‘‘വിദ്യാഭ്യാസം എന്നത് സ്വാതന്ത്ര്യത്തിലേക്ക് തുറക്കുന്ന വാതിലാണ്; അത് കേവലം അറിവുകളുടെ കൈമാറ്റമല്ല, മറിച്ച് വിമർശനാത്മകമായ ചിന്തയുടെയും ജനാധിപത്യ സംസ്കാരത്തിന്റെയും രൂപീകരണമാണ്’’– പൗലോ ഫ്രെയറുടെ ഈ വാക്കുകൾ ഓർമിപ്പിക്കുന്നത് സർവകലാശാലകൾ എന്ന പൊതുയിടത്തിന്റെ സാമൂഹിക ദൗത്യത്തെക്കുറിച്ചാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സർവകലാശാലകൾ വിഭാവനം ചെയ്യപ്പെട്ടത് ചിന്തയുടെയും ഗവേഷണത്തിന്റെയും അക്കാദമിക സ്വയംഭരണത്തിന്റെയും സ്വതന്ത്ര കേന്ദ്രങ്ങളായാണ്. പ്രഗത്ഭരായ നിരവധി ശാസ്ത്രജ്ഞരും സാഹിത്യകാരരും സാമൂഹിക ചിന്തകരും നേതൃത്വം നൽകിയ മഹാത്മാഗാന്ധി സർവകലാശാല (എം.ജി) ഇതിൽ പ്രമുഖ സ്ഥാനത്തുനിൽക്കുന്നു. എന്നാൽ, സമീപകാലത്തായി ഈ മഹാസ്ഥാപനത്തിന്റെ അക്കാദമിക സ്വയംഭരണത്തെ തകർക്കാനും സർവകലാശാലയെ സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പരീക്ഷണശാലയാക്കാനും ആസൂത്രിതമായ ശ്രമങ്ങളാണ് നടന്നുവരുന്നത്. യുഡിഎഫ് സർക്കാരിന്റെ ഒത്താശയോടെ ഗവർണർ സംഘപരിവാർ അനുകൂലിയായ ഡോ. ഡി മാവൂതിനെ വൈസ് ചാൻസലറായി നിയമിച്ചതുമുതലാണ് ഈ കാവിവത്കരണ പ്രക്രിയ പരസ്യമായി ആരംഭിച്ചത്.
ഈ രാഷ്ട്രീയ നിയമനത്തിന്റെ സ്വാഭാവിക തുടർച്ചയായിരുന്നു സർവകലാശാലയുടെ അക്കാദമിക-ഭരണസമിതികളിലേക്കുള്ള കടന്നുകയറ്റം. വൈസ് ചാൻസലർ പദവിയിലിരിക്കുന്ന വ്യക്തി ആർഎസ്എസ് വേദികളിലെ സ്ഥിരസാന്നിധ്യമായി മാറിയതോടെ, സെനറ്റിലും ബോർഡ് ഓഫ് സ്റ്റഡീസിലും സംഘപരിവാർ സഹയാത്രികരെ കൂട്ടത്തോടെ കുത്തിനിറയ്ക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഇത്തരത്തിൽ ഭരണതലത്തിൽ കൈവരിച്ച നിയന്ത്രണം ഉപയോഗിച്ച്, സർവകലാശാലാ പഠനവകുപ്പുകളുടെ (Teaching Departments) അക്കാദമിക സ്വാതന്ത്ര്യത്തെയാണ് അവർ ആദ്യം ലക്ഷ്യമിട്ടത്. തങ്ങൾക്ക് അപ്രിയമായ പാഠഭാഗങ്ങളും പുരോഗമന ആശയങ്ങളും സിലബസുകളിൽ ഉണ്ടാകാതിരിക്കുന്നതിന് ഏർപ്പെടുത്തുന്ന അനാവശ്യ നിരീക്ഷണ സംവിധാനങ്ങൾ, യഥാർഥത്തിൽ സിലബസുകളെ ഏകപക്ഷീയമായി പുനർനിർമിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്.
അക്കാദമിക ഉള്ളടക്കത്തിൽ വരുത്തുന്ന ഈ മാറ്റങ്ങൾക്ക് സമാന്തരമായി, ബോധപൂർവ്വമായ അധ്യാപക- നിയമനങ്ങളിലും ഭരണകാര്യങ്ങളിലും അട്ടിമറികളും അരങ്ങേറുന്നുണ്ട്. അക്കാദമിക യോഗ്യതകൾക്കും സുതാര്യമായ മാനദണ്ഡങ്ങൾക്കും ഉപരിയായി സംഘപരിവാർ വിധേയത്വം മാത്രം നോക്കി ഗസ്റ്റ് ലക്ചറർമാരെ തിരുകിക്കയറ്റാൻ വൈസ് ചാൻസലറുടെ ഓഫീസ് നേരിട്ട് ഇടപെടുന്നു. ഇതിനുപുറമേ, വി.സിയുടെ ഇത്തരം ഇടപെടലുകൾക്കും അട്ടിമറികൾക്കും വഴങ്ങാത്ത ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പ്രതികാരബുദ്ധിയോടെ നിരന്തരം സ്ഥലംമാറ്റുന്ന നയം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. അക്കാദമിക അന്തരീക്ഷം തകർത്തതിനൊപ്പം തന്നെ, അഡ്മിനിസ്ട്രേറ്റീവ് സംവിധാനത്തെയും ഭയത്തിലധിഷ്ഠിതമായ ഒരു സർവൈലൻസ് മോഡലിലേക്ക് അവർ മാറ്റിത്തീർത്തു.
