ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല വിദ്യാർത്ഥി സമരം ഒരു മാസം പിന്നിട്ടിരിക്കുന്നു. സർവകലാശാലയിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുവാനും വിദ്യാർഥികളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുവാനുമായി 18 ഇന ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് എസ്എഫ്ഐ സമരം ചെയ്യുന്നത്. കുടിക്കുവാൻ ശുദ്ധജലവും, പഠിപ്പിക്കുവാൻ അധ്യാപകരും, ഗവേഷണം ചെയ്യുവാൻ മുടക്കമില്ലാതെ ഫെലോഷിപ്പും, പ്രിന്റഡ് സർട്ടിഫിക്കറ്റും മുതൽ സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനു വൈസ് ചാൻസലർ സർവകലാശാലയിൽ സ്ഥിരമായി വരണമെന്നും വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കാൻ അടിയന്തരമായി ചർച്ചയ്ക്കു തയ്യാറാവണമെന്നും സമരത്തിന്റെ ഭാഗമായി ഉന്നയിച്ചിരുന്നു. എന്നാൽ, വിദ്യാർഥികൾ ഉന്നയിച്ച ഈ അടിസ്ഥാനാവശ്യങ്ങൾക്കുനേരെ മുഖംതിരിച്ച വി.സി. സിസ തോമസും സിൻഡിക്കേറ്റ് പ്രതിനിധികളും അവരുടെ ഉപജാപവൃന്ദങ്ങളും വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിഷേധസമരത്തെക്കുറിച്ച് വ്യാജ വാർത്തകൾ കെട്ടിച്ചമയ്ക്കുകയും അതുവഴി പൊതുസമൂഹത്തിനു മുന്നിൽ സമരം ചെയ്ത വിദ്യാർഥികളെ കുറ്റവാളികളായി ചിത്രീകരിക്കുകയുമാണ് ചെയ്തത്. സമരാവശ്യങ്ങൾ അറിയിക്കാനായി സിൻഡിക്കേറ്റിലേക്കു പ്രതിഷേധമാർച്ച് നടത്തുകയും തങ്ങളുടെ പ്രശ്‌നങ്ങൾ സർഗാത്മകമായി അവതരിപ്പിക്കുകയും ചെയ്ത വിദ്യാർഥികളെ പൊലീസിനെ ഉപയോഗിച്ചു മർദിക്കുകയും കള്ളക്കേസ് ഫയൽചെയ്ത് വീട്ടിൽ കയറി അറസ്റ്റുചെയ്യുകയുമുണ്ടായി. സമരത്തെ തകർക്കാൻ വിസിയും സിൻഡിക്കേറ്റും കേരള പൊലീസും വലതുപക്ഷ മാധ്യമങ്ങളും നിരന്തരം ശ്രമിച്ചു. എന്നാൽ, നേരറിയുന്ന സർവകലാശാലയിലെ വിദ്യാർഥി സമൂഹം സമരത്തിൽ തുടർന്നും അണിനിരന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച വ്യാജ വാർത്തകളുടെ യഥാർഥ വസ്തുതകൾ വിദ്യാർഥികൾ പൊതുസമൂഹത്തിനു മുന്നിലെത്തിച്ചു. ഇന്നും വിദ്യാർഥികൾ സമരം തുടർന്നുകൊണ്ടിരിക്കുന്നു. ഈ സമരത്തെ, ഒരു സർവകലാശാലയുടെ മാത്രം വിഷയമായി ചുരുക്കാനാവില്ല. കേന്ദ്രസർക്കാരിന്റെ വിദ്യാർത്ഥിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യമെമ്പാടുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലും പുറത്തും ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നിരന്തരമായി സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. NEP 2020 മുന്നോട്ടുവെച്ച വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണം ഒരു മൂർത്ത യാഥാർത്ഥ്യമായി നമുക്ക് മുന്നിലുണ്ട്. രാജ്യത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകർത്തെറിയാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾ അക്കാദമിക