Friday, September 11, 2026

ad

Homeകവര്‍സ്റ്റോറിഉന്നതവിദ്യാഭ്യാസ മേഖല ഗവർണർക്കുമുന്നിൽ മുട്ടിലിഴയുന്ന യുഡിഎഫ് സർക്കാർ

ഉന്നതവിദ്യാഭ്യാസ മേഖല ഗവർണർക്കുമുന്നിൽ മുട്ടിലിഴയുന്ന യുഡിഎഫ് സർക്കാർ

പിണറായി വിജയന്‍

ന്ത്യൻ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും നോക്കുകുത്തിയാക്കി സംസ്ഥാന ഭരണത്തിൽ സമാന്തരമായി ഇടപെടാനുള്ള ഗവർണറുടെ നീക്കങ്ങൾക്ക് സംസ്ഥാന സർക്കാർ തന്നെ കുടപിടിക്കുന്ന കാഴ്ചയാണ് യുഡിഎഫ് ഭരണത്തിൽ കേരളത്തിൽ കാണാൻ കഴിയുന്നത്. ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരങ്ങള്‍ സ്വതന്ത്രവും ഏകപക്ഷീയവുമാണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്നു മാത്രമല്ല, സര്‍വ്വകലാശാലകളിലെ സെനറ്റ്-, സിന്‍ഡിക്കേറ്റ് തുടങ്ങിയ ജനാധിപത്യ വേദികളില്‍ ഇഷ്ടാനുസരണം പ്രതിനിധികളെ തിരുകിക്കയറ്റുക, അച്ചടക്ക നടപടികള്‍ സ്വീകരിക്കുക തുടങ്ങി യൂണിവേഴ്സിറ്റിയുടെ തനതായ അധികാരങ്ങളിലും അവര്‍ കൈകടത്തുകയാണ്.

സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണാധികാരികള്‍ തങ്ങളാണെന്ന മട്ടില്‍ ഗവര്‍ണര്‍മാര്‍ പല ഘട്ടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലടക്കം തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭകളെ അട്ടിമറിക്കുക, യൂണിയന്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി സ്വയം അവരോധിക്കുക, സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഫെഡറല്‍ സര്‍ക്കാരുകള്‍ക്കുമേല്‍ തങ്ങളുടെ ഇച്ഛ നടപ്പിലാക്കുക തുടങ്ങി പല നിയമവിരുദ്ധ കാര്യങ്ങളും നാം കണ്ടതാണ്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന് കാല്‍നൂറ്റാണ്ടാവുമ്പോഴേക്കും പതിനഞ്ചിലധികം സംസ്ഥാന സര്‍ക്കാരുകളെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് പിരിച്ചുവിട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ സര്‍ക്കാരുകളുടെ അധികാരങ്ങളെ സംബന്ധിച്ചും യൂണിയന്‍ സര്‍ക്കാരുകളുടെ ഇടപെടലുകളെ സംബന്ധിച്ചും പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിയ കമ്മീഷനെ ചുമതലപ്പെടുത്തുന്നത്. സര്‍ക്കാരിയ കമ്മീഷന്‍ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം നിലനിര്‍ത്തേണ്ടതാണെന്നും ആരോഗ്യപരമായ കേന്ദ്ര-–സംസ്ഥാന ബന്ധങ്ങൾ നിലനിര്‍ത്തുന്നതിന് ഇന്റര്‍സ്റ്റേറ്റ് കൗണ്‍സില്‍ രൂപീകരിക്കണമെന്നും രാഷ്ട്രീയ പക്ഷപാതിത്വമോ പശ്ചാത്തലമോ ഇല്ലാത്ത സ്വതന്ത്ര വ്യക്തിത്വങ്ങളെയായിരിക്കണം ഗവര്‍ണര്‍മാരായി നിയമിക്കേണ്ടത് എന്നുമടക്കമുള്ള നിരവധി ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍, സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ യൂണിയന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ലെന്നു മാത്രമല്ല, കഴിഞ്ഞ പന്ത്രണ്ടുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ പ്രതിപക്ഷ പാര്‍ടികള്‍ നേതൃത്വം വഹിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരമായ കാര്യങ്ങളില്‍ പോലും ഇടപെടാനാണ് ശ്രമിച്ചുവരുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലുമെല്ലാം ഇത്തരം നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നു മാത്രമല്ല, ഈ സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയെ അടക്കം സമീപിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.

