I
സീതാറാം യെച്ചൂരി നമ്മെ വിട്ടുപിരിഞ്ഞിട്ട് രണ്ടുവർഷം കടന്നുപോയിയെന്നത് വിശ്വസിക്കാനാകുന്നില്ല. എസ്എഫ്ഐയുടെ അഖിലേന്ത്യാ കേന്ദ്രം ഡൽഹിയിൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടി രൂപംനൽകപ്പെട്ട കൂട്ടായ്മയുടെ ഭാഗമായാണ് സീതാറാമും ഞാനും തമ്മിൽ ഉറ്റ സൗഹൃദവും സഹപ്രവർത്തനവും ഉണ്ടാവുന്നത്. 1979 ഫെബ്രുവരിയിൽ ബീഹാറിലെ പാറ്റ്നയിൽ നടന്ന എസ്എഫ്ഐയുടെ മൂന്നാം അഖിലേന്ത്യാ സമ്മേളനം അതിനു വഴിയൊരുക്കി. സഖാവ് പ്രകാശ‍് കാരാട്ടും സുഭാഷ് ചക്രവർത്തിയും പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിഞ്ഞു. ഞാനും, നേപ്പാൾ ദേവ് ഭട്ടാചാര്യയും യഥാക്രമം പ്രസിഡന്റ്, ജനറൽ സെക്രട്ടറി ചുമതലകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം പിന്നീട് ലോക്-സഭാംഗമായി (1980ൽ) തിരഞ്ഞെടുക്കപ്പെട്ട സെെ-ഫുദ്ദീൻ ചൗധരി വെെസ് പ്രസിഡന്റായും സീതാറാം യെച്ചൂരി ജോയിന്റ് സെക്രട്ടറിയായും പിൽക്കാലത്ത് രക്തസാക്ഷിത്വം വരിച്ച സഫ്ദർ ഹാഷ്മിയുടെ അനുജൻ സൊഹയിൽ ഹാഷ്മി ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റ് അംഗങ്ങൾക്കു ലഭിക്കുന്ന താമസസൗകര്യങ്ങൾ സിപിഐ എം മുഴുവൻസമയപ്രവർത്തകർക്ക് താമസത്തിനും വർഗബഹുജന സംഘടനകളുടെ ഒാഫീസിനും വീതംവച്ചുകൊടുക്കുന്ന സമ്പ്രദായം ഉണ്ട്. അത്തരത്തിലുള്ള പരിമിതമായ ഓഫീസ് –കം–താമസസൗകര്യങ്ങളോടെയാണ് ഞങ്ങൾ അഞ്ചുപേർ എസ്-എഫ്ഐ അഖിലേന്ത്യാ കേന്ദ്രം ഡൽഹിയിൽ രൂപപ്പെടുത്തിയത്. ഡൽഹി ബന്ധങ്ങൾ അധികം ഉണ്ടായിരുന്ന സീതാറാമും സൊഹയിൽ ഹാഷ്മിയും ഇക്കാര്യങ്ങളിൽ വളരെ കൂടുതൽ സഹായകരമായ ഏകോപന പ്രവർത്തനങ്ങൾ നടത്തി. വിശേഷിച്ച്, 1981 സെപ്തംബർ 15–ാം തീയതി ഡൽഹിയിലെ ബോട്ട് ക്ലബ്ബിൽ ‘സർവ്വർക്കും വിദ്യാഭ്യാസം സർവ്വർക്കും തൊഴിൽ’ (‘‘സബ്കോ ശിക്ഷ, സബ്കോ കാം’’) എന്ന മുദ്രാവാക്യം കേന്ദ്രീകരിച്ചു നടത്തിയ പടുകൂറ്റൻ വിദ്യാർഥി – യുവജനറാലിയുടെ വിജയത്തിൽ സീതാറാമിന്റെയും സൊഹയിൽ ഹാഷ്മിയുടെയും സംഘടനാപാടവം പ്രകടമായിരുന്നു. എസ്എഫ്ഐയുടെ മുഖപത്രം ‘‘സ്റ്റുഡന്റ് സ്ട്രഗിൾ’’ സീതാറാമിന്റെ പത്രാധിപത്യത്തിൽ ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെയാണ് പത്രാധിപർ എന്ന നിലയിലും എഴുത്തുകാരനും ചിന്തകനും എന്ന നിലയിലുമുള്ള സീതാറാമിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ അനാവരണം ചെയ്യപ്പെടുന്നത്.
