാണ് വിഴിഞ്ഞം തുറമുഖ നടത്തിപ്പിൽ നിന്ന് അദാനി കമ്പനിക്ക് വർഷംതോറും ലഭിക്കുന്ന ലാഭത്തിന്റെ സൂചന. ഇതുപോലൊരു കൊള്ളലാഭം മറ്റൊരിടത്തുനിന്നും ലഭിക്കില്ല.

2028-ൽ തുറമുഖത്തിന്റെ രണ്ടാംഘട്ടംകൂടി പൂർത്തീകരിക്കുന്നതോടെ ഇപ്പോൾ കണക്കു കൂട്ടാൻ കഴിയാത്തവിധത്തിൽ തുറമുഖത്തുനിന്നു ലഭിക്കുന്ന ലാഭം വർദ്ധിക്കും. ഓഹരിവില ഇനിയും കുത്തനെ ഉയരും. പക്ഷേ, ഇതിൽനിന്നും ഒരു പ്രത്യക്ഷനേട്ടവും കേരള സർക്കാരിനില്ല. ഇത്തരമൊരു കടൽക്കൊള്ള കരാറാണ് ഉമ്മൻ ചാണ്ടി അദാനിയുമായി ഉണ്ടാക്കിയത്. ഇതാണോ മിഷൻ സമുദ്രയിൽ വി.ഡി. സതീശൻ പിന്തുടരാൻ ഉദ്ദേശിക്കുന്നത്?

ന്യായീകരണക്കാരുടെ പൊള്ളയായ വാദങ്ങൾ
എംഎസ്-സി പോലെ ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനി വിഴിഞ്ഞം തുറമുഖത്തിൽ ഓഹരി എടുക്കുന്നത് തുറമുഖ വികസനത്തിന് നല്ലതല്ലേ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇതുപോലെ ഇന്ത്യയിലെ അദാനിയുടെ മറ്റു പല തുറമുഖ കമ്പനികളിലും ഇവർ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

MSC മാത്രമല്ല, അതുപോലുള്ള മറ്റ് കമ്പനികളും കേരളത്തിൽ മുതൽമുടക്കണമെന്നാണ് ഇടതുപക്ഷവും പറയുന്നത്. പക്ഷേ, അവ കേരളത്തിന്റെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കണം. ഇത്തരമൊരു അവധാനതയോടെയുള്ള സമീപനം വിഴിഞ്ഞം തുറമുഖ വികസനത്തിൽ യുഡിഎഫ് പുലർത്തുന്നില്ലായെന്നതാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

വിഴിഞ്ഞം ഇന്റർനാഷണൽ സീപ്പോർട്ട് ഇതിനകം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളടക്കം ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലസൗകര്യ നിർമിതികളെ എങ്ങനെ ബാധിക്കും? തുറമുഖത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവ് തുറമുഖത്തിന്റെ നടത്തിപ്പുകൂടി ഏറ്റെടുക്കുമ്പോൾ ഇത്തരം സ്ഥാപനങ്ങൾക്കും മറ്റ് ഷിപ്പിംഗ് കമ്പനികൾക്കും ആശങ്ക ഉണ്ടാകുന്നത് സ്വാഭാവികം. ഇതുപോലുള്ള കാര്യങ്ങള്‍ കേരള സർക്കാർ പരിശോധിച്ചിട്ടുണ്ടോ? ഇക്കാര്യങ്ങൾ പരിശോധിച്ചിട്ടു വേണ്ടേ അനുവാദം നൽകാനെന്നാണ് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ച പ്രസക്തമായ ചോദ്യം.

മറ്റൊരു കൂട്ടം ശുദ്ധാത്മാക്കൾ ചോദിക്കുന്നത് ഓഹരികളുടെ മൂല്യം വർദ്ധിക്കുന്നത് സ്വാഭാവികമല്ലേ എന്നാണ്. അദാനി 897 കോടി രൂപ മാത്രമേ നിക്ഷേപം നടത്തിയിട്ടുള്ളൂവെങ്കിലും ഓഹരിയുടെ മൂല്യം പലമടങ്ങ് വർദ്ധിച്ചത് അദാനിയുടെ മികവല്ലേ?

യഥാർഥത്തിൽ, ഓഹരി മൂല്യത്തിലെ ഈ വർദ്ധന ശരിവയ്ക്കുന്നത് ഉമ്മൻ ചാണ്ടി സർക്കാർ അദാനിക്ക് കടല്‍ക്കൊള്ളയ്ക്ക് അവസരമൊരുക്കി എന്ന ഇടതുപക്ഷത്തിന്റെ ആരോപണത്തെയാണ്. ഇത്രവലിയ ലാഭം നേടുന്നതിന് അദാനിക്ക് നമ്മുടെ അനുവാദം കൂടിയേതീരൂ. ഓഹരി കൈമാറ്റത്തിന് അനുവാദം നൽകുംമുമ്പ് അദാനി പോർട്ടിന്റെ നടത്തിപ്പ് കേരളത്തിനു കൂടുതൽ അനുകൂലമാക്കി മാറ്റുന്നതിനുള്ള എന്തെങ്കിലും ചർച്ചകൾ കേരള സർക്കാർ നടത്തിയിട്ടുണ്ടോ?