ഗവര്‍ണറുടെ നിയമവിരുദ്ധവും ഭരണഘടനാബാഹ്യവുമായ ഇടപെടലുകളെ ചോദ്യംചെയ്യുന്നത് ഗവര്‍ണര്‍ പദവിയോടുള്ള ഏറ്റുമുട്ടലല്ല. മറിച്ച്, ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാര പരിമിതി സംബന്ധിച്ച ഓര്‍മ്മപ്പെടുത്തലും അത് ലംഘിക്കുന്നവര്‍ക്കെതിരായ പ്രതിരോധവുമാണ്. എക്സിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും ഭരണഘടനാവിരുദ്ധമായ ഏതു നടപടിയും ജുഡീഷ്യറിയുടെ മുമ്പാകെ ചോദ്യം ചെയ്യുന്നതും ജുഡീഷ്യറി അതില്‍ ഇടപെടുന്നതും മറ്റു രണ്ട് ഭരണഘടനാ സ്ഥാപനങ്ങളുമായുള്ള ഏറ്റുമുട്ടലല്ല, മറിച്ച്, ഭരണഘടനാപരമായ അധികാരങ്ങളെ ഉൗട്ടിയുറപ്പിക്കലും അവയുടെ ഓര്‍മ്മപ്പെടുത്തലുമാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഗവര്‍ണറുമായുള്ള അത്തരം സംവാദങ്ങളെ മാധ്യമ ലോകം ഏറ്റുമുട്ടലായാണ് ചിത്രീകരിക്കുന്നത്. എട്ട് പതിറ്റാണ്ട് പൂര്‍ത്തീകരിച്ച നമ്മുടെ ഭരണഘടനാ വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെടാതിരിക്കുക എന്നതാണ് ഏറ്റവും കാതലായ കാര്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഗവര്‍ണര്‍മാരുടെ അമിതാധികാര പ്രവണതകളെയും ഭരണനിര്‍വ്വഹണത്തിലുള്ള ഇടപെടലുകളെയും ശക്തമായി ചെറുത്തിരുന്നു. ഇതാകട്ടെ, മുകളില്‍ സൂചിപ്പിച്ച രൂപത്തില്‍ ഫെഡറല്‍ ഗവണ്‍മെന്റുകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നമ്മുടെ രാജ്യത്ത് തുടര്‍ന്നുവരുന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയുമായിരുന്നു.

സർവ്വകലാശാലകളുടെ കാര്യത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്ര അധികാരങ്ങള്‍ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ടോ? ഗവര്‍ണര്‍മാര്‍ ചാന്‍സലര്‍മാരായി നിയമിതരാവുന്നത് അതത് യൂണിവേഴ്സിറ്റി ആക്ടുകളുടെ പിന്‍ബലത്തിലാണ്. ഈ യൂണിവേഴ്സിറ്റി ആക്ടുകള്‍ സംസ്ഥാന നിയമനിര്‍മ്മാണമാണ്. ഗവര്‍ണര്‍ക്കുപകരം മറ്റൊരാളെ ചാന്‍സലറായി നിയമിക്കാനാണ് സംസ്ഥാന നിയമസഭ തീരുമാനിക്കുന്നതെങ്കില്‍ ഗവര്‍ണര്‍ക്ക് യൂണിവേഴ്സിറ്റികളില്‍ മറ്റ് അധികാരമുണ്ടാവില്ല.