II
1980കളിൽ സിപിഐ എം രാഷ്ട്രീയമായും സംഘടനാപരമായും വളർച്ചയുടെ പുതിയ തലങ്ങൾ ആരായുന്നതിന്റെ ഭാഗമായി ചില അസാധാരണ തീരുമാനങ്ങൾ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി കെെക്കൊള്ളുകയുണ്ടായി. താരതമേ-്യന ചെറുപ്പക്കാരായ ഒരുകൂട്ടം സഖാക്കളെ പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരമായി ക്ഷണിക്കാൻ തീരുമാ നിച്ചു. സഖാക്കൾ പ്രകാശ് കാരാട്ട്, ബിമൻ ബസു, മണിക് സർക്കാർ, എസ് രാമചന്ദ്രൻപിള്ള, കെ എൻ രവീന്ദ്രനാഥ്, എം എം ലോറൻസ്, ബിപ്ലബ് ദാസ്ഗുപ്ത, പി രാമചന്ദ്രൻ, ബുദ്ധദേബ് ഭട്ടാചാര്യ തുടങ്ങിയവരുടെ കൂട്ടത്തിൽ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായ സീതാറാം യെച്ചൂരിയും ഉൾപ്പെട്ടിരുന്നു. പാർട്ടിയുടെ ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുവാനുള്ള പരിശീലന പദ്ധതിയുടെ ഭാഗമായി ഇങ്ങനെ ഒരു പരീക്ഷണം നടത്തുവാൻ നേതൃത്വപരമായ തീരുമാനമെടുത്തത് ഇ എം എസ് നമ്പൂതിരിപ്പാട്, ജേ-്യാതിബസു, ബി ടി രണദിവെ, ഹർകിഷൻസിങ് സുർജിത്ത്, എം ബസവപുന്നയ്യ തുടങ്ങിയ ഉന്നത മാർക്സിസ്റ്റ് നേതാക്കളായിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട് സിപിഐ എം നടത്തിയ ഒരു വലിയ പരീക്ഷണമായിരുന്നു അത്. ഇത്തരത്തിൽ ഒരുകൂട്ടം പുതിയ സഖാക്കളെ കേന്ദ്ര കമ്മിറ്റിയിലേക്ക് സ്ഥിരമായി ക്ഷണിക്കുന്നതിന് പാർട്ടിയുടെ ഭരണഘടനയിൽ ഒരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല. പാർട്ടിയുടെ തലമുതിർന്ന നേതാക്കൾ സർവ്വരും പ്രായാധിക്യംമൂലം ഒരു പരിധിവരെ അവശരായിക്കഴിഞ്ഞു എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞപ്പോൾ ഇനി എന്താണ് പുതിയ ഒരു നേതൃനിരയെ വളർത്തിയെടുക്കാനുള്ള മാർഗം എന്ന് അവർ ആലോചിച്ചു. അങ്ങനെ കണ്ടെത്തിയ പരിഹാരമായിരുന്നു ഒരു പുതിയ യുവനിരയെ സ്ഥിരം ക്ഷണിതാക്കളാക്കി പരിശീലനം നൽകാമെന്ന പദ്ധതി. പാർട്ടിക്കുവേണ്ടി രാഷ്ട്രീയമോ സെെദ്ധാന്തികമോ സംഘടനാപരമോ ആയ എന്തു തീരുമാനവും കെെക്കൊള്ളുവാൻ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിക്ക് പൂർണ അധികാരമുണ്ട് എന്ന പാർട്ടി ഭരണഘടനയുടെ 15(4) വകുപ്പ് പ്രകാരമായിരുന്നു (കേന്ദ്ര കമ്മിറ്റി പാര്‍ടിയെ ആകെ പ്രതിനിധാനം