ഭരണനിർവഹണതലത്തിലെ ഈ അടിച്ചമർത്തലുകൾ ഒടുവിൽ ക്യാമ്പസിന്റെ ജനാധിപത്യ സ്വഭാവത്തെയും വിദ്യാർത്ഥികളുടെ അവകാശങ്ങളെയുമാണ് ബാധിക്കുന്നത്. രവീന്ദ്രനാഥ ടാഗോർ തന്റെ സ്വതന്ത്ര ഇന്ത്യ സങ്കൽപ്പത്തിൽ എഴുതിയതുപോലെ, “ചിന്തകൾ ഭയരഹിതമായിരിക്കുന്ന, തല ഉയർത്തിനിൽക്കാൻ കഴിയുന്ന’ ഇടങ്ങളാകണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ. എന്നാൽ എം.ജി. ക്യാമ്പസിൽ ഇന്ന് സംഭവിക്കുന്നത് വിദ്യാർത്ഥികളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണ്. ക്യാമ്പസുകളിൽ ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ, ഭരണകൂടത്തിനും വി.സിയുടെ തീരുമാനങ്ങൾക്കും എതിരെയുള്ള വിമർശനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
വിദ്യാർത്ഥികളുടെ രാഷ്ട്രീയ പ്രകടനങ്ങളെ മാത്രമല്ല, അവരുടെ അക്കാദമിക സംവാദങ്ങളെപ്പോലും ഭയക്കുന്ന അവസ്ഥയിലേക്ക് വി.സിയുടെ സെൻസർഷിപ്പ് വളർന്നിരിക്കുന്നു. അറിവ് എന്നത് വിവിധ മേഖലകളായി വിഭജിക്കപ്പെട്ട് (Disciplines) ഗവേഷണങ്ങളിലൂടെ വികസിക്കുന്ന ഒന്നാണ്. ഇത്തരം ഗവേഷണ ഫലങ്ങളും പുതിയ ആശയങ്ങളും സംവാദത്തിന് വിധേയമാകുന്ന വേദികളാണ് അക്കാദമിക കോൺഫറൻസുകൾ. എന്നാൽ, യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിച്ച നാഷണൽ കോൺഫറൻസുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിൽ ‘പാറ്റയുടെയും ബൂട്ടിന്റെയും’ ചിത്രം ഉൾപ്പെട്ടു എന്നതിന്റെ പേരിൽ രാഷ്ട്രീയ വിമർശനം ആരോപിക്കുകയും, കോൺഫറൻസ് ഫണ്ട് തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്ത നടപടി കേവലം ഭരണപരമായ തീരുമാനമല്ല; മറിച്ച് അക്കാദമിക ആശയങ്ങൾക്കെതിരെയുള്ള ഫാസിസ്റ്റ് കടന്നുകയറ്റമാണ്.
ഇങ്ങനെ ആസൂത്രിതമായ സംഘിവത്കരണത്തിനും സെൻസർഷിപ്പിനും വേണ്ടി അധികാരം മുഴുവൻ ഉപയോഗിക്കുമ്പോഴും, വിദ്യാർത്ഥികളുടെ പ്രഥമവും പ്രധാനവുമായ അടിസ്ഥാന ആവശ്യങ്ങൾ പൂർണമായും തള്ളിക്കളയപ്പെടുകയാണ്. സർവകലാശാലാ ലൈബ്രറികളിലെ സൗകര്യങ്ങളുടെയും ഓൺലൈൻ സംവിധാനങ്ങളുടെയും അപര്യാപ്തത അക്കാദമിക ഗവേഷണങ്ങളെ മന്ദീഭവിപ്പിക്കുന്നു. ആവശ്യത്തിന് ഹോസ്റ്റൽ സൗകര്യങ്ങൾ ലഭ്യമല്ലാത്തതും ഗവേഷക വിദ്യാർത്ഥികളുടെ ഒരു വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പുകൾ വിതരണം ചെയ്യാത്തതും വിദ്യാർത്ഥി ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ചുരുക്കത്തിൽ, അക്കാദമിക വികസനത്തിലോ വിദ്യാർത്ഥികളുടെ ക്ഷേമത്തിലോ താല്പര്യമില്ലാത്ത ഭരണകൂടം, സർവകലാശാലയെ ഒരു വർഗീയ-ആശയ പരീക്ഷണശാലയാക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.
അതുകൊണ്ടുതന്നെ, അക്കാദമിക സ്വാതന്ത്ര്യം എന്നത് സ്വമേധയാ ലഭിക്കുന്ന ഒന്നല്ല, മറിച്ച് നിരന്തരമായ പോരാട്ടങ്ങളിലൂടെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്. എം.ജി. സർവകലാശാലയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന കാവിവത്കരണവും ജനാധിപത്യധ്വംസനവും കേവലമൊരു സർവകലാശാലയുടെ മാത്രം പ്രശ്നമല്ല; മറിച്ച് കേരളത്തിന്റെ സമഗ്രമായ ഉന്നതവിദ്യാഭ്യാസ മേഖലയെയും മതനിരപേക്ഷ അടിത്തറയെയും ബാധിക്കുന്ന കാര്യമാണ്. സർവകലാശാലയുടെ സ്വയംഭരണവും വിദ്യാർത്ഥികളുടെ ജനാധിപത്യാവകാശങ്ങളും വീണ്ടെടുക്കുന്നതിനായി ശക്തമായ പ്രക്ഷോഭങ്ങളും അക്കാദമിക സംവാദങ്ങളും ഉയർന്നുവരേണ്ടതുണ്ട്. l