മേഖലയിൽ പിടിമുറുക്കുകയും വിദ്യാഭ്യാസ സംവിധാനത്തെ തന്നെ അട്ടിമറിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പൊതു പരീക്ഷകളുടെ വിശ്വാസ്യത ഒന്നടങ്കം നഷ്ടപ്പെട്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന തകർച്ചയുടെ പശ്ചാത്തലത്തിൽ വിദ്യാർഥികളൊന്നടങ്കം പ്രതിഷേധജ്വാലയായി അണിനിരക്കുന്നതിന്റെ ദൃശ്യങ്ങൾ നമ്മൾ ജന്തർ മന്തറിലും ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്തും പുറത്തും കണ്ടുകൊണ്ടിരിക്കുന്നു. വിദ്യാർഥി സമരത്തിന്റെ ശക്തിയെന്തെന്ന് ഈ ദൃശ്യങ്ങൾ വീണ്ടും വ്യക്തമാക്കുന്നുണ്ട്. ഇത് കേവലം വിദ്യാർഥികൾക്ക് തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിൽനിന്നും രൂപപ്പെട്ട സമരം മാത്രമല്ല. വിയോജിപ്പുകളെ അടിച്ചമർത്തുന്ന ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനു കീഴിൽ ഇന്ത്യൻ ജനാധിപത്യത്തിനേറ്റ പ്രഹരങ്ങൾക്കുള്ള മറുപടിയാണ്. ഹിന്ദുത്വ ശക്തികളുടെ കൈകളിൽ നിന്നും ഇന്ത്യൻ സമൂഹത്തെ മോചിപ്പിക്കാനും ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ചുവടുവെപ്പാണ് ഓരോ വിദ്യാർഥി സമരവും.
സംസ്‌കൃത സർവകലാശാലയിലെ അനിശ്ചിതകാല സമരത്തിന്റെ നാൾവഴികൾ
ഏതൊരു സമരവും കഴിഞ്ഞുപോയ സമരങ്ങളുടെ തുടർച്ച കൂടിയാണ്. ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കപ്പെടാതെ പരാജയമടയുന്ന സമരങ്ങളുണ്ട്. എന്നാൽ, നിരന്തരമായി ഈ വിഷയങ്ങളുയർത്തിക്കൊണ്ടു സമരത്തെ തുടർന്നും മുന്നോട്ടുകൊണ്ടുപോവുക അനിവാര്യമാണ്. സ്ഥാപിക്കപ്പെട്ട കാലം മുതൽ സംസ്‌കൃത സർവകലാശാലയ്ക്കെതിരെ സംഘപരിവാറിന്റെ അക്രമങ്ങളുണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഹിന്ദുത്വ ശക്തികൾ നാമജപ യാത്രയുമായി സർവകലാശാല കവാടത്തിലേക്ക് വരികയും സർവകലാശാലയ്ക്ക് മുന്നിലുള്ള ശങ്കരന്റെ പ്രതിമയിൽ പൂജ അർപ്പിക്കാൻ ശ്രമിക്കുകയും വരെ ചെയ്തു. അതിനെ ചെറുത്ത വിദ്യാർത്ഥികളെ മർദ്ദിക്കുകയും വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കൊടിതോരണങ്ങൾ നശിപ്പിക്കുകയുമുണ്ടായി. ‘പാക്കിസ്ഥാനിലേക്ക് പോടാ’ എന്നാക്രോശിക്കുന്ന സംഘപരിവാരങ്ങൾ സർവകലാശാലയെ തങ്ങളുടെ സ്വത്തായി സ്ഥാപിക്കാൻ ശ്രമിക്കുന്നു. അതിനെതിരെ വിദ്യാർത്ഥികളും പ്രതിരോധം തീർക്കുകയും സർവകലാശാലയുടെ മതേതര ജനാധിപത്യ ബോധത്തെ ഉയർത്തിപ്പിടിക്കുകയുമുണ്ടായി.
താൽക്കാലിക വി സി മാരെ നിയമിച്ചുകൊണ്ട് സർവകലാശാലകളെ തകർക്കുകയാണ് ഗവർണർ. കഴിഞ്ഞ അക്കാദമിക വർഷത്തിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടന്നിരുന്നു. വിദ്യാർഥികൾക്കുമേൽ ചുമത്തിയ നിയന്ത്രണങ്ങൾക്കെതിരെയായിരുന്നു സമരം. അതിനാൽ, സമരം ഏതെങ്കിലും ഘട്ടത്തിൽ പൊട്ടിമുളച്ചവയല്ല. വിദ്യാർഥികൾക്ക് തങ്ങളുടെ അവകാശങ്ങൾ നേടുവാനുള്ള ഒരേയൊരു മാർഗമെന്ന നിലയിൽ അവ തുടരുന്നു.