ചെയ്യുന്നു. പാര്‍ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാനുള്ള ഉത്തരവാദിത്വം കേന്ദ്രകമ്മിറ്റിക്കാണ്. പാര്‍ടി നേരിടുന്ന ഏതു പ്രശ്‌നത്തിലും പൂര്‍ണാധികാരത്തോടെ തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്രകമ്മിറ്റിക്കുണ്ട്.) ഇത്തരമൊരു ധീരമായ തീരുമാനം പാർട്ടി കേന്ദ്ര കമ്മിറ്റി സ്വീകരിച്ചത്. അത് തീർത്തും ശരിയായിരുന്നു എന്ന് പിൽക്കാല അനുഭവങ്ങളും പാർട്ടി ചരിത്രവും തെളിയിക്കുകയുണ്ടായി. അക്കൂട്ടത്തിൽപ്പെട്ട സഖാക്കൾ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും പിന്നീട് പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരെന്ന നിലയിൽ നൽകിയ സംഭാവന സുവിദിതമാണല്ലോ.
III
‘‘സ്റ്റുഡന്റ് സ്ട്രഗിളിന്റെ മുഖ്യപത്രാധിപരെന്ന നിലയിൽ കെെത്തഴക്കമുള്ള എഴുത്തുകാരനും പത്രാധിപരുമായി വളർന്ന സീതാറാം യെച്ചൂരി ‘‘പീപ്പിൾസ് ഡെമോക്രസിയുടെ മുഖ്യപത്രാധിപർ എന്ന നിലയിൽ എത്രമാത്രം ശോഭിച്ചു എന്നത് വളരെ പ്രസിദ്ധം. എം ബസവപുന്നയ്യക്കു ശേഷമാണ് യെച്ചൂരി പ്രസ്തുത ചുമതല ഏറ്റെടുത്തത്.
എം ബസവപുന്നയ്യ പ്രമുഖ മാർക്സിസ്റ്റ് സെെദ്ധാന്തികനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് സീതാറാം യെച്ചൂരിയെ പീപ്പിൾസ് ഡമോക്രസിയുടെ മുഖ്യപത്രാധിപരായി നിയോഗിച്ചപ്പോൾ ആ കെെകളിൽ പാർട്ടി മുഖപത്രം തികച്ചും ഭദ്രമായിരിക്കും എന്ന് പാർട്ടിക്ക് ഉറപ്പുണ്ടായിരുന്നു’’. പീപ്പിൾസ് ഡമോക്രസിയെ പുതിയൊരു തലത്തിലേക്ക് ഉയർത്തുവാൻ സീതാറാമിനു സാധിച്ചു. ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാർ വഹിച്ച ത്യാഗോജ്ജ്വലമായ ചരിത്രം രേഖപ്പെടുത്തുന്ന പ്രൗഢമായ രചനകൾ അടങ്ങുന്ന കൃതികൾ പീപ്പിൾസ് ഡെമോക്രസി പബ്ലിഷിങ് വിഭാഗം ആരംഭിച്ച് പ്രസിദ്ധീകരിച്ചത് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലാണ്.
IV
ലോക കമ്യൂണിസ്റ്റു പ്രസ്ഥാനം അത്യസാധാരണമായ പ്രതിസന്ധികളും തിരിച്ചടികളും നേരിട്ട ഒരു ദശാസന്ധിയാണ് 1980കളുടെ അവസാനത്തോടെ രൂപമെടുത്തത്. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിലും മുതലാളിത്ത പുനഃസ്ഥാപനത്തിലും കലാശിച്ച ആ സംഭവവികാസങ്ങൾ പോളണ്ടിലാണ് ആദ്യം ഗൗരവമായി പ്രത്യക്ഷപ്പെട്ടത്.