എന്നാല്‍, വി.സി നിയമനവും യൂണിവേഴ്സിറ്റി ഭരണവും ഉന്നതവിദ്യാഭ്യാസ മേഖലയും കൈപ്പിടിയിലൊതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. തങ്ങളുടെ നോമിനിമാരായ ഗവര്‍ണര്‍മാരെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഭേദഗതി ചെയ്ത യു.ജി.സി റെഗുലേഷനില്‍ ചാന്‍സലര്‍മാര്‍ക്ക് യൂണിവേഴ്സിറ്റിയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ മറപിടിച്ചാണ് ഗവര്‍ണര്‍ യൂണിവേഴ്സിറ്റി വിഷയങ്ങളില്‍ ഇടപെടുന്നത്. എന്നാല്‍, ഇതിന് ഒരു മറുവശവുമുണ്ട്. സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റികളും ചാന്‍സലര്‍മാരും പ്രവര്‍ത്തിക്കേണ്ടത്. യു.ജി.സി റെഗുലേഷന്‍ ഒരു നിയമമല്ല. അതുകൊണ്ടുതന്നെ, യൂണിവേഴ്സിറ്റി ആക്ടിനുമേല്‍ യു.ജി.സി ചട്ടങ്ങള്‍ക്ക് പ്രാബല്യം വരികയുമില്ല. ഈ നിയമ പരിരക്ഷ ഉയര്‍ത്തിയാണ് സംസ്ഥാനത്തിന്റെ അധികാരം സംരക്ഷിക്കുകയും ഗവര്‍ണറുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ചെറുക്കുകയും ചെയ്തുവന്നിരുന്നത്. നേരെമറിച്ച്, കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കും അജൻഡകള്‍ക്കും മുമ്പില്‍ കീഴടങ്ങിയാല്‍ യു.ജി.സി ചട്ടങ്ങള്‍ അംഗീകരിക്കുകയും യൂണിവേഴ്സിറ്റി ആക്ടുകളില്‍ അതനുസരിച്ചുള്ള ഭേദഗതികള്‍ കൊണ്ടുവരികയും വേണം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വി.സി നിയമനത്തില്‍ നേരിട്ടിടപെടാന്‍ ഗവര്‍ണര്‍ നടത്തിയ ശ്രമം നിയമപരമായി അന്ന് സംസ്ഥാന സർക്കാർ എതിര്‍ത്തതുകൊണ്ടാണ് വിജയിക്കാതെ പോയത്. ആ എതിര്‍പ്പിനെ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഗവര്‍ണറുടെ ഓരോ നടപടിയും കോടതികളില്‍ ചോദ്യംചെയ്യപ്പെട്ടു. യു.ജി.സി ചട്ടങ്ങള്‍ക്ക് യൂണിവേഴ്സിറ്റി ആക്ടുകളുടെമേല്‍ പ്രാബല്യം ലഭിക്കുമോ എന്ന ചോദ്യമാണ് നിയമവൃത്തങ്ങളില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഒടുവില്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വി.സി നിയമനവുമായി ഗവര്‍ണര്‍ ഏകപക്ഷീയമായി മുന്നോട്ടുപോയപ്പോള്‍ അതിനെയും എൽഡിഎഫ് സർക്കാർ നിയമപരമായി ചോദ്യംചെയ്തു. കേരള ഹൈക്കോടതി, സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയ ലിസ്റ്റില്‍ നിന്നാവണം നിയമനം നടത്തേണ്ടത് എന്ന് വിധിക്കുകയുണ്ടായി. ഇതിനെതിരെ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ അവിടെയും ഗവര്‍ണര്‍ക്ക് അനുകൂലമായ വിധിയുണ്ടായില്ല. പകരം, സുധാംശു ധൂലിയാ കമ്മിറ്റി മുമ്പാകെ തര്‍ക്കം പരിഹരിക്കണമെന്ന നിബന്ധനയാണ് സുപ്രീം കോടതി മുന്നോട്ടുവച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ നിയമപോരാട്ടങ്ങള്‍ക്ക് ഒരു ന്യൂനതയും സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തി, യു.ജി.സി ചട്ടങ്ങളുടെ മേല്‍ക്കൈ അംഗീകരിക്കാതെ ഈ രണ്ട് യൂണിവേഴ്സിറ്റികളുടെ കാര്യത്തിലും ധൂലിയാ കമ്മിറ്റി മുമ്പാകെ താല്‍ക്കാലിക തീരുമാനം കൈക്കൊള്ളുകയാണ് അന്ന് ചെയ്തത്.