പ്രതിഷേധ സമരത്തെ കുറ്റമായി വ്യാഖ്യാനിക്കുന്നവർ ഒരു മാസത്തോളമായി തുടരുന്ന സമരത്തെ കാണാത്തതെന്തുകൊണ്ടാണ്. 2026 ജൂലൈ 3നാണ് എസ്എഫ്ഐ സർവകലാശാല മാർച്ച് നടത്തിയത്. അതിലെ പ്രധാന ആവശ്യം ഗസ്റ്റ് അധ്യാപക നിയമനം ഉടൻ പൂർത്തിയാക്കുക, വിദ്യാർഥികൾക്കുള്ള പ്രിന്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുക, അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അതോടൊപ്പം സിൻഡിക്കേറ്റും അക്കാദമിക് കൗൺസിലുകളും അടിയന്തരമായി യോഗം ചേരുക എന്നിവയായിരുന്നു. വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും വിഷയങ്ങൾ ചർച്ച ചെയ്യാൻ വൈസ് ചാൻസലർ ക്യാമ്പസിലേക്ക് വരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ വിഷയങ്ങൾ കണ്ടില്ലെന്നു നടിച്ച വി.സിയുടെ നിരുത്തരവാദ നയങ്ങൾക്കെതിരെ ജൂലൈ 17ന് വീണ്ടും മാർച്ച് നടത്തി. ആ ഘട്ടത്തിലും സിൻഡിക്കേറ്റ് പ്രതിനിധികൾ സമരത്തോട് മുഖംതിരിച്ച സന്ദർഭത്തിലാണ് എസ്എഫ്ഐ സർവകലാശാലയിൽ അനിശ്ചിതകാല സമരത്തിലേക്ക് കടന്നത്. ആഗസ്ത് 13ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിദ്യാർത്ഥികളുടെ 18 ആവശ്യങ്ങൾ ചർച്ച ചെയ്യാം എന്ന് ഉറപ്പുനൽകിയതുകൊണ്ടാണ് അതിനുവേണ്ടി അന്നേദിവസം വിദ്യാർഥികൾ സിൻഡിക്കേറ്റ് മാർച്ച് സംഘടിപ്പിച്ചത്. എന്നാൽ, ഇത്രയും ദിവസമായി സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യങ്ങൾ മുഴുവനായി ഒന്നു കേൾക്കാൻപോലും തയ്യാറാകാതെ വി സി വിദ്യാർഥികളെ അപമാനിക്കുകയായിരുന്നു.
വെന്റിലേറ്ററിൽ കിടക്കുന്ന അക്കാദമിക
സ്വാതന്ത്ര്യം
അക്കാദമിക് ഫ്രീഡം ഇൻഡക്സ് 2026 പ്രകാരം 2013നും 20-25നുമിടയിൽ ഇന്ത്യയിൽ അക്കാദമിക സ്വാതന്ത്ര്യത്തിന്റെ സൂചിക താഴോട്ടു കൂപ്പുകുത്തുന്നതായി പഠനങ്ങൾ പറയുന്നു. 