മിഷൻ സമുദ്ര: കോർപ്പറേറ്റ് 
കൊള്ളയ്ക്കുള്ള സൂത്രവാക്യം
തന്റെ പ്രഥമ ബജറ്റ് പ്രസംഗത്തിൽ കേരളത്തിന്റെ വികസനത്തിനുള്ള സൂത്രവാക്യമായി വി.ഡി. സതീശൻ പ്രഖ്യാപിച്ചത് തുറമുഖാധിഷ്ഠിത വികസനതന്ത്രമാണ്:

“കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്-നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ, മറ്റനേകം ജലസ്രോതസ്സുകൾ തുടങ്ങിയ സാധ്യതകൾ സംയോജിപ്പിച്ച് അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയർത്തുന്നതിനുള്ള പദ്ധതിയായ “മിഷൻ സമുദ്ര” നടപ്പിലാക്കും. കേരളത്തെ ഒരു പോർട്ട് സിറ്റിയായി വിഭാവനംചെയ്ത് റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റും.”

മേൽപ്പറഞ്ഞ പരിവർത്തനത്തിനാണ് മിഷൻ സമുദ്ര. യുഡിഎഫിന്റെ ബജറ്റ് കാഴ്ചപ്പാടുപ്രകാരം പുതിയ തുറമുഖങ്ങൾ വികസിപ്പിക്കുമ്പോഴും അവയുടെ പിന്നാലെ പാർക്കുകളും ഇടനാഴികളും സ്ഥാപിക്കുമ്പോഴും ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് മോഡലാണോ മാതൃക? എങ്കിൽ അത് വിനാശകരമായിരിക്കും.

തീരുമാനമായിട്ടില്ലെങ്കിലും AVPPL-ന്റെ ഓഹരി കൈമാറ്റത്തിന് കേരള സർക്കാരിന്റെ മൗനാനുവാദമുണ്ട്. ഇത് അദാനി പോലുള്ള കമ്പനികളുമായി മിഷൻ സമുദ്രയുടെ ഭാഗമായി ഉണ്ടാകാൻ പോകുന്ന ഡീലുകളുടെ ഉത്തമ മാതൃകയാണ്. ഇതുപറഞ്ഞ എന്നോട് അദാനിയുടെ പി.ആർ ടീമും, കോൺഗ്രസുകാരും ചില ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നു.

മുഖ്യമന്ത്രി വി.ഡി സതീശന്റെ മിഷൻ സമുദ്ര, ഇതേ കടൽക്കൊള്ള സമ്പ്രദായം മറ്റ് തുറമുഖങ്ങളിലേക്കും കടൽ ഖനനത്തിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ആസൂത്രിത പദ്ധതിയാണ്. ഇതിനു രണ്ട് തെളിവുകളുണ്ട്. ഒന്ന്, സർക്കാർ ഒരു ഫെസിലിറ്റേറ്റർ ആയാൽ മതിയെന്നാണ് യുഡിഎഫിന്റെ ആദർശം. – പദ്ധതികളുടെ നിർമാണവും നടത്തിപ്പും സ്വകാര്യ മേഖലയ്ക്കായിരിക്കും.

രണ്ട്, ഇത്തരം ഭീമൻ പദ്ധതികൾക്ക് സ്വയം പണം സമാഹരിക്കാനുള്ള എല്ലാ നീക്കങ്ങളും സർക്കാർ വേണ്ടെന്നുവയ്ക്കുകയാണ്. ഒരു ലക്ഷം കോടി രൂപവരെ ഒരു പ്രയാസവുമില്ലാതെ വായ്പയെടുക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുള്ള കിഫ്ബിയുടെ വിശ്വാസ്യതയെ ഉടമസ്ഥരായ കേരള സർക്കാർതന്നെ ആക്ഷേപങ്ങൾകൊണ്ട് തകർക്കുകയാണ്.

അങ്ങനെ, പണം ഉണ്ടാക്കുന്നതിനും നിർമാണം നടത്തുന്നതിനും പദ്ധതി നടത്തിക്കുന്നതിനും സ്വകാര്യ കുത്തകകളെ ആശ്രയിക്കുകയേ കേരളത്തിനു നിര്‍വ്വാഹമുള്ളൂ എന്ന സ്ഥിതി സംജാതമാക്കുന്നു. ഇത് എങ്ങനെ കേരളത്തിലെ വിഭവങ്ങളെയും വികസന സാധ്യതകളെയും കൊള്ളയടിക്കുന്നതിലേക്ക് നയിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി.