എന്നാല്‍, ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ആഗസ്റ്റ് 22-ന് യൂണിവേഴ്സിറ്റി ആക്ടുകളില്‍ യു.ജി.സി ചട്ടങ്ങളുടെ പ്രഭാവം അംഗീകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണറുടെ നിലപാടിനോട് പൂര്‍ണ്ണമായും അടിയറവ് പറഞ്ഞിരിക്കുകയാണ്. ഇത്തരമൊരു കീഴടങ്ങല്‍ സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധവുമാണ്. പൂര്‍ണ്ണമായും ആത്മഹത്യാപരമായ ഒരു തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.

എന്നാല്‍, ഈ തീരുമാനം ഒറ്റപ്പെട്ടതല്ല. കഴിഞ്ഞ മൂന്നുമാസങ്ങളായി തുടര്‍ന്നുവരുന്ന നിരവധിയായ സംഘപരിവാര്‍- യുഡിഎഫ് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ തുടര്‍ച്ച മാത്രമാണിത്. എംജി സർവകലാശാല താൽകാലിക വൈസ് ചാൻസലറായി കുസാറ്റിലെ ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാവിനെ നിയമിച്ചാണ് ഗവർണർ കാവിവൽക്കരണത്തിന് തുടക്കമിട്ടത്. താൽകാലിക വൈസ് ചാൻസലർ നിയമനത്തിനായി പാനൽ നൽകാനുള്ള ബാധ്യത നിർവേറാൻപോലും യുഡിഎഫ് സർക്കാർ തയ്യാറായില്ല. കോടതിയെ സമീപിച്ചുകൊണ്ട് വിസി നിയമനം റദ്ദുചെയ്യിക്കാനുള്ള സാധ്യതയും ഇതുമൂലം അടഞ്ഞു.

നിയമവും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി എംജി സർവകലാശാലാ സെനറ്റിൽ സംഘപരിവാർ നോമിനികളെ തിരുകിക്കയറ്റിയത് ഇതിനുപുറമെയാണ്. സെനറ്റിൽ ആകെയുള്ള 30 അംഗങ്ങളിൽ 19 പേരും ആർഎസ്എസ് അനുകൂലികളാണ്. ഈ വിഷയങ്ങളിൽ ഒരു വിയോജനക്കുറിപ്പു നൽകാൻ പോലും യുഡിഎഫ് സർക്കാർ തയ്യാറായില്ല. സർവ്വകലാശാലകളുടെ പ്രവർത്തനത്തിൽ ഗവർണറുടെ പരിമിതമായ റോൾ എന്താണെന്ന് സർക്കാരിയാ കമ്മീഷനടക്കം വ്യക്തമാക്കിയ കാര്യമാണ്. താൽകാലിക വിസി നിയമനമുൾപ്പെടെ സർക്കാർ നൽകുന്ന പാനലിൽ നിന്നാവണമെന്ന കോടതി വിധികൾ നിലനിൽക്കേ ഗവർണർക്ക് ഒത്താശ ചെയ്യുന്ന സർക്കാർ നിലപാട് കീഴടങ്ങലിന്റേതാണ്. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി എന്ന പേരില്‍ ഗവര്‍ണര്‍ക്കുവേണ്ടി കേസുകളുമായി നടന്നിരുന്ന വ്യക്തിയെ കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി കുടിയിരുത്തിയത് ഈ കീഴടങ്ങലിന്റെ മറ്റൊരു ഉദാഹരണമാണ്.

യോഗ ദിനത്തിനു മുന്നോടിയായി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയെയും സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ സെക്രട്ടറിയെയും ലോക് ഭവനിലേക്ക് വിളിച്ചുവരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു; കാലടി സര്‍വ്വകലാശാലയിലെ നാടകാവതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തി നിര്‍ദ്ദേശം നല്‍കുന്നു; ഇങ്ങനെ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടുന്ന ഗവർണറെയാണ് കഴിഞ്ഞ മൂന്നുമാസമായി നാം കാണുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറയുന്നതിനുപകരം ഗവര്‍ണറുമായി ഒരുവിധ സംഘര്‍ഷത്തിനുമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നിത്യേന ആവര്‍ത്തിക്കുന്നത്. വി.സിമാര്‍ ആര്‍.എസ്.എസിന്റെ പരിപാടികളില്‍ പരസ്യമായിത്തന്നെ പങ്കെടുക്കുകയാണ്.