2014ൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിലെ പ്രധാന സർവകലാശാലകളായ ജെ. എൻ. യു. അലിഗഢ്, ടിസ് തുടങ്ങിയവയിൽ സംഘപരിവാറുകാർ കടന്നുകയറുകയും ഭരണതലം മുതൽ ഗവേഷണ വിഷയത്തിൽവരെ തങ്ങളുടെ നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. അറിവ് ഉത്‌പാദനം എന്നത് സാമൂഹികവും രാഷ്ട്രീയവുമായ മണ്ഡലങ്ങളുമായി അഭേദ്യ ബന്ധം പുലർത്തുന്നതാണ്. സാമൂഹിക പുരോഗതിയുടെ അടയാളമാണവ. അവയെ ആക്രമിക്കുന്നത് സാമൂഹിക ജീവിതത്തെ തകർക്കുന്നതിനു തുല്യമാണ്. പുതിയ വിദ്യാഭ്യാസ നയം സർവകലാശാലകളെ തൊഴിൽ നൈപുണ്യ വികസനത്തിനുള്ള പണിശാലകളായാണ് വിഭാവനം ചെയ്യപ്പെടുന്നത്. വി.സി സ്ഥാനത്തേക്ക് അക്കാദമിക യോഗ്യതയുള്ളവരെക്കാളുപരി ഇൻഡസ്ട്രിയൽ എക്സ്പേർട്ടുകളോടു താത്പര്യം കാണിക്കുന്ന യുജിസി നയങ്ങൾ അതു വ്യക്തമാക്കുന്നു. മുതലാളിക്കു വേണ്ട തൊഴിലാളികളെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ഇപ്പോൾ പ്രോത്സാഹിപ്പിക്കപ്പെടുന്നത് എന്നു സാരം. അവിടെ, ഭാഷാമാനവിക വിഷയങ്ങൾ പുറത്താക്കപ്പെടുകയും കമ്പോളത്തിനാവശ്യമായ വിജ്ഞാന കോഴ്സുകൾ ഇടംപിടിക്കുകയും ചെയ്തു. വിദ്യാർഥികളുടെ ചിന്തിക്കാനുള്ള ശേഷിയും വിമർശനാവബോധവുമല്ല ഇന്നു സർവകലാശാലകൾ ലക്ഷ്യംവയ്ക്കുന്നത് എന്നു വ്യക്തമാണ്. ആധുനിക സർവകലാശാല എന്ന ആശയം എന്തായിരുന്നു എന്നു നാം ഇന്നു ചോദിച്ചുപോവുന്നു. സർവകലാശാലകൾ വിജ്ഞാന നിർമാണത്തിന്റെയും വിമർശനാത്മക ചിന്തയുടെയും ഇടങ്ങളാണ്. കഴിഞ്ഞ വർഷം സംസ്‌കൃത സർവകലാശാലയിൽ നടന്ന സമരത്തിന്റെ മുദ്രാവാക്യം ആരുടെ സർവകലാശാല? എന്ന ചോദ്യമായിരുന്നു. അതു നിരന്തരം ചോദിക്കേണ്ടതുണ്ട്. സർവകലാശാലയുടെ സ്റ്റെയ്ക് ഹോൾഡേഴ്‌സ് അവിടത്തെ വിദ്യാർഥികളാണ് എന്നു സമരത്തിലൂടെ നിരന്തരം ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു. സർവകലാശാലകൾ ചലിക്കുന്നത് വിദ്യാർഥികളുടെ ബൗദ്ധികവും സർഗാത്മകവും രാഷ്ട്രീയവുമായ ജാഗ്രതയുടെ ബലത്തിലാണ്. എന്നാൽ, ഇന്ത്യയിലെ സർവകലാശാലകളിൽ വിദ്യാർഥികളുടെ അക്കാദമികവും സർഗാത്മകവുമായ ആവിഷ്‌കാരസ്വാതന്ത്ര്യം തന്നെ നിഷേധിക്കപ്പെടുന്നു.
| ലൈറ്റ് മരിച്ചേ: ഇരുട്ടുകയറുന്ന കാലം |
സംസ്‌കൃത സർവകലാശാലയിൽ പ്രതിഷേധസൂചകമായി അവതരിപ്പിച്ച നാടകത്തെ ചുറ്റിപ്പറ്റി, വിദ്യാർഥികളുടെ സർഗാത്മക പ്രതിഷേധത്തെ വലതുപക്ഷം വ്യാഖ്യാനിച്ചതെങ്ങനെ എന്നു പരിശോധിച്ചാൽ ഈ കാര്യം വ്യക്തമാവും.