മിഷൻ സമുദ്ര സംബന്ധിച്ച പുതിയ ബജറ്റിലെ നിർദ്ദേങ്ങൾ ഉയർത്തിയിരിക്കുന്ന ആശങ്കകളെ ശരിവയ്ക്കുന്നതാണ് അദാനിയുടെ വിഴിഞ്ഞം ഓഹരി കൈമാറ്റം. വിഴിഞ്ഞം പോർട്ടിന്റെ ഉടമസ്ഥനായ കേരള സർക്കാരിനോട് ചർച്ചചെയ്യാതെ ഇത്തരമൊരു നടപടിക്ക് അദാനി കമ്പനി തയ്യാറായതിന്റെ പശ്ചാത്തലം പുതിയ ബജറ്റ് നിർദ്ദേശമാണ്.

കേരളത്തിന്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ഇത്തരത്തിൽ കുത്തകകൾക്കും വിദേശ കമ്പനികൾക്കും കൈമാറുന്നതിനുള്ള നീക്കമല്ല മിഷൻ സമുദ്രയിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി സതീശന് എങ്ങനെ ഉറപ്പുപറയാനാകും?

കേരളം മുഴുവൻ തീരദേശ, മലയോര ദേശീയപാത റോഡുകളാലും ഉൾനാടൻ ജലഗതാഗത മാർഗത്താലും തീരദേശ കപ്പൽ മാർഗത്താലും പരസ്പരബന്ധിതമാക്കി, വ്യവസായ കോറിഡോറുകളുടെയും പാർക്കുകളുടെയും ശൃംഖലകൾ സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശം എൽഡിഎഫ് കിഫ്ബി വഴി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വേളയിലാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. ഇത്തരത്തിൽ പശ്ചാത്തലസൗകര്യങ്ങളുടെ വികസനംകൊണ്ട് ലക്ഷ്യമിട്ടിരുന്നത് കേവലം തുറമുഖാധിഷ്ഠിത വികസനത്തെയല്ല. കേരളത്തെ ഒരു വിജ്ഞാന തൊഴിൽ സമ്പദ്ഘടനയായി പരിവർത്തനം ചെയ്യുന്നതിനു വേണ്ടിയായിരുന്നു. കേരളം മുഴുവൻ പരന്നു കിടക്കുന്ന ഒരു പുതിയ സിലിക്കൺവാലിയായി മാറണം. കേരളത്തിലെ പ്രകൃതി വിഭവങ്ങൾക്കും മനുഷ്യവിഭവശേഷിക്കും അനുയോജ്യമായൊരു വികസനം ആയിരിക്കുമിത്.

ഇതിനുപകരം തുറമുഖങ്ങളെ അടിസ്ഥാനമാക്കി കപ്പൽ മാർഗേണയുള്ള കയറ്റുമതി ഘനവ്യവസായങ്ങൾ സ്ഥാപിച്ച് പുതുയുഗ കേരളത്തെ സൃഷ്ടിക്കുമെന്നാണ് വി ഡി സതീശൻ പറയുന്നത്. ഇത്തരം വ്യവസായങ്ങളുടെ സാധ്യത കേരളത്തിൽ വളരെ പരിമിതമാണ്. വിഴിഞ്ഞം കയറ്റുമതി–-ഇറക്കുമതി ഇത്തരം വ്യവസായങ്ങളെ അധിഷ്ഠിതമാക്കിയുള്ളതല്ല. വിഴിഞ്ഞം ഒരു ട്രാൻസ്-ഷിപ്പ്മെന്റ് തുറമുഖമാണ്. ഇവിടെയുണ്ടാകുന്ന വളർച്ച മറ്റു തുറമുഖങ്ങളിൽ പ്രതീക്ഷിക്കരുത്. തുറമുഖാധിഷ്ഠിത വ്യവസായങ്ങളിലല്ല, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലാണ് കേരളത്തിന്റെ ഭാവി.

ഇതുസംബന്ധിച്ചുള്ള വ്യത്യസ്തതകൾ നിലനിർത്തിക്കൊണ്ടുതന്നെ തുറമുഖ വികസനത്തെ പിന്തുണയ്ക്കുന്നതിന് പ്രതിപക്ഷത്തിനു മടിയുണ്ടാകില്ല. പക്ഷേ, വിഴിഞ്ഞം മോഡൽ പറ്റില്ല. തുറമുഖ വികസനത്തിൽ മാത്രമല്ല, അപൂർവ്വധാതുക്കളുടെ വികസനത്തിലും ഇത്തരം മോഡലുകൾ ഇനി കേരളം അംഗീകരിക്കില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + 9 =

Most Popular