സിപിഎസ്-യു ജനറൽ സെക്രട്ടറിയായി 1985ൽ ചുമതലയേറ്റ മിഖായേൽ ഗോർബച്ചേവ് അവതരിപ്പിച്ച ഗ്ലാസ്നോസ്റ്റ് (Glasnost), പെരിസ്ട്രോയിക്ക (Perestroika) തുടങ്ങിയ പരിഷ്കാരങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ സോവിയറ്റ് യൂണിയൻ സന്ദർശിച്ച സിപിഐ എം ഉന്നതതല പ്രതിനധിസംഘത്തിൽ യുവാവായ സീതാറാം യെച്ചൂരിയും ഉണ്ടായിരുന്നു. ഇ എം എസ് നമ്പൂതിരിപ്പാടും സുർജിത്തും അടക്കമുള്ളവർ ഉൾപ്പെട്ടിരുന്ന ആ പ്രതിനിധിസംഘം മടങ്ങി വന്ന് നടത്തിയ ചർച്ചകളിൽ ഗോർബച്ചേവിന്റെ പരിഷ്കാരങ്ങളിൽ പ്രകടമായിരുന്ന ചില വ്യതിയാനങ്ങൾ സൂക്ഷ്മമായി വിലയിരുത്തുവാൻ കഴിഞ്ഞു. അതിന് പാർട്ടിയെ സഹായിച്ച പ്രധാന ഘടകം, അവിടെ നടന്ന ചർച്ചകളെ സംബന്ധിച്ച് സീതാറാം യെച്ചൂരി തയ്യാറാക്കിയ കൃത്യവും സൂക്ഷ്മവുമായ മിനിറ്റ്സ് ആയിരുന്നു. 1991 ഡിസംബർ 26ന് യുഎസ്എസ്ആർ ശിഥിലമാവുകയും 15 റിപ്പബ്ലിക്കുകൾ വേറിട്ടുപോവുകയും അവിടെയെല്ലാം മുതലാളിത്തം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
ലോകമെമ്പാടുമുള്ള പുരോഗമനവാദികളെയും കമ്യൂണിസ്റ്റുകാരെയും വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു മഹത്തായ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണവും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ തകർച്ചയും. അവിടങ്ങളിൽ മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടതോടെ സോഷ്യലിസത്തിന്റെ മരണമണിയാണത് എന്ന കൊണ്ടുപിടിച്ച പ്രചരണം വ്യാപകമായി. മുതലാളിത്തമാണ് ചരിത്രത്തിന്റെ അന്ത്യം എന്ന വാദഗതിയും മുഴങ്ങി. ഈ പശ്ചാത്തലത്തിലാണ് 1992ൽ മദിരാശിയിൽ സിപിഐ എം 14–ാം പാർട്ടി കോൺഗ്രസ് നടക്കുന്നത്.
കിഴക്കൻ യൂറോപ്പിലും സോവിയറ്റ് യൂണിയനിലുമുണ്ടായ തകർച്ച സോഷ്യലിസം അശാസ്ത്രീയമായതുകൊണ്ടാണോ എന്ന ചോദ്യം പ്രസ്തുത പാർട്ടി കോൺഗ്രസ് ചർച്ചചെയ്തു. അതു സംബന്ധിച്ച കരടുരേഖ – ‘ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെപ്പറ്റി’ – പാർട്ടി പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും പലവട്ടം ചർച്ച ചെയ്ത് ഭേദഗതി വരുത്തിയതിനുശേഷമാണ് കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള തരത്തിൽ എഴുതി തയ്യാറാക്കിയത്.