‘കെട്ടകാലത്ത് കവിതയുണ്ടാവുമോ’ എന്നു ചോദിച്ചത് ജർമൻ കവിയായ ബ്രഹ്താണ്. കെട്ടകാലത്ത്, കെട്ടകാലത്തെക്കുറിച്ചുള്ള കവിതയുണ്ടാവുമെന്ന ഉത്തരം ഇന്നു പ്രതിഷേധങ്ങളുടെ കാലത്തു നാം നിരന്തരം പറയുന്നു. സർവകലാശാലയിലെ വിദ്യാർഥികളെ കുറ്റവാളികളാക്കുന്ന സംഘപരിവാർ വിസിയും അവരുടെ അനുയായികളും പ്രതിഷേധ മാർച്ചിൽ വിദ്യാർഥികൾ അവതരിപ്പിച്ച പ്രതീകാത്മക നാടകത്തെക്കുറിച്ച് പറഞ്ഞു പരത്തിയ നുണകൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. സിസ തോമസിന്റെ ശവസംസ്കാര ചടങ്ങായി വ്യാഖ്യാനിക്കപ്പെട്ട പ്രതീകാത്മക നാടകത്തിന്റെ യഥാർത്ഥ വസ്തുത എന്തായിരുന്നു ?. സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിയേറ്റർ വിഭാഗത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ലൈറ്റ് മരിച്ചേ’ എന്ന പ്രതീകാത്മക നാടകമായിരുന്നു അഡ്മിൻ ബ്ലോക്കിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. ഈ നാടകം കൈകാര്യം ചെയ്ത വിഷയം എന്താണെന്ന് നോക്കാം. തിയേറ്റർ വിഭാഗം വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് സ്പോട്ട് ലൈറ്റുകൾ. നാടകത്തിന്റെ പ്രൊഡക്ഷൻ വർക്കിനു അവിഭാജ്യമാണിവ. എന്നാൽ, കുറേക്കാലമായി ലൈറ്റുകളുടെ അപര്യാപ്തത മൂലം വർക്കുകൾ മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞതവണ ദേശീയതലത്തിൽ ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട ‘പറച്ചിയു’ടെ പ്രൊഡക്ഷൻ വർക്കിന് ലൈറ്റിനുമാത്രമായി 18,000 രൂപ വിദ്യാർഥികൾ സ്വന്തം കയ്യിൽനിന്നും ചെലവഴിക്കേണ്ടി വന്നു. തുടർന്നും, യാതൊരുവിധ പരിഹാരവും സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടായില്ല. അതിനാലാണ്, വിദ്യാർത്ഥികൾ തങ്ങളുടെ അടിസ്ഥാന ആവശ്യമറിയിക്കാൻ ‘ലൈറ്റ് മരിച്ചേ’ എന്ന നാടകത്തിൽ ലൈറ്റുകൾക്ക് അന്ത്യോപചാരം അർപ്പിക്കുന്ന ചടങ്ങ് ഹാസ്യരൂപേണ അവതരിപ്പിച്ചത്. മരിച്ച ലൈറ്റുകൾക്കു മുകളിൽ പന്തംകൊളുത്തി നാടകം കളിക്കണോ എന്ന പ്ലക്കാർഡും കാണാവുന്നതാണ്. വെളിച്ചം ഇല്ലാതാവുന്ന, ഇരുണ്ടകാലത്തെയാണ് ഈ നാടകം വിഷയമാക്കിയത്. അത് യാഥാർത്ഥത്തിൽ സർവകലാശാലയുടെ ഇരുണ്ട കാലത്തെ സൂചിപ്പിക്കുന്നതാണ്. സംഘപരിവാർ ചട്ടുകമായ ഗവർണർ താൽക്കാലിക വിസിമാരെ ഉപയോഗിച്ച് സർവകലാശാലയിലെ അക്കാദമികവും സർഗാത്മകവുമായ ആവിഷ്‌കാരങ്ങളെ തകർക്കുകയാണ്. സർവകലാശാലയ്ക്ക് സംഭവിക്കുന്ന വിപത്തിനെ അതു ദ്യോതിപ്പിക്കുന്നു. എന്നാൽ ഈ നാടകത്തെക്കുറിച്ച് യൂണിവേഴ്സിറ്റി പിആർഒ തന്റെ ഇംഗിതത്തിനനുസരിച്ച് കഥകൾ കെട്ടിച്ചമച്ച് വാർത്ത നൽകി. അതോടുകൂടി തൊട്ടടുത്ത ദിവസം മുതൽ വി സിയുടെ ശവസംസ്കാരം എന്ന നിലയിൽ ഈ നാടകം ചർച്ചയാവുകയും അത് അവതരിപ്പിച്ച വിദ്യാർത്ഥികൾ, സമൂഹത്തിനുമുന്നിൽ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. അവർക്കെതിരെ ജാമ്യമില്ലാ വകുപ്പുചുമത്തി വീട്ടിൽ കയറി അറസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥ കാലത്ത് ആവിഷ്‌കാരസ്വാതന്ത്ര്യം എങ്ങനെയാണോ അടിച്ചമർത്തപ്പെട്ടത് അതിനു സമാനമായ രീതിയാണ് ഇവിടെയും കാണുന്നത്. l |



സം