എൽഡിഎഫ് സർക്കാരിന്റെ 
ഭരണഘടനാ പ്രതിരോധം
ഇന്നത്തെ സർക്കാരിന്റെ ഭീരുത്വത്തെ, മുൻ എൽഡിഎഫ് സർക്കാർ ഇത്തരം പ്രതിസന്ധികളെ എങ്ങനെ നേരിട്ടു എന്നതുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. എൽഡിഎഫ് ഭരണകാലത്ത് രാജ്ഭവനിൽ നിന്ന് സമാനമായ കൈകടത്തലുകൾ ഉണ്ടായപ്പോൾ ശക്തമായ ഭരണഘടനാ പ്രതിരോധമുയർത്തി അതിനെ നേരിടാനാണ് തയ്യാറായത്. മുഖ്യമന്ത്രിതന്നെ ഗവർണർക്ക് കത്തെഴുതുകയും ഉദ്യോഗസ്ഥരെ വിലക്കുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ രംഗത്തും സർവ്വകലാശാലകളിലും സംഘപരിവാർ അജൻഡകൾ നടപ്പിലാക്കാൻ ഗവർണർ ശ്രമിച്ചപ്പോൾ സർവ്വശക്തിയുമെടുത്ത് അതിനെ ചെറുക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.

കേരള സര്‍വകലാശാലയില്‍ ആര്‍എസ്എസ് അനുകൂലിയായ വി.സിയെ നിയമിക്കാൻ ഗവര്‍ണര്‍ ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ, അത് ചട്ടവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം പ്രൊ-ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ സെനറ്റിൽ പാസാക്കാനാണ് അന്ന് എൽഡിഎഫ് സർക്കാർ തയ്യാറായത്. ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളിക്കളയുകയും ചെയ്തു. അതേസമയം, ഗവര്‍ണര്‍ ആർഎസ്എസ് അനുകൂലികളെ സെനറ്റുകളിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ അതിനെ ന്യായീകരിക്കാനാണ് അന്നത്തെ കെപിസിസി അധ്യക്ഷൻ ശ്രമിച്ചത്.

സർവ്വകലാശാലകളുടെ സ്വയംഭരണാവകാശത്തിനുമേൽ ചാൻസലർ പദവി ദുരുപയോഗം ചെയ്തപ്പോൾ, ഗവർണറെ ആ പദവിയിൽനിന്ന് മാറ്റാനുള്ള നിയമനിർമ്മാണത്തിന് എൽഡിഎഫ് സർക്കാർ തയ്യാറായി. 2022 നവംബറില്‍ ഇതിനായി ഓര്‍ഡിനന്‍സ് അംഗീകരിക്കുകയും ഡിസംബറില്‍ നിയമസഭ ബില്ല് പാസാക്കുകയും ചെയ്തു. നിയമസഭ പാസാക്കിയ ബില്ല് ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ചപ്പോഴും നിയമപോരാട്ടം തുടർന്നു. എന്നാൽ, അന്ന് ഈ ചെറുത്തുനിൽപ്പിനെ യുഡിഎഫ് എങ്ങനെയാണ് നേരിട്ടത്? ബില്ലിനെ നിയമസഭയിൽ ശക്തമായി എതിർത്ത് സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയായിരുന്നു കോൺഗ്രസ്സ്. സഭയിൽ ബിജെപിക്ക് അംഗങ്ങളില്ലാത്തതിന്റെ കുറവ് പരിഹരിച്ചത് കോൺഗ്രസ്സാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ദേശീയാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തുടര്‍ന്നുവരുന്ന കുറ്റകരമായ സംഘപരിവാര്‍ വിധേയത്വം അതിനേക്കാള്‍ മാരകമായ രീതിയില്‍ നടപ്പിലാക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മതനിരപേക്ഷ കേരളം ഈ പരീക്ഷണങ്ങളെ അതിജീവിക്കേണ്ടതുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + four =

Most Popular