പാർട്ടി കോൺഗ്രസ്സിൽ ചർച്ചയ്ക്കായി അത് ആരാണ് അവതരിപ്പിക്കുക എന്ന ചോദ്യം പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ മുന്നിൽ സജീവമായി ഉണ്ടായിരുന്നു. ഇ എം എസും എം ബസവപുന്നയ്യയും ജേ-്യാതിബസുവും ഹർകിഷൻ സിങ് സുർജിത്തും സജീവമായി രംഗത്തുള്ള കോൺഗ്രസ് ആയിരുന്നു അത്. തലമുതിർന്ന നേതാക്കൾ ആലോചിച്ച് കെെക്കൊണ്ട നിർദ്ദേശം അന്ന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായി പ്രവർത്തിക്കുകയായിരുന്ന സീതാറാം യെച്ചൂരിതന്നെ പ്രസ്തുത രേഖ അവതരിപ്പിക്കുകയും ചർച്ചകൾക്കു മറുപടി പറയുകയും ചെയ്യട്ടെ എന്നായിരുന്നു. പാർട്ടിയുടെ ഭാവി ചുമതലകൾ ഏറ്റെടുക്കുവാൻ പ്രകാശ് കാരാട്ട്, ബിമൻ ബസു, എസ് രാമചന്ദ്രൻപിള്ള, പി രാമചന്ദ്രൻ എന്നിവരോടൊപ്പം സീതാറാം യെച്ചൂരിയുമുണ്ട് എന്ന ആത്മവിശ്വാസം പാർട്ടിക്കൊട്ടാകെ പകർന്നുനൽകുവാൻ ആ തീരുമാനത്തിലൂടെ സാധിച്ചു.
V
ആർഎസ്എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ ‘ഹിന്ദു രാഷ്ട്ര’ സ്ഥാപന പദ്ധതിയുടെ ഉള്ളുകള്ളികൾ തുറന്നുകാട്ടുന്ന മർമ്മഭേദിയായ സീതാറാമിന്റെ രചനകൾ അദ്ദേഹത്തിന്റെ വളരെ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയവും സെെദ്ധാന്തികവുമായ ഇടപെടലായി നമ്മുടെ മുന്നിലുണ്ട്. ഫാസിസ്റ്റ് ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഇന്ത്യൻ ഭരണംപിടിക്കുക മാത്രമല്ല, ഭരണകൂട സ്ഥാപനങ്ങളുടെ മർമ്മപ്രധാന സ്ഥാനങ്ങളിലെല്ലാം സ്വന്തം നിയന്ത്രണം സൂക്ഷ്മമായി വിളക്കിച്ചേർത്തുകൊണ്ട് തികച്ചും അസാധാരണമായ ഒരു സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതിവിശാലമായ ഒരു രാഷ്ട്രീയ പോരാട്ട വേദി വികസിപ്പിച്ചെടുത്തുകൊണ്ടുമാത്രമേ ഹിന്ദുത്വ – കോർപ്പറേറ്റ് കൂട്ടായ്മയുടെ ഫാസിസ്റ്റ് പ്രവണതകൾ അധികമധികം പ്രകടമാക്കുന്ന ഈ സവിശേഷ ഭരണസംവിധാനത്തെ എതിരിട്ടു പരാജയപ്പെടുത്താനാവൂ എന്ന സിപിഐ എം കാഴ്ചപ്പാട് പ്രായോഗിക രാഷ്ട്രീയത്തിൽ സഫലമാക്കുവാൻ വളരെ വളരെ ശ്രദ്ധയോടെ പ്രവർത്തിച്ച ജനറൽ സെക്രട്ടറിയായിരുന്നു യെച്ചൂരി. അത്തരം പ്രവർത്തനങ്ങൾ കൂടുതൽ സൂക്ഷ്മതയോടെ ഏറ്റെടുക്കേണ്ട വർത്തമാനകാല സാഹചര്യത്തിൽ സീതാറാം യെച്ചൂരിയുടെ പ്രവർത്തനമാതൃക നമുക്ക് വലിയ പ്രചോദനവും പ്രതീക്ഷയും പകരുമെന്ന് ഉറപ്പാണ്. l



